അപ്പർ കുട്ടനാടൻ പാടശേഖരങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്ന കോട്ടയം ജില്ലയിലെ പ്രകൃതി രമണീയമായ നീണ്ടൂർ ഗ്രാമം. ഗ്രാമീണ ഭംഗി വഴിഞ്ഞൊഴുകുന്ന വശ്യസുന്ദരിയായ നീണ്ടൂരിൻറ്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ് ഇവിടുത്തെ പ്രവാസി സമൂഹം. ലോകത്തിൻറ്റെ എല്ലാ കോണുകളിലും അതിജീവനത്തിനായി വ്യാപരിച്ചിരിക്കുന്ന നീണ്ടൂരിൻറ്റെ പ്രിയ മക്കൾക്ക് ആവേശവും കരുത്തും, സർവ്വോപരി ആഹ്ലാദവും പകരുന്നതാണു സ്വന്തം ഗ്രാമത്തെക്കുറിച്ചുള്ള ഓർമ്മകൾ. മീൻ പിടിച്ചതും, തുമ്പി പിടിച്ചതും, ചെളിയിൽ കളിച്ചതും, പുളിയും മാങ്ങയും പങ്കിട്ടു തിന്നതും ബാല്യകാലത്തെ ഓർമ്മകളിൽ ഇന്നും നിറഞ്ഞു നിൽക്കുന്നു.
മത സൗഹാർദ്ദത്തിൻറ്റെയും ഈശ്വര ചിന്തയുടെയും കേളി നിലയങ്ങളായി നില കൊള്ളുന്ന നീണ്ടൂർ സെൻറ് മൈക്കിൾസ് ചർച്ചും നീണ്ടൂർ കാവുമൊക്കെ ഓരോ നീണ്ടൂർ പ്രവാസിക്കും ഗൃഹാതുരുത്വത്തിൻറ്റെ നൂറു നൂറു ഓർമ്മകൾ സമ്മാനിക്കുന്നുണ്ട്. സമ്പത് സമൃദ്ധമായ നീണ്ടൂരിൻറ്റെ അഭൂതപൂർവമായ സാമ്പത്തിക പുരോഗതിക്ക് നെടുംതൂണായി നിൽക്കുന്നത് ഇവിടുത്തെ പ്രവാസി സമൂഹമാണ്. വിദേശ രാജ്യങ്ങളിൽ നിന്നും നീണ്ടൂരിലേക്ക് ഒഴുകിയെത്തുന്ന വിദേശ കറൻസികളും പ്രവാസികൾ നീണ്ടൂരിലെ വ്യക്തികൾക്കും സംഘടനകൾക്കും വേണ്ടി ചെയ്യുന്ന സ്പോണ്‍സർഷിപ്പുകളും പരിശോധിച്ചാൽ ഇത് മനസിലാകും. ഇതിൻറ്റെ പരിണിത ഫലമായി ലോകത്തിലെ ഏതു പരിഷ്കൃത സമൂഹത്തിനോടും കിടപിടിക്കുന്ന ജീവിത സൗകര്യങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്.
ലോകത്തിൻറ്റെ പല ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന നീണ്ടൂർ പ്രവാസി സമൂഹത്തിന് നീണ്ടൂർ മധുരമുള്ള ഒരു നൊമ്പരം കൂടിയാണ്. കാരണം, പരദേശിയായിരുന്നപ്പോൾ അവനു നഷ്ടപ്പെട്ടത് സ്വന്തം കുടുംബവും, ബാല്യകാല സുഹൃത്തുക്കളും, നാട്ടിലെ ആഘോഷങ്ങളും, ഭാഷയും സർവ്വോപരി അവൻറ്റെ പ്രിയപ്പെട്ട ഗ്രാമവും തന്നെയാണ്.
ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്ന നീണ്ടൂർ പ്രവാസി സമൂഹത്തിന് പരസ്പരം സംവദിക്കാനും, ആശയങ്ങൾ പങ്കു വയ്ക്കാനും, അതോടൊപ്പം ജന്മനാടിൻറ്റെയും പ്രവാസി സമൂഹത്തിൻറ്റെയും പുരോഗതിക്കും ഈ വെബ്സൈറ്റ് കാരണമാകട്ടെ .......
|