ആവേശത്തിരയിളക്കി പ്രഥമ നീണ്ടൂർ ഗ്ലോബൽ കണ്‍വെൻഷൻ contactus@neendoorpravasi.com  
Home Neendoor Gramam Pravasi Vartha Neendoor Vartha Pravasi Meeting 2013 Gallery Art/Literature Classifieds Contact Us
USD = 84.10 INR, GBP = 110.00 INR, EURO = 92.30 INR, AUD = 57.00 INR, CAD = 61.75 INR, KWD = 274.50 INR, SAR = 22.40 INR, AED = 22.90 INR, QAR = 23.10 INR


പുതിയ സിനിമ (നിരൂപണം): ഉയരെ & വൈറസ് - മനോജ് തൈക്കൂട്ടം

***** ഉയരെ ***** (2Hrs 5Mins). Dr. ബോബി & സഞ്ജയ് തിരക്കഥയിൽ നവാഗതനായ മനു അശോകൻ ഒരുക്കിയ "ഉയരെ "ചലനം സൃഷ്ടിക്കുന്നു. ആനുകാലികതയുടെ തീവ്രപരിചരണവും, പ്രണയത്തിൻ്റെ ആർദ്രതയും, പാർവതിയുടെ ഗംഭീര പ്രകടനവും ചിത്രത്തെ മനോഹരമാക്കി. റേറ്റിംഗ് 7/10.

ചെറുപ്പംമുതൽ പൈലറ്റ് ആവാൻ കൊതിച്ച് ഒടുവിൽ തന്‍റെ ലക്ഷ്യം നേടുന്ന പല്ലവി രവീന്ദ്രൻ (പാർവതി). പക്ഷേ അപ്രതീക്ഷിതമായി പല്ലവി ആക്രമിക്കപ്പെടുന്നതും ആക്രമണത്തെ അവൾ അതിജീവിക്കുന്നതും പ്രേക്ഷകനെ പിടിച്ചിരുത്തി കാണിക്കാൻ സിനിമയ്ക്ക് കഴിയുന്നുണ്ട്. ഒരു ഗുഡ് മൂഡിൽ ആരംഭിക്കുന്ന ചിത്രം നായികയുടെ വരവോടുകൂടിയാണ് തീവ്രമായ പ്രണയത്തെയും അപക്വമായ ഇടപെടലുകളുടെ ദുരന്തങ്ങളേയും കാണിച്ചു തുടങ്ങുന്നത്.

പാർവതി തിരുവോത്തിനെ നായികയാക്കി നവാഗതനായ മനു അശോകൻ അശോകൻ സംവിധാനം ചെയ്തിരിക്കുന്ന ഉയരെ ആസിഡ് ആക്രമണം അതിജീവിച്ച പെൺകുട്ടിയുടെ കഥ മനസ്സിൽ തറയ്ക്കുന്ന രീതിയിൽ തന്നെ ദൃശ്യവത്കരിച്ചിട്ടുണ്ട്. ട്രാഫിക്ക്, ഹൗ ഓൾഡ് ആർ യു പോലുള്ള ചിത്രങ്ങളിലൂടെ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ബോബി-സഞ്ജയ് ടീമിന്‍റേതാണ് ചിത്രത്തിൻറെ തിരക്കഥ.

രണ്ടു വഴികളിൽ കൂടിയാണ് കഥ മുന്നേറി പോകുന്നത്. അപകടത്തിൽ പെടാൻ പോകുന്ന ഒരു വിമാനത്തിന്‍റെ നിയന്ത്രണം പല്ലവി ഏറ്റെടുക്കുന്നതോടെ അവളുടെ ഭൂതകാലത്തിലേക്കുള്ള പല വഴികൾ തെളിഞ്ഞുവരുന്നു. ഒരുവശത്ത് ആത്മവിശ്വാസവും ദൃഢനിശ്ചയവും കൊണ്ട് തന്‍റെ ലക്ഷ്യങ്ങളിലേക്ക് അടുക്കുന്ന നായിക പക്ഷേ പ്രണയത്തിൽ അശക്തയും ലക്ഷ്യബോധമില്ലാത്തവളുമായി കാണപ്പെട്ടത് പ്രേക്ഷകർക്ക് ദഹിക്കുന്നതായിരുന്നില്ല.

ഒന്നാം പകുതിയുടെ അവസാനത്തോടെ തന്നെ ഊഹിച്ചെടുക്കാവുന്ന കഥയായി മാറിയ സിനിമയെ രണ്ടാം പകുതിയിൽ പിടിച്ചു നിർത്തിയത് ടോവിനോ തോമസ് അവതരിപ്പിച്ച വിശാൽ രാജശേഖരൻ എന്ന കഥാപാത്രവും പാർവതിയുടെ മികവാർന്ന അഭിനയ മുഹൂര്‍ത്തങ്ങളുമാണ്. പ്രതീക്ഷിതമായ അവസാനഭാഗത്തിനിടയിൽ ചെറിയ കഥാതന്തുവിന്‍റെ മികവാർന്ന വിപുലീകരണത്തിന് രണ്ടാം പകുതി സാക്ഷിയായി.

പാർവതിയുടെ മറ്റൊരു മികച്ച അഭിനയ പ്രകടനത്തിന് കൂടി സാക്ഷിയായ ചിത്രത്തിൽ പ്രേക്ഷകനെ അമ്പരപ്പിക്കുന്നത് നായികയുടെ കാമുകൻ വേഷത്തിലെത്തിയ ആസിഫ് അലിയുടെ നെഗറ്റിവ് റോളാണ്. മലയാളത്തിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാൾ എന്ന ഖ്യാതി പാർവതി അരക്കിട്ടുറപ്പിച്ചപ്പോൾ ആസിഫ് അലിയുടെ മികച്ച പ്രകടനങ്ങളിൽ ഒന്നായി ചിത്രത്തിലെ ഗോവിന്ദ് എന്ന വേഷം. സിദ്ദിക്കും ടോവിനോ തോമസും പ്രധാനപ്പെട്ട വേഷങ്ങളിൽ തിളങ്ങി.

ആകാശ ദൃശ്യങ്ങൾ അടക്കം ഏറ്റവും മനോഹരമായ രംഗങ്ങൾ പ്രേക്ഷകനു മുന്നിൽ എത്തിക്കുന്നതിൽ മുകേഷ് മുരളീധരന്‍റെ ചായാഗ്രഹണ മികവ് സഹായമായി. ടേക്ക് ഓഫ് എന്ന ചിത്രത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമർശം നേടിയ മഹേഷ് നാരായണൻ ചിത്രത്തിൻറെ എഡിറ്റിംഗ് ജോലികൾ ഭംഗിയാക്കി. പാർവതിയുടെ ഗെറ്റപ്പ് ഒരുക്കിയതിൽ മേക്കപ്പ് കോസ്റ്റ്യൂം വിഭാഗങ്ങൾ പ്രത്യേക കയ്യടി അർഹിക്കുന്നു. റഫീഖ് അഹമ്മദിന്‍റെയും ഹരിനാരായണന്‍റേയും വരികൾക്ക് ഗോപിസുന്ദർ ഈണം പകർന്ന ഗാനങ്ങൾ നേരത്തെതന്നെ തരംഗമായി കഴിഞ്ഞിരുന്നിരുന്നു. വിജയ് യേശുദാസും സിത്താരയും ചേർന്നാലപിച്ച "നീ മുകിലേ" എന്നു തുടങ്ങുന്ന ഗാനം ഏറെ മികവാർന്നതായി അനുഭവപ്പെട്ടു.

സിനിമയുടെ മൂഡ് നിലനിർത്തുന്നതിൽ പശ്ചാത്തലസംഗീതം നിർണായക പങ്കുവഹിച്ചെങ്കിലും ചിലപ്പോഴൊക്കെ എവിടെയോ കേട്ടു മറന്ന സംഗീതം പോലെ തോന്നി. കഥയുടെ ഒഴുക്കിൽ ചില പോരായ്മകൾ ഒക്കെ ഉണ്ടെങ്കിലും സംഭവങ്ങളെ മികവാർന്ന രീതിയിൽ അവതരിപ്പിക്കുന്നതിൽ ചിത്രം വിജയിച്ചിട്ടുണ്ട്.

സ്ത്രീകൾക്ക് നേരെയുള്ള ആക്രമണങ്ങൾ വളരെ കൂടുതലായി സംഭവിക്കുന്ന ഈ കാലഘട്ടത്തിൽ സാമൂഹിക ഉത്തരവാദിത്വത്തോടുകൂടി ഈ കഥയെ അവതരിപ്പിച്ചതിന് അണിയറപ്രവർത്തകരെ അഭിനന്ദിക്കാതെ വയ്യ. തിരക്കഥയുടെ കരുത്തിലും സാങ്കേതിക മേഖലകളിലും ഉന്നതനിലവാരം പുലർത്തുന്ന ചിത്രം കണ്ടിരിക്കേണ്ട മികച്ചൊരു ചിത്രം തന്നെയാണ്.

--------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------

***** വൈറസ് ***** (2Hrs 52Mins) FEAR...FIGHT...SURVIVAL... റേറ്റിംഗ് 7.5/10. കേരളക്കരയെയാകെ ഭയത്തിന്‍റെ മുൾമുനയിൽ നിർത്തിയ നിപ വൈറസ് ആക്രമണത്തിന് ഒരു വർഷം തികയുന്ന വേളയിൽ ഭീതിജനകമായ ആ നാളുകൾക്ക് ചലച്ചിത്രഭാഷ്യം ഒരുക്കിയിരിക്കുകയാണ് ആഷിഖ് അബു. "വൈറസ്" എന്ന ഈ ചിത്രം പുറത്തിറങ്ങുന്നത് മറ്റൊരു നിപ ആക്രമണകാലത്ത് എന്നത് കാലം കരുതിവെച്ച ആകസ്മികതയും.

ആഷിക് അബുവിന്‍റെ സംവിധാനത്തിൽ ആഷിഖ് അബുവും റിമ കല്ലിങ്കലും ചേർന്ന് നിർമിക്കുന്ന വൈറസ് ഈ അതിജീവനത്തിന്‍റെ കഥയാണ് പറയുന്നത്. മെഡിക്കൽ ത്രില്ലർ അല്ലെങ്കിൽ സർവൈവൽ ത്രില്ലർ എന്ന് വിളിക്കാവുന്ന ചിത്രം അന്നത്തെ സംഭവങ്ങളെ അപ്പാടെ പകർത്തിയെടുക്കുന്നതിനു പകരം ഭാവനാത്മകമായി ആ കാലത്തെ പുനർ നിർമ്മിക്കുകയാണ് ചെയ്തിരിക്കുന്നത്. സമാനരീതിയിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ഹോളിവുഡ് ചിത്രം Contagion അവലംബിച്ചിട്ടുള്ള കഥാഖ്യാന രീതിയാണ് വൈറസിനുമുള്ളത്. പക്ഷേ ഏതൊരു അന്താരാഷ്ട്ര സിനിമകളോടും കിടപിടിക്കത്തക്ക വിധം കലാമൂല്യവും സാങ്കേതികത്തികവുമുള്ള സിനിമ തന്നെയാണ് വൈറസ്.

മനുഷ്യജീവൻ സോപ്പുകുമിളകൾ പോലെ പൊട്ടിപ്പോകുന്ന ഭയപ്പെടുത്തുന്ന കാഴ്ചകളോടെ തുടങ്ങുന്ന ചിത്രം അതിജീവനത്തിന്‍റെ സമാനതകളില്ലാത്ത മാതൃക ബാക്കിയാക്കിയാണ് അവസാനിക്കുന്നത്. ഒന്നാം പകുതിയിൽ കൂടുതൽ റിയലിസ്റ്റിക് ആയിരുന്ന ചിത്രം രണ്ടാംപകുതിയോടെ കൂടി വൈകാരികതയും സസ്പെൻസ് ചേർന്ന് ഒരു ത്രില്ലറിന്‍റെ സ്വഭാവം കാണിച്ചു. മുഹ്സിൻ പരാരിയുടെ തിരക്കഥയിൽ ഒരല്പം വൈകാരികത കൂടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ചിലപ്പോഴൊക്കെ അതിഭാവുകത്വം നിറഞ്ഞ രംഗങ്ങൾ കല്ലുകടിയായി തോന്നുന്നതായിരുന്നു.

രേവതി, രാജീവ് രവി, മുഹ്സിൻ പരാരി, സമീറ സനീഷ്, സുഷിൻ ശ്യാം, പാർവതി തിരുവോത്ത് തുടങ്ങി ദേശീയ-സംസ്ഥാന അവാർഡ് ജേതാക്കളുടെ നീണ്ട നിര തന്നെ ചിത്രത്തിന്‍റെ മുന്നണിയിലും പിന്നണിയിലുമുണ്ട്. സിനിമയിലെ ഒരു രംഗത്തിൽ പറയുന്നതുപോലെ ഓരോരുത്തരും ഇതിൽ ഹീറോ ആണ്. പാർവതി, ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, രേവതി എന്നിവർക്കാണ് കൂടുതൽ സ്ക്രീൻ സ്പേസ് ലഭിച്ചിട്ടുള്ളത്. രാജീവ് രവിയുടെ കൂടെ ഷൈജു ഖാലിദ് കൂടെ ചേര്‍ന്നപ്പോൾ സിനിമയിലെ ഓരോ ദൃശ്യങ്ങളും കവിത പോലെ മനോഹരമായിരുന്നു.

സൈജു ശ്രീധരനാണ് ചിത്രത്തിന്‍റെ എഡിറ്റിംഗ്. സുഷിന്‍ ശ്യാമിന്‍റെ പശ്ചാത്തലസംഗീതവും മികച്ചു നിന്നു. കേരളമെന്ന കൊച്ചു പ്രദേശത്തെ ലോക ശ്രദ്ധയുടെ നെറുകയിൽ എത്തിച്ച നിപയ്‍ക്കെതിരായ പോരാട്ടം എത്ര മഹത്തരം ആയിരുന്നു എന്നത് കാട്ടിത്തരുന്നു ചിത്രം. നിപ എന്ന മഹാമാരിക്കെതിരെ ഒരു നാടു മുഴുവൻ ഒന്നിച്ചു നടത്തിയ ഈ പോരാട്ടം കാണേണ്ടത് തന്നെയാണ്.

(മനോജ്‌ തൈക്കൂട്ടത്തിൽ, നീണ്ടൂർ)


പ്രണയിക്കുന്നവരുടെ പുലർച്ച (കവിത)

.....................................................................................

പുലരിയിൽ നീ മിഴി വിടർന്നുണരുന്നത്
വസന്തം വിരിയുന്ന കണ്ണുകളാൽ
ഞാൻ കാണുന്നു.
പൂവും തളിരും വിടരുന്നതും
കിളികളും ശലഭങ്ങളും ശ്വാസമെടുക്കുന്നതും
പക്ഷികൾ കൊക്കുരുമ്മുന്നതും
ഞെട്ടറ്റ് ഇല കൊഴിയുന്നതുമായ
നേർത്ത ശബ്ദങ്ങൾ
നെഞ്ചിടിപ്പായി കേൾക്കുന്നു.
ഇലയിൽ പറ്റിച്ചേർന്ന കുഞ്ഞു പുഴുവിനെ,
നിലത്തു പായുന്ന ഒരു നിസാര പ്രാണിയെ,
ദലങ്ങളിലേക്കു പറക്കുന്ന വണ്ടുകളെ,
ഇലപ്പച്ചയിൽ പതുങ്ങുന്ന തുമ്പികളെ
ഹൃദയത്തിന്റെ സൂക്ഷ്മദർശിനിയിലൂടെ കാണുന്നു.
സുഖ, ദുർഗന്ധങ്ങളെ അതിന്റെ അണുവിൽ തന്നെ ശ്വസിച്ചനുഭവിക്കുന്നു.
നിന്റെ കണ്ണുകൾ വിഹായസിനെ
ആഴങ്ങളിൽ വിരിയിക്കുന്ന
രണ്ട് ഇതളുകൾ മാത്രമുള്ള പൂവാണ്.

- സി. പി സതീശ് കുമാർ


ഇഷാൻ (നോവൽ) 3 - ശാന്തിനി

(യുവ എഴുത്തുകാരി ശാന്തിനി കാരിയ്ക്കലിനെ പരിചയപ്പെടാം. കോട്ടയം നീണ്ടൂർ സ്വദേശിനിയായ ശാന്തിനി മലയാള സാഹിത്യത്തില്‍ അധികമാരും കടന്നു വരാത്ത മാന്ത്രിക നോവല്‍ മേഖലയില്‍ രംഗപ്രവേശനം ചെയ്തു കഴിഞ്ഞു. ഡല്‍ഹിയില്‍ ഒരു അമേരിക്കന്‍ ഫണ്ടിംഗ് ഏജന്‍സിയില്‍ ഉദ്യോഗസ്ഥയായ ശാന്തിനി ടോം "കുഞ്ഞാത്തോല്‍" എന്ന മാന്ത്രിക നോവലുമായാണ് മലയാള സാഹിത്യത്തില്‍ ഇടം തേടുന്നത്. 26 അധ്യായങ്ങളില്‍ എഴുതിത്തീര്‍ത്ത നോവല്‍ പുസ്തക രൂപത്തില്‍ 2018 ഓഗസ്റ്റിൽ പ്രസിദ്ധീകരിച്ചു. ഫേസ്ബുക്കില്‍ 26 ലക്കങ്ങളിലായി പ്രസിദ്ധീകരിച്ച ഈ നോവല്‍ ഏറെ ശ്രദ്ധേയമായിരുന്നു).

- പുറത്തു മഞ്ഞുപൊഴിയുമ്പോഴും ഒരു നെരിപ്പോടിനുള്ളിലെന്നവണ്ണം ഉരുകുകയായിരുന്നു ഇഷാൻ. അനു എത്തിയോ എന്ന് അവളുടെ വീട്ടിൽ വിളിച്ചന്വേഷിക്കുന്നതിലെ അനൗചിത്യവും അപകടവും അവനൂഹിക്കാമായിരുന്നു. അനുവിനെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കാതെ പ്രൊഫസർ രാമനാഥനെയും ഇക്കാര്യം അറിയിക്കാൻ അവൻ മടിച്ചു. മൂന്നു നാലു തവണ അമ്മയെ വിളിച്ചെങ്കിലും നമ്പർ നോട്ട് റീച്ചബിൾ എന്ന മെസേജ് ആവർത്തിച്ചു കേട്ടതിൽ നിന്നും അമ്മ ഏതോ റിമോട്ട് വില്ലേജിൽ സൈറ്റ് വിസിറ്റിനു പോയതാവുമെന്ന് അവൻ ഊഹിച്ചു. ആരോടെങ്കിലും ഇതിനെപ്പറ്റി സംസാരിക്കാതെ അവനു സമാധാനിക്കാൻ കഴിയില്ല. എല്ലാത്തിനുമുപരി അനു സുരക്ഷിതയാണോ എന്ന് അറിയണമെന്ന് അവൻ വല്ലാതെ ആഗ്രഹിച്ചു. പ്രായോഗികമായ ഒരു ഉപദേശം അമ്മയിൽ നിന്ന് മാത്രമേ ലഭിക്കൂ എന്ന് അവന് അറിയാമായിരുന്നു. ജീവിതത്തിലിന്നോളം കുഴങ്ങിപ്പോകുന്ന സന്ദർഭങ്ങളിലെല്ലാം അമ്മ മാത്രമാണ് അനുയോജ്യമായ പരിഹാരം നിർദ്ദേശിച്ചിട്ടുള്ളത്. അമ്മയുടെ തണലില്ലായിരുന്നെങ്കിൽ ചൊട്ടയിൽതന്നെ വാടിക്കരിഞ്ഞു പോവേണ്ടിയിരുന്ന ഒരു പുൽനാമ്പ് മാത്രമായിരുന്നു താനെന്നു അവൻ എന്നേ മനസിലാക്കിയിരുന്നു.

വല്ലാത്ത വിശപ്പ്. അനുവിൻ്റെ കൂടെ ഡിന്നർ കഴിക്കണമെന്നും ദിവസങ്ങളായി തുടർന്നുവന്ന സൗന്ദര്യപ്പിണക്കം അവസാനിപ്പിക്കണമെന്നും കരുതി പുറത്തു നിന്നും ആഹാരം കഴിക്കാതെയാണ് വന്നത്. അവൻ കിച്ചണിലേക്ക് നടന്നു. ഡീഫ്രീസ് ചെയ്ത ചപ്പാത്തിയും ചിക്കനും അല്പം വാം ചെയ്‌താൽ സൂപ്പർ ആണ്. രണ്ടു മിനിറ്റ് കൊണ്ട് ഒരു സൂപ്പും ഉണ്ടാക്കാം. ഇതൊന്നും പുതുമയല്ല, അനു കൂടെ വരുന്നതിനുമുമ്പ് എല്ലാം സ്വയം ചെയ്തിരുന്നതാണ്. അവൾ വന്നതിനു ശേഷം താൻ വീടെത്തുമ്പോളേക്കും അവൾ പണി എല്ലാം സാധാരണ ഒതുക്കിയിരിക്കും. തനിച്ചെല്ലാം ചെയ്യേണ്ടന്നു പലതവണ പറഞ്ഞിട്ടുണ്ടെങ്കിലും അവൾ അനുസരിച്ചിട്ടില്ല. അവളെ വീണ്ടും ഓർമ്മ വന്നപ്പോൾ ഇഷാന് വിശപ്പൊക്കെ എവിടെയോ പോയ് മറഞ്ഞു. അനുവിനെപ്പറ്റി എന്തെങ്കിലും വിവരം അറിഞ്ഞിരുന്നെങ്കിലെന്ന് അവൻ വല്ലാതെ ആശിച്ചു. ആരെ വിളിച്ചന്വേഷിക്കും എന്ന ചിന്തയിൽ അവൻ മുഴുകി. തങ്ങൾക്കിടയിൽ നടന്നിട്ടുള്ള ചുരുക്കം സംഭാഷണ വേളകളിൽ അവൾ പറഞ്ഞിട്ടുള്ള പേരുകൾ അവൻ ഓർത്തുനോക്കി. രേഷ്മ.... അതെ, രേഷ്മയുടെ പേരാണ് ഏറ്റവും അധികം കേട്ടിട്ടുള്ളത്, അവളുടെ നമ്പർ തപ്പി അന്വേഷിക്കാം. എന്തെങ്കിലും വിവരം കിട്ടിയേക്കും. അവൻ അനുവിൻ്റെ റൂമിലേക്ക്‌ നടന്നു. ഡയറിയിലും ബുക് ഷെൽഫിലും മറ്റും തിരഞ്ഞെങ്കിലും ഒരിടത്തും രേഷ്മയുടേതെന്നല്ല, ഒരു വ്യക്തിയുടെ പോലും ഫോൺ നമ്പർ കുറിച്ചിരുന്നില്ല. സ്മാര്‍ട്ട് ഫോണ്‍ യുഗത്തിലെ അതിയായ സ്വകാര്യത ചില സന്ദർഭങ്ങളിലെങ്കിലും അഭികാമ്യമല്ല എന്നവനു തോന്നി. പത്തിരുപത്‌ വർഷം അമ്മയുടെ മുറിയിലെ സൈഡ്‌ ടേബിളിൽ കണ്ടുശീലിച്ച നരച്ച പുറംചട്ടയുള്ള ആ ഫോൺബുക്കിൻ്റെ വിലയെന്തായിരുന്നുവെന്ന് അവനിപ്പോൾ തിരിച്ചറിഞ്ഞു. വിഷണ്ണനായി, ഇനിയെന്തു ചെയ്യണമെന്നാലോചിച്ചപ്പോൾ സോഷ്യൽ മീഡിയയിൽ അംഗമാവാതിരുന്നതിൽ അവനു ഖേദം തോന്നി. അനു ഫേസ്‌ബുക്കിൽ വളരെ ആക്റ്റീവാണ്‌, ആ വഴിക്ക്‌ എന്തെങ്കിലും വിവരം ശേഖരിക്കാമായിരുന്നു. ഇനി പറഞ്ഞിട്ടെന്തുകാര്യം?

പൊടുന്നനെ ഫോൺ ശബ്ദിച്ചു..... ഡിസ്പ്ലേയിൽ കല്യാണി സെൻഗുപ്ത എന്ന പേര്‌ തെളിഞ്ഞപ്പോൾ ഇഷാൻ്റെ മനസ്സിലൊരു കുളിരുവീഴുന്ന പ്രതീതി. ഇച്ചൂ എന്ന് അമ്മ വിളിച്ചപ്പോൾ വാത്സല്യത്തിൻ്റെ അതിയായ വികാരവായ്പിൽപെട്ട്‌, അതിൽ ലയിച്ച്‌ അവനൊരുമാത്ര നിശബ്ദനായി നിന്നു.

"ഹായ്‌ മോം.... ഞാനിന്ന് തിരിച്ചെത്തി. ബട്ട്‌, അനു ഇന്ത്യയിലേക്ക്‌ പോവുന്നുവെന്ന് നോട്ട്‌ എഴുതി വച്ചിരുന്നു. ഇപ്പോൾ അവളെവിടെ എന്നെനിക്കറിയില്ല. ഹെർ നമ്പർ ഈസ്‌ സ്വിച്ച്ഡ്‌ ഓഫ്‌ റ്റൂ....."

"വാട്ട്‌?" അതിശയോക്തി കലർന്ന ശബ്ദത്തിൽ അമ്മയുടെ ചോദ്യം അവനുചുറ്റും പരന്നു.

"വാട്ട്‌ ആർ യൂ സേയിംഗ്‌ ഇഷാൻ? ഡൂ യൂ നോ ഹൗ സീരിയസ്‌ ദിസ്‌ മാറ്റർ ഈസ്‌?"

"യെസ്‌ മോം... ബട്ട്‌ വാട്ട്‌ ഷാൽ ഐ ഡു? എവിടേക്കാണ്‌ പോവുന്നതെന്ന് അവൾ പറഞ്ഞില്ല. അവളുടെ വീട്ടിൽ???"

"ഓക്കെ ഇഷാൻ.... യൂ റിലാക്സ്‌. ലെറ്റ്‌ മി ചെക്ക്‌ എറൗൻഡ്‌. പ്രൊഫസ്സർ കാൻ ഹെൽപ്‌. "

കല്യാണി ഫോൺ കട്ട്‌ ചെയ്ത്‌ ചിന്തയിൽ മുഴുകി. അമേരിക്കൻ ലോ ആൻഡ്‌ ഓർഡർ വളരെ റിജിഡ്‌ ആണ്‌. തെറ്റുകാരനെന്ന് കണ്ടെത്തിയാൽ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ ശിക്ഷ വിധിക്കും. അനു വീട്‌ വിട്ട്‌ പോയ സാഹചര്യമൊരുക്കി എന്നതുപോലും ഇഷാനെ കുടുക്കിയേക്കാം. അവർ അതിയായ മാനസിക സംഘർഷത്തിൽപ്പെട്ടു.

പ്രൊഫസ്സറുടെ നമ്പർ തിരഞ്ഞ്‌ അദ്ദേഹത്തെ വിളിക്കുമ്പോൾ കല്യാണിയെ വിറയ്ക്കുന്നുണ്ടായിരുന്നു. പത്തിരുപത്തിരണ്ട്‌ വർഷം മുൻപേ ഇഷാനെയും ഒക്കത്തിരുത്തി ആ മനുഷ്യൻ്റെ വീട്ടിൽ നിന്നും ഹൃദയത്തിൽ നിന്നും പടിയിറങ്ങിയതിനുശേഷം പരസഹായമില്ലാതെയാണ്‌ ജീവിതം കെട്ടിപ്പടുത്തതും ഇഷാനെ ഈ നിലയിലെത്തിച്ചതും. ഒരിക്കലും അദ്ദേഹത്തോട്‌ സംസാരിക്കേണ്ടി വരുമെന്ന് കരുതിയിട്ടില്ല. ഇപ്പോൾ ഇഷാനുവേണ്ടിയാണ്‌ വാശി മറന്ന് വിളിക്കേണ്ടി വന്നത്‌. പ്രൊഫെസ്സർ ഫോൺ എടുത്തപ്പോൾ കാര്യം പറഞ്ഞു. അദ്ദേഹം ലാഘവത്തോടെ ചിരിച്ചപ്പോൾ കല്യാണിക്ക്‌ ആശ്വാസം തോന്നി. അപ്പോൾ അനുവിൻ്റെ വെയറെബൗട്ട്സ്‌ പ്രൊഫെസ്സർക്ക്‌ അറിയാം. വിവരങ്ങൾ ഇഷാനെ അറിയിക്കൂ എന്ന് പറഞ്ഞ്‌ സംസാരം നിർത്തുമ്പോൾ പൊടുന്നനെ പ്രൊഫെസ്സർ ചോദിച്ച ചോദ്യം കല്യാണിയെ സ്തബ്ധയാക്കി........

(തുടരും...) - ശാന്തിനി കാരിയ്ക്കൽ

ഇഷാൻ്റെ മുൻഭാഗങ്ങൾ ഇവിടെ വായിക്കാം - http://neendoorpravasi.com/arts.php#825


നിധനം (കവിത) - പീറ്റർ നീണ്ടൂർ

***************************
മുഖാമുഖം നോക്കി മൃത്യു
എന്നോട് മൗനമായ് മന്ത്രിച്ചു:
നിൻ ദേഹിക്കായ് വരും --
ശ്മശാനക്രിയകൾക്കുമുമ്പൊരാറടിപെട്ടി-
യതിൽ കൂസലില്ലാതുറങ്ങുന്നെൻ പ്രിയൻ.
പുഷ്പങ്ങൾ, പുഷ്പചക്രങ്ങൾ, ചുറ്റും
പ്രിയൻറ്റെ പ്രിയരുടെ കണ്ണീർ യാത്രാമൊഴി,
വർണ്ണവർഗ്ഗ, ഉച്ചനീച ഭേദമില്ല,
കണ്ണുനീരിന്നൊരു രസം മാത്രം, ഉപ്പുരസം --
സൃഷ്ടാവുരചെയ്തു, നീ ഭൂമി തന്നുപ്പാകുന്നു.

പോലീസു മുമ്പേ തെളിക്കുന്നു ശവരഥം,
വാലുപോൽ പിമ്പേയനേകം രഥങ്ങളിൽ
ഉറ്റവരുടയവർ, പൂജാരികൾ വരെ
മറ്റു ദുഖാർത്തർ ശവാധി പൂകീടുവാൻ.
പഞ്ചതയിൽ പത്നിയന്ത്യമായ് ചുംബിച്ചു,
അഞ്ചാണികൾ കൊണ്ട് പെട്ടി ബന്ധിച്ചു,
പുഷ്പങ്ങളർപ്പിച്ചു വൈദികനുരചെയ്തു:
മനുഷ്യാ, നീ മണ്ണാണ്, വീണ്ടും മണ്ണായിടും.

ഇനിയെൻറ്റെ കുഞ്ഞു മോനില്ലൊരു ദുഃഖവും,
ഇനിയില്ല അർത്ഥന, കർമ്മാദിയൊന്നുമേ.

(പീറ്റർ നീണ്ടൂർ)


അടുക്കള : പെസഹാ അപ്പവും പാലും !

ആവശ്യമായ ചേരുവകൾ (അപ്പം) :-

ഉഴുന്ന്: 1 കപ്പ്
വറുത്ത അരിപ്പൊടി: 4 കപ്പ്
തേങ്ങാ ചിരവിയത്: 1 എണ്ണം
ജീരകം: 1 ടേബിൾ സ്പൂൺ
വെളുത്തുള്ളി: 8 അല്ലി
ചെറിയ ഉള്ളി: 2 - 3 എണ്ണം
ഉപ്പ്: പാകത്തിന്

തയ്യാറാക്കുന്ന വിധം :-

ഉഴുന്ന് ഒരു ഫ്രയിങ്ങ് പാനിലിട്ടു ചെറിയ ചുവപ്പ് നിറം ആകുന്നിടം വരെ ചൂടാക്കുക. ഈ ഉഴുന്ന് ഒരു പാത്രത്തിലേക്ക് മാറ്റി 2 കപ്പ് വെള്ളം ഒഴിച്ച് 2 മണിക്കൂർ കുതിർത്തു വയ്ക്കുക. എടുത്തുവച്ചിരിക്കുന്ന തേങ്ങാ, ജീരകം, വെളുത്തുള്ളി, ചുമന്നുള്ളി എന്നിവ ഒരു കപ്പ് വെള്ളം ചേർത്ത് മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക. ഇനി കുതിർന്ന ഉഴുന്ന് നല്ലപോലെ കഴുകിയശേഷം മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക. അരച്ചെടുത്ത ഉഴുന്ന് മാവ് ഒരു പാത്രത്തിലേക്ക് മാറ്റുക. അതിലേക്ക് അരിപ്പൊടിയും, തേങ്ങാ അരപ്പും, പാകത്തിന് ഉപ്പും, കുറച്ചു വെള്ളവും ചേർത്ത് നന്നായി ഇളക്കുക. ഇനി ഒരു ഇരുപതു മിനിറ്റ് പാത്രം അടച്ചു വയ്ക്കുക. ഇഡ്ഡലി പാത്രത്തിൽ ഒരു പരന്ന തട്ടുവച്ച് അതിലേക്ക് ഇളക്കി വച്ച മിശ്രിതം മുക്കാൽ ഭാഗത്തോളം ഒഴിക്കുക. ഓശാന ഞായറാഴ്ച്ച പള്ളിയിൽ നിന്നും കിട്ടിയ കുരുത്തോല ഒരു കുരിശു രൂപത്തിൽ ഇതിനു നടുക്കായി വയ്ക്കണം. ഇഡ്ഡലി പാത്രത്തിലെ വെള്ളം തിളച്ചു കഴിയുമ്പോൾ ഒരു ഇരുപതു മിനിറ്റ് മീഡിയം തീയിൽ വേവിക്കുക. പെസഹാ അപ്പം റെഡിയായോ എന്നറിയാൻ ഒരു ഈർക്കിലി കൊണ്ട് കുത്തിനോക്കുക. ഈർക്കിലിയിൽ പറ്റിപ്പിടിച്ചിട്ടില്ലെങ്കിൽ അപ്പം നന്നായി വെന്തിട്ടുണ്ട്.

ആവശ്യമായ ചേരുവകൾ (പാൽ) :-

ഒരു തേങ്ങയുടെ പാൽ പിഴിഞ്ഞത് (ഒന്നാം പാലും രണ്ടാം പാലും വേറെ വേറെ പാത്രത്തിലായി എടുക്കുക).
250 ഗ്രാം ശർക്കര 2 കപ്പ് വെള്ളം ഒഴിച്ച് ഉരുക്കിയെടുത്തത്.
വറുത്ത അരിപ്പൊടി : 1 കപ്പ്
ചുക്ക് : 1 ചെറിയ കഷണം
ഏലക്ക : 5 എണ്ണം
ജീരകം : 1 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം :-

ചുക്ക്, ഏലക്ക, ജീരകം - ഇവ ഒരു മിക്സിയിലിട്ട് നന്നായി പൊടിച്ചെടുക്കുക. അടുപ്പത്തു വച്ചിരിക്കുന്ന കലത്തിലേക്ക് ഒന്നാം പാൽ ഒഴിക്കുക. ഇതിലേക്ക് ശർക്കര പാനിയുടെ പകുതി ഒഴിക്കുക. ഇനി തീ ചെറിയ ഫ്ലെയിമിൽ ആക്കി വക്കുക. ഇനി എടുത്തുവച്ചിരിക്കുന്ന അരിപ്പൊടി ഈ പാത്രത്തിലേക്ക് ഇട്ട് ഇളക്കിക്കൊണ്ടിരിക്കുക. രണ്ടു മിനിറ്റോളം ഇളക്കിക്കൊണ്ടിരിക്കുക. പാൽ കുറുകി വരുമ്പോൾ ഇതിലേക്ക് ഒന്നാം പാല്‌ ഒഴിച്ച് ഇളക്കുക. കുറുകി വരുന്നത് വരെ ഇളക്കിക്കൊണ്ടിരിക്കുക. (മധുരം കുറവാണെന്നു കണ്ടാൽ ബാക്കിയിരിക്കുന്ന ശർക്കര പാനി ആവശ്യാനുസരണം ചേർക്കാവുന്നതാണ്). ആവശ്യത്തിന് കുറുകി കഴിഞ്ഞാൽ ഇതിലേക്ക് പൊടിച്ചു വച്ചിരിക്കുന്ന മിശ്രിതം ചേർത്ത് നന്നായി ഇളക്കിയതിനുശേഷം തീ അണയ്ക്കാം. പെസഹാ പാൽ റെഡി !

(NeendoorPravasi.Com)


പെണ്ണുങ്ങളുടെ കൊയ്ത്തുപാട്ട് (ഏലിക്കുട്ടി കുളങ്ങര)

തെയ്യകം തെയ്യകം തെയ്യകം താരാ
താരാതകതിമി തെയ്യകം താരാ
പുഞ്ചപ്പാടത്തെ പൂങ്കുയിലേ
പുന്നാരപ്പാട്ടൊന്നു പാടാമോ
അക്കണ്ടം നട്ടു ഞാൻ ഇക്കണ്ടം നട്ടു ഞാൻ
മേലേക്കണ്ടത്തിൽ താനേ നട്ടു
ഞാറും കുത്തിക്കേറി വരുമ്പോൾ
എന്നാലും തമ്പ്രാന് തീണ്ടലാണ്
നെല്ലായ നെല്ലെല്ലാം കൊയ്തുമെതി-
ച്ചങ്ങറയിലിടുമ്പോഴും തീണ്ടലില്ലാ
അറകൾ നിറച്ചിട്ടും പത്തായം നിറച്ചി-
ട്ടിറങ്ങി വരുമ്പോഴും തീണ്ടലാണ്
പൊന്മണി വാരിയറകൾ നിറയ്ക്കുമ്പോൾ
കേറിയിറങ്ങാൻ തീണ്ടലില്ല
എന്നിട്ടും തമ്പ്രാൻ മുണ്ടാത്തതെന്തേ
നീലിക്ക് യോഗ്യത പോരാഞ്ഞിട്ടോ
കന്നിക്കൊയ്ത്തു കഴിഞ്ഞൊരുപാടം
നെന്മണി വാരി വിതറിയാലോ
മാസം പലതു കഴിഞ്ഞാലും പിന്നെയും
തമ്പ്രാൻ്റെ മൊഖത്തു കോപം തന്നെ.
കൊയ്ത്തുകാലം കഴിഞ്ഞാൽ പടിപ്പുര
കേറിയാൽ തമ്പ്രാന് തീണ്ടലാണ്.

ആറ്റിൻ നടുവിലരയാലിൻ കൊമ്പത്ത്
ആനന്ദത്തോടെയിരിക്കും തത്ത
തിക്കിത്തിരി മതിലകം തൂത്തപ്പോൾ
രാജകുമാരീടെ താലിപോയി

കരയണ്ട പെണ്ണേ നീ പിഴിയണ്ട പെണ്ണേ നീ
താലിക്കിണത്താലി ഞാൻ തരുവേൻ
താലിയും വേണ്ടമ്മേ മാലയും വേണ്ടമ്മേ
നേരെ പടിഞ്ഞാട്ടു പോയാൽ മതി

വേനൽ പിറക്കട്ടെ വെള്ളം ചുരുങ്ങട്ടെ
പാടത്തെച്ചേറൊക്കെ പൊടിയാവട്ടെ
തട്ടാനെ വരുത്തട്ടെ
പൊൻതൂക്കികൊടുക്കട്ടെ
താലി പരത്തട്ടേ തത്തമ്മയ്ക്കു
താലിയും പരത്തിച്ചതിന്മേൽ കോർത്തപ്പോൾ
സന്ധ്യ വിളക്കിൻ്റെ ശോഭപോലെ
താലിയും കെട്ടിസ്സഭയിങ്കൽ ചെന്നപ്പോൾ
തത്തമ്മയ്ക്കൊത്തൊരു പെണ്ണുമില്ല.

- ഏലിക്കുട്ടി കുളങ്ങര, നീണ്ടൂർ.



കാനഡായിലെ ഒരു യാത്രാനുഭവം (എം. സി ചാക്കോ മണ്ണാർക്കാട്ടിൽ)

- മനുഷ്യനെ ഇരുത്തി മനുഷ്യൻ തന്നെ വലിച്ചുകൊണ്ടുപോകുന്ന റിക്ഷായിൽ കേരളത്തിൽ എനിക്ക് രണ്ടു പ്രാവശ്യമേ യാത്ര ചെയ്യേണ്ടി വന്നിട്ടുള്ളു. വളരെ വർഷങ്ങൾക്കു മുമ്പാണത്. അത്തരമൊരു വണ്ടിയിൽ മൂന്നാമത് യാത്ര ചെയ്തത് ടോറൻറ്റോയിലെ മറക്കാനാവാത്ത അനുഭവമായിരുന്നു. 1995 ജൂലൈ മാസം. നല്ല ചൂടുള്ള സമയം. കാനഡയെക്കുറിച്ചു പഠിച്ച് അവിടെ പര്യടനം നടത്തുന്ന കാലം. അന്ന് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കനേഡിയൻ നാഷണൽ ടവർ എന്ന സി. എൻ ഗോപുരം കണ്ടു ഞാൻ ഫ്രണ്ട് സ്ട്രീറ്റിലേക്ക് വന്നപ്പോൾ സമയം നാലു മണി. അഞ്ചു മണിക്ക് യൂണിയൻ സ്റ്റേഷനിലെത്തണം. പോക്കറ്റിൽ ഒരു കൊച്ചു കുറിപ്പ് കിടന്നത് അപ്പോഴാണ് ശ്രദ്ധയിൽപ്പെട്ടത്. ന്യൂയോർക്കിലെ മൻഹാട്ടൻ കോളേജിൽ പഠിക്കുന്ന ഒരു മലയാളി പെൺകുട്ടി തന്നു വിട്ടതാണ് കുറിപ്പ്. കുട്ടിക്ക് "ടു നേഷൻസ്" എന്ന ചരിത്ര പുസ്തകം വേണം. കാനഡായെക്കുറിച്ചുള്ള പുസ്തകമായതു കൊണ്ട് അത് കിട്ടുന്നത് ടോറൻറ്റോയിലെ ലാർജസ്റ്റ് ബുക്ക് ഡിപ്പോയിലാണ്. അവിടെപ്പോയി ബുക്ക് വാങ്ങണം. ന്യൂയോർക്കിൽ നിന്നും ആംട്രാക്കിൽ യൂണിയൻ സ്റ്റേഷനിൽ വരുന്ന ഡോ. പോൾസൺ ജോസഫുമായി ഒത്തുകൂടി മോൺട്രിയോളിലേക്ക് പുറപ്പെടണം. രണ്ടിനും കൂടി ഒരു മണിക്കൂർ സമയമേ ഉള്ളൂ.


ഫ്രണ്ട് സ്ട്രീറ്റിൻ്റെ ഓരത്ത് ചുറുചുറുക്കുള്ള യുവതീ യുവാക്കൾ യാത്രികരെ ആകർഷിച്ചു കൊണ്ട് മനോഹരവും ആകർഷകവും ഘനം കുറഞ്ഞതുമായ റിക്ഷാകളുമായി കാത്ത് കിടക്കുന്നു. യുവകോമളനായ ഒരു വണ്ടിക്കാരനോട് ലാർജസ്റ്റ് ബുക്ക് ഡിപ്പോ എവിടെയാണെന്ന് ചോദിച്ചതിന് യോംഗ് സ്ട്രീറ്റ് എന്നയാൾ ഉത്തരം പറഞ്ഞു. അഞ്ചു മണിക്ക് എനിക്ക് യൂണിയൻ സ്റ്റേഷനിൽ എത്തുവാൻ സാധിക്കുമോ എന്നതിന് സമയം ധാരാളം ഉണ്ടന്നായിരുന്നു മറുപടി. വണ്ടിക്കൂലി എത്രയാകുമെന്നു ചോദിച്ചപ്പോൾ, ഒരു ബ്ലോക്കിന് രണ്ടു കനേഡിയൻ ഡോളർ വച്ച് തന്നാൽ മതിയെന്നയാൾ പറഞ്ഞു. കാനഡയിൽ ഇങ്ങിനെ റിക്ഷ വലിക്കാൻ അനുവാദമുണ്ടോയെന്നു ഞാൻ ചോദിച്ചപ്പോൾ, സായ്‌പ്പുകുട്ടി വിനീതമായി അറിയിച്ചു. "ഞാൻ ഹംഗറിക്കാരൻ അഭയാർത്ഥിയാണ്. ടോറൻറ്റോ യൂണിവേഴ്സിറ്റിയിൽ നൈറ്റ് ക്‌ളാസിൽ പഠിക്കുന്നു. നല്ല സംഖ്യ ഫീസായി കൊടുക്കണം. അതിനാണ് പകൽ സമയങ്ങളിൽ ഇങ്ങിനെ പാട് പെടുന്നത്."

ഉച്ചാരണം കൊണ്ട് കാനഡാക്കാരനല്ലെന്നു ഞാൻ ഊഹിച്ചതു ശരിയാണെന്നു മനസ്സിലായി. പയ്യൻ്റെ പേര് പറഞ്ഞത് നാജി എന്നാണ്. ഹംഗേറിയ എന്ന് പറഞ്ഞതുകൊണ്ട് ഹംഗറിയിലെ വിഖ്യാതനായ കവി "അറ്റില്ല യോഷേഫ്" നെക്കുറിച്ചും, ദാന്യൂബ് നദി ബുദാപെസ്റ്റിനെ രണ്ടായിത്തീർത്തതിനെക്കുറിച്ചും, അവിടുത്തെ അത്യുന്നത കർദ്ദിനാൾ ജോസഫ് മിൻസേന്തിയെ കമ്യൂണിസ്റ്റുകാർ ദീർഘനാൾ ജയിലിൽ പാർപ്പിച്ചതിനെക്കുറിച്ചും മറ്റും ചോദിച്ചതിന് "നാജി" ഉചിതമായി പ്രതികരിച്ചുകൊണ്ട് എന്നോട് റിക്ഷായിൽ കയറി ഇരിക്കുവാൻ അഭ്യർത്ഥിച്ചു. കൂലി പത്ത് ഡോളറിൽ കൂടുകയില്ലന്നു കരുതിക്കൊണ്ട് ഞാൻ റിക്ഷയിൽ ഇരുന്നു.

നാജി വണ്ടി വലിക്കാൻ തുടങ്ങി. വെള്ള ട്രൗസറും സാൻറ്റോ ബനിയനും ധരിച്ച, ചൂണ്ടപ്പഴത്തിൻ്റെ നിറമുള്ള ഹംഗേറിയൻ യുവാവ് നല്ല തിരക്കേറിയ തെരുവിലൂടെ വേഗതയിൽ റിക്ഷാ വലിക്കുകയാണ്. വലിയ ചൂടുള്ള സമയമായതിനാലും ഓട്ടത്തിൻ്റെ വേഗത കൊണ്ടും നാജി നന്നായി വിയർത്തു.
ജന്മം കൊണ്ട് യൂറോപ്യനായ നാജി വിയർക്കുക കൂടി ചെയ്തതോടെ ചെമ്പരത്തിയുടെ നിറമായി. നടപ്പാതയിൽകൂടി പോകുന്നവർ തിരിഞ്ഞു നോക്കുന്നു. ചിലർ തുറിച്ചുനോക്കി പരിഹാസപൂർവ്വം എന്തൊക്കെയോ പിറുപിറുക്കുന്നു. ഒരു നാൽക്കവലയിൽ സിഗ്നൽ ലൈറ്റ് മാറിക്കിട്ടുവാൻ റിക്ഷാ നിർത്തിയപ്പോൾ കുട്ടികളും യുവതീയുവാക്കളുമടങ്ങിയ വെള്ളക്കാരുടെ ഒരു യാത്രാസംഘത്തിൽ പെട്ടവർ എന്നെ ചൂണ്ടിക്കൊണ്ട് എന്തൊക്കെയോ പറയുന്നു. ഒരുത്തൻ മുഷ്ടി ചുരുട്ടിക്കാണിക്കുന്നു. ഇരുണ്ട നിരക്കാരനായ എന്നെ ഈ കുട്ടിസായ്പ്പ് റിക്ഷായിലിരുത്തി വലിച്ചു കൊണ്ടുപോകുന്നതിലുള്ള പ്രതിഷേധമാണോ ഇത് ? ഞാൻ നാജിയോട് ചോദിച്ചു, ഇവർ എന്തിനു പ്രതിഷേധിക്കുന്നു...? "ഇവർ ഇവിടുത്തുകാരല്ല, യൂറോപ്പിൽ നിന്നും USA യിൽ നിന്നും വന്നിട്ടുള്ള സഞ്ചാരികളാണ്" നാജി പറഞ്ഞു. റിക്ഷ നീങ്ങിയപ്പോൾ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു - തിരക്കേറിയ നിരത്തിൻ്റെ പാർശ്വങ്ങളിലുള്ള കടക്കാരോ ജോലിക്കാരോ തങ്ങളെ കണ്ടഭാവം നടിക്കുന്നില്ല. അവർ ഇതെന്നും കാണുന്നതാണല്ലോ. അവർക്കിതിൽ പുതുമയില്ല.

പത്ത് മിനിറ്റിനകം റിക്ഷ യോംഗ് സ്ട്രീറ്റിലെ ലാർജസ്റ്റ് ബുക്ക് ഡിപ്പോയുടെ പടിക്കലെത്തി. കൂലി ചോദിച്ചപ്പോൾ, പത്തൊമ്പതു ബ്ലോക്ക് കടന്നെന്നും മുപ്പത്തിയെട്ടു ഡോളറായന്നും നെറ്റിയിൽക്കൂടെ ഒഴുകുന്ന വിയർപ്പു തുടച്ചുകൊണ്ട് നമ്മുടെ കഥാപാത്രം പറഞ്ഞു. എൻ്റെ നാഡിമിടിപ്പ് അൽപ്പം കൂടിയെങ്കിലും നാൽപ്പതു ഡോളർ സന്തോഷപൂർവ്വം എടുത്തു കൊടുത്തു. രണ്ടു ഡോളർ തിരിച്ചു തരുവാനായി നാജി പോക്കറ്റിൽ പരാതിയപ്പോൾ, ഞാൻ Thanks, OK എന്ന് പറഞ്ഞു. നന്ദി പറഞ്ഞു റിക്ഷയുമായി യുവാവ് മടങ്ങി. പുസ്തക ഡിപ്പോയിൽ കയറി പതിനാലു ഡോളർ കൊടുത്ത് ടു നേഷൻസ് പുസ്തകം വാങ്ങി ധൃതിയിൽ യൂണിയൻ സ്റ്റേഷനിൽ എത്തിയപ്പോൾ ഡോ. പോൾസൺ അവിടെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. നിശ്ചിത സമയത്ത് ഒത്തുകൂടാൻ സാധിച്ചതിൽ സന്തുഷ്ടരായി ഞങ്ങൾ ഇരുവരും മോൺട്രിയാളിലേക്ക് യാത്രയായി.

പതിനാലു ഡോളർ വിലയുള്ള പുസ്തകം വാങ്ങാനായി നാൽപ്പതു ഡോളർ വണ്ടിക്കൂലി കൊടുത്തതിൽ എനിക്കൽപ്പം മനഃപ്രയാസം തോന്നി. എന്നിരുന്നാലും പുസ്തകം കിട്ടിയതിൽ ചാരിതാർഥ്യം തോന്നി. അതിലുപരി റിക്ഷയിലുള്ള യാത്ര ഒരു പ്രത്യേക അനുഭൂതി സൃഷ്ടിച്ചു. യാത്രക്കാരെ ഇരുത്തി വലിച്ചുകൊണ്ടുപോകുന്ന റിക്ഷകൾ കേരളത്തിൽ നിന്നും അപ്രത്യക്ഷമായിട്ട് കാൽ നൂറ്റാണ്ടിലേറെയായി. കാലോചിതമല്ലെന്ന് കണ്ടു കേരളത്തിൽനിന്നും മുങ്ങിയ റിക്ഷാ, ഇതാ പെയിൻ്റിൻ്റെയും ഭംഗിയേറിയ മേൽമൂടിയുടെയും മേമ്പൊടിയോടെ ടോറൻറ്റോ നഗരത്തിൽ പൊങ്ങിയിരിക്കുന്നു.

മോൺട്രിയാളിലേക്കുള്ള യാത്രാ വേളയിൽ ഞാൻ ചിന്തിക്കുകയായിരുന്നു. നമ്മുടെ എറണാകുളം മഹാരാജാസ് കോളേജിലെ ഒരു വിദ്യാർത്ഥി മഹാത്മാഗാന്ധി റോഡിലൂടെ യാത്രക്കാരെയും കയറ്റി റിക്ഷാ വലിക്കുകയാണെങ്കിൽ, അതല്ല തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ഒരു വിദ്യാർത്ഥിനി അവിടെ മെയിൻ റോഡിൽകൂടി റിക്ഷാ വലിക്കുകയാണെങ്കിൽ എന്തായിരിക്കും നമ്മുടെ പ്രതികരണം. കെ. എസ്. യു വും, എസ്. എഫ്. ഐ യും സംയുക്തമായി എതിർക്കുകയില്ലേ? കാടത്തത്തിലേക്കുള്ള കടന്നുകയറ്റമെന്നോ, പ്രാകൃതത്തിലേക്കുള്ള പ്രയാണമെന്നോ മുദ്ര കുത്തുകയില്ലേ ?

പാശ്ചാത്യരാജ്യങ്ങൾ സാമ്പത്തികമായി പുഷ്ടിപ്പെടാനുള്ള ഒരു പ്രധാന കാരണം തൊഴിലിനോടുള്ള അവരുടെ ഉദാത്തമായ സമീപനമാണ്. കാനഡയിൽ ഏതുതരം ജോലിയിലും അവർ മാന്യത കാണുന്നു. താഴ്ന്ന ജോലി എന്നൊരു തരം തിരിവില്ല. ഫാക്ടറി ഉടമ തന്നെ ചിലപ്പോൾ പ്യൂണായും തൂപ്പുകാരനായും ജോലി ചെയ്യും. പ്രിൻസിപ്പാൾ തന്നെ തൻ്റെ ഓഫീസ് റൂം വൃത്തിയാക്കും. ഒഴിവു സമയങ്ങളിൽ വിദ്യാർത്ഥികൾ തന്നെ ഏതെങ്കിലും ജോലി ചെയ്തു പഠനത്തിനുള്ള ഫീസ് സമ്പാദിക്കുന്നു. ഈ സ്വാശ്രയ ശീലം അവരിൽ ആത്മവിശ്വാസം വളർത്തുന്നു. വിദ്യാഭ്യാസം കഴിഞ്ഞിറങ്ങുന്ന യുവതീയുവാക്കൾ ഏതു തൊഴിലും ചെയ്യാൻ തയ്യാറാവുന്നു. വൈറ്റ് കോളർ ജോലി മാത്രമേ ചെയ്യുകയുള്ളൂ എന്ന് ആരും ശാഠ്യo പിടിക്കുന്നില്ല. മന്ത്രിമാരുടെ വഴി തടയുവാനും റോഡ് ഉപരോധിക്കുവാനും കാനഡയിലെ വിദ്യാർത്ഥികൾക്ക് സമയമില്ല. കുട്ടിക്കുരങ്ങനെക്കൊണ്ട് ചുടുചോറ് വാരിക്കുന്ന നേതൃനിരയും ഇവിടെയില്ല. കനേഡിയൻ യൂണിവേഴ്സിറ്റികളിൽ ഉപരിപഠനത്തിനെത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ വളരെ അച്ചടക്കത്തോടെയും ഉയർന്ന കാര്യ ക്ഷമതയോടെയും ജോലി ചെയ്തു പഠിക്കുന്നത് ഈ ലേഖകൻ നിരീക്ഷിച്ചിട്ടുണ്ട്.

- എം. സി ചാക്കോ മണ്ണാർക്കാട്ടിൽ, നീണ്ടൂർ.


മരണത്തിൻ്റെ മുനമ്പിൽ നിന്ന് (ജീവിതാനുഭവം)

- വർഷാവസാനപ്പരീക്ഷയുടെ തിക്കും തിരക്കും ബഹളവും കെട്ടടങ്ങിയ ഒരു വേനൽക്കാലം. ആലപ്പുഴയിൽ പേപ്പർ വാലുവേഷൻ ക്യാമ്പ് നടക്കുകയാണ്. കൂടെ പഠിച്ചവർ, പഠിപ്പിച്ചവർ, അടുത്തും അകന്നും പരിചയമുള്ളവർ, വാലുവേഷൻ ക്യാമ്പുകളിൽ വച്ച് പരിചയപ്പെടുന്നവർ, അങ്ങിനെ ക്യാമ്പ് ശബ്ദ മുഖരിതമായി. എല്ലാവരെയും കണ്ടും പരിചയപ്പെട്ടും പരിചയം പുതുക്കിയും അവരവരുടെ ജോലികളിൽ എല്ലാവരും സജീവമായി. ദിവസങ്ങൾ കടന്നുപോയി. വാലുവേഷൻ അവസാന ദിവസങ്ങളിലേക്ക് അടുക്കുകയാണ്.

ഞങ്ങൾ താമസിച്ചിരുന്നത് സെൻ്റ് റോസ് ഹോസ്റ്റലിൽ ആയിരുന്നു. നാലുവശവും മുള്ളുമഠത്തിൻ്റെതു പോലെയുള്ള കൂറ്റൻ മതിലുകൾ. കുപ്പിച്ചില്ലുകൾ പതിച്ചു കൂടുതൽ സുരക്ഷിതമാക്കിയിരിക്കുന്നു. വലിയ ഗേറ്റ്. ഗേറ്റ് തുറക്കാതെ ആർക്കും അത്ര എളുപ്പത്തിൽ പുറത്തു കടക്കാൻ സാധിക്കുകയില്ല. ഗേറ്റടഞ്ഞാൽ കുടുങ്ങിയത് തന്നെ. ഹോസ്റ്റൽ വാർഡൻ സിസ്റ്ററാണ്. ഞങ്ങൾ വാർഡൻ സിസ്റ്ററെന്ന് വിളിച്ചു. ആരെയും ആകർഷിക്കുന്ന മുഖഭാവം. സൗമ്യമായ പെരുമാറ്റം. ഭൂമിയിലെ മാലാഖ - ജീവിക്കുന്ന വിശുദ്ധ - വിശേഷണങ്ങളെല്ലാം നന്നായി ഇണങ്ങും. ഞങ്ങൾ വളരെ വേഗം സൗഹൃദത്തിലായി. സന്തോഷത്തിൻ്റെയും സമാധാനത്തിൻ്റെയും നാളുകൾ.

ലിസ്സിയമ്മ, ഏലിയാമ്മ ടീച്ചർ, ത്രേസ്യാമ്മ ഇവർ ഹോസ്റ്റലിൻ്റെ മൂന്നാം നിലയിലും മാഗിയും മറിയക്കുട്ടിയും പിന്നെ ഞാനും താഴത്തെ നിലയിലുമായിരുന്നു.എൻ്റെ സ്‌കൂളിൽ നിന്ന് ഞങ്ങൾ നാല് പേർ മാത്രമാണ് ആ ഹോസ്റ്റലിൽ ഉണ്ടായിരുന്നത്. ബാക്കിയുള്ളവരൊക്കെ അടുത്തും അകലെയുമുള്ള വേറെ വേറെ ഹോസ്റ്റലുകളിലായിരുന്നു. ഞങ്ങളുടെ ഹോസ്റ്റലിൽ നിറയെ അന്തേവാസികളുണ്ടായിരുന്നു.

ക്യാമ്പ് അവസാനിക്കുവാൻ ഇനി നാലഞ്ചു നാളുകൾ മാത്രം. വീട്ടിലെത്താനുള്ള തത്രപ്പാടിലാണ് എല്ലാവരും. അന്ന് ഞങ്ങൾ "മഞ്ഞിൽ വിരിഞ്ഞ പൂക്കൾ" കാണാൻ പ്ലാനിട്ടിരുന്നു. ഷോപ്പിംഗിനു പോയവർ വരാൻ വൈകിയതിനാൽ സിനിമാക്കാര്യം നടന്നില്ല. നിരാശ മാറ്റുവാൻ കൈയിലുണ്ടായിരുന്ന "ഡ്രാക്കുള" നോവൽ വായിച്ചു. ആൽപ്സ് പർവ്വത നിരകളും കുതിരക്കാരനും ഡ്രാക്കുളകോട്ടയും പല്ലിയെപ്പോലെ കോട്ടമുകളിൽ നിന്ന് ഇഴഞ്ഞിറങ്ങുന്ന ഡ്രാക്കുള പ്രഭുവും, ഒരു മിന്നാമിന്നിയുടെ നുറുങ്ങുവെട്ടം പോലുമില്ലാത്ത കുറ്റാക്കൂരിരുട്ടും എല്ലാമിങ്ങിനെ വന്നും പോയുമിരുന്നു. അതിൽ ലയിച്ചു എല്ലാം മറന്നങ്ങനെ ഇരിക്കുമ്പോൾ മുകളിൽ നിന്ന് വലിയ ശബ്ദ കോലാഹലങ്ങൾ കേട്ട് തുടങ്ങി. ഡ്രാക്കുളകോട്ടയുടെ ഭാഗമാണെന്നു ആദ്യം കരുതി. ആളുകൾ പരക്കം പായുന്നു.തട്ടും മുട്ടും ബഹളവും, കൂട്ടത്തോടെ ചുമയ്ക്കുന്ന ശബ്ദവും എങ്ങും നിറഞ്ഞു നിന്നു. ഇടയിൽ ആരൊക്കെയോ വിളിച്ചു പറയുന്നുണ്ട്... "രക്ഷപ്പെടുക". ആളുകൾ പരസ്പരം ചവിട്ടി മെതിച്ചു കടന്നു പോകുന്നു. മുകളിൽ നിന്നും ചാടി കാലൊടിഞ്ഞവരുണ്ട്. ആഴമളക്കാതെ മുകളിൽ നിന്ന് താഴേക്ക് ചാടിയവരുണ്ട്. ഒന്നും മനസിലാകാതെ ആ കുത്തൊഴുക്കിൽ ഞങ്ങളും പുറത്തേക്ക് ഒഴുകി ഒലിച്ചുപോയി.

ഹോസ്റ്റലിൻ്റെ പുറകിലുണ്ടായിരുന്ന കൂറ്റൻ ക്ളോറിൻ ടാങ്ക് പൊട്ടിയതാണ്. വാതകം മുറിക്കുള്ളിലേക്ക് അടിച്ചു കയറി. പുകമറയാൽ ഒന്നും വ്യക്തമല്ല. എവിടെനിന്നും ചുമയുടെ ശബ്ദവും നിലവിളികളും. ശ്വാസമെടുക്കാൻ പറ്റാത്ത അവസ്ഥ. അതിനിടയിൽ കരണ്ടും പോയി. മരണവെപ്രാളത്തോടെയുള്ള പരക്കം പാച്ചിൽ. എല്ലാവരെയും മുകളിൽ നിന്ന് പുറത്തിറക്കിയ ഹോസ്റ്റൽ വാർഡൻ "വിളക്കേന്തിയ വനിത" യെപ്പോലെ റാന്തൽ വിളക്കിൻ്റെ അരണ്ട വെളിച്ചത്തിൽ മുറികൾ ഓരോന്നായി കയറിയിറങ്ങി ആരെങ്കിലും മുറികളിൽ കുരുങ്ങിപ്പോയിട്ടുണ്ടോയെന്ന് പരിശോധിച്ചുകൊണ്ടിരുന്നു. ആരുമില്ലെന്ന് ഉറപ്പാക്കി സിസ്റ്റർ ഇറങ്ങി വരുമ്പോഴേക്കും കോണിപ്പടി ഇറങ്ങാനാവാതെ വിളറിവെളുത്ത് ശ്വാസം നിലച്ചു കുഴഞ്ഞു വീണു. മുറിവേറ്റവരെ വാരിയെടുത്ത് ജീവൻ പകരുന്ന നല്ല സമരിയാക്കരൻ്റെ മുഖം - ആശുപത്രിയിൽ എത്താൻ പോലും കാക്കാതെ അവർ മരണത്തിനു കീഴ്‌പ്പെട്ടു. ചിലർ അങ്ങിനെയാണ്, സ്വന്തം ജീവൻ നഷ്ടപ്പെടുത്തിയും അപരൻ്റെ ജീവൻ രക്ഷിക്കാൻ നോക്കും. സ്നേഹിതന് വേണ്ടി ജീവൻ ബലികഴിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ലെന്നോതിയവൻ്റെ പാത പിന്തുടരുന്നവർ. സിസ്റ്ററിനോടൊപ്പം ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ഒരു ടീച്ചറും മരണപ്പെട്ടിരുന്നു.

ഞങ്ങളുടെ മുറിയിൽ നിന്ന് രക്ഷപെട്ട് ഒരുവിധത്തിൽ ഞങ്ങൾ മുറ്റത്ത് മാതാവിൻ്റെ ഗ്രോട്ടോയുടെ അടുത്തെത്തി. മാഗി മാത്രമേ അപ്പോൾ എൻ്റെ അടുത്തുണ്ടായിരുന്നുള്ളു. അവൾ മക്കളെക്കുറിച്ചും ഭർത്താവിനെക്കുറിച്ചും വിലപിച്ചു കൊണ്ടിരുന്നു. അപ്പോൾ ഞാൻ അവളോട് പറഞ്ഞു. "നമ്മൾ ഇതിൽ നിന്ന് രക്ഷപെടാൻ പോകുന്നില്ല. നമ്മൾ മരിക്കുകയാണ്. ആത്മാവിൻ്റെ കാര്യം ആലോചിക്ക്". ശ്വാസം മുട്ടൽ ഉച്ചസ്ഥായിലായി. മരണത്തെ തൊട്ടറിഞ്ഞ നിമിഷങ്ങൾ.

ഞാൻ മക്കളെയും ഭർത്താവിനെയും മാതാവിൻ്റെയും മാലാഖയുടെയും കരങ്ങളിൽ വച്ച് കൊടുത്തു. "എലിസബത്ത് തുടങ്ങിവച്ച നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥന ചൊല്ലു - നിൻ്റെ കുഞ്ഞിൻ്റെ കാര്യം ആ അമ്മ നോക്കിക്കോളും. കാരണം നിൻ്റെ കുഞ്ഞു നിൻ്റെതു മാത്രമല്ല, അവളുടേതും കൂടെയാണ്." പെട്ടെന്ന് ഈ വാക്യം എൻ്റെ ഓർമ്മയിൽ വന്നു. ഞാൻ നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥന ചൊല്ലി. കുഞ്ഞുങ്ങളെ മാതൃകരങ്ങളിൽ കൊടുത്തു. അപ്പോഴേക്കും ശ്വാസം മുട്ടൽ കലശലായി. ഇടയ്ക്കിടക്ക് ബോധം നഷ്ടപ്പെടുന്നുണ്ട്. ബോധത്തിൻ്റെ ഒരു നുറുങ്ങ് എന്നിലേക്ക് കടന്നുവന്നപ്പോൾ എൻ്റെ മനസ്സിൽ ഒരു കുഞ്ഞു പ്രാർത്ഥന നിറഞ്ഞു. "ഞാനിന്നു നിന്നോടു കൂടെ പറുദീസായിലായിരിക്കണേ." അവസാന നാളുകളിൽ നമ്മുടെ നിത്യയാത്രയുടെ നിമിഷങ്ങളിൽ ആരുമാരും കൂട്ടില്ലാതെ, സഹായത്തിനില്ലാതെ, ഒറ്റയ്ക്ക് എങ്ങോട്ടെന്നറിയാതെ കടന്നുപോകേണ്ട നിമിഷങ്ങൾ. അതേറ്റുവാങ്ങാതെ തരമില്ലല്ലോ. അതിനുള്ള സമയമായെന്നു ഞാൻ മനസ്സിലോർത്തു.

വെളിച്ചത്തിനുപോലും വെളിച്ചമില്ലെന്നുതോന്നുന്ന അന്ധകാരാവൃതമായ മണിക്കൂറുകൾ കടന്നുപൊയ്ക്കൊണ്ടിരുന്നു. എനിക്ക് എന്ത് പറ്റി? ഞാൻ എന്നെ അന്വേഷിക്കാൻ തുടങ്ങി. കെരൂബുകളെ വാഹനമാക്കിപറക്കുന്ന - കാറ്റിൻ്റെ ചിറകിൽ സഞ്ചരിക്കുന്ന - സീയോനിൽ വസിക്കുന്ന കർത്താവിനെ എങ്ങും കണ്ടില്ല. കത്തിയമരാത്ത അഗ്നിയുടെ പൊള്ളലോ, നരകത്തിൻ്റെ ഭീകരതയോ എങ്ങും ദർശിച്ചില്ല. നാലാമതൊരു ലോകത്തെക്കുറിച്ചു ഞാൻ കേട്ടിട്ടും ഇല്ല. ഞാൻ എവിടെയാണ്? ഞാൻ എന്നെ തിരഞ്ഞുകൊണ്ടിരുന്നു.

ഇപ്പോൾ ഞാൻ ചില ഒച്ചയനക്കങ്ങൾ കേൾക്കുന്നു. എന്നെ ആരോ ഉന്തിയുരുട്ടി ഒരു ചാക്കുകെട്ടു പോലെ എങ്ങോട്ടോ കൊണ്ടുപോകുന്നു. ഞാൻ ശബ്ദങ്ങൾ തിരിച്ചറിയുന്നുണ്ട്. ഫയർ എൻജിൻ്റെയും ആംബുലൻസുകളുടെയും മണികിലുക്കം വ്യക്തമാകുന്നുണ്ട്. വാഹനങ്ങളുടെ ഇരമ്പൽ, ആളുകളുടെ ഉറക്കെയുള്ള സംസാരം, എല്ലാം ഞാൻ അറിയുന്നുണ്ട്. മരുന്നുകളുടെ രൂക്ഷഗന്ധം നാസ്വാദാരങ്ങളിൽ കടന്നപ്പോൾ ഞാൻ ഏതോ ആശുപത്രി വളപ്പിലാണന്നറിഞ്ഞു. ആളുകൾ തിരക്കിട്ട് അങ്ങോട്ടും ഇങ്ങോട്ടും പരക്കം പായുന്നു. ആലപ്പുഴയിലെ വീട്ടമ്മമാർ മുറം കൊണ്ടുവന്നു വീശിനടക്കുന്നു. ഉച്ഛാസവായുവിൽ ക്ളോറിൻ നിറഞ്ഞതു ആപത്തിനിടയാക്കി. ചെറിയ ചെറിയ കുപ്പികളിൽ ഓക്സിജൻ കൊണ്ടുവന്നു വലിപ്പിക്കുന്നുണ്ട്. അപ്പോൾ "അതിനും ഇത്തിരി ഓക്സിജൻ കൊടുക്കണേ..." മാറിയക്കുട്ടിയുടെ ശബ്ദം ഞാൻ തിരിച്ചറിഞ്ഞു. ഇഴഞ്ഞും വലിഞ്ഞും ഞാൻ ഒരു തരത്തിൽ അവളുടെ അടുത്തെത്തി. വലിയ ആശ്വാസം തോന്നി. ചുമയും ഛർദിയും മൂലം ഒന്നും ചെയ്യാൻ പറ്റുന്നില്ല.

കൂടെയുള്ള മറ്റാരെയും കാണുന്നില്ല. എന്ത് പറ്റിയെന്ന് ഒരൂഹവുമില്ല. കൂട്ടുകാരെക്കുറിച്ചുള്ള ഓർമ്മ പേടിപ്പെടുത്തിയപ്പോൾ, ഇഴഞ്ഞും വലിഞ്ഞും നടന്നു അന്വേഷണമാരംഭിച്ചു. ലിസ്സിയമ്മയെയും ഏലിയാമ്മ ടീച്ചറിനെയും കുറിച്ചുള്ള വാർത്ത ഞെട്ടിച്ചുകളഞ്ഞു. അവർക്കു രണ്ടുപേർക്കും അനക്കമില്ല. മരിച്ചവരുടെ കൂട്ടത്തിൽ മാറ്റിയിട്ടിരിക്കുന്നു. ഒന്നുറക്കെ കരയാൻ പോലും കഴിയാതെ തളർന്നു പോയി. മനസ്സിൻ്റെ കരച്ചിൽ കർത്തൃസന്നിധിയിലെത്തി. ദൈവത്തിൻ്റെ ശക്തമായ ഇടപെടലുണ്ടായി. അവിടുന്ന് തൻ്റെ ദൂതനെ അയച്ചു അവരെ ശക്തിപ്പെടുത്തി. മാലാഖ ഡോ. ശർമ്മയുടെ രൂപത്തിൽ ലിസ്സിയമ്മയുടെ അടുത്തെത്തി. ചങ്കിൽ ഇടിക്കാൻ തുടങ്ങി. ഹോ ..എന്തൊരിടി! ലിസിയമ്മക്ക് ജീവനുണ്ടെങ്കിൽ ഈ ഇടികൊണ്ടു മരിക്കുമോ എന്ന് ഞാൻ തേങ്ങി. അങ്ങിനെ ആശങ്കയോടെ ഇരിക്കുമ്പോൾ ലിസിയമ്മ പതുക്കെ പതുക്കെ ശ്വാസം എടുക്കാൻ തുടങ്ങി. ഞങ്ങളുടെ സന്തോഷം അണ പൊട്ടിയൊഴുകി. വലിയ കരച്ചിലായി രൂപപ്പെട്ടു. ലിസ്സിയമ്മയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.

ഇതെല്ലാം അകക്കണ്ണിൻ കണ്ടും അറിഞ്ഞും ഏലിയാമ്മ ടീച്ചർ കിടക്കുന്നു. താനിതെല്ലാം അറിയുന്നുണ്ടെന്നു പ്രതികരിക്കാനാവാതെ നിസ്സഹായയായി തന്നെ ജീവനോടെ സംസ്ക്കരിക്കേണ്ടി വരുമോ എന്ന ശങ്കയിൽ കിടക്കുമ്പോൾ, ഡോ. ശർമ്മയും, ഡോ. ഷേണായിയും ഏലിയാമ്മ ടീച്ചറെ പൊക്കിയെടുത്തു മേശയിലിട്ടു. ഇടിച്ചും ഉരുട്ടിയും നുള്ളിയും തല്ലിയും കുറേസമയം കൊണ്ട് അവർക്ക് ശ്വസിക്കാൻ സാധിച്ചു. അവർ രണ്ടുപേരും നോർമ്മലാകാൻ ഏറെ ദിവസങ്ങൾ വേണ്ടിവന്നു.

പ്രഭാതം പൊട്ടിവിടർന്നു. ആലപ്പുഴയിൽ ക്ളോറിൻ സിലിണ്ടർ പൊട്ടി രണ്ടു മരണം. പത്രങ്ങളിൽ വാർത്ത വന്നു. നാടിളകി, ആളുകൾ കൂട്ടത്തോടെ ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക്. വിവരമറിഞ്ഞു ഞങ്ങളുടെ പ്രിയപ്പെട്ടവരാരെങ്കിലും വരുന്നുണ്ടോ എന്ന് ഞങ്ങൾ കണ്ണും നട്ടിരുന്നു. അങ്ങിനെ നോക്കിയിരിക്കുമ്പോൾ ഏലിയാമ്മ ടീച്ചറിൻ്റെ ഭർത്താവ് ഒ. ടി സാറിനെ ഞാൻ കണ്ടു. ആഴക്കടലിൽ മുങ്ങി താഴാൻ പോയവർക്ക്, ഒരു കച്ചിതുരുമ്പല്ല, ഒരു ചങ്ങാടം കിട്ടിയ സന്തോഷം തോന്നി. ഭയം വിട്ടുമാറി. പ്രിയപ്പെട്ടവർ ഓരോരുത്തരായി വന്നുചേർന്നു. ഞങ്ങളെ ജീവനോടെ കാണാൻ സാധിച്ചതിൽ ദൈവത്തിനു നന്ദി പറഞ്ഞു. മൂന്നാലു ദിവസത്തിനകം ഞങ്ങൾ ആശുപത്രി വിട്ടു. ഞങ്ങളുടെ പേപ്പറുകളെല്ലാം മറ്റു ഹോസ്റ്റലുകളിൽ താമസിച്ചിരുന്നവർ നോക്കിക്കൊടുത്തു.

ഞങ്ങൾ താമസിച്ചിരുന്ന ഹോസ്റ്റലിൽ തിരിച്ചെത്തിയപ്പോഴാണ് യഥാർത്ഥ തീവ്രത ഞങ്ങൾ തിരിച്ചറിഞ്ഞത്. ചത്തൊടുങ്ങിയ പക്ഷിമൃഗാദികൾ, പച്ചപ്പിൻ്റെ കണികപോലുമില്ലാത്ത വൃക്ഷത്തലപ്പുകൾ, അപ്പൂപ്പൻ താടിപോലെ വിളറിവെളുത്ത തെങ്ങോലകൾ - എല്ലാം ഇന്നലെകളുടെ സാക്ഷിപത്രമായി നിലകൊള്ളുന്നു.

33 വർഷത്തിനുശേഷം ഞാനിതു കുത്തിക്കുറിക്കുമ്പോൾ എൻ്റെ കണ്ണുകൾ നീരണിയുന്നതു ഞാൻ അറിയുന്നു. മലയസാനുതരുക്കളിൽ തട്ടിത്തടഞ്ഞെത്തുന്ന കുളിർക്കാറ്റുപോലെ, ഉഷസ്സിൻ്റെ ഉദരത്തിലെ മഞ്ഞുതുള്ളിപോലെ, സീയോൻ പർവ്വതങ്ങളിൽ പൊഴിയുന്ന ഹെർമ്മോൻ തുഷാരം പോലെ സ്വർഗ്ഗത്തിൻ്റെതായ ഒരു സൗകുമാര്യം എന്നെ തഴുകി തലോടി കടന്നുപോകുന്നത് ഞാനറിയുന്നു.

- ഗ്ലോറി (മേരി) തോമസ് തോട്ടത്തിൽ.


ഇഷാൻ (നോവൽ) - 2

ദില്ലിയിലെ ഗതാഗതക്കുരുക്കിൽപ്പെട്ട്‌ കുഴയുകയായിരുന്നു രേഷ്മ നമ്പ്യാർ. പഴഞ്ചൻ മാരുതി 800 ൻ്റെ സ്റ്റിയറിംഗ് വീലിൽ തിരിച്ച്‌ തിരിച്ചു കൈവെള്ള വേദനിക്കുന്നു. ഓഫീസ്‌ വാഹനമാണ്‌, അവർക്ക്‌ അൽപം കൂടി നല്ല വണ്ടി തരാമായിരുന്നു. ട്രയിനീ റിപ്പോർട്ടർ ഇതിൽ തുടങ്ങൂ എന്നാണ്‌ രണ്ടുമാസം മുൻപ്‌ ജോയിൻ ചെയ്തപ്പോൾ മാനേജർ പറഞ്ഞത്‌. അരമണിക്കൂറിനുള്ളിൽ എയർപ്പോർട്ടിലെത്തിയേ പറ്റൂ. ഇനിയും റോഡ്‌ തുറന്നില്ലെങ്കിൽ എത്ര ശ്രമിച്ചാലും സമയത്തെത്തില്ല. ഈ നശിച്ച ട്രാഫിക്‌.... കുറച്ചുകൂടി മുൻപു ഓഫീസ്‌ വിട്ടിറങ്ങാഞ്ഞതിൽ അവൾ പശ്ചാത്തപിച്ചു. അതെങ്ങനെ, നാലുവട്ടം എഡിറ്റ്‌ ചെയ്തിട്ടും നാളെ പ്രിൻ്റ് ചെയ്യാനുള്ള മാറ്റർ സീനിയർ എഡിറ്റർക്ക്‌ തൃപ്തിയായിട്ടില്ല. അയാളെ സഹിക്കാൻ താൽപര്യമുണ്ടായിട്ടല്ല, ഇന്ത്യയിലെ നമ്പർ വൺ പത്രപ്രസിദ്ധീകരണശാലയിൽ തുടക്കക്കാരിയായി ജോലി ചെയ്യാൻ കിട്ടിയ അവസരം ഭാഗ്യമാണെന്നാണ്‌ അച്ഛൻ്റെ വയ്പ്പ്‌. അതുകൊണ്ടുതന്നെ അല്ലറചില്ലറ ബുദ്ധിമുട്ടുകൾ കാര്യമാക്കേണ്ട എന്നാണ്‌ നിർദ്ദേശം. ദില്ലിയോട്‌ അച്ഛനൊരു പ്രത്യേക പ്രണയവുമുണ്ട്‌. വശ്യമായൊരു നിഗൂഢത ഈ നഗരത്തിനുണ്ടെന്ന് പലപ്പോഴും തനിക്കും തോന്നിയിട്ടുണ്ടെന്ന് രേഷ്മ ഓർത്തു. പക്ഷേ, ഈ ട്രാഫിക്‌, ഇതുമാത്രമാണവൾക്കിഷ്ടമില്ലാത്തത്‌. സമയം മൂന്നു മണി. ന്യൂയോർക്കിൽ നിന്നുമുള്ള എയർ ഇന്ത്യാ ഫ്ലൈറ്റ് മൂന്നരയ്ക്ക്‌ ലാൻഡ്‌ ചെയ്യുമല്ലോ എന്നോർത്തവൾ വിഷമിച്ചു.

രണ്ടുദിവസം മുൻപ്‌ മാത്രമാണ്‌ അനുവിൻ്റെ മെസ്സേജ്‌ കിട്ടിയത്‌. കമിംഗ്‌ റ്റു ദില്ലി ബൈ AI 152 ഫ്രം ന്യൂയോർക്ക്‌ ഓൺ സാറ്റർഡേ. എയർപ്പോർട്ടിൽ കാണാമോ എന്നു മാത്രം. രണ്ടുമാസം മുൻപ്‌ ന്യൂയോർക്കിലേക്ക് പോയതിനു ശേഷം ആദ്യമായി കിട്ടിയ മെസേജ്‌. എന്തിനു വരുന്നെന്നോ എത്ര ദിവസത്തേയ്ക്കെന്നോ ഒന്നും പറഞ്ഞിട്ടില്ല. അല്ലെങ്കിലും അവൾ എന്നും അങ്ങനെതന്നെയായിരുന്നു. മിതഭാഷി, അൽപം പതിഞ്ഞ സ്വഭാവവും. പെൺകുട്ടികളായാൽ അൽപം കൂടി സ്മാർട്ട്നെസ്സ്‌ വേണമെന്ന് അനുവിൻ്റെ അമ്മ എപ്പോഴും പറയുമായിരുന്നു, പക്ഷേ അവളുടെ ശാന്തസ്വഭാവവും അതിസാമർത്ഥ്യമില്ലായ്മയുമാണ്‌ ഇരുപത്തിമൂന്നാം വയസ്സിൽ അവൾക്ക്‌ ഭാഗ്യം കൊണ്ടുവന്നത്‌. പ്രൊഫസ്സർ രാമനാഥൻ അമേരിക്കൻ സിറ്റിസൺഷിപ്പുള്ള തൻ്റെ മകൻ ഇഷാൻ്റെ വധുവായി അനുവിനെ തിരഞ്ഞെടുത്തത്‌ അവളുടെ പക്വതയും സമാധാനപ്രിയവുമാർന്ന പെരുമാറ്റമൊന്നുകൊണ്ട്‌ മാത്രമാണ്‌.

മുന്നിൽ ട്രാഫിക്‌ ജാം അൽപം അയഞ്ഞപ്പോൾ അക്ഷമയോടെ കാത്തുനിന്നിരുന്ന വാഹനങ്ങൾ അനങ്ങിത്തുടങ്ങി. പിന്നിലുള്ള വാഹനത്തിൻ്റെ നിർത്താതെയുള്ള ഹോണടി രേഷ്മയെ ശുണ്ഠി പിടിപ്പിച്ചു. മുന്നിലെ വാഹനം നീങ്ങിയെങ്കിലല്ലെ മുന്നോട്ട്‌ അനങ്ങാൻ പറ്റൂ, പറക്കാൻ കഴിയില്ലല്ലോ!

നിരങ്ങിയും ഓടിയും കിതച്ചും രേഷ്മയുടെ പഴഞ്ചൻ വണ്ടി എയർപ്പോർട്ടിലെത്തിയപ്പോൾ മൂന്ന് നാൽപത്തിയഞ്ച്‌. വണ്ടി ധ്രിതിയിൽ പാർക്ക്‌ ചെയ്ത്‌ അറൈവൽ ഗേറ്റിലേക്ക്‌ ഓടിയെന്നവണ്ണം അവൾ ചെല്ലുന്നത്‌ കണ്ട്‌ പലരും അവളെ അമ്പരന്ന് ഉറ്റുനോക്കിയെങ്കിലും രേഷ്മയത്‌ ശ്രദ്ധിച്ചില്ല. അവളുടെ കണ്ണുകൾ അനുവിനെ തിരയുകയായിരുന്നു. അറൈവൽ ലോഞ്ചിലൂടെ ട്രോളിബാഗും തള്ളി വരുന്ന നീണ്ടുകൊലുന്നനെയുള്ള പെൺകുട്ടിയിൽ കണ്ണുകളുടക്കിയപ്പോൾ പരിസരം മറന്ന് രേഷ്മ ഉയർന്ന് ചാടി, കൈവീശി അവളുടെ ശ്രദ്ധ ക്ഷണിച്ചു.

അനു പുഞ്ചിരിച്ചുകൊണ്ട്‌ അടുത്തെത്തിയതും ഒറ്റച്ചാട്ടത്തിനു രേഷ്മ അവളെ ആലിംഗനത്തിലൊതുക്കി. ഒരു നിമിഷത്തിനു ശേഷം അവളെ അടർത്തിമാറ്റി, മുടിയിൽ തലോടി അവൾക്ക്‌ സുഖമാണോ എന്ന് ചോദിക്കുമ്പോഴേക്കും രണ്ടുപേരുടേയും കണ്ണുകൾ നിറഞ്ഞിരുന്നു. വികാരവിക്ഷോഭങ്ങളാൽ അലങ്കോലപ്പെട്ട മനസ്സുകൾ അപ്പൂപ്പൻ താടി കണക്കേ കാമ്പസിലെ സൗഹൃദ നിമിഷങ്ങളിലേക്ക്‌ പറന്നു പോയിരുന്നു.

പുറത്തേക്ക്‌ വരുന്ന യാത്രക്കാരുടെ തിരക്കും സ്വീകരിക്കാനെത്തിയവരുടെ ബഹളവും അവരെ ഓർമ്മകളിൽ നിന്നുമുണർത്തി. അവിടെ നിന്നുമിറങ്ങി രേഷ്മയോടൊപ്പം പാർക്കിങ്ങിലെത്തിയപ്പോഴാണ്‌ അനു സംസ്കൃതി സ്കൂളിനെപ്പറ്റി അന്വേഷിച്ചത്‌.

"കല്യാണം കഴിഞ്ഞതല്ലേയുള്ളൂ... ഇപ്പൊഴേ സീറ്റ്‌ ബുക്ക്‌ ചെയ്യാൻ പോവ്വാ നീ?" തമാശയോടെ രേഷ്മ ചോദിച്ചു.

"എനിക്ക്‌ അവിടെയൊരാളെ അത്യാവശ്യമായി കാണാനുണ്ട്‌. പറ്റുമെങ്കിൽ ഇന്നു തന്നെ."

അനുവിൻ്റെ ശബ്ദത്തിലെ ഗൗരവം കണക്കിലെടുത്ത്‌ രേഷ്മ വീണ്ടുമൊന്നും ചോദിച്ചില്ല. കാർ ചാണക്യപുരിയിലേക്ക്‌ വിട്ടു. സ്കൂൾ വിട്ട സമയമാണെങ്കിലും ഓഫീസ്‌ തുറന്നിട്ടുണ്ടാവണം.

"ഇഷാൻ എന്തു പറയുന്നു? നീയെന്താ പെട്ടെന്ന് യാത്ര പ്ലാൻ ചെയ്തത്‌?" രേഷ്മയ്ക്ക്‌ ആകാംക്ഷ അടക്കാനായില്ല.

"ഇത്‌ ഓഫീഷ്യൽ ട്രിപ്പാ മോളേ.. പെട്ടെന്നായിരുന്നു. ഇഷാൻ ടൂറിലാണ്‌, ചിലപ്പോൾ എത്തിക്കാണും."

അനുവിൻ്റെ മറുപടിയിലെ തണുപ്പ്‌ അമ്പരമ്പിച്ചില്ലെങ്കിലും രേഷ്മയെ ആശങ്കാകുലയാക്കിയിരുന്നു. വിവാഹം കഴിഞ്ഞ്‌ മൂന്നുമാസം മാത്രം. ഭർത്താവിനെ പറ്റി ഒരു നവവധുവിനുണ്ടാവേണ്ട കരുതലോ ഉത്കണ്ഠയോ അനുവിനില്ലെന്ന് രേഷ്മയ്ക്ക്‌ തോന്നി.

എയർപോർട്ട്‌ റോഡ്‌ പിന്നിട്ട്‌ ഒന്നുരണ്ടു കിലോമീറ്റർ കഴിഞ്ഞപ്പോൾ റോഡിൽ തിരക്കൽപം കുറഞ്ഞു തുടങ്ങി. നാലുമണി കഴിഞ്ഞതേയുള്ളൂ, ഇനിയുമൊരുമണിക്കൂർ കഴിഞ്ഞാൽ വീണ്ടും തിരക്ക്‌ കൂടും. ഓഫീസ്‌ വിട്ട്‌ മടങ്ങുന്നവരുടെ തിരക്ക്‌ രാത്രി എട്ടൊൻപത്‌ മണിവരെ ഗതാഗതതടസ്സം സൃഷ്ടിക്കും. ഇരുവശവും പച്ചപ്പ്‌ നിറഞ്ഞ റോഡിലൂടെ രേഷ്മയുടെ കാർ മോത്തിബാഗ്‌ കഴിഞ്ഞ്‌ ചാണക്യപുരിയിലേക്ക്‌ കടന്നു. ദില്ലിയിലെ ഏറ്റവും സുന്ദരമായ രാജവീഥികളാണ്‌ ചാണക്യപുരിയിലേത്‌.

സംസ്കൃതി സ്കൂളിൻ്റെ കൂറ്റൻ ഗേറ്റിൽ കാർ ഒരിരമ്പലോടെ നിന്നു. വാച്ച്മാൻ ഓടി വന്ന് കാര്യമന്വേഷിച്ചപ്പോഴാണ് ആരെയാണ് കാണേണ്ടതെന്ന് തനിക്കറിയില്ലല്ലോ എന്ന് രേഷ്മയോർത്തത്. എയർപ്പോർട്ടിൽ വച്ച്‌ കാറിൽ കയറി എ. സി ഇട്ടപ്പോഴേ സീറ്റിൽ ചാരിക്കിടന്ന് അനുപ്രിയ ഉറക്കം പിടിച്ചിരുന്നു. യാത്ര ചെയ്ത്‌ ക്ഷീണിച്ചുകാണുമെന്ന് കരുതിയാണവളെ ഉണർത്താതിരുന്നതും. രേഷ്മ അനുവിനെ വിളിച്ചുണർത്തി സ്കൂളെത്തിയ കാര്യം പറഞ്ഞു. കോട്ടുവായിട്ടുകൊണ്ടു എഴുന്നേറ്റ്, കാറിനു പുറത്തിറങ്ങി അനു ഒരു കുപ്പി വെള്ളമെടുത്തു മുഖം കഴുകി. ഗേറ്റിങ്കൽ വാച്ച്മാൻ ചോദ്യം ആവർത്തിച്ചപ്പോൾ പ്രിൻസിപ്പലിനെ കാണണമെന്ന് അനു അറിയിച്ചു. അരമണിക്കൂറെങ്കിലും വെയിറ്റ് ചെയ്യണമെന്നും പ്രിൻസിപ്പൽ പുറത്തു പോയിരിക്കുകയാണെന്നും വാച്ച്മാൻ മറുപടി പറഞ്ഞു.

റോഡരുകിലെ ആൽമരചുവട്ടിൽ കാർ ഒതുക്കിയിടാൻ രേഷ്മ ശ്രമിച്ചപ്പോൾ അനു അൽപം മാറി ഒതുങ്ങി നിന്നു. ആൽച്ചുവട്ടിൽ വഴിവാണിഭക്കാരുടെ തിരക്ക്. അതുകണ്ട് കൗതുകത്തോടെ അവൾ അവിടേക്ക് നടന്നു ചെന്നു. ആൽമരത്തിനരികിലെ നടപ്പാത ചെറിയൊരു കുന്നിലേക്കാണ് നീളുന്നതെന്ന് അനു ശ്രദ്ധിച്ചു. കൗമാരപ്രായക്കാരായ പെൺകുട്ടികൾ ഒറ്റയ്ക്കും സംഘമായും നടപ്പാതയിലൂടെ വരികയും പോവുകയും ചെയ്യുന്നു.

"കുന്നിൻമുകളിൽ ഒരു അമ്പലമുണ്ട്" അവളുടെ കണ്ണുകൾ മുകളിലേക്ക് നീളുന്നത് കണ്ട് രേഷ്മ പറഞ്ഞു.

അതെയോ? നമുക്കൊന്ന് പോയാലോ? ഇവിടെ അരമണിക്കൂർ കാത്തിരിക്കണ്ടേ? അനു ചോദിച്ചു.

"ഉം. പോവും പോവും... മണ്ടൂസേ... അതൊരു ഗന്ധർവ്വൻ ക്ഷേത്രമാ" രേഷ്മ പറഞ്ഞു.

"അതിനെന്താ?"

"എടീ.... എന്നെപ്പോലെ നല്ല ബാച്ച്ലർ പെൺപിള്ളേർക്ക് മാത്രമേ അവിടെ പ്രവേശനമുള്ളൂ, നീയൊക്കെ ചെന്നാൽ ഗന്ധർവ്വൻ കോപിക്കും. കന്യകകളെ മാത്രമേ ഗന്ധർവ്വൻ അനുഗ്രഹിക്കൂ"

"ഓഹ്....All the more reason for me to visit!"

ആത്മഗതം പോലെ അനു മന്ത്രിച്ചത് കേട്ട് രേഷ്മയ്ക്ക് അസ്വസ്ഥത തോന്നി. അനുവിനെ ചുറ്റിപറ്റി എന്തോ ഒരു നിഗൂഢതയുള്ളതു പോലെ വീണ്ടും വീണ്ടും തോന്നുന്നതെന്താണെന്നും അവൾ അതിശയിച്ചു. അവൾക്കു പരിചയമുള്ള അനു ഇങ്ങനെ ആയിരുന്നില്ല.

"സത്യത്തിൽ എന്തൊക്കെ ആചാരങ്ങളാ ഓരോ പ്രദേശത്തും! നിനക്കറിയ്യോ കല്ലിൽ ചവിട്ടി നിന്ന് നക്ഷത്രം കാണുക എന്നൊരു ചടങ്ങുണ്ട് തമിഴ്‌നാട്ടിൽ. മദ്രാസിൽ വച്ച് കല്യാണം കഴിഞ്ഞ രാത്രിയിൽ ഇഷാൻ്റെ മുത്തശ്ശി എന്നോട് അമ്മിക്കല്ലിൽ കയറി നിൽക്കുവാൻ പറഞ്ഞു. എന്നിട്ടു ഞങ്ങളോട് ആകാശത്തു നക്ഷത്രത്തെ കാണാനും".

"കേട്ടുകേൾവി പോലുമില്ലാത്ത ചടങ്ങ്. അതുകൊണ്ടെന്താ അർത്ഥമാക്കുന്നത്"? രേഷ്മ ചോദിച്ചു.

"ഇന്ദ്രൻ്റെ വശീകരണത്തിനടിപ്പെട്ട് പാതിവ്രത്യാഭംഗം വന്ന അഹല്യയാണത്രെ രാമപാദസ്പർശത്താൽ മോക്ഷം കൊതിച്ചു കഴിഞ്ഞ ആ കല്ല്. നവവധു ആ കല്ലിൽ വലതുകാൽ വച്ച് പ്രതിജ്ഞയെടുക്കേണ്ടത് യാതൊരു ദൗർബല്യത്തിനും വശംവദയാവാതെ കല്ലോളം ദൃഡമായിരിക്കും അവളുടെ മനസെന്നാണ്. കുടുംബജീവിതത്തിൻ്റെ ശാന്തിയും സമാധാനവും ഉലയ്ക്കുന്ന യാതൊരു കാര്യവും അവൾ ചെയ്യില്ല എന്നാണ്."

"നവ വധൂവരന്മാർ വസിഷ്ഠാരുന്ധതി നക്ഷത്രങ്ങളെ കാണുന്നതിനുമുണ്ടൊരു കഥ. കറ തീർന്ന പതിഭക്തിയുടെയും പാതിവ്രത്യത്തിൻ്റെയും മനഃശക്തിയുടെയും പ്രതീകമാണത്രെ അരുന്ധതി. നവദമ്പതികൾ ഒന്നാവുമ്പോൾ ജന്മജന്മാന്തരങ്ങളില്‍ ഇവരുടെ അനശ്വര പ്രേമം ധ്രുവമായി സ്ഥിരമായി അരുന്ധതീ നക്ഷത്രത്തെ പ്പോലെ കല്‍പ്പാന്തകാലം നിലനില്‍ക്കട്ടെ എന്നാണ് ഈ ചടങ്ങിലൂടെ അർത്ഥമാക്കുന്നത്".

"നല്ല സങ്കൽപം" അനു പറഞ്ഞു നിർത്തിയപ്പോൾ രേഷ്മ പറഞ്ഞു

"സങ്കല്‍പ്പം! മണ്ണാങ്കട്ട"

അനു പെട്ടെന്ന് വികാരാധീനയായി. അവളുടെ നീളൻമിഴിയിൽ ഒരുതുള്ളി നീർ പൊടിഞ്ഞത് രേഷ്മ കണ്ടു. അതോടെ അനു എന്തുകൊണ്ടോ കടുത്ത മാനസികവിക്ഷോഭം അനുഭവിക്കുന്നുണ്ടെന്ന സംശയം അവൾ തീർച്ചപ്പെടുത്തി.

അനു അപ്പോൾ ഇഷാനെ ഓർത്തു. പാതിവ്രത്യത്തിൻ്റെ ശക്തി കിട്ടണമെങ്കിൽ പത്നിയുടെ സ്ഥാനം കിട്ടണമായിരുന്നു. താലി കെട്ടി സുഹൃത്താക്കിയത് എന്തിനാണെന്ന് മനസിലായില്ല. ചോദിയ്ക്കാൻ ആത്മാഭിമാനമൊട്ടു സമ്മതിച്ചതുമില്ല. ഒരിക്കലും പൊട്ടിത്തെറിച്ചില്ലെങ്കിലും പൊട്ടിയൊഴുകാൻ തയ്യാറായൊരു അഗ്നിപർവതം തിളച്ചുമറിയുന്നുണ്ടുള്ളിൽ.... ഉപാധികളില്ലാത്ത സ്നേഹം... എല്ലാവരും പറയും പോലെ അങ്ങനെയൊന്നു ശരിക്കും ഉണ്ടോ? ഇഷാനെ താൻ എത്ര മാത്രം സ്നേഹിക്കുന്നു എന്ന തിരിച്ചറിവുണ്ടായപ്പോളാണ് ദില്ലിയിലേക്കൊരു ടിക്കറ്റ് എടുത്തത്. ഇഷാനെ തിരിച്ചറിയണം, എന്നിട്ടു വേണം ഒരു മടക്കയാത്ര തന്നെ വേണമോ എന്നാലോചിക്കാൻ... അവൾ ഓർത്തു.

ഗേറ്റിൽ ഹോണടിച്ചുകൊണ്ട് ഒരു വാഹനം വന്നു നിന്നപ്പോൾ അനു അവിടേക്കു ശ്രദ്ധിച്ചു. മിസിസ് ഗൗരി ശങ്കർ. സ്‌കൂൾ പ്രിൻസിപ്പൽ, ഏറ്റവും നല്ല അദ്ധ്യാപികക്കുള്ള രാഷ്ട്രപതിയുടെ അവാർഡ് മൂന്നു തവണ നേടിയ പ്രസിദ്ധയായ അദ്ധ്യാപിക.

കാറിൽ നിന്നിറങ്ങിയ അവരുടെ അടുത്ത് ചെന്ന് വാച്ച്മാൻ കാത്തുനിൽക്കുന്നവരെപ്പറ്റി വിവരം പകർന്നപ്പോൾ മിസ്സിസ് ശങ്കർ സംശയത്തോടെ അവരെ നോക്കി. അനു മുന്നോട്ട് ചെന്ന് സ്വയം പരിചയപ്പെടുത്തിയപ്പോൾ അവർ പുഞ്ചിരിച്ചു. മുൻപരിചയമുള്ള മട്ടിൽ അവർ പെരുമാറിയപ്പോൾ രേഷ്മയാവട്ടെ അമ്പരന്നു. ഇവർക്കിടയിൽ എന്താണ് ഇടപാടെന്ന സന്ദേഹം നിറഞ്ഞപ്പോളും മിസ്സിസ് ശങ്കറുമായൊരു അഭിമുഖം തയ്യാറാക്കുന്നതിനെപ്പറ്റി ആലോചിക്കാൻ അവൾ മറന്നില്ല.

(തുടരും...) - ശാന്തിനി കാരിയ്ക്കൽ

ഇഷാൻ്റെ ആദ്യഭാഗം ഇവിടെ വായിക്കാം - http://neendoorpravasi.com/arts.php#767

- യുവ എഴുത്തുകാരി ശാന്തിനി കാരിയ്ക്കലിനെ പരിചയപ്പെടാം. കോട്ടയം നീണ്ടൂർ സ്വദേശിനിയായ ശാന്തിനി മലയാള സാഹിത്യത്തില്‍ അധികമാരും കടന്നു വരാത്ത മാന്ത്രിക നോവല്‍ മേഖലയില്‍ രംഗപ്രവേശനത്തിനു തയ്യാറെടുക്കുകയാണ്. ഡല്‍ഹിയില്‍ ഒരു അമേരിക്കന്‍ ഫണ്ടിംഗ് ഏജന്‍സിയില്‍ ഉദ്യോഗസ്ഥയായ ശാന്തിനി ടോം "കുഞ്ഞാത്തോല്‍" എന്ന മാന്ത്രിക നോവലുമായാണ് മലയാള സാഹിത്യത്തില്‍ ഇടം തേടുന്നത്. 26 അധ്യായങ്ങളില്‍ എഴുതിത്തീര്‍ത്ത നോവല്‍ പുസ്തക രൂപത്തില്‍ ഉടനെ തന്നെ പുറത്തിറങ്ങും. ഫേസ്ബുക്കില്‍ 26 ലക്കങ്ങളിലായി പ്രസിദ്ധീകരിച്ച ഈ നോവല്‍ ഏറെ ശ്രദ്ധേയമായിരുന്നു. ആസ്വാദനങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമൊടുവില്‍ നോവല്‍ പുസ്തക രൂപത്തിലിറങ്ങുമ്പോള്‍ വായനക്കാര്‍ കുഞ്ഞാത്തോലിനെ കൈനീട്ടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ശാന്തിനി.
********************************************


വസന്തം (കവിത)

******************************
സ്‌ഖലനം കഴിഞ്ഞു
പ്രകൃതിയവളുടെ
തുടക്കാമ്പുകൾ മിനുക്കുന്നു ?
അഴിഞ്ഞുലഞ്ഞ
വാർമുകിൽകാർകൂന്തൽ
അഴിച്ചുകുടയുന്നു !
കോടക്കാറ്റ്, നിർവൃതി ;
മെയ്യമ്പുകളുടെ
പാൽചുരത്തൽ *
ശീൽക്കാരശബ്ദങ്ങൾ
പ്രതിധ്വനി, നിർജീവം ?
ഇനി വസന്തത്തിൻ
"പേറ്റുകാലം"
മൊട്ടിട്ട പൂവാടികൾ,
വണ്ടുകൾ,
ശലഭങ്ങൾ ഇനി ഇവരുടെ
"പ്രണയകാലം"
എന്നോ എപ്പോഴോ ;
മൺമറഞ്ഞ എൻ്റെ
നഷ്ടപ്രണയത്തിലെ
നായികയിവൾ ?
അനുരാഗവതിയിവൾ !

(പി. എസ് പ്രസാദ് മുണ്ടമറ്റം, നീണ്ടൂർ)



പുതിയ സിനിമ - പറന്നുയർന്ന് "പഞ്ചവർണ്ണതത്ത" & ചങ്കല്ല ചങ്കിടിപ്പാണീ "മോഹൻലാൽ"

രമേഷ് പിഷാരടിയുടെ പ്രഥമ സംവിധാന സംരംഭമാണ് പഞ്ചവര്‍ണ്ണതത്ത. ജയറാമിനെ കേന്ദ്രകഥാപാത്രമാക്കി അവതരിപ്പിച്ച സിനിമയില്‍ കുഞ്ചാക്കോ ബോബന്‍, മണിയന്‍പിള്ള രാജു, അനുശ്രീ, സലീം കുമാര്‍, ധർമ്മജൻ ബോൾഗാട്ടി, അശോകൻ, പ്രേംകുമാർ എന്നിവരുമുണ്ട്. മണിയന്‍പിള്ള രാജു നിര്‍മ്മിച്ച സിനിമ വിഷുവിന് മുന്നോടിയായി ഏപ്രില്‍ 14-നു തിയറ്ററുകളിൽ എത്തി. ജയറാമിനെ മൊട്ടത്തലയനും കുടവയറനുമാക്കി അവതരിപ്പിച്ച സിനിമയ്ക്ക് വേണ്ടി മനോജ് തൈക്കൂട്ടം എഴുതിയ റിവ്യൂ വായിക്കാം.

നർമ്മം, സസ്പൻസ്, സെൻറ്റിമെൻസ്, ട്വിസ്റ്റ്, പുതുമ ഇവയെ സമാസമം ചാലിച്ചെടുത്ത് രമേഷ് പിഷാരടി ഒരുക്കിയ പഞ്ചവർണ്ണതത്ത വിഷു ചിത്രങ്ങളിൽ ആശ്വാസമായി! ജയറാം - കുഞ്ചാക്കോ കൂട്ടുകെട്ടിലെ പാത്രസൃഷ്ടികളിൽ വൈവിധ്യമാർന്ന തുല്യത ഉറപ്പിക്കാൻ രമേഷ് - ഹരി പി. നായർ കൂട്ടുകെട്ടിൻ്റെ തിരക്കഥയ്ക്ക് കഴിഞ്ഞിട്ടുണ്ട് എന്നു വേണം കരുതാൻ. ദ്വയാർത്ഥ പ്രയോഗങ്ങളോ, ഏച്ചുകെട്ടിയുള്ളതോ ആയ ഹാസ്യനിർമിതികൾക്ക് ഉപരിയായി സ്വാഭാവിക നർമത്തിലൂടെ ഇന്നിൻ്റെ ലോകത്തിലേക്ക് പറന്നുയരാൻ പഞ്ചവർണത്തയ്ക്ക് കഴിഞ്ഞു. ജയറാമിൻ്റെ നാളുകൾക്കു ശേഷമുള്ള വ്യത്യസ്ത വേഷത്തിൽ - സംസാരത്തിലും, കെട്ടിലും മട്ടിലും - പ്രേക്ഷകനനുഭവപ്പെട്ട ത്യപ്തിയും, ചിത്രത്തെ മികവുറ്റതാക്കി.

സ്വാഭാവിക നർമത്തിലൂടെ പ്രേക്ഷക മനസ്സിൽ‍ ഇടംപിടിച്ച താരമായ രമേഷ് പിഷാരടി ആദ്യമായി സിനിമാ സംവിധാനം ചെയ്യുമ്പോൾ വ്യത്യസ്തമായ പ്രമേയവും നിറഞ്ഞ നർമവും പ്രേക്ഷകർ പ്രതീക്ഷിക്കുന്നതിൽ തെറ്റുപറയാനാകില്ലല്ലോ. ജയറാമിൻ്റെ പ്രത്യേക ലുക്കും, മൃഗങ്ങളും, പക്ഷികളും, പ്രമേയവും തന്നെയാണ് പഞ്ചവർണതത്ത എന്ന, പിഷാരടിയുടെ കന്നി സംവിധാനസംരംഭത്തെ വേറിട്ടു നിർത്തുന്നത്. ഹരി പി. നായരും രമേഷ് പിഷാരടിയും ചേർന്നെഴുതിയ തിരക്കഥയിൽ മൃഗസ്നേഹിയായി ജയറാമും, സ്ഥലം എം. എൽ. എ ആയി കുഞ്ചാക്കോ ബോബനും, നായികയായി അനുശ്രീയും എത്തുന്നു. സ്വാഭാവിക നർമം കൊണ്ട് പ്രേക്ഷകരെ ചിരിപ്പിക്കുന്ന സിനിമയിൽ ബിവറേജ്, വർഗീയത, സമൂഹമാധ്യമം എന്നിങ്ങനെ നിരവധി വിഷയങ്ങൾ ചർച്ച ചെയ്യുന്നുണ്ട്.

ദുരൂഹതകളുള്ള കഥാപാത്രമാണ് ജയറാമിൻ്റെത്. ജാതിയോ മതമോ പേരോ എന്നുമാത്രമല്ല ഒന്നും വെളിപ്പെടുത്താത്ത കഥാപാത്രം. തൻ്റെ പുതിയ ലുക്കിലൂടെ ജയറാമും രാഷ്ട്രീയക്കാരൻ്റെ തന്ത്രവും കുതന്ത്രവുമായി കുഞ്ചാക്കോയും സലിംകുമാറും മികവു പുലർത്തുന്നു. ജോജുവും മല്ലിക സുകുമാരനും ധർമജനും മണിയൻപിള്ള രാജുവും തങ്ങളുടെ ഭാഗങ്ങൾ മികച്ചതാക്കി. ആധുനികകാലത്ത് നഷ്ടപ്പെടുന്ന മാനുഷിക മൂല്യങ്ങളുടെ ഓർപ്പെടുത്തൽ കൂടിയാണ് പഞ്ചവർണതത്ത. സന്തോഷമെന്നാൽ പണമല്ലെന്ന തിരിച്ചറിവു കൂടി നൽകുന്ന ചിത്രം.

ചിത്രത്തിലെ ഗാനങ്ങൾ മികച്ചതാണ്. എം. ജയചന്ദ്രനും നാർദിഷയും ചേർന്ന് ഗാനങ്ങൾക്ക് ഈണം നൽകിയപ്പോൾ ഔസേപ്പച്ചനാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. യേശുദാസ്, എം.ജി. ശ്രീകുമാർ, ശങ്കർ മഹാദേവൻ, ഹരിചരൻ, ജ്യോത്സന എന്നിങ്ങനെ നിരവധി പ്രമുഖ ഗായകർ പിന്നണിയിൽ അണിനിരക്കുന്നു. ഹരിനാരായണനും സന്തോഷ് വർമയുമാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്. പ്രദീപ് നായരുടെ ഛായാഗ്രഹണവും പ്രശംസനീയമാണ്.

സ്നേഹത്തിൻ്റെയും ബന്ധങ്ങളുടെയും ഒപ്പം സമകാലിക സംഭവങ്ങളുടെ ഹാസ്യരൂപേണയുള്ള അവതരണവും പ്രേക്ഷകനെ ആകർഷിക്കുന്നു. കുട്ടികൾക്കൊപ്പം കുടുംബ പ്രേക്ഷകർക്ക് തിയറ്ററിലെത്തി കാണാവുന്ന ഒരു ചിത്രമാണ് പഞ്ചവർണതത്ത. റേറ്റിംഗ് 7/10.
******************************************************************************************
ചങ്കല്ല ചങ്കിടിപ്പാണീ "മോഹൻലാൽ"! പേരുപോലെ, സർവത്ര മോഹൻലാൽ മയമുള്ളൊരു ചലച്ചിത്രാവിഷ്കാരം. പേരിൽ തുടങ്ങി ടൈറ്റിൽ കാർഡിലൂടെ കടന്ന് സംഭാഷണം, പാട്ട്, പശ്ചാത്തല സംഗീതം, സംഘട്ടനം, കഥാപാത്രങ്ങളുടെ പേര് എന്നിങ്ങനെ ഒടുവിൽ കൃതജ്ഞതാ പ്രകാശനം വരെ സിനിമയുടെ സർവത്ര മേഖലകളിലും മോഹൻലാൽ മയമാണീ ചിത്രം. അതേസമയം, മോഹൻലാൽ കാഴ്ചകളിൽ മാത്രം ഒതുങ്ങുന്നുമില്ല, സാജിദ് യഹിയയുടെ ഈ രണ്ടാം സംവിധാന സംരംഭം.

അഭിനേതാവെന്ന നിലയിൽ സിനിമയിലെത്തിയ മോഹൻലാൽ കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടെ എടുത്തണിയാത്ത വേഷങ്ങൾ തീരെ കുറവാണ് സിനിമയിൽ. നടനെന്നതിനപ്പുറം, നിർമാതാവായും ഗായകനായുമെല്ലാം മോഹൻലാൽ നടത്തിയ ഭാവപ്പകർച്ചകൾ നാം കണ്ടതാണ്. ഈ മോഹൻലാലിനെ ഒരു ചലച്ചിത്രത്തിൻ്റെ ഇതിവൃത്തമാക്കിക്കൊണ്ടുള്ള കന്നി സംരംഭമാകും ഈ ചിത്രം.

ഒരു സാധാരണ മലയാളി കുടുംബത്തിൽ സംഭവിക്കാവുന്ന കാര്യങ്ങൾ മാത്രമേ ഈ ചിത്രത്തിലുമുള്ളൂ. ഈ പതിവു കാഴ്ചകളെ മോഹൻലാൽ എന്ന, സിനിമയുടെ ഇതിവൃത്തമെന്ന നിലയിൽ നമുക്കത്ര പരിചിതമല്ലാത്തൊരു നൂലിഴയിൽ കോർത്തെടുക്കുമ്പോഴുള്ള പുതുമ ചിത്രത്തെ വ്യത്യസ്തമാക്കുന്നു. മഞ്ജു വാര്യരുടെ മീനാക്ഷിയും അവരുടെ ഭർത്താവായെത്തുന്ന ഇന്ദ്രജിത്തിൻ്റെ സേതുമാധവനും ചേരുന്ന ഒരു മധ്യവർത്തി കുടുംബമാണ് കഥയുടെ കേന്ദ്രം. കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ, മഞ്ജുവിൻ്റെ മീനാക്ഷി തന്നെയാണ് ഈ കഥയുടെ സർവവും. കടുത്ത മോഹൻലാൽ ആരാധികയായ മീനാക്ഷിയിലേക്കുള്ള മറ്റു കഥാപാത്രങ്ങളുടെ ഒഴുക്കാണ് ഈ ചിത്രം.

1980 ഡിസംബർ 25-ന് മീനാക്ഷിയുടെ ജനനത്തോടെയാണ് സിനിമ ആരംഭിക്കുന്നത്. കോമളപുരം എന്ന സ്ഥലത്ത് മീനാക്ഷി ഭൂജാതയായ ആ ദിവസത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഒരു തലമുറയുടെ ചലച്ചിത്ര സങ്കൽപങ്ങളെ നിർണയിച്ച മോഹൻലാൽ എന്ന നടൻ ആദ്യമായി അഭിനയിച്ച മഞ്ഞിൽ വിരിഞ്ഞ പൂക്കൾ റിലീസായ ദിനം കൂടിയാണത്. ഒരുവശത്ത് മീനാക്ഷിയുടെ ജനനത്തിൻ്റെ പശ്ചാത്തലം അവതരിപ്പിക്കുന്നതിനൊപ്പം, മറുവശത്ത് മോഹൻലാൽ എന്ന നടൻ്റെ സിനിമയിലേക്കുള്ള പിറവിയുടെ പശ്ചാത്തലവും സമാന്തരമായി അവതരിപ്പിച്ചാണ് തിരക്കഥാകൃത്ത് സുനീഷ് വാരനാടും സംവിധായകൻ സാജിദ് യഹിയയും പ്രേക്ഷകനെ സിനിമയിലേക്ക് ക്ഷണിക്കുന്നത്. ഒരേ ദിവസം ജനിച്ച മീനാക്ഷിയും മോഹൻലാൽ എന്ന ‘നടനും’ തമ്മിലുള്ള സൗഹൃദത്തിൻ്റെ കഥയ്ക്ക് അവിടെ തുടക്കമാകുന്നു.

എന്നാൽ, ഈ കഥ സേതുമാധവനിലൂടെയാണ് സംവിധായകൻ പറയുന്നത്. ജീവിതം അവസാനിപ്പിക്കാനുള്ള ദൃഢനിശ്ചയത്തോടെ ഒരു റെയിൽവേ സ്റ്റേഷനിലേക്കെത്തുന്ന സേതുവിലൂടെയാണ് സിനിമ മുറുക്കമുള്ള കാഴ്ചകളിലേക്കു പ്രവേശിക്കുന്നത്. കടുത്ത മോഹൻലാൽ ആരാധികയായുള്ള മീനാക്ഷിയുടെ വളർച്ചയും ഈ താരാരാധന അവരുടെ ജീവിതത്തിൽ സൃഷ്ടിക്കുന്ന പൊല്ലാപ്പുകളുമാണ് സിനിമ പറയുന്നത്. നമുക്കു ചുറ്റുമുള്ള ഒരായിരം മോഹൻലാൽ ആരാധകരിൽ ഒരാളായി മീനാക്ഷി പതുക്കെ വളരുകയാണ്. പിന്നെ മീനാക്ഷിയുടെ ജീവിതത്തിൽ സർവം മോഹൻലാൽ മയമാണ്. തുടർന്നുള്ള മീനാക്ഷിയുടെ ജീവിതത്തിൻ്റെ ഗതി നിർണയിക്കുന്നതുപോലും മോഹൻലാലിനോടുള്ള ആരാധന തന്നെ. വിവാഹത്തോടെ മീനാക്ഷിയുടെ മോഹൻലാൽ പ്രണയം ഭർത്താവിനും അദ്ദേഹത്തിൻ്റെ കുടുംബത്തിനും ചില്ലറ അസ്വാരസ്യങ്ങളും തീർക്കുന്നുണ്ട്.

ഇതിനിടെ ഒരുപിടി കഥാപാത്രങ്ങൾ വന്നുപോകുന്നുണ്ട്, ഈ ചിത്രത്തിൽ. എങ്കിലും, മീനാക്ഷിയായെത്തുന്ന മഞ്ജു വാര്യരുടെയും സേതുവായെത്തുന്ന ഇന്ദ്രജിത്തിൻ്റെയും പ്രകടനം തന്നെ സിനിമയുടെ ഹൈലൈറ്റ്. നായിക കേന്ദ്രീകൃത സിനിമയെന്ന നിലയിൽ മഞ്ജുവിൻ്റെ പ്രകടനം തന്നെ പ്രധാനം. നിയന്ത്രിത അഭിനയത്തിൻ്റെ മാതൃകയായി ഇന്ദ്രജിത്തും മികച്ചുനിന്നു.

സൗബിൻ സാഹിർ, ബാലചന്ദ്രൻ ചുള്ളിക്കാട്, കെപിഎസി ലളിത, സലിം കുമാർ, കോട്ടയം പ്രദീപ്, ബിജുക്കുട്ടൻ, ശ്രീജിത് രവി, അജു വർഗീസ്, സുനിൽ സുഖദ, കോട്ടയം നസീർ, ഹരീഷ് കണാരൻ, അഞ്ജലി നായർ, കൃഷ്ണകുമാർ, സുധി കോപ്പ, സേതുലക്ഷ്മി തുടങ്ങിയവരെല്ലാം ചെറുതെങ്കിലും മികച്ച വേഷങ്ങളുമായി തിളങ്ങി. മീനാക്ഷിയുടെയും സേതുവിൻ്റെയും ചെറുപ്പം അവതരിപ്പിച്ചവരുടെ പ്രകടനവും ശ്രദ്ധേയം.

ഇന്ദ്രജിത്തിൻ്റെ മകൾ പ്രാർത്ഥന ഇന്ദ്രജിത് ആലപിച്ച ടൈറ്റിൽ സോങ് നേരത്തെ തന്നെ ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിച്ചിരുന്നു. മോഹൻലാൽ എന്ന സിനിമയിലെ ഏറ്റവും ആകർഷകമായ ഘടകളിലൊന്നും ഈ ടൈറ്റിൽ ഗാനം തന്നെ. വ്യത്യസ്തതയുള്ള പ്ലോട്ടും മോഹൻലാൽ എന്ന ബ്രാൻഡിൻ്റെ ‘സഹായവും’ ചിത്രത്തിന് ആവോളമുണ്ടെങ്കിലും തിരക്കഥയിയിലെ മുറുക്കമില്ലായ്മ ഒരു പോരായ്മയായി തോന്നി. പുറമേയ്ക്ക് താരാരാധനയെ പുകഴ്ത്തുമ്പോഴും അമിതമായ താരാരാധനയുടെ പ്രശ്നങ്ങളും ഈ ചിത്രം പറഞ്ഞുവയ്ക്കുന്നുണ്ട്. എന്നാൽ ഈ അവധിക്കാലത്ത് കുടുംബപ്രേക്ഷകരെ ഹരംപിടിക്കുന്ന കമേർസ്യൽ ചേരുവകൾ കൃത്യമായി ചേർത്തിട്ടുമുണ്ട്. റേറ്റിംഗ് 5/10.

(മനോജ്‌ തൈക്കൂട്ടത്തിൽ, നീണ്ടൂർ)


നാവുണ്ടായിരുന്നെങ്കിൽ (കവിത)

.......................................................

മരങ്ങൾ സംസാരിക്കുമെങ്കിൽ
വേരറ്റ് മൺമറഞ്ഞവയെയും
ഋതുക്കളുടെ പ്രസന്നതയെയും
കാറ്റിൻ്റെ സംഗീതത്തെയും
നിലാവിൻ്റെ ശാന്തതയെയും
ഒടുക്കം ചില്ലയിൽ നിന്നും പറന്നകന്ന
കിളികളെയും കുറിച്ച് അവ പറയുമായിരുന്നു.

പുഴകൾക്കും തോടുകൾക്കും നാവുണ്ടായിരുന്നെങ്കിൽ
ഞരമ്പിലൂടെ ഒഴുകുന്ന വിഷ വേദനകളെ കുറിച്ചും
നെഞ്ചു കുഴിഞ്ഞ ഉടൽ ശോഷിപ്പിനെ കുറിച്ചും
വരൾച്ചയിലെ മരണവെപ്രാളത്തെ കുറിച്ചും
ഉച്ചത്തിൽ സംസാരിക്കുമായിരുന്നു.

കടൽ തിരകൾ ഗർജ്ജനങ്ങളായി കരയിലേക്ക് കയറി വരുമായിരുന്നു.

മലകൾക്കും പർവ്വതങ്ങൾക്കും നാവുണ്ടായിരുന്നെങ്കിൽ
മഴ, കാറ്റ്, കൊള്ളിയാൻ ഇവയെ ഭൂമിയിൽ ആദ്യം അനുഭവിക്കുന്നതിൻ്റെ
ഔന്നത്യത്തിൽ സംസാരിക്കുമായിരുന്നു.
മലകൾ മടകളാകുന്ന ദുരന്തത്തെ കുറിച്ചും
പ്രളയത്തെയും
പോർവിമാനങ്ങൾ പക്ഷികളെപ്പോലെ പറക്കുന്നതിനെ കുറിച്ചും
നക്ഷത്രങ്ങളെ അടുത്തു കാണുന്നതിൻ്റെ ഗാംഭീര്യത്തെ കുറിച്ചും പറയുമായിരുന്നു.

വിണ്ണിന് നാവുണ്ടായിരുന്നെങ്കിൽ മണ്ണിൽ എത്തുമായിരുന്നു അശരീരികളുടെ പെരുമഴ.

മനുഷ്യർ കണ്ണുകൾ മാത്രമുള്ള പാറകളായിരുന്നെങ്കിൽ ഇവയെല്ലാം ഒന്നും മിണ്ടാതെ പ്രസന്നമാകുന്നത് ആ പാറകൾ കാണുമായിരുന്നു.

.....................................................................
സി. പി സതീശ് കുമാർ, നീണ്ടൂർ - 9446493759)
....................................................................


അടുക്കള - പെസഹാ അപ്പം + പാൽ

ആവശ്യമായ ചേരുവകൾ (അപ്പം) :-

ഉഴുന്ന്: 1 കപ്പ്
വറുത്ത അരിപ്പൊടി: 4 കപ്പ്
തേങ്ങാ ചിരവിയത്: 1 എണ്ണം
ജീരകം: 1 ടേബിൾ സ്പൂൺ
വെളുത്തുള്ളി: 8 അല്ലി
ചെറിയ ഉള്ളി: 2 - 3 എണ്ണം
ഉപ്പ്: പാകത്തിന്

തയ്യാറാക്കുന്ന വിധം :-

ഉഴുന്ന് ഒരു ഫ്രയിങ്ങ് പാനിലിട്ടു ചെറിയ ചുവപ്പ് നിറം ആകുന്നിടം വരെ ചൂടാക്കുക. ഈ ഉഴുന്ന് ഒരു പാത്രത്തിലേക്ക് മാറ്റി 2 കപ്പ് വെള്ളം ഒഴിച്ച് 2 മണിക്കൂർ കുതിർത്തു വയ്ക്കുക. എടുത്തുവച്ചിരിക്കുന്ന തേങ്ങാ, ജീരകം, വെളുത്തുള്ളി, ചുമന്നുള്ളി എന്നിവ ഒരു കപ്പ് വെള്ളം ചേർത്ത് മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക. ഇനി കുതിർന്ന ഉഴുന്ന് നല്ലപോലെ കഴുകിയശേഷം മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക. അരച്ചെടുത്ത ഉഴുന്ന് മാവ് ഒരു പാത്രത്തിലേക്ക് മാറ്റുക. അതിലേക്ക് അരിപ്പൊടിയും, തേങ്ങാ അരപ്പും, പാകത്തിന് ഉപ്പും, കുറച്ചു വെള്ളവും ചേർത്ത് നന്നായി ഇളക്കുക. ഇനി ഒരു ഇരുപതു മിനിറ്റ് പാത്രം അടച്ചു വയ്ക്കുക. ഇഡ്ഡലി പാത്രത്തിൽ ഒരു പരന്ന തട്ടുവച്ച് അതിലേക്ക് ഇളക്കി വച്ച മിശ്രിതം മുക്കാൽ ഭാഗത്തോളം ഒഴിക്കുക. ഓശാന ഞായറാഴ്ച്ച പള്ളിയിൽ നിന്നും കിട്ടിയ കുരുത്തോല ഒരു കുരിശു രൂപത്തിൽ ഇതിനു നടുക്കായി വയ്ക്കണം. ഇഡ്ഡലി പാത്രത്തിലെ വെള്ളം തിളച്ചു കഴിയുമ്പോൾ ഒരു ഇരുപതു മിനിറ്റ് മീഡിയം തീയിൽ വേവിക്കുക. പെസഹാ അപ്പം റെഡിയായോ എന്നറിയാൻ ഒരു ഈർക്കിലി കൊണ്ട് കുത്തിനോക്കുക. ഈർക്കിലിയിൽ പറ്റിപ്പിടിച്ചിട്ടില്ലെങ്കിൽ അപ്പം നന്നായി വെന്തിട്ടുണ്ട്.

ആവശ്യമായ ചേരുവകൾ (പാൽ) :-

ഒരു തേങ്ങയുടെ പാൽ പിഴിഞ്ഞത് (ഒന്നാം പാലും രണ്ടാം പാലും വേറെ വേറെ പാത്രത്തിലായി എടുക്കുക).
250 ഗ്രാം ശർക്കര 2 കപ്പ് വെള്ളം ഒഴിച്ച് ഉരുക്കിയെടുത്തത്.
വറുത്ത അരിപ്പൊടി : 1 കപ്പ്
ചുക്ക് : 1 ചെറിയ കഷണം
ഏലക്ക : 5 എണ്ണം
ജീരകം : 1 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം :-

ചുക്ക്, ഏലക്ക, ജീരകം - ഇവ ഒരു മിക്സിയിലിട്ട് നന്നായി പൊടിച്ചെടുക്കുക. അടുപ്പത്തു വച്ചിരിക്കുന്ന കലത്തിലേക്ക് ഒന്നാം പാൽ ഒഴിക്കുക. ഇതിലേക്ക് ശർക്കര പാനിയുടെ പകുതി ഒഴിക്കുക. ഇനി തീ ചെറിയ ഫ്ലെയിമിൽ ആക്കി വക്കുക. ഇനി എടുത്തുവച്ചിരിക്കുന്ന അരിപ്പൊടി ഈ പാത്രത്തിലേക്ക് ഇട്ട് ഇളക്കിക്കൊണ്ടിരിക്കുക. രണ്ടു മിനിറ്റോളം ഇളക്കിക്കൊണ്ടിരിക്കുക. പാൽ കുറുകി വരുമ്പോൾ ഇതിലേക്ക് ഒന്നാം പാല്‌ ഒഴിച്ച് ഇളക്കുക. കുറുകി വരുന്നത് വരെ ഇളക്കിക്കൊണ്ടിരിക്കുക. (മധുരം കുറവാണെന്നു കണ്ടാൽ ബാക്കിയിരിക്കുന്ന ശർക്കര പാനി ആവശ്യാനുസരണം ചേർക്കാവുന്നതാണ്). ആവശ്യത്തിന് കുറുകി കഴിഞ്ഞാൽ ഇതിലേക്ക് പൊടിച്ചു വച്ചിരിക്കുന്ന മിശ്രിതം ചേർത്ത് നന്നായി ഇളക്കിയതിനുശേഷം തീ അണയ്ക്കാം. പെസഹാ പാൽ റെഡി !

(ജെസ്സി സജി കാഞ്ഞിരത്തിങ്കൽ, യു. കെ)



അടുക്കള - അവിയൽ

ആവശ്യമായ ചേരുവകൾ :-
***************************

മുരിങ്ങക്കായ് : 1 എണ്ണം
കുമ്പളങ്ങ : 150 gm
ഉരുളകിഴങ്ങ് : 1 എണ്ണം
നേന്ത്രക്കായ് : 1 എണ്ണം
ചേന : 200 gm
ബീന്‍സ്‌ : 4 എണ്ണം
പടവലങ്ങ : 100 gm
കാരറ്റ് : 1 എണ്ണം
പച്ചമുളക് : 4 എണ്ണം
മഞ്ഞള്‍പൊടി : 1 നുള്ള്
തേങ്ങ ചിരണ്ടിയത് : 1 കപ്പ്‌
ജീരകം : അര ടീസ്പൂണ്‍
തൈര് : അര കപ്പ്‌
കറിവേപ്പില : പാകത്തിന്
ചെറിയ ഉള്ളി : 5 എണ്ണം
വെളിച്ചെണ്ണ : ഒന്നര ടേബിള്‍സ്പൂണ്‍
വെള്ളം : ഒന്നര കപ്പ്‌
ഉപ്പ് : പാകത്തിന്

തയ്യാറാക്കുന്ന വിധം :-
**********************

പച്ചക്കറികള്‍ കഴുകി 2 ഇഞ്ച്‌ നീളത്തില്‍ കഷ്ണങ്ങളാക്കുക. അരിഞ്ഞ പച്ചക്കറികള്‍ പച്ചമുളക്, മഞ്ഞള്‍പൊടി, ഉപ്പ് എന്നിവ ചേർത്ത് ഒന്നര കപ്പ്‌ വെള്ളവും ഒഴിച്ച് അടച്ചു വച്ച് ചെറിയ തീയില്‍ വേവിക്കുക. (അധികം വെന്ത് പോകാതെ സൂക്ഷിക്കുക). തേങ്ങയും ജീരകവും അല്പം വെള്ളം ചേര്‍ത്ത് അരയ്ക്കുക. (നല്ലപോലെ അരയ്ക്കേണ്ട ആവശ്യമില്ല). ചെറിയ ഉള്ളി ചതച്ച് അതില്‍ വെളിച്ചെണ്ണ ചേര്‍ത്ത് ഇളക്കുക. അരച്ച തേങ്ങയും കറിവേപ്പിലയും വേവിച്ച പച്ചക്കറിയില്‍ ചേര്‍ത്തിളക്കി 2-3 മിനിറ്റ് ചൂടാക്കുക. പിന്നീട് തൈര് ചേര്‍ത്തിളക്കി തീയണയ്ക്കുക. അതിനുശേഷം ചെറിയ ഉള്ളി-എണ്ണ മിശ്രിതം ചേര്‍ത്ത് യോജിപ്പിക്കുക. അവിയല്‍ തയ്യാര്‍. ഇത് ചോറിനൊപ്പം വിളമ്പാവുന്നതാണ്.

NOTE: എല്ലാ പച്ചക്കറികള്‍ക്കും വേവ് ഒരുപോലെ അല്ല. കൂടുതല്‍ വേവ് ആവശ്യമായത് ആദ്യവും പിന്നീട് വേവ് കുറഞ്ഞത്‌ ഓരോന്നായും ചേര്‍ക്കുന്നതാണ് ഉത്തമം. പച്ചക്കറികളുടെ ലഭ്യതയനുസരിച്ച് അവ തിരഞ്ഞെടുക്കാവുന്നതാണ്.

(ടീന ജോമോൻ, യു. കെ)


വല്ലഭാതങ്കം (കവിത) - പീറ്റർ നീണ്ടൂർ

■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■

അപകർഷകത്തിൻ തീച്ചൂളയിൽപ്പെട്ടു
അപരനിലാത്മമർപ്പിക്കാൻ മടിക്കു-
ന്നപക്വമാനസത്തിൻ്റെ പ്രതിധ്വനി
അപ്രമാദിത്വമോ? ആക്ഷേപമോ? ചൊല്ലൂ...

അന്തഃപുരത്തിന്നറയ്ക്കുള്ളിലാകിലും
ചന്തക്കുപോകുന്ന വണ്ടിയിലാകിലും
ചിന്തക്കപരന്നവസരമേകാതെ
ചിന്തുന്ന വാക് ശരമെയ്യും കളത്രമേ!

എന്തിനും ഏതിനും വല്ലഭ മാനസം
ബന്ധുരമാക്കാൻ മടിക്കും ഭാവതി നീ
നന്ദിനീം സൂനൂമൊളിച്ചു ചോദിക്കു, മീ-
ജനനിക്കു ചിത്തഭ്രമം പെട്ടിടുന്നോ?

എന്തിനാ, ണെന്തിനാ, ണെന്തിനീ വാശികൾ-
ചിന്തിച്ചുനോക്കൂ, ഞാനില്ലയോ കാന്തനായ്?
ചിത്തഭ്രമങ്ങൾ വെടിഞ്ഞു നമുക്കോരോ
ചെത്തിപ്പൂ മാലകൾ കോർക്കാം പരസ്‌പരം

ഭാരതരത്നമാം നാരീമണിയിത്ര
ഭാരപ്പെടുന്നതു മൂഢത്തമല്ലയോ?
വാരിയെല്ലൊന്നിൽകുരുങ്ങിക്കിടക്കുവോർ
നാരിയായ് മാത്രം ലസിക്കുന്നതുത്തമം.

(പീറ്റർ നീണ്ടൂർ)


വേരുകള്‍ പറയുന്നത് (കവിത)

■■■■■■■■■■■■■■■■■■■■■■■■

കാതല്‍മദിപ്പിലൊരു വേര്
പോളിഷ്ഡ് മൂലയില്‍
ചില്ല് താങ്ങിയിരിക്കുന്നു

വൈകുന്നേരങ്ങളില്‍
ഉടയോന്‍റെ വക
മദം തേടലുണ്ട്,
ജലംകൊണ്ട്
ജല്പനങ്ങള്‍കൊണ്ട്

ഉപ്പൂറ്റിയുടെ ചൊറിച്ചില്‍
കൂര്‍ത്ത കാതലുകളിലിട്ട്
ഉരയ്ക്കുമ്പോള്‍
താങ്ങിപ്പിടിച്ചിരിക്കുന്ന
തന്‍റെ ഓര്‍മ്മപോല്‍ നേര്‍ത്തതെല്ലാം
ഉടയുമെന്നുറക്കെപ്പറയാന്‍
ഉടയോനോടായും

പാതിബോധത്തില്‍
വേരിനെ കേട്ടെന്നപോല്‍
അയാള്‍ കരയാന്‍ തുടങ്ങും

പണ്ട്പണ്ട് നട്ടേച്ച് ചത്തവന്‍റെമുതല്‍
പോകെപ്പോകെ
കനമിറക്കി
ചത്തതും തുടങ്ങി
വേരുകണ്ടവരുടെയെല്ലാം കൂട്ടക്കഥപ്പറച്ചിലിനൊപ്പിച്ചുള്ള കരച്ചില്‍

മരമായിരുന്നപ്പോഴുള്ള ഉയരത്തിലിരുന്ന്
"ഉടലിനെക്കുറിച്ചുള്ള നുണകേള്‍ക്കുന്ന
വേരാണ്" താനെന്ന്
പറഞ്ഞതിത്രനാളായും
കേള്‍ക്കാത്ത ഉടയോനോട്
ഉപ്പൂറ്റിയുടെ
അടുത്തനീട്ടലിന്
ഒരു കീറല്‍ കൊടുക്കും

വേദനയുടെ ആ വെയ്പ്പിലേ എല്ലാത്തവണയും ചിലര്‍ മറ്റുള്ളവരിലേയ്ക്ക്
മടങ്ങൂ എന്ന്
വേരിന്‍റെ ശിഷ്ടകാലംകൊണ്ട് പഠിച്ചെടുത്തിരിക്കുന്നു.

(സി. ആർ ശ്രീജിത്ത്, നീണ്ടൂർ)
_____________________________________________



സുനന്ദ എന്ന എഴുത്തുകാരി (നോവൽ)-6

കഥ ഇതുവരെ - (പുതിയ വായനക്കാർക്കു വേണ്ടിയുള്ള ചെറിയ ഒരു ആമുഖം.) ചുരുങ്ങിയ കാലംകൊണ്ട് മലയാളികളുടെ മനസ്സിൽ ഇടംനേടിയ സാധാരണക്കാരിയായ നോവലിസ്റ്റാണ് സുനന്ദ. സാമ്പത്തിക പ്രാരാബ്ദം മൂലം ഇടക്കുവെച്ചു കലാലയ ജീവിതം നിർത്തേണ്ടി വന്നെങ്കിലും, സ്വന്തം കഴിവും അതിലുപരി കഠിനാദ്ധ്വാനവും ആത്മവിശ്വാസവും കൊണ്ട് ഇന്ന് മലയാളികളുടെ കണ്ണിലുണ്ണിയായി, പ്രത്യേകിച്ച് വീട്ടമ്മമാരുടെയും ചെറുപ്പക്കാരുടെയും ആവേശമായി മാറിയ സുനന്ദയുടെ ജീവിതത്തിലെ ആരും അറിയാത്ത നൊമ്പരങ്ങളുടെയും വിരഹത്തിൻറ്റെയും, അവളെ കഥാകാരിയാക്കിയ സാഹചര്യത്തിൻറ്റെയും ചുരുളഴിയുന്ന കഥകൾ. ഒരു കഥാകാരിയുടെ മാനസിക സംഘർഷങ്ങൾ തുറന്നുകാട്ടുന്ന നോവൽ - സുനന്ദ എന്ന എഴുത്തുകാരി - തുടർന്ന് വായിക്കുക.

എന്താ, മനുഷ്യജീവിതം ജലപോളകൾ പോലെ ..? ഇടത്തോട്ടും വലത്തോട്ടും നോക്കിയാൽ ജീവിക്കാൻ പറ്റില്ല, മുന്നോട്ടു തന്നെ നോക്കണം. ഇന്നലെകൾ കൊഴിഞ്ഞുപോയി... ഇനി ഒരിക്കലും തിരിച്ചുവരില്ല. നാളെ സുപ്രഭാതം കാണുവാൻ പറ്റുമോ എന്ന് ഒരു ഉറപ്പും ആർക്കുമില്ല. ഇന്നാണ്... ഇന്നാണ് ജീവിക്കണ്ടത്. ഇന്നു സന്തോഷത്തോടും സംതൃപ്തിയോടും കൂടി ജീവിക്കുന്നവരല്ലേ യഥാർത്ഥത്തിൽ ഭാഗ്യവാന്മാർ. ഓർമ്മകൾ അയവിറക്കാൻ പോയാൽ പലതും മനസ്സിലേക്ക് പൊന്തിവരും. മറക്കുക പലതും... മനപൂർവം മറന്നേ പറ്റു, ജനിച്ചുപോയില്ലേ, ജീവിക്കുക, സുനന്ദ ഒരു ദീർഘനിശ്വാസം വിട്ടു.

മൊബൈൽ ഫോൺ തുടരെ തുടരെ റിംഗ് ചെയ്തുകൊണ്ടിരുന്നു. ആദ്യം ഒന്ന് കട്ടായി, പിന്നെയും ബെല്ലടിച്ചപ്പോൾ... ആരാണാവോ ഈ രാത്രി പത്തുമണിക്ക്, പരിചയം ഇല്ലാത്ത നമ്പരാണല്ലോ, സുനന്ദ മനസ്സില്ലാ മനസ്സോടെ എടുത്തു.

"ക്ഷമിക്കണം, സുനന്ദമേഡം അല്ലെ ? ഞാൻ തോമസ്‌ ചാക്കോ ഇടക്കൊലി, ഞങ്ങൾ കോട്ടയത്ത്‌ നിന്നും ഒരു പുതിയ വാരിക ആരംഭിക്കുകയാണ്, മേഡത്തിനെ ആണ് ഉത്‌ഘാടനത്തിനു വിശിഷ്ടാതിഥിയായി തീരുമാനിച്ചിരിക്കുന്നത്. പിന്നെ, മേഡം ഒരു നോവലും എഴുതി തുടങ്ങണം." ഒറ്റ ശ്വാസത്തിൽ അയാള് പറഞ്ഞു നിർത്തി.

ഇതു കേട്ടപ്പോൾ പെട്ടെന്നൊരു മറുപടി പറയാതെ, നാളെ പകൽ മൂന്നുമണിക്ക് ശേഷം വിളിക്കാൻ പറഞ്ഞു ഫോൺ ഡിസ്‌കണക്ട് ചെയ്തു. ഇന്നൊന്നും എഴുതുന്നില്ല, പേനയും പേപ്പറും ടീപ്പോയിൽ വച്ചിട്ട് കണ്ണുംതിരുമ്മി അവൾ ഗോവണി ഇറങ്ങി താഴോട്ടു മെല്ലെ നടന്നിറങ്ങി.

*****************************************************************************************************************************************************

ടൈൽസും ഗ്രാനൈറ്റ്‌സും എടുക്കുന്നതിനെപറ്റി സംസാരിക്കുവാൻ ഗോപിദാസ് രാവിലെതന്നെ വീട്ടിൽ എത്തി. "ഗോപി കയറി ഇരിക്ക്, അവൾ ഇപ്പൊ വരും, പിന്നെ ഞാൻ ഒരു ചായ എടുക്കാം."

"ലക്ഷ്മിഅമ്മ, മധുരം വേണ്ടാട്ടോ."

"ഓ അതുപിന്നെ ഇപ്പോഴത്തെ ചെറുപ്പക്കാർക്കെല്ലാം ഷുഗറിനെ പേടിയാണല്ലോ ?"

"അയ്യോ അതല്ല, കഴിഞ്ഞ മാസം ഒരാഴ്ച കാരിത്താസ്സിലായിരുന്നു. 450 ആയി."

"ഗുഡ് മോർണിംഗ് സുനന്ദ ..."

"ഗുഡ് മോർണിംഗ് ..."

"നമുക്ക് നാളെ ORMA യിൽ പോയി ടൈൽസും ഗ്രാനൈറ്റ്‌സും ചൂസ് ചെയ്താലോ ?"

"ഞാൻ ബുധനാഴ്ച്ച വരെ തിരക്കാ, നമുക്ക് തേർസ്ഡേ പോകാം."

"എങ്കിൽ ആയിക്കോട്ടെ... പിന്നെ ഒരു 5 ലക്ഷം കരുതിക്കോണേ."

"രണ്ടാളും ചായ കുടിക്കു" ലക്ഷ്മി അമ്മ പറഞ്ഞു.

*****************************************************************************************************************************************************

മരിക്കാൻ എന്തെളുപ്പം... ജീവിക്കാനാണ് പ്രയാസം. അന്ന് രാത്രി ചെരിഞ്ഞും മറിഞ്ഞും കിടന്നിട്ടും മാളുവിനു ഉറക്കം വന്നില്ല. നൂറുകൂട്ടം ഓർമ്മകളും ചിന്തയും മനസ്സിനെ ഒന്നൊന്നായി അലട്ടികൊണ്ടിരുന്നു. ഓരോ മണിക്കൂർ ഇടവിട്ട് ഘടികാരത്തിൻ്റെ ശബ്തം പെരുമ്പറ മുഴങ്ങുന്നതുപോലെ കാതിൽ അടിച്ചുകൊണ്ടെയിരുന്നു. നാളെ അവർ പെണ്ണുകാണാൻ വരും. ഒരു കാര്യം ഞാൻ ഉറപ്പിച്ചു! കഴുത്തിനുമേൽ ജീവനുണ്ടെങ്കിൽ ഈ ജന്മം സുധിയുടെ മാറിലേ തല ചായ്ച്ചുറങ്ങു. ഇതു മാളുവിൻ്റെ ശപഥം !

മനസ്സില്ലാ മനസ്സോടെ മാളു രാവിലെ കുളി കഴിഞ്ഞു അപ്പൂപ്പൻ്റെ അസ്ഥിത്തറയിൽ വിളക്കുവച്ചതിനു ശേഷം നേരെ കൃഷ്ണൻറ്റെ അമ്പലത്തിലേക്ക് പോയി. എൻ്റെ കൃഷ്ണാ... കള്ള കൃഷ്ണാ, നിനക്ക് കണ്ണില്ലേ ? അതോ എൻ്റെ മുൻപിൽ മനഃപൂർവ്വം അടച്ചതാണോ ? പ്രേമത്തിൻ്റെ നൊമ്പരം നീ ഒരുപാട് സഖിമാരിൽ നിന്നും അനുഭവിച്ചതല്ലേ ...? എന്തിനെന്നെ ഇങ്ങനെ പരീക്ഷിക്കുന്നു .....? കള്ളകണ്ണാ നീ എന്നെ കളിയാക്കി ചിരിക്കുവാണോ ?

പരിസ്സരം മറന്ന മാളുവിൻ്റെ കണ്ണിൽ നിന്നും അശ്രുകണങ്ങൾ ആലിപ്പഴം പോലെ പൊഴിഞ്ഞുകൊണ്ടിരുന്നു...

"എന്താ കുട്ടീ, ഉണ്ണികണ്ണൻ നിന്നോട് കുറുമ്പ്‌ കാട്ടിയോ ...? കൊങ്ങോർപിള്ളി തിരുമേനി നിവേദ്യവുമായി തിടപ്പിള്ളിയിലേക്ക് കയറിപോയി (തുടരും).

(അനിൽ പത്മാലയാ സിംഗപ്പൂർ, ഓണംതുരുത്ത്)


ഇഷാൻ (നോവൽ) - 1

യുവ എഴുത്തുകാരി ശാന്തിനി കാരിയ്ക്കലിനെ പരിചയപ്പെടാം. കോട്ടയം നീണ്ടൂർ സ്വദേശിനിയായ ശാന്തിനി മലയാള സാഹിത്യത്തില്‍ അധികമാരും കടന്നു വരാത്ത മാന്ത്രിക നോവല്‍ മേഖലയില്‍ രംഗപ്രവേശനത്തിനു തയ്യാറെടുക്കുകയാണ്. ഡല്‍ഹിയില്‍ ഒരു അമേരിക്കന്‍ ഫണ്ടിംഗ് ഏജന്‍സിയില്‍ ഉദ്യോഗസ്ഥയായ ശാന്തിനി ടോം "കുഞ്ഞാത്തോല്‍" എന്ന മാന്ത്രിക നോവലുമായാണ് മലയാള സാഹിത്യത്തില്‍ ഇടം തേടുന്നത്. 26 അധ്യായങ്ങളില്‍ എഴുതിത്തീര്‍ത്ത നോവല്‍ പുസ്തക രൂപത്തില്‍ അടുത്ത മാസം പുറത്തിറങ്ങും. ഫേസ്ബുക്കില്‍ 26 ലക്കങ്ങളിലായി പ്രസിദ്ധീകരിച്ച ഈ നോവല്‍ ഏറെ ശ്രദ്ധേയമായിരുന്നു. ആസ്വാദനങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമൊടുവില്‍ നോവല്‍ പുസ്തക രൂപത്തിലിറങ്ങുമ്പോള്‍ വായനക്കാര്‍ കുഞ്ഞാത്തോലിനെ കൈനീട്ടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ശാന്തിനി.

ശാന്തിനിയുടെ തന്നെ മറ്റൊരു സൃഷ്ടിയായ "ഇഷാൻ" എന്ന നോവലാണ് ഇക്കുറി വായനക്കാർക്കു വേണ്ടി സമർപ്പിക്കുന്നത്!

ഇഷാൻ (നോവൽ) - 1

നവംബർ മാസത്തിലെ പതിവില്ലാത്ത മഞ്ഞുവീഴ്ച. ഇരുളിൽ ‌മിന്നിതിളങ്ങുന്ന ന്യൂയോർക്ക്‌ സിറ്റി സ്ട്രീറ്റിൽ പൊഴിഞ്ഞുവീഴുന്ന മഞ്ഞുതരികൾക്കിടയിലൂടെ കാർ പതുക്കെ ഒഴുകി നീങ്ങിയപ്പോൾ ഇഷാന്‌ മൂന്നാംവയസ്സിലെ ക്രിസ്‌മസ്‌ രാത്രി ഓർമ്മ വന്നു. ഇരുപത്തിരണ്ട്‌ വർഷങ്ങൾക്ക്‌ ശേഷവും ആ ഓർമ്മകൾ ഇത്ര തീവ്രവും വ്യക്തവും ആണല്ലോ എന്നതിൽ അത്ഭുതപ്പെടുകയും ചെയ്തു. ജീവിതത്തിലെ സുവർണ്ണനിമിഷങ്ങൾ! അതായിരുന്നു കൃത്യമായി പറഞ്ഞാൽ നാലാം പിറന്നാളിന്‌ രണ്ടുമാസം മുൻപുവരെയുള്ള അവൻറ്റെ ജീവിതം. നിറങ്ങൾ കൊണ്ട്‌ രൂപങ്ങൾ വരയ്ക്കാൻ പഠിച്ചപ്പോൾ ആദ്യമായി കടലാസിൽ പകർത്തിയ ചിത്രം അവനോർമ്മ വന്നു. പപ്പയ്ക്കും മമ്മയ്ക്കുമിടയിൽ ഇരുവശവും അവരുടെ വിരലുകളിൽ തൂങ്ങി ആടുന്ന ഉല്ലാസവാനായ ഒരു ആൺകുട്ടി! നെഞ്ചിൽ നിന്നുമൊരു നീറ്റൽ കണ്ണിലേക്ക്‌ പുകഞ്ഞെത്തിയപ്പോൾ അവൻ പെട്ടെന്ന് തലവെട്ടിച്ചു.

നാലുദിവസത്തെ ഓഫീസ്‌ ടൂർ കഴിഞ്ഞ്‌ വീട്ടിൽ മടങ്ങിയെത്തുകയാണ്‌‌ ഇഷാൻ രാമനാഥൻ. അനു വീട്ടിലുണ്ടാവുമോ ആവോ? ജോലിത്തിരക്ക്‌ കാരണം രണ്ടുദിവസമായി അവളെ വിളിക്കാനോ മെസേജ്‌ ചെയ്യാനോ കഴിഞ്ഞിട്ടില്ല. ഈയിടെയായി ഒന്നും സുഖമില്ല. പരസ്പരം സംസാരിക്കാൻ തന്നെ രണ്ടുപേർക്കും താൽപര്യമില്ല. അയാൾ ഓർത്തു.

ന്യൂയോർക്കിലെ റിവർസൈഡ്‌ അപ്പാർട്ട്മെൻറ്റിൽ 135-)൦ നമ്പർ ഫ്ലാറ്റിലാണയാൾ ഭാര്യ അനുപ്രിയയുമൊത്ത്‌ താമസിക്കുന്നത്‌. ഏൺസ്റ്റ്‌ & യങ്ങ് കമ്പനിയിലാണ്‌ റിസർച്ച്‌ അനലിസ്റ്റ്‌ ആയി അനു ജോലി ചെയ്യുന്നത്‌. മദ്രാസ്‌ ഐ. ഐ. ടി യിൽനിന്നും ഡെവലപ്പ്‌മെൻറ്റ് സ്റ്റഡീസിൽ ഒന്നാം റാങ്കോടെ മാസ്റ്റേഴ്സ് പാസായ ഇരുപത്തിമൂന്നുകാരിയായ അനു ന്യൂയോർക്കിലെത്തിയിട്ട്‌ രണ്ടുമാസം തികഞ്ഞിട്ടില്ല. ഇരുപത്തിയഞ്ചുകാരനായ ഇഷാൻ യൂണിവേഴ്സിറ്റി ഓഫ്‌ ഷിക്കാഗോയിൽ നിന്നും ഇലക്ട്രോണിക്സ്‌ എഞ്ചിനീയറിംഗ്‌ കഴിഞ്ഞിട്ട്‌ മൂന്നുവർഷം. കാമ്പസ്‌ റിക്രൂട്ട്‌മെൻറ്റ് വഴി മൈക്രോസോഫ്റ്റിൽ ജോലി സ്വീകരിച്ച്‌, ഇപ്പോൾ അവരുടെ ഗ്ലോബൽ ബിസിനസ്‌ ഡെവലപ്പ്‌മെൻറ്റ് ടീം ലീഡർ.

ഒരു കുലുക്കത്തോടെ കാർ അപ്പാർട്ട്മെൻറ്റിൻറ്റെ ഗേറ്റിനുള്ളിൽ പ്രവേശിച്ചപ്പോൾ ഇഷാൻ കണ്ണുതുറന്നു. ലിഫ്റ്റിലൂടെ പതിമൂന്നാംനിലയിലെത്തി കാളിംഗ്‌ ബെല്ലടിച്ചെങ്കിലും പ്രതികരണമൊന്നും കേട്ടില്ല. അനു ഒരുപക്ഷേ പുറത്തെവിടെയെങ്കിലും പോയിരിക്കും. ഫ്ലാറ്റിനുമുന്നിലെ ഇലക്ട്രോണിക്‌ കീപാഡ്‌ അൺലോക്ക്‌ ചെയ്ത്‌ അയാൾ ഉള്ളിൽ പ്രവേശിച്ചു. ഓട്ടോമാറ്റിക്‌ കൺട്രോൾ സിസ്റ്റം വഴി ഡോർ അൺലോക്ക്‌ ചെയ്തപ്പോഴേ ഫ്ലാറ്റിനുള്ളിലെ ലൈറ്റുകളെല്ലാം തെളിഞ്ഞുകിടന്നിരുന്നു. വാതിൽ തുറന്നതേ കണ്ണുകൾ ഉടക്കിയത്‌
ഫോയറിലെ നോട്ടീസ്ബോർഡിൽ പിൻ ചെയ്ത്‌ വച്ചിരിക്കുന്ന ഇളം നീല നിറമുള്ള കടലാസിലേക്കാണ്‌. അതിലെ വടിവൊത്ത അക്ഷരങ്ങളിൽ കണ്ണോടിച്ചതും ഇഷാൻറ്റെ മുഖം മ്ലാനമായി.

"ഇഷാൻ, ഞാൻ നാട്ടിലേക്ക്‌ പോവുകയാണ്‌. നീ മടങ്ങിവരുമ്പോളേക്കും ഒരുപക്ഷേ ഞാൻ ഇന്ത്യയിലെത്തിയിരിക്കും. വഴക്കിട്ടല്ല പോവുന്നത്‌, താൽക്കാലികമായ ഒരു ഇടവേള, പരസ്പരം തിരിച്ചറിയാൻ നമ്മെ സഹായിച്ചേക്കാം. വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കണം.

ഞാനൊരു പെണ്ണാണെന്നും അതിൻറ്റേതായ സ്വാർത്ഥത ഉണ്ടാവുമെന്നും നിനക്കറിയാമല്ലോ.....! നിൻറ്റെ അഭാവം അനുഭവപ്പെടുമ്പോൾ ശാഠ്യം പിടിക്കുന്ന ഒരു കുട്ടി എൻറ്റെ മനസിലുണരും. നിൻറ്റെ സ്നേഹം മുഴുവനും വേണമെന്ന് പറയുന്ന ഒരു ശാഠ്യക്കാരിയായി ഞാൻ മാറും. അങ്ങനെയാവുന്നത്‌ എൻറ്റെ ഇഷ്ടത്തോടെയല്ല എന്നതാണ്‌ സത്യം. അത്രയധികം എൻറ്റെ ഹൃദയം നിന്നെ സ്നേഹിച്ചിരുന്നു. ഇനിയും ഉടനെ തന്നെ കാണാൻ കഴിയുമെന്ന വിശ്വാസത്തോടെ, അനു".

അനിർവ്വചനീയമായ ഒരു ശോകഭാവം അയാളിൽ പതഞ്ഞുപൊന്തി. അനുവിനെ ഒരുപാട്‌ നോവിച്ചിട്ടുണ്ടെന്നും ഒരുപക്ഷേ, ഇനിയുമൊരിക്കലും കാണാൻ കഴിയാത്തത്ര അകലങ്ങളിലേക്ക്‌ തങ്ങൾ അകന്നുകഴിഞ്ഞിരിക്കുന്നുവെന്നുമാണ്‌ ആ നിമിഷം ഇഷാന്‌ തോന്നിയത്‌.

***********************************************************************************************************

ഫ്ലാറ്റിനുള്ളിൽ വളരെ സുഖകരമായ ഊഷ്മാവും വെളിച്ചവും ഉണ്ടായിരുന്നു. പുറത്തെ മഞ്ഞുവീഴ്ചയും തണുപ്പും അകത്തറിയുന്നതേ ഉണ്ടായിരുന്നുമില്ല. എന്നിട്ടും ഇഷാൻ അസ്വസ്ഥനായി മുറികളിലൂടെ ഉഴറി നടന്നു. എന്താണ്‌ താൻ തിരയുന്നതെന്നോ തന്നെ അസ്വസ്ഥനാക്കുന്നതെന്നോ അവനു മനസ്സിലായതുമില്ല. ബാൽക്കണിയിലേക്കുള്ള വാതിൽ തുറന്ന് പഞ്ഞിത്തുണ്ട്‌ കണക്കെ പൊഴിയുന്ന മഞ്ഞു നോക്കി അൽപസമയം നിന്നപ്പോൾ അൽപം ആശ്വാസം തോന്നി. പിന്നെ മടങ്ങി വന്ന് അനുവിൻറ്റെ മുറിയിലെ ലൈറ്റിട്ടു. അലങ്കോലമായി കിടക്കുന്ന ബെഡും സൈഡ്‌ ടേബിളും അവിടവിടെ ചിതറികിടക്കുന്ന വസ്ത്രങ്ങളും ബുക്കുകളും... ഇഷാനു ഭ്രാന്ത്‌ പിടിക്കുന്നതുപോലെ തോന്നി. ഒരുതുള്ളി കണ്ണുനീർ മൂർദ്ധാവിൽ വീണൊഴുകി ഞെട്ടിയുണർന്നതു പോലെ ഇഷാൻ വെട്ടിവിറച്ചു. കഴിഞ്ഞ രണ്ടുമാസത്തിനിടയ്ക്ക്‌ അനുവുമായി എത്ര തവണ വഴക്കിട്ടു എന്നവനോർത്തുനോക്കി. എത്ര പറഞ്ഞാലും സാധനങ്ങൾ കൃത്യ സ്ഥാനങ്ങളിൽ ചിട്ടയായി വയ്ക്കാൻ അവൾക്ക്‌ മടിയാണ്‌. അവൻ ഓരോന്നും എടുത്ത്‌ സ്വസ്ഥാനങ്ങളിൽ വയ്ക്കാൻ തുടങ്ങി. അൽപസമയത്തിനു ശേഷം അടുക്കി വൃത്തിയാക്കിയ ടേബിളിനും ബെഡിനും സമീപത്തെ ഫ്ലവർവേസിലെ കൃത്രിമപുഷ്പങ്ങൾ പോലും അവൻ ടിഷ്യൂപേപ്പർ ഉപയോഗിച്ച്‌ ഡസ്റ്റിങ്‌ ചെയ്തു വച്ചു.

പുതിയ ബെഡ് കവർ എടുക്കാൻ വാർഡ്രോബ്‌ തുറന്നപ്പോൾ ചുരുട്ടിവച്ചിരുന്ന ഒരു പേപ്പർ താഴേക്ക്‌ വീണു. ചുരുളഴിച്ചപ്പോൾ കണ്ട ചിത്രം.... അനു ഇത്ര നന്നായി ചിത്രം വരയ്ക്കുമായിരുന്നോ? അവൻ അത്ഭുതം കൂറി. അല്ലെങ്കിൽതന്നെ അവളെ മനസിലാക്കാൻ ശ്രമിച്ചു തുടങ്ങിയിട്ടില്ല ഇനിയും. ആ ചിത്രം ടേബിളിൽ നിവർത്തിയിട്ട്‌ അവൻ ശ്രദ്ധയോടെ അതിലുറ്റുനോക്കി. മരച്ചില്ലയിൽ തൂങ്ങിക്കിടന്ന് കൂട്‌ നെയ്യുന്ന തുന്നാരന്‍പക്ഷിയുടെ ചിത്രം. Weaver bird, your nest is so fascinating, can I please be granted permission? ചിത്രത്തിൻറ്റെ താഴെ പെൻസിലിൽ കോറിയിട്ട അക്ഷരങ്ങൾ.

തുന്നാരൻ പക്ഷികൾ കൂട്‌ മെനയുന്നത്‌ ഇണയെ ആകർഷിക്കാൻ വേണ്ടിയാണെന്നും കൂട്‌ നിർമ്മാണം പൂർത്തിയായാൽ അതിൽ തൂങ്ങിക്കിടന്ന് ചിറകുവിടർത്തി പെൺകിളിയെ ആകർഷിക്കാൻ ശ്രമിക്കും എന്നും കുട്ടിക്കാലത്തെന്നോ നാഷണൽ ജ്യോഗ്രാഫിക്‌ ചാനലിൽ കണ്ടത്‌ ഇഷാൻ ഓർത്തു. സുരക്ഷിതമായി നിർമ്മിച്ച നീളൻകൂട്ടിൽ‌ അവനും ഇണയ്ക്കും മാത്രം ഉള്ളിലേക്ക്‌ കടക്കാനൊരു പാസേജ്‌ കൂടെ മികവോടെ നെയ്തൊരുക്കും. കൂടെത്ര നന്നായോ അത്ര വേഗം ഇണയെ കിട്ടും, ദിവസങ്ങൾക്കുള്ളിൽ അടയിരിക്കാൻ മുട്ടയും. ഇനിയഥവാ കൂടിഷ്ടമാവാതെ അടുത്തുവന്ന പെൺകിളി പറന്നകന്നാൽ ആൺകിളിയും ആ കൂടുപേക്ഷിച്ച്‌ മറ്റൊന്നു തുന്നിക്കൂട്ടാൻ തുടങ്ങും. കുടുംബമൊരുക്കാൻ ഇത്രയധികം പ്രാരംഭജോലികൾ ചെയ്യുമെങ്കിലും തുന്നാരൻകിളി നല്ലൊരു രക്ഷകർത്താവല്ല. ചിന്തകൾ അവിടെവരെയെത്തിയപ്പോൾ ഇഷാൻ വീണ്ടും അസ്വസ്ഥനായി. പതറിയ നോട്ടത്തോടെ ഇരുകൈകൊണ്ടും തലമുടി പിടിച്ച്‌ വലിച്ച്‌ സ്വയം നോവിക്കാനും അതിൽ ആശ്വസിക്കാനും ശ്രമിച്ചപ്പോൾ അനുവിന്റെ ഡ്രെസ്സിംഗ്‌ ടേബിളിൻറ്റെ മിററിൽ അവൻ തൻറ്റെ പ്രതിരൂപം കണ്ടു. പരിചിതമല്ലാത്ത ആ മുഖം തന്നെ പരിഹസിച്ചു ചിരിക്കുന്നുവെന്ന് തോന്നിയപ്പോൾ ഫ്ലവർവേസ്‌ എടുത്തൊരു ഏറുകൊടുത്തു. മിറർ പൊട്ടിതകർന്ന് താഴെ വീണപ്പോൾ ഓരോ കണ്ണാടിച്ചില്ലിൽ നിന്നും അതുപോലുള്ള അനേകം മുഖങ്ങൾ പൊട്ടിച്ചിരിച്ചതുപോലെ ഇഷാനു തോന്നി. കണ്ണും ചെവിയും പൊത്തിക്കൊണ്ട്‌ അവൻ കസേരയിൽ ഇരുന്നു പോയി.

(തുടരും...) - ശാന്തിനി കാരിയ്ക്കൽ


നാട്ടുപെണ്ണ് (കവിത)

പിച്ചിനാണിക്കൊരൊറ്റമോള്
അവളെക്കണ്ടാലൊരുപാട് ചേല്
നീണ്ടപാവാട കമ്മീസ്ബ്ലൗസും
അവളെ കാണാനുമെന്തൊരുമോറ്
പച്ചപ്പൊട്ടും മഷിപുരികകൊടികളും
വിസ്തൃതമായുള്ള നെറ്റിത്തടങ്ങളും
അവളെകാണാനുംഎന്തൊരുചന്തം
കുറുനിരയങ്ങനെ നിരനിരെയായ്
കവിളുകൾ പൂമ്പട്ടിൽമുങ്ങി
രോമങ്ങൾ കുനുകുനെ ചെറുതായിട്ടതുണ്ട് ?
അവളുടെ അടിവയറുകണ്ടാൽ
അടക്കില്ലവായും
തുടകൾതരിപ്പുംജഘനവുംനല്ലൂ
നല്ല മേളകൊഴുപ്പാർന്നുമേയും
നിതംബനടനങ്ങളും
ഓളെ കാണാനുമെന്തൊരുഭംഗി ?
പിച്ചിനാണിക്കൊരൊറ്റമോള്
അവളെകണ്ടാലുമൊരുപാട് വീറ്.

(പി. എസ് പ്രസാദ് മുണ്ടമറ്റം, നീണ്ടൂർ)


ഇണങ്ങാത്ത കണ്ണികൾ (കഥ)

മകൾക്ക് മനസ്സിനിണങ്ങിയ മണവാളനെ കണ്ടെത്തുക എന്നതായിരുന്നു നാട്ടിലേക്ക് കുടുംബസമേതമുള്ള ഇപ്രാവശ്യത്തെ യാത്രയുടെ പ്രധാന ലക്ഷ്യം. മകളുടെ ഭർത്താവ് ഡോക്ടർ തന്നെയാവണം എന്ന് നിർബന്ധമായിരുന്നു.

അമേരിക്കയിൽ വന്നിട്ട് 20 വർഷങ്ങൾ കഴിഞ്ഞു. മക്കൾ വളർന്നു വലുതായി. മൂത്ത രണ്ടു പെൺകുട്ടികളും ഇളയ ഒരു ആൺതരിയും. നാട്ടിലെ കണക്കിൽ സന്തുഷ്ട കുടുംബം. എന്നാൽ മൂത്തമകൾ കോളേജ് പൂർത്തിയാക്കിയപ്പോൾ സമ്പാദ്യവും സന്തുഷ്ടിയും മുഴുവൻ തീർന്നു. കഷ്ടപ്പെട്ടാണ് അത്രയും പഠിപ്പിച്ചത്. എന്നാൽ കോളേജിൽ നിന്നും ഡിഗ്രിയോടൊപ്പം കിട്ടാവുന്ന എല്ലാ ദുഃസ്വഭാവങ്ങളും മകൾ നേടിയെടുത്തു. കൂടുതൽ കുഴപ്പത്തിലേക്ക് ചാടുന്നതിനു മുൻപുതന്നെ കുടുംബസമേതം പതിനായിരം ഡോളറിലധികം ടിക്കറ്റിനു തന്നെ ചിലവഴിച്ചു ഒരു മാസത്തെ അവധിക്കു നാട്ടിലേക്ക് യാത്ര തിരിച്ചു.

സ്പാനിഷുകാരൻ ബോയ്ഫ്രണ്ടിനെ ഉപേക്ഷിക്കേണ്ടി വന്നതിൽ മകൾക്ക് അൽപം നീരസമില്ലാതില്ല. എന്നാൽ പ്രതിശ്രുത വരൻ ഡോക്ടറാണെങ്കിൽ ഇനിയുള്ളകാലം ജോലിയെടുക്കാതെ ഗൃഹഭരണത്തിലേക്ക് ഒതുങ്ങികൂടാമെന്നു മകൾ കണക്കുകൂട്ടി. അതുകൊണ്ടു കല്യാണത്തിന് എതിർപ്പൊന്നും പ്രകടിപ്പിച്ചു കണ്ടില്ല. കല്യാണം കഴിഞ്ഞു മരുമകൻ സമ്പാദിക്കുവാൻ തുടങ്ങിയാൽ തീർച്ചയായും ഈ മിനിമം ശമ്പളത്തിലുള്ള ഫാക്ടറി പണിയിൽനിന്നു തന്നെയും നൈറ്റ് ഡ്യൂട്ടികളിൽ നിന്ന് ഭാര്യയേയും രക്ഷപെടുത്തുമെന്നു മനസ്സിൽ കണക്കുകൂട്ടി. ഏതായാലും നാട്ടിലെത്തിയ ഉടൻ രണ്ടും കൽപ്പിച്ചു പത്രത്തിൽ വിവാഹപരസ്യം കൊടുത്തു.

അമേരിക്കയ്ക്ക് പോകാനുള്ള താൽപര്യത്തിൽ പത്രപരസ്യം കണ്ടു പല ഡോക്ടർമാരും എത്തി. എന്നാൽ അധികപങ്കും കേരളത്തിലെ ബിരുദധാരികളായതിനാൽ മകളുടെ അമേരിക്കൻ ഇംഗ്ളീഷുമായി പൊരുത്തപ്പെട്ടുപോകാൻ ബുദ്ധിമുട്ടു കണ്ടു. സങ്കൽപ്പത്തിലെ ഭർത്താവിനു മൈക്കൽ ഡഗ്ലസിൻറ്റെയും റോബർട്ട് ഡീനിരോയുടെയും ഒക്കെ രൂപം കണക്കാക്കിയിരുന്ന മകൾ ഉണ്ടോ നാടൻ സങ്കൽപ്പത്തിന് വില കൽപ്പിക്കുന്നു.

ഏതോ അബദ്ധത്തിൽ കേരളത്തിൽ വന്നു പെട്ടുപോയതുപോലെയാണ് മക്കൾ. ചിക്കൻകാലും പിസായും ഒന്നുമില്ലാത്ത നാട്. അധികസമയവും കറൻറ്റ് കട്ട്. കുണ്ടും കുഴിയും നിറഞ്ഞ വഴികൾ. അമേരിക്കൻ ടിവിയിൽ കാണുന്ന ദാരിദ്ര്യം പിടിച്ച രാജ്യങ്ങളെല്ലാം ഇവിടെത്തന്നെയാണന്ന് കുട്ടികൾ കണക്കു കൂട്ടി. മലയാളം അറിയാമെങ്കിലും അറിയില്ലെന്ന് നടിക്കുന്ന മക്കളുമായി ആശയ വിനിമയ കുഴപ്പത്തിൽ അകപ്പെട്ടിരിക്കുന്ന കാരണവന്മാർ. "ഇവറ്റകളെ നല്ല ചൂലെടുത്തു നാല് പിട പിടച്ചാൽ മലയാളത്തിൽ തന്നെ അയ്യോ, അമ്മെ എന്ന് പറഞ്ഞു നിലവിളിക്കുന്നത് കേൾക്കാം" - എന്ന് അമ്മായിയപ്പൻ വൈകുന്നേരത്തെ അന്തികള്ള് അടിച്ചതിനുശേഷം പറഞ്ഞത് പരമാർത്ഥമാണെന്നു തോന്നി. ആ പ്രസ്താവന കൂടി കേട്ടപ്പോൾ കുട്ടികൾക്ക് ഗ്രാൻഡ്‌പായോട് ഇരട്ടി ദേഷ്യം. ഗ്രാൻഡ്‌പായെ ഒരിക്കലും അമേരിക്ക കാണിക്കരുതെന്നു മമ്മിക്ക് താക്കീതും. "അല്ലെങ്കിലും ആർക്കു വേണമെടാ നിൻറ്റെയൊക്കെ അമേരിക്ക... അവിടെവന്നു മുറിക്കുള്ളിൽ പൊതിഞ്ഞു വെക്കുവാൻ എൻറ്റെ ജീവൻ നഷ്ടപ്പെട്ടിട്ടൊന്നും ഇല്ലല്ലോ". അമ്മായിയപ്പൻ തിരിച്ചടിച്ചു.

ദിവസങ്ങൾ പെട്ടെന്ന് കടന്നുപോയി. ഇനി അവധി തീരുവാൻ 15 ദിനങ്ങൾ കൂടി മാത്രം. അമേരിക്കയിലെത്തി അടുത്ത മാസത്തെ മോർട്ട്ഗേജ് അടയ്‌ക്കേണ്ടതാണ്. ഉള്ള പണിയുംകൂടെ കളയാൻ വയ്യ. ധാരാളം മലയാളികൾ പണിയില്ലാതെ അമേരിക്കയിൽ നിൽക്കുന്നു. ഈ അവസ്ഥയിൽ നാട്ടിൽ ഇനിയും തങ്ങാൻ പ്രയാസമാണ്. പെട്ടെന്ന് തന്നെ ഒരു തീരുമാനത്തിലെത്തിയെ മതിയാകു.

അങ്ങിനെയിരിക്കെ ഒരു ദിവസം ഡൽഹിയിൽ പഠിച്ചുവളർന്ന ഒരു ഫസ്റ്റ് ക്ലാസുകാരൻ ഡോക്ടർ ബിരുദധാരി പെണ്ണുകാണാൻ വന്നു. പയ്യനു മലയാളം കുറേശേ മാത്രം അറിയാം. കൂടുതൽ ഹോളിവുഡ് ചിത്രങ്ങൾ കണ്ടിട്ടാവണം തങ്ങൾ മാതാപിതാക്കൾക്ക് പോലും കിട്ടാത്ത അമേരിക്കൻ ഉച്ചാരണ ശൈലി ആ ആറടിക്കാരൻ സുമുഖൻ അനായാസം നേടിയെടുത്തത്. ഏതായാലും ഒറ്റ നോട്ടത്തിൽ മകൾക്കു പയ്യനെ പിടിച്ചു. രണ്ടുമണിക്കൂർ നീണ്ട ഇൻറ്റർവ്യൂവിനു ശേഷം മകൾ കല്യാണത്തിന് പച്ച സിഗ്നൽ കാണിച്ചു.

"പയ്യനെപ്പറ്റി ഒന്ന് അന്വേഷിച്ചിട്ടു സാവധാനം കല്യാണം നടത്തിയാൽ പോരെ..." തൻറ്റെ ഒരേ ഒരു അമ്മാവൻറ്റെ അഭിപ്രായം കേട്ടപ്പോൾ ദേഷ്യമാണ് തോന്നിയത്.

"എന്നാൽപ്പിന്നെ നിങ്ങളൊക്കെക്കൂടെ പറ്റിയ ഒരാളെ നേരത്തെ കണ്ടു വയ്ക്കാമായിരുന്നില്ലേ. എപ്പോഴും ആവശ്യങ്ങൾ പറഞ്ഞു ഡോളറിനെഴുതും. വേറെ യാതൊരു ഉപകാരവുമില്ല".

പെട്ടെന്നുള്ള തൻറ്റെ മറുപടി കേട്ടപ്പോൾ അമ്മാവൻ നിശബ്ദനായി. പയ്യനു ബന്ധുക്കളായിട്ടു വകയിലൊരു അമ്മാവൻ മാത്രം. അതും കേരളത്തിൻറ്റെ ഒരു ഓണംകേറാ മൂലയിൽ. അപ്പോൾപിന്നെ കല്യാണം കഴിഞ്ഞാൽ ചെറുക്കൻറ്റെ വീട്ടിൽ നിന്നും ആരെയും അക്കരെ കടത്തണ്ട ചുമതല മകൾക്കുണ്ടാവില്ല. തന്നെയുമല്ല, പയ്യനുണ്ടാക്കുന്ന പണമൊക്കെ അമേരിക്കയിൽ തന്നെ കിടക്കും. ഇതായിരുന്നു തൻറ്റെ കണക്കുകൂട്ടൽ.

അധികം ചിലവില്ലാതെ കല്യാണം നടന്നപ്പോൾ വലിയ ആശ്വാസം തോന്നി. ഒന്നാമത് സ്ത്രീധനം കൊടുക്കേണ്ടി വന്നില്ല. പിന്നെ തങ്ങൾ നാടുവിട്ടിട്ടു ഇത്രയും വർഷം ആയതിനാൽ പലരെയും അറിയാത്തതുകൊണ്ട് അധികം ആരെയും വിളിക്കാതെ കാപ്പിസൽക്കാരത്തിൽ ഒതുക്കാൻ കഴിഞ്ഞു.

കല്യാണം കഴിഞ്ഞതോടെ മകനും മരുമകളും ഹണിമൂണിനു ഡൽഹി, മൈസൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പുറപ്പെട്ടു. ഡൽഹിയിലെത്തി അമേരിക്കൻ കോൺസുലേറ്റിൽ ഭർത്താവിന് വേണ്ടി വിസയ്ക്ക് അപേക്ഷിക്കുന്നതിനും പരിപാടിയുണ്ട്. മകൾ സിറ്റിസൺ ആയതിനാൽ ചെറുക്കനെ കൂടെ കൊണ്ടുപോകാം. ഭാര്യ അടുക്കള സമൂഹങ്ങളോട് അടിച്ചു വിടുന്നത് കേട്ടു.

ഈച്ചയും കൊതുകുമുള്ള നാട്ടിൽനിന്നും എത്രയും വേഗം രക്ഷ പെടണമെന്നായിരുന്നു ഇളയ കുട്ടികളുടെ ആഗ്രഹം. മുടി കറുപ്പിക്കുന്ന ഡൈ തീർന്നതിനാൽ അതെ ആഗ്രഹം തന്നെ ഭാര്യയും പ്രകടിപ്പിച്ചു.
നാട്ടുകാർക്ക് ദാനം ചെയ്തു പേഴ്‌സ് കാലിയായപ്പോൾ ഭാര്യയും മക്കളും പറയുന്നത് ശരിയാണെന്നു എനിക്കും തോന്നി. അല്ലെങ്കിലും അന്നും ഇന്നും എതിരുപറയാത്ത ഒരു ഭർത്താവും അച്ഛനുമായാണല്ലോ താൻ ഇത്രയുംനാൾ ജീവിച്ചത്. ഇനി അതിനു ഒട്ടും മാറ്റം വരുത്തണ്ട എന്ന് വിചാരിച്ചു തിരിച്ചു പോകാനുള്ള ഒരുക്കങ്ങൾ തുടങ്ങി.

ഹണിമൂൺ യാത്രകഴിഞ്ഞു തിരിച്ചെത്തിയ മകൾക്ക് ഭർത്താവിനെക്കുറിച്ചു വലിയ മതിപ്പ്. മരുമകനാണെങ്കിൽ ഭാര്യാസമേതം അമേരിക്കയിലെത്താൻ വിസ കിട്ടിയതിൽ ആഹ്ളാദം. എല്ലാവരും കൂടി ഫ്‌ളൈറ്റ് കയറുന്നതിനു മുൻപ് കയ്യിലുണ്ടായിരുന്ന കുറച്ചു നോട്ടുകൾ അമ്മാവനെ ഏൽപ്പിച്ചു.
തൻറ്റെ വീതത്തിലുള്ള പുരയിടവും നിലവുമൊക്കെ നോക്കുന്ന അമ്മാവൻറ്റെ കണ്ണിൽ പെട്ടെന്ന് ജലം പൊടിയുന്നത് ശ്രദ്ധിച്ചു.

"ഇനി നീ വരുമ്പോൾ ചിലപ്പോൾ ഞാൻ കാണില്ല." ഗദ്ഗദത്തോടെ അമ്മാവൻ പറഞ്ഞു നിർത്തി. മോൻ കയ്യിൽ വന്നു പിടിച്ചപ്പോഴാണ് സെക്യൂരിറ്റി ചെക്കപ്പിന് സമയമായന്നു മനസ്സിലായത്. എല്ലാവരോടും യാത്രപറഞ്ഞു അമേരിക്കയിലേക്ക് തിരിച്ചു.

അമേരിക്കയിൽ ജീവിതം പഴേപോലെ മുന്നോട്ടുപോയി. താനും ഭാര്യയും മാസ്റ്റർ ബെഡ് റൂമിൽനിന്ന് അടുത്ത ബെഡ് റൂമിലേക്ക് മാറി. ഡോക്ടർ മരുമകനെ എല്ലാ കാര്യങ്ങളിലും സന്തോഷിപ്പിക്കുവാൻ അമ്മായിയമ്മ സദാ ശ്രദ്ധിച്ചിരുന്നു. നേരത്തെയെങ്ങും കണ്ടിട്ടില്ലാത്ത വിഭവങ്ങൾ മേശമേൽ എന്നും നിരക്കുന്നത് കാണുമ്പോൾ അത്ഭുതം തോന്നി. സാധാരണ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വന്നാൽ ഒരു ചായപോലും ഉണ്ടാക്കാതെ ഉറങ്ങുന്ന തൻറ്റെ ഭാര്യയാണോ ഇതൊക്കെ ചെയ്യുന്നത് എന്ന് വിശ്വസിക്കാൻ പ്രയാസം തോന്നി. ഭർത്താവിനെ ഡ്രൈവിംഗ് പഠിപ്പിക്കുന്ന തിരക്കിലാണ് മകൾ. ലൈസൻസ് കിട്ടിക്കഴിഞ്ഞപ്പോൾ മകന് ഇഷ്ടപ്പെട്ട പുതിയ ജാപ്പനീസ്‌ കാർ തന്നെ വാങ്ങിക്കൊടുത്തു.

ദിവസങ്ങൾ പെട്ടെന്ന് കടന്നുപോയി. മരുമകൻറ്റെ സ്വഭാവത്തിന് പതിയെ മാറ്റങ്ങൾ കണ്ടുതുടങ്ങി. ഒരുപക്ഷെ അമേരിക്കയിൽ എത്തിയിട്ട് ആറുമാസം കഴിഞ്ഞിട്ടും ജോലിയൊന്നും ആകാത്തതിൻറ്റെ പ്രതികരണമാവാം എന്ന് കരുതി.

പല ചെറിയ ജോലികളും ശരിയായി വന്നു. എങ്കിലും അത്തരം ജോലികൾക്കു ഡോക്ടറായ മരുമകനെ അയയ്ക്കണ്ട എന്ന് തീരുമാനിച്ചു. മകൾ ജോലിക്ക് പോയിക്കഴിഞ്ഞാൽ ഉള്ള സമയം മുഴുവൻ പഠിക്കുവാനുള്ള എല്ലാ സൗകര്യങ്ങളും അവനുണ്ട്. ലൈസൻസ് പരീക്ഷയ്ക്കുവേണ്ടി സർട്ടിഫിക്കറ്റുകളും മറ്റും അയച്ചിരിക്കുകയാണല്ലോ. എങ്കിലും സദാസമയവും അവൻ മിണ്ടാട്ടമില്ലാതെ ഇരിക്കുകയാണ്. വല്ലപ്പോഴും മിണ്ടുന്നത് കുറ്റംപറച്ചിലും വഴക്കും ഒക്കെ ആയിട്ടാണ്. ചിലപ്പോൾ കാറെടുത്തു പോയിക്കഴിഞ്ഞാൽ നേരം വളരെ ഇരുട്ടിയെ എത്താറുള്ളു. മകളുടെയും ഭർത്താവിൻറ്റെയും മുറിയിൽനിന്ന് രാത്രിയുടെ യാമങ്ങളിൽ കേൾക്കുന്ന പരസ്പരമുള്ള ശകാരവർഷങ്ങൾ മനഃപൂർവ്വം കേട്ടില്ല എന്ന് നടിച്ചു. മകൾക്കു മാനസികമായും ശാരീരികമായും വന്ന മാറ്റം അവൾ ഗർഭിണിയായതു കൊണ്ടാണെന്നു വിചാരിച്ചു. എന്നാൽ ഓരോ ദിവസം കഴിയുംതോറും ഭർത്താവിനു നിത്യച്ചിലവിനു പണം കൊടുത്തു മകൾ അസംതൃപ്തയാവുകയായിരുന്നു.

അന്ന് ഒരു അവധിദിവസം ആയിരുന്നു. എല്ലാവരും ഉള്ള സമയത്താണ് പോസ്റ്റുമാൻ ഡോർബെൽ അടിച്ചത്. ഭർത്താവിൻറ്റെ പേരിൽ വന്ന രജിസ്റ്റേർഡ് പോസ്റ്റ് മകൾ ഒപ്പിട്ടു വാങ്ങുമ്പോൾ എന്താണന്നു അറിയാൻ തന്നിലെ പിതാവിൻറ്റെ മനസ്സ് വെമ്പി.

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞുവന്ന്‌ ഉറങ്ങാൻ കിടന്ന ഭാര്യയും എഴുന്നേറ്റു വന്നു. കവർ പൊട്ടിച്ചു വായിച്ച മകൾ അലമുറയിട്ടു. മരുമകൻ ഡോക്ടർ പരീക്ഷയ്ക്ക് അയച്ചുകൊടുത്ത സർട്ടിഫിക്കറ്റുകളും ട്രാൻസ്‌ക്രിപ്റ്റുകളും എല്ലാം തിരിച്ചുവന്നിരിക്കുന്നു. എല്ലാം വ്യാജസർട്ടിഫിക്കറ്റുകളാണ് പോലും! തല കറങ്ങി സോഫയിലേക്ക് വീണ ഭാര്യയെ വിറയ്ക്കുന്ന കൈകൾ കൊണ്ടാണ് താങ്ങിയത്.

തൻറ്റെ കുടുംബത്തെ ചതിച്ചു മകളെ വഴിയാധാരമാക്കിയ ദുഷ്ടനെ രണ്ടു കൊടുക്കണമെന്ന് തീരുമാനിച്ചു. മുറിയിലേക്ക് ഒരു കൊടുങ്കാറ്റുപോലെ ഓടിച്ചെന്നപ്പോഴാണ് അയാളുടെ പെട്ടിയും ഗ്രീൻകാർഡും സോഷ്യൽ സെക്യൂരിറ്റി കാർഡും ഒപ്പം അയാളും അപ്രത്യക്ഷമായിരിക്കുന്നു എന്നറിയാൻ കഴിഞ്ഞത്. ഓടിച്ചെന്നു ഡ്രൈവേയിൽ നോക്കിയപ്പോൾ പുതിയ ജാപ്പനീസ് കാറും കാണാനില്ലായെന്നു മനസിലായി.

Bastard!!! He cheated me... കട്ടിലിൽ കിടന്ന് അലമുറയിടുന്ന പാവം മകളുടെ ശബ്ദം. അടുത്തുതന്നെ ഗ്രാൻമാ ആകണമല്ലോ എന്നോർത്ത് തളർന്നിരിക്കുന്ന പാവം ഭാര്യ. ഇതൊന്നും മനസ്സിലാക്കാതെ ടിവിയിൽ ടോം & ജെറി കണ്ടു പൊട്ടിച്ചിരിക്കുന്ന ഇളയ മക്കൾ. എപ്പോഴും അബദ്ധത്തിൽ ചെന്ന് ചാടുന്ന ടോം എന്ന പൂച്ചയാണ് താനെന്നും, കുട്ടികളുടെ ചിരി "പയ്യനെപ്പറ്റി അന്വേഷിച്ചിട്ടു പോരെ കല്യാണം" എന്ന് പറഞ്ഞ നാട്ടിലെ അമ്മാവൻറ്റെ പരിഹാസ ചിരിയായും അപ്പോൾ തനിക്ക് തോന്നി.

(രാജു ജോസഫ്, പ്രാലേൽ - USA)



പുതിയ സിനിമ - സുജാത & പറവ

നവാഗതനായ പ്രവീണ്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് "ഉദാഹരണം സുജാത". ടൈറ്റില്‍ കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്. വിധവയും 16 വയസ്സുകാരിയുടെ അമ്മയുമായാണ് മഞ്ജു ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. വിധവയായ സുജാത മകളെ വളര്‍ത്തുന്നതിനായി അനുഭവിക്കുന്ന കഷ്ടപ്പാടുകളാണ് ചിത്രത്തിൻറ്റെ പ്രധാന പ്രമേയം. 19 വര്‍ഷത്തിനു ശേഷം മഞ്ജു വാര്യര്‍ നെടുമുടി വേണുവിനൊപ്പം അഭിനയിക്കുന്നു എന്ന പ്രത്യേകതകൂടി ഈ ചിത്രത്തിനുണ്ട്. ദയ എന്ന ചിത്രത്തിലായിരുന്നു അവസാനമായി ഇവര്‍ ഒരുമിച്ച് അഭിനയിച്ചത്.

"മക്കൾക്ക് തോന്നുന്നതെല്ലാം വിളിച്ചു പറയാനുള്ള ചവറ്റുപാത്രമാണോ അമ്മ...?" ആരോടെന്നില്ലാതെ സുജാത ഇതു പറഞ്ഞ് കണ്ണ് നിറയ്ക്കുമ്പോൾ സത്യത്തിൽ പ്രേക്ഷകൻറ്റെ നെഞ്ചിലേക്കാണ് ആ ചോദ്യമുന വന്നു തറയ്ക്കുന്നത്. ആദ്യം കരഞ്ഞെങ്കിലും പതിയെപ്പതിയെ സുജാത തന്നെ അതിനുള്ള ഉത്തരവും നമുക്കു നൽകുന്നുണ്ട്. അതും മികച്ച രീതിയിൽ ആസ്വദിക്കാവുന്ന ഒരു ചലച്ചിത്രാനുഭവത്തിലൂടെ. നായകൻറ്റെ നിഴലു പോലുമില്ലാതെ ഒറ്റയ്ക്ക് നായികയുടെ ചുമലിലേറി അവസാനം വരെ മടുപ്പില്ലാതെ മുന്നോട്ടുപോകുന്ന ചിത്രമെന്നു തന്നെ വിശേഷിപ്പിക്കാം സുജാതയെ.

തിരുവനന്തപുരം നഗരത്തിലെ ചെങ്കൽച്ചൂള കോളനിയിൽ താമസിക്കുന്ന, ഉപജീവനത്തിനായി വീട്ടുജോലി ഉൾപ്പെടെ നിരവധി ജോലികൾ ചെയ്യുന്ന സാധാരണക്കാരിൽ സാധാരണക്കാരിയാണ് സുജാത. ഭർത്താവ് നഷ്ടപ്പെട്ടെങ്കിലും മറ്റൊരു ദാമ്പത്യത്തെ കുറിച്ച് ചിന്തിക്കാതെ, മകൾക്കായി ജീവിക്കുന്ന അമ്മ. മകളെ പഠിപ്പിച്ച് മികച്ച നിലയില്‍ എത്തിക്കണമെന്ന് ആഗ്രഹിക്കുന്ന അമ്മയ്ക്ക് വിദ്യാഭ്യാസത്തിൻറ്റെ വിലയറിയാത്ത മകളിൽ നിന്നും നേരിടുന്ന വെല്ലുവിളികൾ തന്നെയാണ് ചിത്രത്തിലെ വില്ലൻ. ഈ വില്ലനെ തരണം ചെയ്യാൻ സുജാത സ്വീകരിക്കുന്ന വഴികളാണ് ചിത്രത്തിൻറ്റെ പ്രമേയം.

സുജാത കൃഷ്ണൻ തന്നെയാണ് ചിത്രത്തിൻറ്റെ ഹൈലൈറ്റ്. മഞ്ജു ഈ കഥാപാത്രത്തെ ഗംഭീരമാക്കി. ചിത്രം ഇറങ്ങുന്നതിന് മുൻപ് തന്നെ കന്മദം എന്ന ചിത്രത്തിലെ മഞ്ജുവിൻറ്റെ കഥാപാത്രത്തോട് താരതമ്യപ്പെടുത്തി നിരവധി ചർച്ചകൾ സജീവമായിരുന്നു. എന്നാൽ അതിൽ നിന്നും വ്യത്യസ്തമാണ് സുജാത. അത്രയും തൻറ്റേടിയല്ല. അതിനൊപ്പം അല്ലെങ്കിൽ അതിലുമപ്പുറം നിർത്താൻ പറ്റുന്ന ചടുലതയിലാണ് മഞ്ജുവിൻറ്റെ അഭിനയം.

ചിത്രത്തിലെ മറ്റൊരു മുഖ്യ കഥാപാത്രം സുജാതയുടെ മകളായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്ന അനശ്വരയാണ്. ആതിര കൃഷ്ണൻ എന്ന കഥാപാത്രമായി ഈ കൊച്ചുമിടുക്കിയും തകർത്തഭിനയിച്ചു. ചിത്രത്തിൻറ്റെ ക്ലൈമാക്സ് തന്നെ ഈ കൊച്ചുമിടുക്കിയുടെ ഒതുക്കമുള്ള അഭിനയത്തിൽ ഭദ്രമാവുകയായിരുന്നു.

കണക്ക് മാഷ് "കുതിര"യായി ജോജുവും ചലച്ചിത്ര രചയിതാവ് ജോർജ് പോളായി നെടുമുടി വേണുവും കോളനി നിവാസികളുടെ പ്രശ്‌നം പരിഹരിക്കാനെത്തുന്ന കലക്ടറായി മമ്ത മോഹൻദാസും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി. ജോജുവിൻറ്റെതാണ് ചിത്രത്തിലെ നർമനിമിഷങ്ങളിലേറെയും. ചെറിയ വേഷങ്ങളെ ഉള്ളൂവെങ്കിലും സുരേഷ് തമ്പാനൂരും അലൻസിയറും ഒട്ടും മോശമാക്കിയില്ല. അഭിജ ശിവകലയും ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു.

ആദ്യമായാണ് മംമ്തയും മഞ്ജുവും ഒന്നിച്ചഭിനയിക്കുന്നത്. ഒരു നവാഗത സംവിധായകൻറ്റെ ചിത്രമാണിതെന്ന തോന്നൽ ഒരിക്കൽ പോലും ഉണ്ടാക്കിയില്ല എന്നതു തന്നെ സംവിധാനത്തിലെ പ്രവീണിൻറ്റെ മികവാണ്. മാര്‍ട്ടിൻ പ്രക്കാട്ടും നവീന്‍ ഭാസ്‌കറും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. അനുരാഗ കരിക്കിന്‍വെള്ളം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നവീന്‍ ഭാസ്‌കര്‍ തിരക്കഥയെഴുതുന്ന ചിത്രമാണിത്. ചിത്രത്തിലെ മനോഹരമായ ഗാനങ്ങൾക്ക് ഈണം നൽകിയിരിക്കുന്നത് ഗോപി സുന്ദറാണ്. മാര്‍ട്ടിന്‍ പ്രക്കാട്ടും നടൻ ജോജു ജോര്‍ജ്ജും ചേര്‍ന്നാണ് നിർമ്മാണം.

പുതിയ സിനിമ പറവ:-

നടനും സഹസംവിധായകനുമായ സൗബിൻ ഷാഹിറിൻറ്റെ ആദ്യ സംവിധാന സംരംഭമാണ് പറവ. ദുല്‍ഖര്‍ സല്‍മാനാണ് സിനിമയുടെ പ്രധാന ആകര്‍ഷണമെങ്കിലും സിനിമയിലെ കേന്ദ്രകഥാപാത്രം ദുല്‍ഖറല്ല. അത് ഷെയിൻ നിഗമാണ്. മുൻപൊരിക്കലും കേട്ടിട്ടില്ലാത്ത വ്യത്യസ്തമായ ഒരു കൊച്ചിക്കഥ, അതാണ് പറവ. ദുല്‍ഖറും ഷെയിന്‍ നിഗവും മാത്രമല്ല, ഇന്ദ്രന്‍സും സിദ്ദിഖും അടക്കമുള്ള വെറ്ററന്‍മാര്‍ മുതല്‍ യുവതാരങ്ങള്‍ വരെ മിന്നുന്ന പ്രകടനമാണ് പറവയില്‍ പുറത്തെടുത്തിരിക്കുന്നത്. സൗബിന്‍ തന്നെ കഥയെഴുതി സംവിധാനം ചെയ്യുന്ന പറവ തെളിഞ്ഞ ആകാശത്തേയ്ക്കു പറന്നുയരുന്നൊരു "പറവ"യെ പോലെ സുന്ദരമാണ്.

2003ൽ തൻറ്റെ ഇരുപതാംവയസ് മുതൽ മലയാളത്തിലെ മുൻ നിര സംവിധായകനോടൊപ്പം അസിസ്റ്റൻറ്റ് ഡയറക്ടർ ആയി പ്രവർത്തിക്കുന്ന സൗബിൻ 2015 ൽ ഇറങ്ങിയ ചന്ദ്രേട്ടൻ എവിടെയാ എന്ന സിനിമയിലൂടെ മുഴുനീളറോളിൽ സ്ക്രീനിൽ എത്തിയതോടെ ആണ് പ്രേക്ഷകർക്ക് പരിചിതനാവുന്നത്. ആ വർഷം തന്നെ ഇറങ്ങിയ പ്രേമത്തിലെ പി.ടി.മാഷ് സൗബിനെ പോപ്പുലറാക്കി. കണ്ണടച്ച് തുറക്കുന്ന വേഗതയിൽ 2016 ലെ മഹേഷിൻറ്റെ പ്രതികാരമൊക്കെ ആവുമ്പോഴേക്ക് നായകനെക്കാൾ കയ്യടികിട്ടുന്ന രീതിയിലേക്കാണ് സൗബിൻ വളർന്നത്.

സ്ക്രീനിൽ ജനപ്രിയതയുടെ പരകോടിയിൽ നിൽക്കുമ്പോൾ, അത് മുതലെടുക്കാൻ നിൽക്കാതെ തൻറ്റെ ആദ്യസംവിധാന സംരംഭം പറവ അനൗൺസ് ചെയ്ത് സൗബിൻ ആദ്യം ഞെട്ടിച്ചു. അതിനിടയിൽ കമ്മട്ടിപ്പാടത്തിൽ കോമഡി തെല്ലുമില്ലാത്ത റഫ് & ടഫായ ഒരു കരാട്ടേവില്ലൻ റോളിലെത്തി പിന്നെയും ഞെട്ടിച്ചു. പിന്നീട് തൻറ്റെ സിനിമയുടെ പൂർണതയ്ക്കായി മാസങ്ങളേറെ ചെലവഴിക്കുന്നതിനിടയിൽ "തൊണ്ടിമുതലും ദൃക്സാക്ഷിയും" പോലൊരു ദിലീഷ്പോത്തൻ ചിത്രത്തിലെ നാഴികക്കല്ലാവുമായിരുന്ന കള്ളൻറ്റെ റോൾ തിരസ്കരിച്ച് സൗബിൻ ഒരിക്കൽ കൂടി ഞെട്ടിച്ചു. എന്നാൽ ഇതുവരെയുണ്ടാക്കിയ ഞെട്ടലൊന്നും ഒന്നുമല്ലായിരുന്നു എന്ന് കാണിച്ചുതരുന്ന ഒരു വമ്പൻ വിസ്മയം തന്നെ തിരശീലയിൽ "പറവ"യായി വിടർത്തിയിട്ടുകൊണ്ട് സൗബിൻ ഞെട്ടിക്കൽ തുടരുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. സൗബിൻ തന്നെയാണ് സിനിമയുടെ കഥ എഴുതിയിരിക്കുന്നത്.

കേട്ടുപരിചയം പോലുമില്ലാത്ത, മട്ടാഞ്ചേരിക്കാരുടെ ഒരു വിനോദമാണ്‌ ചിത്രത്തിൻറ്റെ കഥാപശ്ചാത്തലം. മട്ടാഞ്ചേരിയിലെ ഒരുസാധാരണ കുടുംബത്തിലെ കുട്ടികളാണ് ഇച്ചാപ്പിയും ഹസീബും രണ്ടുപേർക്കും ക്രിക്കറ്റിലോ ഫുട്ബോളിലോ ഒന്നുമല്ല പ്രാവ് വളർത്തലിലാണ് താൽപര്യം. അടുത്ത പ്രാവ് പറത്തൽ മത്സരത്തിൽ പങ്കെടുത്ത് സമ്മാനം നേടുകയാണ് ഇരുവരുടെയും ലക്ഷ്യം. എന്നാൽ ഇച്ചാപ്പിയുടെയും ഹസീബിൻറ്റെയും മാത്രം കഥയല്ല പറവ. മട്ടാഞ്ചേരിയിലെ പച്ചയായ കുറേ മനുഷ്യരുടെ, ആ നാടിൻറ്റെ ആകാശത്തിലേക്ക് പറന്നെത്തുന്ന പ്രാവിൻ കൂട്ടങ്ങളുടെ. കൂടെ പ്രണയവും സൗഹൃദവും പ്രതികാരവുമുണ്ട്. ആഢംബരവും അതിശയോക്തിയുമില്ലാതെ അവരുടെ ജീവിതം സിനിമയെന്ന മാധ്യമത്തിൻറ്റെ മനോഹാരിതയോടെ സത്യസന്ധമായി സൗബിൻ അവതരിപ്പിച്ചിരിക്കുന്നു.

പ്രാവു പറത്തലാണ് കഥാപശ്ചാത്തലമെങ്കിലും രണ്ടു കഥകളാണ് ആ പറക്കലിൻറ്റെ ഇടയിലൂടെ പറഞ്ഞുപോകുന്നത്. മറ്റൊരു വ്യത്യസ്തത. അവസാനത്തെ ഇരട്ടക്ലൈമാക്സ് ആണ് എടുത്തുപറയേണ്ടത്. ഏച്ചുകെട്ടിയ രംഗങ്ങളോ അശ്ലീലസംഭാഷണങ്ങളോ അമിതമായ വയലൻസൊ ഒന്നും തന്നെ ഈ ചിത്രത്തിലില്ല. ഹൃദയത്തിൽ തട്ടുന്ന കണ്ണുനനയിക്കുന്ന ഒരുപാട് നിമിഷങ്ങൾ പറവയുടെ പ്രത്യേകതയാണ്.

ഇച്ചാപ്പിയായി എത്തിയ അമൽ ഷായും ഹസീബ് ആയി എത്തിയ ഗോവിന്ദും സിനിമയുടെ മുതൽക്കൂട്ടാണ്. ഇമ്രാൻ എന്ന മട്ടാഞ്ചേരിക്കാരനായി ദുൽഖർ ഏവരുടെയും മനസ്സ് കീഴടക്കും. ഇതുവരെ കാണാത്തൊരു ഗെറ്റപ്പിലും ശരീരഭാഷയിലുമാണ് ദുൽഖർ എത്തുന്നത്. ഷെയിൻ എന്ന കഥാപാത്രമായി ഷെയിൻ നിഗം ഗംഭീരപ്രകടനം കാഴ്ചവച്ചിരിക്കുന്നു. ഹരിശ്രീ അശോകൻറ്റെ മകൻ അർജുൻ അശോകൻ, സൈനുദ്ദീൻറ്റെ മകൻ സിനിൽ, ജേക്കബ് ഗ്രിഗറി, ഇന്ദ്രൻസ്, സിദ്ദിഖ്, ജാഫർ ഇടുക്കി, ശ്രിന്ദ അർഹാൻ, ഷൈൻ ടോം ചാക്കോ, സൗബിൻ, ശ്രീനാഥ് ഭാസി‌ ഇവരെല്ലാം വേഷങ്ങള്‍ ഗംഭീരമാക്കി.

(മനോജ്‌ തൈക്കൂട്ടത്തിൽ, നീണ്ടൂർ)


ബിസ്സിടോൺ (കവിത)

ചില നേരങ്ങളിൽ
പരിധിയുടെ വര മൺമറയും
ചാർജ് വറ്റി,
വരണ്ടുണങ്ങിയ കിണർ
നെഞ്ചിൽ
ഉറവ കാത്തുകിടക്കും
ആഴങ്ങളിൽ
വാക്കുകൾ ഇലകളായ് തലോടുന്നു
കരിമ്പടം പുതച്ചൊരു തണുവൂറുന്നു
ഉറവയാകുന്നു
പ്രണയം ചാർജ് ചെയ്യുന്നു
ആത്മാവിൽ ഒരു സിംകാർഡ്
ഋതുക്കൾക്ക് ചിറകുനൽകുന്നു
പനിക്കിടക്കയിലെന്നപോൽ
പ്രണയത്തിനും പൊള്ളുന്നൊരുടലുണ്ട്
പറഞ്ഞു പറഞ്ഞു തീ കയറിയ കാതുണ്ട്.
പൂവിനാൽ ഒന്നു ചുരണ്ടു
കടലല പോലെ കാണാം
കരൾ നിറയെ അക്കങ്ങൾ
പരിഭവിച്ചും കിന്നരിച്ചും
ടോപ്പ് അപ്പ് ചെയ്യണം.
ഇടിമുഴക്കം;
ഇടയ്ക്കിടെയുള്ള മിനിറ്റ്. മൈൻഡറിൻറ്റെ ശബ്ദം
ഒരു അധിനിവേശത്തിൻറ്റേതെന്ന്
ഒരുപോലെ പെയ്ത് തോരുന്നു.
ഇനി
വഴിപ്പൊത്തിൽ ഒളിച്ച
പ്രണയലേഖനങ്ങൾ
മണ്ണടിഞ്ഞ പ്രണയത്തിൻറ്റെ
നാട്ടുചരിതം എഴുതുന്നു.

(സി. പി സതീഷ് കുമാർ, നീണ്ടൂർ - 9446493759)



അടുക്കള - പന്നിയിറച്ചി മപ്പാസ്

ആവശ്യമായ ചേരുവകൾ :-

1. പന്നിയിറച്ചി ചെറിയ കഷ്ണങ്ങളാക്കിയത് : 1 കിലോ
2. സവോള വലുത് : 3 എണ്ണം
3. തക്കാളി : 1 എണ്ണം
4. ഇഞ്ചി ചെറിയ കഷ്ണം : 2
5. വെളുത്തുള്ളി : 2 അല്ലി
6. കടുക് : ആവശ്യത്തിന്
7. എണ്ണ : ആവശ്യത്തിന്
8. പച്ചമുളക് : 2 എണ്ണം
9. കറിവേപ്പില : ആവശ്യത്തിന്
10. മഞ്ഞൾ പൊടി : 1/4 ടീസ്പൂൺ
11. ഗരം മസാല : 1/2 ടീസ്പൂൺ
12. മീറ്റ് മസാലപ്പൊടി : 1 ടീസ്പൂൺ
13. മല്ലിപ്പൊടി : 1/2 ടീസ്പൂൺ
14. ഉപ്പ് : ആവശ്യത്തിന്
15. തേങ്ങാപ്പാൽ അല്ലെങ്കിൽ പശുവിൻ പാൽ : 1 കപ്പ്
16. ഏലക്ക : 2 എണ്ണം

തയ്യാറാക്കുന്ന വിധം :-

പാത്രത്തിൽ എണ്ണ ഒഴിച്ച് ചൂടായ ശേഷം കടുക് പൊട്ടിക്കുക. അതിന് ശേഷം കറിവേപ്പില, അരിഞ്ഞു വെച്ചിരിക്കുന്ന സവോള ,വെളുത്തുള്ളി, പച്ചമുളക്, ഇഞ്ചി, തക്കാളി - ഇവ നന്നായി ഇളക്കി വഴറ്റുക. (പെട്ടെന്ന് വഴളാൻ ഇത്തിരി പഞ്ചസാര ഇട്ടാൽ മതി). ഇതിലേക്ക് എടുത്തുവെച്ചിരിക്കുന്ന മഞ്ഞൾ പൊടി, മല്ലിപ്പൊടി, ഗരം മസാലപ്പൊടി, മീറ്റ് മസാല - ഇവയിട്ട് ഒന്ന് നന്നായി ഇളക്കിയ ശേഷം എടുത്തു വെച്ചിരിക്കുന്ന തേങ്ങാപ്പാൽ അല്ലെങ്കിൽ പശുവിൻ പാലിൻറ്റെ പകുതി ഒഴിക്കുക. ബാക്കി ആവശ്യത്തിന് വെള്ളവും ഒഴിക്കുക. ഒന്ന് ഇളക്കി, നന്നായി ചൂടായ ശേഷം ഏലക്കായും, കഷ്ണങ്ങളാക്കി കഴുകിവെച്ചിരിക്കുന്ന പന്നിയിറച്ചിയും ഉപ്പും ഇട്ട് ഇളക്കി ചെറുതീയിൽ മൂടി വെക്കുക. ഇടയ്ക് ഇളക്കി കൊടുക്കുക. വെന്തു കഴിയുമ്പോൾ ബാക്കി ഇരിക്കുന്ന തേങ്ങാപ്പാൽ അല്ലെങ്കിൽ പശുവിൻ പാൽ ഒഴിച്ച് മൂടി വെച്ച് ഒന്നൂടെ ചൂടായ ശേഷം അടുപ്പിൽ നിന്ന് വാങ്ങിവെച്ച് ഉപയോഗിക്കാവുന്നതാണ്. അപ്പത്തിൻറ്റെ കൂടെയോ, ചോറിൻറ്റെ കൂടെയോ കഴിച്ചാൽ സ്വാദിഷ്ഠമായിരിക്കും.

(റോജി തോമസ്‌ജോ പതിയിൽ, ഇറ്റലി)


ശാന്തിദൂത് (കവിത)

വിശ്വമൊരുവട്ടമർക്കനെച്ചുറ്റുമ്പോൾ
വിശ്വമയൂരം പൊഴിക്കുന്നൊരു പീലി
വർണ്ണാഭമാം മയിൽപ്പീലിയിലങ്ങിങ്ങായ്‌
ജീർണ്ണതയെത്രയോ കാണുന്നു മാനവർ !

ദ്വന്ദയുദ്ധങ്ങൾക്കു സാക്ഷ്യം കുറിക്കുന്ന
വന്ദ്യരാമായണം തൊട്ടു തുടരുന്ന
ദേശ, ദേശാന്തര യുദ്ധങ്ങളൊന്നുമേ
ഏശാത്ത ഭൂതലമുണ്ടായിരിക്കുമോ ?

എന്തെന്തു ഭീകര തന്ത്രം മെനയുന്നു,
ജന്തുക്കളാണിതിൽ ഭേദമെന്നോർക്കുക.
ആഴക്കടലിലെ മത്സ്യങ്ങൾ പോലുമേ
വാഴുന്നു സന്തുലിതയ്ക്കു വിധേയരായ്.

പതിനൊന്നുപോൽ തോന്നുമാ സൗധദ്വയം
പതിനൊന്നാം നാളിൽത്തകർത്തു ഭ്രാന്തന്മാർ.
വിശ്വസപ്‌താത്ഭുതമൊന്നു തകർന്നിടിൽ
വിശ്വസംസ്ക്കാരത്തിനാഘാതമല്ലയോ ?

ലോകകോണങ്ങളിലെങ്ങു നിന്നാകിലും
ഭീകരവാദം തുടച്ചുമാറ്റിടുവാൻ
വംശീയ, ദേശീയ, രാഷ്ട്രീയ ചിന്തകൾ
മേശമേൽ മാത്രമൊതുക്കിടൂ സോദരെ !

(പീറ്റർ നീണ്ടൂർ)


ഓരോന്ന് ഉണ്ടാകുന്നത് (കവിത)

നാലുനാൾ
പോക്കേപോണ മഴയും
ഊരു തരാത്ത ദീനവും

പൊടുന്നനെ
ഒരു ന്യൂജെൻ
പട്ടിണിക്കാലം

കാലുകൾ തുരുമ്പെടുത്ത്
കാന്തങ്ങളോളം
വീടിനോടു പറ്റുന്നു

വിരലുകൾ
പ്രണയവരൾച്ചയിലാവിച്ച്
അച്ഛൻറ്റെ കീശ -
പിടിച്ചടക്കിയ പഴയ
മുഷ്‌ക്കിനെ പരതുന്നു

ഏകാന്തതയും
വിരഹവും
പൊലിപ്പിച്ചു പിടിക്കുന്ന
കവിതകളുടെ
പാത്തുകളികാലമാണ്
വിവാഹനന്തരം എന്ന്
അശരീരികൾ ഉണ്ടാകുന്നു

ഒരു വാക്ക് പിഴുതുവച്ചെങ്കിലും
കവാടം കൊടുക്കയാൽ
ഇറങ്ങി പുറപ്പെടാൻ
പാകത്തിന്
അർത്ഥങ്ങൾ അകത്ത്
പെറ്റുപെരുകുന്നു.

(സി. ആർ ശ്രീജിത്ത്, നീണ്ടൂർ)


സുനന്ദ എന്ന എഴുത്തുകാരി (നോവൽ)-5

കഥ ഇതുവരെ - (പുതിയ വായനക്കാർക്കുവേണ്ടിയുള്ള ചെറിയ ഒരു ആമുഖം.) ചുരുങ്ങിയ കാലംകൊണ്ട് മലയാളികളുടെ മനസ്സിൽ ഇടംനേടിയ സാധാരണക്കാരിയായ നോവലിസ്റ്റാണ് സുനന്ദ. സാമ്പത്തിക പ്രാരാബ്ദം മൂലം ഇടക്കുവെച്ചു കലാലയ ജീവിതം നിർത്തേണ്ടി വന്നെങ്കിലും, സ്വന്തം കഴിവും അതിലുപരി കഠിനാദ്ധ്വാനവും ആത്മവിശ്വാസവും കൊണ്ട് ഇന്ന് മലയാളികളുടെ കണ്ണിലുണ്ണിയായി, പ്രത്യേകിച്ച് വീട്ടമ്മമാരുടെയും ചെറുപ്പക്കാരുടെയും ആവേശമായി മാറിയ സുനന്ദയുടെ ജീവിതത്തിലെ ആരും അറിയാത്ത നൊമ്പരങ്ങളുടെയും വിരഹത്തിൻറ്റെയും, അവളെ കഥാകാരിയാക്കിയ സാഹചര്യത്തിൻറ്റെയും ചുരുളഴിയുന്ന കഥകൾ. ഒരു കഥാകാരിയുടെ മാനസിക സംഘർഷങ്ങൾ തുറന്നുകാട്ടുന്ന നോവൽ - സുനന്ദ എന്ന എഴുത്തുകാരി - തുടർന്ന് വായിക്കുക.

അയ്യോ! നേരം നാലുമണി ആയോ ? സുനന്ദ തലയണ അടിയിൽനിന്നു വാച്ചെടുത്തു നോക്കി. ഇതെന്താ, ഇന്നു കുട്ടന്മാപ്പിളയുടെ പൂവങ്കോഴിക്കു തെറ്റ്പറ്റിയല്ലോ, അങ്ങനെ വരാൻ കാര്യമില്ലല്ലോ ..... ? ഏതായാലും അടുക്കളയിൽ പോയി അല്പ്പം കട്ടനും കൂടി ഇടാം. അവൾ ഗോവണിയിറങ്ങി അടുക്കളയിലേക്കു നടന്നപ്പോൾ ചുവരിലെ ഘടികാരത്തിലെ കിളിവാതിൽ തുറന്നു കിളി നാലു ചിലച്ചിട്ടു ഉള്ളിലേക്ക് കയറിപോയി.

അപ്പോൾ കോഴിക്കല്ല തെറ്റുപറ്റിയത്, തൻറ്റെ വാച്ച് ചത്ത്‌പോയതായിരിക്കുമെന്ന് അവൾ നിനച്ചു. കട്ടനുമായി മുകളിലേക്ക് കയറിയെങ്കിലും ആകെ ഒരു മൂഡില്ലായ്മ അവളുടെ മനസ്സിനെ അലോസ്സരപ്പെടുത്തി. എന്തോ, നാലുമണിവരെ ഉറക്കം ഇളച്ചിട്ടും കാര്യമായിട്ടൊന്നും എഴുതുവാൻ അവൾക്കു സാധിച്ചില്ല. എന്തോ, കയ്യെത്തുന്നിടത്ത് മനസ്സെത്തുന്നില്ല... മനസ്സോടുന്നിടത്ത് അക്ഷരങ്ങൾ കൂട്ടിയിണക്കുവാൻ നന്നേ പ്രയാസ്സപെടുന്നു. വായിക്കുന്നവർ അറിയുന്നുണ്ടോ ഒരു ഹൃദയഹാരിയായ കഥയെഴുതുന്ന കഥാകാരൻറ്റെയോ കഥാകാരിയുടെയോ ഹൃദയം നുറുങ്ങുന്ന വേദന. ഹൃദയം നുറുങ്ങുന്ന വേദനയും നീറ്റലും ഉള്ളവരിൽ മാത്രമേ ഹൃദയഹാരിയായ കഥയും കവിതയും വിടരുകയുള്ളൂ എന്ന്‌ പണ്ടാരോ പറഞ്ഞത് എത്ര സത്യം, സുനന്ദ മനസ്സിൽ ഓർത്തു.

ജീവിതം ഒരു സ്വപ്നം (സുനന്ദ)

"എനിക്കീ കല്യാണം വേണ്ട, സീതേടത്തി ഏട്ടനോട് പറയണം" മാളു തറപ്പിച്ചു പറഞ്ഞു. "ഞായറാഴ്ച ഞാൻ വല്ലവഴിക്കും ഇറങ്ങിപോകും, എനിക്കവരുടെ മുൻപിൽ കെട്ടിയൊരുങ്ങി നിൽക്കാൻ മനസ്സില്ല."

"നീ ഒന്ന് സമാധാനിക്കു മക്കളെ, ആകെ അശോകേട്ടൻ വലിയ മനപ്രയാസ്സത്തിലാ നിന്നെയോർത്ത്, ഞാൻ എല്ലാം സാവധാനം പറഞ്ഞു മനസ്സിലാക്കാം, നീ ഈ ഏട്ടത്തിക്ക്‌ വാക്കുതരണം."

മാളു മനസ്സില്ലാ മനസ്സോടെ സമ്മതിച്ചു. വലിയ ഒരു മഴപെയ്തു മാറിയ മാനംപോലെ സീതയുടെ മുഖം പ്രസ്സന്നമായി.

"സുധീീ ....., ഞായറാഴ്ച ഒരു ചെറുക്കൻ എന്നെ പെണ്ണുകാണാൻ വരും, ഞാൻ ആകെ ടെൻഷനിലാ ..."

എന്തുചെയ്യും! തൻറ്റെ പെണ്ണ് മറ്റൊരുത്തൻറ്റെ മുൻപിൽ അണിഞ്ഞൊരുങ്ങി നില്ക്കുന്നത് അവനു സങ്കൽപ്പിക്കുവാൻ പോലും കഴിയുന്നതിലും അപ്പുറമായിരുന്നു.

"എൻറ്റെ അവസ്ഥ നീ മനസ്സിലാക്ക് മോളുട്ടി ..." അവൻ അവളുടെ കയ്യിൽപിടിച്ചു ഏങ്ങൽ അടിച്ചു കരഞ്ഞു.

"ഇല്ല സുധി, ഈ ജന്മം ഞാൻ വേറൊരാളുടെ മുൻപിലും താലികെട്ടുവാൻ ഈ കഴുത്ത് കുനിച്ചുകൊടുക്കില്ല, ഇതു നിന്നെ ജീവന് തുല്യം സ്നേഹിക്കുന്ന മാളുവിൻറ്റെ വാക്കാ ..."

"നിന്നെ എനിക്ക് വേണം. നീ എൻറ്റെത് മാത്രമാണ് കുട്ടി, ഈ ജന്മം നിന്നെ ആർക്കും വിട്ടുകൊടുക്കില്ല. സന്തോഷത്തിലും സന്താപത്തിലും നമ്മൾ ഒന്നിച്ചു കാലം തള്ളിനീക്കും. ജോലി കഴിഞ്ഞു വിഷമിച്ചു വരുന്ന സായാഹ്നങ്ങളിൽ എൻറ്റെ വീടിൻറ്റെ ഉമ്മറപ്പടിയിൽ ഒരുഗ്ലാസ് ചൂട് ചായയുമായി നീ കാത്തിരിക്കണം. എൻറ്റെ തെറ്റുകൾ ചൂണ്ടികാണിച്ചു നേർവഴിക്കു നയിക്കുവാനും, നമ്മുടെ മക്കൾക്ക്‌ നല്ല ഒരു അമ്മയും അതിനപ്പുറം നല്ല ഒരു കൂട്ടുകാരിയുമായിരിക്കണം. ജീവിത ദുരിതങ്ങൾ നെഞ്ചോടുചേർത്തു പകുത്തെടുക്കുവാനും, വീഴ്ചകളിൽ കാലിടറാതെ താങ്ങി നിർത്തുവാനും സങ്കടങ്ങളിൽ സ്വാന്ത്വനമേകുവാനും നീ എൻറ്റെ വാമഭാഗത്ത്‌ ഉണ്ടാകണം. ലാഭ നഷ്ടങ്ങളുടെ കണക്കു നോക്കാതെ ഈ ജീവിത യാത്ര സഫലമാക്കുവാൻ നീ വരില്ലേ മാളൂട്ടി .....?"

സുധിയുടെ കണ്ഠം ഇടറുന്നുണ്ടായിരുന്നു. പരിസ്സരം മറന്നു മാളു അവനെ വാരിപുണർന്നു. ഇരു കവിളുകളിലും ചുംബന പെരുമഴ ചൊരിഞ്ഞു. സന്തോഷത്താൽ സുധിയുടെ കണ്ണിൽനിന്നും ആനന്ദാശ്രുക്കൾ അവളുടെ മാറിനെ നനയിച്ചുകൊണ്ട്‌ ഒഴുകികൊണ്ടിരുന്നു .....

ആറൻപതിനുള്ള ഷൊർണൂർ - തിരുവനന്തപുരം, വേണാട് എക്സ്‌പ്രസ് മനക്കൽപാടത്തുകൂടി ചൂളം വിളിച്ചു പാഞ്ഞു പോയിക്കൊണ്ടിരുന്നു... (തുടരും).

(അനിൽ പത്മാലയാ സിംഗപ്പൂർ, ഓണംതുരുത്ത്)


പറക്കാൻ ആകാശം നഷ്ടപ്പെട്ട പക്ഷികൾ

പാലക്കാട് ടൗൺ ബസ്സ്റ്റാൻഡിൽ സിമൻറ്റ് ബഞ്ചിൽ ചാരി വിനു ഇരുന്നു. ഇനിയെത്ര നേരം കഴിഞ്ഞാലാവും സ്റ്റാൻഡിൻറ്റെ കവാടം കടന്നു ഒറ്റപ്പാലത്തേക്കുള്ള ബസ് വരിക? തനിച്ചിരിക്കുക വലിയ ബുദ്ധിമുട്ടാണ്. പത്തു പതിനഞ്ചു വർഷങ്ങളായി വിദ്യാർഥിയായും അധ്യാപകനായും കോളേജിലെ ശബ്ദമുഖരിതമായ അന്തരീക്ഷത്തിൽ കഴിയുന്നതു കൊണ്ടാവും തനിച്ചിരിക്കുന്ന നിമിഷങ്ങളെ ഇപ്പോൾ പേടിയാണ്. നീറുന്ന ഓർമകളിലേക്കാണ് ഏകാന്തത എപ്പോഴും കൊണ്ടുപോകുന്നത്.നഗരമാകെ ഉണർന്നു കഴിഞ്ഞു. ഏഴുമണി ആവുന്നു. അത്യാവശ്യമായി കാണണമെന്ന് പറഞ്ഞു സുധീഷ് വിളിച്ചത് കൊണ്ടാണ് ഒറ്റപ്പാലത്തേക്കു യാത്രയായത്. കോളേജിലാണെങ്കിൽ പരീക്ഷ അടുത്ത സമയമായതുകൊണ്ടു കുറച്ചു തിരക്കാണ്, പല ക്‌ളാസുകളിലും പോർഷൻ തീരാനുമുണ്ട്. നേരിൽ കണ്ടു പറയണ്ട കാര്യമാണെന്ന് മാത്രമേ സുധീഷ് പറഞ്ഞുള്ളു, കാര്യം അറിഞ്ഞിട്ടു വേഗം മടങ്ങി പോവണം. എത്രയും വേഗം ബസ് വന്നെങ്കിൽ എത്ര നന്നായിരുന്നു. എന്തൊരു തിരക്കാണിവിടെ? ധൃതി പിടിച്ചോടുന്ന യാത്രക്കാർ. മിക്ക ബസുകളിലും കയറിക്കൂടാൻ തന്നെ വലിയ ബുദ്ധിമുട്ടാണ്.

മുന്നിലൂടെ കടന്നു പോയ ചില മുഖങ്ങളെ നല്ല പരിചയം പോലെ. ആരെന്നു തീർത്തു പറയാനാവില്ല. അഞ്ചു വർഷം ഇവിടെ ചെലവഴിച്ചിട്ടുണ്ട്. നഗരത്തിലെ പ്രശസ്തമായ കോളേജിൽ. അന്നൊക്കെ കൂട്ടുകാരോടൊപ്പം ഈ വഴി നടന്നതോർത്തു. ഇപ്പോൾ വല്ലപ്പോഴുമൊക്കെ ഈ നഗരത്തിൽ എത്തുമ്പോൾ എന്തൊരപരിചിതത്വമാണ്!

അവസാനം ഒറ്റപ്പാലത്തേക്കുള്ള ബസ് വന്നു. യാത്ര തുടങ്ങിയ വിവരം സുധീഷിനെ വിളിച്ചും പറഞ്ഞു. ഒന്നര മണിക്കൂർ കഴിഞ്ഞു ബസ് ടൗണിലെത്തുമ്പോൾ അവൻ അവിടെ കാത്തു നില്കും. ബസ് നഗരം വിട്ടു നാട്ടുവഴികളിലൂടെ സ്പീഡെടുത്തു. നേരിയ കുളിരുള്ള കാറ്റടിച്ചപ്പോൾ വിനു ചെറിയൊരു ഉറക്കത്തിലേക്കു വഴുതി വീണു. അടുത്തിരുന്നയാൾ തട്ടി വിളിച്ചപ്പോഴാണ് കണ്ണു തുറന്നതു, ഒറ്റപ്പാലമെത്താറായീ ട്ടോ, ഉണർന്നോളൂ..... പുഞ്ചിരിയോടെ അയാൾക്ക്‌ നന്ദി പറഞ്ഞു.

സുധീഷ് ബൈക്കിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു. അഞ്ചു വർഷങ്ങളായി തമ്മിൽ കണ്ടിട്ട്. ഒറ്റപ്പാലത്തു ബാങ്കുദ്യോഗസ്ഥനാണു സുധീഷ്. വല്ലപ്പോഴും ഫോണിൽ സംസാരിക്കാറുണ്ടെന്നല്ലാതെ പഴയ സൗഹൃദം ഒന്നുമില്ല. ഈയിടെയായി തന്നിലേക്കു തന്നെ ഒതുങ്ങി കൂടി ജീവിക്കുവാൻ മാത്രമേ താല്പര്യം ഉള്ളൂ, ആരുമായും അധികം കൂട്ടിനു പോവാറില്ല.

"വിനൂ, എത്ര നാളായെടാ കണ്ടിട്ട്....." സുധീഷിൻറ്റെ മുഖത്തെ ആഹ്‌ളാദം കണ്ടപ്പോൾ വീണ്ടും പഠനകാലത്തെ ഓർമകൾ മനസിൽ നിറഞ്ഞു.
"നീയെന്താ എന്നെ അത്യാവശ്യമായി വിളിച്ചത്‌?" മുഖവുരയില്ലാതെ ചോദിച്ചു.
"അതോ? പറയാം. നീ വാ.."

അവൻ ബൈക്കിൽ കടന്നിരുന്നു. ആകാംക്ഷയൊതുക്കി പിന്നിൽ കയറി. ബൈക്ക്‌ ഒരു കിലോമീറ്ററോളം പിന്നിട്ട്‌ ചെമ്മൺപാതയിലെത്തി ഒരു ചെറിയ വീടിൻറ്റെ മുന്നിൽ നിന്നു.

"എന്താ സുധീ ഇവിടെ?" അമ്പരപ്പോടെ വിനു ചോദിച്ചു.
"ഇവിടെയല്ല നിനക്ക്‌ പോവേണ്ടത്‌. ദാ, അവിടെയാണ്". സുധി എതിർവശത്തെ ഇരുനിലവീട്ടിലേക്ക്‌ വിരൽ ചൂണ്ടി. "നീ അവിടേക്കൊന്ന് ചെല്ലൂ, ബാക്കിയൊക്കെ നിനക്ക്‌ തനിയെ മനസ്സിലാവും, ഞാൻ ഓഫീസിൽ പോവാൻ തയ്യാറാവട്ടെ, നീ മടങ്ങി വന്നിട്ട്‌ നമുക്കൊരുമിച്ച്‌ പോകാം."

എതിർ വശത്തെ വീട്‌..... ആരാണവിടെ ഉണ്ടാവുക? ഒന്നും മനസ്സിലായില്ലെങ്കിലും സുധിയുടെ ശബ്ദത്തിലെ ഗൗരവം കണക്കിലെടുത്ത്‌ അവൻ പറഞ്ഞത്‌ പോലെ തന്നെ ചെയ്യാൻ തീരുമാനിച്ചു. ഗേറ്റ്‌ കടന്ന് നീളൻ മുറ്റത്തിനപ്പുറം വളപ്പിൽ നിറയെ ചെടികൾ നിറഞ്ഞ വീട്‌. ഒച്ചയനക്കങ്ങൾ ഒന്നുമില്ല. കാളിംഗ്‌ ബെല്ലിൽ കയ്യമർത്തി കുറച്ചു സമയം വിനുവിനു കാത്ത്‌ നിൽക്കേണ്ടി വന്നു.

പാദസ്വര ധ്വനി അടുത്തടുത്ത്‌ വരുന്നതും വാതിൽപാളികൾ തുറക്കുന്നതും വിനു അറിഞ്ഞു. പുറത്തേക്ക്‌ നീണ്ട മുഖം കണ്ട്‌ ആശ്ചര്യപ്പെട്ടു.

"രേഷ്മയല്ലേ ഇത്‌......! ഇവിടെ?"
വിസ്മയത്തോടെ അവളെ നോക്കി നിന്നു പോയി. നിറം പിടിച്ച ഓർമ്മകൾ മനസ്സിലുണർന്നപ്പോൾ ഹൃദയം ആഹ്‌ളാദം കൊണ്ടു നിറഞ്ഞു. വിഷാദം നിറഞ്ഞ മുഖമുള്ള, നന്നായി വയലിൻ വായിക്കുമായിരുന്ന, വെളുത്തു കൊലുന്നനെയുള്ള ആ പെൺകുട്ടിയെ ഒരിക്കലും മറക്കാൻ കഴിഞ്ഞിരുന്നില്ലല്ലോ. ഒന്നാം വർഷ പ്രീഡിഗ്രി ക്ലാസ്സിൽ വച്ചേ ആ മിഴികളിലെ വിഷാദത്തോടു അടുപ്പം തോന്നിയിരുന്നു. അഞ്ചു വർഷം ആ സ്നേഹം ഹൃദയത്തിലൊളിപ്പിച്ചു വച്ചു. ഒരിക്കലും പറയാനൊട്ടു കഴിഞ്ഞതുമില്ല.

"സോറി, ഞാൻ ആദ്യം തിരിച്ചറിഞ്ഞതേ ഇല്ല....." ജാള്യതയോടെ അവൻ മന്ത്രിച്ചു
"നേര് തന്നെ. ആരും എന്നെ തിരിച്ചറിയുന്നില്ല വിനു. എല്ലാരും എന്നെ മറന്നു അല്ലെ". അവളുടെ നേർത്ത ചുണ്ടുകൾ വിതുമ്പി .
"അത് പോട്ടെ, എന്തേ ഇയാളിപ്പോ ഇവിടെ?" അവളുടെ അന്വേഷണം .
"രേഷ്മ എന്തെടുക്കുന്നു?" അങ്ങോട്ടു ചോദിച്ചു. അവൾ വിവാഹിതയായോ എന്നറിയാനായിരുന്നു വിനുവിന് തിടുക്കം.

ഇനിയും പറയാൻ മിച്ചം വച്ച, അറിഞ്ഞിട്ടും അറിയാത്തതായി അവൾ ഭാവിച്ചിരുന്ന തൻറ്റെയാ മൗനപ്രണയത്തെ പറ്റി ഇന്നെങ്കിലും പറയണം. ഇന്നും ഹൃദയത്തിൽ നീലനക്ഷത്രം പോലെ തിളങ്ങുന്ന മുഖം അതാണെന്നും പറയണം. ഒന്നിനുമല്ല വെറുതെ, ഒരു ആത്മസംതൃപ്തിക്ക്.....

"ഒത്തിരി വിശേഷം പറയാനുണ്ട്. വിനു, അകത്തേക്ക് വരൂ...." അവൾ അപേക്ഷിക്കും പോലെ മുഖത്തേക്ക് നോക്കി. ആ മിഴികളിലേക്കു നോക്കുമ്പോൾ അവളുടെ സാമീപ്യത്തിൽ വിറകൊള്ളുന്ന ആ പഴയ യുവാവാണ് താൻ എന്ന് അവനു തോന്നി. അഞ്ചു വർഷത്തെ സ്നേഹം മുഴുവൻ അവൾക്കായി സൂക്ഷിച്ചവനാണ് താൻ. ഇന്നിപ്പോൾ തികച്ചും അന്യയാണെങ്കിലും ക്ഷണിക്കുന്നത് തൻറ്റെ പഴയ രേഷ്മയാണെന്നു വിനുവിന് തോന്നി. അതുകൊണ്ടു തന്നെ പരിചയമില്ലാത്ത വീട്ടിലേക്കു കടന്നു ചെല്ലുന്ന അനൗചിത്യം മാറ്റി വച്ചു കൊണ്ട് അവൻ പൂമുഖത്തേക്കു കടന്നു.

"മനുക്കുട്ടൻ ഉറങ്ങുകയാ..... ഉണരുമ്പോൾ ഞാൻ അടുത്തില്ലെങ്കിൽ ശരിയാവില്ല. അത് കൊണ്ടാ അകത്തേക്ക് വരാൻ പറഞ്ഞത്." ക്ഷമാപണത്തിൻറ്റെ സ്വരത്തിൽ അവൾ തുടർന്നു.
"വിനൂ, ബുദ്ധിമുട്ടായോ?" അവൻറ്റെ മുഖത്തെ വൈമുഖ്യം കണ്ടു അവൾ ചോദിച്ചു.
"ഏയ്, ഒട്ടുമില്ല. രേഷ്മയോടൊന്നു മിണ്ടാൻ തന്നെ പണ്ടൊക്കെ എത്ര കഷ്ടപ്പെട്ടിട്ടുണ്ടെന്നറിയുമോ?"

ചോദിച്ചപ്പോൾ തൻറ്റെ ശബ്ദം കാതരമായോ? വിനുവിന് സംശയമായി. ഏതൊക്കെയോ ഓർമകളിൽ പതുക്കെ ചിരിച്ചു കൊണ്ട് ഇടനാഴിയിലൂടെ നടക്കുന്ന രേഷ്മ. ആ കവിളുകളിൽ നാണം കലർന്ന പോലെ വിനുവിന് തോന്നി.

അവൻ തളത്തിലെ സോഫയിൽ ഇരുന്നു. മനു ആരാണെന്നറിയാനുള്ള വ്യഗ്രതയിലാണ് മനസ്സ്. ഭർത്താവാണോ? അതോ കുട്ടിയോ? ഗ്ലാസ്സുള്ള ഷെൽഫിൽ വൃത്തിയായി അടുക്കിയ പുസ്തകങ്ങൾ. ആകാശ നീലിമ കലർന്ന ഡോർ കർട്ടനുകൾ. ക്രീം നിറമുള്ള പെയിൻറ്റ് ഇട്ട ചുവരുകൾ. അവൻ മുറി ആകെയൊന്നു നോക്കി.

ഏറെ നേരമായോ ഇവിടിങ്ങനെ ഇരിക്കാൻ തുടങ്ങിയിട്ട് - രേഷ്മ എവിടെ? പഴയ ഓർമകളിൽ വീണ്ടും കുടുങ്ങി പോയിരുന്നു മനസ്. എത്ര മനോഹരമായിരുന്നു ആ ദിനങ്ങൾ! രേഷ്മയോട് ഇഷ്ടമാണോ എന്ന് ചോദിച്ചാൽ, വിനൂ, നൂറു രൂപ ഞാൻ നിനക്ക് തരും, ഇല്ലെങ്കിൽ എനിക്ക് നൂറു രൂപ. മാത്യൂസ് വാശി പിടിപ്പിക്കും. രേഷ്മയുടെ മുന്നിൽ ചെന്നു നിൽക്കുന്നത് വരെ ധൈര്യമാണ്, പിന്നെ ആ കണ്ണുകളിലെ വിഷാദത്തിൽ മുങ്ങി പരാജിതനായി മടങ്ങി പോരും. മാത്യൂസിന് ആ ദിവസങ്ങളിൽ കുശാലാണ്. എന്തൊക്കെയായിരുന്നു പഴയ കുസൃതികൾ.....

രേഷ്മ നടന്നു വരുന്ന ശബ്ദം. പണ്ടത്തേതിൽ നിന്നും രേഷ്മയുടെ സ്വഭാവം ഒട്ടും മാറിയിട്ടില്ലെന്ന് വിനു ഓർത്തു. അവളുടെ കഴുത്തിലിന്നും സ്വർണം കൊരുത്ത ആ കറുത്ത മുത്ത് മാല തന്നെയാണ്. രേഷ്മയുടെ വിവാഹം കഴിഞ്ഞിട്ടില്ലേ? ആ ഓർമയിൽ വിനുവിന് ഉന്മേഷം തോന്നി.

"ഇതാ കഴിക്കു വിനു....." അവൾ ചായയും ചിപ്സും മുന്നിൽ വച്ചു.
"മനു എവിടെ?" വെറുതെ ചോദിച്ചു.
"ഉറങ്ങുകയാ..... ഉണർത്തണ്ട എന്ന് കരുതി." അവൾ അടുത്തു വന്നിരുന്നു.
"ഇനി പറയ്, എന്താ വിശേഷം?" അവൾ കൗതുകത്തോടെ അവൻറ്റെ മുഖത്തേക്ക് നോക്കി.
"എന്ത് വിശേഷം? പി.ജി കഴിഞ്ഞു, ഞാൻ ഇപ്പോൾ ഷൊർണൂർ ഗവണ്മെൻറ്റ് കോളേജിൽ ലെക്ച്ചറർ ആണ്. സുധി ഇവിടെ അടുത്താണ് താമസം, അവനെ കാണാൻ വന്നപ്പോൾ, അവനാണ് എന്നെ
ഇവിടേക്ക് അയച്ചത്. രേഷ്മക്കോ, എന്താ വിശേഷം?"

അവൾ കുറച്ചു സമയം മുഖം കുനിച്ചിരുന്നു- പിന്നെ ഒരു മുഖവുരയും ഇല്ലാതെ പറഞ്ഞു തുടങ്ങി.

"കഴിഞ്ഞ വർഷം എന്നെ തനിച്ചാക്കി ഡാഡി മരിച്ചു. എന്നും ഞാൻ തനിച്ചു തന്നെ ആയിരുന്നല്ലോ..... അഞ്ചാം വയസ്സിൽ എനിക്ക് കുഞ്ഞനിയനെ കൊണ്ട് വരാമെന്നു മോഹിപ്പിച്ചു ആസ്പത്രിയിലേക്ക് പോയ അമ്മ തിരിച്ചു വന്നത് ജീവനില്ലാതെയാണ്, ആ കുഞ്ഞും. മുംബൈയിൽ ജോലി ചെയ്തിരുന്ന ഡാഡിക്ക് എന്നെ തനിയെ നോക്കി വളർത്താനുള്ള സാഹചര്യം ഇല്ലായിരുന്നു. അതുകൊണ്ടു ബാല്യം മുതൽ മുത്തശ്ശിക്കൊപ്പമായിരുന്നു ഞാൻ വളർന്നത്. അമ്മയുടെ മരണശേഷം ഞാൻ പരിചയിച്ച ഏകാന്തത എന്നുമെൻറ്റെ കൂട്ടിനുണ്ടായിരുന്നു. കോളേജ് കാലഘട്ടത്തിൽ പോലും എൻറ്റെ മേൽ വീണ മൗനത്തിൻറ്റെ മുഖം മൂടി അഴിച്ചു മാറ്റാൻ എനിക്കായില്ല."

"ബാല്യത്തിലും കൗമാരത്തിലും പുസ്തകങ്ങൾ മാത്രമായിരുന്നു എൻറ്റെ കൂട്ടുകാർ. അവയിലൂടെ ജീവിക്കാൻ ശ്രമിച്ച നാളുകളിലൊന്നിലാണ് മനസിലൊരു ജന്മം ഉണ്ടായത്. മനുവിൻറ്റെ..... അവനെൻറ്റെ പൊയ്‌പ്പോയ അനുജനായിരുന്നു. ഏകാന്തതയിൽ ഞാനവനെ സ്വപ്നം കണ്ടു. എപ്പോഴും തനിച്ചിരിക്കാൻ ഞാനിഷ്ടപ്പെട്ടതും അത് കൊണ്ടായിരുന്നു. അവൻറ്റൊപ്പം സമയം പങ്കിടാൻ, അവൻറ്റൊപ്പം കളിക്കാൻ. വിനൂനറിയുമോ, അവനൊരു മുഖം തേടുകയാണ് ഞാനിപ്പോൾ. പരിചയിച്ച മുഖങ്ങളൊന്നും അവനു ചേരില്ല. പാവം മനു, ഇനിയെന്നാണവനൊരു മുഖം ഉണ്ടാവുക? അവൾ വിതുമ്പി."

"അപ്പോൾ മനു?" കേട്ടതൊന്നും മനസിലാവാതെ ചോദിച്ചു പോയി.
"ദാ, ഉറങ്ങുന്നു. ഇപ്പൊ ഉണർത്താട്ടോ...." മിഴിനീർ തുടച്ചു രേഷ്മ എഴുന്നേറ്റു.
എന്തൊക്കെയാണിത് ? ഒന്നും മനസ്സിലാവുന്നേയില്ലല്ലോ..... രേഷ്മ എന്തൊക്കെയാണ് പറയുന്നത്? അവളെ കാണുന്നില്ലല്ലോ? ആകാശ നീലിമ കലർന്ന ഡോർകർട്ടൻ കാറ്റിലിളകി.
പൊടുന്നനെ ഒരു തേങ്ങലിൻറ്റെ ചിലമ്പിച്ച ഒച്ച കേട്ടു വിനു അകത്തേക്ക് ചെന്നു.
കിടക്കയിൽ കമിഴ്ന്നു കിടന്നു കരയുന്ന രേഷ്മ.
"എന്താ മോളെ?" അവളെ തൊട്ടു വിളിച്ചു .
"മനു... അവൻ പോയി വിനൂ", അവൾ നെഞ്ചിലേക്ക് വീണു ആർത്തലച്ചു കരഞ്ഞു . "എന്നോട് പറയാതെ..... എൻറ്റെ മനു....." നെഞ്ചിലേക്ക് കണ്ണീരിൻറ്റെ നനവ് പടർന്നിറങ്ങുകയാണ്.
അവൾ ശ്വാസം മുട്ടുന്നത് പോലെ പിടഞ്ഞു. പിന്നെ ജനലരികിലേക്കു ചെന്നു പുറത്തു റോഡിലേക്ക് നോക്കി .
"വിനൂ, ഈയിടെയായി അവനിങ്ങനെയാ. ഇടയ്ക്കിടക്ക് വീട് വിട്ട് പോവും. അവനെന്നോട് പിണങ്ങീട്ടുണ്ടാവുമോ?" അവൾ തേങ്ങലോടെ ചോദിച്ചു.

എന്ത് മറുപടി പറയണമെന്ന് ശങ്കിച്ചു വിനു അവളെ നോക്കി. പൊടുന്നനെ, റോഡിലൂടെ നടന്നു പോവുന്ന പച്ച ഷർട്ടണിഞ്ഞ ഒരുവനെ ചൂണ്ടി അവൾ പറഞ്ഞു.
"നോക്കൂ, ദാ മനു..... ആ ഷർട്ടില്ലേ, കഴിഞ്ഞ പിറന്നാളിന് ഞാൻ അവന് വാങ്ങി കൊടുത്തതാ..... ഇവിടെ തന്നെ നിൽക്കണേ വിനൂ, ഞാനവനെ കൂട്ടി വരാം."

വാതിൽപ്പടിയിൽ നിൽക്കുകയായിരുന്ന വിനുവിനെ കടന്നു അവൾ ഓടി പുറത്തിറങ്ങി ഗേറ്റ് കടന്നു. അമ്പരപ്പ് വിട്ടു മാറാതെ വിനു ചുറ്റും നോക്കി. ആകെ അലങ്കോലപ്പെട്ടു കിടക്കുന്ന മുറി. തുറന്നു കിടക്കുന്ന വാർഡ്രോബ് നിറയെ പുതുമണം മാറാത്ത ഷർട്ടുകളും തുണിത്തരങ്ങളും. അവയ്ക്കിടയിൽ ഒരു പച്ച ഷർട്ട്..... എന്ത് ചെയ്യണമെന്ന് വിനുവിന് സംശയമായി.

വിനു വീടിനു പുറത്തിറങ്ങി, മുറ്റവും കടന്നു ഗേറ്റ് തുറന്നു പുറത്തിറങ്ങിയപ്പോൾ സുധി കാത്തു നിൽക്കുന്നു, കൂടെ നേര്യതണിഞ്ഞ, മുടി നരച്ച ഒരു വൃദ്ധയും.

"വിനൂ, രേഷ്മയെ കണ്ടില്ലേ? ഇതു രേഷ്മയുടെ മുത്തശ്ശിയാണ്," ആ വൃദ്ധയെ ചൂണ്ടി സുധി പറഞ്ഞു. ആ അമ്മയുടെ മിഴികളിൽ നീർ പൊടിഞ്ഞു.

"ഞാൻ ക്ഷേത്രത്തിൽ പോയതാണ് കുട്ടീ, മടങ്ങി വന്നപ്പോൾ ദാ....", റോഡിൻറ്റെ അങ്ങേയറ്റത്തേക്കു അവർ വിരൽ ചൂണ്ടി. മനുവിനെ കണ്ടോ എന്ന് എല്ലാവരോടും തിരയുന്ന രേഷ്മ .

രേഷ്മക്കു ഒന്നുമില്ല മോനെ, നിങ്ങൾ അവളെ വെറുക്കരുതേ, എൻറ്റെ കുട്ടീടെ വിധി ഇങ്ങനെയായി പോയി, ആ അമ്മ വീണ്ടും വിതുമ്പി.ഒന്നും മിണ്ടാതെ യാത്ര പോലും പറയാതെ വിനു മുന്നോട്ടു നടന്നു. പിന്നിലുയർന്ന തേങ്ങലിൽ മനസ്സ് തളരുകയാണ്. എന്നിട്ടും തിരിഞ്ഞു നോക്കാൻ പോലും വയ്യ. വർഷങ്ങൾക്കപ്പുറത്തു ഹൃദയത്തിൽ പ്രതിഷ്ഠിച്ച സൗന്ദര്യദേവത മുടിയൊക്കെ അലങ്കോലമാക്കി പിറുപിറുത്തു കൊണ്ട് നടക്കുന്ന കാഴ്ച ഇനിയും കാണാൻ വയ്യ.

"വിനൂ നില്ക്കൂ....." സുധി പിന്നാലെ ചെന്നു വിനുവിനെ പിടിച്ചു നിർത്തി. "ഇതിനാണ് ഞാൻ നിന്നോട് വരാൻ പറഞ്ഞത്. രേഷ്മയെ കാത്തു നീ കാലം കുറെ കളഞ്ഞില്ലേ? കഴിഞ്ഞ ആഴ്ച ഞാൻ ഈ വീട്ടിലേക്കു താമസം മാറ്റി എത്തിയപ്പോഴാണ് രേഷ്മയെ കണ്ടത്. അന്ന് ഡിഗ്രി എക്സാം കഴിഞ്ഞു മുംബൈയിലേക്ക്‌ പോയ രേഷ്മ ഡാഡി മരിച്ചതിനു ശേഷം കഴിഞ്ഞ വർഷമാണ് മുത്തശ്ശിയുടെ അടുത്തേക്ക് വന്നതെന്നാണ് കേട്ടത്. ഇടയ്ക്കിടയ്ക്ക് ഇങ്ങനെ മനസ്സൊന്നു താളം തെറ്റും. അപ്പോൾ മനുവിനെ തിരഞ്ഞു നടക്കും. അല്ലെങ്കിൽ കുഴപ്പമൊന്നുമില്ല." അവൻ പറഞ്ഞു കൊണ്ടേയിരുന്നു.

വിനു ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല, ഒന്നും കാണുന്നുമുണ്ടായിരുന്നില്ല. പിന്നെ, വല്ലാത്തൊരു ശബ്ദത്തോടെ ബസ് സഡൻബ്രെക്ക് ഇട്ടു നിന്നപ്പോൾ ജനാലയിലിടിച്ചു വിനുവിൻറ്റെ തല വേദനിച്ചു. താൻ നഗരത്തിലേക്കുള്ള ബസിലിരിക്കുകയാണെന്നു അവനു മനസിലായി. അല്പം മുൻപ് നടന്ന സംഭവങ്ങൾ അവനു വീണ്ടും ഓർമ്മ വന്നു. വേണ്ടിയിരുന്നില്ല, ഈ കൂടിക്കാഴ്ച വേണ്ടിയിരുന്നില്ല. കണ്ണുകൾ ഇറുക്കിയടച്ചു വിനു എല്ലാം മറക്കാൻ ശ്രമിച്ചു, അതിവേഗം മുന്നോട്ടു പായുന്ന വണ്ടിയിലിരുന്നു, അതിലും വേഗം പഴയതെല്ലാം മറക്കാൻ. ആ യാത്രക്കൊടുവിൽ, ഹൃദയത്തിലെ മോഹപ്പക്ഷി ചിറകടിച്ചു അതിദൂരം പറന്നകലുന്നതു വേദനയോടെയാണെങ്കിലും അവൻ അറിയുന്നുണ്ടായിരുന്നു.

(ശാന്തിനി കാരിക്കൽ, നീണ്ടൂർ)


വീണ (കവിത)

വിരഹിണിയിവൾ നാദലഹരിയുടെ
കാവൽക്കാരി !
അനുപമ സൗന്ദര്യത്തിൻറ്റെ
ഉന്നതിയിലെപ്പൊഴും
എൻറ്റെ ഹൃദയരാഗങ്ങളെ
മന്ത്രമുഖരിതമായ്
ത്രസിപ്പിക്കുന്നവൾ ?
രാത്രിയുടെ വിശാലതയിൽ
എനിക്കായ് മാത്രം
തേങ്ങിക്കരയുന്ന യാമം
നിൻറ്റെ മാറിൽ മന്ദം
തലചായ്ച്ചുറങ്ങി *
അമൃതസരോവര വീചികൾ
സുന്ദരരാഗമായ് എന്നും
കർണ്ണപുടകങ്ങളെ
ഉൾപ്പുളകമണിയിച്ചുപോയ് !
ശ്യാമയാം മോഹിതേ
നിനക്കോർമ്മയില്ലേ ?

(പി. എസ് പ്രസാദ് മുണ്ടമറ്റം, നീണ്ടൂർ)


ബേബി സിറ്റർ (കഥ)

"അറിഞ്ഞോ! നമ്മുടെ ബേബി സിറ്റർ ഗർഭിണിയാ..." ജോലി കഴിഞ്ഞുവന്ന ഭാര്യ യൂണിഫോം പോലും മാറാതെ ചൂടുവാർത്ത ഭർത്താവിന് പകർന്നു.

പത്രത്തിൽ മുഖം താഴ്ത്തിയിരുന്നു ഭർത്താവ് അതിശയഭാവത്തിൽ, "ഈ എഴുപതാം വയസ്സിലോ? ഷിക്കാഗോയിലെങ്ങാണ്ട് അങ്ങിനെ നടന്നു എന്ന് കേട്ടിട്ടുണ്ട്, എന്തോ എനിക്ക് വിശ്വാസമില്ല".

"അല്ല മനുഷ്യാ, മൂന്നുമാസം മുൻപ് രണ്ടാഴ്ചത്തേക്ക് നമുക്ക് ബേബി സിറ്ററായി വന്ന പ്രീതിയുടെ കാര്യമാ ഞാൻ പറഞ്ഞത്. എൻറ്റെ കൂടെ ജോലി ചെയ്യുന്ന കുഞ്ഞമ്മയുടെ മകൾ".

പെട്ടെന്ന് നെഞ്ചിൽ ഒരു ഇടിവാൾ. കർത്താവേ താൻ എന്താ ഈ കേൾക്കുന്നത് !

"ആളാരാണെന്ന് പെണ്ണിതുവരെ പറഞ്ഞിട്ടില്ല". വീണ്ടും ഭാര്യയുടെ സ്വരം. ഡ്രസ്സ് മാറാൻ ബെഡ്റൂമിലേക്ക് പോയവഴി ഭാര്യ അയാളുടെ ഭാവമാറ്റം ശ്രദ്ധിക്കാതെ പത്രം അലക്ഷ്യമായി തട്ടിയെടുത്തു നടന്നുനീങ്ങി.

അയാളുടെ മനസ്സിൽ ഒരായിരം അഗ്നിപർവ്വതങ്ങൾ ഒന്നിച്ചു പൊട്ടിയ പ്രതീതി. വല്ലാത്ത ശ്വാസം മുട്ടൽ. ഒന്നും വ്യക്തമായി കാണാനോ കേൾക്കാനോ വയ്യാത്ത ഒരവസ്ഥ. കടയിൽ പോകാനെന്നുള്ള വ്യാജേന അയാൾ പുറത്തുചാടി.

സിഗ്നൽ ലൈറ്റ് പച്ചനിറമായിട്ടും മുന്നോട്ടു പോകാതിരുന്ന അയാളുടെ പുറകിലുള്ള കാറുകൾ ഹോൺ മുഴക്കി അയാളെ ശപിച്ചു കടന്നുപോയി. ശരീരത്തിന് വിറയൽ തോന്നിയതിനാൽ അയാളുടെ കാലുകൾ ആക്സിലേറ്ററിൽ ഒരു ചലനവും സൃഷ്ടിച്ചില്ല. അടുത്ത പാർക്കിലേക്ക് കാർ യാന്ത്രികമായി നീങ്ങി.

മേപ്പിൾ മരങ്ങൾ ഇടതൂർന്ന് നിൽക്കുന്ന പാർക്കിൻറ്റെ ബെഞ്ചുകളിൽ ഒറ്റപ്പെട്ട ഹോംലെസ് വൃദ്ധന്മാർ. കുളത്തിൻ കരയിലെ ഒറ്റപ്പെട്ട ബെഞ്ചിൽ അയാൾ ഇരുന്നപ്പോൾ സ്വൈര്യത നഷ്ടപ്പെട്ട വെള്ളപ്രാവുകൾ ചിറകടിച്ചു പറന്നു പോയി. ഒപ്പം അയാളുടെ ഓർമ്മകളും.

ഈ ബെഞ്ചിൽ വച്ചാണ് തുടക്കം. ഭാര്യക്ക് ജോലിയില്ലാതിരുന്ന ഒരു ശനിയാഴ്ച പതിവുപോലെ പാർക്കിലെത്തി. വല്ലപ്പോഴും മനസ്സിൽ ജനിക്കുന്ന കവിതകൾക്ക് പൂർണ്ണത ലഭിക്കുന്നത് ഇത്തരം ഏകാന്തതയിലാണ്. തൻറ്റെ സ്ഥിരം സ്ഥാനമായ ഇരുമ്പുബെഞ്ചിൽ ഇണചേർന്നിരിക്കുന്ന യുവമിഥുനങ്ങൾ. സാധാരണ അത്തരം കാഴ്ചകൾ ശ്രദ്ധിക്കാറില്ല. എന്നാൽ ഏതോ ഒരു ഉൾപ്രേരണയാൽ അന്നത് ശ്രദ്ധിച്ചു. കറുമ്പൻ കാമുകൻറ്റെ മാറിൽ മുഖം പൂഴ്ത്തിയിരിക്കുന്നത് ഒരു ഇന്ത്യാക്കാരി കുട്ടിയല്ലേ? പെൺകുട്ടി മലയാളി ആണന്നും ഇതിനു മുൻപ് ഏതോ മലയാളം പരിപാടികളുടെ പിന്നാമ്പുറങ്ങളിൽ കണ്ടിട്ടുണ്ടെന്നും ഉറപ്പുവരുത്താൻ മനസ്സിനെ വൃഥാ നിർബന്ധിച്ചപ്പോൾ പിറക്കേണ്ടിയിരുന്ന കവിത വെറുതെ ചാപിള്ളയായി. അമേരിക്കൻ സ്‌കൂൾ പരിസരങ്ങളിൽ നിത്യവും കാണുന്ന സംഭവങ്ങളോടൊപ്പം ഈ സംഭവവും പ്രാധാന്യമില്ലാതെ മനസ്സിൻറ്റെ കോണിൽ മാറാല തീർത്തു.

താനും ഭാര്യയും പകൽസമയം ജോലിക്കു പോകുന്നതിനാൽ ഒരു ബേബി സിറ്ററെ അന്വേഷിച്ചു മടുത്തപ്പോഴാണ് ഒരു സുപ്രഭാതത്തിൽ അവൾ എത്തിയത്. "ഇതാണ് ഞാൻ പറഞ്ഞ, കൂടെ ജോലി ചെയ്യുന്ന കുഞ്ഞമ്മയുടെ മകൾ പ്രീതി. അവൾക്ക് ഇപ്പോൾ സ്‌കൂൾ അവധിയായതിനാൽ വരാമെന്ന് സമ്മതിച്ചു". പെൺകുട്ടിയെ പരിചയപ്പെടുത്തികൊണ്ടു ഭാര്യ പറഞ്ഞു. ഭാര്യയുടെ പിറകിൽ നിന്ന് കുട്ടിയുടെ അടുത്തേക്ക് പരിചയപ്പെടാനെന്ന ഭാവത്തിൽ മുന്നോട്ടു വന്ന ബേബി സിറ്ററെ കണ്ടു ഞെട്ടിപ്പോയി.

ഈ പതിനേഴ്‌കാരിയുടെ മുഖമല്ലേ അന്ന് താൻ പാർക്കിൽ കണ്ടത്. കറുമ്പൻറ്റെ ആലിംഗനത്തിലെ നായിക ഇവൾ തന്നെ. പക്ഷെ, ഒന്നും സംസാരിക്കാൻ നാവുയർന്നില്ല. അതിനു മുൻപ് അവളുടെ വിടർന്ന കണ്ണുകളും കറുത്ത ലിപ്സ്റ്റിക്കിട്ട ചുണ്ടുകളുടെ മാദകത്വവും, പണ്ട് മനസ്സിൽ നിന്ന് നഷ്ടപ്പെട്ട ഒരു സൗന്ദര്യം വീണ്ടും കാണുന്ന അനുഭൂതിയിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.

ഏതാണ്ട് രണ്ടാഴ്ചയോളം പ്രീതി ബേബി സിറ്ററായി. താനും ഭാര്യയും ഇല്ലാത്ത പകൽ സമയങ്ങളിൽ രണ്ടു വയസ്സുകാരിക്ക് കൂട്ടായി.

ഒരു വെള്ളിയാഴ്ച പകൽ, എലിവേറ്ററിൽ ഉണ്ടായ ഒരു ചെറിയ തീപിടുത്തം കാരണം ഓഫീസിൽനിന്നു നേരത്തെ അവധി കിട്ടി. ഉച്ചവെയിലിലെ ചുട്ടുപഴുത്ത ചൂടിൽ കാറോടിച്ചു വീട്ടിലെത്തിയപ്പോൾ ഡ്രൈവേയിൽ പരിചിതമല്ലാത്ത ഒരു പഴയ കാർ. ഡോർ ബെല്ലിലേക്ക് അമരാൻ തുനിഞ്ഞ കൈ പെട്ടെന്ന് പിൻവലിച്ചു. വെറുതെ കതക് തള്ളി നോക്കി, കതക് പൂട്ടിയിരുന്നില്ല. ലിവിങ് റൂമിലെ സോഫയിൽ സുഖനിദ്ര കൊള്ളുന്ന കുട്ടി. ബേബി സിറ്റർ എവിടെ. മുറിയും തുറന്നിട്ട് ഇവൾ എവിടെ പോയി. ഒരു ഉത്തരവാദിത്വമില്ലാത്ത വർഗ്ഗം.

നടകയറി മുകളിലെത്തി. അടഞ്ഞുകിടക്കുന്ന മാസ്റ്റർ ബെഡ് റൂമിൽനിന്ന് അലയടിച്ചുയരുന്ന റാപ്മ്യൂസിക്, അതോടൊപ്പം കേട്ടുമറന്ന ഏതോ അപസ്വരങ്ങളും. മുറി തള്ളിത്തുറന്നപ്പോൾ ഞെട്ടിപ്പോയി. കിടക്കയിൽ കെട്ടുപിണഞ്ഞ നഗ്നശരീരങ്ങൾ. താൻ വന്നത് ബേബി സിറ്ററും കറുമ്പൻ കാമുകനും അറിഞ്ഞില്ല.

അടക്കാനാവാത്ത കോപം അലർച്ചയായി ഉയർന്നപ്പോൾ, അവർ ചാടിയെഴുന്നേറ്റു. ഉടുവസ്ത്രങ്ങൾ കൈയ്യിലെടുത്തു ഒരു കൊടുങ്കാറ്റുപോലെ ജനൽ ചാടി കടന്നുപോകുന്ന കാമുകനെയും, ബെഡ്ഷീറ്റ് കൊണ്ട് നഗ്നത മറയ്ക്കാൻ ശ്രമിക്കുന്ന പ്രീതിയെയും കണ്ടപ്പോൾ രോഷം ആളിപ്പടരുകയായിരുന്നു.

പെൺകുട്ടിയുടെ വീട്ടുകാരെ വിവരം അറിയിക്കുവാൻ ഫോണിനടുത്തേക്ക് നടക്കുമ്പോൾ അവൾ വിളിച്ചു. "Uncle, please dont tell this to anyone". ഡ്രൈവേയിൽനിന്നു അകന്നുപോകുന്ന കറുമ്പൻറ്റെ കാർ. നിമിഷങ്ങൾ കൊഴിഞ്ഞുവീണ ഏകാന്തതയ്ക്ക് കൂട്ടായി മുറിയിൽ അവളുടെ തേങ്ങലുകൾ മാത്രം. "I will do anything you say". അവസാനത്തെ അവളുടെ വാക്കുകൾ ചെവിയിൽ മന്ത്രിക്കുന്നതുപോലെ. അവൾ തൊട്ടടുത്തായിരുന്നുവെന്നു അവളുടെ ശ്വാസം കവിളിൽ പതിച്ചപ്പോൾ മനസ്സിലായി. കൈയ്യിലിരുന്ന ടെലിഫോൺ റിസീവർ വാങ്ങി താഴേക്ക് വച്ച അവളുടെ നീണ്ട മൃദുലമായ കരങ്ങൾ അടുത്ത ക്ഷണത്തിൽ തൻറ്റെ അരക്കെട്ടുകളെ പൊതിയുകയായിരുന്നു. ആ മൃദുവലയത്തിൽ നിന്ന് രക്ഷപ്പെടാനാവാതെ തരിച്ചു നിന്നു. വിവസ്ത്രയായി മുന്നിൽനിന്ന യുവത്വത്തിൻറ്റെ അഭൗമസൗന്ദര്യത്തിൽ ത്രസിക്കുന്ന രൂപം ആദ്യമായി അടുത്തുകണ്ടു. അടുത്ത നിമിഷത്തിൽ തന്നിലേക്ക് പടർന്നു കയറുന്ന ഒരു മുല്ലവള്ളിയായി അവൾ കിടക്കയിലേക്ക് മറിയുമ്പോൾ താൻ പതിനെട്ടു വയസ്സുള്ള യുവാവായി. പാതി നിർത്തിയ രതിയുടെ അദ്ധ്യായം പൂർത്തീകരിക്കുമ്പോൾ ജീവിതത്തിൽ ആദ്യമായി പുതിയ ശൈലികൾ സ്വായത്തമാക്കുന്ന ഒരു വിദ്യാർത്ഥിയായി.

ഒരു നിമിഷത്തത്തെ സുഖത്തിനുവേണ്ടി മറച്ചുവയ്‌ക്കേണ്ടി വന്ന രഹസ്യം ഇപ്പോൾ ഏതുനിമിഷവും പൊട്ടിത്തെറിക്കാവുന്ന പാകത്തിൽ.

മലയാളി അസ്സോസിയേഷൻറ്റെ പ്രസിഡൻറ്റായി എപ്പോഴും മൈക്കിനു മുന്നിൽ പറന്നു നടക്കുന്ന പ്രസംഗതൽപ്പരനായ അയാളുടെ ടൈ യുടെ കെട്ട് കഴുത്തിൽ മുറുകുന്നതായും അത് വലിച്ചു മുറുകുന്നത് പ്രീതിയുടെ ഡാഡിയുടെ കരുത്തുറ്റ കരങ്ങളായും അയാൾക്ക് തോന്നി. പെട്ടെന്ന് ഓർമ്മയിൽനിന്ന് ഞെട്ടിയുണർന്നു.

ഒരു കാറ് തൊട്ടടുത്തുവന്നു ബ്രേക്കിട്ട ശബ്ദം കേട്ടാണ് അയാൾ എഴുന്നേറ്റത്. കാറിൻറ്റെ ഡോർ തുറന്ന് പ്രീതി ഇറങ്ങിവരുന്നു. ഡ്രൈവിങ് സീറ്റിൽ കാത്തിരിക്കുന്ന കാമുകൻ. അവരെ നേരിടാനാവാതെ നടക്കുമ്പോൾ അവളുടെ പിൻവിളി.

"അങ്കിൾ, ഞാനിതുവരെ അങ്കിളിൻറ്റെ പേര് ആരോടും പറഞ്ഞിട്ടില്ല. നാളെ, ഞാനും ചാൾസും കൂടി ക്ലിനിക്കിൽ പോകുകയാണ്. ടോട്ടൽ ടെൻ തൗസൻഡ് ആകുമെന്ന് ചാൾസ് പറയുന്നു. നാളെ ഞങ്ങൾ ഇവിടെ വരും, അപ്പോൾ കാണണം". അവസാനത്തെ വാക്കുകൾക്ക് ആജ്ഞയുടെ ധ്വനി.

രാവേറെയായിട്ടും ഉറങ്ങാൻ കഴിയുന്നില്ല. സ്വന്തം ഭാവിജീവിതവും സമൂഹത്തിലെ വിലയും അവളുടെ കയ്യിലെ അമ്മാനമാടുന്ന രണ്ടു ഗോളങ്ങളായി അയാൾക്ക്‌ തോന്നി. ഒരുപക്ഷെ ഗർഭം കള്ളമായിരിക്കും. തന്നെ ബ്ളാക്മെയിൽ ചെയ്യാൻ കാമുകൻ ഉണ്ടാക്കിക്കൊടുത്ത തന്ത്രം. അമേരിക്കൻ നിയമത്തിൻറ്റെ ചട്ടക്കൂടിൽ പതിനേഴുകാരിയെ പ്രാപിച്ചതിനുള്ള ശിക്ഷയുടെ കാഠിന്യമോർത്തപ്പോൾ പണം കൊടുത്തു പ്രശ്നം ഒതുക്കുക എന്ന തീരുമാനത്തിലെത്തി.

പിറ്റേന്ന് ബാങ്കിൽ നിന്ന് പതിനായിരം ഡോളർ ക്യാഷ് എടുത്തു പാർക്കിലെത്തിയപ്പോൾ അവൾ കാത്തുനിന്നിരുന്നു. വെറുപ്പോടെ നോട്ടുകെട്ടുകൾ പ്രീതിയുടെ കയ്യിൽ കൊടുക്കുമ്പോൾ അവളുടെ മുഖത്ത് പുഞ്ചിരിയും അതിൽ പൊതിഞ്ഞ നന്ദി വാക്കും. കുറ്റബോധമുള്ള മനസ്സുനിറയെ ഡബിൾ ഡ്യൂട്ടി ചെയ്തു വരുന്ന ഭാര്യയുടെ മുഖമായിരുന്നു.

കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യത്തിൻറ്റെ വിഹിതം ലാഘവത്തോടെ തട്ടിയെടുത്തു പാഞ്ഞുപോകുന്ന ബേബി സിറ്ററുടെയും കാമുകൻറ്റെയും കാർ കണ്ണിൽ നിന്ന് മറയുമ്പോൾ വ്യാഘ്രത്തിൻറ്റെ പിടിയിൽ നിന്ന് രക്ഷപെട്ട അനുഭവമായിരുന്നു അയാളുടെ മുഖത്ത്.

ഇരുമ്പുബെഞ്ചിലെ പുതിയ ഇണകളെ ശ്രദ്ധിക്കാതെ കടന്നുപോകുമ്പോൾ, മനസ്സിൽ ശപിക്കപ്പെട്ട ഒരു അധ്യായത്തിന് തിരശീല വീഴുകയായിരുന്നു !

- രാജു പ്രാലേൽ




പുതിയ സിനിമ - ടേക്ക് ഓഫ് & ഗ്രേറ്റ് ഫാദർ

ടേക്ക് ഓഫ്

മലയാളത്തിലെ ന്യൂ ജനറേഷൻ ചിത്രങ്ങൾക്കു തുടക്കമിട്ട രാജേഷ് പിള്ളയുടെ ചിത്രങ്ങളുടെ എഡിറ്ററും മിലിയുടെ തിരക്കഥാകൃത്തുമായ മഹേഷ് നാരായണന്‍ ഒരുക്കിയ ടേക്ക് ഓഫ് ഒരു ക്ലാസ് എൻറ്റർടൈനർ എന്ന നിലയില്‍ മലയാളസിനിമയ്ക്ക് അഭിമാനിക്കാന്‍ വകനല്‍കുന്ന ഒരു ചിത്രമാണെന്ന് നിസംശയം പറയാം. ഇറാഖില്‍ മലയാളി നഴ്‌സുമാര്‍ അനുഭവിച്ച ദുരിതത്തെ അധികരിച്ച് തയ്യാറാക്കിയ ടേക്ക് ഓഫ് മികച്ച പ്രതികരണമാണ് തീയറ്ററുകളിൽ നേടുന്നത്. മഹേഷ് നാരായണനും ഷാജികുമാറും ചേര്‍ന്ന് തിരക്കഥയൊരുക്കിയ ടേക്ക് ഓഫില്‍ കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ആസിഫ് അലി, പാര്‍വ്വതി തുടങ്ങിയവരാണ് മുഖ്യവേഷത്തില്‍.

2014 ല്‍ ഇറാക്കിലെ തിക്രിത്തില്‍ 46 ഇന്ത്യന്‍ നഴ്‌സുമാരെ, ഐസിസ് ബന്ധികളാക്കിയതും നയതന്ത്ര ഇടപെടലുകളിലൂടെ ഇന്ത്യാ ഗവണ്‍മെന്‍റ്റ് അവരെ രക്ഷപ്പെടുത്തിയതുമായ യഥാര്‍ത്ഥ സംഭവത്തെ അധികരിച്ചെടുത്ത ഈ സിനിമയുടെ സ്‌ക്രിപ്റ്റിംഗും മെയ്‌ക്കിങ്ങും ഉന്നത നിലവാരത്തിലുള്ളതാണ്.

ഇറാക്കില്‍ ബന്ധിയാവാന്‍ പോവുന്ന സമീറ എന്ന നഴ്‌സിൻറ്റെ പൂര്‍വജീവിതമാണ് ആദ്യഭാഗം. സമീറയെ സമാനതകളില്ലാത്ത വിധം അത്യുജ്ജ്വലമായി പാര്‍വതി അനശ്വരയാക്കിയിരിക്കുന്നു. കാഞ്ചനമാലയെയും ടെസ്സയെയും കളറാക്കിമാറ്റിയ പാര്‍വതിക്ക് അതിൻറ്റെ നേരെ ഓപ്പോസിറ്റ് എക്‌സ്ട്രീമിലുള്ള സമീറയും ഒരുപാട് അംഗീകാരങ്ങള്‍ നേടിക്കൊടുക്കുമെന്നതില്‍ സംശയമില്ല. ബാധ്യതകളേറെയുള്ള കുടുംബത്തിലെ ഏക വരുമാനക്കാരിയായും, ഫൈസലിൻറ്റെ (ആസിഫ് അലി) ഭാര്യയായും, വിവാഹമോചിതയായും, 8 വയസുകാരൻറ്റെ അമ്മയായും, ഷഹീദിനാല്‍ (കുഞ്ചാക്കോ ബോബന്‍) പുനര്‍വിവാഹിതയായും, ത്രിക്രിത്തില്‍ ഐ. എസ് ബന്ധിയായും, ഭര്‍ത്താവ് നഷ്‌പ്പെട്ടവളായും - അങ്ങിനെ ഒരുപാട് മുഖമുള്ള നായികയായി പാര്‍വതി ജീവിക്കുകതന്നെയാണ്.

മലയാളത്തില്‍ അത്രയധികം നായികാ കഥാപാത്രളൊന്നും കടന്നുപോയിട്ടില്ലാത്ത തരം ജീവിതസാഹചര്യങ്ങളെ നേരിടേണ്ടി വരുന്ന സമീറ എന്ന കഥാപാത്രത്തിൻറ്റെ കരുത്ത് തന്നെയാണ് ടേക്ക് ഓഫിനു നട്ടെല്ലായിത്തീരുന്നത്. രാജേഷ് പിള്ളയുടെ സ്ഥിരം നായകനായിരുന്ന കുഞ്ചാക്കോ ബോബന്‍ തന്നെയാണ് ടേക്കോഫിലും പ്രധാന നടന്‍. നായികയ്ക്ക് ബഹുദൂരം പ്രാധാന്യമുള്ള പടമായിട്ടും ഒതുക്കമുള്ള ഷഹീദ് എന്ന രണ്ടാം ഭര്‍ത്താവായി ചാക്കോച്ചന്‍ നിറഞ്ഞു നിന്നു. ആദ്യ ഭര്‍ത്താവായ ഫൈസലിനെ ആസിഫ് അലിയും മികവുറ്റതാക്കി.

വിവാഹത്തിന് ശേഷം ഒരു കൊല്ലത്തിലേറെ കഴിഞ്ഞ് ചെയ്ത മനോജ് എന്ന ചെറിയ റോളില്‍ ഫഹദ് ഫാസില്‍ അഭിനയിച്ച് തകർത്തിരിക്കുകയാണ്. ഐ. എസ് ഭീകരന്മാരൊന്നും ഒന്നുമല്ലാ എന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ തെറ്റുപറയാനാവില്ല. മഹേഷ് നാരായണനോടൊപ്പം തിരക്കഥയിൽ പങ്കാളിയായ ഷാജികുമാറും, ക്യാമറ കൈകാര്യം ചെയ്ത സോനു ജോണ്‍ വര്‍ഗീസും, ബാക്ഗ്രൗണ്ട് മ്യൂസിക് ചെയ്ത ഗോപീസുന്ദറും ആണ് ടേക്ക് ഓഫിൻറ്റെ വിജയകരമായ ടേക്കോഫില്‍ പിന്നെ പേരെടുത്തു പറയേണ്ട രണ്ടു പേർ. എഡിറ്റിംഗും സ്‌ക്രിപ്റ്റിംഗും കയ്യിലുള്ള ഒരാള്‍ സൃഷ്ടിക്കുമ്പോള്‍ ഒരു സിനിമയ്ക്ക് എത്രമാത്രം ഡയറക്‌റ്റേഴ്‌സ് സ്‌പെഷ്യല്‍ ആവാന്‍ കഴിയുമെന്നതാണ് മഹേഷ് നാരായണന്‍ ടേക്ക് ഓഫിലൂടെ കാണിച്ചു തരുന്നത്. അഭിമാനിക്കാം അദ്ദേഹത്തിനും മലയാളികള്‍ക്കും.

ദി ഗ്രേറ്റ് ഫാദർ

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രമായിരിക്കും "ദി ഗ്രേറ്റ് ഫാദര്‍" എന്ന വിശേഷണത്തോടെയാണ് ഈ ചിത്രം റിലീസ് ചെയ്തത്. ആഗസ്റ്റ് സിനിമാസിൻറ്റെ ബാനറില്‍ പൃഥ്വിരാജും, ആര്യയും, ഷാജി നടേശനും, സന്തോഷ് ശിവയും ചേര്‍ന്ന് നിര്‍മിച്ച ചിത്രം അത്രയേറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരുന്നത്. ആ കാത്തിരിപ്പിനെയും പ്രതീക്ഷകളെയും ഗ്രേറ്റ് ഫാദര്‍ നിരാശപ്പെടുത്തിയില്ല എന്ന് ഉറപ്പിച്ചു പറയാം. ഹനീഫ് അദേനി എന്ന മികച്ച സംവിധായകൻറ്റെ വിജയമാണ് ഗ്രേറ്റ് ഫാദര്‍ എന്ന് ഒറ്റവാക്കിൽ പറയാം. മമ്മൂട്ടി എന്ന നടൻറ്റെ താരപദവി പോലും അതിന് പിന്നിലാണ്.

ഡേവിഡ് നൈനാൻറ്റെയും കുടുംബത്തിൻറ്റെയും കഥയാണ് ദ ഗ്രേറ്റ് ഫാദര്‍. മകള്‍ സാറയുമായുള്ള അച്ഛൻറ്റെ ബന്ധം. ഡേവിഡിൻറ്റെ കുടുംബത്തില്‍ നടക്കുന്ന ഒരു സംഭവവും അതിൻറ്റെ കാരണങ്ങള്‍ തേടിപ്പോകുകയും ചെയ്യുകയാണ് ചിത്രം. ഒരു പ്രതികാര കഥയാണ്.

തീര്‍ച്ചയായും ഈ ചിത്രത്തിൻറ്റെ ഹൈലൈറ്റ് ഹനീഫ് അദേനി എന്ന നവാഗതനാണ്. എന്താണോ തിരക്കഥയില്‍ എഴുതിയത്, അതിൻറ്റെ വ്യക്തമായ ചിത്രം ഹനീഫ് അദേനിയുടെ മനസ്സിലുണ്ടായിരുന്നു. തിരക്കഥാകൃത്ത് തന്നെ സംവിധായകാവുമ്പോഴുള്ള മികവാണ് ഈ ചിത്രം സാക്ഷ്യപ്പെടുത്തുന്നത്. രചയിതാവെന്ന നിലയിലും സംവിധായകനെന്ന നിലയിലും ഹനീഫ് പുലര്‍ത്തിയ കയ്യടക്കമാണ് ഈ സിനിമയുടെ മികൻറ്റെ ഏറ്റവും വലിയ കാരണം. അത്ര മികച്ച രീതിയില്‍ സാങ്കേതികപരമായും കഥാപരമായും ഈ ചിത്രത്തെ മികച്ച രീതിയില്‍ പ്രേക്ഷകരില്‍ എത്തിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.

തീര്‍ച്ചയായും രണ്ടാമത്തെ പോയിൻറ്റ് മമ്മൂട്ടി തന്നെയാണ്. ചിത്രത്തിലെ മമ്മൂട്ടിയുടെ ഫസ്റ്റ് ലുക്ക് പുറത്ത് വന്നപ്പോള്‍ മുതല്‍ എന്താണോ പ്രേക്ഷകര്‍ പ്രതീക്ഷിച്ചത് അത് ഇവിടെയുണ്ട്. മമ്മൂട്ടി എന്ന നടൻറ്റെ ഞെട്ടിക്കുന്ന മാസ്സ് അപ്പീല്‍ തന്നെയാണ് ഈ ചിത്രത്തെ പ്രേക്ഷകരുടെ പ്രിയപ്പെട്ടതാക്കി മാറ്റുന്നത്. ഡേവിഡായി തകര്‍പ്പന്‍ പ്രകടനമാണ് മമ്മൂട്ടി കാഴ്ച വെച്ചത്. അത്രമാത്രം സ്‌റ്റൈലിഷായും അതേസമയം തന്നെ തീവ്രതയോടെയും കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മമ്മൂട്ടിക്ക് കഴിഞ്ഞിട്ടുണ്ട്.

ഡേവിഡ് നൈനാൻറ്റെ ഭാര്യയായ മിഷേല്‍ എന്ന കഥാപാത്രത്തെയാണ് സ്‌നേഹ ചിത്രത്തില്‍ അവതരിപ്പിയ്ക്കുന്നത്. അമ്മയായും ഭാര്യയായും തൻറ്റെ കഥാപാത്രത്തോട് സ്‌നേഹ പൂര്‍ണമായും നീതി പുലര്‍ത്തി. കഥാപാത്രം ആവശ്യപ്പെടുന്ന പക്വത നല്‍കിയതിലാണ് സ്‌നേഹയുടെ വിജയം. അഞ്ച് സുന്ദരികളിലെ സേതുലക്ഷ്മിയിലൂടെ തന്നെ കേരളക്കരയെ ഞെട്ടിച്ച ബാലതാരമാണ് ബേബി അനിഘ. മമ്മൂട്ടിയ്‌ക്കൊപ്പം അനിഘയുടെ രണ്ടാമത്തെ ചിത്രമാണ് ദ ഗ്രേറ്റ് ഫാദര്‍. മമ്മൂട്ടിയുടെ മകളായ സാറ എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ ബേബി അനിഘ അവതരിപ്പിച്ചത്. വികാരഭരിതമായ രംഗങ്ങളെല്ലാം വളരെ മിതത്വത്തോടെ തന്നെ അനിഘ കൈകാര്യം ചെയ്തു.

വളരെ സപ്രധാനപ്പെട്ട ഒരു കഥാപാത്രമായി ചിത്രത്തിൻറ്റെ നിര്‍മാതാക്കളില്‍ ഒരാള്‍ കൂടെയായ തമിഴ് നടന്‍ ആര്യയും ഗ്രേറ്റ് ഫാദറില്‍ എത്തുന്നു. ആന്‍ഡ്രൂസ് ഈപ്പന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് ആര്യ എത്തുന്നത്. ലുക്ക് കൊണ്ടും പ്രകടനം കൊണ്ടും ആര്യ തൻറ്റെ കഥാപാത്രത്തോട് നീതി പുലര്‍ത്തി. കഥാപാത്രങ്ങള്‍ക്ക് വ്യക്തമായ ഐഡൻറ്റിറ്റി നല്‍കാനും കഥാസന്ദര്‍ഭങ്ങളെ വിശ്വസനീയമായി പ്രേക്ഷകരുടെ ഹൃദയങ്ങളിലെത്തിക്കാനും സംവിധായകൻറ്റെ കയ്യടക്കത്തിന് കഴിഞ്ഞിട്ടുണ്ട് എന്നത് ഏറ്റവും വലിയ ഒരു കാര്യമാണ്. മറ്റു കഥാപാത്രങ്ങളായ മിയ ജോര്‍ജ്, മാളവിക മോഹന്‍, ഷാം, ഐ എം വിജയന്‍, സന്തോഷ് കീഴാറ്റൂര്‍, ഷാജോണ്‍, സുനില്‍ സുഗത, ബാലാജി ശര്‍മ എന്നിവരോരുത്തരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി.

ചുരിക്കി പറഞ്ഞാല്‍ ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രം ഒരിക്കലും പ്രേക്ഷരെ നിരാശപ്പെടുത്തില്ല. കട്ട മമ്മൂട്ടി ഫാന്‍സിനും കുടുംബ പ്രേക്ഷകര്‍ക്കും ചിത്രം ഒരുപോലെ സ്വീകാര്യമാവും എന്നതാണ് ഗ്രേറ്റ് ഫാദറിൻറ്റെ മികവ്.

(മനോജ്‌ തൈക്കൂട്ടത്തിൽ)



അടുക്കള - പെസഹാ അപ്പം + പാൽ

ആവശ്യമായ ചേരുവകൾ (അപ്പം) :-

ഉഴുന്ന്: 1 കപ്പ്
വറുത്ത അരിപ്പൊടി: 4 കപ്പ്
തേങ്ങാ ചിരവിയത്: 1 എണ്ണം
ജീരകം: 1 ടേബിൾ സ്പൂൺ
വെളുത്തുള്ളി: 8 അല്ലി
ചെറിയ ഉള്ളി: 2 - 3 എണ്ണം
ഉപ്പ്: പാകത്തിന്

തയ്യാറാക്കുന്ന വിധം :-

ഉഴുന്ന് ഒരു ഫ്രയിങ്ങ് പാനിലിട്ടു ചെറിയ ചുവപ്പ് നിറം ആകുന്നിടം വരെ ചൂടാക്കുക. ഈ ഉഴുന്ന് ഒരു പാത്രത്തിലേക്ക് മാറ്റി 2 കപ്പ് വെള്ളം ഒഴിച്ച് 2 മണിക്കൂർ കുതിർത്തു വയ്ക്കുക. എടുത്തുവച്ചിരിക്കുന്ന തേങ്ങാ, ജീരകം, വെളുത്തുള്ളി, ചുമന്നുള്ളി എന്നിവ ഒരു കപ്പ് വെള്ളം ചേർത്ത് മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക. ഇനി കുതിർന്ന ഉഴുന്ന് നല്ലപോലെ കഴുകിയശേഷം മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക. അരച്ചെടുത്ത ഉഴുന്ന് മാവ് ഒരു പാത്രത്തിലേക്ക് മാറ്റുക. അതിലേക്ക് അരിപ്പൊടിയും, തേങ്ങാ അരപ്പും, പാകത്തിന് ഉപ്പും, കുറച്ചു വെള്ളവും ചേർത്ത് നന്നായി ഇളക്കുക. ഇനി ഒരു ഇരുപതു മിനിറ്റ് പാത്രം അടച്ചു വയ്ക്കുക. ഇഡ്ഡലി പാത്രത്തിൽ ഒരു പരന്ന തട്ടുവച്ച് അതിലേക്ക് ഇളക്കി വച്ച മിശ്രിതം മുക്കാൽ ഭാഗത്തോളം ഒഴിക്കുക. ഓശാന ഞായറാഴ്ച്ച പള്ളിയിൽ നിന്നും കിട്ടിയ കുരുത്തോല ഒരു കുരിശു രൂപത്തിൽ ഇതിനു നടുക്കായി വയ്ക്കണം. ഇഡ്ഡലി പാത്രത്തിലെ വെള്ളം തിളച്ചു കഴിയുമ്പോൾ ഒരു ഇരുപതു മിനിറ്റ് മീഡിയം തീയിൽ വേവിക്കുക. പെസഹാ അപ്പം റെഡിയായോ എന്നറിയാൻ ഒരു ഈർക്കിലി കൊണ്ട് കുത്തിനോക്കുക. ഈർക്കിലിയിൽ പറ്റിപ്പിടിച്ചിട്ടില്ലെങ്കിൽ അപ്പം നന്നായി വെന്തിട്ടുണ്ട്.

ആവശ്യമായ ചേരുവകൾ (പാൽ) :-

ഒരു തേങ്ങയുടെ പാൽ പിഴിഞ്ഞത് (ഒന്നാം പാലും രണ്ടാം പാലും വേറെ വേറെ പാത്രത്തിലായി എടുക്കുക).
250 ഗ്രാം ശർക്കര 2 കപ്പ് വെള്ളം ഒഴിച്ച് ഉരുക്കിയെടുത്തത്.
വറുത്ത അരിപ്പൊടി : 1 കപ്പ്
ചുക്ക് : 1 ചെറിയ കഷണം
ഏലക്ക : 5 എണ്ണം
ജീരകം : 1 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം :-

ചുക്ക്, ഏലക്ക, ജീരകം - ഇവ ഒരു മിക്സിയിലിട്ട് നന്നായി പൊടിച്ചെടുക്കുക. അടുപ്പത്തു വച്ചിരിക്കുന്ന കലത്തിലേക്ക് ഒന്നാം പാൽ ഒഴിക്കുക. ഇതിലേക്ക് ശർക്കര പാനിയുടെ പകുതി ഒഴിക്കുക. ഇനി തീ ചെറിയ ഫ്ലെയിമിൽ ആക്കി വക്കുക. ഇനി എടുത്തുവച്ചിരിക്കുന്ന അരിപ്പൊടി ഈ പാത്രത്തിലേക്ക് ഇട്ട് ഇളക്കിക്കൊണ്ടിരിക്കുക. രണ്ടു മിനിറ്റോളം ഇളക്കിക്കൊണ്ടിരിക്കുക. പാൽ കുറുകി വരുമ്പോൾ ഇതിലേക്ക് ഒന്നാം പാല്‌ ഒഴിച്ച് ഇളക്കുക. കുറുകി വരുന്നത് വരെ ഇളക്കിക്കൊണ്ടിരിക്കുക. (മധുരം കുറവാണെന്നു കണ്ടാൽ ബാക്കിയിരിക്കുന്ന ശർക്കര പാനി ആവശ്യാനുസരണം ചേർക്കാവുന്നതാണ്). ആവശ്യത്തിന് കുറുകി കഴിഞ്ഞാൽ ഇതിലേക്ക് പൊടിച്ചു വച്ചിരിക്കുന്ന മിശ്രിതം ചേർത്ത് നന്നായി ഇളക്കിയതിനുശേഷം തീ അണയ്ക്കാം. പെസഹാ പാൽ റെഡി !

(ജെസ്സി സജി കാഞ്ഞിരത്തിങ്കൽ, യു. കെ)


ചെമ്പരത്തിക്കാട് (കവിത)

തെക്കുപുറത്ത് ഒരു കാടുണ്ടായി
ഒടുക്കം പച്ചപിടിച്ച ജീവിതംപോൽ
പച്ചില തിങ്ങിയ കാട്
കണ്ണീരാൽ നട്ടുനനച്ചു വളർത്തിയ കാട്

മുറുക്കിച്ചുവന്ന ചുണ്ടിനാൽ
ചുംബിച്ചു ചുംബിച്ചു
കടും ചുവപ്പായി പൂക്കൾ വിരിയുന്നു
മണ്ണടിഞ്ഞ സ്വപ്നങ്ങൾ മൊട്ടിട്ട്
നക്ഷത്രങ്ങളായ് പുനർജനിക്കുന്നു

പൂവിൻറ്റെ കണ്ണുകൾ
പുരയ്ക്കുള്ളിലേക്ക് നോക്കുന്നു
പുര ചുറ്റിപ്പറന്ന് കിളികൾ
കളിയും ചിരിയുമായി
പൂവിൽ വന്നു പറയുന്നു

കൂരിരുട്ടിൽ
കാറ്റിൽ
കൊള്ളിയാൻ വെട്ടത്തിൽ
കാവൽ നിൽക്കുന്നു കാട്

മുറ്റമടിച്ച് തെക്കുപുറത്തു ചെല്ലുമ്പോൾ
വെള്ളിയുദിച്ച മുടിയിഴയിൽ
കൈച്ചില്ല താഴ്ത്തി
കാട് പൂവ് ചൂടിക്കുന്നു
അവളുടെ കണ്ണീര് വേരിലേക്ക് വീഴുന്നു
കാട് പൂവ് പൊഴിക്കുന്നു

(സി. പി സതീഷ് കുമാർ, നീണ്ടൂർ)


വിഭ്രാന്തികൾ (കവിത)

ആദിയിൽ മർത്ത്യനു ജന്മം കൊടുത്തപ്പോ-
ളോതിയില്ല അവനേതു ജാതിയെന്ന്
മനുഷ്യപ്പരമ്പര ഏറിവന്നപ്പോ-
ളനുദിനം ചിന്തകൾ കാടുകേറി.

അവരവർക്കൊത്തുള്ള ഭാവശില്പങ്ങൾ-
ക്കവർ അവതാര രൂപങ്ങൾ തീർത്തുവച്ചു
ആ ഭ്രാന്ത ഭാവന നിർജ്ജീവവസ്തുവാ-
ലീഭൂവിലെല്ലാം നിറച്ചുവച്ചു.

രാമനും ക്രിസ്തുവും അള്ളായുമിന്നിതാ
ക്ഷേമത്തിനായിപ്പൊരുതിടുന്നു
ബാക്കി ദൈവങ്ങൾ പ്രജകൾ കുറഞ്ഞതാൽ
നോക്കൂത്തിയായ് മരുവുന്നു ഭൂവിൽ.

ഏതു ദൈവത്തിൻറ്റെ മക്കളാണെങ്കിലും
ഭീതാന്തരീക്ഷം പരത്തീടുവാൻ
മൂല്യം കുറഞ്ഞ മനുഷ്യരക്തപ്പുഴ-
ച്ചാലിൽത്തിമിർത്തവരാർത്തിടുന്നു.

പൊയ്‌പ്പോയ മോസ്‌ക്കിനെച്ചൊല്ലിക്കരയാതെ
മായാത്തൊരോർമ്മ പണിതുയർത്തു
ഒരുനൽ ഘടികാര സ്തൂപമുയർത്തിൽ
മരുവോർക്കുവേദ്യമാം മാത്രമൂല്യം.

ഊരുവിലക്കേറ്റ രാമൻറ്റെ നല്ലനാൾ
ആരണ്യമദ്ധ്യേ പൊലിഞ്ഞതോർത്താൽ
അക്കാടു പൂകിയൊരമ്പലം തീർത്തിടാൻ
മക്കൾക്കു സൽബുദ്ധി തോന്നീടുമോ?

വേദഗ്രന്ഥം പേറി ഹാലേലുയ്യ പാടി
വേദാന്തിയെന്നു നടിച്ചിടാതെ,
സഹജീവിയോടെന്നും ക്രിസ്തുനാമത്തിൽ
സ്നേഹം പുലർത്താൻ സ്വയം പഠിക്കൂ.

(പീറ്റർ നീണ്ടൂർ)



പ്രയാണം (കവിത)

പ്രണയക്കാട്
എന്ന സ്റ്റോപ്പില്‍
അധികസമയമായി
പിടിച്ചിട്ടിരിക്കുന്ന
ട്രെയിനിന്‍റെ
പത്താമത്തെ ബോഗിയില്‍
വസന്തത്തിലേയ്ക്ക് എടുത്ത
ടിക്കറ്റിന്‍റെ
എത്തിച്ചേരല്‍
മനക്കണക്കുകൂട്ടി
ഞാനങ്ങനെ ഒറ്റയ്ക്കിരിക്കുന്നു.

എന്‍റെ
വശം ചേര്‍ന്ന്
ഒരു ചാലൊഴുകുന്നു
സര്‍വ്വതും
പിന്നിലേയ്ക്ക്
ഓര്‍മ്മപോലൊഴുകുന്നു
അലസനായൊരു
മാനത്തുകണ്ണി
വാല്‍ത്തിളക്കത്തിന്‍റെ
അഹന്തയില്‍
ഒഴുക്ക് നേരിടുന്നു.

പരന്നതലയുടെ
ചെരുവിലൊളുപ്പിച്ച
വട്ടക്കണ്ണെറിഞ്ഞ്
അതേ മാനത്തുകണ്ണി
ഇടത്തിരിക്കുന്ന
എന്നെ നോക്കുമ്പോള്‍
മനക്കണക്കിലേയ്ക്ക്
ഒരു കൊള്ളിമീന്‍
പാഞ്ഞതിന്‍റെ
തീ പൊരിക്കുന്നു.

ഉടലുലഞ്ഞ്
ഞാന്‍ എന്നിലേയ്ക്ക്
വേഗം എത്തുന്നു
വലത്ത് ആഴത്തില്‍
ഭൂപടത്തിലെ
നദിപോലൊരു വര
മടിയരുടെ അനക്കത്തില്‍
അതൊരു കടല്‍
തീരത്തുതാഴ്ന്ന മിഴി
അടുത്ത നനയിച്ചയില്‍
കൊടഞ്ഞെടുത്ത്
നിരങ്ങിത്തുടങ്ങകയാണ് ഞാന്‍
ഇരുമ്പ് ഇരുമ്പില്‍
ഞെരങ്ങുന്നത് കനപ്പെടുന്നു.

താമരക്കോഴികളുടെ
നീലച്ച തിളക്കം
ഏതോ സ്റ്റോപ്പില്‍
എതിര്‍ദിശപിന്നിട്ട
പെണ്‍കണ്ണുകളെന്നോര്‍ത്ത്
ഇരുപുറത്തുനിന്നായി
പെറുക്കിക്കൂട്ടി
ഏതേതെന്ന്
ഞാന്‍ അട്ടിയിടുന്നു.

പന്ത്രണ്ടാം വളവില്‍ ഇറങ്ങണം
അവിടെ നിന്നാണ്
എന്നെച്ചുരന്ന്
എണ്ണമറ്റ നോട്ടങ്ങള്‍
പിന്നിലേയ്ക്ക് പോയത്
ഞാനെന്നപോല്‍
ഒറ്റയ്ക്കൊറ്റയ്ക്ക്
യാത്രപോയവര്‍
തിരികെപ്പലായനത്തിന്
ആ വണ്ടി വീണ്ടുമെത്തുമ്പോള്‍
വലിയതിരക്കുകളുടെ
ജനാലവശംപറ്റി
ഇതുപോലിരിക്കണം.

മധുരഗന്ധങ്ങളടങ്ങിയ
നോട്ടങ്ങള്‍ കൊടുത്ത്
ഒറ്റയ്ക്കിരിക്കുന്ന ചിലരേ
ഉന്മാദരാക്കി
ഇങ്ങോട്ടേയ്ക്ക്
പറഞ്ഞു വിടണം..

(സി. ആർ ശ്രീജിത്ത്, നീണ്ടൂർ)


നിഴൽകുത്ത് (കഥ) - II

നിഴൽകുത്ത് (കഥ) - ഒന്നാം ഭാഗം http://http://neendoorpravasi.com/arts.php#622

"ഈ കക്ഷി ആരാ? എന്താ സംഭവം? ജിനുവേട്ടൻ ഒന്നും വിട്ടു പറഞ്ഞിട്ടില്ല. ആളെ കാണും മുൻപു കാര്യങ്ങൾ വിശദമായി മനസിലാക്കുന്നതല്ലേ നല്ലത്‌?"

"ഷാൻ, എനിക്കും കൂടുതലായി ഒന്നും അറിയില്ല. ഹരി ജിനുവേട്ടന്‍റെ ക്ലാസ്സ്മേറ്റായിരുന്നു. ഇവിടെ വല്ലപ്പോഴുമൊക്കെ കാണാറുണ്ട്. ഭാര്യ പണ്ടേ മരിച്ചു, പിന്നെ കഴിഞ്ഞ വർഷം അയാൾടെ അമ്മയും കൂടി മരിച്ചതിനു ശേഷം പത്ത്‌ വയസ്സുകാരി മകളെ വളർത്താൻ പാടുപെടുകയാണു പാവം. നല്ലൊരു നായർ കുടുംബത്തിൽ ജനിച്ച ഈ കക്ഷി ഒരു രണ്ടാം വിവാഹത്തിനു ഒരുങ്ങുന്നുണ്ടായിരുന്നു. പക്ഷേ അപ്പോഴല്ലേ രസം, ഈയിടെ ഒരു കല്യാണം ഏറെക്കുറെ ഉറച്ച സമയത്താണു ഇദ്ദേഹത്തിനു പെട്ടെന്ന് ഒരു ഭാവമാറ്റം. സംസാരം, പെരുമാറ്റം എന്തിനു, മുണ്ടുടുക്കുന്ന രീതി വരെ മാറി. മുണ്ട്‌ മുസ്ലീങ്ങളെ കൂട്ട്‌ ഇടത്തേക്ക്‌ ഉടുക്കാൻ തുടങ്ങി എന്നു മാത്രമല്ല അമ്പലത്തിൽ പോക്കും നിർത്തി. ഇപ്പോൾ ആ കുട്ടിയെ നിർബന്ധിച്ചു തട്ടം ഇടീക്കും, ബിരിയാണി കഴിപ്പിക്കും എന്നൊക്കെയുള്ള രീതിയിലെത്തി. ആർക്കും ഒന്നും മനസ്സിലാവുന്നില്ല. നാലഞ്ച് തവണ ഇവിടെ വന്ന് ജിനുവേട്ടനെ ഒന്നു കാണണമെന്ന് പറഞ്ഞു. അതാണു ഞാൻ പേടിച്ചു വിളിപ്പിച്ചതു തന്നെ".

"പിന്നെ, ഈയിടെ വേറൊരു സംഭവം കൂടി ഉണ്ടായി. ഇവിടെയടുത്തൊരു ഉമ്മയൂടെ വീട്ടിൽ ആ കുഞ്ഞിനെ കൂട്ടിക്കൊണ്ടു പോയി അവളെ നിസ്കാരം പഠിപ്പിക്കാൻ അവരോടാവശ്യപ്പെട്ടത്രെ... എന്തായാലും ഹരിയുടെ ചേട്ടനും ബന്ധുക്കളും വളരെ വിഷമത്തിലാണ്".

അജിതേച്ചി പറഞ്ഞു കേട്ടത്‌ വിശ്വസിക്കണോ വേണ്ടയോ എന്ന സംശയത്തിലായി ഷാനിന്‍റെ മനസ്സ്‌. ഇതെന്താ ഡുവൽ പേഴ്സണാലിറ്റിയോ?

ജിനുവേട്ടൻ തയ്യാറായി വന്നതും ഹരിയെ കാണാൻ പുറപ്പെട്ടു. ടൗണിൽ ഒരു ഹോട്ടൽ സ്വന്തമായുള്ള മുതലാളിയാണു ആൾ, നന്ദനം ഹോട്ടൽ. അയാളുടെ ഓഫീസ്‌ മുറിയിലേക്ക് കയറും മുൻപ് ചില്ലുവാതിലിൽ കൂടി ഉള്ളിലേക്ക് ഒന്ന് നോക്കി. ഫയലുകൾ സൂക്ഷ്മമായി പരിശോധിക്കുന്ന, സുമുഖനായ ഈ മനുഷ്യനെ പറ്റിയാണോ അൽപം മുൻപു അജിതേച്ചി സംസാരിച്ചത്‌ എന്നായി ഷാന് സംശയം. വാതിൽ തുറക്കുന്ന ശബ്ദം കേട്ടാവും അയാൾ മുഖം ഉയർത്തി. ജിനുവേട്ടനെ കണ്ടതും ചിരിയോടെ ചാടി എഴുന്നേറ്റ്‌ കൈ രണ്ടും വിടർത്തി ആലിംഗനം ചെയ്യാനെന്നോണം അടുത്തു വരുന്ന ഹരിയെക്കണ്ട്‌ ജിനുവേട്ടന്‍റെ മുഖത്ത്‌ വല്ലാത്തൊരു ഭാവമാറ്റം.

മാറോടണച്ചു പുണർന്ന കൂട്ടുകാരനെ ജിനു ബലമായി അടർത്തി മാറ്റിയപ്പോൾ ഹരി ശബ്ദിച്ചു. "എടാ, ജിനൂ, നിനക്കെന്നെ മനസിലായില്ലല്ലേ..... ?"

"ഹരീ, എന്തിനാ നീ എന്നെ അത്യാവശ്യമായി കാണണമെന്ന് പറഞ്ഞത്‌?"

പെട്ടെന്ന് ഹരിയുടെ നോട്ടം ഷാനിന്‍റെ മുഖത്ത്‌ വീണു. "ഇതാരാ ജിനൂ?"

"ഇതു എന്‍റെ അനിയത്തിയാണു ഹരീ.... നമുക്കു സംസാരിക്കാം. നോ പ്രോബ്ലം".

ഹരിയുടെ നോട്ടം വീണ്ടും ഷാനിന്‍റെ നേർക്ക്‌ പാറി വീണു. "നമുക്ക്‌ പുറത്ത്‌ പോയി സംസാരിക്കാം. കുറച്ചു ഗൗരവമുള്ള കാര്യമാണു നിന്നോട്‌ പറയാനുള്ളത്‌."

ഹരിയോടൊപ്പം കാറിൽ കയറിയെങ്കിലും ടൗണിന്‍റെ പരിസരം വിട്ടു കാർ പായുന്നത് കണ്ടു ജിനു അന്ധാളിച്ചു. "നമ്മളിതെങ്ങോട്ടാ ഹരീ?"

"പേടിക്കാതെ ജിനൂ, നമ്മൾ എപ്പോഴും മനസ്സ്‌ തുറക്കുമായിരുന്ന ആ മൊട്ടക്കുന്നില്ലേ? അവിടേക്കാണു നമ്മൾ പോവുന്നത്‌." ഹരി ചിരിച്ചു.

ജിനുവേട്ടൻ എന്തോ കടങ്കഥ കേട്ടതു പോലെ വിഷണ്ണനായതു ഷാൻ ശ്രദ്ധിച്ചു. പൊടുന്നനെ മൊബൈലിൽ ജിനുവേട്ടന്‍റെ മെസ്സേജ്‌ : ഒന്നും മനസ്സിലാവുന്നില്ല ഷാൻ, ഇവന്‍റെ കൂടെ ഒരിക്കലും ഞാൻ മൊട്ടക്കുന്നിൽ പോയിട്ടില്ല.

അസ്വാഭാവികമായ എന്തോ ഒന്ന് ഫീൽ ചെയ്തെങ്കിലും ഏതോ ദുരൂഹതയുടെ ചുരുളഴിയുന്ന ഒരു തോന്നൽ. അതിന്‍റെ ഒരു ത്രില്ലിലായി ഷാനിന്‍റെ മനസ്‌.

മൊട്ടക്കുന്നിൽ കാർ നിർത്തി ചിരപരിചിതനെ പോലെ ചെരുവിലേക്ക് നടന്നു വൃത്താകൃതിയിലുള്ള പാറയിൽ ഇരുന്ന് ഹരി ജിനുവിനെ ക്ഷണിച്ചു. ആ പാറ കണ്ടതും ജിനു എന്തൊക്കെയോ ഓർമകളിൽ സ്വയം മറന്നു നിന്ന് പോയി.

"വൈകുന്നേരങ്ങളിൽ ഇവിടെ ഇരുന്നു നമ്മൾ എത്ര പാട്ടുകൾ പാടുമായിരുന്നു? നിനക്കോർമ്മയില്ലേ? നിന്‍റെ വേഴാമ്പൽ കേഴും?" ഹരി ജിനുവിനെ കണ്ണു ചെരിച്ചു നോക്കി ചോദിച്ചു.

"ഹരീ, നമ്മൾ ഇവിടെ വരുമായിരുന്നില്ല, പാട്ടും പാടുമായിരുന്നില്ല. നിനക്കെന്തോ തെറ്റിദ്ധാരണ പോലെ..." ജിനുവേട്ടൻ പറഞ്ഞു.

"ഞാൻ വരുമായിരുന്നു ഇവിടെ, എന്‍റെ ഇക്രുവിനൊപ്പം. അവനേറ്റവും ഇഷ്ടമുള്ള സ്ഥലമാണിത്‌. അവസാനം അവന്‍റെ മരണവും ഇവിടെ വച്ചായിരുന്നല്ലോ, ഈ ചരിവിൽ നിന്നും കാൽ വഴുതി വീണ്."

............ ആ ഓർമ്മയിൽ ജിനു വിതുമ്പി.

"കാൽ വഴുതി വീണതല്ലെടാ...., തള്ളിയിട്ടതാ, ഇവൻ ഹരി..... ഹരി സ്വന്തം ശരീരത്തിലേക്കു വിരൽ ചൂണ്ടി. നിന്‍റെ ഇക്രൂനെ ഇവനാ തള്ളിയിട്ട്‌ കൊന്നത്‌." ഹരി കരഞ്ഞു.

ജിനുവേട്ടൻ ഞെട്ടിപിടഞ്ഞ്‌ നിൽക്കുന്നത്‌ ഷാൻ കണ്ടു. അവൾ ഹരിയുടെ നേരെ കൈ ചൂണ്ടി ചോദിച്ചു "നീ..., നീ ഇക്രുവാണോ?"

ഹരി തലയാട്ടുന്നത്‌ ഒരു മൂടൽമഞ്ഞിലൂടെയെന്ന വണ്ണം ജിനദേവൻ കണ്ടു. ഷാനെയാവട്ടെ, രോമകൂപങ്ങളെഴുന്ന്, വിളറിവെളുത്ത്‌ കാണപ്പെട്ടു.

"ജിനൂ, നിന്നെയൊന്നു കാണാൻ എല്ലാം പറയാൻ എത്ര നാളായി ഞാൻ കൊതിക്കുന്നെന്നോ? ഇന്നെനിക്ക്‌ എല്ലാം പറയണം. നിന്‍റെ സഹായം വേണമെനിക്ക്‌."

ഹരി സംസാരം തുടർന്നപ്പോൾ എന്ത്‌ കൊണ്ടോ അത് റെക്കോർഡ്‌ ചെയ്യാൻ ഷാന് തോന്നി. അവൾ കാമറയുടെ വീഡിയോ റെക്കോർഡിംഗ്‌ ബട്ടൺ പ്രസ്സ്‌ ചെയ്തു,

"ജിനൂ, നിന്നോട്‌ പറയാത്ത ഒരു രഹസ്യം ഉണ്ടായിരുന്നു എനിക്ക്‌. പരസ്പരം പ്രണയം പാടില്ല എന്ന നമ്മുടെ ഗ്രൂപ്പ്‌ റൂൾ നിലനിൽക്കെ തന്നെ ഞാനും വീണയും പ്രണയിച്ചു. സത്യത്തിൽ അറിഞ്ഞു കൊണ്ടല്ല, രണ്ട്‌ കലോപാസകർ തമ്മിലുള്ള ബഹുമാനം പ്രണയത്തിലേക്ക്‌ വഴി മാറിയതു ഞങ്ങൾ പോലും അറിഞ്ഞില്ല. എന്‍റെ പാട്ടിൽ അവളും അവളുടെ നൃത്തത്തിൽ ഞാനും പരസ്പരം മറന്ന് പോയി. പിന്നീടത്‌ രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പെട്ട പാട്‌."

"പീജി ചെയ്യാൻ നീ ബാംഗ്ലൂരിനു പോയതിനു ശേഷം ഞാൻ ഇവിടെ തനിച്ചായി. വീണ പണമുള്ള വീട്ടിലെ ഒറ്റപുത്രിയാണെന്നും സ്വത്തിന്‍റെ ഏക അവകാശി ആണെന്നും നിനക്കറിയാമല്ലോ. അവൾക്ക്‌ വിവാഹാലോചനകൾ തകൃതിയായി വന്ന് തുടങ്ങി. ചില വൈകുന്നേരങ്ങളിൽ ഞങ്ങൾ ഇവിടെ കണ്ടുമുട്ടുമായിരുന്നു. അങ്ങനെയൊരു വൈകുന്നേരം മഴയെയും മേഘങ്ങളെയും സാക്ഷിയാക്കി ഞങ്ങൾ ഒന്നായി. പിന്നീട്‌ ഞങ്ങൾക്കിടയിലേക്ക്‌ ഒരു കുഞ്ഞു വരാനൊരുങ്ങുന്നു എന്നറിഞ്ഞു ഞങ്ങൾ നാട്‌ വിടാനും തീർച്ചയാക്കി."

"എന്നിട്ടോ?" ഷാന് ആകാക്ഷയേറി.

"ഈ ഹരി, ഇവൻ ചതിച്ചു, ഒളിച്ചോട്ടത്തിനു തയ്യാറായി, ഇവിടെ, ഈ മൊട്ടക്കുന്നിൽ വീണയെ പ്രതീക്ഷിച്ച്‌ നിന്ന എന്നെ ഇവൻ പിന്നിൽ നിന്നും ചവിട്ടി വീഴ്തി. ജീവനു വേണ്ടി കെഞ്ചി ഞാൻ താഴെ കൊക്കയിലേക്ക്‌ ഉരുണ്ട്‌ പോവുന്നത്‌ ഇവൻ നോക്കി നിന്നു. എന്തിനെന്നോ, വീണയെയും അത് വഴി അവളുടെ സ്വത്തും സ്വന്തമാക്കാൻ ഇവൻ മെനഞ്ഞ തന്ത്രം....."

"യാത്രക്കു തയാറായി വന്ന വീണ സന്ധ്യ കഴിഞ്ഞിട്ടും എന്നെ കാത്ത്‌ ഈ കുന്നിന്മുകളിലിരുന്നു. ഹരി തന്നെ ഇവിടെയുമെത്തി, ഇക്ബാൽ വണ്ടിയിൽ കയറി പോവുന്നത്‌ കണ്ടു എന്ന് പറഞ്ഞു വിശ്വസിപ്പിച്ച്‌ നേരമിരുട്ടിയില്ലേ വീണയെ വീട്ടിൽ കൊണ്ട്‌ വിടാമെന്നു സമ്മതിപ്പിച്ചു അവൻ. നാട്ട് വഴിയിൽ സന്ധ്യാസമയത്ത്‌ വീണക്കുഞ്ഞിനെയും ഹരിയെയും ബാഗുമായി കണ്ടുവെന്ന് ആരെക്കൊണ്ടോ പറഞ്ഞു പരത്തിച്ച്‌ പുതിയ കഥയ്ക്കുള്ള തിരി കൊളുത്തി, അത് നാട്ടിൽ പാട്ടാക്കി."

"ഒടുവിൽ വീണയുടെ വീട്ടുകാർ ഹരിയെ വിളിച്ചു വീണയെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടു, അതും ഒരാഴ്ചക്കുള്ളിൽ. മറ്റ്‌ മാർഗ്ഗമൊന്നുമില്ലാതെ വീണയ്ക്ക്‌ ഹരിയെ വിവാഹം കഴിക്കേണ്ടി വന്നു. എന്‍റെ വിവരമൊന്നും ഇല്ലാതിരുന്ന അവസ്ഥയിലും കുഞ്ഞിന്‍റെ ജീവൻ നിലനിർത്തേണ്ടത് കൊണ്ട് മാത്രമാണ് അവൾ ജീവനൊടുക്കാഞ്ഞത്, പക്ഷേ, അവരുടെ വിവാഹദിവസം എന്‍റെ ശവശരീരം കണ്ടുകിട്ടിയതോടെ വീണയുടെ സമനില തെറ്റി അവൾ ഒരു ഭ്രാന്തിയായി മാറി. എന്‍റെ കുഞ്ഞ്‌ ജനിച്ചതും നാലു വർഷങ്ങൾക്ക് ശേഷം വീണ സ്വന്തം ജീവൻ അവസാനിപ്പിച്ചതും ഭ്രാന്താസ്പത്രിയിൽ ആയിരുന്നു. വീണയുടെ കുഞ്ഞ്‌ ഹരിയുടേതല്ലെന്ന് അവനറിയാം, പക്ഷേ വീണയുടെ സ്വത്തിന്‍റെ ഏക അവകാശി ആ കുഞ്ഞാണ്. വീണയുടെ മാതാപിതാക്കൾ അതെല്ലാം ഹരിയുടെ പേരിലല്ല, വീണയുടെ കുഞ്ഞിന്‍റെ പേരിലാണ് എഴുതി വച്ചത്."

"ജനിച്ച നാൾ മുതൽ അമ്മയുടെ സ്നേഹം അറിയാഞ്ഞ എന്‍റെ കുഞ്ഞിനെ ഹരിയുടെ അമ്മ പൊന്നു പോലെ വളർത്തി, നിനക്കറിയാല്ലോ ആ അമ്മ നമുക്കെത്ര ഊണ് വിളമ്പി തന്നിട്ടുണ്ടെന്ന്.... ആ ഒറ്റയൊരോർമയിലാണ് മോക്ഷം കിട്ടാതെ അലഞ്ഞിട്ടും ഇവനെ ഞാൻ ഇത്രനാളും വെറുതെ വിട്ടത്, ആ അമ്മയെ നോവിക്കാതിരിക്കാൻ....... എന്‍റെ കുഞ്ഞ്‌, അവൾ ഇനിയങ്ങനെ രണ്ടാനമ്മയുടെ പരിചരണത്തിൽ വളരണ്ട. അതിനാണ് ഞാൻ ഇവനു വന്ന വിവാഹാലോചനകളെല്ലം പൊളിച്ചതും.. എന്‍റെ ഉമ്മ വളർത്തട്ടെ അവളെ.... പിന്നെ ഒരു രക്ഷിതാവിന്‍റെ സ്ഥാനത്ത്‌ നീയുണ്ടാവണം. നീയവളെ സ്വന്തം മകളെപോലെ നോക്കും എന്നു എനിക്കുറപ്പാണ്. അതിനാവശ്യമുള്ള പേപ്പർവർക്കൊക്കെ ഹരിയായി തന്നെ ഞാൻ തയ്യാറാക്കി വച്ചിട്ടുണ്ടു. ഒരു ആത്മാവിനു എന്തുമാത്രം പരിമിതികളുണ്ടെന്നു മനുഷ്യർ മനസിലാക്കില്ല...... ഇക്ബാൽ പറഞ്ഞു നിർത്തി."

"ഇക്രൂ.... പക്ഷേ ഇവനെ, ഈ ഹരിയെ വെറുതെ വിടാൻ പാടില്ല. ഞാൻ പോലീസിനെ വിളിക്കാൻ പോവുന്നു... നിന്നെ ഇല്ലാതാക്കിയ ഇവനെ ഞാൻ......." ജിനുവേട്ടന്‍റെ രോഷം ക്യാമറലെൻസിലൂടെ ഷാൻ കണ്ടു. അതേ അവസ്ഥയിലായിരുന്നു അവളുടെ മനസ്സും.

"അതോർത്ത് നീ വിഷമിക്കേണ്ട ജിനൂ. ഇവനുള്ള ശിക്ഷ ഞാൻ തന്നെ കൊടുക്കും. എങ്കിലേ എന്‍റെ ആത്മാവീ ഭൂമിയിൽ നിന്നും യാത്രയാവൂ. നീ എന്‍റെ കുഞ്ഞിനു തുണയാവുമെന്ന ഉറപ്പിന്മേൽ ഞാൻ പോവട്ടെ?" ഹരി ജിനുവേട്ടനെ വീണ്ടും കെട്ടിപിടിച്ചു, ഇത്തവണ ജിനദേവനും രണ്ടു കയ്യും നീട്ടി ഹരിയെ ആലിംഗനം ചെയ്തു. സൗഹൃദത്തിന്‍റെ ഊഷ്മളമായ ആ നിമിഷങ്ങൾക്കൊടുവിൽ ജിനുവിനെ തന്നിൽ നിന്നടർത്തി മാറ്റി ഹരി മൊട്ടക്കുന്നിന്‍റെ ചരുവിലേക്ക്‌ ചായുന്നത് ജിനുവും ഷാനും സ്തബ്ധരായി തിരിച്ചറിയും മുൻപ്‌ തന്നെ ഷാനിന്‍റെ ക്യാമറാക്കണ്ണുകൾ അതൊപ്പിയെടുത്തു...........

ജീവിച്ചു കൊതി തീരാത്ത ആത്മാവിന്‍റെ ഗാനം പോലെ ഒരു കാറ്റ് മൊട്ടക്കുന്നിൽ വീശി തുടങ്ങിയിരുന്നു.
(അവസാനിച്ചു).

നിഴൽകുത്ത് (കഥ) - ഒന്നാം ഭാഗം http://http://neendoorpravasi.com/arts.php#622

(ശാന്തിനി കാരിക്കൽ, നീണ്ടൂർ)



സുനന്ദ എന്ന എഴുത്തുകാരി (നോവൽ)-3

ആമുഖം (പുതിയ വായനക്കാർക്ക്) - ചുരുങ്ങിയ കാലംകൊണ്ട് മലയാളികളുടെ മനസ്സിൽ ഇടംനേടിയ സാധാരണക്കാരിയായ നോവലിസ്റ്റാണ് സുനന്ദ. സാമ്പത്തിക പ്രാരാബ്ദം മൂലം ഇടക്കുവെച്ചു കലാലയ ജീവിതം നിർത്തേണ്ടി വന്നെങ്കിലും, സ്വന്തം കഴിവും അതിലുപരി കഠിനാദ്ധ്വാനവും ആത്മവിശ്വാസവും കൊണ്ട് ഇന്ന് മലയാളികളുടെ കണ്ണിലുണ്ണിയായി പ്രത്യേകിച്ച് വീട്ടമ്മമാരുടെയും ചെറുപ്പക്കാരുടെയും ആവേശമായി മാറിയ സുനന്ദയുടെ ജീവിതത്തിലെ ആരും അറിയാത്ത നൊമ്പരങ്ങളുടെയും വിരഹത്തിന്‍റെയും അവളെ കഥാകാരിയാക്കിയ സാഹചര്യത്തിന്‍റെയും ചുരുളഴിയുന്ന കഥകൾ. ഒരു കഥാകാരിയുടെ മാനസിക സംഘർഷങ്ങൾ തുറന്നുകാട്ടുന്ന നോവൽ .

ജീവിതം ഒരു സ്വപ്നം...

ഒരു പക്ഷെ ജീവിതത്തിൽ ഇതൊരു വഴിത്തിരവ് ആയിരിക്കാം. അശോകൻ തന്‍റെ ഓർമ്മകളിലേക്ക് ഊളിയിട്ടു. എത്ര പറഞ്ഞിട്ടും ആ കുട്ടി എന്താ ഇങ്ങനെ ആയി പോകുന്നത് ....? എത്ര ചിന്തിച്ചിട്ടും ഒരെത്തുംപിടിയും കിട്ടണില്ല. എന്തിനും ഒരേ വാശിയാണ്. താൻ പിടിച്ച മുയലിനു മൂന്നാണ് കൊമ്പെന്ന ഭാവം. പണ്ട് കാരണവന്മാര് പറയും. ചൊല്ലിക്കൊട്, തല്ലിക്കൊട്, തള്ളിക്കള. പക്ഷെ ഏട്ടനായി പോയില്ലേ എന്ത് ചെയ്യാം, അച്ഛന്‍റെ അഭാവത്തിൽ അവളുടെ എല്ലാകാര്യങ്ങളിലും തന്റെ കണ്ണ് ചെന്നില്ലങ്കിൽ എന്തായിരിക്കും അവസ്ഥ. അയ്യോ ഊഹിക്കാൻ പോലും വയ്യ, അയാൾ തലയ്ക്കു കയ്യുംകൊടുത്തു മാനത്തേക്കും നോക്കി ഒരെയിരുപ്പിരുന്നു. ജോലിയുടെ ക്ഷീണവും മാനസ്സിക അസ്വാസ്ഥ്യവും അയാളെ നല്ലവണ്ണം തളർത്തിയിരുന്നു. ജനുവരിയിലെ ആ കോടമഞ്ഞും ഒരു നേർത്ത ഇളംകാറ്റും കൺപോളകളെ നിദ്രയിലേക്ക് മാടിവിളിച്ചു കൊണ്ടിരുന്നു. നേരം കടന്നുപോയതറിഞ്ഞില്ല.

"അയ്യോ ഏട്ടാ, അത്താഴം കഴിക്കണ്ടേ, ഞാൻ ആ സീരിയൽ കണ്ടിരുന്നു നേരം പോയതറിഞ്ഞില്ല."

"അത് സാരമില്ല കുട്ടി, എനിക്ക് വിശപ്പില്ല. ഭങ്കര ക്ഷീണം... ആകെ ഒരു തളർച്ച."

"എന്നാൽ ചേട്ടൻ ഉള്ളിലേക്കു വാ, വെളിയിൽ ഭയങ്കര തണുപ്പാ. ഞാൻ ഒരു കട്ടൻ ഇടാം." സീത അടുക്കളയിലേക്കു പോയി.

കട്ടൻ കുടിക്കുന്നതിനിടയിൽ അയാളുടെ കണ്ണ് നിറയുന്നത് അവളെ വ്യാകുലപ്പെടുത്തി. "എന്താ ഏട്ടാ ഇങ്ങനെ കൊച്ചുകുട്ടികളെ പോലെ, വാ നമുക്കുറങ്ങാം." അവൾ അയാളുടെ കരം ഗ്രഹിച്ചു മുറിയിലേക്ക് മെല്ലെ നടന്നു. കുട്ടികൾ രണ്ടാളും നല്ല ഉറക്കത്തിൽ ആയിരുന്നു. വിതുമ്പുന്ന അധരങ്ങൾ മാറിൽ ചായ്ച്ചു അയാള് ഏങ്ങൽ അടിച്ചുകൊണ്ടെയിരുന്നു. എല്ലാം ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞല്ലോ. അല്ലേലും എല്ലാ മൊട്ടുകളും പൂക്കൾ ആകണമെന്നില്ലല്ലോ .....? എല്ലാ പൂക്കളും കനികൾ ആകണമെന്നും ഇല്ലല്ലോ. സീത മനസ്സിൽ നിനച്ചു.

മോളെ നിനക്ക് അത്താഴം വേണ്ടേ ......? ലക്ഷ്മി അമ്മ വിളിച്ചു ചോദിച്ചു. "അമ്മ കിടന്നോ എനിക്ക് ആ മഞ്ചാടിക്കുള്ള അടുത്ത ലക്കം ഇന്നു എഴുതി തീർക്കാണം, വെള്ളിയാഴ്ച പബ്ലിഷ്
ചെയ്യണ്ടതാ. സുകുമാരൻ സർ ഇപ്പോൾ വിളിച്ചതെ ഉള്ളു."

"എന്നാൽ ഞാൻ ഫ്ലാസ്കിൽ കട്ടൻ ഇട്ടു അടുപ്പിൻ പാതകത്തിൽ വച്ചേക്കാം."

"ശരി അമ്മാ" ....സുനന്ദ എഴുത്തിന്‍റെ വെള്ളി വിഹായസ്സിലേക്ക് രാകിപറന്നു പോയി. (തുടരും)

(അനിൽ പത്മാലയാ സിംഗപ്പൂർ, ഓണംതുരുത്ത്)



യാത്രാവിവരണം: പനാമ-പെറു-മച്ചുപിച്ചു യാത്ര-21

മുപ്പത്താറു കിലോമീറ്റർ പിന്നിട്ടപ്പോൾ ഗെരേരോ പറഞ്ഞു, വണ്ടി നിറുത്തിക്കൊണ്ട്. "Please get down. Let us see the largest earth dam of Gatum." ശരിതന്നെയാണ് അയാൾ പറഞ്ഞത്. പനാമ കനാൽ നിർമ്മാണത്തിലെ ഏറ്റവും കൂടിയ ചെലവും സമയവും അത്യാഹിതങ്ങളും ഇവിടെയായിരുന്നു. അറ്റ്ലാൻറ്റിക് സമുദ്രവും പസഫിക് സമുദ്രവും തമ്മിലുള്ള ജലനിരപ്പ് തുല്യമാക്കുന്നതിനും റിയോചാർജസ് നദിയിലെ വെള്ളം സംഭരിക്കുന്നതിനുമായിട്ടാണ് ടാട്ടൂൺ തടാകം നിർമ്മിക്കപ്പെട്ടത്. ഇരുനൂറ്റിഅമ്പതു ചതുരശ്ര കിലോമീറ്റർ ഘോരവനപ്രദേശം വെള്ളത്തിനടിയിലായി. വനത്തിലും സമീപപ്രദേശങ്ങളിലും താമസിച്ചിരുന്നവരെ മാറ്റിപ്പാർപ്പിച്ചു. ജലനിരപ്പിൻറ്റെ തുല്യത പാലിക്കുവാൻ ഗാട്ടൂൺ ലോക്കും നിർമ്മിക്കേണ്ടി വന്നു. ഈ ഡാമിലെ വെള്ളം ഉപയോഗിച്ചുള്ള വൈദ്യുതപദ്ധതിയിൽനിന്നും ലഭ്യമാകുന്ന വൈദ്യുതി ഉപയോഗിച്ചാണ് ലോക്കുകൾ തുറക്കുന്നതും അടയ്ക്കുന്നതും ലോക്കോമോട്ടീവ് എൻജിനുകൾ പ്രവർത്തിപ്പിക്കുന്നതും.

തുടർന്നുള്ള പത്തുകിലോമീറ്റർ യാത്രയിൽ ഞങ്ങൾ പനാമയുടെ വനാന്തരങ്ങളും കനാലുകളും നദികളും കണ്ടാസ്വദിച്ചു കൊളോണിലെത്തി. കൊടുങ്കാടുകളിൽ ജീവിക്കുന്ന പുള്ളിപ്പുലി, കുറുനരികൾ, വിഷമുള്ള തവളകൾ, നൂറായിരം തരത്തിലുള്ള പക്ഷികൾ മുതലായവയെപ്പറ്റി ഗെരേരോ വിശദീകരിച്ചുകൊണ്ടിരുന്നു. ഇടതൂർന്നു വളർന്നിരുന്ന വൻവൃക്ഷങ്ങൾ ഇപ്പോൾ കുറഞ്ഞുതുടങ്ങി. ഒപ്പം കാനനവാസികളും കാട്ടുമൃഗങ്ങളും കുറഞ്ഞിരിക്കുന്നു. അത്യുഗ്രവിഷമുള്ള പാമ്പുകൾ ഇപ്പോഴും പനാമ വനങ്ങളിലുണ്ട്. പനാമ സിറ്റിയിൽ നിന്നും ഒരാഡംബര ട്രെയിൻ രാവിലെ കോളോണിലെക്കും പോകുന്നുണ്ട്. വൈകുന്നേരം തിരിച്ചുപോരും. റിട്ടേൺ ടിക്കറ്റുൾപ്പെടെ നാൽപ്പതു ഡോളറാണ് ചാർജ്. അരമണിക്കൂർ ഇടവിട്ട് ബസ് സർവ്വീസുമുണ്ട്. രണ്ടുഡോളർ മാത്രമാണ് ബസ് ചാർജ്. പനാമസിറ്റിയും കൊളോണും തമ്മിൽ വിമാനസർവീസ് കൊണ്ടും ബന്ധിപ്പിച്ചിരിക്കുന്നു. മുപ്പത്താറു ഡോളർ ആണ് നിരക്ക്. ഇരുപതു മിനിറ്റുകൊണ്ട് കൊളോണിലിറങ്ങാം.

കൊളോൺ നഗരത്തിൽ അരലക്ഷം ജനങ്ങൾ മാത്രമേയുള്ളു. എന്നിരുന്നാലും കൊളോൺ ചരിത്രപ്രാധാന്യമുള്ള നഗരവും തുറമുഖവുമാണ്. പനാമയിൽ ഏറ്റവും കൂടുതൽ വളരുകയും അതുപോലെ തളരുകയും ചെയ്ത നഗരം വേറെയില്ല. എന്നാൽ ഇന്നും കൊളോൺ വളർച്ചയുടെ പാതയിലാണ്.

സ്പെയിൻകാർ കൊളംബസിൻറ്റെ നേതൃത്വത്തിൽ പനാമ കണ്ടുപിടിച്ച നാൾമുതൽ കൊളോൺ തിരക്കിലാണ്. പസഫിക് സമുദ്രം കണ്ടെത്തിയതും കാലിഫോർണിയയിലെ സ്വർണനിക്ഷേപം എത്തിപ്പിടിക്കുവാൻ അമേരിക്കയുടെ പടിഞ്ഞാറൻ തീരവാസികൾ തത്രപ്പെട്ടതും പനാമയിൽ റോഡും പിന്നീടുണ്ടായ കനാൽ നിർമ്മാണവും കൊളോണിൻറ്റെ വികസനത്തെയും പ്രാധാന്യത്തെയും വർധിപ്പിച്ചു. ബെയ്‌റൂട്ട്, സിംഗപ്പൂർ, ഹോങ്കോങ് തുടങ്ങിയ നഗരങ്ങളിലെപ്പോലെ ഏതുസാധനവും കുറഞ്ഞവിലയ്ക്ക് കിട്ടും. ടാക്സില്ല. കൊളോൺ പ്രൊവിൻസിൻറ്റെ തലസ്ഥാനം കൂടിയാണ് കൊളോൺ നഗരം. കനാലിൻറ്റെ പടിഞ്ഞാറുഭാഗത്തു സ്പെയിൻകാർ തീർത്ത കോട്ട, റിയോ ചാർജസ് നദിയുടെ കവാടത്തിലാണ്. ഈ നദിയിലൂടെ സഞ്ചരിച്ചാണ് ബ്രിട്ടീഷ് കടൽക്കൊള്ളക്കാരൻ, ഹെൻട്രി മോർഗൻ പുരാതന പനാമ നഗരത്തെ കൊള്ളയടിച്ചത്. ഫോർട്ടിനെച്ചുറ്റിയുള്ള കിടങ്ങും, സ്പാനിഷ് ബ്രിട്ടീഷ് പീരങ്കികളും കഥകൾ പറയും. ശത്രുതയുടെ കഥ. കൊള്ളയുടെ കഥ. കോളനിവാഴ്ചയുടെയും അതുപോലെ പലതും.

രാത്രി ഏഴുമണിയോടെ ഞങ്ങൾ ഹോട്ടൽ മോൺട്രിയോളിൽ തിരിച്ചെത്തി. ഞങ്ങളെത്തുന്നതുവരെ സാഞ്ചെസും മുൻഡ്രൈവർ ലോപ്പസും കാത്തിരുന്നു. ഒരു സ്‌പെഷ്യൽ ഡിന്നർ ഇവർ ഞങ്ങൾക്കായി ഹോട്ടലിൽ ഒരുക്കിയിരുന്നു. ചില പനാമവിഭവങ്ങൾ അടങ്ങിയ ഡിന്നറിനു സ്വാദുണ്ടാക്കാനിവർ നല്ല മസാലയും ചേർത്തതായി തോന്നി. പനാമയുടെ പല ഭാഗങ്ങളിൽ ഗൈഡായും ഡ്രൈവർമാരായും ഞങ്ങളോടൊപ്പം സഞ്ചരിച്ചവർക്കും ശങ്കർശാസ്ത്രിയുടെ വെജിറ്റബിൾ ഭക്ഷണക്രമം തെറ്റാതെ നൽകിക്കൊണ്ടിരുന്ന സാഞ്ചെസിനും ഞാൻ നന്ദി പറഞ്ഞു. പനാമയിൽ സഞ്ചരിക്കുവാൻ ഇനിയും വരുമെന്നും സുന്ദരികളായ പനാമ യുവതികളെ വിട്ടുപോകാൻ മനസ്സനുവദിക്കുന്നില്ലന്നും പോൾസൺ പറഞ്ഞപ്പോൾ "Dont change your compliment when you reach Lima.." എന്ന് സാഞ്ചേസ് ഓർമ്മിപ്പിച്ചു.

"അപ്പോൾ ഇതിലും സുന്ദരിമാർ പെറുവിലുണ്ടോ " എന്ന് ഞാൻ ചോദിച്ചത് കൂട്ടച്ചിരിക്കവസരമായി. ഞങ്ങൾ മൂന്നുപേർക്കും ചുംബനം നൽകിക്കൊണ്ട് സാഞ്ചേസ് യാത്രയാക്കി. ഈ പനാമ സുന്ദരിയുടെയും അവരുടെ കൂട്ടുകാരികളുടെയും ഹൃദ്യമായ പെരുമാറ്റവും വശ്യമായ സാമീപ്യവും അവിസ്മരണീയമായ അനുഭവമായിരുന്നു.

ആൻഡീസിനെ അതിരാക്കിയ പസഫിക് മഹാസമുദ്രം, അതേ പർവ്വതത്തെ തടയാക്കിയ അറ്റ്ലാൻറ്റിക്, രണ്ടു സമുദ്രങ്ങൾക്കും വരണമാല്യം നൽകി ഒന്നാക്കിയ പനാമകനാൽ, എണ്ണമറ്റ ദ്വീപുകൾ, നദികൾ, കൊടുംകാടുകൾ, മതമൈത്രിയുടെ ഉത്തുംഗനാടായ പനാമ, എല്ലാത്തിനോടും ഞങ്ങൾ താത്ക്കാലികമായി വിടപറയുന്നു. ഇനിയും വരുംവരെ ഞങ്ങളുടെ ഹൃദയത്തിൽ പനാമയുടെ മൃദുവായ ഓർമ്മകൾ തിരതല്ലും; നിശ്ചയം. (അവസാനിച്ചു.)

(എം.സി ചാക്കോ മണ്ണാറക്കാട്ടിൽ)



രണ്ടു പക്ഷികൾ (കവിത)

ഇടതൂർന്നു നിൽക്കുന്ന
നിബിഡ വനാന്തരങ്ങളിൽ
രണ്ടു ചില്ലകളിലായ്
എന്നും രണ്ടു കിളികൾ
എത്താറുണ്ടായിരുന്നു
പതിവായ്‌ എന്നും
നിബിഡവനാന്തരം എന്നും
ശ്രവിക്കുമവരുടെ കളകൂജനങ്ങൾ
പരിഭവങ്ങൾ പിണക്കങ്ങൾ
പിന്നെ പ്രേമസല്ലാപങ്ങൾ
കടംകഥകൾ വിശാലവീക്ഷണങ്ങൾ
ഇതൊന്നുമറിയാതെ കാലം
അവരെ ആത്മബന്ധത്തിൽ
ചാടിൽ കുരുക്കി തളർത്തിയിരുന്നു
ചില ജൽപ്പനങ്ങൾ വന്നവഴി മറച്ചു
നിഷ്കാമപ്രേമത്തിൻ വാതിലുകൾ
അടച്ചു പോർവിളികൾ ഉയിർത്തു
നിലക്കാത്ത മഞ്ഞിൻകണങ്ങൾ
പൊഴിച്ചിതാ ഒരു രാവും കൂടി
വിസ്മൃതിയിൽ ആണ്ടു
സ്വപ്ന താഴ്‌വര ഇപ്പോഴുംശൂന്യം
പൂമരകൊമ്പുകൾ ഇലകൾ
പൊഴിച്ച് വിരഹം തപവിരഹം
മർമ്മരങ്ങൾ മോഹനടനങ്ങൾ;
എങ്കിലും മനസ്സിൻറ്റെ മായാ
യവനികക്കപ്പുറംവിരഹം
പടർത്തിയവേദനകൾ ?
പക്ഷികൾ ഇന്നുംഎത്തുന്നുണ്ട്
സ്ഥിരമായ് ആ നിബിഡ
വനാന്തങ്ങളിൽ‌ നിത്യം
വനാന്തരങ്ങളിൽ എന്നും
പിന്നെ ഒരുവേള പോലും
ഉരിയാട്ടമുണ്ടയതില്ല
അകലെയൊരു കൂമൻചിറകൊള്ളി കൂവി
വിളിക്കുന്നു വനാന്തരങ്ങൾ
നിശ്ചലം നിശ്ചലം!

(പി. എസ് പ്രസാദ് മുണ്ടമറ്റം, നീണ്ടൂർ)


ഇവൻ എന്‍റെ മകൻ (കഥ

ട്രെയിൻ പുറപ്പെടാൻ ഇനി അഞ്ചു മിനിറ്റുകൾ മാത്രം എന്ന അനൗൺസ്മെൻറ്റ് കേട്ടപ്പോൾ അവസാനമായി ഒന്നുകൂടെ ലഗേജുകൾ എണ്ണി തിട്ടപ്പെടുത്തി. എല്ലാ പെട്ടികളും ഉണ്ട്. കഴിഞ്ഞ അഞ്ചു വർഷങ്ങൾകൊണ്ട് ഉണ്ടാക്കിയ എല്ലാ സാധനങ്ങളും കുത്തിനിറച്ചപ്പോൾ പെട്ടികളുടെ എണ്ണം അഞ്ചായി.

കൊടുത്ത പണം എണ്ണി നോക്കുന്നതിനിടയിൽ കൂലിയുടെ സ്വരം. "ദേഖ്നാ മേം സാബ്, പൂരാ സാമാൻ ഹെ കി നഹീം?"

"സബ് ഠീക് ഹെ" എന്ന് മറുപടി പറയുമ്പോൾ മിഴികൾ പ്ലാറ്റ് ഫോമിലൂടെ റോസ്ലിയെതേടിയലഞ്ഞു. അറിയാതെ പിറുപിറുത്തു. "ഇവൾ ഇത് എവിടെ പോയിരിക്കുന്നു!" റിസർവേഷൻ കമ്പാർട്ട്മെൻറ്റിലെ ഫാനിന്‍റെ ചൂട് കാറ്റടിച്ചു മോൻ തളർന്നുറങ്ങിക്കഴിഞ്ഞു. യാത്രയ്ക്കൊരുങ്ങിയപ്പോൾ മുതൽ ഒരേ കരച്ചിലായിരുന്നു. ആറുമാസം പ്രായത്തിലെ ആദ്യത്തെ യാത്ര. ഒരുപക്ഷേ ഇനിയൊരിക്കലും ജയ്പൂരിലേക്ക് തിരിച്ചു വരില്ലായിരിക്കാം. എല്ലാം ജയേട്ടന്‍റെ തീരുമാനങ്ങൾക്ക് വിട്ടുകൊടുക്കാം.

വെളിയിലേക്ക് കണ്ണും നട്ട് ഇരുന്നപ്പോൾ സഹയാത്രക്കാരി രാജസ്ഥാനി സ്ത്രീയുടെ വളകിലുക്കത്തോടൊപ്പം മൊഴിമുത്തുകളും കൊഴിഞ്ഞുവീണു. "പ്യാരി ബച്ചാ. കഹാം ജാ രഹാഹോ?"

"കേരളാ" അലക്ഷ്യമായി മറുപടി പറഞ്ഞു.

"അകേലേ ... ഇത്തനീ ദൂർ ..."

കേൾക്കാത്ത ഭാവത്തിൽ പ്ലാറ്റ് ഫോമിൽ കണ്ണുംനട്ടിരുന്നപ്പോൾ സ്ത്രീയുടെ ചോദ്യങ്ങൾ അവസാനിച്ചതായി തോന്നി. പെട്ടെന്ന് ആൾക്കൂട്ടത്തിലൂടെ ഓടിവരുന്ന റോസ്ലിയെ കണ്ടു. ഓട്ടത്തിന്‍റെ കിതപ്പു മാറ്റാൻ ജനാലക്കമ്പികളിൽ പിടിച്ച് കയ്യിലിരുന്ന ഫ്രൂട്ട് ബാസ്ക്കറ്റ് അകത്തു കൊണ്ടുതരാൻ കൂലിയെ ആംഗ്യം കാണിക്കുന്നതിനിടയിൽ അവൾ പറഞ്ഞു.

എന്‍റെ മോളേ സോറി, ലേറ്റ് ആയി. ആ പഞ്ചാബി പെണ്ണ് വരാൻ താമസിച്ചു. ഒരുവിധത്തിലാ ഡ്യൂട്ടിയിൽ നിന്ന് ചാടിയത്."

കഴുത്തിലെയും മുഖത്തെയും വിയർപ്പു തുടയ്ക്കുന്നതിനിടയിൽ അവൾ തുടർന്നു. " മോൻ ഉറങ്ങിയോ ... അല്ലെങ്കിൽ ഉണർത്തണ്ട. നിന്നെ പിരിയുന്നതിൽ ദുഃഖം അപ്പുണ്ണിയെ പിരിയുന്നതിലാ. നിനക്കും മോനും നല്ലതേ വരൂ."

റോസ്ലിയുടെ കണ്ഠമിടറുന്നതും കണ്ണ് നിറയുന്നതും കണ്ടു. ദുഃഖം വരുമ്പോൾ റോസ്ലിയുടെ മുഖം ചുവക്കുന്നത് കാണാൻ നല്ല രസമാണ്. അഞ്ചു വർഷമായി തന്‍റെ ജീവിതത്തിലെ എല്ലാമെല്ലാമായ കൂട്ടുകാരിയെ പിരിയുന്ന ദുഃഖം കടിച്ചമർത്തിക്കൊണ്ട് അവളുടെ കയ്യിൽ പിടിച്ചു. അറിയാതെ തന്‍റെ കണ്ണുകളും നിറയുകയായിരുന്നുവെന്ന് പ്ലാറ്റ്ഫോമിലെ രൂപങ്ങൾ അവ്യക്തമായി മാറിയപ്പോൾ മനസിലായി.

ട്രെയിനിന്‍റെ അവസാന ചൂളംവിളി രണ്ടുപേരുടെയും ഇടയിലെ നിശബ്ദതയെ വിഴുങ്ങി. മുന്നോട്ടു നീങ്ങുന്ന ട്രെയിനിനോടൊപ്പം തന്നെയും കുഞ്ഞിനെയും മാറിമാറി നോക്കിക്കൊണ്ട് അവൾ നടന്നു. അകന്നകന്നു പോകുന്ന റോസ്ലിയുടെ കരയുന്ന മുഖം അകലെ ഒരു ബിന്ദുവായ്, കറുത്ത പുകച്ചുരുളുകളിലൂടെ അവ്യക്തമായി കണ്ടു.

വിതുമ്പലോടെ തല തിരിക്കുമ്പോൾ സഹതാപപൂർവ്വം തന്നെ നോക്കിയിരിക്കുന്ന സഹയാത്രികർ. ഓരോരുത്തരുടെയും മനസ്സിൽ അവരവരുടെ ബന്ധുക്കളെ പിരിഞ്ഞതിലുള്ള ദുഃഖം. കമ്പാർട്ട്മെൻറ്റിൽ അത് മൂകത പരത്തി. ട്രെയിനിന്‍റെ ചൂളംവിളിയിൽ അലിഞ്ഞില്ലാതാകുന്ന തേങ്ങലുകൾ മാത്രം ബാക്കി.

പിങ്ക് സിറ്റിയെ പിന്നിലാക്കി അതിശീഘ്രം പാഞ്ഞുപോകുന്ന ട്രെയിനിനു മുൻപിൽ രാജസ്ഥാൻ മരുഭൂമിയിലെ പൊടിപടലങ്ങൾ വഴിമാറി കൊടുത്തു. ജനാലയുടെ ചില്ല് താഴ്ത്തി വച്ച് മോന്‍റെ മുഖത്തെ പൊടിയും വിയർപ്പും തുടച്ചു. മോൻ നല്ല ഉറക്കത്തിലാണ്. പെട്ടെന്നാണ് ഫ്രൂട്ട് ബാസ്ക്കറ്റിനു മുകളിൽ ഒട്ടിച്ചു വച്ചിരുന്ന റോസ്ലിയുടെ കവർ കണ്ടത്.

കത്ത് തുറന്നു വായിക്കുമ്പോൾ റോസ്ലിയുടെ ചുവന്നു തുടുത്ത മുഖമായിരുന്നു മനസ്സ് നിറയെ.

പ്രിയ സുധക്കുട്ടീ ... നിന്നെ പിരിയുന്ന വിഷമം കൊണ്ടാണ് രണ്ടു ദിവസമായി ഞാൻ ഒന്നുംതന്നെ സംസാരിക്കാതിരുന്നത്. അതുകൊണ്ടു തന്നെയാണ് ഈ കത്ത്. നിനക്കറിയാമല്ലോ അഞ്ചു വർഷം മുമ്പ് നമ്മൾ ഒരുമിച്ച് BSc നേഴ്സിംഗ് പഠനത്തിന് ജയ്പൂരിൽ വച്ച് ആദ്യം കണ്ടുമുട്ടുന്ന ദിവസം. ഒരു നാണംകുണുങ്ങി നായരുകുട്ടിയുമായി ഈ പാലാക്കാരി നസ്രാണിപ്പെണ്ണ് എങ്ങിനെ അടുത്തുവെന്നതാണ് അത്ഭുതം. നമുക്ക് രണ്ടുപേർക്കും കൂടി ഒരു മുറി താമസത്തിനു കിട്ടിയപ്പോഴും നമ്മുടെ രഹസ്യങ്ങൾ പരസ്പരം കൈമാറിയപ്പോഴും, എന്‍റെ വിഷമങ്ങൾ നീയും നിന്‍റെ വിഷമങ്ങൾ ഞാനും ഏറ്റു വാങ്ങിയപ്പോഴും നമ്മൾ അടുക്കുകയായിരുന്നു. അതുകൊണ്ട് അവധിക്ക് ഒരുമിച്ചു നാട്ടിലെത്തിയ നാലുതവണയും നമ്മൾ പരസ്പരം നിളയുടെ തീരത്തുള്ള നിന്‍റെ വീട്ടിലും മീനച്ചിലാറിന്‍റെ തീരത്തുള്ള എന്‍റെ വീട്ടിലെയും അംഗങ്ങളായി. ഒരുപക്ഷേ നിന്‍റെ മുറച്ചെറുക്കനേക്കാൾ നീ എന്നെ വിശ്വസിച്ചതുകൊണ്ടാവാം മറ്റാരും അറിയാതെ ഈ രഹസ്യം നമ്മൾ പങ്കുവച്ചത്. നിനക്കു മനോധൈര്യം പകരുന്നതിനു പകരം ഞാൻ എന്തൊക്കെയാണ് കുത്തിക്കുറിച്ചു നിന്നെ പേടിപ്പിക്കുന്നത്. സോറി മോളെ ... ആറുമാസം മുമ്പ് നമ്മുടെ ഇടയിൽ വന്നുചേർന്ന അപ്പുണ്ണി, അവന്‍റെ ഭാവിയെക്കുറിച്ചോർക്കുമ്പോഴാണ് പേടി.

എന്‍റെ മോളെ, നിന്നെ അഭിനന്ദിക്കാതിരിക്കുന്നത് എങ്ങിനെ. അന്ന് ഡിസംബറിലെ തണുപ്പുള്ള രാത്രിയിൽ, നീ കാണിച്ച ധൈര്യം ഒന്നുകൊണ്ടു മാത്രം ഒരു ജീവൻ രക്ഷപെട്ടു. അല്ലായിരുന്നെങ്കിൽ അവിഹിത പ്രസവത്തിലെ ആ കുട്ടിയുടെ ശവം വല്ല പൊട്ടക്കിണറ്റിലോ തെരുവ് നായ്ക്കളുടെ ഇടയിലോ കാണേണ്ടിവന്നേനെ.

നീ ഓർക്കുന്നുണ്ടോ, പതിനാറ് വയസ്സിൽ ആരോ പിഴപ്പിച്ച് അമ്മയാകേണ്ടിവന്ന ആ പെൺകുട്ടിയുടെ കരച്ചിൽ. സ്വന്തം കുഞ്ഞിനെ അന്വേഷിച്ചിട്ട് കാണാതെപോയ പെറ്റമ്മയുടെ ദുഃഖം. അവളുടെ മാതാപിതാക്കൾക്ക് വലുത് അവരുടെ മാനമായിരുന്നു. ജനിച്ച കുഞ്ഞ് ചാപിള്ളയാണെന്നു കേട്ടപ്പോൾ അലമുറയിട്ട പെൺകുട്ടിയുടെ വിഷമം നമ്മൾ കണ്ടതല്ലേ.

മാനം കാക്കാൻ പിഞ്ചുകുഞ്ഞിനെ പിന്നീട് കൊല്ലാൻ ശ്രമിച്ച ആ മാതാപിതാക്കളിൽ നിന്ന് കുട്ടിയെ പിടിച്ചു വാങ്ങുമ്പോൾ സുധക്കുട്ടിയിലെ തൊട്ടാവാടി നായർപെണ്ണ് എവിടെപ്പോയി എന്ന് ഇപ്പോഴും ഞാൻ അത്ഭുതപ്പെടുന്നു. രാജസ്ഥാൻ ഗ്രാമങ്ങളിൽ പതിവുള്ളതാണല്ലോ ഇത്തരം സംഭവങ്ങൾ. ജീവനോടെ കുഴിച്ചു മൂടപ്പെടുന്ന നിരപരാധി കുട്ടികൾ. അതറിയുമ്പോൾ ചിത്തഭ്രമം പിടിക്കുന്ന പെൺകുട്ടികൾ. ഇതൊക്കെ ഇനിയും ആവർത്തിക്കാനനുവദിക്കരുത് എന്ന് നിനക്ക് തോന്നിയതുകൊണ്ടാവാം അപ്പുണ്ണിയുടെ രക്ഷാധികാരം നീ ഏറ്റെടുത്തതും അവൻ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവന്നതും.

എനിക്കും നിനക്കും മാത്രം അറിയാവുന്ന ഈ രഹസ്യം ഇത്രയും നാൾ നമ്മോടൊപ്പം, നമ്മുടെ നാലുചുവരുകൾക്കുള്ളിൽ ഒതുങ്ങി. പലപ്പോഴും നുണ പറഞ്ഞു ജോലിക്ക് പോകാതെ നീ അവന്‍റെ മാതൃത്വം ഏറ്റെടുത്തു. എന്നാൽ ഇന്ന് എല്ലാ ഭാരവും സ്വയം തലയിലേറ്റി നാട്ടിലേക്ക് പോകുന്ന നീ നിനക്ക് പിറക്കാത്ത കുഞ്ഞിന്‍റെ അമ്മയാണ്. എന്‍റെ മോളെ, നിന്‍റെ ജയേട്ടൻ നിന്നെ മനസ്സിലാക്കും. തീരുമാനിച്ചുറച്ച ദിവസം തന്നെ നിങ്ങളുടെ വിവാഹം നടക്കുമെന്നും ഞാൻ വിശ്വസിക്കുന്നു. ഒപ്പം അപ്പുണ്ണിക്ക് ഒരു നല്ല ഭാവിയും. നിന്നെ അവിശ്വസിക്കുന്ന ആർക്കെങ്കിലും ഈ കത്ത് ഉപകരിക്കുമെങ്കിൽ കത്ത് സൂക്ഷിച്ചു വച്ചുകൊള്ളു. എല്ലാവിധ മംഗളങ്ങളും..... സ്വന്തം കൂട്ടുകാരി, റോസ്ലി.

കത്ത് വായിച്ചു നെടുവീർപ്പിടുമ്പോൾ ഭയം മനസ്സിൽ ആളിക്കത്തി. ജയേട്ടൻ വിശ്വസിക്കുമോ ? ഇല്ല, തനിക്കുവേണ്ടി കാത്തിരിക്കുന്ന തൻറ്റേതു മാത്രമായ ജയേട്ടൻ ഒരു വഴി കാണിച്ചുതരാതിരിക്കില്ല.

രണ്ടുപകലും ഒരു രാവും കഴിഞ്ഞുവെന്ന് മനസിലായത് ഈറോഡിലെ തമിഴും മലയാളവും കലർന്ന ശബ്ദം കേട്ടാണ്. കമ്പാർട്ട്മെൻറ്റിൽ നിറയെ അപരിചിത മുഖങ്ങൾ. യാത്ര തുടങ്ങിയപ്പോൾ കണ്ട ആരും ഇപ്പോൾ ഇല്ല. ട്രെയിൻ ചൂളംവിളിച്ചു കരിമ്പനക്കൂട്ടങ്ങളെ പിന്നിലാക്കി കുതിച്ചു പായുമ്പോൾ
കിഴക്ക് വെള്ള കീറിക്കഴിഞ്ഞിരുന്നു. പച്ചപിടിച്ച പാലക്കാടൻ ഗ്രാമങ്ങളും മൊട്ടക്കുന്നുകളും മനസ്സിന് കുളിർമയേകി.

പെട്ടെന്ന് അപ്പുണ്ണി ഞെട്ടിയുണർന്നു കരയാൻ തുടങ്ങി. നിർത്താതെയുള്ള കരച്ചിലടക്കുവാൻ ഒന്നും കയ്യിലില്ല. പാലും ജ്യൂസും എല്ലാം തീർന്നു. സ്വാന്തനിപ്പിക്കുവാൻ ശ്രമിച്ച എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു. പെട്ടെന്ന് അടുത്തിരുന്ന തമിഴത്തി സ്ത്രീ തമിഴ് കലർന്ന മലയാളത്തിൽ പറഞ്ഞു.

"കുട്ടിക്കു മുലപ്പാൽ കൊടുത്തുകൊള്ളൂ. ഇവിടെ ഇപ്പോൾ ആരും കാണില്ല." ധ്വനി മനസ്സിലാക്കിയെന്നവണ്ണം എതിരെയിരുന്ന പുരുഷന്മാർ തല വെട്ടിച്ചു വെളിയിൽ നോക്കിയിരുന്നു. അൽപമൊന്നു മടിച്ചപ്പോൾ തമിഴത്തി തൻറ്റെ തടിച്ച ശരീരം മറയാക്കിക്കൊണ്ട് പ്രോത്സാഹിപ്പിച്ചു. അപ്പുണ്ണിയാണെങ്കിൽ കരച്ചിൽ നിർത്താനും തയ്യാറല്ല.

രണ്ടും കൽപ്പിച്ചു കുട്ടിയെ മാറോടമർത്തി. വിറയ്ക്കുന്ന കരങ്ങളോടെ ബ്ലൗസിൻറ്റെ ഹുക്കഴിച്ചപ്പോൾ എന്തോ തെറ്റ് ചെയ്യുന്ന പ്രതീതി. ബന്ധനത്തിൽനിന്ന് വിമുക്തമായ മുലക്കണ്ണുകൾ അവൻറ്റെ മോണകൾക്കിടയിൽ അമർന്നു. വല്ലാത്ത ഒരു ഇക്കിളിയിൽ തരിച്ചിരുന്നപ്പോൾ സ്ഥലകാലബോധം നഷ്ടപ്പെടുന്നതുപോലെ. ശാന്തമായ കുട്ടി ഒളികണ്ണിട്ട് അമ്മയെനോക്കി ചൂടുപറ്റിക്കിടന്നു.

പെട്ടെന്ന് ജയേട്ടൻറ്റെ മുഖം ഓർമ്മ വന്നു. അവധിക്ക് നാട്ടിൽ വന്ന ഒരു സായംസന്ധ്യയിൽ സർപ്പക്കാവിൽ വച്ച് ഒരു ആലിംഗനത്തിനുവേണ്ടി കെഞ്ചിയ ജയേട്ടൻറ്റെ രൂപം. ജയേട്ടൻറ്റെ തത്വങ്ങളേക്കാൾ റോസ്‌ലിയുടെ ഉപദേശങ്ങളായിരുന്നു അപ്പോൾ മനസ്സുനിറയെ.

"എടീ പെണ്ണേ, ഈ ആൺവർഗ്ഗത്തെ വിശ്വസിക്കരുത്. കാര്യം കാണുന്ന വരെ തേനേ പാലേ എന്ന് പറഞ്ഞു പുറകെ കൂടും. കാര്യം കഴിഞ്ഞാൽ പിന്നെ വൈക്കത്തഷ്ടമിക്ക് കണ്ട ഭാവം നടിക്കില്ല. അതുകൊണ്ടു കല്യാണത്തിന് മുൻപ് ഒരു ചെറിയ ചാൻസുപോലും കൊടുക്കരുത്. കാര്യമൊക്കെ ശരിയാ, ജയേട്ടൻ മുറച്ചെറുക്കനായിരിക്കും. എന്നാലും ആണല്ലേ വർഗ്ഗം."

"ഒക്കെ കല്യാണം കഴിഞ്ഞു മതി കേട്ടോ." ജയേട്ടൻറ്റെ കൈകൾ തട്ടിമാറ്റി, കുപ്പിവളകൾ പൊട്ടിവീണ വഴിത്താരയിലൂടെ ഓടി വീട്ടിലെത്തിയപ്പോൾ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു.

വറ്റിവരണ്ട നിളയും, കൊയ്ത്തു കഴിഞ്ഞ പാടങ്ങളും പിന്നിട്ട് ട്രെയിൻ ഒറ്റപ്പാലത്തെത്തി. പ്ലാറ്റ്‌ഫോമിൽ കാത്തുനിൽക്കുന്ന അച്ഛനെയും അമ്മയെയും കണ്ടപ്പോൾ ആശ്വാസമായി. പെട്ടി തലയിലേറ്റി വെളിയിലിറങ്ങിയ കൂലിയുടെ പിന്നാലെ കുഞ്ഞിനേയും ഒക്കത്തേന്തി ഇറങ്ങിവന്നപ്പോൾ, അച്ഛൻറ്റെയും അമ്മയുടെയും മുഖത്തെ അമ്പരപ്പ് ശ്രദ്ധിച്ചില്ലന്നു നടിച്ചു. വാതിലിനടുത്തേക്ക് ഓടിവന്ന അമ്മ ചോദിച്ചു.

"ആരുടെയാ മോളെ ഈ കുട്ടി, ഇനി വല്ലവരും ഇറങ്ങാനുണ്ടോ?"

"ഒക്കെ വിശദമായി പറയാം. വാ നടക്ക്"

എന്തോ പന്തികേട് മനസ്സിലാക്കിയ അച്ഛനും അമ്മയും പിന്നെ ഒന്നും പറഞ്ഞില്ല. മൗനമായി കൂലിയുടെ പുറകെ കാറിനടുത്തേക്ക് നടക്കുമ്പോൾ അനേകം സംശയങ്ങളുടെ ഉത്തരങ്ങൾ കണ്ടെത്താനുള്ള ഉപാധികളായിരുന്നു മനസ്സുനിറയെ.

പിന്നീടുള്ള ദിവസങ്ങളിൽ വീട്ടുകാരുടെയും നാട്ടുകാരുടെയും മുന്നിൽ താൻ പരാജയപ്പെടുകയായിരുന്നു. പിഴച്ചു പെറ്റവൾ കുട്ടിയെയുമായി തറവാട്ടിലെത്തിയെന്നു ഗ്രാമം മുഴുവൻ ധരിച്ചുവച്ചിരിക്കുന്നു. ഇനി അവസാനത്തെ ഊഴം ജയേട്ടൻറ്റേതാണ്. ജയേട്ടൻറ്റെ വരവും കാത്ത് നിമിഷങ്ങൾ എണ്ണിക്കഴിയുമ്പോൾ ആശ്വാസത്തിന് അപ്പുണ്ണിയുടെ നിഷ്ക്കളങ്കമായ ചിരി മാത്രം.

"മോളെ, ഞങ്ങൾ ഇതൊക്കെ വിശ്വസിച്ചാലും ജയനും വീട്ടുകാരും വിശ്വസിക്കുമെന്ന് നീ കരുതുന്നുണ്ടോ. നാട്ടിലാണെങ്കിൽ ഇതേ കുറിച്ചാണ് മനുഷ്യരുടെ സംസാരം. അച്ഛന് പുറത്തിറങ്ങി നടക്കാൻ മേല. അതുപോലെ ഓരോരുത്തരുടെ സംശയങ്ങളും വിമർശനങ്ങളും."

അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ എല്ലാ കരുത്തും നഷ്ടപ്പെടുകയായിരുന്നു. എങ്കിലും ജയേട്ടൻറ്റെ തീരുമാനത്തിനുവേണ്ടി കാത്തിരുന്നു.

പിറ്റേന്ന് രാവിലെതന്നെ ജയേട്ടനെത്തി. മുഖഭാവം കണ്ടപ്പോഴേ മനസ്സിൽ ഭീതിയുടെ നിഴൽ. എന്തെങ്കിലും ഇങ്ങോട്ടു പറയുന്നതിന് മുമ്പ് എല്ലാം തുറന്നു പറയുവാൻ ഓടി മുറ്റത്തേക്ക് എത്തി. അപ്പോൾ കേട്ട വാക്കുകൾ വിശ്വസിക്കാനായില്ല.

"വേണ്ട - എന്തുപറഞ്ഞാലും ഈ പ്രവൃത്തിയെ ഞാൻ ന്യായീകരിക്കില്ല. ഇത്രയും അപവാദങ്ങൾക്കിടയിൽ ഈ വിവാഹത്തിന് ഞാൻ ഒരുക്കമല്ല".

മുഖം വെട്ടിച്ചു തിരിഞ്ഞു നടന്ന ജയേട്ടനെ സർവശക്തിയും സംഭരിച്ചു വിളിച്ചു. "ജയേട്ടാ... ജയേട്ടന് ഇഷ്ടമുള്ളിടത്തു കുട്ടിയെ ആക്കാം. എനിക്ക് ജയേട്ടനെ വേണം".

പൊട്ടിക്കരച്ചിലിൽ വാക്കുകൾ ചിതറിവീണു. തിരിഞ്ഞു നോക്കിയപ്പോൾ ജയേട്ടൻറ്റെ മുഖം തികച്ചും അപരിചിതമായിരുന്നു.

"വേണ്ട സുധീ നമുക്ക് ഈ അദ്ധ്യായം മറക്കാം. നിൻറ്റെ മനസ്സിൽ ഇപ്പോൾ ഒരു ഭാര്യയേക്കാൾ കൂടുതൽ അമ്മയ്ക്കാണ് സ്ഥാനം. നിനക്കും കുഞ്ഞിനും നല്ലതു വരട്ടെ".

പടിപ്പുര കടന്ന് പാടത്തൂടെ നടന്നുപോകുന്ന ജയേട്ടൻറ്റെ രൂപം കണ്ണിൽനിന്ന് മറഞ്ഞപ്പോൾ ജീവിതകാലം മുഴുവൻ താൻ താലോലിച്ച സ്വപ്നഗോപുരം തകർന്നുടയുകയായിരുന്നു.

കോലായിലെ സിമൻറ്റ് തറയിൽക്കിടന്ന് കാലിട്ടടിച്ചു മോണകാട്ടി ചിരിക്കുന്ന അപ്പുണ്ണി. അപ്പുണ്ണിയെ വാരിയെടുത്ത് തെരുതെരെ ചുംബിച്ചപ്പോൾ എല്ലാ വിലക്കുകളും പൊട്ടിച്ചെറിഞ്ഞ ഒരു അമ്മയുടെ ആവേശം അവൻ ആദ്യമായറിഞ്ഞു. മോണകാട്ടിച്ചിരിച്ച ആ ഓമനമുഖത്തു പതിഞ്ഞ സുധക്കുട്ടിയുടെ കണ്ണുനീരിന് മാതൃത്വത്തിൻറ്റെ ചൂടുണ്ടായിരുന്നു.

(രാജു ജോസഫ് പ്രാലേൽ, USA)




പുതിയ സിനിമ - പുലിമുരുകൻ & ആനന്ദം

ഏറെ നാളത്തെ കാത്തിരുപ്പ് ആണ് മലയാളികള്‍ക്ക് പുലിമുരുകന്‍. 2013 മുതല്‍ ഇതിനെ പറ്റിയുള്ള വാര്‍ത്തകളും മറ്റും ചൂട് പിടിച്ചിരുന്നു. മലയാള സിനിമയിലെ ഏറ്റവും ചിലവേറിയ ചിത്രം, സ്റ്റണ്ട് മാസ്റ്റര്‍ പീറ്റര്‍ ഹെയിനിന്‍റെ സാന്നിധ്യം, പുലിയുമായുള്ള ഫൈറ്റ് രംഗങ്ങള്‍, ഉള്‍ക്കാട്ടിലെ ദിവസങ്ങള്‍ നീണ്ട ഷൂട്ട് അങ്ങിനെ എല്ലാം കൊണ്ടും കൗതുകം നിറഞ്ഞതായിരുന്നു പുലിമുരുകന്‍റെ വിശേഷണങ്ങള്‍. കൂടാതെ അവസാന ഇരുപത് മിനിറ്റ് ക്ലൈമാക്‌സ് സീന്‍ ചിത്രീകരിക്കാന്‍ പോലും വളരെ ഏറെ ദിവസങ്ങള്‍ എടുത്തു എന്ന കേള്‍വിയും ഉണ്ടായിരുന്നു. എല്ലാത്തിനും പുറമെ മോഹന്‍ലാല്‍ എന്ന നടന്‍റെ ഏവരും കാത്തിരുന്ന ബ്രഹ്മാണ്ഡ ചിത്രം എന്ന് വിശേഷിപ്പിക്കാവുന്ന ഒന്ന്. വൈശാഖ് എന്ന സംവിധായകന്‍റെ ഡ്രീം പ്രൊജക്റ്റ്. ഇതെല്ലാം കൊണ്ട് വന്‍ കാത്തിരുപ്പും പ്രതീക്ഷയും പുലര്‍ത്തിയ ഒരു മലയാള സിനിമയാണ് പുലിമുരുകന്‍. ആ പ്രതീക്ഷകളെല്ലാം അക്ഷരാർത്ഥത്തിൽ ശരി വച്ചുകൊണ്ട് ആദ്യമായി 100 കോടി ക്ലബ്ബിലെത്തുന്ന മലയാള സിനിമ എന്ന ഖ്യാതിയും സ്വന്തമാക്കി പുലിമുരുകൻ ഇപ്പോഴും തീയേറ്ററുകൾ നിറഞ്ഞോടുകയാണ്.

ഒന്നൊന്നര പുലിമുരുകൻ - രണ്ട് മണിക്കൂര്‍ നീളുന്ന ഒരു ഹൈവോള്‍ട്ടേജ് ലാല്‍ഷോ കാണാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ധൈര്യമായി ടിക്കറ്റെടുക്കാം പുലിമുരുകന്. അതിഗംഭീരം. ഒറ്റവാക്കിൽ പുലിമുരുകനു കൊടുക്കാവുന്ന ഏറ്റവും നല്ല വിശേഷണമിതാണ്. മനുഷ്യനും മൃഗവും തമ്മിലുള്ള പോരാട്ടം അവിശ്വസനീയമാം വിധം, അതിമനോഹരമായി ചിത്രീകരിച്ചിരിക്കുന്ന സിനിമ. കുട്ടികൾക്കും കുടുംബങ്ങൾക്കും ആരാധകർക്കുമൊക്കെ ധൈര്യമായി കാണാവുന്ന ഫുൾടൈം എൻറ്റർടെയ്നർ. കിടിലന്‍ കൊള്ളിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍, പുലിവേട്ടയുടെ കണ്ണഞ്ചിപ്പിക്കുന്ന രംഗങ്ങള്‍. ഒരു യോദ്ധാവിനെ പോലെ സക്രീന്‍ നിറഞ്ഞാടുന്ന മോഹന്‍ലാല്‍. അങ്ങനെ എല്ലാ അര്‍ഥത്തിലും ആരാധകരെ വിരുന്നൂട്ടാന്‍ പോന്ന ഹൈവോള്‍ട്ടേജ് ലാല്‍ ചിത്രമാണ് പുലിമുരുകന്‍. രണ്ട് മണിക്കൂര്‍ 41 മിനിറ്റ് നീളുന്ന ഒരു പക്കാ ലാല്‍ഷോ.

പുലിയൂർ എന്ന ഗ്രാമത്തിന്‍റെ രക്ഷകനാണു മുരുകൻ. കാട്ടില്‍ നിന്നും നാട്ടിലിറങ്ങുന്ന പുലിയില്‍ നിന്നും നാട്ടുകാര്‍ക്ക് അഭയവും രക്ഷകനുമാണ് പുലിമുരുകന്‍. നരഭോജികളായ വരയന്‍ പുലികളെ വേട്ടയാടുന്നതില്‍ സമര്‍ഥനാണ് മോഹന്‍ലാലിന്‍റെ പുലിമുരുകന്‍ എന്ന കഥാപാത്രം. ഫ്ലാഷ്ബാക്കിലാണു ചിത്രം ആരംഭിക്കുന്നത്. മോഹൻലാലിന്‍റെ ചെറുപ്പം അഭിനയിക്കുന്ന മാസ്റ്റർ അജാസും കടുവയും തമ്മിലുള്ള പോരാട്ടം അതിഗംഭീരമായി അവതരിപ്പിച്ചിരിക്കുന്നു. ഇൗ രംഗങ്ങൾ മോഹൻലാലിന്‍റെ ഇൻട്രഡക്‌ഷനു മുമ്പു തന്നെ ചിത്രത്തെ മറ്റൊരു തലത്തിലെത്തിക്കും.

ഒരേ സമയം മനുഷ്യനേയും മൃഗത്തേയും ബുദ്ധികൊണ്ടും കൗശലം കൊണ്ടും കായികബലം കൊണ്ടും നേരിടുന്ന പുലിമുരുകന് എല്ലാത്തിനുമപ്പുറം കാടാണ് സ്വത്ത്. ഭാര്യ മൈനയും മകള്‍ ചക്കിയുമടങ്ങുന്ന ഒരു കൊച്ചുകുടംബമുണ്ട് അയാള്‍ക്ക്. മംഗലാപുരത്ത് പഠിക്കുന്ന മണിക്കുട്ടന്‍ (വിനു മോഹൻ) എന്ന സഹോദരനും ഒഴിച്ചുനിര്‍ത്തിയാല്‍ കാടും പിന്നെ പുലിയൂര്‍ ഗ്രാമവാസികളുമാണ് അയാളുടെ ലോകം. മുരുകന്‍റെ അമ്മാവന്‍ ബലരാമനായി ലാലും ചങ്ങാതി പൂങ്കായ് ശശിയായി സുരാജ് വെഞ്ഞാറന്മൂടും ചിത്രത്തിലുണ്ട്. തെലുങ്ക് നടന്‍ ജഗപതി ബാബു ഡാഡിഗിരിജ എന്ന കഥാപാത്രമായി ശക്തമായ പ്രതിനായക വേഷത്തിലെത്തുന്നു. കാടിന്‍റെ മറവില്‍ സ്വന്തം ബിസിനസ്സുമായി മകരന്ത് ദേശ്പാണ്ഡെയുടെ കഥാപാത്രവും പുലിമുരുകന്‍റെ എതിരാളിയാണ്. പ്രത്യേക ലക്ഷ്യവുമായി മുരുകനെ തേടിയെടുത്തുന്ന ബാലയുടെ കഥാപാത്രം, ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ R. K. യായി തമിഴ്‌നടന്‍ കിഷോർ, കാട്ടിലെ മൂപ്പനായി എം.ആര്‍ ഗോപകുമാര്‍, കമ്മീഷണറായി സിദ്ദിഖ്. ഡാഡി ഗിരിജയുടെ വലംകൈയായ ഹരീഷ് പേരടിയുടെ മേസ്തിരി, ഒറ്റ റോളിൽ മാത്രമായെത്തുന്ന സുധീർ കരമനയുടെ കായിക്ക, ചായക്കടക്കാരൻ ശശി കലിംഗ തുടങ്ങിയവരും ചിത്രത്തിലുണ്ടെങ്കിലും ആദ്യവസാനം മോഹന്‍ലാലിലെ പുലിമുരുകന്‍ ഈ സിനിമ ഒന്നാകെ കവര്‍ന്നെടുക്കുകയാണ്.

കമാലിനി മുഖര്‍ജിയാണ് മുരുകന്‍റെ ഭാര്യ മൈനയായി വേഷമിടുന്നത്. വേട്ടയാട് വിളയാടിലും, കുട്ടി സ്രാങ്കിലും മികച്ച വേഷം ചെയ്ത കമാലിനിയുടെ മൈന എപ്പോഴും ശുണ്ഠിയെടുക്കുന്ന കഥാപാത്രമായതിനാല്‍ മലയാളം ഉച്ചാരണം വലിയ വെല്ലുവിളിയായി നില്‍ക്കുന്നു. വിജയിയുടെ ഖുശിയിലെ മുമ്താസിനെ അനുസ്മരിപ്പിക്കുന്ന ജൂലി എന്ന നമിതയുടെ കഥാപാത്രം സിനിമയ്ക്ക് ഒരു അധികപ്പറ്റാണ്. മോഹന്‍ലാലിന്‍റെ ബാല്യകാലം അവതരിപ്പിച്ച അജാസ് എന്ന പയ്യന്‍റെ പ്രകടനം എടുത്തുപറയാതിരിക്കാനാകില്ല. അത്ര കൈയടി ഈ പയ്യനും തിയേറ്ററില്‍ കിട്ടി.

പീറ്റർ ഹെയ്ൻ ഒരുക്കിയ ആക്‌ഷൻ രംഗങ്ങളാണ് ചിത്രത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത. മാസ്മരികം എന്നു മാത്രമേ സംഘട്ടനരംഗങ്ങളെപ്പറ്റി പറയാനാകൂ. ഇതുവരെ ഒരു മലയാള സിനിമയിലും കാണാത്ത, മോഹൻലാലിന്‍റെതായി നാം ഒരിക്കലും കണ്ടിട്ടില്ലാത്ത ചുവടുകൾ. മനുഷ്യനോടും മൃഗത്തിനോടും മല്ലു പിടിക്കുന്ന മുരുകനെ പീറ്റർ അവിസ്മരണീയമായി ഒരുക്കിയിരിക്കുന്നു.

സൂപ്പര്‍ഹിറ്റ് ചിത്രം നരനില്‍ ഹൊഗനക്കലിന്‍റെ സൗന്ദര്യം ഒപ്പിയെടുത്ത ഛായാഗ്രാഹകന്‍ ഷാജി പകര്‍ത്തിയ ദൃശ്യങ്ങള്‍ പുലിമുരുകനിലും അതിന്‍റെ മാറ്റ് കൂട്ടുന്നു. പൂയംകുട്ടി മലനിരകളും മാമലക്കണ്ടവും പിണ്ടിമേട് വെള്ളച്ചാട്ടവും അടക്കം സിനിമ നാളിതുവരെ ഒപ്പിയെടുക്കാത്ത പ്രകൃതി സൗന്ദര്യവും കാടിന്‍റെ വന്യതയും പുലിമുരകനെ വേറിട്ടു നിർത്തുന്നു. ട്വൻറ്റി 20 യും ക്രിസ്ത്യന്‍ ബ്രദേഴ്‌സും അടക്കം മാസ് ചിത്രങ്ങള്‍ എഴുതിത്തഴക്കമുള്ള ഉദയ്കൃഷ്ണ-സിബി കെ തോമസ് ടീമില്‍ നിന്ന് ഉദയ്കൃഷ്ണ ആദ്യമായി ഒറ്റയ്ക്ക് എഴുതിയ തിരക്കഥയില്‍ വിരിഞ്ഞതാണ് പുലിമുരുകന്‍. ഗോപി സുന്ദർ ഒരുക്കിയ പാട്ടും പശ്ചാത്തലസംഗീതവും സിനിമയോടു നൂറുശതമാനം നീതി പുലർത്തി. ചിത്രത്തിന്‍റെ മൂഡിനെ അതിന്‍റെ പാരമ്യത്തിലേക്കെത്തിക്കാൻ ഗോപിയുടെ സംഗീതത്തിനായി. കാടണയും കാല്‍ച്ചിലമ്പേ എന്ന് തുടങ്ങുന്ന യേശുദാസും ചിത്രയും ചേര്‍ന്ന് ആലപിച്ച സിനിമയിലെ ഏക ഗാനം ഇതിനോടകം ഹിറ്റ്ചാര്‍ട്ടില്‍ ഇടംപിടിച്ചതാണ്. മുളകുപാടം ഫിലിംസിന്‍റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിച്ച ചിത്രം സര്‍വകാല കളക്ഷൻ റെക്കോഡുകളും തകർത്തു മുന്നേറുകയാണ്.

കഥയെ കാര്യമാക്കിയ വൈശാഖ് എന്ന സംവിധായകനാണ് പുലിമുരുകനിലെ യഥാർഥ പുലി. ഒരുപക്ഷേ ഒരു മലയാളി സംവിധായകനും ആലോചിക്കുക പോലും ചെയ്യാനിടയില്ലാത്ത സംഭവങ്ങളെ വെല്ലുവിളികൾ അതിജീവിച്ചു വെള്ളിത്തിരയിലെത്തിച്ച വൈശാഖ് പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. തട്ടുപൊളിപ്പൻ ചിത്രങ്ങൾ മാത്രം ചെയ്ത് ഒതുങ്ങിപ്പോകേണ്ട ആളല്ല വൈശാഖെന്നു പുലിമുരുകൻ തെളിയിക്കുന്നു. വാണിജ്യ വിജയം നേടിയ ഒരുപാടു സിനിമകൾ നേരത്തെയും ചെയ്തിട്ടുണ്ടെങ്കിലും ഇൗ ഒറ്റച്ചിത്രം കൊണ്ട് വൈശാഖിൻറ്റെ സിനിമാഗ്രാഫ് ഉയരും.

അതിഗംഭീരമായ ആക്‌ഷൻ രംഗങ്ങൾ തന്നെയാണ് പുലിമുരുകന്‍റെ ഏറ്റവും വലിയ ഹൈലൈറ്റ്. സാധാരണ മാസ് സിനിമകളിൽ കാണുന്ന സ്ലോ മോഷൻ നടത്തമോ പഞ്ച് ഡയലോഗുകളോ പുലിമുരുകനിൽ അധികമില്ല. നല്ല നർമരംഗങ്ങളും മോഹൻലാലിന്‍റെ കുസൃതി നിറഞ്ഞ അഭിനയമുഹൂർത്തങ്ങളും കുടുംബപ്രേക്ഷകരെ കയ്യിലെടുക്കുന്ന ചില വൈകാരിക രംഗങ്ങളുമെല്ലാം ചേരുമ്പോൾ, മുരുകൻ വെറുമൊരു ആക്‌ഷൻ സിനിമയിൽനിന്നു മാറി കാമ്പുള്ള ചിത്രമാകുന്നു. ഗ്രാഫിക്സ്, വി എഫ്‌ എക്സ് മേഖലകളിൽ ചില പോരായ്മകൾ തോന്നാമെങ്കിലും ബോളിവുഡിൽപോലും ഉണ്ടാകാനിടയില്ലാത്ത ഒരു ചിത്രം മലയാളത്തിലെത്തുമ്പോൾ അതൊന്നും ഒരു കുറവായി കാണാനാവില്ല. രു ഹൈവോള്‍ട്ടേജ് ലാല്‍ഷോ കാണാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ധൈര്യമായി ടിക്കറ്റെടുക്കാം പുലിമുരുകന്.

ആനന്ദം.

സൗഹൃദം, പ്രണയം ഇവ നിഷ്‌കളങ്കമായ രീതിയില്‍ നമ്മുടെ അതേ വികാരങ്ങളോടെ നമുക്ക് സിനിമാ അനുഭവം ആക്കി തരുന്ന ഒരു യുവ സംവിധായകനാണ് വിനീത് ശ്രീനിവാസന്‍. യുവതലമുറ വിനീതിന് നല്‍കിയിരിക്കുന്ന സ്വീകാര്യതയും വിശ്വാസ്യതയും വളരെ വലുതാണ്. ഈ ഒരു പേര് ചിത്രത്തിന്‍റെ ഒരു പ്രധാന മേഖലയില്‍ രംഗത്ത് ഉണ്ട് എന്നത് മാത്രം മതി ചിത്രത്തിനുള്ള പ്രതീക്ഷകള്‍ ആരിലും നല്‍കും. ഒരു കൂട്ടം യുവാക്കളുടെ കഥയാണ് നവാഗത സംവിധായകനായ ഗണേഷ് രാജ് ആനന്ദത്തിലൂടെ പറയുന്നത്. സിനിമക്കുള്ളില്‍ മാത്രമല്ല ഈ സിനിമക്കു പിന്നിലും ഒരു കൂട്ടം യുവാക്കളുടെ കഠിനാധ്വാനമുണ്ട്. വിനീത് ശ്രീനിവാസന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിലൂടെ ഒരുപിടി പുതുമുഖങ്ങള്‍ മലയാള സിനിമയിലേക്ക് ആദ്യ ചുവടു വെയ്പ്പു നടത്തുകയാണ്.

ഒരു എഞ്ചിനീയറിംങ് കോളേജ് പശ്ചാത്തലമാക്കിയാണ് ചിത്രത്തിലെ കഥ പുരോഗമിക്കുന്നത്. കോളേജില്‍ നിന്ന് ഒരു നാല് ദിവസത്തെ ടൂറിന് (ഇന്‍ഡസ്ട്രിയല്‍ വിസിറ്റിംഗ്) പോകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളും ആണ് ആനന്ദത്തിന്‍റെ പ്രമേയം. തുടക്കത്തില്‍ ക്യാമ്പസ് കാഴ്ചകളും നര്‍മ്മങ്ങളും കര്‍ണാടകയിലെ ഹമ്പിയിലെ ടൂര്‍ ദിനങ്ങളും ആയി ആദ്യ പകുതി രസകരവും വേഗത്തിലും നീങ്ങി. രണ്ടാം പകുതി ആദ്യ പകുതിയേ വച്ച് നോക്കുമ്പോള്‍ അല്പം വേഗം കുറവായിരുന്നു, എങ്കിലും ആസ്വാദനത്തിന് മങ്ങല്‍ ഏല്‍ക്കാതെ ചില നല്ല നല്ല നര്‍മ്മങ്ങള്‍ വന്ന് പോയി. സൗഹൃദത്തിലെ ഗൗരവപരമായ കാഴ്ചകളിലൂടെ നീങ്ങി പൂര്‍ണ്ണതൃപ്തി നല്‍കുന്ന ക്ലൈമാക്‌സില്‍ പര്യവസാനിക്കുമ്പോള്‍ പ്രേക്ഷകരില്‍ ഒരു നല്ല ചിത്രം കണ്ട ആനന്ദം മനസ്സില്‍ ഉണര്‍ത്തുന്നു.

ഒട്ടുമിക്ക അഭിനേതാക്കളും പുതുമുഖങ്ങളാണ്. കുറച്ച് സീനിയര്‍ ആര്‍ട്ടിസ്റ്റുകളുമുണ്ട് ചിത്രത്തില്‍. ഏഴ് പേരാണ് ചിത്രത്തിന്‍റെ പ്രധാന കഥാപാത്രങ്ങള്‍, ഒരേ ക്ലാസിലെ അവര്‍ക്കിടയിലെ രസകരവും ഗൗരവവും ആയ സൗഹൃദ കാഴ്ചയാണ് നമുക്ക് മുന്നില്‍. ഈ ഏഴ് പുതുമുഖങ്ങളെ കേന്ദ്രീകരിച്ച് നീങ്ങിയ ചിത്രത്തില്‍ ഇവരെല്ലാം പുതുമുഖങ്ങള്‍ക്ക് ഉള്ള വിഷമതകളോ പോരായ്മകളോ ഒന്നും ഇല്ലാതെ തന്നെ അവരവരുടെ വേഷങ്ങള്‍ മികച്ചതാക്കി. ഇവരെ കൂടാതെ ഡോ. റോണി ഡേവിഡ് ചാക്കോ മാഷ് ആയും വിനിത കോശി ലൗലി മിസ് ആയും എത്തുന്നു. ഇവര്‍ ഒന്നിച്ചുള്ള സീനുകള്‍ രസകരമായിരുന്നു. പ്രേമത്തിലെ ഡ്രില്‍ സാറും ജാവ സാറും പോലെ ഇവര്‍ വരുന്ന സീനുകള്‍ എല്ലാം പൊട്ടിചിരി ഉണര്‍ത്തി. ഇവരെ കൂടാതെ പ്രദീപ് കോട്ടയം, രഞ്ജി പണിക്കര്‍ എന്നിവരും ഒരു ഗസ്റ്റ് റോളില്‍ ഒരു പ്രിയ താരവും എത്തുന്നുണ്ട്. പതഞ്ഞ് തൂവും രതി വിലാസം... എന്ന ഗാനവും ഗാനരംഗവും അപ്രതീക്ഷിതം.

അല്‍ഫോന്‍സ് പുത്രന്‍റെ നേരം, പ്രേമം എന്നീ ചിത്രങ്ങളില്‍ ക്യാമറാ നിര്‍വഹണം ചെയ്ത ആനന്ദ് സി ചന്ദ്രന്‍ ആണ് ആനന്ദത്തിലെ കാഴ്ചകള്‍ ഒപ്പിയിരിക്കുന്നത്. കാഴ്ചയ്ക്ക് കുളിര്‍മ്മയും കൗതുകവും ഉണര്‍ത്തുന്നതും ആയിരുന്നു യാത്രയിലെ കാഴ്ചകള്‍, ഓരോ സ്ഥലത്തിനും അതിന്‍റെതായ കളര്‍ടോണും എല്ലാം നീതി പുലര്‍ത്തി. ഹംപിയിലെ ഏരിയല്‍ ഷോട്ടുകളും ക്ളൈമാക്‌സിലെ ഷോട്ടുകളും പ്രശംസനീയമാണ്. ആനന്ദിന്‍റെ ക്യാമറയ്ക്ക് അതേ വേഗം നിലനിര്‍ത്താന്‍ അഭിനവ് സുന്ദന്‍റെ ചിത്രസംയോജനത്തിനും ആയി.

ഗായകന്‍ ആയ സച്ചിന്‍ വാര്യര്‍ ആണ് സംഗീത വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിന് ചേരുന്ന തരത്തില്‍ മെലോഡിയസ് ആയ ഗാനങ്ങള്‍ ആയിരുന്നു എല്ലാം. തിയേറ്റര്‍ ഫീല്‍ ഗാനങ്ങള്‍ക്ക് ആയി എങ്കിലും ഓര്‍ത്തിരിക്കാന്‍ പാകത്തിന് സംഗീതാത്മകം അല്ലായിരുന്നു എന്ന് പറയാം. നിലാവില്‍ എല്ലാം അലിഞ്ഞുവോ... എന്ന ഗാനം ഒന്ന് രണ്ട് പ്രണയസീനുകളില്‍ എത്തിയിരുന്നത് സിനിമയ്ക്ക് ഒരു ഫ്‌ളോ നല്‍കാന്‍ ആയി. പശ്ചാത്തല സംഗീതവും തൃപ്തികരമായിരുന്നു.

"ഒരു കുട്ടി ചോദ്യം" അടക്കം മൂന്ന് ഷോര്‍ട്ട് ഫിലിമുകളും ചെയ്തിട്ടുള്ള ഗണേഷ് രാജ്, തട്ടത്തിന്‍ മറയത്ത്, തിര, ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം എന്നീ ചിത്രങ്ങളില്‍ വിനീത് ശ്രീനീവാസന്‍റെയും ബാംഗ്ലൂര്‍ ഡെയ്‌സില്‍ അഞ്ജലി മേനോന്‍റെയും സഹ സംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിന്‍റെ ഒരു ഗുണവും പരിചയവും ചിത്രത്തില്‍ കാണാന്‍ ഉണ്ട്. ഒരു നന്മയും പ്രണയത്തിന്‍റെ കുളിര്‍മ്മയും വിശ്വാസ്യതയും നിസ്സഹായതയും പച്ചയായ രീതിയില്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നു. സൗഹൃദം, പ്രണയം, യാത്ര ഇവയുടെ ആകെത്തുകയാണ് ആനന്ദമെന്ന സിനിമ. ഇതില്‍ അവര്‍ക്കിടയിലെ സൗഹൃദമുണ്ട്, പ്രണയമുണ്ട്, കൊച്ചു കൊച്ചു തമാശകളുണ്ട്, പിണക്കങ്ങളുണ്ട്. ഇത് യുവാക്കളായ പ്രേക്ഷകരെ മാത്രം ഉദ്ദേശിച്ചുകൊണ്ടുള്ള സിനിമ ആണെന്ന് ഒരിക്കലും പറയാന്‍ പറ്റില്ല. സ്‌കൂള്‍ തലവും അവിടുത്തെ സഹൃദങ്ങളും അനുഭവിച്ചിട്ടില്ലാത്തവര്‍ വിരളം അല്ലെ? അതുകൊണ്ട് എല്ലാതരം പ്രേക്ഷകരെയും ആകര്‍ഷിക്കാന്‍ ഉള്ള ഒരു എലമെൻറ്റ് ചിത്രത്തിനുണ്ട്.

പ്രധാന കഥാപാത്രങ്ങള്‍ എല്ലാം കലാലയ ജീവിതത്തിലോ അതും അല്ലേല്‍ നമുക്കിടയിലെ സൗഹൃദങ്ങളില്‍ എപ്പോഴൊക്കെയോ കണ്ട് മുട്ടിയവര്‍ ആണ്. ചിത്രം തുടങ്ങി ആദ്യ ഇരുപത് മിനിറ്റ് കഴിയുമ്പോള്‍ തന്നെ ഈ ഏഴ് പേരിലെ ഓരോരുത്തര്‍ക്കും ഒപ്പം നമ്മുടെ മനസ്സും നീങ്ങുന്നു. നമ്മളും ആ കഥാപാത്രങ്ങളെ ഉള്‍ക്കൊണ്ട് അവരുടെ സ്ഥാനത്ത് നിന്ന് ചിന്തിക്കും. യുവത്വത്തിന്‍റെ പള്‍സ് അറിഞ്ഞ് അതിനൊത്ത പ്രമേയം ഒരുക്കിയ ഗണേഷ് രാജ് വിജയിച്ചു എന്ന് നിസംശയം പറയാം. വലിയ കാമ്പുള്ള ഒരു കഥയല്ല ആനന്ദം എന്ന സിനിമ. നല്ല ഒരു കഥയുടെ പോരായ്മയില്‍ നിന്നുകൊണ്ട് ഒരു കൊച്ച് പ്രമേയത്തെ മികച്ച രീതിയില്‍ പ്രേക്ഷകപ്രീതിയില്‍ ആവിഷ്‌കരിക്കുകയാണ് ഇവിടെ. സ്ഥിരം ക്യാമ്പസ് സിനിമകളില്‍ നിന്നും എന്ത് കൊണ്ടും മാറി നില്‍ക്കുന്നു ആനന്ദം. കലാലയ രാഷ്ട്രീയമോ, കൂട്ട തല്ലൊ, ഒരു ആനുവല്‍ ഡേ സെലെബ്രെഷന്‍ സൊങ്ങോ, ഡാന്‍സോ, വെറും അര്‍ത്ഥമില്ലാത്ത പൈങ്കിളി പ്രണയമോ ഒന്നും ഇവിടെ ആനന്ദം സമ്മാനിക്കുന്നില്ല. ക്യാമ്പസ് ചേരി തിരിവും ഇവിടെ ആവര്‍ത്തിക്കപ്പെടുന്നില്ല എന്നതും സ്വാഗതാര്‍ഹം ആണ്. ഒന്ന് രണ്ട് സീനുകളില്‍ ഹോസ്റ്റല്‍ കാണിച്ച് ഒതുക്കിയതും നല്ലതായേ തോന്നിയുള്ളൂ.

ഒറ്റവാക്കില്‍ - ഇവിടെ മാസ്സ്, മാനറിസ്സം എന്നിവ ഇല്ല. സ്ലോമോഷനില്‍ കാര്യത്തെ പറഞ്ഞ് തിരിഞ്ഞ് നടന്ന് പോകുന്നവരും ഇല്ല. സിംപിള്‍ ആയി ഒരു പരിധി വരെ റിയലിസ്റ്റിക് അവതരണത്തോടെ പോരായ്മകള്‍ മാറ്റിയ ഒരു കൊച്ച് ചിത്രം. സൗഹൃദം, പ്രണയം, യാത്ര ഇവയുടെ ആകെത്തുകയായ ആനന്ദം ആനന്ദത്തോടെ തന്നെ കണ്ടിറങ്ങാവുന്ന ഒരു നല്ല സിനിമ തന്നെയാണ്. എന്തായാലും മനസ്സിനെ ആനന്ദത്തില്‍ ആറാടിച്ച് രണ്ട് മണിക്കൂര്‍ ചിലവിട്ട് നിരാശനാകാതെ തിയേറ്റര്‍ വിടാം, അതിനുള്ള വക ആനന്ദം ഡെലിവര്‍ ചെയ്യുന്നുണ്ട്.

(മനോജ്‌ തൈക്കൂട്ടത്തിൽ)



അടുക്കള - മാമ്പഴ പുളിശ്ശേരി

ആവശ്യമായ ചേരുവകൾ:-

പഴുത്ത മാങ്ങ: 4 എണ്ണം
തൈര്: 3 കപ്പ്‌
തേങ്ങ തിരുമ്മിയത്‌: 1 മുറി തേങ്ങ
മുളക് പൊടി: ഒരു ടീ സ്പൂണ്‍
ജീരകം: ഒരു നുള്ള്
മഞ്ഞള്‍ പൊടി: 1/2 ടീ സ്പൂണ്‍
കറി വേപ്പില: ഒരു തണ്ട്
ഉപ്പ്: പാകത്തിന്

താളിക്കാന്‍ ആവശ്യമായവ:-

വെളിച്ചെണ്ണ: രണ്ടു ടീ സ്പൂണ്‍
ഉലുവ: ഒരു നുള്ള്
കടുക്: അര ടീ സ്പൂണ്‍
വറ്റല്‍ മുളക്: രണ്ടു എണ്ണം
കറി വേപ്പില: 4 - 5 ഇതള്‍

തയ്യാറാക്കുന്ന വിധം :-

പാകത്തിന് ഉപ്പും മഞ്ഞളും മുളകുപൊടിയും, ആവശ്യത്തിനു വെള്ളവും ഒഴിച്ച് മാമ്പഴം വേവിക്കുക. തേങ്ങ തിരുമ്മിയത് ജീരകവും കറി വേപ്പിലയും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. മാമ്പഴം വെന്തു കഴിയുമ്പോള്‍ അരപ്പ് ചേര്‍ത്ത് ഇളക്കിയതിനുശേഷം തൈര് ഉടച്ചു ചേര്‍ക്കുക. തിളക്കാന്‍ അനുവദിക്കരുത്. നന്നായി ചൂടാകുമ്പോള്‍ വാങ്ങി വെക്കുക. ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക്, കറി വേപ്പില, ഉലുവ ,വറ്റല്‍ മുളക് എന്നിവ വറുത്ത്, ഇതു കറിയില്‍ താളിക്കാന്‍ ഇടുക. മാമ്പഴ പുളിശ്ശേരി തയ്യാറായി .

(ബീന റോയ്, മണ്ണാർക്കാട്ടിൽ യു. കെ)


എതിരേൽപ്പ് (ഭക്തിഗാനം)

ഹൃദയകവാടം തുറക്കുന്നിതാ ഞാൻ
അങ്ങയെ എതിരേൽക്കുവാൻ.
എന്നുള്ളമെല്ലാ-മറിയുന്ന നാഥാ നീ
മാപ്പേകണേ എൻ അപരാധങ്ങൾ.
(ഹൃദയ....)

തെറ്റുകളൊന്നൊന്നായ് ചെയ്യുന്ന വേളയിൽ
അങ്ങയെ ഓർത്തതില്ല;
പശ്ചാത്താപത്തോ-ടങ്ങേ-തിരുമുൻപിൽ
താണുവണങ്ങീടുന്നു. (2)
(ഹൃദയ....)

ഇനിയുള്ള ജീവിതം അങ്ങേയ്ക്കായ്
അർപ്പിക്കാൻ നൽവരം നൽകീടണെ.
അങ്ങെന്നിലുണ്ടെന്നെൻ അകതാരിൽ ചിന്തിക്കിൽ
ഞാനെത്ര ധന്യനാകും. (2)
(ഹൃദയ....)

(പീറ്റർ നീണ്ടൂർ)


നിഴൽകുത്ത് (കഥ)

ഞായറവധിയുടെ ആലസ്യത്തിൽ, കോഫിയും ദിനപത്രവുമായി ഒരു പാട്ടും കേട്ട് ബാൽക്കണിയിലെ ബീൻചെയറിൽ ചാഞ്ഞു കിടന്നപ്പോഴാണ് ഷാൻ മൊബൈൽ റിംഗ്‌ ചെയ്യുന്നത്‌ ശ്രദ്ധിച്ചത്‌. പത്രത്തിലെ ക്യാമറാമാൻ ജിനുവേട്ടൻ...... തന്‍റെ എല്ലാ റിപ്പോർട്ടിങ്ങും അദ്ദേഹമാണ് സാധാരണ കവർ ചെയ്യുന്നത്. എന്തെങ്കിലും കോൾ ഒത്തോ.... ഒരു ദിവസം റസ്റ്റ് ചെയ്യാമെന്ന് വച്ചാൽ സമ്മതിക്കില്ലേ? കാൾ അറ്റൻഡ് ചെയ്യണോ വേണ്ടയോ എന്നൊരു നിമിഷം ആലോചിച്ചു, പിന്നെ എന്തായാലും അറ്റൻഡ് ചെയ്യാൻ തന്നെ അവൾ തീരുമാനിച്ചു.

ഹായ് ഷാൻ.... എന്താ പരിപാടി? ഫോൺ എടുത്തപ്പോഴേ ജിനുവേട്ടന്‍റെ ചോദ്യം.

ഏയ്, പ്രത്യേകിച്ചൊന്നൂല്ല. എന്താ ജിനുവേട്ടാ പതിവില്ലാതെ രാവിലെ?

ഷാൻ.... പ്രേതത്തിൽ വിശ്വാസമുണ്ടോ? ജിനുവേട്ടന്‍റെ ചോദ്യം കേട്ട് ഷാന് ചിരി വന്നു. എന്തേ, ഇന്നലത്തെ ഹാങ്ങോവർ മാറിയില്ലേ? രാവിലെ ഓരോ ചോദ്യവുമായി.....

അല്ല ഷാൻ... ഞാൻ സീരിയസ് ആണ്. ഷാന് പ്രേതത്തിൽ വിശ്വാസമുണ്ടോ?

ഇത് വരെ ഇല്ലേയില്ല.... ഞാൻ M.Sc Physics ആണ് പഠിച്ചത് എന്ന് ജിനുവേട്ടനറിയാല്ലോ.

ഉം, അപ്പോൾ ബാഗ് ഒക്കെ പായ്ക്ക് ചെയ്യൂ, നമുക്ക് നാട്ടിലൊന്നു പോയി വരാം. ജിനുവേട്ടൻ പറഞ്ഞു

നാട്ടിലോ? വിശ്വാസം വരാതെ അവൾ ചോദിച്ചു.

എന്‍റെ ഷാൻ, നീയൊന്നു എണീറ്റ് റെഡി ആയിക്കേ... ഞാനല്ലേ വിളിക്കുന്നെ... വേറെങ്ങും അല്ല, എന്‍റെ വീട്ടിലേക്കാണ് പോവുന്നത്. അജിയുടെ ഫോൺ വന്നിരുന്നു അത്യാവശ്യമായൊന്നു ചെല്ലണമെന്ന്. കാര്യമറിഞ്ഞപ്പോൾ നിന്നെയും കൂട്ടണമെന്ന് തോന്നി. വേഗം റെഡിയായി നിൽക്കൂ, ഞാൻ വണ്ടിയുമായി വരാം. ജിനുവേട്ടൻ പറഞ്ഞു നിർത്തി.

അമ്മയെ വിളിച്ചു കാര്യം പറഞ്ഞപ്പോൾ അമ്മയ്ക്കും അമ്പരപ്പ്. ജിനദേവനു സഹോദരന്‍റെ അടുപ്പം ആണ് ഷാനോട്‌. അമ്മയ്ക്കും അതറിയാവുന്ന കാര്യമാണ്. അതുകൊണ്ടാവും കൂടുതൽ ചോദ്യങ്ങളൊന്നും ഇല്ലാതെ പോവാൻ അനുവാദം കൊടുത്തത്‌. അര മണിക്കൂറിനുള്ളിൽ കൈയിൽ കിട്ടിയ രണ്ടു ജോഡി ഡ്രെസ്സും ലാപ്റ്റോപ്പും ബാക്ക്‌പാക്കിൽ കുത്തി നിറച്ച്‌ റെഡിയായപ്പോഴേക്കും താഴെ, അപാർട്ട്‌മെൻറ്റിന്‍റെ ഗേറ്റിൽ കാർ ഹോൺ മുഴങ്ങി.

അഞ്ചു മണിക്കൂർ നീണ്ട ബാംഗ്ലൂർ-പാലക്കാട് കാർയാത്രയിലുടനീളം ജിനു തന്‍റെ കോളേജ് ജീവിതത്തെ പറ്റിയാണ് പറഞ്ഞു കൊണ്ടിരുന്നത്. ആൺപെൺ സൗഹൃദം നെറ്റി ചുളിക്കാതെ മലയാളികൾ അംഗീകരിക്കാൻ തുടങ്ങിയ 2000 കാലഘട്ടം. വിക്ടോറിയ കോളേജിലെ ഒന്നാം വർഷ ഇംഗ്ലീഷ് ലിറ്ററേച്ചർ ക്ലാസ്. 22 പേരുള്ള ക്ലാസ്സിൽ 8 പെൺകുട്ടികൾ. അവർ ആൺ പെൺ വ്യത്യാസമില്ലാതെ പരസ്പരം താങ്ങും തണലുമായി, ആർട്സ്‌ ക്ലബ്ബും ഡ്രാമാ ക്ലബ്ബും കോളേജ്‌ മാഗസിനും എന്നു വേണ്ട സർവ്വ കാര്യങ്ങളും ഡിസ്കസ്‌ ചെയ്തും അൽപസ്വൽപം രാഷ്ട്രീയം കളിച്ചും പിന്നെയൽപം പഠിച്ചും അങ്ങനെ നടന്നു.

ഞങ്ങളുടെ ഗ്രൂപ്പിന്‍റെ റൂൾ ഇതായിരുന്നു. അംഗങ്ങൾ പരസ്പരം പ്രണയിക്കരുത്. എന്ന് മാത്രമല്ല ആ രോഗം ഉള്ളവരെ കൂടെ കൂട്ടുക പോലുമരുത്‌.... ജിനുവേട്ടൻ പറഞ്ഞു നിർത്തിയപ്പോൾ ചിരി പൊട്ടിപോയി.

എന്താ ഷാൻ ചിരിക്കുന്നത്‌? ജിനുവേട്ടൻ ചോദിച്ചു.

അല്ല, നിങ്ങളുടെ ഗ്രൂപ്‌ റൂൾസ്‌ അൽപം കട്ടിയായി പോയോ എന്നൊരു ഡൗട്ട്. 18-19 വയസ്സിൽ നിൽക്കുന്നവരോടാണു പ്രണയം ഒരു ബിഗ്‌ നോ നോ എന്ന് പറയുന്നത്‌..... എന്നിട്ടോ? ആരെങ്കിലും അത്‌ തെറ്റിച്ചോ?

മ്മ്, തെറ്റിച്ചേനെ...ഈ ഞാൻ തന്നെ. കൂടെയുണ്ടായിരുന്ന വീണയെ എനിക്ക്‌ വളരെ ഇഷ്ടമായിരുന്നു. അവളോടു തുറന്ന് പറയാൻ മടിച്ചു. ഗ്രൂപ്പ്‌ ലീഡറായി പോയില്ലേ?

പിന്നീട് ഞാൻ പിജിക്ക്‌ ചേർന്നു, ഞങ്ങൾ കൂട്ടുകാരെല്ലാം പല വഴിയിലായി. വലിയ പാട്ടുകാരൻ ആവാൻ കൊതിച്ച എന്‍റെ ആത്മസുഹൃത്ത് ഇക്ബാലും ബിസിനസ്‌കാരനാവാൻ ആഗ്രഹിച്ച ഹരിയും നർത്തകി ആവുമെന്ന് കരുതിയ വീണയും മേരിയും പ്രദീപും എല്ലാവരും പല വഴി ആയി. വീണയോടു പറയാൻ കൊതിച്ച കാര്യവും മനസ്സിൽ തന്നെ ഇരുന്നു. എന്ന് മാത്രമല്ല പിന്നീട്‌ ഒരിക്കൽ നാട്ടിൽ വന്നപ്പോൾ ഹരി അവളെ വിവാഹം ചെയ്തതായും അറിഞ്ഞു. അങ്ങനെ എന്‍റെ ആദ്യപ്രണയം ഒരു നഷ്ടസ്വപ്നമായി പോയി... ജിനുവേട്ടൻ എന്തോ കൈവിട്ട ഭാവം അഭിനയിച്ചു കാട്ടി പറഞ്ഞു നിർത്തി.

ഷാൻ, നമ്മൾ അവനെയാണു കാണാൻ പോവുന്നത്‌, ഹരിയെ. വീണയെ വിവാഹം കഴിച്ച എന്‍റെയാ സുഹൃത്തിനെ. വീണ അഞ്ച്‌ വർഷം മുൻപു മരിച്ചു പോയി. അവർക്ക്‌ പത്ത്‌ വയസുള്ള ഒരു മോളുണ്ട്‌. ബാക്കി നേരിൽ കാണാം. അജി പറഞ്ഞ കഥയെന്തോ എനിക്കത്ര പിടി കിട്ടിയിട്ടില്ല. ജിനുവേട്ടൻ പറഞ്ഞു നിർത്തി.

ചെർപ്പുളശ്ശേരി ഗ്രാമത്തിലേക്ക്‌ കാർ പ്രവേശിച്ചു. ഗേറ്റിന്‍റെ ഇരുവശവും കോളാമ്പിപ്പൂക്കൾ നിറഞ്ഞു നിൽക്കുന്ന, മരത്തിൽ തീർത്ത ഓടിട്ട ഒരു ഇരുനിലവീട്‌.... മുറ്റത്ത്‌ കാർ നിർത്തിയ ശബ്ദം കേട്ടാവും അജിതേച്ചി പുറത്ത്‌ വന്നു. അതിഥികളെ കണ്ട സന്തോഷത്തോടെ അവർ സാരിതലപ്പിൽ കൈ തുടച്ച്‌ ഷാനിന്‍റെ കയ്യിൽ സ്നേഹപൂർവ്വം പിടിച്ചു. അജിതേച്ചിയുടെ ചുമലിൽ കയ്യിട്ട്‌ വലിച്ചടുപ്പിച്ച്‌ ജിനുവേട്ടൻ പറഞ്ഞു, ഷാൻ ഇതാണെന്‍റെ അജി, എന്‍റെ ജീവൻ..... അതു കേട്ട്‌ നാണിച്ച്‌ അജിതേച്ചി പരിഭവത്തോടെ ജിനുവേട്ടനെ നോക്കി. ഒന്നും പറയാതെ കൈമാറപ്പെടുന്ന വാക്കുകൾ, കണ്ണുകളിൽ നിന്നും കണ്ണുകളിലേക്ക്‌....

ചായയും പ്രാതലും കഴിഞ്ഞ്‌ തൊടിയും ചുറ്റുപാടും ഒന്ന് ചുറ്റികാണാം എന്ന് കരുതി ഷാൻ പുറത്തിറങ്ങി, കൂടെ ജിനുവേട്ടന്‍റെ അഞ്ച് വയസ്സുകാരി അമ്മുവും. മടങ്ങിയെത്തിയപ്പോൾ തളത്തിൽ നിന്നും സംഭാഷണശകലങ്ങൾ കേൾക്കാം. തന്നെ പറ്റിയാണെന്ന് തോന്നുന്നു. ഷാനിന്‍റെ ഡൈവോഴ്‌സ്‌ അൽപം തിടുക്കത്തിലായി പോയി അല്ലേ ജിനുവേട്ടാ? ഈ ന്യൂ ജെനറേഷൻ പിള്ളാർക്ക്‌ പേഷ്യൻസ്‌ തീരെ കുറവാണു, അല്ലെങ്കിൽ പിന്നെ കെട്ട്‌ കഴിഞ്ഞു ഒരു വർഷത്തിനുള്ളിൽ ഇങ്ങനെ ആവുമോ? അജിതേച്ചിയുടെ ശബ്ദം.

എന്‍റെ അജീ, ഒന്ന് പതുക്കെ. എനിക്കു ഷാനിനെ വിശ്വാസമാ... അവൾ നല്ല പക്വതയും സംസ്കാരവും ഉള്ള കുട്ടിയാ....അത്‌ തീർച്ചയായും ടോണിയുടെ കുഴപ്പം തന്നെയാവും. ജിനുവേട്ടന്‍റെ മറുപടി കേട്ടപ്പോൾ അവൾക്കു അദ്ദേഹത്തോടുള്ള ബഹുമാനം ഇരട്ടിച്ചു.

ദമ്പതികളുടെ വർത്തമാനം കേട്ട്‌ നിന്നതിലുള്ള അനൗചിത്യം മറച്ചു അവൾ തളത്തിലേക്ക്‌ കയറി. എന്താ ഒരു സംസാരം?

ഓ ഷാൻ, കറക്കം കഴിഞ്ഞോ? ഞങ്ങൾ നിന്നെ പറ്റി പറയുകയായിരുന്നു. അജിതക്ക്‌ നിന്‍റെ ഡൈവോഴ്സ്‌ തിടുക്കത്തിലായിരുന്നോ എന്നൊരു സംശയം. നിങ്ങൾ സംസാരിച്ചിരിക്ക്‌, ഞാനിപ്പോ തയാറായി വരാം. ജിനുവേട്ടൻ പുറത്തേക്ക്‌ പോയി.

ഷാൻ, നിന്‍റെ കല്യാണത്തിനു ഞാൻ വന്നിരുന്നല്ലോ... ടോണി എത്ര നല്ല പയ്യനായിരുന്നു... എന്തു പറ്റി നിങ്ങൾക്കിടയിൽ? ജിനുവേട്ടൻ നിങ്ങൾ പിരിഞ്ഞ കാര്യം പറഞ്ഞിട്ട്‌ സത്യത്തിൽ എനിക്ക്‌ വിശ്വസിക്കാനേ കഴിഞ്ഞില്ല..... അജിതേച്ചിയുടെ നോട്ടത്തിൽ മൂർച്ചയുണ്ടോ? അതോ അങ്ങനെ തോന്നിയതോ? അല്ലെങ്കിൽ തന്നെ 6 മാസം മുൻപ്‌ തന്‍റെ ഡൈവോഴ്സ്‌ കഴിഞ്ഞത്‌ മുതൽ മറ്റുള്ളവരെ ബോധ്യപ്പെടുത്തലാണല്ലോ തന്‍റെ ജോലി.

അജിതേച്ചിക്കറിയാമല്ലോ പപ്പയുടെ അവസാന നാളുകളടുത്തു എന്ന തിരിച്ചറിവിലാണു എന്‍റെ വിവാഹം എന്ന സ്വപ്നം പപ്പ പറയുന്നത്‌. പരിചയമുള്ള ഒരുവൈദികനാണു ടോണിയുടെ കുടുംബത്തെ പറ്റി പറഞ്ഞത്‌. ലണ്ടനിൽ എഞ്ചിനീയർ എന്നതിലുപരിയായി സൽസ്വഭാവിയും ദൈവഭയമുള്ളവനുമായ പയ്യൻ എന്ന വിശേഷണം പപ്പയ്‌ക്കും അമ്മക്കും ഇഷ്ടപ്പെട്ടു. ഒരു പെണ്ണിന്‍റെ മുഖത്ത്‌ പോലും നോക്കാത്ത ഡീസന്‍റ്റായ ആ പയ്യൻ വിവാഹശേഷവും എന്നോട്‌ സംസാരിക്കാനോ എന്‍റെ മുഖത്ത്‌ നോക്കാനോ പോലും മടിച്ചു. വിസയൊക്കെ ശരിയാക്കിയ ശേഷം എന്നെ ലണ്ടനിലേക്ക്‌ വിളിക്കാമെന്ന ഉറപ്പിന്മേൽ ടോണി മടങ്ങി പോയി.

നാലഞ്ച്‌ മാസങ്ങൾക്ക്‌ ശേഷം ലണ്ടനിലെത്തിയ ഞാൻ പുതിയ അറിവുകളുടെ തിരിച്ചറിവിൽ തകർന്ന് പോയി. ടോണിയുടെ വീട്ടിൽ അയാളുടെ സുഹൃത്തെന്നു ഞാൻ കരുതിയ ബ്രിട്ടീഷ് യുവാവ് അയാളുടെ പാർട്ട്ണർ ആണെന്ന സത്യം ആദ്യം അംഗീകരിക്കാൻ കഴിഞ്ഞില്ല. വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങിയാണു എന്നെ വിവാഹം കഴിക്കേണ്ടി വന്നത്‌ എന്നും താൽപര്യമാണെങ്കിൽ തുടരാം, നിനക്കിഷ്ടമുള്ള രീതിയിൽ നിനക്ക്‌ ജീവിക്കാം എന്നയാൾ പറഞ്ഞു നിർത്തിയപ്പോൾ അതെന്‍റെ സ്ത്രീത്വത്തോടുള്ള വെല്ലുവിളിയോ അവഗണനയോ ആയി എനിക്ക്‌ തോന്നി. അങ്ങനെയാണു ഞങ്ങൾ പിരിഞ്ഞത്‌. ഒരു പെണ്ണിന്‍റെയും മുഖത്ത്‌ നോക്കാത്ത ഒരു ആൺകുട്ടി സൽസ്വഭാവത്തിന്റെ ലക്ഷണമല്ല, മറിച്ചു ബയോളജിക്കൽ ഡിസോർഡറാണു എന്ന സത്യം ഇനിയും നമ്മുടെ സമൂഹം മനസിലാക്കേണ്ടിയിരിക്കുന്നു.

ഷാൻ പറഞ്ഞു നിർത്തിയപ്പോൾ അവളുടെ കൺകോണുകളിലൂറിയ നീർത്തുള്ളികൾ കണ്ട്‌ അജിതയ്ക്ക്‌ ഷാനോടു അലിവ്‌ തോന്നി. എത്ര പഠിപ്പും പദവിയും ആയാലും സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ത്രസിക്കുന്ന മരീചികകളാണു ഓരോ പെണ്മനസ്സും.....

ഷാൻ, തയ്യാറാവൂ... നിങ്ങൾ ഹരിയെ കാണാൻ പോവുന്നില്ലേ? അതിനല്ലേ വന്നത്‌? വിഷയം മാറ്റാനെന്നോണം അജിതേച്ചിയുടെ ചോദ്യം. (തുടരും...)

(ശാന്തിനി കാരിക്കൽ, നീണ്ടൂർ)


കവിത: അനന്തശയനം

കഴിഞ്ഞു പോകുന്ന ഓരോ നാഴികയും
നിശാഗന്ധികളാണ്!
അഞ്ജനാ ശ്രീധരാ ചാരുമൂർത്തേ കൃഷ്ണാ...
ഉമ്മറത്തിണ്ണയിൽ
മുത്തശ്ശിയമ്മയുടെ
ക്ലാവു മെഴുകിയ
പരിഭവങ്ങൾ...
അനന്തപത്ഭനാഭനോട് !
അമ്മയുടെവിറയ്ക്കുന്ന
ചുണ്ടത്തും ജപങ്ങളിൽ
പത്മനാഭൻ തന്നെ
ഉറക്കം തൂങ്ങുന്ന
കണ്ണുകളിലെവിടെയോ
നിശാഗന്ധികൾ വിരിയുവാൻ
തുടങ്ങിയിട്ടുണ്ട്.
തലേന്ന് വിരിഞ്ഞവ
ഇതൾ പിരിഞ്ഞു വീഴുന്നുണ്ട്
ജീവിതത്തിൽ നിന്ന് യാത്രയാകുന്ന
ദിനാന്ത്യങ്ങൾ
പോലെ നിശാന്ധികൾ
വാടിക്കൊഴിയുന്നു
പുനർജനികളായ്
ഉണർന്നു വിരിയുന്നു
ഒരു ദിവസം
പെരുമഴ ചാർത്തലറി
നിൽക്കുന്നു
കാറ്റത്ത് ഉമ്മറത്തേക്ക്
ഒരു നിശാഗന്ധി പൂവ്
തലതല്ലി വിളിക്കുന്നുണ്ട്
മുത്തശ്ശിയമ്മക്ക്
എന്തോ ശീലായ്മയുണ്ട്
നേരത്തെ കിടന്നു
ഉരുളകയും, തിരിയുകയും
പിളരുന്ന
ചുണ്ടിൽ ദീന സ്വരങ്ങളുമുണ്ട്
മഴയത്ത് നിശാഗന്ധിയുടെ
ഇതളുകൾ ഒഴുകി മാറുന്നുണ്ട്
അതെല്ലാം മുത്തശ്ശിയമ്മയുടെ
വിറയാർന്ന പ്രാർത്ഥനകൾ
പോലെ
തൊട്ടു തൊടാതെ...
ഇന്നു രാവിലെ മുത്തശ്ശി പോയി
നിശാഗന്ധിയുടെ വലിയ ഇതൾ പോലെ
കൊഴിഞ്ഞു പോയ മുത്തശ്ശിയെ, വെളുപ്പിനാൽ
മൂടിയിട്ടിരിക്കുന്നു
മുറ്റത്തുയരുന്ന പന്തലിനുള്ളിലേക്ക്
ദിനപത്രം
ചിറകൊടിഞ്ഞ
കിളിയെ പോലെ പറന്നു വീഴുന്നു
ഒരാൾ അതെടുത്ത് വിടർത്തി പതിയെ
വായിക്കുന്നു
"പത്നനാഭ സ്വാമി ക്ഷേത്രത്തിൽ
അമൂല്യ നിധിശേഖരം
കണ്ടെത്തി"
മുത്തശ്ശിയുടെ
വിറയാർന്ന
ചുണ്ടുകളിൽ നിന്നടർന്നു വീഴുന്ന
നിശാഗന്ധിയുടെ
ഇതളുകൾക്കിടയിൽ
ഇനി അനന്തശയനം!

(റോജി തോമസ്കുട്ടി പതിയിൽ, നീണ്ടൂർ)


സീബ്ര (കവിത)

കറുപ്പും വെളുപ്പും
ഒരേ അനുപാതത്തിൽ
ഇടകലരുന്നതാണ്
നിൻറ്റെ ശാപം
ഉടലിലെ കറുപ്പ് വെളിച്ചത്തും
വെളുപ്പ് ഇരുളിലും
സിംഹക്കാഴ്ചയുടെ
കെണിയിൽ
നിന്നെ വീഴ്ത്തുന്നു.
കറുത്ത വരയിലൂടെ
കരുത്തിലേക്ക്
പാഞ്ഞുകയറുക
ബോൾട്ടിൻറ്റെ വേഗവും
ബോബ്‌മെർലിൻറ്റെ
താളപകർച്ചയും
കണ്ടെടുക്കുക
ഇരയാകാതെ
സിംഹത്തെ
നീ മറികടക്കണം
നരവീണ വെളുത്ത
വരകളിൽ നിന്നും,
ചോരപുരണ്ട ചരിത്രം
മണ്ണുചേർത്തു കിടത്തിയ
ആ കഠാരകൾ
ചികഞ്ഞെടുക്കാനാകില്ല
കരിമണ്ണിൽ കിളിർത്ത
പുൽമുനകൾ
ഉദരത്തിൽ ശരമായ് കടന്ന്
നിൻറ്റെ പ്രാണൻ എടുത്തേക്കാം
കറുത്തവരയിലൂടെ കരുത്തിലേക്ക്
ഇനിയും പാഞ്ഞുകയറുക
കാലത്തിൻറ്റെ
മലഞ്ചെരുവുകളിൽ നിന്നും
സിംഹത്തിൻറ്റെ
പുലമടകളിലേക്ക്
നീ കൂട്ടം ചേർന്ന് മേയാൻ
ഇറങ്ങി വരിക.

(സി. പി സതീഷ് കുമാർ, നീണ്ടൂർ)


യാത്രാവിവരണം: പനാമ-പെറു-മച്ചുപിച്ചു യാത്ര-20

അന്ത്യപ്രണാമം

ഞങ്ങൾക്ക് പനാമയിലെ ഊരുചുറ്റൽ ഉപസംഹരിച്ച് പെറുവിലേക്കു പോകേണ്ട സമയമായി. പനാമയുടെ പ്രകൃതി സൗന്ദര്യം, ജലക്രീഡയ്ക്കുള്ള സൗകര്യങ്ങൾ, കുറഞ്ഞ ജീവിതച്ചെലവ്, സർവ്വോപരി സുന്ദരികളായ പനാമേനിയൻ യുവതികളുടെ സാമീപ്യം ഇവയെല്ലാം ഉപേക്ഷിച്ചുപോകുവാൻ വൈമനസ്യമായിരുന്നു. പ്രത്യേകിച്ച് ശങ്കർശാസ്ത്രിയ്ക്ക്. ഞങ്ങൾ മൂന്നുപേരും കൂടി കോപ്പാ എയർവേയ്‌സിൻറ്റെ ഓഫീസിൽ ചെന്ന് രണ്ടു ദിവസത്തേക്കുകൂടി ടിക്കറ്റ് നീട്ടുവാൻ ശ്രമിച്ചു. നടന്നില്ല. ആയിടയ്ക്കാണ് എയർലൈൻസുകൾ ടിക്കറ്റ് ചെയ്ഞ്ച് ചെയ്യുന്നതിന് ടിക്കറ്റൊന്നിന് നൂറ്റമ്പതു ഡോളർ തീരുമാനിച്ചത്. ചെയ്ഞ്ച് ചെയ്തു തരുവാൻ അവർ തയ്യാർ. പക്ഷേ 450 ഡോളർ അധികച്ചെലവ്. ഒപ്പം മറ്റൊരു ഗുലുമാലും ഞങ്ങൾ നോട്ട് ചെയ്തു. പനാമയിൽ രണ്ടുദിവസം കൂടുതൽ താമസിച്ചാൽ വളരെ വിസ്തൃതമായ പെറുവിൽ വീണ്ടും ടിക്കറ്റ് മാറ്റേണ്ടി വരും. അപ്പോൾ അവിടെയും 450 ഡോളർ. പോക്കറ്റിനു താങ്ങാനാവാത്ത നഷ്ടം. അൽപ്പം നിരാശപ്പെട്ടാണെങ്കിലും താമസം നീട്ടിവയ്ക്കൽ വേണ്ടെന്നു വച്ചു. പനാമ വിടുവാൻ തീരുമാനിച്ചു. ഒറ്റദിവസമേ ബാക്കിയുള്ളു. അതെങ്ങിനെ ചിലവഴിക്കണമെന്നു ചർച്ച ചെയ്തപ്പോൾ, സാഞ്ചേസ് ഒരു പദ്ധതി വിശദമാക്കി. അവർ തിരക്കി. "നിങ്ങൾ ന്യൂയോർക്കിൽ അറ്റ്ലാൻറ്റിക് തീരത്തു താമസിക്കുന്നവരായതുകൊണ്ടാണോ ഈ പസഫിക് തീരത്തിനോടിത്ര മൈത്രി?" ശരിയാണ്. ഞങ്ങൾ പസഫിക്കിനോട് ബന്ധപ്പെട്ടാണ് ഇത്രയും ഓടിയത്. അതിനവർ ഭേദഗതി നിർദ്ദേശിച്ചത് കിഴക്ക് അറ്റ്ലാൻറ്റിക് (കരീബിയൻ കടൽ)ഭാഗത്തേക്ക് പോകുക. അവിടെ കോളനി സ്ഥാപന കാലഘട്ടത്തെ സ്മാരകങ്ങളും യൂറോപ്യൻ ശക്തികൾ ഏറ്റുമുട്ടിയതിൻറ്റെ വേദികളും കടൽക്കൊള്ളക്കാരുടെ അരങ്ങേറ്റം നടന്ന മുനമ്പുകളും മറ്റും കാണാമെന്നവർ വിശദീകരിച്ചു. അതിനുപയുക്തനായൊരു ടൂറിസ്റ്റു ഗൈഡിനെയും സാഞ്ചേസ് വിളിച്ചുതന്നു.

രാവിലെ ഒമ്പതുമണിക്ക് ഗൈഡ് ഗെരേരോ, വണ്ടിയുമായി വന്നെത്തി. ഹോട്ടൽ പടിക്കൽനിന്നും ഞങ്ങൾ കിഴക്കോട്ടു യാത്രയായി. വാലൻറ്റിനായുടെ വിശദീകരണത്താലുണ്ടായ ഉത്സാഹവും വിദഗ്ദനായൊരു ഗൈഡിനെ കിട്ടിയതിലുള്ള സന്തോഷവും പുതിയ സ്ഥലങ്ങൾ കാണ്മാനുള്ള ആവേശവും ഞങ്ങളിൽ കൂടിക്കൊണ്ടിരുന്നു പനാമസിറ്റിയിലെ ലോക്കൽ എയർപോർട്ടും ബസ്‌സ്റ്റേഷനും വിട്ട് ഹൈവേയിൽക്കൂടിയുള്ള യാത്ര അത്യാകർഷകമായിരുന്നു. ഘോരവനങ്ങൾ, തുടരെത്തുടരെ കാണുന്ന നദികൾ, അവയ്ക്കുമീതെ പനാമക്കാർ പണിതീർത്ത പാലങ്ങൾ എന്നിവയെല്ലാം പനാമയുടെ ടൂറിസത്തിനു മുതൽക്കൂട്ടാണ്. പനാമ കനാലിനു സമാന്തരമാണ് യാത്ര. പനാമ റെയിൽറോഡും ഒപ്പമുണ്ട്. (തുടരും...)

(എം.സി ചാക്കോ മണ്ണാറക്കാട്ടിൽ)



അനുരാഗം (കവിത)

ശ്യാമ മനോഹരി എന്നുനിൻ കിളിവാതിൽ
എനിക്കായ് നീയെന്ന് തുറന്നുതരും
പുലർവേള ചന്ദനപ്പൂക്കൂടയണിഞ്ഞ്
പ്രിയദർശനീ നീയെന്ന് വിരുന്നുവരും
കനഗാംഗീ നീയെൻറ്റെ കവിൾത്തടം ചുംബിച്ച്
അനുരാഗപരവശനാക്കുകില്ലേ
പ്രേമവചസുകൾ നിൻ കാതിൽ ചൊല്ലാം
വദനാമൃതംകൊണ്ട് തഴുകുമെങ്കിൽ
അന്തിമേഘങ്ങൾ കറുത്തൊരാസന്ധ്യയ്ക്ക്
കാമപരവശരായ് ഒരുവേള നമ്മൾ
നിൻ തളിർമേനി പുൽകിപുണർന്നതും
എൻ മനതാരിൽനിന്നിന്നും മാഞ്ഞതില്ല.

(പി. എസ് പ്രസാദ് മുണ്ടമറ്റം, നീണ്ടൂർ)



സുനന്ദ എന്ന എഴുത്തുകാരി (നോവൽ)-2

"ചേട്ടാ ആ പട്ടി കടിക്കുമോ ?" "നീ അതിനെ കടിക്കാതിരുന്നാൽ മതി."

"ലക്ഷ്മിഅമ്മോ ...." പോസ്റ്റുമാൻ ഇടറിയ ശബ്ദത്തിൽ വിളിച്ചു.

"ആരാ...? ദേ വരുന്നു, പാൽ അടുപ്പത്താ....." അവർ പെട്ടന്ന് അടുക്കളയിൽനിന്നും ഇറങ്ങിവന്നു.

"എനിക്ക് വയ്യാ... എന്‍റെ ലക്ഷ്മിക്കുട്ടി, അതാ ഈ ചെറുക്കനെ സഹായത്തിനു കൂട്ടിയത്. വയസ്സ് 69 ആകുന്നു, ഇവിടെ ഒരു പോസ്റ്റുമാന്മാരും നിൽക്കില്ല. ആര് വന്നാലും ആറുമാസം തികയ്ക്കില്ല."

"ആ ചെറുപ്പക്കാരൻ പയ്യൻ നിർത്തിപോയോ ?"

"അതൊരു മണി ഓർഡർ ആളില്ലെന്ന് പറഞ്ഞു അവൻ ഒപ്പിട്ടു എടുത്തു. എന്ത് പറയാനാ... ഇപ്പോഴത്തെ ചെറുപ്പക്കാർക്ക് ഈ നക്കാപിച്ച വല്ലോം കിട്ടിയാൽ തെകയുവോ ? ഞാൻ പോകുവാ, വൈകീട്ട് ആ പ്രാവട്ടത്തിനൊന്നു പോകണം. നാളെ മോളും കെട്ടിയോനും വരും, ഇത്തിരി മീനും കപ്പയും വാങ്ങണം."

"കയറിയിരിക്കു, ചായ കുടിച്ചിട്ട് പോകാം."

"അതൊന്നും വേണ്ടാ..."

"എന്നാൽ നിൽക്കു, ഞാൻ മോളെ ഒന്ന് വിളിക്കട്ടെ"

"എന്നാൽ ശരി..."

"മോളെ സുനു, ആ പോസ്റ്റുമാൻ ചേട്ടൻ അവിടെ വന്നിട്ടുണ്ട് ..."

"എന്‍റെ അമ്മെ, ഞാൻ അത്യാവശ്യമായി ഒരുകാര്യം സംസ്സാരിച്ചുകൊണ്ടിരിക്കുവാ, അമ്മ ആ ജീരക ടിന്നിൽനിന്നും ഒരു ഇരുന്നൂറു രൂപ എടുത്തുകൊടുക്ക്."

"എന്താ... സുനന്ദ, ആരാധകരുടെ എഴുത്തുകൾ ആയിരിക്കും അല്ലേ ? ഗോപീദാസ് ?, ഓ ..."

ഒരു ജാള്യത അവളുടെ മുഖത്തെ നുണക്കുഴിക്കു ആഴം കൂട്ടി.

ആ പ്ലാനിൽ അൽപ്പം മാറ്റം വരുത്തണം, മുകളിലത്തെ നിലയിലെ കിഴക്ക് വശത്ത് എഴുതുവാൻ ഒരു ചെറിയ മുറിയുംകൂടി ഉൾപ്പെടുത്തണം. വഴിയോര കാഴ്ചകളും പടിഞ്ഞാറുള്ള പാടവും പുൽത്തകിടികളും ആസ്വദിക്കത്ത വിധം രണ്ടു കിളിവാതിലുകളും വയ്ക്കണം. (നിലാവുള്ള രാത്രികളിൽ ആകാശത്തേക്ക് നോക്കി നക്ഷത്രങ്ങളുമായി കടംകഥകൾ പറയണം... അവൾ മനസ്സിൽ കരുതി). മുന്നില് തുറന്ന ഒരു ബാൽക്കണിയും വേണം.

***** ***** ***** ***** *****

"എടീ കൊച്ചെ, നീ പീടികേൽ പോകുവാണോ ?"

"അതെ ഏലിച്ചേടത്തി."

"മക്കളെ ദേ അഞ്ചുരൂപ .... നീ ഒരു മഞ്ചാടി വാരിക കൂടി വാങ്ങിക്കൊണ്ടുവാ."

"എന്‍റെ ചേടത്തി, ജനുവരി മുതൽ മഞ്ചാടിക്കു ഏഴുരൂപയാക്കി."

"എടീ കൊച്ചെ, നിന്‍റെ കയ്യിൽ നിന്ന് രണ്ടുരൂപ ഇട്ടോ, ഇങ്ങ വരുമ്പോൾ തരാം, ആ അവറാൻ നല്ല ഒറക്കത്തിലാ. ഇപ്പോൾ അവന്‍റെ അണ്ടർവയറിന്‍റെ കീശയിൽ കയ്യിട്ടാൽ, രാവിലെ ത്രേസ്സ്യാമ്മ ആണെന്നുവെച്ചു അവൻ നല്ല പുളിച്ച തെറി പറയും. ആർക്കും വേണ്ടാതെ രണ്ടുരൂപക്ക് കിടന്ന വാരികയാ. ഇപ്പോൾ ആ പെങ്കൊച്ചു നല്ല രണ്ടു കിണ്ണംകാച്ചി നോവലെഴുതി തുടങ്ങിയപ്പോൾ റോക്കറ്റ് പോലെയാ മഞ്ചാടിയുടെ വില കേറണത്."

"ചേടത്തി, അടുത്തമാസം മാർച്ചിൽ സുനന്ദേടത്തിയുടെ പുതിയ ഒരു നോവൽ കൂടി തുടങ്ങുവാ. .....ഇലകൊഴിയും ശിശിരം."

"അപ്പോൾ ജന്മാന്തരങ്ങൾ മാർച്ചിൽ തീരുവോ ? എടീ, അപ്പുക്കുട്ടൻ അവളെ സ്വീകരിക്കുമോ ...? അല്ലേലും ആ സുഭദ്രാമ്മ ഒരു പാവമാ ... എന്താകുമോ എന്‍റെ ഈശോയെ" ഏലിചേടത്തി തലക്കു കൈകൊടുത്തു.

"അപ്പുക്കുട്ടന്‍റെ കാര്യമായതുകൊണ്ട് നമുക്കൊന്നും തീർത്തു പറയാൻ പറ്റില്ല, പിന്നെ ചേടത്തി ഞാൻ സുനന്ദേടത്തിയുടെ രണ്ടു നോവലും വായിച്ചിട്ടേ വാരിക തരത്തൊള്ളൂ."

"ഓ...." ഏലിചേടത്തി മനസ്സില്ലാ മനസ്സോടെ സമ്മതിച്ചു. "ഈ വൃത്തികെട്ട തള്ളക്ക് കടേ പോകുമ്പോൾ എന്തെങ്കിലും വേണം" ബെറ്റിമോൾ പിറുപിറുത്തു.

"നീ എന്നാടി പിറുപിറുക്കുന്നതു ? നീ ഒക്കെ പള്ളിക്കൂടത്തിൽ പോയിട്ട് വല്ല ചെറുക്കന്മാരുടെം കിറിക്കിട്ടു നോക്കിയിരുന്നു ബഞ്ചുമൊടിച്ചു പോന്നില്ലേ ...? കണ്ടോ ആ സുനന്ദയുടെ കഴിവ്. അക്ഷരങ്ങളെ എന്ത് ഭംഗിയോടു കൂടിയാ കോർത്തിണക്കുന്നത്‌."

"നിങ്ങള് വല്യ വാചകമടിക്കാതെ പോയി പാത്രം കഴുക്. അല്ലെങ്കിൽ ത്രേസ്സ്യാമ്മ ചേച്ചി നിങ്ങടെ കിറിക്കിട്ടു കുത്തും രാവിലെ."

"പിന്നെ പിന്നെ, നിനക്കറിയാമോ ഞാൻ അറുപത്തിയാറ് ക്രിസ്തുമസ്സ് കണ്ടതാ. അവളെന്നെ ഒലത്തും. ഒന്ന് പോടീ ..." ഏലിചേടത്തി കാർപ്പിച്ചൊരു തുപ്പു തുപ്പി. ബെറ്റിമോൾ പോയ വഴി കണ്ടില്ല ...!!!

ദൂരെ രാത്രി പകലിനോട് വിടപറയുന്ന വേളയിൽ സുനന്ദ തന്‍റെ തൂലികയുമായി പിരിയൻ ഗോവണികയറി അവളുടേതായ കഥാലോകത്തേക്ക് (മാളിക വീടിന്‍റെ കിഴക്കേ ചാവടിയിലേക്ക്) തന്‍റെ ചൂരൽ കസേര ലക്ഷ്യമാക്കി നടന്നു. (തുടരും .....)

(അനിൽ പത്മാലയാ സിംഗപ്പൂർ, ഓണംതുരുത്ത്)




പുതിയ സിനിമ - കബാലി & കസബ

കബാലി

അന്ത മാതിരി രജനിന്ന് നെനച്ചിയാടാ... ഇതു കബാലി ഡാ......

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്‍റെ കബാലി എന്ന ചിത്രം അങ്ങനെ തിയേറ്ററുകളിലെത്തി. കബാലി ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ തരംഗമാകുകയാണ്. പുതിയ റിപ്പോര്‍ട്ടുകളില്‍ കബാലി നാല് വിദേശ രാജ്യങ്ങളില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചു കഴിഞ്ഞുവെന്നാണ് അറിയുന്നത്. ചിത്രം രജനി ആരാധകരെ തൃപ്തിപ്പെടുത്തുന്നതാണെന്ന് പറയാം. അതേ സമയം പതിവ് രജനി സ്റ്റൈലില്‍ ഒരുക്കിയ ഒരു ചിത്രവുമല്ല പ. രഞ്ജിത്തിന്‍റെ കബാലി.

കഥ നടക്കുന്നത് അങ്ങ് മലേഷ്യയിലാണ്. കബലീശ്വരന്‍റെയും അയാളുടെ ഭാര്യ കുമുദവല്ലിയുടെയും കഥയാണ് കബാലി. പ്രതികാരമാണ് കബാലിയുടെയും കാമ്പ്. 25 വർഷങ്ങൾക്ക് മുമ്പ് തനിക്കും തന്‍റെ കുടുംബത്തിനും സംഭവിച്ച തകർച്ചയ്ക്ക് കാരണക്കാരായവരോട് കബലീശ്വരൻ നടത്തുന്ന പ്രതികാരമാണ് കബാലി. മലേഷ്യയില്‍ അവഗണിക്കപ്പെട്ട തമിഴര്‍ക്ക് വേണ്ടി പ്രവൃത്തിച്ചതിനെ തുടര്‍ന്ന് വര്‍ഷങ്ങളോളം ജയിലില്‍ കഴിയേണ്ടി വന്നയാളാണ് നമ്മുടെ നായകന്‍ കബലീശ്വരന്‍. ജയിലില്‍ നിന്ന് തിരിച്ചുവന്ന് ഒരു സാധാരണ ജീവിതം നയിക്കാനായിരുന്നു താത്പര്യം. പക്ഷെ സാഹചര്യം അയാളെ ഒരു ഗ്യാങ്സ്റ്ററാക്കുന്നു. അങ്ങനെ മലേഷ്യയിലെ തമിഴ്/ദളിതരുടെ നേതാവായി മാറുന്നു. അതേ സമയം മകളെ ശത്രുക്കളില്‍ നിന്ന് അകറ്റി നിര്‍ത്തുകയും വേണം. ജയിലില്‍ നഷ്ടപ്പെട്ട ജീവിതത്തെ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളും, പുതിയ ലക്ഷ്യങ്ങളില്‍ എത്തിച്ചേരാനുള്ള തത്രപ്പാടുകളുമാണ് പിന്നെ സിനിമ.

രജനി ഉള്ളപ്പോൾ കഥ എന്തിന് എന്ന ചോദ്യം കബാലി കണ്ടവരാരും ചോദിക്കില്ല. ഇൗ സിനിമയ്ക്ക് നല്ലൊരു കഥയുണ്ട്. പലയിടത്തും കേട്ടിട്ടുള്ളതാണെങ്കിലും അതിനെ വ്യത്യസ്തമായി അവതരിപ്പിക്കാൻ പ. രഞ്ജിത് എന്ന സംവിധായകന് കഴിഞ്ഞിട്ടുണ്ട്. രജനിയുടെ ഗെറ്റപ്പിൽ മാത്രമല്ല പാത്രാവതരണത്തിലും അഭിനയത്തിലുമൊക്കെ അടിമുടി മാറ്റം പ്രേക്ഷകന് അനുഭവപ്പെടും. രജനീകാന്തിന്‍റെ സ്ലോമോഷന്‍ നടത്തവും, സ്‌റ്റൈലിഷ് ഇരുത്തവും പഞ്ച് ഡയലോഗുകളും ആരാധകരെ രോമാഞ്ചം കൊള്ളിക്കും എന്ന കാര്യത്തില്‍ സംശയമില്ല. ഫ്ലാഷ്ബാക്ക് രംഗങ്ങളിലെ രജനിയുടെ ലുക്കും മറ്റും പ്രേക്ഷകരില്‍ പഴയ രജനികാന്ത് ചിത്രങ്ങളുടെ നൊസ്റ്റാള്‍ജിയ ഉണര്‍ത്തും. രജനിയുടെ പഴയ ഇമേജുകള്‍ നഷ്ടപ്പെടാതെ വയ്ക്കാന്‍ പ. രഞ്ജിത്ത് പരമാവധി ശ്രമിച്ചിട്ടുമുണ്ട്.

ഇനി സാധാരണ ഒരു സിനിമയെ സമീപിക്കുന്നവര്‍ക്ക് കബാലി എന്ന ചിത്രം തീര്‍ത്തും അവിശ്വസനീയമായി തോന്നിയേക്കാം. 30 കാരനാകാന്‍ വേണ്ടിയുള്ള രജനികാന്തിന്‍റെ മേക്കപ്പും മറ്റും വളരെ ബോറായിരുന്നു. അഭിനയത്തെ കുറിച്ച് പറയുകയാണെങ്കില്‍, രജനികാന്തിന്‍റെ ഇതുവരെ കാണാത്ത ലുക്കും പ്രകടനവുമാണ് കബാലിയിലേത്. നായികമാർക്കൊപ്പം നിറഞ്ഞാടിയിരുന്ന അദ്ദേഹത്തിന് ഒറ്റ സിനിമ കൊണ്ട് പക്വത കൈവരിച്ചെന്ന് തോന്നിപ്പോകുന്ന പ്രകടനം. ഗ്യാങ്സ്റ്ററായും കുടുംബനാഥനായും ഒക്കെ അദ്ദേഹം നിറഞ്ഞു നിൽക്കുന്നു. രജനികാന്തിന്‍റെ നായികയായി എത്തിയ രാധിക ആപ്‌തെ ഇമോഷനൽ സീക്വൻസുകളിൽ ശരിക്കും തകര്‍ത്തു. ഋത്വികയാണ് മറ്റൊരു കേന്ദ്ര സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ചത്. മകളായി വേഷമിട്ട ധൻസികയും തന്റെ കിടിലൻ ആക്ഷൻ റോൾ ഗംഭീരമാക്കി. ശക്തമായ സ്ത്രീ കഥാപാത്രങ്ങളാണ് ഇവര്‍ മൂവരും.

സന്തോഷ് നാരായണന്‍റെ സംഗീതവും പശ്ചാത്തല സംഗീതവും സിനിമയ്ക്ക് യോജിക്കുന്നതായി. ഒന്നു രണ്ട് മികച്ച രംഗങ്ങളൊഴിച്ചാൽ പ്രവീണിൻറ്റെ ഛായാഗ്രഹണത്തിലും അസാധാരണത്വമൊന്നുമില്ല. സാധാരണ രജനി ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ആക്ഷൻ രംഗങ്ങൾ അതിഭാവുകത്വം കൂടാതെ കബാലിയിൽ അവതരിപ്പിച്ചിരിക്കുന്നു. നിങ്ങളൊരു വലിയ രജനികാന്ത് ആരാധകനോ ആരാധികയോ ആണെങ്കില്‍ തീര്‍ച്ചയായും സന്തോഷിന്‍റെ പാട്ടും പശ്ചാത്തല സംഗീതവും നിങ്ങള്‍ക്ക് സന്തോഷം നല്‍കും.

കസബ

രാജന്‍ സക്കറിയയുടെ നടപ്പും കൊടുപ്പും എല്ലാം മാസാണ്...

സാധാരണ പൊലീസിന് ഒരു മാസ് ലുക്ക് കൂടെ ഉണ്ടെങ്കിലേ പ്രേക്ഷകര്‍ക്ക് ത്രില്ലുള്ളൂ എന്നാണ് "ആക്ഷന്‍ ഹീറോ ബിജു" കണ്ട പലരുടെയും അഭിപ്രായം. ആ കുറവും പരിഹരിച്ചുകൊണ്ടാണ് നിഥിന്‍ രണ്‍ജി പണിക്കര്‍ മമ്മൂട്ടിയെ നായകനാക്കി കസബ എന്ന ചിത്രമൊരുക്കിയിരിയ്ക്കുന്നത്. ആരാധകരെ ആവേശത്തിലാഴ്ത്തുന്ന മാസ് സിനിമയാണ് കസബ. നീണ്ട ഇടവേളയ്ക്ക് ശേഷം മെഗാസ്റ്റാർ മമ്മൂട്ടി പോലീസ് വേഷത്തിലെത്തുന്ന ചിത്രം ആരാധകവൃന്ദത്തിനെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.

അമാനുഷികനായ ഒരു പൊലീസ് ഉദ്യോഗസ്ഥനല്ല രാജന്‍ സക്കറിയ. സാധാരണക്കാരനാണ്. എന്നാല്‍ ഒരു പോലീസ് കഥയ്ക്ക് വേണ്ട മാസ് ചേരുവകളെല്ലാം ഉണ്ട് താനും. നടത്തത്തിലും, പ്രശ്‌നങ്ങളോട് പ്രതികരിയ്ക്കുന്നതിലുമെല്ലാം ആ ഹീറോയിസം കാണാം. കേരള കര്‍ണാടക ബോര്‍ഡറിലെ കാളീപുരത്തു ഒരു കൊലപാതക കേസ് അന്വേഷിക്കാനെത്തുന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറാണ് രാജന്‍ സക്കറിയ. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ വേഷത്തിലെത്തുന്നത്.

കച്ചവട സിനിമയ്ക്കാവശ്യമായ ചേരുവകളൊക്കെ വേണ്ടുവോളം ചേർന്ന എൻറ്റർടൈനറാണ് ചിത്രം. അടിക്ക് അടി, ഇടിക്ക് ഇടി, ഡയലോഗിന് ഡയലോഗ്. തൻറ്റെ ചിത്രത്തിനെ ട്രോളിയ ട്രോളൻമാർക്കെല്ലാം നന്ദി പറഞ്ഞുകൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്. ആരാധകർ ആഗ്രഹിക്കുന്ന മാസ് എൻട്രിയുമായി രാജൻ സക്കറിയ എത്തുന്നു. പിന്നീട് വർണ്ണക്കാഴ്ച്ചകളുടെ പൂരം തന്നെയാണ്. ഇൻസ്പെക്ടർ ബലറാമിനെ ഓർമിപ്പിക്കുന്നുണ്ട് ചില സമയങ്ങളിൽ രാജൻ സക്കറിയ.

ആരാധകരെ ആവേശത്തിലാഴ്ത്തുന്നുണ്ട് ആദ്യ പകുതി. രണ്ടാം പകുതിയിലാണ് സിനിമയ്ക്ക് കൂടുതൽ ഗൗരവം കൈവരുന്നത്. അൽപം ഇഴച്ചിലുമുണ്ട്. ചില സീനുകൾ അവശ്യമില്ലാത്തതായിരുന്നെന്നു തോന്നിയെങ്കിലും മമ്മൂട്ടിയുടെ തകർപ്പൻ പെർഫോമൻസും, കഥയിലെ ട്വിസ്റ്റും, ആക്ഷനും ചേരുമ്പോൾ സിനിമ മോശമല്ലാത്ത രീതിയിൽ അവസാനിക്കും..

തെന്നിന്ത്യന്‍ താരം വരലക്ഷ്മി ശരത്കുമാറാണ് ചിത്രത്തിലെ നായിക. മമ്മൂട്ടിയോട് മത്സരിച്ചുള്ള അഭിനയമായിരുന്നു വരലക്ഷ്മിയുടേത്. മലയാളത്തിന് പരിചിതമല്ലാത്ത ഒരു സ്ത്രീ കഥാപാത്രമാണ് വരലക്ഷ്മി അവതരിപ്പിച്ച കമല. സമ്പത്ത് രാജ് അവതരിപ്പിച്ച വില്ലൻ വേഷവും മികച്ചു നിൽക്കുന്നു. മമ്മൂട്ടിയുടെ കൂടെ ആദ്യമായി അഭിനയിക്കാൻ കിട്ടിയ അവസരം മക്ബുൽ സല്‍മാൻ ശരിക്കും ഉപയോഗിച്ചു. സിനിമ കഴിഞ്ഞു പുറത്തിറങ്ങിയാലും ജഗനെ നാം മറക്കില്ല. രാജൻ സക്കറിയയുടെ സുപ്പീരിയർ ഓഫീസറായി എത്തുന്ന സിദ്ദിക്കും അവസ്മരണീയ പ്രകടനമാണ് കാഴ്ച്ച വെച്ചിരിക്കുന്നത്.

മലയാളിക്ക് തീപ്പൊരി ഡയലോഗും പോലീസ് വേഷങ്ങളും സമ്മാനിച്ച രൺജി പണിക്കരുടെ മകന്‍റെ അരങ്ങേറ്റം മോശമായില്ല. മലയാള സിനിമയുടെ ഭാവിയിൽ നിതിന് വലിയ പങ്കുണ്ടെന്ന് കസബ തെളിയിക്കും. എന്നെന്നും ഓർത്തിരിക്കുന്ന നെടുനീളൻ ഡയലോഗുകളാണ് രൺജി പണിക്കരുടെ രീതിയെങ്കില്‍ ദൈർഘ്യം കുറഞ്ഞ ഡയലോഗുകളാണ് മകന്‍റെ പ്രത്യേകത. സിനിമയുടെ മൂഡിനനുസരിച്ച് പശ്ചാത്തല സംഗീതം ഒരുക്കുന്നതിൽ രാഹുൽ രാജ് വിജയിച്ചിട്ടുണ്ട്. സമീർ ഹക്കിന്‍റെ ഛായാഗ്രഹണം സിനിമയോട് നീതി പുലർത്തി. ഗുഡ്‌വിൽ എൻടർട്വൈൻമെൻറ്റ്സാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

(മനോജ്‌ തൈക്കൂട്ടത്തിൽ)



അടുക്കള - ചിക്കന്‍ ചെട്ടിനാട്

ആവശ്യമായ ചേരുവകൾ:-

1. ചിക്കന്‍: 1/2 kg
2. എണ്ണ: 75 ml
3. സവോള: 150 gm
4. തക്കാളി: 100 gm
5. കറുകപ്പട്ട: 2 gm
6. ഗ്രാമ്പു: 2 gm
7. ഏലക്ക: 2 gm
8. ജീരകം: 5 gm
9. കറിവേപ്പില: 2 gm
10. മഞ്ഞള്‍പൊടി: 2 gm
11. ഉപ്പ്‌: പാകത്തിന്
12. മല്ലിയില: 25 gm

പേസ്റ്റ് ഉണ്ടാക്കാന്‍ ആവശ്യമായ ചേരുവകൾ:-

1. സവോള: 100 gm
2. ഇഞ്ചി: 50 gm
3. വെളുത്തുള്ളി: 50 gm
4. പെരുംജീരകം: 50 gm
5. ജീരകം: 20 gm
6. കുരുമുളക്: 25 gm
7. ചുവന്ന മുളക്: 10 gm
8. തേങ്ങ വറുത്തെടുത്തത്‌: 100 gm

തയ്യാറാക്കുന്ന വിധം :-

• പേസ്റ്റ് ഉണ്ടാക്കാനുള്ള ചേരുവകള്‍ അരക്കുക.
• ചിക്കന്‍ കഷണങ്ങളാക്കി അതില്‍ പേസ്റ്റ് പുരട്ടുക.
• തക്കാളിയും മല്ലിയിലയും സവാളയും അരിയുക.
• എണ്ണ ചൂടാക്കി അതില്‍ കറുകപ്പട്ട, ഏലക്ക , ഗ്രാമ്പു, ജീരകം എന്നിവ ഇട്ടു ഇളക്കുക.
• അതിലേക്കി സവാളയും കറിവേപ്പിലയും ചേര്‍ക്കുക, സവാള ഗോള്‍ഡന്‍ കളര്‍ ആകുന്ന വരെ ഇളക്കുക.
• അതിലേക്കു തക്കാളി ചേര്‍ത്ത് 5 മിനിറ്റ് ഇളക്കുക.
• പുരട്ടി വച്ച ചിക്കന്‍ കഷണങ്ങളും മഞ്ഞള്‍പൊടിയും ചേര്‍ക്കുക. ഏകദേശം 10 മിനിറ്റോളം ഇളക്കുക. ഇടയ്ക്കിടെ ആവശ്യത്തിനുള്ള വെള്ളം ചേര്‍ക്കുക.
• ആവശ്യത്തിനു ഉപ്പു ചേര്‍ത്ത് മൂടി വച്ച് വേവിക്കുക. രുചിയനുസരിച്ചു കൂടുതല്‍ മുളകുപൊടിയോ കുരുമുളകോ ചേര്‍ക്കാം
• തയ്യാറായതിനു ശേഷം മുകളില്‍ മല്ലിയില വിതറി അലങ്കരിക്കാം.

(സോണിയ ജോബി, പട്ട്യാലിൽ)



കപ്പലുപെരുന്നാൾ (നോവൽ) - 14

കഥാപരിസരം: കുറവിലങ്ങാട്, കുറുപ്പന്തറ, മാഞ്ഞൂർ ചുറ്റുവട്ടങ്ങൾ.

കഥാകാലഘട്ടം: ആയിരത്തി എണ്‍പതുകൾ

വീണ്ടുമൊരു കപ്പലുപെരുന്നാൾ :-

ഇന്നാണ് കപ്പലുപെരുന്നാൾ. കുറവിലങ്ങാട്ട് മുത്തിയമ്മയുടെ പള്ളിയിൽ ഇന്നാളു കൂടും. പള്ളിയുടെ നെടുമ്പുരയിൽ സ്ഥാപിച്ചിരിക്കുന്ന കപ്പല് പള്ളിയിൽനിന്ന് പുറത്തിറക്കി പ്രദക്ഷിണമായി, കുരിശുപള്ളിയെ വലംവെച്ച്, പള്ളിമുറ്റത്തു കപ്പലോട്ടം നടത്തും. കപ്പലോട്ടം നടത്താൻ അവകാശപ്പെട്ട കടപ്പൂരുകാർക്ക് ഇന്ന് പ്രത്യേക ഉത്സാഹമാണ്. കുർബാനയും പ്രദക്ഷിണവും കഴിഞ്ഞു കടപ്പൂരുകാർക്ക് പള്ളിമുറ്റത്തു ഇന്ന് അന്നദാനവും ഉണ്ട്. പിന്നെ സർബത്ത്നേർച്ച വേറെ. കടപ്പൂരുകാരെ സംബന്ധിച്ച് അവരുടെ കൊച്ചുജീവിതത്തിൽ വലിയ പ്രാധാന്യം ഇന്നത്തെ കപ്പലുപെരുന്നാളിനുണ്ട്.

ബെന്നിച്ചൻ രാവിലെ തന്നെ കുളിച്ചൊരുങ്ങി. ബെന്നിച്ചൻറ്റെ ജീവിതവും ഒത്തിരി മാറിപ്പോയിരിക്കുന്നു. നീണ്ട പന്ത്രണ്ട് വർഷങ്ങൾ എത്ര പെട്ടന്നാണ് കടന്നു പോയത്. ചാച്ചൻ മരിച്ചു. ചാച്ചൻറ്റെ കൃഷിപ്പണികൾ ബെന്നിച്ചൻ ഏറ്റെടുത്തു. ചേട്ടൻ വീട് വച്ച് മാറിത്താമസിക്കുന്നു. അമ്മച്ചി ചേട്ടൻറ്റെ കൂട്ടത്തിലാണ്. ബെന്നിച്ചൻ പെണ്ണ് കെട്ടി രണ്ടു പിള്ളേരും ആയി.

കുറുപ്പന്തറയും കുറവിലങ്ങാടും ഒക്കെ ഒത്തിരി മാറിപ്പോയി. എല്ലായിടത്തും ബാറുകൾ തുടങ്ങി. നാട്ടുവഴികൾ എല്ലാംതന്നെ ടാറിട്ടു. ജോസേട്ടൻ പതിവുപോലെ ചായക്കട നടത്തുന്നു. കാൽമാ നാട് വിട്ടിട്ടു വർഷങ്ങളായി. അനിലിനെ കാണാറുണ്ട്. പറമ്പിലെ പണിത്തിരക്ക് കാരണം ഇപ്പം ചുമ്മാ പുറത്തോട്ടൊന്നും ഇറങ്ങാറില്ല. ഇന്ന് പെരുന്നാളിനു ചെല്ലുമ്പോൾ കൂട്ടുകാരെയൊക്കെ കാണാം. പഴയത് പോലെ കുറവിലങ്ങാട്‌ വരെ നടക്കണ്ട, ബസുണ്ട്. അങ്ങനെ ബെന്നിച്ചൻ പതിവുപോലെ കപ്പലുപെരുന്നാൾ കൂടാൻ കുടുംബസമേതം പുറപ്പെട്ടു. പെരുന്നാളൊക്കെ കൂടി, നേർച്ചയും ഇട്ടു, പിള്ളേർക്ക് കളിപ്പാട്ടവും മേടിച്ചു, ജോസേട്ടൻറ്റെ കടയില് കയറി ചായയും കുടിച്ചു, തിരിച്ചു വീട്ടില് വന്നപ്പോൾ മണി രണ്ട്. ഇനിയൊന്നു നടുവ് നിവർക്കാം എന്ന് വിചാരിച്ചു കിടന്നതാണ് അങ്ങ് ഉറങ്ങിപ്പോയി.

മുറ്റത്തു കാറ് വന്നുനില്ക്കുന്ന ഒച്ച കേട്ടാണ് ഉണർന്നത്. ഇറങ്ങിച്ചെന്നു നോക്കുമ്പോൾ ജോസേട്ടനാണ്. കൂടെ ഒരു പരിഷ്ക്കാരിയും ഉണ്ട്. ഇതാരപ്പാ എന്ന് അതിശയിച്ചു നിൽക്കുമ്പോൾ ജോസേട്ടൻ ചിരിച്ചു.

“എടാ ബെന്നിച്ചാ, നിനക്കിവനെ മനസിലായില്ലേ ? ഇത് നമ്മുടെ പഴയ കാൽമയാടാ..!!!!”

ബെന്നിച്ചൻ കണ്ണ് മിഴിച്ചു പോയി. തടിച്ചിട്ടുണ്ട്, നിറവും വച്ചു. “എൻറ്റെ കാൽമാ…” ബെന്നിച്ചൻ അറിയാതെ വിളിച്ചുപോയി. കാൽമ ഓടിവന്നു കെട്ടിപിടിച്ചു. “എൻറ്റെ ബെന്നിച്ചാ..” എന്നൊരു വിളിയും.

“വാ… വാ…. കേറി വാടാ….” ബെന്നിച്ചൻ അവരെ വീട്ടിനുള്ളിലേക്ക് കൂട്ടിക്കൊണ്ടു പോയി.

കാൽമ ബോംബയിലായിരുന്നു. അവിടെനിന്നും എങ്ങനെയോ ഒരു വിസ തരപ്പെട്ടു. അങ്ങനെ ദുബായിൽ നീണ്ട എട്ടു വർഷങ്ങൾ. “എൻറ്റെ ബെന്നിച്ചാ, ബോംബയിൽ കിടന്നു കുറെ കഷ്ടപ്പെട്ടു. എന്നാലും ഞാൻ രക്ഷപെട്ടടാ..!!” കാൽമ പറഞ്ഞു നിറുത്തി.

“പിന്നെ ബെന്നിച്ചാ, കാൽമക്കിപോൾ ഒരു സിനിമാ പിടിച്ചാൽ കൊള്ളാമെന്നുണ്ട്. നമ്മള് രണ്ടുപേരും കൂടെ വേണമെന്നാ പറയുന്നത്.” ജോസേട്ടൻ കള്ളപുഞ്ചിരിയോടെ പറഞ്ഞു.

“എൻറ്റെ ബെന്നിച്ചാ, ഈ സിനിമാ എന്ന് പറഞ്ഞാൽ മുഴുവനും സുന്ദരിമാരുടെ ഇടപാടാണ്. നീ കുറച്ചു നാളത്തേക്ക് ഈ കൃഷിപ്പണി ഒന്ന് നിറുത്തി വെയ്ക്കേണ്ടി വരും.” ജോസേട്ടൻ സീരിയസായിട്ട് പറഞ്ഞു നിറുത്തി. ബെന്നിച്ചൻ അടുക്കള ഭാഗത്തേക്ക് നോക്കി.

“എടാ, പിന്നെ നീ കെട്ടിയെന്ന് ജോസേട്ടൻ പറഞ്ഞു. നിൻറ്റെ കെട്ടിയവളെ ഇങ്ങാ വിളിയെടാ. ഞാൻ കണ്ടിട്ടില്ലല്ലോ.” കാൽമ ഉത്സാഹത്തോടെ പറഞ്ഞു

“കാണമെടാ…. നീ ധൃതി പിടിക്കാതെ…” ജോസേട്ടൻ പറഞ്ഞു.

ബെന്നിച്ചൻ ഉള്ളിലേക്ക് നോക്കി ചായ എവിടെ എന്ന് ചോദിച്ചു. ചായയുമായി ബെന്നിച്ചൻറ്റെ കെട്ടിയവൾ ഇറങ്ങി വന്നു. എല്ലാവർക്കും ചായ കൊടുക്കുമ്പോൾ കാൽമ അവരെ സൂക്ഷിച്ചു നോക്കി.

“ഈ ആളെ നല്ല പരിചയം തോന്നുന്നുണ്ടല്ലോ. പക്ഷെ ഓർമ കിട്ടുന്നില്ല.”

“അത് നമ്മൾ തമ്മിൽ കണ്ടത് രാത്രിയിലായത് കൊണ്ടാ കാൽമചേട്ടാ…..!!” കെട്ടിയവൾ പറഞ്ഞു.

ജോസേട്ടൻ പൊട്ടിച്ചിരിച്ചു. “എൻറ്റെ കാൽമ, ഇവൾ അവൾ തന്നെ. നമ്മുടെ ബിൻസി !!!” ജോസേട്ടൻ ചിരിക്കിടയിൽ പറഞ്ഞു.

“എന്നാലും എൻറ്റെ ബെന്നിച്ചാ…” കാൽമ ബെന്നിച്ചനെ നോക്കി.

“അവൾക്കു ഗർഭമുണ്ടാകുമോന്നു ഒന്ന് നോക്കാൻ ഞാനും തീരുമാനിച്ചെടാ..” ബെന്നിച്ചൻ പറഞ്ഞു. എല്ലാവരും പൊട്ടിച്ചിരിച്ചു. വിരുന്നുകാരെ കാണാൻ ഓടിവന്ന ബെന്നിച്ചൻറ്റെ പിള്ളേരും ചിരിയിൽ പങ്കു ചേർന്നു.

അങ്ങ് കുറവിലങ്ങാട്ടു പെരുന്നാൾ കഴിഞ്ഞു ആളുകൾ പോയിക്കഴിഞ്ഞിരിക്കുന്നു. പള്ളിയിലെ അലങ്കാരവിളക്കുകൾ മിന്നിക്കൊണ്ടിരുന്നു. ആളുകളൊഴിഞ്ഞ പള്ളിയുടെ നെടുമ്പുര വിജനമായും വിശാലമയും കിടന്നു. പള്ളിയിലെ മുത്തിയമ്മയുടെ രൂപത്തിൻറ്റെ മുന്നിലെ കെടാവിളക്ക് മുനിഞ്ഞു കത്തിക്കൊണ്ടിരുന്നു. വിശ്വാസികളെ കണ്ടും അനുഗ്രഹിച്ചും മുത്തിയമ്മ മാത്രം ഉറങ്ങാതെ, അനങ്ങാതെ, ഉരിയാടാതെ, രൂപക്കൂട്ടിൽ വിശ്രമിച്ചു. (നോവൽ അവസാനിച്ചു.)

- സിറിയക് കടവിൽച്ചിറ

കപ്പലുപെരുന്നാൾ മുൻ അദ്ധ്യായങ്ങൾ
http://http://neendoorpravasi.com/arts.php#228


മോചനം (കഥ)

അംബരചുംബികളുടെ നീളുന്ന നിഴൽ ഹഡ്സൺ നദിയിലെ ഓളങ്ങളിൽ ഇളകിയപ്പോൾ നഗരം ജനനിബിഡമായി. തിരക്കിൽ നിരത്തിലെ മറ്റൊരു ബിന്ദുവായി താനും അലിഞ്ഞു. "പാർക്ക്-വേ" യിൽനിന്ന് എക്സിറ്റ് എടുത്ത് അടുത്ത ലൈനിൽ തിരിയുമ്പോഴും കാറിൻറ്റെ സ്പീഡിനു യാതൊരു കുറവും ഇല്ലായിരുന്നു. പുതിയ ടൊയോട്ട കാമ്റിയുടെ ആക്സിലറേറ്റർ വീണ്ടും താഴ്ന്നപ്പോൾ ഹൃദയതുടിപ്പും സ്റ്റിയറിംഗിനോടൊപ്പം നിയന്ത്രിച്ച് ആനി ഇരുന്നു.

ജീവിതത്തിലാദ്യമായാണ് ഇത്രയും വലിയ ഒരു ആകാംഷ അനുഭവപ്പെടുന്നത്. ഹോസ്പിറ്റൽ വാർഡിലേക്ക് വന്ന സ്കൂൾ പ്രിൻസിപ്പലിൻറ്റെ ടെലിഫോൺ. മകളുടെ ഒരു അത്യാവശ്യകാര്യത്തിനു പെട്ടെന്ന് സ്കൂളിൽ എത്തണമത്രെ. ചിന്തകൾ അറിയാതെ പലവഴിക്ക് തിരിഞ്ഞു. ഒരുപക്ഷേ, ക്ലാസ്സിൽ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടിയുടെ അമ്മയെ അനുമോദിക്കുന്നതിനാവുമോ.? അതോ സ്കൂളിനെ പ്രതിനിധീകരിച്ചു ഏതെങ്കിലും സെമിനാറുകളിൽ മകളെ പങ്കെടുപ്പിക്കാനുള്ള പ്രോജക്ടിൽ അമ്മയുടെ അനുവാദം ആരായുന്നതിനോ.? എന്താണെങ്കിലും ഉടൻ സ്കൂളിൽ എത്തിയെ മതിയാകൂ.

നാലുമണിക്ക് തീരേണ്ട ജോലിയുടെ ചാർജ്ജ് മൂന്നുമണിക്ക് തന്നെ, ഫിലിപ്പൈൻകാരി സഹപ്രവർത്തകയെ ഏൽപ്പിച്ചു. യൂണിഫോം പോലും മാറാതെ വാർഡിൽനിന്ന് പുറത്തു കടന്നപ്പോൾ, ICU വിൽ ജോലി ചെയ്യുന്ന തങ്കമ്മ, ലോക്കൽ ന്യൂസിലേക്ക് എന്തെങ്കിലും സംഭാവന പ്രതീക്ഷിച്ചു സൗഹൃദം പുതുക്കി.

"എന്താ ആനി ഇന്ന് നേരത്തെ.? വല്ല അപ്പോയിൻമെൻറ്റും ഉണ്ടോ.?" തുടർന്ന് ഒരു കള്ളചിരിയും. ഭർത്താവുമായി പിരിഞ്ഞതുകൊണ്ട് മറ്റുള്ളവരുടെ കാര്യങ്ങളിൽ ശ്രദ്ധിക്കുവാനും ഇല്ലാത്ത കഥകൾ ഉണ്ടാക്കി മറ്റുള്ളവരെപ്പറ്റി പരദൂഷണം പറഞ്ഞുപരത്തുവാനും സമയം കണ്ടെത്തുന്ന സ്ത്രീ.

"അത്യാവശ്യമായി മോളുടെ സ്കൂളിൽ എത്തണമെന്ന് ഫോൺ ഉണ്ടായിരുന്നു". ഒറ്റ ശ്വാസത്തിൽ മറുപടി പറഞ്ഞിട്ട് ആദ്യം കണ്ട എലിവേറ്ററിൽ കയറി പുറത്തു കടന്നു.

ഓക്ക് മരങ്ങൾ നിഴൽ വിരിച്ച നിരത്തിലൂടെ അതിവേഗം ഡ്രൈവ് ചെയ്യുമ്പോഴും കാറിനു സ്പീഡ് പോരെന്ന് തോന്നി. പെട്ടെന്ന് ട്രാഫിക് ലൈറ്റിൽ ചുമപ്പ് തെളിഞ്ഞപ്പോൾ ബ്രേക്കിട്ടു. മുന്നിൽ, കൈയിൽ കൈ കോർത്ത് മനുഷ്യച്ചങ്ങല സൃഷ്ടിച്ച് നിരത്ത് മുറിച്ചു കടന്നുപോകുന്ന മന്ദബുദ്ധികൾ. അവർക്കിടയിൽ കറുമ്പനും, വെളുമ്പനും, സ്പാനീഷും എന്നുള്ള യാതൊരു അന്തരവുമില്ല. ജാതിയും മതവും നിറവും കടന്നു കൂടാത്ത അവരുടെതായ ലോകത്തിലെ അനുഭവങ്ങൾ പങ്കിട്ട് ചിരിച്ചുല്ലസിച്ച് നടന്നുനീങ്ങുന്നു. അറിവും ബോധവുമുള്ള പൊതുജനത്തെക്കാൾ എത്രയോ ഉയരങ്ങളിലാണ് അവർ. പിന്നിൽ ഹോൺ മുഴങ്ങിയപ്പോഴാണ് സിഗ്നൽ പച്ചനിറം തെളിഞ്ഞ കാര്യം ശ്രദ്ധിച്ചത്.

പന്ത്രണ്ടു വർഷം മുൻപ് ഭർത്താവിൻറ്റെ കൂടെ വിസാ കിട്ടി മൂന്നു വയസ്സ് മാത്രം പ്രായമുള്ള മകളോടൊപ്പം ആദ്യമായി അമേരിക്കയിൽ എത്തിയ സംഭവം ഇന്നലെയെന്നപോലെ മനോമുകുരത്തിൽ തെളിയുന്നു.

മകളുടെ വളർച്ചയുടെ ഓരോ ഘട്ടങ്ങളിലും നിഴൽപോലെ താനും അടുത്തുണ്ടായിരുന്നു. പകലുറക്കം നഷ്ടപ്പെടുത്തി കുറെ നാളത്തേയ്ക്ക് നൈറ്റ്ഡ്യൂട്ടി ചെയ്തത് "ബേബിസിറ്ററു"ടെ സ്വാധീനത്തിൽ നിന്ന് മകളെ രക്ഷപെടുത്തുന്നതിനായിരുന്നു. അമ്മ എന്ന സ്ഥാനം ഈ ലോകത്ത് തനിക്ക് ആദ്യം നേടിത്തന്ന മകളോടുള്ള സ്നേഹത്തിനു തൻറ്റെ രണ്ടാമത്തെ പ്രസവംകൊണ്ട് യാതൊരു കുറവും സംഭവിച്ചില്ല.

പിച്ചവച്ചുനടന്ന ബാല്യത്തിൽനിന്ന് കുസൃതിയുടെ കൗമാരത്തിലേക്കും തുടർന്ന് തുടിക്കുന്ന യൗവ്വനത്തിലേക്കും മകളെ കാലം കൈപിടിച്ച് കടത്തിയപ്പോൾ താൻ ആഹ്ലാദിച്ചു. മക്കൾ ആവശ്യപ്പെട്ടതെല്ലാം വാങ്ങി കൊടുത്തു. അവർക്കുവേണ്ടിയല്ലെങ്കിൽ, പിന്നെ ആർക്കുവേണ്ടിയാണ് ഈ സമ്പാദ്യമൊക്കെ. മകൾ ഹൈസ്കൂളിലേക്ക് പ്രവേശിച്ചപ്പോൾ അവൾക്ക് ഇഷ്ടപെട്ട സ്കൂളിൽ അല്പം ബുദ്ധിമുട്ടിയാണെങ്കിലും അഡ്മിഷൻ നേടിക്കൊടുത്തു.

പന്ത്രണ്ട് വർഷങ്ങളിലെ അമേരിക്കൻ ജീവിതം മകളുടെ ശരീരത്തിലും മനസ്സിലും എന്തെല്ലാം മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. മറന്നുപോകുന്ന മാതൃഭാഷ, വളരുന്ന സ്ഥലത്തെ സംസ്കാരത്തിൻറ്റെ സ്വാധീനം, ജന്മനാടിനോട് പുച്ഛം, നിർബന്ധത്തിനു വഴങ്ങി ഒരുപ്രാവശ്യം മാത്രം നാട്ടിൽ അവധിക്കു പോകാൻ അവൾ സമ്മതിച്ചു.

യൗവ്വനത്തിലേക്ക് കടക്കുന്ന മകളുടെ അടുത്ത കൂട്ടുകാരിയായിരിക്കണം അമ്മ, എന്ന് സൈക്യാട്രിയിൽ എവിടെയോ വായിച്ചതനുസരിച്ച് ഡ്യൂട്ടിസമയം മോർണിംഗ് ഷിഫ്റ്റാക്കി മാറ്റി. മകളുടെ എല്ലാ കാര്യങ്ങളിലും താൻ ഇടപെടണമെന്നാണ് ഭർത്താവിൻറ്റെ നിർദ്ദേശം. പക്ഷെ, ഈയിടെയായിട്ടുള്ള അവളുടെ മട്ടും ഭാവവും കാണുമ്പോൾ തന്നെ മന:പൂർവ്വം ഒഴിവാക്കുകയല്ലേ എന്നൊരു തോന്നൽ. സദാ സമയവും മുറിയിൽ അടച്ചുപൂട്ടി, ഫോണിൽ സുഹൃദ്വലയം സൃഷ്ടിച്ച് സ്വന്തം ലോകത്തിൽ കഴിഞ്ഞുകൂടുന്ന മകൾ. ആഹാരത്തിനുമാത്രം വെളിയിൽ വരും. വീട്ടിൽ ഒരു ജോലിയും ചെയ്യുകയില്ലന്നു മാത്രമല്ല വിരുന്നുകാർ വീട്ടിൽ വന്നാൽ അവരുടെ മുൻപിൽ വെളിപ്പെടാൻകൂടി മടിയാണ്.

ഇളയമകൾ ഇപ്പോൾതന്നെ മുടിയും ക്രോപ്പ് ചെയ്ത് ഒറ്റ കാതിൽ കടുക്കനും ഇട്ട് അമേരിക്കൻ സംസ്ക്കാരത്തെ പ്രഘോഷിച്ചുതുടങ്ങി. എതിർത്തില്ല. എതിർത്താലും വിലപ്പോകില്ല എന്നറിയാം. തങ്ങളെ ഈ നിലവരെ വളർത്തിയെടുത്ത മാതാപിതാക്കളുടെ ഇംഗ്ലീഷ് ഉച്ചാരണത്തെയും, വസ്ത്രധാരണത്തെയും, പെരുമാറ്റത്തെയും പരിഹസിക്കുന്ന മക്കൾ. മക്കൾക്ക് ഇഷ്ടമില്ലാത്തത് പറഞ്ഞാൽ വല്ല വഴിക്കും അവർ ഇറങ്ങിപ്പോകുമോ എന്ന ഭയം മനസ്സിൽ ചേക്കേറിയിരിക്കുന്നു.

സ്കൂൾ കോമ്പൗണ്ടിലേക്ക് തിരിയുമ്പോൾ പാർക്കിംഗ് ലോട്ടിൽ, ഇണചേർന്നു നിൽക്കുന്ന യുവമിഥുനങ്ങൾ കണ്ണിൽപെട്ടു. സ്ത്രീയ്ക്കായി പുരുഷനും, പുരുഷനായി സ്ത്രീയും സൃഷ്ടിക്കപ്പെട്ടു എന്ന് വിശ്വസിക്കുന്ന പുത്തൻ സംസ്ക്കാരം. അവരുടെ ഇടയിൽ ഒറ്റപ്പെട്ടു പോകുന്ന അപൂർവ്വം കുറെ ഏഷ്യൻ കുട്ടികൾ.

അമേരിക്കൻ സംസ്ക്കാരത്തോടു പുച്ഛമില്ലെങ്കിൽകൂടി, സ്വന്തം സംസ്ക്കാരത്തെ പ്രതിക്കൂട്ടിലാക്കാൻ ഇഷ്ടപ്പെടാത്തതുകൊണ്ട് മന:പൂർവ്വം അഭിനയിക്കേണ്ടി വരുന്ന പാവം കുട്ടികൾ. അമേരിക്കൻ കുട്ടികളുടെ ഇടയിൽ "കൂൾ" ആണന്നു കാണിക്കുവാൻ ഇല്ലാത്ത ബോയ്ഫ്രണ്ടിനെയും ഗേൾഫ്രണ്ടിനെയും പറ്റി കഥകൾ ഉണ്ടാക്കി സംസ്ക്കാരം സംരക്ഷിക്കുവാൻ പാടുപെടുന്ന കുട്ടികളെപറ്റി മകൾ പറഞ്ഞിട്ടുള്ള കഥകൾ ഓർമ്മവന്നു. ഒരുപക്ഷേ ഒറ്റപ്പെട്ടു നടക്കുന്ന ഈ ഏഷ്യൻ കുട്ടികൾ അത്തരാക്കാരാവാം.

കാർ പാർക്കുചെയ്ത് സ്കൂൾവരാന്തയിലേക്ക് ഓടി കയറുമ്പോൾ ശ്രദ്ധിച്ചു. തന്നെ നോക്കി അടക്കം പറയുന്ന കുട്ടികൾ. ആരോ ചൂണ്ടി കാണിച്ച പ്രിൻസിപ്പാളിൻറ്റെ റൂമിനെ ലക്ഷ്യമാക്കി നടക്കുമ്പോഴും ഹൃദയമിടിപ്പിന് കുറവില്ലായിരുന്നു.

അൽപ്പം അറച്ചുനിന്നിട്ട് വാതിൽ തുറന്ന് അകത്തുകടന്നു. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നിൽക്കുന്ന മകളെ കണ്ടപ്പോൾ തൻറ്റെ മാതൃഹൃദയം നൊമ്പരപ്പെട്ടു. "എന്തു പറ്റി" എന്ന ചോദ്യത്തിന് മറുപടി പറഞ്ഞത് പ്രിൻസിപ്പാളിൻറ്റെ പരുപരുത്ത സ്വരമായിരുന്നു.

തുടർന്നങ്ങോട്ടുള്ളതെല്ലാം അതിദൂരെയുള്ള ഒരു ഇടനാഴിയിലൂടെ വന്ന അലർച്ചകളുടെ മാറ്റൊലിയായാണ് കാതിൽ പതിച്ചത്.

സ്കൂളിൽനിന്ന് നൽകുന്ന ഗർഭനിരോധന ഉറകളുടെ ഉപയോഗം മകളെ ശരിയായവിധം പറഞ്ഞു മനസ്സിലാക്കാത്തതിനാൽ മാതാവ് കേൾക്കേണ്ടിവരുന്ന ശകാരം. ഗർഭിണിയായ മകളെ ന്യായീകരിക്കുവാൻ ശ്രമിക്കുന്ന സ്കൂൾ അധികൃതർ !

മകളുടെ മുടിയിൽ കടന്നുപിടിച്ച് ആരാണിതിനുത്തരവാദി എന്ന് ചോദിച്ച് തല ഭിത്തിയിൽ ആഞ്ഞിടിപ്പിക്കണമെന്നുള്ള തോന്നലിൽനിന്ന് സ്വയം നിയന്ത്രിച്ചു പിൻവാങ്ങി. "ചൈൽഡ് അബ്യൂസ്" എന്ന കുറ്റത്തിൽ മാതാപിതാക്കളെ കുടുക്കുവാനും സ്കൂൾ അധികൃതർക്ക് നിയമമുണ്ടല്ലോ.

ശക്തി ക്ഷയിച്ച് ചുറ്റും കറങ്ങുന്ന ഭൂമിയിൽ നിലച്ച ഒരു പമ്പരമായി വീണുപോകാതെ കസേരയിൽ മുറുകെപിടിച്ചു നിന്നപ്പോൾ പ്രിൻസിപ്പാളിൻറ്റെ സ്വരം ഏതോ വേതാളമന്ത്രം പോലെ തോന്നി. ആ സ്ത്രീ വച്ചുനീട്ടിയ അബോർഷൻ ക്ലിനിക്കിൻറ്റെ അഡ്രസ് കാർഡ് മനസ്സില്ലാമനസ്സോടെ വാങ്ങി.

ഇതൊക്കെ നിത്യസാധാരണമാണെന്ന് പറഞ്ഞ് സമാശ്വസിപ്പിക്കുന്ന പ്രിൻസിപ്പാൾ എന്ന സ്ത്രീയ്ക്ക് രണ്ടു മുഖമുള്ളതായി തോന്നി. നിശബ്ദയായി തന്നെ പിന്തുടരുന്ന മകളെ ശ്രദ്ധിക്കാതെ കാറിൻറ്റെ ഡോർ തുറന്നുകൊടുക്കുമ്പോൾ, കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. ഏതോ കറുത്തവർഗ്ഗക്കാരൻറ്റെ ഗർഭത്തിൽനിന്ന് മകളെ മോചിപ്പിക്കാനായി അബോർഷൻ ക്ലിനിക്കിനെ ലക്ഷ്യമാക്കി ആനിയുടെ കാർ കുതിച്ചു.

(രാജു ജോസഫ് പ്രാലേൽ, USA)


ആസ്തിബോധം (കവിത)

മുഷ്ടിക്കകത്താണു ലോകം മുഴുവനെ-
ന്നിഷ്ടമായ് ചിന്തിച്ചുകാലം കഴിക്കവേ,
അഷ്ടിക്കു മുട്ടുന്ന മർത്ത്യരോ ചുറ്റിലും
നട്ടംതിരിയുന്ന ദൃശ്യമാണെങ്ങുമേ!

സൃഷ്ടിയിൽ വന്ന പിഴവാണിതെങ്കിലും
സ്രഷ്ടാവു കുറ്റങ്ങൾ മാറ്റാൻ തുനിഞ്ഞീല;
ഉള്ളവർക്കെല്ലാം സമൃദ്ധമായേകിയി-
ട്ടുള്ളുമാത്രം കനിഞ്ഞീ നിരാലംബർക്ക്.

പട്ടിണിമൂലം വലയുന്നവർക്കായി
വിട്ടുകൊടുക്കുന്നു മാറാത്തരോഗങ്ങൾ;
രോഗവിമുക്തിക്കു മാർഗ്ഗമില്ലാത്തവർ
വേഗമണയുന്നു കാലപുരിയിങ്കൽ.

സമ്പന്നതക്കു നടുവിൽ വിലസുന്ന
വമ്പരോ പോർവിളിച്ചീടുന്നു ശിഷ്ടരെ;
"ചിന്താമണി"ക്കായി മോഹം ജനിക്കുവോ-
രന്ത്യംവരേക്കുമലഞ്ഞുനടന്നിടും.

അസ്തിത്വദു:ഖാലമർന്നു നീങ്ങാതെ നീ
ആസ്തിബോധങ്ങളെ ചിത്തത്തിലേറ്റിയും
സ്വസ്ഥതയാർജ്ജിച്ചു മേകിയും മുമ്പോട്ടു
മസ്തിഷ്ക്കശുദ്ധിവരുത്തി വാണീടുക.

(പീറ്റർ നീണ്ടൂർ)


യാത്രാവിവരണം: പനാമ-പെറു-മച്ചുപിച്ചു യാത്ര-19

ഒന്നും രണ്ടും പ്രാവശ്യം വൾക്കൻ ബറുവിലെത്തിയിട്ടും കാലാവസ്ഥ തെളിഞ്ഞതല്ലാത്തതു കൊണ്ട് മഹാസമുദ്രങ്ങൾ കാണാൻ കഴിയാതെ ഭാഗ്നാശരായി മടങ്ങിയവർ വീണ്ടും വന്നിരിക്കുന്നു. ദിനാന്തരീക്ഷസ്ഥിതി അന്ന് അനുകൂലമായതിനാൽ ഞങ്ങൾ അറ്റ്ലാൻറ്റിക്ക് - പസഫിക് മഹാസമുദ്രങ്ങൾ വ്യക്തമായി കണ്ടു.

വൾക്കൻ ബറുവിൻറ്റെ ഉച്ചിയിൽനിന്നും വടക്കോട്ട്‌, കോസ്റ്ററിക്ക ഭാഗത്തേക്ക് നോക്കുമ്പോൾ നമ്മുടെ ഇടതുവശത്ത് ശാന്തസമുദ്രവും വലതുവശത്ത് അറ്റ്ലാൻറ്റിക്ക് സമുദ്രവും കാണുന്നു. തിരിഞ്ഞുനിന്ന് കൊളംബിയയുടെ ഭാഗത്തേക്ക് നോക്കുമ്പോൾ നമ്മുടെ വലതുവശത്ത് നീലിമ നിറഞ്ഞ ശാന്തസമുദ്രവും ഇടതുവശത്ത് അറ്റ്ലാൻറ്റിക്ക് സമുദ്രവും ഞങ്ങൾ കണ്ടു തൃപ്തിയടഞ്ഞു.

ചില ദിവസങ്ങളിൽ മഹാസമുദ്രങ്ങളുടെ മുകളിലെ ആകാശം മേഘാവൃതമായിരിക്കും.മറ്റു ചില അവസരങ്ങളിൽ ഒരു സമുദ്രം വ്യക്തമായി കാണാമെങ്കിലും അടുത്തത് കാർമേഘപടലങ്ങൾകൊണ്ടോ മഴമൂലമോ അവ്യക്തമായിരിക്കും. സമുദ്രങ്ങൾ കാണാൻ കഴിയാതിരുന്നവർ വർദ്ധിച്ച ആവേശത്തോടെ വീണ്ടും വരുന്നു. ഒരേ പോയിൻറ്റിൽ നിന്നുകൊണ്ട് രണ്ടു മഹാസമുദ്രങ്ങളെ ഒരേസമയം ഞങ്ങൾ പനാമയ്ക്കും പ്രകൃതിദേവിക്കും നന്ദി പറഞ്ഞു. അഞ്ഞൂറു വർഷങ്ങൾക്കു മുൻപാണ് വൾക്കൻ ബറു പൊട്ടിയൊലിച്ചത്. ഇപ്പോൾ ഈ അഗ്നിപർവ്വതം നിദ്രയിലാണ്.

നൂറ്റാണ്ടുകൾക്കു മുമ്പ് പൊട്ടിയൊഴുകിയ ലാവയിലാണ് താഴ്വാരത്തെ നിബിഡവനങ്ങളിലെ വൻവൃക്ഷങ്ങൾ വളർന്നു വികസിച്ചത്. കുന്നിൻചെരുവുകൾ നിരപ്പാക്കി പച്ചക്കറികൾ കൃഷി ചെയ്യപ്പെടുന്നത് കാണാൻ കൌതുകമുണ്ട്. ഇടവിതാനത്തിലെ കാലാവസ്ഥ മിതശീതോഷ്ണമാണ്.

പനാമയുടെ കാർഷികവിളകളുടെ മുഖ്യഭാഗം ഡേവിഡ് നഗരി തലസ്ഥാനമായിരിക്കുന്ന ചിറക്വി പ്രൊവിൻസിലാണ് ഉൽപ്പാദിപ്പിക്കപ്പെടുന്നത്. ഹൈവേ, ഇൻറ്റർ അമേരിക്കാനാ, ഡേവിഡ് നഗരത്തിൽ സ്പർശിക്കാതെ പടിഞ്ഞാറേ അതിർത്തി വഴി കടന്നുപോകുന്നു. വൈകുന്നേരത്തെ എക്സ്പ്രസ് ബസ്സിൽ ഞങ്ങൾ പനാമ സിറ്റിയിലേക്ക് തിരിച്ചു. പോയകാര്യം സാധിച്ചതിലുള്ള സന്തോഷം മൂവരിലും പ്രകടമായിരുന്നു. അല്പ്പം തമാശിനുവേണ്ടി ഞാനൊന്നു പറഞ്ഞുനോക്കി. "ഇപ്പോൾ നമ്മൾ രണ്ടു കടലല്ലേ കണ്ടുള്ളൂ. എന്നാൽ ഞാൻ മൂന്നു കടലുകൾ ഒരുമിച്ചു ഒരേസ്ഥലത്ത് വച്ചു കണ്ടിട്ടുണ്ട്."

"അതെങ്കെ ?" നിഷ്ക്കളങ്കനായ ശങ്കർ ശാസ്ത്രി ചോദിച്ചു. പക്ഷെ, പോൾസൻ തലക്കാട് വെട്ടി. "എടോ, അത് കന്യാകുമാരിയിലല്ലേ? അവിടെ കാണുന്നത് ഒരു സമുദ്രത്തിൻറ്റെ മൂന്നു ശാഖകളല്ലേ ?" ഇത്രയുമായപ്പോൾ ശങ്കർജിക്ക് സംഗതി പിടികിട്ടി. അദ്ദേഹം വിശദീകരിച്ചു.

"നമ്മൾ കണ്ടത് രണ്ടു മഹാസമുദ്രങ്ങളാണ്, അതും ഒരേ പോയിൻറ്റിൽ നിന്നുകൊണ്ട്. നമ്മൾ സഞ്ചരിച്ച രാജ്യങ്ങളിലെങ്ങും ഇത്തരത്തിലൊരു ദൃശ്യം ഓർമ്മിക്കുന്നില്ല. ഇത് കാണുവാൻ നമ്മെ പ്രേരിപ്പിച്ച സാഞ്ചെസിനു നന്ദി."

അടുത്തദിവസം കൂടി മാത്രമേ പനാമയിൽ ഞങ്ങൾക്ക് താമസമുള്ളു. വിട്ടുപോയ സ്ഥലങ്ങളും കാഴ്ചകളും കണ്ടാസ്വാടിക്കുവാൻ ഈ ഒരുദിവസം ലാഭകരമായി വിനിയോഗിക്കുവാൻ ഉറച്ചുകൊണ്ട് ഞങ്ങൾ രാത്രി 10 മണിക്ക് ഹോട്ടലിലെത്തി. ആറുമണിക്കൂർ യാത്ര ഒട്ടുംതന്നെ ബുദ്ധിമുട്ടുള്ളതായി തോന്നിയില്ല. പസഫിക്കും അറ്റ്ലാൻറ്റിക്കും മനസ്സിൽ ഓളം വെട്ടിയതുപോലെ ഒരനുഭവം മൂന്നുപേർക്കും. നിറഞ്ഞൊരു സംതൃപ്തി.

(എം.സി ചാക്കോ മണ്ണാറക്കാട്ടിൽ)


ഒരു തിരി വെട്ടം !

അതിസാധാരണമായ ചില സംഭാഷണങ്ങൾക്കിടയിൽ നിന്നാണ് അപ്രതീക്ഷിതമായ ചില സത്യങ്ങളിലേക്ക്‌ മനസെത്തി നിൽക്കുന്നെ. ആ തിരിച്ചറിവിൽ ആ സത്യം ആത്മാവിൽ കിടന്നു നീറി നീറി കത്തി എരിയും, അല്ലെങ്കിൽ ജീവിത തിരക്കുകൾക്കിടയിൽ മറവി കൂട്ടങ്ങളിലേക്ക് ചേർക്കപ്പെടും. അങ്ങനെ എന്നിലേക്കെത്തപെട്ട ഒരു സത്യത്തിന്‍റെ തിരിവെട്ടമാണിത്. എന്തുകൊണ്ട് ഇതുവരെ അങ്ങനെ ചെയ്തില്ല, തോന്നിയില്ല എന്നുള്ള അലട്ടലിൽ തന്നെ ആന്നു...

സൂര്യനസ്തമിക്കാത്ത ഈ രാജ്യത്തു ജീവിതം തുടങ്ങീട്ടു കാലമേറെ ആയി. ജനിച്ച മണ്ണിൽ, ബാല്യവും കൗമാരവും ആടി കളിച്ച കാലങ്ങളിൽ കളിയും, ചിരിയും, പഠിത്തവും, ഏട്ടൻമാരുമായി അടി കൂടലും, മംഗളവും മനോരമയും (വീക്കിലികൾ ) ആരും കാണാതെ വായിക്കുകയും, സിനിമാ പാട്ടുറക്കെ പാടി നടക്കുകയും, വല്ലപ്പോഴും അമ്മക്ക് പാത്രം കഴുകിയും, മുറ്റം തൂക്കുകയും (അടുക്കള, മുറ്റം ഇതൊക്കെ അമ്മയുടെ ഏരിയ) അല്ലാതെ അച്ഛൻ വാങ്ങി വരുന്ന പച്ചകറികളും മീനുമെല്ലാം എങ്ങനെ രുചികരമായ് ഭക്ഷണ പദാർത്ഥങ്ങളായി രൂപാന്തരം പ്രപിക്കുമെന്നു ഒരിക്കൽ പോലും തിരിഞ്ഞു നോക്കുകയോ, അവ ഉണ്ടാക്കുമ്പോൾ കണ്ടു നിക്കാനുള്ള ആകാംഷയോ എന്നിൽ ഉണ്ടായില്ല. അമ്മ പറഞ്ഞിട്ടുണ്ടാവാം പലവട്ടി, വന്നു കണ്ട് പടിക്കു എന്ന് ... (ഞാൻ ആരാ മോൾ). അമ്മയും ഞാനുമായി അക്കാലത്ത് ഉണ്ടായിട്ടുള്ള കുഞ്ഞു പിണക്കങ്ങൾ ഒക്കെ ഇതിനായിരിക്കാം.

വിവാഹിത ആയി ജീവിതം തുടങ്ങിയപ്പോൾ ആണ് തിരിച്ചറിഞ്ഞത്, അടുക്കള ഒഴിച്ച് കൂടാനാവാത്ത സ്ഥലം ആണെന്ന്. ഈ സ്ഥലത്തിന്‍റെ റാണിയും, രാജകുമാരിയും ഒക്കെ ഞാൻ തന്നെ ആണെന്നും. ചോറും സാമ്പാറും ഇറച്ചിയും മീനും ഒക്കെ എങ്ങനെ കറി കൂട്ടങ്ങളായി മാറ്റും എന്നോർത്ത് പകച്ചു പോയ സമയം ഉണ്ടായിരന്നു. മസാലക്കൂട്ടുകൾ പച്ചക്കറിയിലും മീനിലുമെല്ലാം മാറി മാറി പരീഷണം നടത്തി (അന്ന് യൂ-ടൂബിൽ റെസീപ്പി ഉണ്ടായിരുന്നില്ല). പലവട്ടം നാട്ടിൽ വിളിച്ചു അമ്മയോട് റെസീപ്പി ചോദിച്ച് അവസാനം അടിവെച്ച് ഫോൺ വെച്ചിട്ടുണ്ട്. (കാരണം ഓരോ റെസീപ്പി ടിപ്പുകൾക്കിടയിലും അമ്മ പറയും, അന്ന് വന്നു കണ്ടു പഠിക്കാൻ പറഞ്ഞപ്പോൾ കേൾക്കാഞ്ഞിട്ടല്ലെ എന്ന് ... എനിക്കറിയില്ലായിരുന്നു, അടുക്കള ഒഴിവാക്കാൻ ആവാത്ത സ്ഥലം ആണ് എന്ന് പറഞ്ഞു ഞാൻ ജയിച്ചു നിൽക്കും).

ഇങ്ങനെ ഒക്കെ തട്ടി കൂട്ടി കാലം ഓടി മറയുകയും എല്ലാ കുക്കിംഗ്‌ പരീക്ഷണങ്ങളും ഭർത്താവു സന്തോഷം സ്വീകരിക്കുകയും , പാചക കലയിൽ നിലനിൽപ്പിനു വേണ്ടി മാത്രം കുറച്ചു കാര്യങ്ങൾ ഉണ്ടാക്കാൻ പഠിക്കുകയും അത് തന്നെ മാറിയും തിരിഞ്ഞും വീണ്ടും വീണ്ടും ഉണ്ടാക്കുകയും ചെയ്യുന്നതിനിടയിൽ ടീനേജിൽ എത്തിയ പ്രിയപുത്രി അതി ഭീകരമായി കുക്കുംഗിനെ വിമർശനവും നടത്തി വരുന്ന കാലത്തെപ്പോഴോ ആണ് ഒരു ഡിന്നർ സംസാരത്തിനിടയിൽ അവൾ ചോദിച്ചത് "അമ്മേ... അച്ഛാച്ചന് (എന്‍റെ അച്ഛൻ) അമ്മയുടെ കുക്കിംഗ്‌ ഇഷ്ടമാണോ എന്നു ?.. അതിനുള്ള മറുപടി ഭർത്താവിൽ നിന്നായിരുന്നു. അതെ, അമ്മ കുക്കിംഗ്‌ പഠിച്ചത് അച്ഛന് തന്നിട്ടാ... അമ്മ അച്ഛാച്ചന് ഒന്നും ഉണ്ടാക്കി കൊടുത്തിട്ടില്ല എന്ന്.

വെറുതെ ഒരു സംസാരത്തിൽ നിന്നാണെങ്കിലും എന്‍റെ ആത്മാവിലേക്കാണ് ആ ചോദ്യം ഉണർന്നത്.
അച്ഛന്‍റെ ഒരേ ഒരു മകൾ ആയ ഞാൻ നാളിതുവരെ അച്ഛന് ഒരു ഭക്ഷണവും ഉണ്ടാക്കി കൊടുത്തിട്ടില്ല. അച്ഛൻ എന്നോട് ചോദിച്ചിട്ടുമില്ല.. നാട്ടിലേക്കുള്ള യാത്രകളിൽ എന്തുകൊണ്ട് കുക്ക് ചെയ്തിട്ടില്ല... അറിയില്ല... നാളിതുവരെ ചിന്തിച്ചിട്ടുമില്ല ഈ ചോദ്യം പുത്രി ചോദിക്കുന്നതുവരെ. ഇതിനു ശേഷം എപ്പോൾ കുക്ക് ചെയ്യാൻ കയറിയാലും എന്തുണ്ടാക്കിയാലും ഇനി നാട്ടിൽ പോവുമ്പോൾ അച്ഛന് ഇതുണ്ടാക്കി കൊടുക്കണമെന്നും എന്‍റെ കുക്കിംഗ് കണ്ട് അച്ഛൻ സന്തോഷത്തോടെ "മോളെ, ഇതു നന്നായിട്ടുണ്ട്" എന്ന് പറയുന്നതും സ്വപ്നം കാണാറുണ്ട്.....

(രമ ജയപ്രകാശ്, USA)



സുനന്ദ എന്ന എഴുത്തുകാരി (നോവൽ)-1

"മോളെ സുനു... ഇവൾ എവിടെ പോയികിടക്കുവാണാവോ...?"

"എന്‍റെ അമ്മെ, സുനുവേടത്തി ബാത്ത്റൂമിലാ."

"എത്ര നേരമായി ഞാൻ അന്വേഷിക്കണ്... ഓ അവൾ അവിടെയിരുന്നു കഥ മെനയുക ആയിരിക്കും."

"അമ്മ ഒന്നു മിണ്ടാതെ പോ... രാവിലെ ആ പാവത്തിനെ കലിപിടിപ്പിക്കാതെ."

"നീ കൂടുതല് പ്രസംഗിക്കാതെ റെഡി ആകാൻ നോക്ക്", സിന്ധുവിനെ ശകാരിച്ചിട്ട് അമ്മ അടുക്കളയിലേക്കു വലിഞ്ഞു .

"ലക്ഷ്മിഅമ്മോ... ചായ എടുത്തോ, ഞാൻ ദേ വന്നു."

"ചായ എടുത്തിട്ട് അരമണിക്കൂർ കഴിഞ്ഞു, അതിപ്പോൾ ആറി തണുത്തു കാണും. എടീ, മോളെ രാവിലെ സുഗുണൻ വിളിച്ചിരുന്നു, അവർ ഞായറാഴ്ച്ച നിന്നെ കാണാൻ ഇങ്ങോട്ട് വരുമെന്നാ പറഞ്ഞെ."

"അമ്മയൊന്നു പോക്കെ... എനിക്കിപ്പോൾ കല്യാണമൊന്നും വേണ്ട. അടുത്ത വർഷം ഡിഗ്രി ഫൈനൽ ഇയറാ... അപ്പോഴാ കല്യാണം... കല്യാണം കഴിഞ്ഞാൽ എന്‍റെ പഠനം മുടങ്ങും, എനിക്ക് പഠിച്ചു നല്ല ഒരു ഗസറ്റഡ് ഗവണ്മെൻറ്റ് ജോലി സമ്പാദിക്കണം എന്നിട്ടുമതി... ഇപ്പോൾ പൊന്നു ലക്ഷ്മിഅമ്മ ആ വെള്ളം അങ്ങുട് വാങ്ങി വെച്ചേര്." സ്വന്തമായിട്ടൊരു ജോലിയുണ്ടെങ്കിൽ ആരുടേയും മുൻപിൽ കൈ നീട്ടണ്ടല്ലോ... അവൾ മനസ്സിൽ ഉരുവിട്ടു.

"അമ്മെ, ചോർ എടുത്തോ...? ഇപ്പോൾ ബസ്‌ വരും, എന്നും ഓടിച്ചെന്നു കയറീട്ട് കാലത്തെ കണ്ട്രാവിയുടെ വായില്നിന്നും പുളിച്ചത്‌ പതിവാ, അല്ലേലും ഈ പ്രൈവറ്റ് ബസ്സുകാർക്ക് കോളേജുപിള്ളേരെ കണ്ണെടുത്താൽ കണ്ടുകൂടാ."

"ഓ... പിന്നെ പിന്നെ, അവർക്ക് അവരുടെ സമയത്തിന് ഓടണ്ടേ ? നീ എന്തെടുക്കുവായിരുന്നു, ഇത്രയുംനേരം അവിടെ ?"

"എന്‍റെ അമ്മെ, ഞാൻ ഇന്നലെ രാത്രിയിൽ വായിച്ച ഒ. വി വിജയന്‍റെ ഖസാക്കിന്‍റെ ഇതിഹാസത്തെ പറ്റി ചിന്തിക്കുവാരുന്നു."

"അതുപിന്നെ നിനക്ക് ഒ. വി വിജയന്‍റെയും എം. മുകുന്ദന്‍റെയും ഒക്കെ കടിച്ചാൽ പൊട്ടാത്ത സാഹിത്യമല്ലേ ദഹിക്കു. സാധാരണക്കാരന്‍റെ നോവും നൊമ്പരങ്ങളും എഴുതുന്ന സുധാകർ മംഗളോദയത്തിനെയോ, കമലാഗോവിന്ദിനെയോ, അനിൽനായരെയോ വല്ലോം പിടിക്കുവോ...?" ലക്ഷ്മി അമ്മ പിറുപിറുത്തു .

ഒറ്റ ശ്വാസ്സത്തിൽ രണ്ടു ഇഡ്ഡലിയും ഒരു ചായയും കുടിച്ച് അമ്മയുടെ നിറുകയിൽ ഒരു ഉമ്മയും കൊടുത്തിട്ട് അവൾ ഓടി.

കോളേജുകാമ്പസ്സിൽ ചെന്നതും രാജിയും, ബ്ലെസ്സിയും, റ്റീനയും കൂടി അവൾക്കുചുറ്റും വളഞ്ഞു. "ഇന്നു എന്താടി കാ‍ന്താരി നിന്‍റെ കയ്യിലുള്ളത്... നല്ല പ്രണയലേഖനം വല്ലതുമുണ്ടെങ്കിൽ ഇങ്ങു താ... രണ്ടു ദിവസായി ടോമിച്ചന് മറുപടി കൊടുത്തിട്ട്, നിനക്ക് എഴുതാൻ മൂഡില്ലന്നു അവനോടു പറയാൻ പറ്റുമോ ? പറഞ്ഞാൽ പണി പാളില്ലേ, ഞാൻ വലിയ സാഹിത്യകാരി ആണെന്നാ അവൻ വിചാരിച്ചിരിക്കുന്നെ..." ടീന പറഞ്ഞു.

"അമ്പടി ഇതു ഞങ്ങൾ (രാജിയും ബ്ലെസ്സിയും)പൊളിച്ചുതരാം, നിങ്ങൾ രണ്ടുപേരുംകൂടി ആ പാവത്തിനെ കഥയെഴുതി പറ്റിക്കുവാ അല്ലേ... (തുടരും).

(അനിൽ നായർ, ഓണംതുരുത്ത്)



വിസ്മൃതിയിൽനിന്ന് (കവിത)

പകലുകൾ രാവുകൾ നീളെ നീളെ
ചുവടുകൾ പിഴച്ചവർ ദൂരെ ദൂരെ
വന്നുപോയ്‌ വന്നുപോയ്‌ രാവും -
പച്ച പകലും പൗർണ്ണമിയുമമാവാസികളും
വന്നില്ല പൂനിലാവ്‌ പനിനീർമണംചുരത്താൻ
ഒരുമതൻ തോളിലേറി വിരുന്നുപോയവർക്കൊതിച്ചൊരാ
നിഴൽനാടകമെന്നറിയാതെ വട്ടംപിടിച്ച്
കതിരവനെ മറന്ന് ഉണ്മ ഊട്ടിയുറപ്പിച്ചവർ
നെടുകനെനിന്ന് നെഞ്ചുപിളർത്തിയവർ
ചോരചാലുകൾ നീന്തിക്കയറിയവർ
പടകൂട്ടി വെട്ടം തെളിച്ചവർ നിലക്കനെ
നിൽക്കുന്നു കോമാളികൾ കണക്കെ നിഴലായ്
സന്ധ്യയിന്നെത്തും പുതുവെളിച്ചവുമായ്
തെരുതെരെ ഗീർവാണധ്വനികൾ മുഴങ്ങുന്നു
വിശ്വാസികൾ തൻ ആത്മഗതം, ശാന്തം !
ഇനിയിവിടെ പുതുനിലാവും കാത്തിരിക്കുന്നവർതൻ
ഓർമ്മയിലേക്കായ് വരിവരിയായ് ഒരുമതൻ
തോളിലേറി പോയവർ തൻ പാതയിൽ
തൊട്ടുവന്ദിച്ചു മറക്കാം ! ഇനി നമുക്കു -
പുതുവത്സരചിറകിലേറി വിസ്മൃതിയിലൊളിക്കാം

(പി. എസ് പ്രസാദ് മുണ്ടമറ്റം, നീണ്ടൂർ)




സിനിമ – വേട്ട & മഹേഷിന്‍റെ പ്രതികാരം

വേട്ട

ട്രാഫിക് എന്ന ആദ്യചിത്രത്തിലൂടെ തന്നെ മലയാള സിനിമയ്ക്ക് വേറിട്ടൊരു മുഖം നല്‍കിയ സംവിധായകനാണ് രാജേഷ് പിള്ള. മിലി എന്ന ചിത്രത്തിലൂടെ നന്മയുള്ള ഒരു ചിത്രത്തെയും സമ്മാനിച്ചു. അതില്‍ നിന്നൊക്കെ മാറി വേട്ടയിലെത്തുമ്പോള്‍ ഈ രണ്ട് സിനിമകളിലും കണ്ട രാജേഷ് പിള്ളയേ അല്ല നമുക്ക് കാണാന്‍ സാധിക്കുന്നത്. വേട്ട... അത് വേറിട്ടൊരു അനുഭവം തന്നെയാണ്! ഈയടുത്ത് നമ്മളെ വിട്ടുപിരിഞ്ഞ രാജേഷ് പിള്ളയ്ക്ക് പ്രണാമം അർപ്പിച്ചുകൊണ്ട് നിരൂപണത്തിലേക്ക് കടക്കട്ടെ.

സബ് ഇന്‍സ്‌പെക്ടറായ അച്ഛനാണ് I.P.S ശ്രീബാലയുടെ റോള്‍ മോഡല്‍. നല്ലൊരു ഭാര്യയും അമ്മയുമൊക്കെയാണെങ്കിലും ജോലിയിലേക്ക് തിരിയുമ്പോള്‍ വളരെ സ്ട്രിക്ടാണ് ശ്രീബാല. മെല്‍വിന്‍ എന്ന ആളുമായി ബന്ധപ്പെട്ട ഒരു കേസ് സബോര്‍ഡിനേറ്റായ S.P സൈലക്‌സ് എബ്രഹാമിനൊപ്പം അന്വേഷിക്കുകയാണ് ശ്രീബാല. ഈ കേസ് എങ്ങനെ ഈ മൂന്ന് പേരുടെയും വ്യക്തി ജീവിതത്തെ ബാധിക്കുന്നു എന്നതാണ് സിനിമയുടെ പശ്ചാത്തലം.

പോസ്റ്ററുകളിലും, കഥാപാത്രങ്ങളുടെ നോട്ടത്തിലും, ഭാവത്തിലും, പുറത്തിറക്കിയ ടീസറിലും, സംഭാഷണത്തിലും, പടത്തിന്‍റെ ടൈറ്റിലിലും, ടാഗ് ലൈനിലും എന്ന് വേണ്ട ഷാന്‍ റഹ്മാന്‍റെ പശ്ചാത്തല സംഗീതത്തില്‍ പോലും നിഗൂഡതകള്‍ നിറച്ചാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. തിയേറ്ററിലിരിക്കുമ്പോഴും അത് വിട്ടു പോകുന്നില്ല. വളരെ പോസിറ്റീവായ കണ്‍ഫ്യൂഷനാണത്. പ്രത്യേകിച്ച് മുഖവുരകളൊന്നുമില്ലാതെയാണ് കഥയിലേക്ക് കടക്കുന്നത്. സാഹചര്യങ്ങള്‍ക്കനുസൃതമായ വേഗത്തില്‍ ആദ്യ പകുതി പൂര്‍ത്തിയാക്കി. രണ്ടാം ഭാഗത്തേക്ക് കടന്നപ്പോള്‍ അല്പം ലാഗിങ് അനുഭവപ്പെട്ടെങ്കിലും തൃപ്തികരമായ ഒരു ക്ലൈമാക്‌സിലൂടെ അതിനെ മറികടന്നു. ഏച്ചുകെട്ടലുകളോ അസഭ്യമെന്ന് തോന്നിപ്പിയ്ക്കുന്ന കുത്തിതിരികപ്പെട്ട രംഗങ്ങളോ ഇവിടെയില്ല. ഇത് ബുദ്ധികൊണ്ടുള്ള കളിയാണ്. പ്രേക്ഷകരെ പിടിച്ചിരുത്തുന്നതും അത് തന്നെയാണ്.

അഭിനയത്തിലേക്ക് എത്തുമ്പോള്‍ ചാക്കോച്ചന്‍ തകര്‍ത്തു എന്നല്ലാതെ എന്ത് പറയാനാണ്. ഒരു ചിരി, അതിലുണ്ട് നടന്‍റെ കഴിവ്. അത്രയേറെ മെല്‍വിന്‍ ജോസഫ് എന്ന കഥാപാത്രത്തെ ഉള്‍ക്കൊണ്ടിരിയ്ക്കുന്നു. ആദ്യ രംഗം മുതല്‍ മെല്‍വിന്‍ പ്രേക്ഷകരില്‍ ദുരൂഹത നിറയ്ക്കുന്നു. കഥാപാത്രത്തിന്‍റെ ഓരോ വികാരവും ചാക്കോച്ചന്‍ കൃത്യമായി അറിഞ്ഞു. മെല്‍വിന്‍റെ ഭാര്യ ഷെറിന്‍റെ വേഷം അവതരിപ്പിയ്ക്കുന്നത് കാതല്‍ സന്ധ്യയാണ്. ആദ്യമായാണ് മഞ്ജു വാര്യര്‍ പൊലീസ് വേഷത്തിലെത്തുന്നത്. ശ്രീബാല IPS എന്ന കഥാപാത്രത്തെ മനോഹരമാക്കുകയും ചെയ്തു. എന്നാല്‍ മോഡേണ്‍ ലുക്ക് അല്പം അരോചകമായി തോന്നി. ഇന്ദ്രജിത്തിന്‍റെ സൈലക്‌സ് എബ്രഹാം ഗംഭീരമായി. ജീവികയാണ് ഇന്ദ്രജിത്തിന്‍റെ ഭാര്യയായെത്തുന്നത്. ഉമ സത്യമൂര്‍ത്തി എന്ന സെലിബ്രിറ്റിയായി സനുഷയും എത്തുന്നു. വിജയരാഘവന്‍, ശ്രീനിവാസന്‍, പ്രേം പ്രകാശ്, ദീപക് പറമ്പേല്‍, ബേബി അനിഘ, ബേബി നന്ദന തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളായി എത്തുന്നത്.

സിനിമയുടെ ഏറ്റവും വലിയ പ്ലസ് പോയിൻറ്റ് എന്ന് പറയേണ്ടത് ഷാന്‍ റഹ്മാന്‍റെ പശ്ചാത്തല സംഗീതം തന്നെയാണ്. ഒരു സൈക്കോ ത്രില്ലര്‍ ചിത്രം അതിന്‍റെ എല്ലാ വികാരത്തോടും കൂടെ പ്രേക്ഷകര്‍ക്ക് അനുഭവിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ അതില്‍ പശ്ചാത്തല സംഗീതത്തിന്‍റെ മികവ് വളരെ വലുതാണ്. അത് നല്ല രീതിയില്‍ തന്നെ ഷാന്‍ കൈകാര്യം ചെയ്തു. കണ്ടു പരിചയമില്ലാത്ത വഴികളിലൂടെ സഞ്ചരിക്കുന്ന സത്യസന്ധമായ കഥ എഴുതിയ തിരക്കഥാകൃത്ത് അരുണ്‍ലാല്‍ രാമചന്ദ്രന്‍ പ്രത്യേകം പ്രശംസ അര്‍ഹിയ്ക്കുന്നു. മുമ്പ് ചെയ്ത മൂന്ന് ചിത്രങ്ങളിലേതെന്ന പോലെ ഇവിടെയും രാജേഷ് പിള്ളയുടെ മിതത്വത്തോടുകൂടയ സംവിധാന മികവ് വേറിട്ടു നിൽക്കുന്നു. തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് വേട്ട.

മഹേഷിന്‍റെ പ്രതികാരം

മനോഹരമായൊരു അനുഭവമാണ് ദിലീഷ് പോത്തന്‍ - ഫഹദ് ഫാസില്‍ - ആഷിഖ് അബു കൂട്ടുകെട്ടില്‍ പിറന്ന മഹേഷിന്‍റെ പ്രതികാരം. തീര്‍ത്തും സാധാരണമായ ഒരു കഥ. അതിസാധാരണവും അതീവലാളിത്യവുമുള്ള അവതരണം. നര്‍മം ചിതറുന്ന മുഹൂര്‍ത്തങ്ങള്‍. മരുന്നിനുപോലും കലര്‍പ്പില്ല. ആണും പെണ്ണും നമുക്കു ചുറ്റുമുള്ളവര്‍. ആഷിക്‌ അബു ടീമിലെ അംഗമായ ദിലീഷ്‌ പോത്തന്‍ സംവിധാനം ചെയ്യുന്ന കന്നിചിത്രമാണ്‌ മഹേഷിന്‍റെ പ്രതികാരം. അതേ ടീമിലുള്ള ശ്യാം പുഷ്‌കരന്‍ സ്വതന്ത്ര തിരക്കഥാകൃത്തായിട്ടുള്ള രചനയും. നിര്‍മാണം ആഷിക്‌ അബുവും.

ഇടുക്കിയില്‍ ഭാവന സ്റ്റുഡിയോ നടത്തുന്ന മഹേഷ് എന്ന ഒരു സാദാ ഫോട്ടോഗ്രാഫറുടെ കഥയാണ് സിനിമ. ഫഹദിനെവച്ച്‌ ഇടുക്കിയിലെ പ്രകാശ്‌സിറ്റി എന്ന മലയോര ഗ്രാമവുമായി ബന്ധിപ്പിച്ച്‌ ലളിതവും രസകരവുമായ ഒരു സിനിമ ഒരുക്കാന്‍ ഈ ടീമിന്‌ കഴിഞ്ഞിട്ടുണ്ട്‌. മഹേഷിന്‍റെ കുടുംബ/സ്‌റ്റുഡിയോ ജീവിതവുമായി ബന്ധപ്പെട്ടവരും ഒരു ബന്ധമില്ലാത്തവരും മഹേഷിന്‍റെ ജീവിതത്തെ ഒരു പ്രത്യേകസമയത്ത്‌ എങ്ങനെ ബാധിക്കുന്നു എന്നതാണു സിനിമ അവതരിപ്പിക്കുന്നത്. മഹേഷിന്‍റെ കാമുകിയും ഗള്‍ഫില്‍ നഴ്‌സുമാണ്‌ സൗമ്യ(അനുശ്രീ). മഹേഷിന്‍റെ ഇളയച്ചനാണ്‌ ബേബി (അലന്‍സിയര്‍). ഇവര്‍ രണ്ടുപേരും അറിഞ്ഞും അറിയാതെയും ചെയ്യുന്ന പ്രവൃത്തി മഹേഷിന്‍റെ ജീവിതത്തില്‍ തീര്‍ത്തും സാധാരണവും എന്നാല്‍ സിനിമയുടെ കഥാഗതിയില്‍ നിര്‍ണായകവുമായ സംഭവങ്ങളൊരുക്കുന്നു. ഇതിനോട്‌ മഹേഷ്‌ പ്രതികരിക്കുന്നതാണ്‌ ഈ പ്രതികാര കഥ. എത്രമേല്‍ അനായാസമാണ്‌ ഒരു നാടന്‍ ചെറുപ്പക്കാരന്‍റെ ശരീരത്തിലേക്ക്‌ ഫഹദ്‌ കടക്കുന്നതെന്ന്‌ മഹേഷ്‌ കാട്ടിത്തരുന്നുണ്ട്‌.

പതിഞ്ഞ താളത്തില്‍ തുടങ്ങുന്ന ചിത്രത്തിന്‍റെ ആദ്യ പകുതി സാന്ദര്‍ഭിക നര്‍മവും അല്പം നൊമ്പരങ്ങളുമായി മുന്നോട്ട് പോകുന്നു. രണ്ടാം പകുതിയിലേക്ക് എത്തുമ്പോള്‍ നായകന്‍റെ ജീവിതം സങ്കീര്‍ണതയിലേക്ക് കടക്കുകയാണ്. ആദ്യ പകുതിയുടെ താളം തെറ്റിക്കാതെ തന്നെ അതിനെ മുന്നോട്ട് കൊണ്ടു പോകാന്‍ ടീമിന് സാധിച്ചു. പ്രേക്ഷകന് ഒരു തരത്തിലുള്ള സമ്മര്‍ദ്ദവും ടെന്‍ഷനും അനുഭവിക്കാന്‍ ഇടം നല്‍കാതെയാണ് സിനിമ മുന്നോട്ട് പോകുന്നത്. തീര്‍ത്തുമൊരു റിലാക്‌സ് മൂഡ് കിട്ടുകയും ചെയ്യും. ഒട്ടും നാടകീയത കലരാത്ത അഭിനയമാണ് അതിനുള്ള പ്രധാന കാരണം. ബോക്‌സോഫീസില്‍ പണം വാരി നിറയ്ക്കുന്ന കഥാപാത്രങ്ങളെയല്ല, ജീവനുള്ള കഥാപാത്രങ്ങളെയാണ് തനിക്ക് വേണ്ടതെന്ന് ഫഹദ് വീണ്ടും തെളിയിച്ചു.

മഹേഷിന്‍റെ പ്രതികാരം മാത്രമല്ല, ആ കഥാപാത്രത്തിന്‍റെ എല്ലാ ഭംഗിയും ഉള്‍ക്കൊണ്ടാണ് ഫഹദ് അഭിനയിക്കുന്നത്, അല്ല പെരുമാറുന്നത്. സൗമ്യ എന്ന നായിക കഥാപാത്രത്തെ അനുശ്രീയും ഭംഗിയാക്കി. തന്‍റെ ട്രേഡ് മാര്‍ക്ക് അഭിനയവുമായി സൗഭിനും എത്തുന്നു. ഇവരെ കൂടാതെ ഒത്തിരി പുതുമുഖ താരങ്ങളെയും ചിത്രം പരിചയപ്പെടുത്തുന്നുണ്ട്. ജിന്‍സി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അപര്‍ണ ബാലമുരളി തീര്‍ത്തും നാച്വറലായ അഭിനനയം കാഴ്ചവച്ചു. ജിന്‍സണ്‍ എന്ന കഥാപാത്രം അഭിനയിക്കുമ്പോള്‍ മുന്നില്‍ ക്യാമറ ഉള്ളതായി പോലും പ്രേക്ഷകര്‍ക്ക് തോന്നില്ല. അങ്ങനെ ഓരോ കഥാപാത്രങ്ങളെയും നമുക്ക് പരിചയമുള്ള ഗ്രാമങ്ങളില്‍ കാണാം. എല്ലാ ക്രഡിറ്റും സംവിധായകന്‍ ദിലീഷ് പോത്തന് നല്‍കുന്നു. ഇടുക്കിയുടെ സൗന്ദര്യത്തെ ഒപ്പിയെടുത്ത ഷൈജു ഖാലിദിന്‍റെ ഛായാഗ്രഹണ മികവിനാണ് അടുത്ത പ്ലസ് മാര്‍ക്ക്. സൈജു ശ്രീധറിന്‍റെ എഡിറ്റിങും അതിന് സഹായിച്ചു. റഫീഖ് അഹമ്മദിന്‍റെ സുന്ദരമായ വരിള്‍ക്കൊപ്പം ഹൃദയത്തില്‍ തൊടുന്ന ബിജിപാലിന്‍റെ പാട്ടുകളെകുറിച്ചും പ്രത്യേകം പരമര്‍ശിക്കേണ്ടിയിരിക്കുന്നു.

രണ്ടാം പകുതിയില്‍ അല്പമൊരു ഇഴച്ചില്‍ അനുഭവപ്പെട്ടുവെങ്കിലും ഒട്ടും പ്രതീക്ഷിക്കാത്ത ക്ലൈമാക്‌സ് അതിനെയെല്ലാം മറികടക്കുന്നു. ചുരുക്കത്തില്‍ പറഞ്ഞാല്‍, വളരെ നല്ല രീതിയില്‍ അണിയിച്ചൊരുക്കിയ മനോഹരമൊരു പ്രതികാരമാണ് ചിത്രം. കുടുംബവുമായി പോയിരുന്നു തീര്‍ച്ചയായും കണ്ടിരിക്കണം. ഫഹദ് ഫാസിലിന്‍റെ തിരിച്ചുവരവ് എന്നൊന്നും പറയാന്‍ കഴിയില്ല. കാരണം ഫഹദ് എങ്ങോട്ടും പോയിരുന്നില്ല... ആളുകള്‍ ഫഹദിനെ തിരിച്ചെടുക്കുന്നു എന്നുവേണമെങ്കില്‍ പറയാം.

അവസാനവാക്ക്‌: മലയാളിക്ക്‌ മാത്രം മനസിലാകുന്ന തനി നാടന്‍ മലയാളം പടം.

(മനോജ്‌ തൈക്കൂട്ടത്തിൽ)


റിലീസിങ്ങിനൊരുങ്ങി ബിലാത്തി പ്രണയം

ജെറിൻ ജോയ് നായകനായ "ഒരു ബിലാത്തി പ്രണയ" ത്തിലെ മൂന്നാമത്തെ ഗാനം പുറത്തിറങ്ങി. മനോഹരമായ ആ ടൈറ്റിൽ സോങ്ങ് ഇവിടെ കേൾക്കാം https://www.youtube.com/watch?v=CJbr74V7CMM&feature=youtu.be

യു. കെ യിൽ ചിത്രീകരിച്ച ആദ്യസമ്പൂർണ്ണ മലയാളചിത്രമാണ് "ഒരു ബിലാത്തി പ്രണയം". നീണ്ടൂർ വെളിയത്ത് ജോയി-റാണി ദമ്പതികളുടെ മകനായ ജെറിൻ ജോയ് ആണ് ചിത്രത്തിലെ നായകൻ. നായിക ലിറ്റിഷയും പുതുമുഖമാണ്. ചിത്രത്തിലെ മറ്റൊരു പ്രധാന താരം അക്കരക്കാഴ്ച്ചകൾ ഫെയിം ജോസ്കുട്ടി വലിയകല്ലുങ്കലാണ്. യു. കെ യിൽ എത്തപെടുന്ന സ്റ്റുഡൻറ്റ് വിസാക്കാരുടെ കഥ പറയുന്ന ചിത്രം പ്രണയവും കോമഡിയും സസ്പെൻസും ഒക്കെ ചേർന്ന ഒരു മികച്ച എൻറ്റർടെയിനറാണ്. ചിത്രം മാർച്ച് അവസാനത്തോടെ തീയറ്ററുകളിലെത്തും.



അടുക്കള - മട്ടൺ കറി

ആവശ്യമായ ചേരുവകൾ:-

1. മട്ടൺ: 1 KG
2. സവോള: 5 എണ്ണം
3. വെളുത്തുള്ളി: 15 അല്ലി
4. ഇഞ്ചി: ഒരു കഷണം
5. പച്ചമുളക്: 6 എണ്ണം
6. മല്ലിപൊടി: 2 ടേബിൾ സ്പൂണ്‍
7. മുളകുപൊടി: 1.5 ടേബിൾ സ്പൂണ്
8.‍ മഞ്ഞള്‍പൊടി: 1 ടീ സ്പൂൺ
9. മീറ്റ്‌ മസാല: 2 ടേബിൾ സ്പൂണ്‍ മട്ടന്‍
10. കടുക്,കുഞ്ഞുള്ളി,കറിവേപ്പില, തയിര് ആവശ്യത്തിന്
11. തക്കാളി: 2 എണ്ണം

തയ്യാറാക്കുന്ന വിധം :-

മട്ടന്‍ തയിര് ചേര്‍ത്ത് തിരുമി വെച്ച് 2 മണിക്കൂര്‍ കഴിഞ്ഞ് കഴുകിവാരി വയ്ക്കുക. സവോള, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, തക്കാളി എന്നിവ വഴറ്റുക. ഇതിലേക്ക് പൊടികള്‍ എല്ലാം ചൂട് വെള്ളത്തില്‍ കലക്കിയതും ചേർത്ത് മൂപ്പിക്കുക. അതിനു ശഷം 2 ഗ്ലാസ് വെള്ളം ഒഴിച്ചു തിളപ്പിക്കുക. ഇതിലേക്ക് മട്ടൺ ചേര്‍ത്ത് ഇളക്കി യോജിപ്പിച്ച് മൂടി വെച്ച് മീഡിയം തീയില്‍ വേവിക്കുക. വെന്തതിനു ശഷം ഉപ്പു ചേര്‍ക്കുക. ഇതിലേക്ക് കടുക് താളിച്ചതിൽ കുഞ്ഞുള്ളിയും കരിയാപ്പിലയും ചേർത്ത് ഇളക്കി യോജിപ്പിക്കുക. മട്ടൺ കറി റെഡി.

(ബിനിഷ് പെരുമാപ്പാടം)



കപ്പലുപെരുന്നാൾ (നോവൽ) - 13

കഥാപരിസരം: കുറവിലങ്ങാട്, കുറുപ്പന്തറ, മാഞ്ഞൂർ ചുറ്റുവട്ടങ്ങൾ.

കഥാകാലഘട്ടം: ആയിരത്തി എണ്‍പതുകൾ

വിസ്ഭോടനങ്ങൾ :-

ബെന്നിച്ചൻ ചെന്ന് കയറുമ്പോൾ ബിൻസി കിടക്കുകയായിരുന്നു. ബെന്നിച്ചനെ കണ്ടപാടെ ചാടിയെഴുന്നേറ്റു വന്നു കെട്ടിപ്പിടിച്ചൊരു ഉമ്മ തന്നു.

“എവിടെ പോയി കിടക്കുവായിരുന്നു ? ചോറൊന്നും ഉണ്ണണ്ടേ ?” ബിൻസി ആകെപ്പാടെ സന്തോഷത്തിലാണ്. ബെന്നിച്ചൻ മിണ്ടാതെ നിന്നു.

“ഇതെന്നാ നിപ്പാ…. വാ.. ഇങ്ങോട്ടിരി…” ബെന്നിച്ചനെ അവൾ വലിച്ചു കട്ടിലിലിരുത്തി.

“എന്നാ ഞാൻ പോയി ചോറെടുത്തോണ്ട് വരാം.” അവൾ പറഞ്ഞു.

“നിക്കട്ടെ. ഇപ്പം വേണ്ട..” ബെന്നിച്ചൻ പറഞ്ഞു. “നീയെന്തിനാ എന്നെ കാണണമെന്നു പറഞ്ഞത്..?”

“പിന്നെ കാണേണ്ട ആളെ കാണേണ്ടെ ? അത് കൊള്ളാം !!!!” ബിൻസി ചിരിച്ചു. ബെന്നിച്ചൻ അരിശം
പുറത്തുകാണിക്കാതെ ഇരുന്നു.

“എന്തു പാവമാ എന്‍റെ ബെന്നിച്ചൻ.” ബിൻസി പറയുകയാണ്‌. നാളെ ഇവളെ കൊല്ലാൻ, പ്ലാനും തയ്യാറാക്കി കാശും സംഘടിപ്പിച്ചു വന്നിരിക്കുന്ന താൻ പാവമാണെന്നാണല്ലോ, ഇവൾ പറയുന്നത് എന്നോർത്തപ്പോൾ ബെന്നിച്ചന്‍റെ ഉള്ളം ഒന്ന് പിടച്ചു.

“എന്‍റെ വീട്ടിൽ പോവണമെന്ന്
പറഞ്ഞപ്പോഴേ ഇത്രയധികം പൈസ ഉണ്ടാക്കികൊണ്ട് വന്നത് എന്നെ അത്രയ്ക്ക് ഇഷ്ടം ആയിട്ടാണെന്ന് എനിക്ക് മനസിലായി. എന്നിട്ട് ഒന്നും പുറത്തു കാണിക്കാതെ നടക്കുവാ….” ബിൻസി ചെറുതായി കവിളിൽ നുള്ളി.

“നീ കൊഞ്ചാതെ ഉള്ള കാര്യം പറ…” ബെന്നിച്ചൻ അവളുടെ കൈ തട്ടിമാറ്റി.

“ഇനി എന്നതാ ഇത്ര പറയാൻ, ചോറും തിന്നേച്ചു കിടക്കാൻ നോക്ക്. രാവിലെ നമുക്ക് പോകാനുള്ളതല്ലേ. പിന്നെ പുറത്തൊരു കാറ് വന്നല്ലോ. ആരാ ?” ബിൻസി ചോദിച്ചു. ബെന്നിച്ചൻ മിണ്ടാതിരുന്നു. എന്നതാ ഇവളോട്‌ പറയുന്നത് ?

“എന്നാ മിണ്ടാതെ ഇരിക്കുന്നത്…….? വലിയ ആലോചനയാണല്ലോ. എന്താ ഇത്ര വലിയ ആലോചന !!!കൂട്ടുകാരും വന്നിട്ടുണ്ടല്ലോ!! ജോസേട്ടൻ എന്താ തിരിച്ചു പോകാതെ ഇവിടെത്തന്നെ നിൽക്കുന്നത് ? ആരാ കാറിൽ വന്നത് ? എന്തെങ്കിലും ഒന്ന് പറ എന്‍റെ ബെന്നിച്ചാ…” ബിൻസി തോളിൽ പിടിച്ചു കുലുക്കി.

“ഒന്നുമില്ല. നമ്മുടെ കല്യാണക്കാര്യം പറയുവായിരുന്നു.” ബെന്നിച്ചൻ തടി തപ്പാൻ നോക്കി.

“കല്യാണക്കാര്യം കൂട്ടുകാരാണോ ആലോചിക്കുന്നത്. വീട്ടുകാര് വേണ്ടേ…?” ബിൻസി ഒരു ലോകതത്വം പറഞ്ഞു. ബെന്നിച്ചൻ ഒന്നും മിണ്ടിയില്ല. അവൻ ആലോചനയോടെ കട്ടിലിൽ കുത്തിയിരുന്നു. ബിൻസിയും ആലോചിക്കുകയായിരുന്നു. സമയം കടന്നു പോയ്ക്കൊണ്ടിരുന്നു. കുറെ നേരം കഴിഞ്ഞപ്പോൾ ബിൻസി എഴുന്നേറ്റു ബാഗിൽ നിന്നു കാശുപൊതിയെടുത്തു ബെന്നിച്ചന്‍റെ നേർക്ക്‌ നീട്ടി.

“ഇന്നാ ബെന്നിച്ചാ, ഇത് ബെന്നിച്ചന്‍റെ കൈയിൽതന്നെ ഇരിക്കട്ടെ. കാര്യം പറഞ്ഞാൽ എനിക്കും കാശിനു ആവശ്യമുണ്ട്. എന്നാലും ബെന്നിച്ചനെ പറ്റിച്ചിട്ട് ...... വേണ്ട..” ബെന്നിച്ചൻ ബിൻസിയെ നോക്കി.

“ബെന്നിച്ചനൊരു പാവമാ. എനിക്ക് വലിയ ഇഷ്ടവുമാ. പക്ഷെ അർഹത ഇല്ലാത്തത് ആഗ്രഹിക്കരുത്. വന്നപ്പോൾ മുതൽ ഞാൻ കാണുന്നുണ്ട്. ബെന്നിച്ചനു ആകെ വിഷമമായി അല്ലെ.”

“ഹേയ്, എനിക്കെന്തു വിഷമം ?” ബെന്നിച്ചനു നാവു വരളുന്നത്‌ പോലെ തോന്നി.

“ഞാനൊരു പാവപ്പെട്ട വീട്ടിലെയാ ബെന്നിച്ചാ. അന്നേരത്തെ ഒറ്റബുദ്ധിക്ക് ഞാനൊരു മണ്ടത്തരം കാണിച്ചു. ആദ്യമായും അവസാനമായും. അതുകൊണ്ട് ബെന്നിച്ചന്‍റെ കൂടെ ജീവിതം മുഴുവനും കഴിയണമെന്ന് തോന്നി. ഒക്കെ എന്‍റെ പൊട്ടബുദ്ധിയാ. പക്ഷെ ബെന്നിച്ചന്‍റെ ഇരുപ്പും ടെൻഷനും കാണുമ്പൊൾ ഒരു വിഷമം…….” ബിൻസി ഒരുനിമിഷം നിറുത്തി. ബെന്നിച്ചൻ അമ്പരപ്പോടെ അവളെ നോക്കി.

“ഇത്ര പാവമായ ബെന്നിച്ചനെ ഇനിയും പറ്റിക്കാൻ എനിക്ക് കഴിയില്ല. അതുകൊണ്ട് സത്യം പറയാം. എനിക്ക് ഗർഭമൊന്നും ഇല്ല എന്‍റെ ബെന്നിച്ചാ. ബെന്നിച്ചനെ കെട്ടാനുള്ള ആഗ്രഹം കൊണ്ട് ഞാൻ വെറുതെ പറഞ്ഞതാ.”

ബെന്നിച്ചൻ ഞെട്ടിപ്പോയി. എന്താ ഇപ്പം കേട്ടത് ?. അമ്മച്ചിയുടെ വള, ചേട്ടന്‍റെ രണ്ടായിരം രൂപ, പുറത്തു റെഡിയായി നില്ക്കുന്ന കൂട്ടുകാർ. ലോകം കീഴ്മേൽ മറിയുന്നത്പോലെ ബെന്നിച്ചനു തോന്നി. എന്തെല്ലാം ടെൻഷൻ ആയിരുന്നു. എന്തിയേരം തീ തിന്നു. എങ്ങനെയെല്ലാം ആലോചിച്ചു. എന്നിട്ട് അവളിപ്പം പറയുന്നത് കേട്ടോ. എത്ര നിസ്സാരമായിട്ടാണ് അവളിപ്പോൾ ഗർഭമില്ലെന്നു പറഞ്ഞത്. ഈകണ്ട കഷ്ടപ്പാട് മുഴുവനും കഴിച്ചത് ഇതു കേൾക്കാനായിരുന്നോ. ബെന്നിച്ചനു എന്തു ചെയ്യണമെന്നു പിടി കിട്ടിയില്ല.

“ഇതെന്നാ മിഴിച്ചു നിൽക്കുന്നത് ?” ബിൻസി ബെന്നിച്ചന്‍റെ തോളിൽ പിടിച്ചുകൊണ്ടു ചോദിച്ചു. ബെന്നിച്ചൻ തിരിഞ്ഞു ബിൻസിയുടെ മുഖമടച്ച് ഒറ്റ അടി വച്ചുകൊടുത്തു.

“ഞാനൊരു പൊട്ടനാണെന്നാണോടി നീ വിചാരിച്ചത്……….?” ബെന്നിച്ചൻ അലറുകയായിരുന്നു.

കാൽമയുടെ വീടിനു വെളിയിൽ രാത്രി പരന്നു കിടന്നു. അങ്ങകലെ കുറവിലങ്ങാട്ട് മുത്തിയമ്മയുടെ കെടാവിളക്ക് ഒന്നാളിക്കത്തി.

അടുത്ത ലക്കം തുടർന്ന് വായിക്കുക "വീണ്ടുമൊരു കപ്പലുപെരുന്നാൾ ")

- സിറിയക് കടവിൽച്ചിറ

കപ്പലുപെരുന്നാൾ മുൻ അദ്ധ്യായങ്ങൾ
http://neendoorpravasi.com/arts.php#228


വിശ്വരോദനം (കവിത)

ആഴിതൻ നീരാവിയാവഹിച്ചാനയി-
ച്ചാകാശം ഗർഭത്തെപ്പേറി നിൽപ്പൂ.
കാർമേഘവും വെള്ളിമേഘക്കൂട്ടങ്ങളും
തമ്മിലിടിച്ചിടിമിന്നലുണ്ടായ്.
എല്ലാംകണ്ടു വിരണ്ടോടി മൃഗങ്ങളും
പക്ഷിക്കൂട്ടങ്ങളും രക്ഷതേടി.
വാന നിരീക്ഷകർ ദർശിച്ചുപഗ്രഹേ
മാനത്തൊരുങ്ങുന്ന കാറും കോളും.
മുന്നറിയിപ്പവരേകി "ഹരിക്കെയിൻ
മിച്ചി" നെക്കാണുന്നു വിണ്ടലത്തിൽ.
രക്ഷാസന്നാഹങ്ങളൊക്കെയും കൂട്ടീട്ടു
മർത്ത്യരോ ഭീതിയാലോടിടുന്നു.
ആരാധനാലയമെല്ലാം നിറയുന്നു
ഭക്ത ജനത്തിൻ തിരക്കേറുന്നു...!

പെട്ടെന്നൊരുദിനമുണ്ടായി ഭീകര
താണ്ഡവമീഗോള ഭാഗമൊന്നിൽ.
മാനത്തിൻ ഗർഭം പിളർന്നതിന്നൊപ്പമായ്
മാരണ മാരുതനാഞ്ഞടിച്ചു.
ഭൂമിതൻ നാടിഞരമ്പുകളെല്ലാമ-
ന്നുന്മാദത്തോടെ കരകവിഞ്ഞു.
വടവൃക്ഷമൊക്കെച്ചുവടറ്റു വീണന്നു
കുടിലുകളും രമ്യഹർമ്മ്യങ്ങളും.
അങ്ങിങ്ങായ്‌ ഭൂമിക്കു വിള്ളലുണ്ടായിട്ട-
ങ്ങപ്പാടെയെല്ലാമൊഴുക്കിൽപെട്ടു.
കുഞ്ഞിനു പാലു കൊടുക്കുന്നൊരമ്മയും,
കുഞ്ഞിനെ ഗർഭത്തിൽപ്പേറുന്നോരും.
ആലിംഗനബദ്ധരായ മിഥുനങ്ങ-
ളപ്പാടെ പ്രളയത്തിൽപ്പെട്ടൊടുങ്ങി.
ഭുവനിയെല്ലാമേ ക്ഷിപ്രവേഗത്തിലാ-
പ്രേതാലയസമമായി മാറി...!

പ്രകൃതിയാം ദേവത രൗദ്രഭാവം പൂണ്ടു
താണ്ഡവമാടിയഞ്ചാറു ദിനം.
ഭൂപ്പരിത:സ്ഥിതിക്കുണ്ടായ മാറ്റത്തിൽ
ഭൂമിദേവിക്കാകെയാലശീലം.
ശാസ്ത്രവളർച്ചയാൽ മർത്ത്യനുണ്ടാക്കിയ
മാലിന്യമെല്ലാമടിഞ്ഞുകൂടി.
ഒരുനാൾവരുമവ വിജ്ജ്രംഭിച്ചീമഹാ
മാനവർ തൻ വിധി തീർത്തിടാൻ.
ഭൂമിദേവിതൻ ചെറു പരിഘട്ടന-
മീവിധം നാശംവിതച്ചുവെങ്കിൽ
ദേവിയൊരുചുവടാഞ്ഞു ചവിട്ടുകി-
ലേവംഫലങ്ങൾക്കഥിക്കാവതോ ?

"ദുഷ്ടതയെങ്ങും പെരുത്തോരീഭൂമിയിൽ
കഷ്ടിയാണീശ്വരചിന്തയിന്ന്...!!!"

കരീബിയൻ ദ്വീപുകളിലും പ്യൂർട്ടോറിക്കോയിലും വൻ നാശനഷ്ടങ്ങൾ വരുത്തിവെച്ച ഹരിക്കെയിൻ "മിച്ചി" നെക്കുറിച്ച്...

(പീറ്റർ നീണ്ടൂർ)


യാത്രാവിവരണം: പനാമ-പെറു-മച്ചുപിച്ചു യാത്ര-18

ആദിമനിവാസികളുടെ കുലത്തൊഴിൽ മത്സ്യബന്ധനമായിരുന്നു. ഇപ്പോഴും മുഖ്യ ഉപജീവനമാർഗ്ഗം അതുതന്നെ. ടൂറിസ്റ്റുകളെ ചെറിയ ചെറിയ ബോട്ടുകളിൽ കയറ്റി ദ്വീപിനുചുറ്റും കൊണ്ടുപോകുന്നത് പൂർവ്വനിവാസികളുടെ വംശ പരമ്പരയിൽപ്പെട്ടവരുടെ ഉപജീവനമാർഗ്ഗമാണ്. തെളിഞ്ഞ വെള്ളത്തിൽ ടൂറിസ്റ്റുകൾക്ക് ഡൈവിങ്ങും സ്റ്റോർക്കിളിങ്ങും മറ്റു ജലക്രീഡകളും നടത്തുവാനുള്ള സൗകര്യമുണ്ട്. വിവിധ തരത്തിലുള്ള മത്സ്യങ്ങളെ അടുത്തുകാണുവാൻ സൗകര്യം ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്.

ഈ ദ്വീപിലെ പക്ഷിസങ്കേതം കാണുന്നതു ഒരു പ്രത്യേകാനുഭവമാണ്. ഒരു ലക്ഷത്തിലേറെ പക്ഷികളാണ് ഇവിടെ ചേക്കേറുന്നത്. നമ്മുടെ ഞാറപ്പക്ഷിയെപ്പോലുള്ള ഒരുതരം ചെറിയ പക്ഷികൾ ഇവിടെ ധാരാളമുണ്ട്. ഞങ്ങൾ വൈകുന്നേരം നാലേമുക്കാലിനുള്ള എക്സ്പ്രസ് ബോട്ടിൽ സിറ്റിയിലേക്കു മടങ്ങിപ്പോന്നു. രണ്ടു ദിവസമെങ്കിലും തബോഗ ദ്വീപിലും തൊട്ടടുത്തുള്ള ഉറാബ, എൽമോറ എന്നീ ഐലൻറ്റുകളിലും താമസിക്കേണ്ടതായിരുന്നെന്ന് ശാസ്ത്രിജി അഭിപ്രായപ്പെട്ടു. ഞങ്ങൾ മൂവർക്കും തങ്ങുവാനുള്ള ആഗ്രഹമുണ്ടായിരുന്നെങ്കിലും സമയച്ചുരുക്കം ഞങ്ങളെ നിയന്ത്രിച്ചു.

ഒരു വെടിക്കു രണ്ടു പക്ഷി

തബോഗ ദ്വീപിലെ ആവേശകരമായ അനുഭവങ്ങളോടും അഭിമാനത്തോടുംകൂടി ഞങ്ങൾ ഹോട്ടലിൽ മടങ്ങിയെത്തി. തെക്കേ അമേരിക്കയിലേക്കു പുറപ്പെടാൻ തയ്യാറെടുപ്പു തുടങ്ങാമെന്നു കരുതിയപ്പോൾ ഇതാ സാഞ്ചേസിൻറ്റെ ഒരുപദേശവും ഒരു യാത്രാപദ്ധതിയും. "വളരെയേറെ പണം ചെലവാക്കി പനാമയിൽ വന്നതല്ലേ? ഒരു പോയിൻറ്റിൽ നിന്നുകൊണ്ട് അറ്റ്‌ലാൻറ്റിക്കും പസഫിക്കും ഒരേസമയം കാണുക. ലോകത്തിലൊരിടത്തും, ഇവിടെയല്ലാതെ ഇതു സാദ്ധ്യമല്ല. ടിക്കറ്റ് ബുക്ക്‌ ചെയ്തിട്ടുണ്ട്. രാവിലെ പുറപ്പെടണം. ബസ് സ്റ്റേഷൻ വരെ ടാക്സിയും റെഡി."

"ഞങ്ങൾ വിമാനത്തിലിരുന്ന് അറ്റ്‌ലാൻറ്റിക്കും പസഫിക്കും കണ്ടതാണ്. അതു മതി." ഞാൻ പറഞ്ഞു നോക്കി.

"പറക്കുന്ന വിമാനത്തിലിരുന്നല്ല, നിശ്ചലവും ഉന്നതവുമായ അഗ്നിപർവ്വതത്തിൽ നിന്നുകൊണ്ടാണ് രണ്ടു മഹാസമുദ്രങ്ങളും കാണേണ്ടത്. അതിനുള്ള പ്രകൃതിയുടെ സംവിധാനം പനാമയിലുണ്ട്." അൽപ്പം ഗർവ്വോടെ സാഞ്ചേസ് പറഞ്ഞുനിർത്തി.

അപ്പോഴാണ്‌ പോൾസൺ ഓർമ്മിപ്പിച്ചത്. " ഹവായ് ദ്വീപുസമൂഹത്തിലെ ബിഗ്‌ ഐലണ്ടിലെ കലപ്പാന ഗ്രാമത്തിൽ ഉരുകുന്ന ലാവയിൽക്കൂടി നമ്മൾ നടന്നുനീങ്ങിയില്ലേ?"

എന്നാൽ ഡോക്ടർ ശങ്കർശാസ്ത്രിക്ക് ഇത്തരം അനുഭവം ഇല്ലായിരുന്നു. തന്നെയുമല്ല, അറ്റ്ലാൻറ്റിക്കും പസഫിക്കും ഒരേ സ്ഥലത്തുനിന്നു കൊണ്ട് ഒരേസമയം കാണുക എന്നത് ഒരു വലിയ ത്രിൽ അല്ലേ? അതുകൊണ്ട് ഞങ്ങൾ ഈ യാത്രയ്ക്കു വഴങ്ങി. പനാമ സിറ്റിക്ക് വടക്ക് കോസ്റ്റാറിക്കയുടെ അതിർത്തിയിലേക്കുള്ള മാർഗ്ഗമദ്ധ്യേ ഡേവിഡ് നഗരത്തിൽനിന്നും 30 കിലോമീറ്റർ ദൂരെ പതിനോരായിരം അടി മുകളിലാണ് വൾക്കൻ ബറു എന്ന അഗ്നിപർവ്വതകൊടുമുടി. ഇത് പനാമയിൽ ആൻഡീസ് പർവ്വതത്തിൻറ്റെ അത്യുന്നത ഭാഗമാണ്. ഞങ്ങൾ ഡേവിഡിലേക്കുള്ള എക്സ്പ്രസ് ബസിൽ അതിരാവിലെ യാത്ര തിരിച്ചു. ആറുമണിക്കൂർ സമയമെടുത്തു ഡേവിഡിലെത്താൻ. ചിറിക്വി പ്രോവിൻസിലെ ഡേവിഡ് പനാമ രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമാണ്. ജനസംഖ്യ ഒരു ലക്ഷത്തിനടുത്ത് മാത്രമേയുള്ളൂ. വലിയൊരു കാർഷികമേഖലയിലാണ് ഈ നഗരം. പന്ത്രണ്ടു യു. എസ് ഡോളറാണ് ബസ് ചാർജ്. വീണ്ടും പന്ത്രണ്ടു ഡോളർ കൊടുത്ത് ടാക്സിയിലാണ് ഞങ്ങൾ വൾക്കൻ ബറുവിലെത്തിയത്. താഴ്വാരത്തിൽ നല്ല ചൂടുണ്ടായിരുന്നു. വൾക്കൻ ബറുവിൽ നല്ല തണുപ്പും. ഞങ്ങളെത്തിയ ദിവസം നല്ല സൂര്യപ്രകാശമുണ്ടായിരുന്നു. ഇവിടുത്തെ ടൂറിസ്റ്റ് കേന്ദ്രമായ നാഷണൽ പാർക്കിൽ നല്ല തിരക്കുണ്ടായിരുന്നു. അനേകം സന്ദർശകർ വന്നെത്തിയിരുന്നു...(തുടരും)

(എം.സി ചാക്കോ മണ്ണാറക്കാട്ടിൽ)



അങ്ങനെ ഒരു കാലത്ത്!

ക്രിസ്തുമസ് അവധിക്കു ശേഷം സ്കൂൾ തുറന്നുള്ള ആദ്യ ദിവസ ക്ലാസ്സ്, എൻറ്റെ ഹൃദയം പട പടാ ഇടി തുടങ്ങി. ഭാവിയിൽ ഡോക്ടർ, ഐ. എ. എസ്സ് എന്നൊക്കെ മാത്രം സ്വപ്നം കാണുന്ന ഒട്ടുമിക്ക ബുദ്ധിജീവികളെ കൊണ്ട് കുത്തി നിറച്ച ക്ലാസ്സ് റൂം (ബുദ്ധി ഒട്ടും ഇല്ലാതിരിന്നിട്ടും ഞാൻ ഏങ്ങനെ ഈ ക്ലാസ്സിൽ എത്തപെട്ടു എന്ന് അറിയില്ല). അതി ഭീകരമായി ഇംഗ്ലീഷും ,കണക്കും ഒക്കെ അമ്മാനമാടുന്ന ജീനയും, ഭാവനയും, സിനിമോൾ കുഞ്ഞപ്പനമൊക്കെ ഭരിക്കുന്ന ഒൻപതാം ക്ലാസ്സിലെ മൂന്നാമത്തെ ബെഞ്ചിൽ നാലാമതിരിക്കുന്ന എന്നെ അടുത്തിരിക്കുന്ന സിനിമോൾ മാത്യു പതുക്കെ തൊട്ടു പറഞ്ഞു ...ഡീ ദേ വരുന്നൂ ...

ഒന്നു ഞെട്ടിയെങ്കിലും ആത്മ സംയമനത്തോടെ ഞാനും എത്തി നോക്കി. നീളമുള്ള വരാന്തകൾ കടന്നു ക്ലാസ്സുമുറിയിലേക്ക് കടന്നുവരുന്ന പ്രിയപ്പെട്ട മേരി ടീച്ചർ, ഞങ്ങളുടെ കണക്കു ടീച്ചർ. കൂടെ, കൈയിൽ ഒരു കെട്ടു പേപ്പർ. ക്രിസ്തുമസ് പരിക്ഷാ പേപ്പർ. ഞാൻ പതുക്കെ ഈശ്വരാ എന്ന് വിളി തുടങ്ങി. കണക്ക് എത്ര പഠിച്ചിട്ടും ശരിയാകാത്ത കാലം. ഭൂഗോളത്തിൻറ്റെ സ്പന്ദനം മാത്തമാറ്റിക്സ് തന്നെ എന്ന് പ്രത്യേക കണ്ടു പിടുത്തങ്ങൾ ഒന്നും ഇല്ലാതെ തന്നെ എല്ലാവരും വിശ്വസിച്ചിരുന്ന ഒരു കാലമായതുകൊണ്ട് ആരോടൊക്കെയോ ചോദിച്ചു കണക്ക്‌ എങ്ങനെ പെട്ടെന്ന് പഠിക്കാമെന്ന്. ആരുടെയൊക്കെയോ വിദഗ്ദോപദേശത്തിൽ സമവാക്യങ്ങൾ മന:പാഠമാക്കിയാൽ എല്ലാം ശരിയാകുമെന്ന് വിശ്വസിച്ച്, പല രാത്രികളും ഉറങ്ങാതെ എല്ലാം പഠിച്ചെടുത്തു. അങ്ങനെ എഴുതിയ ഒരു കണക്കു പരീക്ഷയുടെ മാർക്ക്‌ അറിയാനുള്ള ഹൃദയമിടിപ്പിലായിരുന്ന സമയത്താണ് സിനിമോൾ മാത്യു പതുക്കെ പറഞ്ഞത് ഡീ ദേ എന്ന്...

ബുദ്ധിമാനായ സഹോദരൻറ്റെ പെങ്ങൾ ആണ് ഞാൻ എന്ന് ടീച്ചർക്ക്‌ അറിയാമായിരുന്നതുകൊണ്ട് (രണ്ടാളെയും ടീച്ചർ തന്നെ പഠിപ്പിച്ചിരുന്നു) എൻറ്റെ പേര് വിളിച്ചു ഉത്തരകടലാസു തരുമ്പോൾ എന്നെ നോക്കി മനോഹരമായി ചിരിക്കുവാൻ ടീച്ചർ മറന്നില്ല. പതിവുപോലെ തന്നെ, അത്ഭുതങ്ങൾ ഒന്നും തന്നെ സംഭവിച്ചില്ല. കണക്കൊരിക്കലും എനിക്ക് വഴങ്ങില്ല എന്നും, സമവാക്യങ്ങൾ മാത്രമല്ല, സമവാക്യങ്ങളിലെ അക്ഷരങ്ങൾ എന്താന്നും തിരിച്ചറിയണം എന്ന സത്യവും,,, പിന്നെ പിന്നെ ഭൂഗോളത്തിൻറ്റെ സ്പന്ദനം മാത്തമാറ്റിക്സ് ആവില്ല ... എന്ന സ്വയം വിശ്വസിക്കലും മാത്രമാണ് ക്ലാസ്സു തീർന്നപ്പോൾ ബാക്കി ആയത് ...

(രമ ജയപ്രകാശ്, USA)



കാലത്തിനൊരു കുറിപ്പ് (കവിത)

എന്തിനീ പ്രണയം, എന്തിനീ പരിഭവം
ചൊല്ലുക കാലമേ നീ ഇനിയെങ്കിലും
നിൻ കുസൃതികൾ ഏറുമ്പോൾ വീണുടയുന്നത്‌
എൻ പ്രിയ സ്വപ്നങ്ങളല്ലേ ...
എൻ പ്രിയരുടെ സ്വപ്നങ്ങളല്ലേ !

മനുജരാം ഞങ്ങൾ തൻ ബലഹീന മനസ്സുകൾ
കണ്ടറിട്ടെന്നപോൽ ...
നിമിഷേന വേഷങ്ങൾ,ഭാവങ്ങൾ മാറ്റി നീ
താണ്ടവമാടുന്നതെന്തിനെന്ന്
ചൊല്ലുക കാലമേ നീ ഇനിയെങ്കിലും
ചൊല്ലുക കാലമേ ഇനിയെങ്കിലും !

എന്തിനും ഏതിനും വിധിയെ പഴിചാരി
ഓടുന്നു മുന്നോട്ടു നീ ...
ലക്ഷ്യമുണ്ടോ നിൻ യാത്രക്കെന്നറിയില്ല,
എങ്കിലും, ഇനി ഒരു ഇടവേള തന്നുകൂടെ
നിൻ കെടുതിതൻ വാർത്തകൾ
മനങ്ങളിൽ ഇന്നൊരു തേങ്ങലായ്,
കണ്ണുനീരിൻ പര്യായമായി മാറി ...

ഒരു തെന്നലായ്, ശലഭമായ്
ഗാനമായ്, സ്നേഹമായ്
വന്നുകൂടെ നിനക്കിനിയെങ്കിലും
ചൊല്ലുക കാലമേ നീ ഇനിയെങ്കിലും ...
ആ നല്ല നാളിൻ മധുരിമയ്ക്കായി
കാത്തിരിപ്പൂ ഞങ്ങളേവരും ...
ഞങ്ങൾ തൻ ഓർമയിൽ മങ്ങാതെ മായാതെ
നിന്നുകൂടെ പ്രിയ കാലമേ
ചൊല്ലുക കാലമേ ഇനിയെങ്കിലും !!

(സഖി)



വിലാപം (കവിത)

നന്മയുടെ വിത്തുകൾ വിതച്ചു
നൂറുമേനി വിളയിച്ചു കൊയ്തവർ
എന്‍റെ പൂർവ്വികർ വിശ്വമാകെ
അനശ്വരരായ് മണ്ണിൽ ഉറങ്ങുന്നു
അക്കഥ വെറും പഴങ്കഥ മാത്രമായ്
അസ്തമിച്ചെന്ന് പുത്തൻകിടാരികൾ
കൂസൽ കൂടാതെ പ്രകൃതിയാം അമ്മയെ
തച്ചുടച്ചു കഷ്ണങ്ങളാക്കി
പത്തു പുത്തനുവേണ്ടി ബലി കഴിച്ചീടുന്നു
മഞ്ഞുള്ള കാലം മഴയായ് അഴിഞ്ഞു
മേഘസ്ഫോടനം നടനമാടുന്നു
കാലം തെറ്റിയ വഴികളിലൂടെ
യന്ത്രങ്ങൾ ഹുങ്കാരഭേരി മുഴക്കി
ചടുലതാണ്ഡവമാടുന്നു ദിക്കുകൾ തോറും
സഹ്യന്‍റെ ശിഖിരങ്ങൾ പിഴുതുമറിക്കുന്നു
മഴക്കാടുകൾ മൂടി തരിശുയുദ്ധഭൂമി
കുഞ്ഞിളം പക്ഷികൾ അനാഥരായ്
പ്രകൃതിയുടെ രോദനം കേൾക്കുക നിങ്ങൾ !
അസ്ഥിരത ബാധിച്ച ഭ്രാന്തിയാണവളിന്ന്
പ്രതികാര താണ്ഡവമാടുന്നു അവനി
ചുട്ടുപഴുക്കുന്നു വിങ്ങി വിയർക്കുന്നു
തെല്ലു കഴിയുമ്പോൾ ഊറിച്ചിരിക്കുന്നു
നിർമ്മലത കൈവന്നൂന്നു തോന്നുന്ന പക്ഷം
അതിശൈത്യമിന്നു കരളിനെ വിറയിച്ചു
കാലഗതിതെറ്റിയ ആചാരമീമട്ടിൽ
ഗ്രാമങ്ങൾ തോറും പരിഷ്കാരകാമം
വിത്തുകൾ പാകിയെടുക്കുന്നു പ്രാകൃതർ

(പി. എസ് പ്രസാദ് മുണ്ടമറ്റം, നീണ്ടൂർ)




സിനിമ - മൊയ്തീന്‍, കനൽ & പത്തേമാരി

മലയാള സിനിമയില്‍ വല്ലപ്പോഴും മാത്രം സംഭവിയ്ക്കുന്ന പ്രണയകാവ്യമാണ് എന്ന് നിന്‍റെ മൊയ്തീന്‍ പോലൊരു സിനിമ എന്ന് പറഞ്ഞു കൊണ്ട് നിരൂപണത്തിലേക്ക് കടക്കുന്നു. മലബാറില്‍ വന്‍ കോളിളക്കം സൃഷ്ടിച്ച സംഭവമാണ് കാഞ്ചനമാല - മൊയ്തീന്‍ പ്രണയം. ആ അനശ്വരപ്രണയകഥയുടെ ദൃശ്യാവിഷ്‌കാരമാണ് ആര്‍. എസ്. വിമല്‍ സംവിധാനം ചെയ്ത ഈ ചിത്രം.

മുക്കത്ത് സുല്‍ത്താന്‍ എന്ന് അറിയപ്പെട്ടിരുന്ന വി. പി. ഉണ്ണിമൊയ്തീന്‍ സാഹിബിന്‍റെ മകന്‍ മൊയ്തീനും രാഷ്ട്രീയ-സാമൂഹ്യ രംഗങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന മുക്കത്തെ ഹിന്ദു പ്രമാണിയായിരുന്ന കൊറ്റങ്ങല്‍ അച്യുതന്‍റെ മകള്‍ കാഞ്ചനമാലയുമാണ് ഈ പ്രണയകഥയിലെ നായകനും നായികയും. 1960 കാലഘട്ടത്തെ പുനരാവിഷ്‌കരിച്ചുകൊണ്ടാണ് സിനിമയ്ക്ക് പശ്ചാത്തലമൊരുക്കിയിരിക്കുന്നത്. പ്രണയം വെറുമൊരു വീകാരം മാത്രമല്ല എന്ന് ഈ സിനിമ കണ്ടിറങ്ങുന്നവര്‍ക്ക് തിരുത്തി എഴുതിയേ മതിയാവൂ.

കഥാപാത്രങ്ങളിലേക്കെത്തുമ്പോള്‍, പൃഥ്വിരാജ് എന്ന സൂപ്പര്‍താരത്തെ ഈ സിനിമയില്‍ എവിടെയും കണ്ടില്ല. വെള്ളാരം കണ്ണുകളുള്ള മുക്കത്തെ മുത്തായ മൊയ്തീനെ മാത്രമേ കണ്ടുള്ളൂ. നോട്ടത്തിലും നടത്തത്തിലും വര്‍ത്തമാനത്തിലുമൊക്കെ പൃഥ്വി, മൊയ്തീനായി മാറുകയായിരുന്നു. യഥാര്‍ത്ഥ കാഞ്ചനമാല പറഞ്ഞിരുന്നു, ഇന്ന് വെള്ളിത്തിരയില്‍ ഉള്ളവരില്‍ എന്‍റെ മൊയ്തീനാകാന്‍ സാദൃശ്യമുള്ളത് പൃഥ്വിരാജിന് മാത്രമാണെന്ന്. അതെത്ര വാസ്തവം ആണന്നു സിനിമ കാണുമ്പോൾ നിങ്ങൾക്കും മനസിലാകും.

ബാംഗ്ലൂർ ഡെയ്സിലെ റേഡിയോ ജോക്കിക്കു ശേഷം പാര്‍വ്വതി വീണ്ടും മലയാളി മനസ്സ് കീഴടക്കുകയാണ് കാഞ്ചനമാല എന്ന കഥാപാത്രത്തിലൂടെ. മൊയ്തീന്‍റെ പ്രിയപ്പെട്ട കാഞ്ചനയെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാകാന്‍ കാരണം പാര്‍വ്വതിയുടെ അഭിനയ മികവ് തന്നെയാണ്. ടോവിനോ തോമസ്, ലെന, സായ്കുമാര്‍ തുടങ്ങി ഓരോരുത്തരുടെ അഭിനയവും പ്രത്യേകം പരമാര്‍ശിക്കേണ്ടിയിരിക്കുന്നു. സുധീര്‍ കരമന, ഇന്ദ്രന്‍സ്, ശശി കുമാര്‍, ശിവാജി ഗുരുവായൂര്‍, ബാല തുടങ്ങിയവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി.

ആര്‍ എസ് വിമലിന്‍റെ എട്ട് വര്‍ഷത്തെ പ്രയത്‌നമാണ് ഈ സിനിമ. "ജലം കൊണ്ട് മുറിവേറ്റവൾ"‍ എന്ന പേരില്‍ ഈ പ്രണയം വിമല്‍ ഡോക്യുമെന്‍റെറിയിലൂടെ പ്രേക്ഷകരിലെത്തിച്ചിരുന്നു. അറുപതുകളിലെ പ്രണയം അതേ തീക്ഷണതയോടെ പ്രേക്ഷകമനസ്സിലും എത്തിക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചു. ശക്തമായ തിരക്കഥയാണ് ചിത്രത്തിന്‍റെ വിജയം. ഒരു കാവ്യം പോലെ പ്രേക്ഷകര്‍ക്ക് ആ പ്രണയം ആസ്വദിക്കാന്‍ കഴിയുന്നത് അതുകൊണ്ടാണ്. സാങ്കേതികതയിലേക്ക് വരുമ്പോള്‍, ജോമോന്‍ ടി ജോണിന്‍റെ ഛായാഗ്രഹണം ഓരോ ഫ്രെയിമിനും ഒരു ക്ലാസിക്കല്‍ ടച്ച് തന്നെ കൊടുത്തിട്ടുണ്ട്. മഴയും പുഴയും പ്രണയവും ശരിക്കും ഇഴചേരുന്നതായി തോന്നിയത് ജോമോന്‍റെ ക്യാമറ കണ്ണുകളിലൂടെ നോക്കുമ്പോഴാണ്.

പാട്ടിന്‍റെയും പശ്ചാത്തല സംഗീതത്തിന്‍റെയും കാര്യം പറയാതെ വയ്യ. സിനിമയുടെ ആത്മാവാണ് ഗോപി സുന്ദറിന്‍റെ പശ്ചാത്തല സംഗീതം. എം. ജയചന്ദ്രനും രമേശ് നാരായണനും ചേര്‍ന്നാണ് പാട്ടുകള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത്. റഫീക് അഹമ്മദിന്‍റെതാണ് വരികള്‍. ഇതിലെ എല്ലാ ഗാനങ്ങളും ഇതിനോടകം തന്നെ ഹിറ്റുകളായി മാറിക്കഴിഞ്ഞു. പി. ജയചന്ദ്രനും ശിൽപ്പാ രാജും ചേർന്ന് പാടുന്ന "ശാരദാംബരം ചാരുചന്ദ്രിക..", ശ്രേയാ ഘോഷാൽ ആലപിച്ച "കാത്തിരുന്നു കാത്തിരുന്നു..", മധുശ്രീ നായർ പാടിയ "പ്രിയമുള്ളവനെ.." തുടങ്ങിയ എല്ലാ ഗാനങ്ങളും ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചുകഴിഞ്ഞു. യേശുദാസ്, വിജയ്‌ യേശുദാസ്, സുജാത തുടങ്ങിയവരും ഈ സിനിമയ്ക്കായി പാടിയിട്ടുണ്ട്.

കനൽ

ശിക്കാര്‍ എന്ന ഹിറ്റ്‌ ചിത്രത്തിനുശേഷം മോഹന്‍ലാലും തിരക്കഥാത്ത് സുരേഷ് ബാബുവും സംവിധായകന്‍ എം. പത്മകുമാറും ഒന്നിയ്ക്കുന്നു എന്നതുകൊണ്ട് തന്നെ വളരെ പ്രതീക്ഷയുള്ള ചിത്രമായിരുന്നു കനല്‍. ചിത്രത്തിന്‍റെ ട്രെയിലറും ടീസറുകളുമൊക്കെ ആ പ്രതീക്ഷ നിലനിര്‍ത്തുകയും ചെയ്തു. എന്നാല്‍ ആ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നോ കനല്‍ എന്ന് സംശയമാണ്.

പൃഥ്വിരാജിന്‍റെ ശബ്ദത്തില്‍ കഥ പറഞ്ഞുകൊണ്ടാണ് കനല്‍ കത്താന്‍ തുടങ്ങുന്നത്. 2009 ല്‍ ഗള്‍ഫ് നാടുകളില്‍ സംഭവിച്ച സാമ്പത്തിക മാന്ദ്യത്തെ ചുറ്റിപ്പറ്റിയുള്ളതാണ് കഥ. ജോണ്‍ ഡേവിഡിന്‍റെ പ്രതികാരത്തിന്‍റെ കഥയാണെന്ന് കൂടെ പറയാം. വില്ലന്‍ പരിവേഷത്തില്‍ ജോണ്‍ ഡേവിഡ് എന്ന കഥാപാത്രമായിട്ടാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. ലാലിന്‍റെ അസാമാന്യമായ അഭിനയം ചിത്രത്തിന് വലിയൊരു കരുത്താണ്. കണ്ണുകള്‍ കൊണ്ടാണ് അദ്ദേഹം അഭിനയിക്കുന്നത്. വിവിധ ഗെറ്റപ്പുകളില്‍ എത്തുന്ന മോഹന്‍ലാല്‍ മീശ പിരിച്ചില്ലെങ്കിലും മുണ്ട് മടക്കി കുത്തിയില്ലെങ്കിലും ഒരു മാസ് ലുക്ക് നിലനിര്‍ത്തുന്നുണ്ട്.

ആനന്ദരാമന്‍ എന്ന ഒരു മാധ്യമപ്രവര്‍ത്തകന്‍റെ വേഷത്തിലാണ് അനൂപ് മേനോന്‍ ചിത്രത്തിലെത്തുന്നത്. വളരെ നിഷ്‌കളങ്കമായ കഥാപാത്രത്തെ അനൂപ് മേനോന്‍ ഭംഗിയാക്കി. തെന്നിന്ത്യന്‍ നടന്‍ അതുല്‍ കുല്‍ക്കര്‍ണിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിയ്ക്കുന്നത്. ഇവരെ കൂടാതെ ഹണി റോസ്, ഷീലു എബ്രഹാം, നിഖിത, പ്രതാപ് പോത്തന്‍ എന്നിവര്‍ക്കൊപ്പം അതിഥി വേഷങ്ങളില്‍ ഇന്നസെൻറ്റ്, കൊച്ചുപ്രേമന്‍ എന്നിവരും എത്തുന്നു.

അഭിനയത്തിന്‍റെ കാര്യങ്ങളൊക്കെ ഭംഗിയായപ്പോള്‍ കുറച്ചൊക്കെ പാളിയത് സംവിധാനത്തിലും തിരക്കഥയിലുമാണ്. പ്രതികാരത്തിന്‍റെ പതിവ് ക്ലീഷേ ആണ് സിനിമയെങ്കിലും മികച്ചൊരു തിരക്കഥയായിരുന്നു. അത് വേണ്ട രീതിയില്‍ പത്മകുമാര്‍ എന്ന സംവിധായകന് ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞോ എന്ന കാര്യത്തില്‍ സന്ദേഹമുണ്ട്. വിനോദ് ഇല്ലംപള്ളിയുടെ ഛായാഗ്രഹണം മികച്ചതാണ്. ഔസേപ്പച്ചനാണ് ചിത്രത്തിന് വേണ്ടി പാട്ടുകളൊരുക്കിയതും പശ്ചാത്തല സംഗീതം നിർവ്വഹിച്ചതും. മികച്ചൊരു സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രം സംവിധായകന്‍റെ കൈയ്യില്‍ വീണു പൊട്ടി എന്ന് ചുരുക്കി പറയാം. അഞ്ചില്‍ മൂന്ന് മാര്‍ക്ക്.

പത്തേമാരി

തനിക്കും കുടുംബത്തിനും മെച്ചപ്പെട്ട ഒരു ജീവിത സാഹചര്യം എന്ന പ്രതീക്ഷയിലാണ് ഓരോ മലയാളിയും ഗള്‍ഫ് നാടുകളിലേക്ക് പാലായനത്തിന് തയ്യാറാവുന്നത്. ഓരോ പ്രാവശ്യം മടങ്ങി വരുമ്പോഴും ഇനിയില്ല ഇനിയില്ല എന്ന് പറയുമെങ്കിലും കെട്ടുപിണഞ്ഞ ജീവിത സാഹചര്യങ്ങള്‍ക്കുള്ള ആശ്വാസം അത് മാത്രമാണെന്ന പ്രതീക്ഷയില്‍ വീണ്ടും പോകും. നല്ല കാലത്തിന് വേണ്ടി കഷ്ടപ്പെടുമെങ്കിലും ജീവിത കാലം മുഴുവന്‍ കഷ്ടപാട് മാത്രം. എന്ത് നേടിയാലും അനുഭവിക്കാന്‍ കഴിയാതെ പോകുന്ന പ്രവാസ ജീവിതത്തിന്‍റെ നേര്‍കാഴ്ചയാണ് സലിം അഹമ്മദിന്‍റെ പത്തേമാരി.

ആദാമിന്‍റെ മകന്‍ അബു, കുഞ്ഞനന്തന്‍റെ കട എന്നീ ചിത്രങ്ങളിലൂടെ സലിം അഹമ്മദ് എന്ന സംവിധായകന്‍ മലയാളി പ്രേക്ഷകര്‍ക്ക് നല്‍കിയ പ്രതീക്ഷ പത്തേമാരിയിലും നിലനിര്‍ത്തുന്നു. അന്‍പത് വര്‍ഷങ്ങള്‍ പിന്നിട്ട പ്രവാസ ജീവിതത്തിന്‍റെ ഏടുകള്‍ പള്ളിക്കല്‍ നാരായണന്‍ എന്ന കഥാപാത്രത്തിന്‍റെ ജീവിതത്തിലൂടെ 1980 മുതല്‍ 2005 വരെയുടെ നാല് ഘട്ടങ്ങളായി സലിം അഹമ്മദ് അവതരിപ്പിയ്ക്കുന്നു.

അറുപതുകളില്‍ മലയാളിയുടെ ഗള്‍ഫ് കുടിയേറ്റം ആരംഭിക്കുന്ന കാലഘട്ടത്തില്‍ നാല്‍പ്പത് മണിക്കൂറുകളോളം നീണ്ട യാത്രയാണ് ഗള്‍ഫ് രാജ്യങ്ങളിലെത്താന്‍ വേണ്ടിയിരുന്നത്. പാസ്‌പോര്‍ട്ടോ വിസയോ മറ്റു തിരിച്ചറിയല്‍ രേഖകളോ പോലും കയ്യില്‍ ഇല്ലാതെ, ഗള്‍ഫില്‍ എത്തിച്ചേരുമോ എന്നുപോലും ഉറപ്പില്ലാത്ത സാഹസിക യാത്ര. നൂറു ശതമാനം പ്രവാസത്തിന്‍റെ കഥയാണ് പത്തേമാരി.

രാഘവനും വേണുവിനും ശേഷം വീണ്ടും മമ്മൂട്ടി പ്രേക്ഷകനെ കരയിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുകയാണ് പള്ളിക്കല്‍ നാരായണന്‍ എന്ന കഥാപാത്രത്തിലൂടെ. പള്ളിക്കല്‍ നാരായണന്‍റെ ഭാര്യയായെത്തിയ ജുവല്‍ മേരി ആ കഥാപാത്രത്തിന് എന്തുകൊണ്ടും യോജിച്ച നായികയാണ്. സിദ്ധിഖിന്‍റെ മകന്‍ ഷാഹീന്‍റെ അരങ്ങേറ്റം നന്നായി. സലിം കുമാര്‍, ശ്രീനിവാസന്‍, സിദ്ദിഖ്, ബാലചന്ദ്രമേനോന്‍, ജോയ് മാത്യു, യവനിക ഗോപാലകൃഷ്ണന്‍, സാജു നവോദയ, അനു ജോസഫ്, ശ്രുതി ലക്ഷ്മി തുടങ്ങി ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളും അവരവരുടെ വേഷത്തോട് നീതി പുലര്‍ത്തി. സിദ്ദിഖിന്‍റെ അഭിനയം പിന്നെയും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്നു.

മധു അമ്പാട്ടാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. അക്കാലത്തെ ഗള്‍ഫ് നാടുകളിലെ വേദനയും കേരളത്തിലിരിക്കുന്ന കുടുംബത്തിന്‍റെ പ്രതീക്ഷയും അതേ തീക്ഷണതയോടെ സ്‌ക്രീനിലെത്തിക്കാന്‍ മധുവിന്‍റെ ഛായാഗ്രഹണ മികവിന് സാധിച്ചു. റസൂല്‍ പൂക്കുറ്റിയുടേതാണ് സൗണ്ട് ഡിസൈനിങ്. സമീറ സനീഷിന്‍റെ കോസ്റ്റ്യൂം ഡിസൈനിങ്ങും മികച്ചു നില്‍ക്കുന്നു. ദേശീയ പുരസ്‌കാര ജേതാവ് ബിജിപാലിന്‍റെ പാട്ടും പശ്ചാത്തല സംഗീതവും നന്നായി. ഒരു അവാര്‍ഡ് ടൈപ് ചിത്രമെന്ന് പറഞ്ഞ് പത്തേമാരിയെ ഒരിക്കലും അകറ്റി നിര്‍ത്താന്‍ സാധിക്കില്ല. ഒരു അനുഭവാണ് ഈ സിനിമ.

(മനോജ്‌ തൈക്കൂട്ടത്തിൽ)



അടുക്കള - സാമ്പാർ (Sambar)

ആവശ്യമായ ചേരുവകൾ:-

1. തുവര പരിപ്പ്‌: 1/2 കപ്പ്‌
2. സവോള: 1 എണ്ണം
3. വെണ്ടക്ക: 5 എണ്ണം
4. തക്കാളി: 2 എണ്ണം
5. വഴുതനങ്ങ: 1 എണ്ണം
6. ചേമ്പ്‌: 2 എണ്ണം
7. ഉരുളക്കിഴങ്ങ്‌: 2 എണ്ണം
8. ക്യാരറ്റ്: 1 എണ്ണം
9. മുരിങ്ങക്കോല്‍: 2 എണ്ണം
10. വെള്ളരിക്ക: 100 ഗ്രാം
11. കോവയ്ക്ക: 4 എണ്ണം
12. വാളന്‍ പുളി: നെല്ലിക്ക വലുപ്പത്തിൽ
13. പച്ച ഏത്തയ്ക്ക: ഒന്നിൻറ്റെ പകുതി
14. ബീൻസ്: 3 എണ്ണം
15. പച്ചമുളക്‌: 4 എണ്ണം
16. ചെറിയ ഉള്ളി: 5 എണ്ണം
17. കായം: 1 ടീസ്പൂണ്‍
18. വറ്റൽ മുളക്: 3 എണ്ണം
19. കടുക്: 1 ടീസ്പൂണ്‍‌
20. കറിവേപ്പില: 2 തണ്ട്
21. മഞ്ഞള്‍ പൊടി: 1 ടീസ്പൂണ്‍
22. സാമ്പാർ പൊടി: 3 ടേബിൾ സ്പൂണ്‍
23. വെളിച്ചെണ്ണ: 2 ടേബിൾ സ്പൂണ്‍
24. ഉപ്പ്, വെള്ളം പാകത്തിന്

തയ്യാറാക്കുന്ന വിധം :-

1. കഴുകിയ പരിപ്പ് 30 മിനിട്ട് വെള്ളത്തിൽ കുതിർത്ത് വയ്ക്കുക.
2. കഴുകിയെടുത്ത പച്ചക്കറികൾ ഇടത്തരം കഷണങ്ങളാക്കി മുറിക്കുക. (മുരിങ്ങക്കായും പച്ചമുളകും നീളത്തിലും, ചെറിയ ഉള്ളി ചെറുതായും അരിയുക).
3. പരിപ്പും, പച്ചക്കറികളും, മഞ്ഞൾപൊടിയും, ഒരു ടേബിൾ സ്പൂണ്‍ സാമ്പാർ പൊടിയും, ഉപ്പും, പാകത്തിന് വെള്ളവും ചേർത്ത് ഒരു പ്രഷർ കുക്കറിൽ വേവിക്കുക.
4. ഒരു വിസിൽ അടിക്കുമ്പോൾ തീ കെടുത്തുക. ഏകദേശം 10 മിനിട്ട് കഴിയുമ്പോൾ പ്രഷർ കളയുക.
5. അരക്കപ്പ് വെള്ളത്തിൽ 5 മിനിട്ട് നേരം കുതിർത്ത് വാളംപുളി പിഴിഞ്ഞെടുക്കുക.
6. കായവും ബാക്കിയുള്ള 2 ടേബിൾ സ്പൂണ്‍ സാമ്പാറുപൊടിയും ഒരു പാനിലിട്ട് ഇളക്കി ചൂടാക്കുക.
7. കുക്കർ തുറന്ന് പുളിവെള്ളവും, കായവും, സാമ്പാറുപൊടിയും ചേർത്ത് 2 മിനിട്ട് തിളപ്പിക്കുക. ഉപ്പ് കുറവാണെങ്കിൽ ആവശ്യത്തിനു ചേർക്കാം.
8. ഒരു പാനിൽ എണ്ണ ചൂടാക്കി, കടുക് പൊട്ടിച്ചതിനു ശേഷം ചെറിയ ഉള്ളി, വറ്റൽമുളക് എന്നിവ മൂപ്പിച്ച് സാമ്പാറിൽ ചേർക്കുക.

(കുഞ്ഞൂഞ്ഞമ്മ മത്തായി മണ്ണാറക്കാട്ടിൽ)


കിനാവുകളുടെ രാത്രി (കവിത)

തിരസ്കൃതമായ മീനുകൾക്കൊപ്പം
തടാകത്തിന്‍റെ അടിത്തട്ടിലാണ് ഞാൻ
കൂടുകൂട്ടിയിരിക്കുന്നത്
അവിടെ രാത്രികളെ പകലാക്കി
ദിവസങ്ങളെ എണ്ണിയെണ്ണി
കടന്നുപോകാൻ വിധിക്കപ്പെട്ടവനെ പോലെ
ഭൂമിയിൽ അപരിഷ്കൃതനാവുന്നു
ഉൾവനങ്ങളിലൂടെ നഗ്നനായി
അനന്തമായതും സുതാര്യവുമായ
വഴികളിലൂടെ കടന്നുപോകുന്നു .....

ഊഷ്മളമായ ചുംബനങ്ങൾകൊണ്ട്
ഞാനെന്‍റെ
പുതപ്പിനെ ഉറക്കുന്നു....

നിദ്രാരഹിതവും വിജനവുമായ ഒരു രാത്രികൂടി
എനിക്കു നീ അനുവദിച്ചതിന്‍റെ പേരിൽ .....

ഒരുതരം ഇറങ്ങിപോക്കലാണ്
കവിത
ഞാൻ എന്നെ തന്നെ അഴിച്ചുവിടുന്നു
മേയെണ്ടിടത്തെല്ലാം പോയി
മേഞ്ഞുവരുവാൻ .....

(ബൈജു നീണ്ടൂർ)



കപ്പലുപെരുന്നാൾ (നോവൽ) - 12

കഥാപരിസരം: കുറവിലങ്ങാട്, കുറുപ്പന്തറ, മാഞ്ഞൂർ ചുറ്റുവട്ടങ്ങൾ.

കഥാകാലഘട്ടം: ആയിരത്തി എണ്‍പതുകൾ

കുരുട്ടുബുദ്ധികൾ :-

രാത്രിപാതിരാക്ക് അനിലിന്‍റെ വീട്ടുമുറ്റത്ത് നിൽക്കുമ്പോൾ സന്തോഷിക്കണോ അതോ സങ്കടപ്പെടണോ എന്ന ആശയക്കുഴപ്പത്തിലായിരുന്നു ബെന്നിച്ചൻ. ജോസേട്ടൻ പറഞ്ഞുതന്ന സൂത്രവുമായി കാൽമയുടെ പഴഞ്ചടാക്ക് സ്കൂട്ടറിൽ അനിലിന്‍റെ വീട്ടിലേക്കു പോകുമ്പോൾ ബെന്നിച്ചന്‍റെ മനസ്സിൽ ആകെപ്പാടെ ടെൻഷൻ ആയിരുന്നു.

“എടാ, ഒരു പെണ്ണ്കേസാണെന്ന് പറ. കൊച്ചുപെണ്ണാ, രാത്രി ഒരു നേരത്തെ വരൂ എന്നും പറ. നാളെ രാത്രിയെ പോകത്തുള്ള്. പക്ഷെ കൊണ്ടുവരുന്നവന്‍റെ കൈയിൽ കാശു കൊടുത്തുവിടണം എന്നും പറ. അനിലിനോടു രാവിലെ ഇങ്ങാ വന്നാ മതിയെന്നും പറ.” ഇങ്ങനെയാണ് ജോസേട്ടൻ പറഞ്ഞു തന്നത്.

“ജോസേട്ടാ അന്നേരം രാവിലെ അനില് വരുമ്പം നമ്മളെ കാണാതെ ആകുമ്പം കുഴപ്പമാകത്തില്ലേ…..?” ബെന്നിച്ചൻ ചോദിച്ചു. “എടാ, കാശ് കിട്ടിക്കഴിഞ്ഞു നമ്മുക്ക് അനിലിനെ എങ്ങനെയെങ്കിലും പറഞ്ഞു മനസിലാക്കാം. ഇപ്പം കാര്യം നടക്കട്ടെ.” ജോസേട്ടൻ പറഞ്ഞു. “പിന്നെ രാവിലെ അനില് വരുന്നതിനു മുൻപേ നമുക്കിവിടെ നിന്നും പോണം അത്രയേയുള്ളൂ….!!" ജോസേട്ടൻ ചിരിച്ചു.

ജോസേട്ടൻ പറഞ്ഞുതന്ന കഥ അൽപ്പം കൂടി പൊടിപ്പും തൊങ്ങലും വച്ചാണ് അനിലിനോടു അവതരിപ്പിച്ചത്. അനില് ഉറക്കമായിക്കഴിഞ്ഞിരുന്നു. വിളിച്ച് എഴുന്നേൽപ്പിച്ചു വീട്ടിൽനിന്നും വിളിച്ചിറക്കി മുറ്റത്തെ ഇരുട്ടിൽ നിന്നാണ് പറഞ്ഞത്. ഇരുട്ടിലാകുമ്പോൾ മുഖം കാണണ്ടല്ലോ. നേരെനോക്കി നുണ പറയാൻ ഒരു മടി. അതിനിടയിൽ കൊച്ചു പെണ്ണിന്‍റെ മേനിക്കൊഴുപ്പിന്‍റെ വർണ്ണനകൾ കാൽമയുടെ വക. എല്ലാം കേട്ട് കഴിഞ്ഞു അനില് പറഞ്ഞു. “കാശുണ്ട്, പക്ഷെ രണ്ടാഴ്ചക്കുള്ളിൽ തിരിച്ചു കൊടുക്കണം”

അതൊന്നും പ്രശ്നമല്ലെന്ന് കാൽമ തീർത്തു‌ പറഞ്ഞു. അന്നേരമാണ് ബെന്നിച്ചന്‍റെ തലയിലേക്ക് മറ്റൊരു ഇടിത്തിയായി അനിലിന്‍റെ വാക്കുകൾ വന്നു വീണത്‌.

“അവളും പിള്ളേരും അവളുടെ വീട്ടിൽ പോയിരിക്കുവാ, ഞാനിവിടെ ഒറ്റക്കാ. അതുകൊണ്ട് ഞാനും കൂടി വരാം. കാറിൽ പോകാം. പെണ്ണിനെ എനിക്കുമൊന്നു കാണാമല്ലോ. തന്നെയുമല്ല ഇത്തരം കാര്യങ്ങളൊന്നും നീട്ടി വക്കരുത്. കാൽമാ, നീ സ്കൂട്ടർ ഇങ്ങോട്ട് കേറ്റി വക്ക്. ഞാൻ വേഷം മാറി ഇപ്പം വരാം.”

അനിൽ ധൃതിയിൽ വേഷം മാറാൻ വീടിനകത്തേക്ക് പോയി. ബെന്നിച്ചന്‍റെയും കാൽമയുടെയും നാവടച്ചത് പോലെയായി. അവർ പരസ്പരം നോക്കി. അനിലിനോടു പോരണ്ട എന്നെങ്ങനെ പറയും ? അപ്പോൾ പറ്റിക്കുകയാണന്നു അനിലിനു തോന്നിയാലോ ? കൊണ്ടുപോയാൽ പ്ലാനെല്ലാം തെറ്റിപ്പോകത്തില്ലേ ?. അവിടെ ചെന്ന് ബിൻസിയെകണ്ടാൽ തങ്ങള് പറഞ്ഞതെല്ലാം കളവായിരുന്നെന്നു അനിലിനു മനസിലാവില്ലേ ?.

ബെന്നിച്ചൻ തല കുടഞ്ഞു. “ഇനിയെന്ത് ചെയ്യും ?” ബെന്നിച്ചൻ ശബ്ദം താഴ്ത്തി കാൽമയോടു ചോദിച്ചു. “ഏതായാലും അനിൽ കാശുമായിട്ടാണല്ലോ വരുന്നത്. അവിടെ ചെന്ന് കഴിയുമ്പോൾ ജോസേട്ടൻ എന്തെങ്കിലും ബുദ്ധി ഒപ്പിച്ചോളും. പോരണ്ട എന്നിനി പറയാനൊക്കുമോ ?” കാൽമാ പറഞ്ഞു.

എന്തൊക്കെയായാലും എല്ലാം കുഴപ്പത്തിലേക്കാണ് പോകുന്നത്. ഒന്നും വിചാരിക്കുന്നത് പോലെയല്ല നടക്കുന്നത്. ഇനിയെല്ലാം മുത്തിയമ്മ വിചാരിക്കുന്നത്പോലെ വരട്ടെ. നീ തന്നെ ശരണം. ബെന്നിച്ചൻ ആകാശത്തേക്ക് നോക്കി. ഒറ്റ നക്ഷത്രം പോലുമില്ല. ഇരുണ്ടു മൂടിയ ആ ആകാശം പോലെയാണല്ലോ തന്‍റെ മനസും എന്ന് ബെന്നിച്ചൻ ഓർത്തു. വരുന്നതുപോലെ വരട്ടെ, ഇനിയെല്ലാം മുത്തിയമ്മയുടെ ഇഷ്ടംപോലെ, ബെന്നിച്ചനും വിചാരിച്ചു.

അനിലിന്‍റെ കാറിൽ തിരികെ മാഞ്ഞൂരിലെത്തുമ്പോൾ പാതിരാ കഴിഞ്ഞു. ജോസേട്ടൻ അക്ഷമനായി വഴിയിൽത്തന്നെ നിൽപ്പുണ്ടായിരുന്നു. അനിലിനെ കണ്ടതും ജോസേട്ടന്‍റെ മുഖം മങ്ങി.

“വണ്ടി കൊറച്ചു മാറ്റി ഒതുക്കിയിട്, കാര്യങ്ങൾ പറയാനുണ്ട്.” ജോസേട്ടൻ അനിലിനോടു പറഞ്ഞു. അനിൽ കാർ ഒതുക്കിയിടാനായി മുന്നോട്ടെടുത്തു. ജോസേട്ടൻ ബെന്നിച്ചനെ പിടിച്ചുവലിച്ചു ഇരുട്ടിലേക്ക് മാറ്റി നിറുത്തി.

“എന്നാ പണിയാടാ ഈ കാണിച്ചത് ? ഇവനെ കെട്ടിയെടുക്കേണ്ട
കാര്യമുണ്ടായിരുന്നോ….?”
ജോസേട്ടൻ അരിശത്തോടെ ചോദിച്ചു. “എന്‍റെ ജോസേട്ടാ, ഒന്നും പറഞ്ഞിട്ട് കാര്യമില്ല. വരാനുള്ളത് വഴിയിൽ തങ്ങുമോ…..?”

“എടാ, അവളവിടെ കിടന്നു ബഹളമാ. നിന്നെ കാണണമെന്നും പറഞ്ഞു. ഞാൻ അനിലിനെ എന്തെങ്കിലും പറഞ്ഞു ഇവിടെ വഴിയിൽ നിറുത്താം. നീ ആ നേരത്ത് അവളെ ചെന്നൊന്നു കാണ്.” ജോസേട്ടൻ പറഞ്ഞു.

ഇനി എന്ത് കുരിശാണ് വരുന്നത് എന്ന് ബെന്നിച്ചൻ ഭീതിയോടെ ഓർത്തുപോയി. ടെൻഷൻ അടിച്ചു താൻ മരിച്ചു പോകുമോ എന്നുവരെ ബെന്നിച്ചനു തോന്നി. ഈ പാതിരായ്ക്ക് കിടന്നുറങ്ങാനുള്ളതിന്... അവൾക്കിത്‌ എന്തിന്‍റെ കേടാ ? ഇവിടെ അനിലിനെ എങ്ങനെ കൈകാര്യം ചെയ്യും എന്നോർത്ത് ആധി പിടിച്ചിരിക്കുമ്പോൾ, അവളെ ചെന്ന് കണ്ടിട്ട് എന്തോന്ന് ഒണ്ടാക്കാനാ. ബെന്നിച്ചൻ തന്നെത്താനെ ശപിച്ചു. ഉണ്ടായിരുന്ന കാശും പിടിച്ചു മേടിച്ചേച്ച് പിന്നെയും അവൾക്കാ സൂക്കേട്‌. ആ കാശു തന്നിരുന്നെങ്കിൽ അനിലിനെ ഇടപെടുത്തെണ്ട ആവശ്യം വരുമായിരുന്നോ ?. പെണ്ണെന്ന വർഗ്ഗത്തോട്തന്നെ ബെന്നിച്ചനു കലി തോന്നി.

“നീയെന്നതാടാ കുന്തം വിഴുങ്ങിയത് പോലെ നിൽക്കുന്നത് ? അനില് കാറ് ഇട്ടേച്ചു വരുന്നതിനു മുൻപ് ചെല്ലടാ….!!” ജോസേട്ടൻ പിടി വിട്ടു പറഞ്ഞു. ബെന്നിച്ചൻ ഒന്നും മിണ്ടാതെ കാൽമയുടെ വീടിനു നേരെ നടന്നു.

മാഞ്ഞൂർക്കര പാതിരാവിൽ ഇരുട്ടുമൂടി നിശബ്ദമായി കിടന്നു. എങ്ങും ഒരു പട്ടിയുടെ കുരപോലും കേൾക്കാനുണ്ടായിരുന്നില്ല. വരാൻ പോകുന്ന ദുരന്തത്തെയോർത്ത് പ്രകൃതി പോലും ഭയപ്പെടുകയാണോ എന്ന് ബെന്നിച്ചനോർത്തു. തണുത്ത കാറ്റ് ചെറുതായി വീശിക്കൊണ്ടിരുന്നു.

(അടുത്ത ലക്കം തുടർന്ന് വായിക്കുക "വിസ്ഫോടനങ്ങൾ")

- സിറിയക് കടവിൽച്ചിറ

കപ്പലുപെരുന്നാൾ മുൻ അദ്ധ്യായങ്ങൾ
http://neendoorpravasi.com/arts.php#228


വിസ്ക്കി (കവിത)

അന്നു ഞാൻ സത്യവചനങ്ങളേറ്റോതി,
മുന്നമേ ബന്ധിച്ചെൻ നാഡിവ്യൂഹങ്ങളെ !
എങ്കിലും പങ്കിലമായ മമചിത്തം,
ശങ്കയില്ലാ, "വിസ്ക്കി" മുത്തിനുകർന്നുപോയ്‌ !!

പെണ്ണൊരുമ്പെട്ടാലിഹമഹമത്രയും,
മണ്ണുപോലാക്കീടുമെന്ന വാക്യം മറ -
ന്നീലോകനാഥനാണെന്നൊരഹംഭാവ -
ജാലം പ്രലോഭന "വിസ്ക്കി"യിൽ വീണുപോയ്‌ !!

തലമറന്നൊന്നും കളിക്കൊരുങ്ങീടല്ലേ,
തലമോ ഉയർന്നു വിലസീടും വേളയിൽ !
ആലോലമാടുമലകടൽ പോലെയാ -
ണാലാപനമെങ്ങുമെന്നും "ലുവിൻസ്ക്കി"യായ്.

(മുൻ അമേരിക്കൻ പ്രസിഡൻറ്റ് ബിൽ ക്ലിൻറ്റനും മോണിക്ക ലുവിൻസ്ക്കിയും തമ്മിലുള്ള ബന്ധം ആധാരം.)

(പീറ്റർ നീണ്ടൂർ)


യാത്രാവിവരണം: പനാമ-പെറു-മച്ചുപിച്ചു യാത്ര-17

ഞങ്ങളുടെ സ്പാനിഷ് ഭാഷാജ്ഞാനം പരിമിതമെങ്കിലും പൊതുവായ കാര്യങ്ങളുടെ പൊരുൾ ഞങ്ങൾക്കു മനസ്സിലായി. സ്തോത്രകാഴ്ച്ചയുടെ പ്ലാസ്റ്റിക് ബക്കറ്റിൽ ബാൻബൊയും ഡോളറും ധാരാളം വീണിരുന്നു.

ദിവ്യബലി കഴിഞ്ഞ് വൈദികൻ കുപ്പായം മാറുന്ന സമയം ഞങ്ങൾ സങ്കീർത്തിയിൽ ചെന്ന് ഇന്ത്യയിൽ നിന്നും എത്തിയ കത്തോലിക്കർ എന്നു പറഞ്ഞ് അദ്ദേഹത്തെ അഭിവാദ്യം ചെയ്തു. അദ്ദേഹം തിരിച്ചും സ്പാനിഷ് അറിയാമെന്നും പ്രസംഗത്തിൻറ്റെ അന്തസത്ത മനസ്സിലായെന്നും ഞങ്ങൾ പറഞ്ഞു.

അപ്പോൾ കർദ്ദിനാൾ തിരുമേനി എവിടെയെന്ന് പോൾസണ്‍ തിരക്കി. " പനാമയ്ക്ക് കർദ്ദിനാൾ ഇല്ല". അച്ചൻറ്റെ സ്ഫുടമായ മറുപടി. "ശുദ്ധ കത്തോലിക്കാരാജ്യമായ പനാമയ്ക്കു കർദ്ദിനാൾ ഇല്ലെന്നോ ?" പോൾസന് ഒരു പരാതി.

"വേണ്ടതായിരുന്നു, പക്ഷേ അതു വത്തിക്കാൻറ്റെ കാര്യമല്ലേ" ഫാദർ ഹൊസെ സെർവാൻറ്റേ പ്രതികരിച്ചു. ഇന്ത്യയെപ്പറ്റി പലതും അദ്ദേഹം ചോദിച്ചു.

ഒരു ശതമാനം മാത്രം കത്തോലിക്കരുള്ള ഇന്ത്യയ്ക്ക് നാല് കർദ്ദിനാൾമാർ ഉണ്ടെന്നും മാർപ്പാപ്പാമാർ പല പ്രാവശ്യം ഇന്ത്യ സന്ദർശിച്ചെന്നും ഞങ്ങൾ അച്ചനെ ധരിപ്പിച്ചു.

"ഗ്രാസിയാ ദിയോസ്." (ദൈവത്തിനു നന്ദി). അച്ചൻറ്റെ നിർവൃതി. പനാമ മനോഹരരാജ്യമാണെന്നും പനാമജനത നല്ലവരാണെന്നും ഞങ്ങൾ പറഞ്ഞു പിരിഞ്ഞു.

തബോഗ ദ്വീപ്‌

പള്ളിയിൽനിന്നും ഞാനും പോൾസണും തിരിച്ചെത്തിയപ്പോൾ ശങ്കർശാസ്ത്രിയും സാഞ്ചെസും കൂടി ഒരു പുതിയ യാത്രാപരിപാടി ഉറപ്പിച്ചു. ആയിരത്തിഅഞ്ഞൂറോളം ദ്വീപുകളുള്ള പനാമയുടെ എല്ലാ ദ്വീപുകളും സന്ദർശിക്കുവാൻ സാധ്യമല്ല. ഏറ്റവും അടുത്തുള്ള തബോഗാ ദ്വീപ്‌ ഒന്നു കണ്ടിട്ടു പോരാമെന്ന് ശാസ്ത്രിജി നിർബന്ധം പിടിച്ചു. ഒട്ടും സമയം കളയാതെ ഞങ്ങൾ പിയർ 19-ൽ എത്തി. ബോട്ടുമാർഗ്ഗം ആദിവാസികളുടെ വില്ലേജുകൂടിയായ തബോഗാ ദ്വീപിൽ ചെന്നു. ജെട്ടിയിൽ നിന്നും നടന്ന് ദ്വീപിൻറ്റെ ഉൾഭാഗങ്ങൾ കണ്ടു. കൊച്ചുകൊച്ചു വഴികൾ, അനേക തരം പൂക്കൾ, കാട്, കുന്ന്, കുറുമുല്ല എന്നിവയെല്ലാമുണ്ട് ഈ ദ്വീപിൽ. ചെമ്പരത്തിയടക്കം അനേകതരം പൂക്കൾകൊണ്ട് സമൃദ്ധമായതുകൊണ്ട് തബോഗാ ദ്വീപിനെ പുഷ്പങ്ങളുടെ നാട് എന്നും വിളിക്കാറുണ്ട്. സന്ദർശകരുടെ ബാഹുല്യം കൊണ്ടായിരിക്കണം ഒരുപറ്റം ഹോട്ടലുകൾ തബോഗയിൽ കണ്ടു. ഞങ്ങൾ ലഞ്ച് കഴിച്ചത് ഹോട്ടൽ തബോഗയിലാണ്. മത്സ്യവിഭവങ്ങളായിരുന്നു മുഖ്യവിഭവങ്ങൾ.

ചരിത്രം അന്തിയുറങ്ങുന്ന ദ്വീപാണ് തബോഗ. പല ആദിവാസി ഗ്രൂപ്പുകൾ സുഖമായി പാർത്തുവരുമ്പോഴാണ് 1515-ൽ സ്പെയിൻകാർ ഈ ദ്വീപ്‌ കൈവശപ്പെടുത്തിയത് അനേകം പൂർവ്വനിവാസികളെ സ്പാനിഷ്‌ കുടിയേറ്റക്കാർ കൊലപ്പെടുത്തി. ശേഷിച്ചവരെ അടിമകളുമാക്കി. 1550-കളിൽ അടിമകളെ മോചിപ്പിച്ചെങ്കിലും അവർ ദ്വീപു വിട്ടുപോകാതെ കുടിയേറ്റക്കാരെ സേവിച്ചു കഴിഞ്ഞുവന്നു. അപ്പോഴിതാ അടുത്ത വിപത്ത്! ഇംഗ്ലീഷ്-ഫ്രഞ്ച് കടലക്കൊള്ളക്കാരുടെ ആക്രമണം. സ്പെയിൻകാർ കൂട്ടിവച്ചതെല്ലാം കൊള്ളക്കാർ തട്ടിയെടുത്തു. വീണ്ടും വീണ്ടും ആക്രമണവും പ്രത്യാക്രമണവും. തന്മൂലം പൂർവ്വനിവാസികളും അശരണരായി. രണ്ടാം ലോകമഹായുദ്ധകാലത്ത് യു. എസിന് പനാമയിൽ സ്വാധീനമുണ്ടായിരുന്നത്കൊണ്ട് തബോഗാദ്വീപ് അമേരിക്കൻ നാവികസേനയുടെ നിരീക്ഷണകേന്ദ്രമായി രൂപാന്തരപ്പെടുത്തി. ജർമ്മൻ നേവിയുടെ പസഫിക്കലേക്കുള്ള നീക്കത്തെ തടയുവാനായിരുന്നു ഈ ജാഗ്രത. ഉപേക്ഷിക്കപ്പെട്ട വലിയ തോക്കുകളും പീരങ്കികളും ഇവിടുത്തെ കുന്നിൻനെറുകയിൽ ഇപ്പോഴും കാണാം. ഔവർ ലേഡി ഓഫ് കാർമിൻറ്റെ ഒരു ദേവാലയം ഇവിടെയുണ്ട് 1550-ൽ നിർമ്മിച്ച അതിപുരാതന ദേവാലയമാണിത്. തിരുനാൾദിവസം മാതാവിൻറ്റെ രൂപം എഴുന്നള്ളിപ്പുണ്ടന്നു ഗ്രാമവാസികൾ പറഞ്ഞറിഞ്ഞു. ദ്വീപിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കിടയിൽ തിമിംഗലങ്ങൾ വെള്ളനിരപ്പിനു മുകളിലേക്കു കുതിച്ചുചാടുന്ന കാഴ്ച്ച രസകരം തന്നെ... (തുടരും)

(എം.സി ചാക്കോ മണ്ണാറക്കാട്ടിൽ)


മരിക്കാത്ത ഓർമ്മകൾ

വെറുതെ വീണുകിട്ടിയ ഒരുപിടി ഓർമ്മകളെ, അതിൻറ്റെ മണിച്ചെപ്പിൽ നിന്നും പൊടിതട്ടിയെടുത്ത്, അതിനു ചിറകുകൾ കൊടുത്തു പറന്നു പോകാൻ ആഗ്രഹിച്ചത് ബാല്യത്തിൻറ്റെ സുന്ദരലോകത്തിലേക്കാണ്..... എത്ര എത്ര വിസ്മയകാഴ്ചകൾ കണ്ടാലും ഇങ്ങനെ ഒരു തിരിഞ്ഞു നോട്ടത്തിന് കൊതിക്കാത്തവർ ആരുണ്ട് ?. കാരണം ആ യാത്രയിൽ മനസിലേക്ക് ഓടിവരുന്ന കൊച്ചു കൊച്ചു ഓർമ്മകളുടെ മാധുര്യം പറഞ്ഞറിയിക്കാവുന്നതിനും അപ്പുറമാണ്. വീടിനടുത്തെ പച്ചപാടങ്ങൾ, കഥ പറച്ചിലുമായി കൂട്ടുകാരോടൊപ്പം സ്കൂളിലേക്കുള്ള യാത്ര, അതിനിടയിലെ കൊച്ചു കൊച്ചു വഴക്കുകളും ഇണക്കങ്ങളും..... ചുറ്റും ഗ്രാമീണ ജീവിതത്തിൻറ്റെ നിഷ്കളങ്കത തുടിക്കുന്ന മുഖങ്ങൾ..... അങ്ങിനെ ഓർക്കാൻ ഒത്തിരി ഒത്തിരി കാര്യങ്ങൾ! ആദ്യാക്ഷരം ചൊല്ലിതന്ന ആശാൻറ്റെ കളരിയും, ഒന്ന് മുതൽ പത്തു വരെ പഠിച്ച സ്കൂളിൻറ്റെ ക്ലാസ്സ് മുറികളും പരിസരങ്ങളും, അവിടുത്തെ മുതിർന്ന വിദ്യാർത്ഥികൾ അധ്യാപകർക്ക് സ്നേഹപൂർവ്വം സമ്മാനിച്ച ഓമനപേരുകളുമൊക്കെ ഇന്നും മനസ്സിൽ മായാതെ തങ്ങി നിൽക്കുന്നു. ആ കലാലയം എനിക്ക് ഒത്തിരി അറിവുകളും, വിലമതിക്കാനാവാത്ത കുറെ നല്ല സുഹൃത്തുക്കളെയും ദാനമായി നൽകി. ഒന്നിനെ പറ്റിയും കൂടുതൽ ചിന്തിക്കാതെ, നാളെയെപറ്റി വേവലാതിപ്പെടാതെ, വർത്തമാനകാലത്തിൽ ഉള്ള ജീവിതം..... അന്നെപ്പോഴോ, വിരസത തോന്നിയ നിമിഷത്തിൽ, ബാലിശമായി ആഗ്രഹിച്ചു കാണും വളർന്നു വലിയ ആൾക്കാരെപോലെ ആകണമെന്ന്.... പക്ഷെ, കണ്ണടച്ച് തുറക്കും മുൻപേ ബാല്യം കഴിഞ്ഞുപോയി. എന്തിനോ ഉള്ള പരക്കം പാച്ചിലിനിടയിൽ കാലം ജീവിതത്തെ തിരക്കേറിയതാക്കി മാറ്റി. വർഷങ്ങൾ പുസ്തകതാളുകൾ മറിയുന്ന ലാഘവത്തോടെ കടന്നുപോയി. പലപ്പോളും ആ കുട്ടിക്കാലത്തിലേക്ക് മടങ്ങിപോകണമെന്നു ആഗ്രഹിച്ചെങ്കിലും കാലം അതിനു അനുവദിച്ചില്ല. അതിൻറ്റെ വേഗതയേറിയ യാത്രയിൽ അതെന്നെയും വലിച്ചിഴച്ചുകൊണ്ടിരുന്നു. ആ യാത്രയിൽ ഒത്തിരി നല്ല മനസുകളെയും ജീവിതങ്ങളെയും പരിചയപെട്ടു. ജീവിതത്തിൻറ്റെ ഭാഗമായി ചിലർ കൂടെ യാത്ര തുടർന്നു. ചിലർ പാതി വഴിയിൽ വിട പറഞ്ഞു. കഥ പറഞ്ഞു തീരും മുൻപേ, യവനിക വീഴും മുൻപേ മയങ്ങി വീണ കഥാപാത്രങ്ങളായി ചിലർ എന്നും മനസ്സിൽ ഓർമ്മയായി ജീവിക്കുന്നു.

എവിടെ തിരിഞ്ഞാലും എന്തു ചെയ്താലും ഓർമ്മകള് മാത്രം. മറവി ഒരു അനുഗ്രഹം ആണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷേ ചില ഓർമ്മകളെ മറവിക്ക് വിട്ടുകൊടുക്കാൻ നമ്മൾ മടിക്കുന്നു. കാരണം ഒരുമിച്ചു നടന്ന പാതയിൽ, ഒരാളെ നഷ്ടമായാൽ പിന്നെ അവരുടെ ഓർമ്മകളാണ് നമുക്ക് സ്വന്തം. ആ ഓർമ്മകളാണ് നമ്മുടെ ഉറ്റ സുഹൃത്തുക്കൾ. ചിന്തകൾ ഒരു തേങ്ങലാകുമ്പോൾ,കൂട്ടിനു എപ്പോഴും ഓടി എത്തുന്നത് ആ നല്ല ഓർമ്മകൾ ആണ്. അതുകൊണ്ട് നമ്മൾ ചില ഓർമ്മകൾ മറവിയിൽ നിന്ന് മറച്ച്, ഹൃദയത്തിൽ എന്നും സൂക്ഷിക്കാൻ ആഗ്രഹിക്കും.....

(ടെസ്സി അജി, യു. കെ)



എന്‍റെ ചിന്നുക്കുട്ടി (കഥ)

അങ്കിളേ... മഞ്ചങ്കിളെ... എന്തൊരു ഉറക്കമായിത്. ഞാന്‍ എത്രനേരമായി അങ്കിളിനെ വിളിക്കുന്നു. എഴുന്നേല്‍ക്ക് അങ്കിളേ... തുടരെത്തുടരെയുള്ള വിളികേട്ടാണ് ഞാന്‍ ഉണരുന്നത്. കണ്ണുകള്‍ തുറക്കാന്‍ കഴിയുന്നില്ല. പാതിതുറന്ന കണ്ണുമായി ഞാന്‍ ക്ലോക്കില്‍ നോക്കി. അഞ്ചുമണിയെ ആയുള്ളൂ. കണ്ണുതുറന്ന എനിക്കുമുന്നിലേയ്ക്ക് സുന്ദരിയായ ഒരു അഞ്ചുവയസുകാരി ഓടിയെത്തി. ഞാന്‍ അതിശയിച്ചുപോയി. ഇവള്‍... ചിന്നുക്കുട്ടി... ഇവള്‍ എങ്ങിനെ വന്നു ഇവിടെ. മോള്‍ എങ്ങിനെ, ആരുടെകൂടെയാണ് വന്നത്? അങ്കിള്‍ ഇവിടെ ഉണ്ടെന്ന് മോളോട് ആരുപറഞ്ഞു. ആയിരം ചോദ്യങ്ങള്‍ ഞാന്‍ മോളോടു ചോദിച്ചുകൊണ്ടിരുന്നു.

ഒന്നിനും മറുപടിപറയാതെ ചിരിച്ചുകൊണ്ടിരുന്നവള്‍. മുറിയുടെ വാതില്‍ അടഞ്ഞുതന്നെ കിടക്കുന്നു. ആരും കതകുതുറന്നുകൊടുക്കാതെ എങ്ങിനെ ഇവള്‍ അകത്തു കടന്നു? അപ്പോള്‍ ആണ് ചിന്നുക്കുട്ടിയുടെ കൈകളിലെയ്ക്ക് ഞാന്‍ ശ്രദ്ധിച്ചത്. ഞാന്‍ അവള്‍ക്കായി എന്‍റെ പെട്ടിയില്‍ വാങ്ങിവെച്ചിരുന്ന ബാര്‍ബി ഡോൾ. ഇതെങ്ങനെ അവളുടെ കൈയ്യിലെത്തി. എനിക്കെന്തോ വല്ലായ്മ തോന്നി. എന്‍റെ മുറിയില്‍ തൊട്ടടുത്ത കട്ടിലില്‍ കിടന്നുറങ്ങുന്ന റോണിയെ ഞാന്‍ നോക്കി. അവന്‍ ഒന്നും അറിയാതെ നല്ല ഉറക്കമാണ്.

ഞാന്‍ മോളെ പിടിച്ചു മടിയില്‍ ഇരുത്തി. കവിളില്‍ ഒരുമ്മ കൊടുത്തു. വിശേഷങ്ങള്‍ പറഞ്ഞു. അവള്‍ക്കാകെ പരിഭവമായിരുന്നു. എത്ര നാളായി ഞാന്‍ അങ്കിളിനെ കാത്തിരിക്കുന്നു. ബാര്‍ബിയും, മഞ്ചും വാങ്ങി വരാം എന്നുപറഞ്ഞു പോയതല്ലേ. ഞാന്‍ എന്നും അങ്കിളിനെ നോക്കിയിരിക്കുമായിരുന്നു. എന്‍റെ മഞ്ച് എവിടെ അങ്കിള്‍? അയ്യോ മോളെ ഇവിടെ മഞ്ച് കിട്ടില്ല. മോള്‍ക്ക്‌ മഞ്ചിനുപകരം അങ്കിള്‍ വേറെ നല്ല ചോക്ക്ലേറ്റ് തരാം. മോളെ മടിയില്‍നിന്നും കട്ടിലില്‍ ഇരുത്തി ഞാന്‍ വേഗം അടുക്കളയില്‍ ചെന്നു. ഫ്രിഡ്ജ് തുറന്ന്‍ കൈനിറയെ ചോക്ലേറ്റുമായി മോള്‍ക്കരുകിലേയ്ക്ക് ഓടിയെത്തി.

മുറിയില്‍ വന്നുനോക്കിയ ഞാന്‍ അവളെ അവിടെങ്ങും കണ്ടില്ല. മോളെ ചിന്നുക്കുട്ടി... നീ എവിടാ? ഇതാ മോള്‍ക്ക്‌ ചോക്ലേറ്റ്. അവളെ അവിടെങ്ങും കാണാനില്ല. ഞാന്‍ ആ വീടുമുഴുവന്‍ ചിന്നുവിനെ വിളിച്ച് ഓടിനടന്നു. അവളെ എങ്ങും കാണാനില്ല.

എന്‍റെ ബഹളംകേട്ട് റോണി ഉണര്‍ന്നു. എന്താടാ... നീ എന്നാടാ കിടന്നു കൂവുന്നെ. ചിന്നുക്കുട്ടിയോ? അതാരാ? നിനക്ക് രാവിലെതന്നെ വട്ടായോ? അതോ ഞാനറിയാതെ രണ്ടെണ്ണം വീശിയോ? നീ വലിയ സത്യവാനല്ലേ... കള്ളുകുടിക്കില്ല. യാതൊരുവിധ അലുക്കുലുത്തുമില്ല. എന്നൊക്കെയാ ഞാന്‍ കരുതിയെ... ഹ..ഹ... അപ്പോള്‍ എനിക്കുതെറ്റി അല്ലെ... രാവിലെ രണ്ടു വീശിയിട്ട്‌ ചിന്നുമോളെ വിളിക്കുന്നോ... ഹ..ഹ ചിന്നുമോള്‍... അതാരാടാ?

എടാ റോണി... ഞാന്‍ കള്ളുകുടിച്ചിട്ടൊന്നുമില്ല. ഇവിടെ വന്ന ആ കുട്ടിയെ നീ അപ്പോള്‍ കണ്ടില്ല അല്ലെ? ഞാന്‍ കരുതി നീയാണ് മുറിയുടെ വാതില്‍ ചിന്നുക്കുട്ടിക്ക് തുറന്നുകൊടുത്തതെന്ന്. പിന്നെങ്ങനെ അവള്‍ മുറിയില്‍ കടന്നു. ഈശ്വരാ... എന്തൊക്കെയാ ഈ കാണുന്നത്. ഇനി ഞാന്‍ സ്വപ്നം കണ്ടതാകുമോ? പെട്ടെന്നാണ് ഞാന്‍ കട്ടിലില്‍ ഇരിക്കുന്ന ബാര്‍ബ്ബിയെ കാണുന്നത്. ദേ... നോക്കിക്കേ... ഇതു ചിന്നുക്കുട്ടിയുടെ കൈയ്യില്‍ ഇരിക്കുന്നത് ഞാന്‍ കണ്ടതാ. ഈ പാവ ഞാന്‍ അവള്‍ക്കുവേണ്ടി വാങ്ങി എന്‍റെ പെട്ടിയില്‍ സൂക്ഷിച്ചിരുന്നതാണ്. അതെങ്ങിനെ ഇവിടെ വന്നു? ആകെ കണ്‍ഫ്യൂഷന്‍ ആയെല്ലോ.

റോണിക്കും എന്തോ പന്തികേട്‌ തോന്നിത്തുടങ്ങി. പെട്ടെന്നതാ ഫോണ്‍ ബെല്ലടിക്കുന്നു. ഞാന്‍ ഫോണെടുത്തുനോക്കി. നാട്ടിലെ നമ്പര്‍. ഇതു നമ്മുടെ സ്മിത്ത് ആണെല്ലോ. എന്തിനാ ഈ കൊച്ചുവെളുപ്പാന്‍കാലത്ത്‌ അവന്‍ വിളിക്കുന്നത്‌ എന്നുപുലമ്പിക്കൊണ്ട് ഞാന്‍ ഫോണെടുത്തു. എടാ മച്ചാ... നമ്മുടെ ചിന്നുക്കുട്ടിയില്ലേ അവള്‍ ഇന്നുകാലത്ത് നമ്മളെ വിട്ടുപോയെടാ. ഇന്നലെയും ഞാന്‍ ആശുപത്രിയില്‍ അവളെകാണാന്‍ പോയിരുന്നു. നിന്നെ കാണണമെന്ന് കുറെ വാശിപ്പിടിച്ചു. ഉടനെതന്നെ നീ വരുമെന്നും ഞാന്‍ പറഞ്ഞിരുന്നു. ഇത്ര പെട്ടെന്ന് ഇങ്ങനെ സംഭവിക്കുമെന്ന് ഞാന്‍ സ്വപ്നത്തില്‍പ്പോലും കരുതിയില്ല. ഞാനാകെ തകര്‍ന്നുപോയി. പാവം കുഞ്ഞ്. അച്ഛനും അമ്മയുമില്ലാതെ, ഈ കുഞ്ഞുപ്രായത്തില്‍ മാറാരോഗവുമായി...

അടുത്തുകണ്ട കസേരയില്‍ കണ്ണടച്ച് ഞാനിരുന്നു. പഴയകാല ഓര്‍മകളില്‍ മനസ് സഞ്ചരിച്ചുകൊണ്ടേയിരുന്നു... ബാഗ്ലൂര്‍ പഠിക്കുന്ന കാലത്ത് നാട്ടില്‍ വന്നു തിരികെ പോകുമ്പോള്‍ ട്രെയിനില്‍ വെച്ചാണ് ഞാന്‍ നിമ്മിയെയും, സ്വരൂപിനെയും ആദ്യമായി കാണുന്നത്. ഞാന്‍ ഇരുന്ന സീറ്റിനു എതിരെയുള്ള സീറ്റിലാണവര്‍ ഇരുന്നത്. അതിസുന്ദരിയായിരുന്നു നിമ്മി. മനോഹരമായ വിടര്‍ന്ന കണ്ണുകള്‍. നീണ്ടിടതൂര്‍ന്ന മുടി. ആരുകണ്ടാലും നോക്കി നില്‍ക്കുന്ന സൗന്ദര്യം. സ്വരൂപും അതിസുന്ദരന്‍ തന്നെ. കാണുന്നവര്‍ക്ക് അസൂയ തോന്നുന്ന ദമ്പതികള്‍. അവര്‍ വളരെ സന്തോഷമുള്ളവരായി കാണപ്പെട്ടു. യാത്രക്കിടയില്‍ അവര്‍ എന്നെ പരിചയപ്പെട്ടു.

ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി ഞാന്‍ മമ്മിതന്ന ചോറുപൊതി അഴിച്ചുകൊണ്ട് പറഞ്ഞു. എവിടെ പോയാലും വീട്ടില്‍നിന്നും ഭക്ഷണം കൊണ്ടുപോരും. മമ്മിക്കത് നിര്‍ബ്ബന്ധം ആണ്. ഒരു പൊതിയല്ല രണ്ടെണ്ണം തരും. സ്കൂളില്‍ പഠിക്കുമ്പോള്‍ മുതലുള്ള ശീലമാ. ആഹാരം കൊണ്ടുവാരാത്തവര്‍ക്ക് കൊടുക്കാന്‍ മമ്മി നിര്‍ബന്ധമായും തന്നുവിടുന്നതാണ്. ആ ശീലം ഇപ്പോഴും തുടരുന്നു. ഇന്നും ഉണ്ട് രണ്ടുപൊതി. വിഷമം ഇല്ലെങ്കില്‍ ഞാന്‍ ഒരു പൊതി തരട്ടെ... കഴിക്ക്. നല്ല ചുട്ട തേങ്ങാചമ്മന്തിയും, ബീന്‍സ് മെഴുക്കുപ്പുരട്ടിയും, മീന്‍ വറുത്തതും ഉണ്ട്. എടുക്കട്ടെ?

ഞാന്‍ പറഞ്ഞു കഴിയും മുന്‍പേ നിമ്മി എന്‍റെ ബാഗ് കരസ്ഥമാക്കി. അവള്‍ തന്നെ ബാഗില്‍നിന്നും പൊതിയെടുത്ത് അഴിച്ചു. രണ്ടുപേരും ആര്‍ത്തിയോടെ അതുകഴിക്കുന്നു. ഞാന്‍ ചിരിച്ചു. നല്ല തണുത്ത വള്ളം എനിക്കവള്‍ കുടിക്കാന്‍ തന്നു. അങ്ങനെ മുന്‍പത്തേക്കാള്‍ കൂട്ടുകാരായി ഞങ്ങള്‍. വളരെ സന്തോഷകരമായിരുന്നു ഞങ്ങളുടെ യാത്ര.

ആ യാത്രയില്‍ അവര്‍ അവരുടെ കഥ പറഞ്ഞു. സ്വന്തം വീടും, വീട്ടുകാരെയും ഉപേക്ഷിച്ച് നാടുവിടുകയാണവര്‍. സ്വരൂപ്‌ ഒരു നായര്‍ തറവാട്ടിലാണ് ജനിച്ചത്‌. ജനിച്ചതും വളര്‍ന്നതുമെല്ലാം ബാഗ്ലൂര്‍ ആണ്. നിമ്മി ഒരു ക്രിസ്ത്യാനിയാണ്. നിമ്മിയുടെ അയല്‍പക്കത്തെ വീട്ടിലാണ് സ്വരൂപിന്‍റെ അമ്മാവന്‍ താമസിക്കുന്നത്. ഇടക്കൊക്കെ അമ്മാവന്‍റെ വീട്ടില്‍ വന്നു താമസിക്കുമായിരുന്നു സ്വരൂപ്‌. അവിടെവെച്ചാണ് നിമ്മിയുമായി പ്രണയത്തിലാകുന്നത്. രണ്ടു മതക്കാരായതിനാല്‍ കുടുംബക്കാര്‍ വിവാഹത്തിന് എതിരായി. അങ്ങനെയാണ് അവര്‍ നാടുവിടാന്‍ തീരുമാനിച്ചത്.

വിശേഷങ്ങള്‍ പറഞ്ഞും, കളിച്ചും ചിരിച്ചും ഞങ്ങള്‍ ഇറങ്ങേണ്ട സ്ഥലമായി. സെന്‍ട്രല്‍ സ്റ്റേഷനില്‍ ഞങ്ങളെല്ലാവരും ഇറങ്ങി. പരസ്പരം ഫോണ്‍ നമ്പരും, അഡ്രസും വാങ്ങി ഞങ്ങള്‍ പിരിഞ്ഞു. പിന്നീട് എന്നും തന്നെ പരസ്പരം ഞങ്ങള്‍ കോണ്‍ടാക്റ്റ്‌ ചെയ്യുമായിരുന്നു.

മാസങ്ങള്‍ കഴിഞ്ഞു... എനിക്ക് ജോലിയില്‍ തിരക്കായി. അവരും അങ്ങനെതന്നെ ആവാം. ഇടയ്ക്കെപ്പോഴോ ഞങ്ങളുടെ കോണ്‍ടാക്റ്റ്‌ നഷ്ടമായി. അതിനുശേഷം ഒരിക്കല്‍ ഞാന്‍ അവരെ ഫോണില്‍ വിളിച്ചു. യാതൊരുവിധ പ്രതികരണവും ഇല്ല. അവരെക്കുറിച്ച് വിവരമൊന്നും കിട്ടാതായപ്പോള്‍ അവര്‍ തന്ന അഡ്രെസ്സില്‍ തിരക്കിനോക്കി. അവര്‍ അവിടെനിന്നും എങ്ങോട്ടോ പോയി എന്നറിയാന്‍ കഴിഞ്ഞു. അങ്ങിനെ ആ ബന്ധം അവിടെ കഴിഞ്ഞു.

ഞാന്‍ ബാംഗ്ലൂര്‍ ജോലിചെയ്യുന്നതിനിടയില്‍ അതിനോട് അനുബന്ധിച്ചുള്ള ഒരു പ്രോജക്റ്റി‌ന്‍റെ ഭാഗമായി എനിക്ക് ഒരു മാസം ആശാ ഫൗണ്ടേഷന്‍ എന്ന ആരോരുമില്ലത്ത എയിഡ്സ് ബാധിതരായ കുട്ടികളെയും മുതിര്‍ന്നവരെയും സംരക്ഷിക്കുന്ന ക്രിസ്ത്യന്‍ മിഷനറിമാരുടെ നേതൃത്ത്വത്തിലുള്ള ആശ്രമത്തില്‍ ജോലി ചെയ്യേണ്ടതായി വന്നു. അവിടെ ഏകദേശം 162 HIV ബാധിതരായ കുട്ടികളും അതുപോലെ 120 ഓളം മുതിര്‍ന്നവരും ഉണ്ടായിരുന്നു. അവിടുള്ള 99 ശതമാനം കുട്ടികളുടേയും മാതാപിതാക്കള്‍എയിഡ്സ് രോഗംമൂലം മരിച്ചവരാണ്‌.

അവിടെ ജോലിക്കിടയില്‍ ആരോ എന്‍റെ പേരു വിളിക്കുന്നത്‌ കേട്ടാണ് ഞാന്‍ തിരിഞ്ഞുനോക്കിയത്. എവിടെയോ കേട്ടുമറന്ന സ്വരം. വല്ലാതെ വിളറി മെലിഞ്ഞ ഒരു സ്ത്രീ രൂപം കട്ടിലില്‍ കിടക്കുന്നു. കണ്ണുകള്‍ കുഴിയിലേയ്ക്കിറങ്ങി, ആകെ വികൃതമായ രൂപം. ആ സ്ത്രീയ്ക്കരുകില്‍ ഞാന്‍ ചെന്നു. കണ്ണുകള്‍ നിറഞ്ഞു കവിളിലൂടെ ഒഴുകുന്നു. ടിങ്കു എന്നെ ഓര്‍ക്കുന്നില്ലേ? ഞാന്‍ അവരുടെ കണ്ണുകളില്‍ നോക്കി. ഇല്ല. ക്ഷമിക്കണം എനിക്കോര്‍ക്കാന്‍ കഴിയുന്നില്ലെല്ലോ. വീണ്ടും വീണ്ടും ആ സ്ത്രീ പൊട്ടിക്കരഞ്ഞു. ഞാന്‍ നിമ്മിയാണ്. ഞാന്‍ ഞെട്ടിപ്പോയി. അതിസുന്ദരിയായിരുന്ന ആ പഴയ നിമ്മിയാണ് തനിക്കുമുന്നില്‍ വികൃതരൂപിയായി കിടക്കുന്നത് എന്ന് ചിന്തിക്കാനേ എനിക്കാകുന്നില്ല.

എയിഡസ് ബാധിതനായിരുന്ന സ്വരൂപില്‍ നിന്നുമാണ് തനിക്കും, ഏകമകള്‍ ചിന്നുക്കുട്ടിക്കും രോഗം പകര്‍ന്നുകിട്ടുന്നത്. മോള്‍ക്ക്‌ ഒരുവയസ് തികയും മുന്‍പേ സ്വരൂപ്‌ ഒരു വാഹനാപകടത്തില്‍ മരണമടഞ്ഞു. ഞാന്‍ ഗര്‍ഭിണിയായിരുന്നപ്പോള്‍ ചെയ്ത ടെസ്റ്റുകളിലാണ് എനിക്ക് HIV ആണെന്ന് അറിയുന്നത്. സ്വരൂപിന്‍റെ കുത്തഴിഞ്ഞ കോള്‍സെന്‍റെര്‍ ജീവിതമാണ് അവനെ മാറാരോഗത്തിനടിമയാക്കിയത്. എനിക്ക് ഇനി അധികനാള്‍ ജീവിതമില്ലെന്നും എനിക്കറിയാം. എന്‍റെ മോളെ ഓര്‍ത്താണ് എനിക്കു ദുഃഖം. ഞാന്‍ കൂടി ഇല്ലാതായാല്‍ ഈ ലോകത്ത് അവള്‍ക്കാരുണ്ട്? അവള്‍ എങ്ങിനെ ജീവിക്കും. ഞാന്‍ ഇല്ലാതായാലും ഇടയ്ക്കെങ്കിലും ഈ അനാഥാലയത്തില്‍ അവളെ കാണാന്‍ വരില്ലേ? അവള്‍ക്കു ആരെങ്കിലും ഉണ്ടെന്നെങ്കിലും തോന്നാന്‍ വേണ്ടി മാത്രം. അതുകേട്ട ഞാന്‍ കരഞ്ഞുപോയി. നിമ്മിയുടെ കയ്യില്‍ പിടിച്ചു ഞാന്‍ ആശ്വസിപ്പിച്ചു. ചിന്നുമോള്‍ക്ക്‌ എന്നും കൂട്ടായി ഞാന്‍ കാണും.പിറ്റേന്ന് രാവിലെ ജോലിക്കുവന്ന ഞാന്‍ കേള്‍ക്കുന്നത് നിമ്മിയുടെ മരണവാര്‍ത്തയാണ്. ആ സംഭവം എനിക്ക് വല്ലാത്തൊരാഘാതമായി. അന്നുമുതല്‍ രാവിലെയും വൈകിട്ടും ഞാന്‍ ചിന്നുമോളുടെ ആശാഭാവനില്‍ പോകും. കൈയ്യില്‍ അവള്‍ക്കായി മഞ്ചുമിഠായിയും കരുതും. അതൊരു ശീലമായി.

പെട്ടെന്നാണ് ആ ഒരു മാസം അവസാനിച്ചത്‌. മോളോട് യാത്രപറഞ്ഞ്‌ വീണ്ടും എത്രയുംവേഗം മോളെ കാണാന്‍ വരും, എന്നുപറഞ്ഞ് ഇറങ്ങിനടന്ന എന്നെ പിന്നില്‍നിന്ന് അവള്‍ വിളിച്ചു. അങ്കിള്‍... മഞ്ചങ്കിൾ... ഇനി വരുമ്പോള്‍ എനിക്ക് മഞ്ചുമാത്രം പോരാ, ബാര്‍ബി കൂടിവേണം. ഞാന്‍ ചോദിച്ചു, ബാര്‍ബിയോ അതെന്താണ്. അയ്യേ... ഈ മഞ്ചങ്കിളിന് ഒന്നുമറിയില്ല. ബാര്‍ബി... ബാര്‍ബി പാവ. എനിക്ക് കളിക്കാനാ. ഓ... അത്രേയുള്ളോ? അത് അങ്കിള്‍ ഏറ്റു. മോള്‍ നന്നായി പഠിച്ചു മിടുക്കിയായി ഇരിക്കണം. ബാര്‍ബിയും, മഞ്ചും ഒക്കെയായി അങ്കിള്‍ പെട്ടെന്നു വരാട്ടോ. വെറുതെ ഒന്ന് തിരിഞ്ഞുനോക്കി. ആ കുഞ്ഞുകണ്ണുകള്‍ നിറഞ്ഞുതുളുമ്പി നില്‍ക്കുന്നു. മനസു തേങ്ങിപ്പോയി. പാവം കുഞ്ഞ്. ഇനി എത്രനാള്‍... അമ്മയെപ്പോലെ ഈ കുഞ്ഞും... വേണ്ട. അങ്ങനെയൊന്നും ചിന്തിക്കാന്‍ പോലും എനിക്കാകുന്നില്ല.

ചിന്നുക്കുട്ടിക്ക് വേണ്ടുന്നതെല്ലാം ചെയ്യാൻ എന്‍റെ സുഹൃത്ത്‌ സ്മിത്തിനെ പറഞ്ഞേല്‍പ്പിച്ച് തിരിഞ്ഞുനടക്കുമ്പോള്‍ മനസിന്‌ വല്ലാത്ത വേദനയായിരുന്നു. സ്വന്തം കുഞ്ഞിനെ പിരിഞ്ഞ ഒരു പെറ്റമ്മയുടെ മനസിന്‍റെ വേദന. വളരെകുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ അവളെന്‍റെ എല്ലാമെല്ലാമായിമാറിയിരുന്നു. അച്ഛനുമമ്മയും നഷ്ടപ്പെട്ടതിനാലും, മറ്റുള്ളവരുടെ അവഗണനയും മൂലമാകാം ഞാന്‍ അവളോട്‌ സ്നേഹം കാണിച്ചപ്പോള്‍ അവള്‍ എന്നില്‍ അമിതപ്രതീക്ഷ പുലര്‍ത്തിയതും എന്തിലും ഉപരിയായി എന്നെ സ്നേഹിച്ചതും. ഈശ്വരന്മാരെ ഈ കുഞ്ഞിനു കൂട്ടായിരിക്കണേ. അന്ന് പിരിഞ്ഞതാണ് ഞാന്‍ അവളെ. പിന്നീട് പെട്ടെന്നാണ് എനിക്ക് ഇസ്രയേലില്‍ ജോലികിട്ടിയതും, ഇങ്ങോട്ട് പുറപ്പെട്ടതും. അതിനിടക്ക് മോളെ ഒന്നുപോയി കാണാൻപോ‍ലും കഴിഞ്ഞില്ല.

ഇപ്രാവശ്യം നാട്ടില്‍ പോകുമ്പോള്‍ അവളെയും കൂട്ടി എന്‍റെ വീട്ടില്‍ പോകണമെന്നും, അവള്‍ക്കു സന്തോഷമുള്ള കാര്യങ്ങള്‍ ചെയ്യണമെന്നും കരുതിയിരുന്നു. അവള്‍ക്കായി മനോഹരമായ ഒരു ബാര്‍ബിയെയും വാങ്ങി പെട്ടിയില്‍ സൂക്ഷിച്ചു. ആ കുഞ്ഞുമനസ് എന്നെക്കാണാന്‍ എത്ര കൊതിച്ചിട്ടുണ്ടാകും. ഒന്നും ഓര്‍ക്കാന്‍ വയ്യ.

റോണി തട്ടിവിളിച്ചപ്പോള്‍ കണ്ണുതുറന്നു. മെല്ലെ എഴുന്നേറ്റു. യാന്ത്രികമായി പ്രഭാതകൃത്യങ്ങള്‍ ചെയ്ത്, ഡ്രസ്സ്‌ മാറി നീറുന്ന മനസുമായി ജോലിക്കിറങ്ങി. അപ്പോഴും മനസുമുഴുവന്‍ ചിന്നുകുട്ടിയുടെ പുഞ്ചിരിക്കുന്ന മുഖമാണ്. അവള്‍ക്കുവേണ്ടി ഇത്തിരികൂടി എന്തെങ്കിലും ചെയ്യാന്‍ കഴിയാത്തതില്‍ മനസ് വല്ലാതെ തേങ്ങുന്നു. എന്‍റെ ചിന്നുമോളുടെ ആത്മശാന്തിക്കായി പ്രാര്‍ഥിക്കാന്‍ മാത്രമേ ഇനി എനിക്കാവൂ...

(ടിങ്കു ഫ്രാൻസിസ് വാലയിൽ)




പുതിയ സിനിമ - ബാഹുബലി & മധുരനാരങ്ങ

ബാഹുബലി

ഇന്ത്യൻ സിനിമാചരിത്രത്തിലെ ഏറ്റവും ചെലവേറിയ ബ്രഹ്മാണ്ട ചിത്രമായ ബാഹുബലി തിയറ്ററുകളിലെത്തി. സൂപ്പർഹിറ്റ് സംവിധായകൻ എസ്. എസ് രാജമൗലിയാണ് ഈ ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്‌തത്. ഒരേ സമയം തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ എത്തുന്ന സിനിമയിൽ പ്രഭാസ്, റാണ ദഗ്ഗുബതി, അനുഷ്‌ക ഷെട്ടി, തമന്ന, രമ്യ കൃഷ്‌ണൻ, സത്യരാജ്, നാസർ തുടങ്ങിയവരാണ് വേഷമിടുന്നത്.

ഇന്ത്യയില്‍ 500 കോടിയിലേറെ കളക്ഷനില്‍ എത്തുന്ന ആദ്യ ബോളിവുഡ് ഇതര ചിത്രമെന്ന റെക്കോർഡ് ബാഹുബലി സ്വന്തമാക്കിയിരിക്കുകയാണ്. റിലീസ് ചെയ്ത് നാലാഴ്ചകള്‍ പിന്നിടുമ്പോഴും തിയറ്ററുകളില്‍ നിറഞ്ഞ സദസ്സോടെയാണ് ബാഹുബലിയുടെ പ്രദർശനം തുടരുന്നത്. ബോളിവുഡ് ചിത്രങ്ങളായ പി.കെ, ധൂം-3 എന്നീ ചിത്രങ്ങള്‍ മാത്രമാണ് ഇതുവരെ 500 കോടി ക്ലബ്ബില്‍ എത്തിയിരുന്നത്. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി രണ്ടായിരത്തോളം തിയറ്ററുകളിലാണ് ബാഹുബലി പ്രദർശനത്തിന് എത്തിയത്. ഇരുന്നൂറ്റി അമ്പത് കോടിയോളം മുതല്‍ മുടക്കി നിർമ്മിച്ചിരിക്കുന്ന ബാഹുബലിയുടെ രണ്ടാം ഭാഗം അടുത്ത വർഷമാണ് പ്രദർശനത്തിനെത്തുക. രണ്ടാം ഭാഗത്തിൻറ്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ഇപ്പോള്‍ നടന്ന് വരികയാണ്.

ബാഹുബലി ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഇതിഹാസമെന്നാണ് വിശേഷിപ്പിക്കുന്നത്. രാമയണത്തോടും മഹാഭാരതത്തോടും സാമ്യം തോന്നുന്നുണ്ടെങ്കിലും ഇതൊരു മഹാഭാരതമോ രാമയണമോ അല്ല. മഹിഷ്മതി എന്ന പൗരാണിക രാജ്യത്ത് അധികാരം സ്ഥാപിച്ചെടുക്കാനുള്ള രണ്ടു സഹോദരങ്ങളുടെ ഏറ്റുമുട്ടലിൻറ്റെ കഥയാണ്‌ "ബാഹുബലി".

ബാഹുബലിയുടെ ഒന്നാം ഭാഗത്തില്‍ കട്ടപ്പ ബാഹുബലിയെ കൊന്നത് എന്തുകൊണ്ട്? പ്രേക്ഷകരെ കൂടുതല്‍ കുഴപ്പിക്കുന്ന ഒരു സംഭവമായിരുന്നു ഇത്. നിരവധി വിശദീകരണങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. കട്ടപ്പ എന്നും ബാഹുബലിയുടെ വിശ്വസ്തനാണ്, അതുപോലെ തന്നെയാണ് ശിവകാമി ദേവിക്കും, എന്നാല്‍ അതിനെല്ലാം ഉപരി മറ്റൊരാൾക്ക് കട്ടപ്പ കടപ്പെട്ടവനാണ്. അതാണ് കട്ടപ്പ ബാഹുബലിയെ കൊല്ലാനുള്ള കാരണമെന്ന് സംവിധായകന്‍ രാജമൗലി പറയുന്നു. മഹേന്ദ്ര ബാഹുബലിയെ കട്ടപ്പ കൊല്ലുന്നതോടെയാണ് ബാഹുബലി എന്ന ചിത്രത്തിൻറ്റെ ആദ്യഭാഗം അവസാനിക്കുന്നത്. എന്തിന് കട്ടപ്പ ബാഹുബലിയെ കൊന്നു എന്ന സംശയത്തോടെ ചിത്രം അവസാനിക്കുമ്പോള്‍ രണ്ടാം ഭാഗം ഏറെ പ്രതീക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കും. അതായിരുന്നു സംവിധായകന്‍ ആദ്യം ഈ സസ്‌പെൻസിന് നല്കിയ മറുപടി.

ഇത്രയും റെക്കോർഡുകള്‍ വാരിക്കൂട്ടിയ ഒരു സിനിമ ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല എന്നതില്‍ സംശയമില്ലാത്ത കാര്യമാണ്. ഇന്ത്യയില്‍ നിർമ്മിക്കപ്പെട്ട സിനിമകളില്‍ വച്ച് ഏറ്റവും ചെലവേറിയ ചിത്രം എന്ന റെക്കോർഡിലാണ് ബാഹുബലിയുടെ തുടക്കം. ചിത്രീകരണം തുടങ്ങി ചിത്രം വെള്ളിത്തിരയില്‍ എത്തുമ്പോള്‍ വരെ ചിത്രത്തിന് ലഭിക്കുന്നത് റെക്കോർഡുകള്‍ മാത്രമാണ്. ചരിത്രവുമായോ യാഥാർത്ഥ്യവുമായോ ചിത്രത്തിന് ഒരു ബന്ധവുമില്ലെങ്കിലും ബാഹുബലി ഇന്ത്യന്‍ ചലച്ചിത്ര രംഗത്ത് ഒരു ചരിത്രം തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്. ചിത്രത്തിൻറ്റെ സ്‌ക്രിപ്റ്റ് രണ്ടരമാസം കൊണ്ട് പൂർത്തിയാക്കിയെങ്കിലും ഒരു വർഷ‌ത്തിലേറെ സമയമെടുത്താണ് ചിത്രത്തിൻറ്റെ സെറ്റും ഡിസൈനും ഒരുക്കിയത്. തമിഴ്,ഹിന്ദി,തെലുങ്ക്, മലയാളം തുടങ്ങിയ ഇന്ത്യന്‍ ഭാഷകളില്‍ നിർമ്മിച്ച ചിത്രം വിദേശ ഭാഷകളിലും മൊഴി മാറ്റം നടത്തിയാണ് പ്രദർശനത്തിനെത്തിയിരിക്കുന്നത്. റെക്കോർഡുകളുടെ പെരുമഴ തീർത്ത ബാഹുബലിയുടെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ് 2016 വരെ.

മധുരനാരങ്ങ

"ഓര്‍ഡിനറി" കൂട്ടുകെട്ട് വീണ്ടും അതേ പടി മധുരനാരങ്ങയില്‍ ഒന്നിച്ചപ്പോള്‍ അതില്‍ താഴേ പോകുമോ എന്ന ആകാംഷയെ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ മധുര നാരങ്ങ അതുക്കും മേലെയാണ്. മധുരമുള്ള ചിത്രം എന്ന് പറഞ്ഞാല്‍ അത് സിനിമയ്ക്ക് ചേരില്ല. ഒരു സംഭവ കഥയെ ആസ്പദമാക്കി ഒരുക്കിയ സിനിമയായതുകൊണ്ട് തന്നെ എരിവുള്ള മധുര നാരങ്ങ എന്ന് പറയുന്നത് നന്നായിരിക്കും. ആദ്യാവസാനം വരെ പ്രേക്ഷകനെ ആ അനുഭവകഥയില്‍ ഇരുത്താല്‍ കെല്‍പുള്ള തിരക്കഥയും.

ജീവനും (കുഞ്ചാക്കോ ബോബൻ), സലീമും (ബിജു മേനോൻ) ഗൾഫിൽ ടാക്സി ഡ്രൈവർമാരാണ്. കുമാറുമായി (നീരജ് മാധവ്) ഇവർ ഒരു ചെറിയ അപ്പാർട്ട്മെൻറ്റ് ഷെയർ ചെയ്തു ജീവിക്കുകയാണ്. ഈ പ്രവാസികളുടെ ജീവിതത്തിലേക്ക് ഒരു ശ്രീലങ്കന്‍ തമിഴ് പെണ്‍കൊടി കടന്നുവരുന്നതോടെയാണ് മധുരനാരങ്ങയുടെ കഥ ആരംഭിയ്ക്കുന്നത്. എണ്‍പതുകളിലും തൊണ്ണൂറുകളിലും കണ്ട സിനിമകളിലേതു പോലെ അവിവാഹിതരായ ചങ്ങാതിമാരും അപ്രതീക്ഷിതമായി കടന്നുവരുന്ന പ്രതിസന്ധിയും അതില്‍ നിന്ന് അതിജീവിക്കുന്ന ക്ലൈമാക്‌സുമാണ് ചിത്രത്തിൻറ്റെ രൂപരേഖ. തിരക്കഥയുടെ ബലവും അഭിനയത്തിൻറ്റെ മികവും സംവിധാനത്തിൻറ്റെ അടക്കവുമാണ് ചിത്രത്തെ ഈ പറഞ്ഞ ക്ലീഷെയില്‍ നിന്ന് വേറിട്ടു നിര്‍ത്തുന്നത്.

നര്‍മഭരിതമായ ആദ്യ പകുതി കഴിയുമ്പോള്‍ രണ്ടാം പകുതിയില്‍ ചിത്രം അതിൻറ്റെ ഗൗരവത്തിലേക്ക് കടക്കുന്നു. ഒരു സസ്‌പെന്‍സ് ത്രില്ലര്‍ അല്ലെങ്കിലും, അടുത്തത് എന്ത് നടക്കും എന്നറിയാന്‍ ഒരു ആകാംക്ഷ പ്രേക്ഷകനുണ്ടാവും. കഥയിലേക്ക് പ്രേക്ഷകരെയും എത്തിക്കുന്നിടത്ത് സംവിധായകന്‍ വിജയിച്ചു. എന്നാല്‍ ട്വിസ്റ്റ് ആദ്യം സൃഷ്ടിച്ച്, പിന്നീട് സിനിമ ഉണ്ടാക്കിയത് ചിലപ്പോള്‍ ചിലരില്‍ മധുരനാരങ്ങയ്ക്ക് പുളിപ്പ് തോന്നിയേക്കാം.

അഭിനയത്തിലേക്കെത്തുമ്പോള്‍ കുഞ്ചാക്കോ ബോബൻറ്റെ പ്രകടനം വിശ്വസിനീയമാണ്. ബിജു മേനോന്‍ മികച്ച ടൈമിംഗിനൊപ്പം ഹാസ്യരംഗങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴും ഓര്‍ഡിനറി ഹാംഗോവര്‍ വിട്ടുപോവുന്നില്ല. നീരജ് മാധവ് സ്വാഭാവികത കൈവിടാതെ കഥാപാത്രമായി. തൻറ്റെ അഭിനയ പാരമ്പര്യം അച്ഛൻറ്റെ പേരില്‍ മാത്രമൊതുങ്ങുന്നതല്ലെന്ന് കാണിച്ചു തരുന്ന അഭിനയമായിരുന്നു നായികയായെത്തിയ പാര്‍വ്വതി രതീഷിൻറ്റെത്. സുരാജ് വെഞ്ഞാറമ്മൂട്, സാദിഖ്, അപർണാ നായർ, മിഥുൻ രമേശ്‌ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

ഓര്‍ഡിനറിയ്ക്ക് ശേഷം ത്രി ഡോട്‌സ്, ഒന്നും മിണ്ടാതെ എന്നീ ചിത്രങ്ങളിലൂടെ അൽപ്പം താഴോട്ട് പോയെങ്കിലും സുഗീത് എന്ന സംവിധായകന്‍ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു കയറുന്നതാണ് മധുരനാരങ്ങയില്‍ കണ്ടത്. ഒരു സംഭവകഥയെ സിനിമയാക്കത്തക്കവണ്ണം പരുവപ്പെടുത്തി എഴുതിയ തിരക്കഥയിലൂടെ നിഷാദ് കോയ സംവിധായകന് പിന്തുണ നല്‍കി. ശ്രീജിത്ത് സച്ചിൻറ്റെ സംഗീതവും തെറ്റ് പറയാനില്ല.

(മനോജ്‌ തൈക്കൂട്ടത്തിൽ)



നിഴൽ പക്ഷികൾ (കവിത)

മൈനാകം പടർന്നു പൊങ്ങിപ്പറന്ന്
പ്രണയത്തിൻറ്റെ ഇളം തണുത്ത കാറ്റിനായ്
കൊടുമുടികൾ നെഞ്ചും വിരിച്ചു നിൽക്കുന്നു.
അചഞ്ചലനായ് നിർവികാരനായ്
കൊതിച്ചുപോയ് മഴമേഘങ്ങൾ!
പ്രണയത്തണുപ്പിൽ ഉള്ളം വിയർത്ത്
തുള്ളികൾ മഴനാരുചാലുകളായി
ഒഴുകി അഹങ്കാരഗർവ്വിതം
അടിവാരത്തിലൂടെ നിതാന്തമായ്
രാവും പകലുമറിയാതെ സ്നേഹത്തിൻ
വിരൽതുമ്പാൽ പ്രേമതാളം പിടിച്ച്
അന്യമാം വീഥികൾ മർമ്മരങ്ങൾ?
അനർഘ പ്രവാഹം തുടരുന്നു കേവലം
വിരഹമാം മണ്ണിൻറ്റെ മാറിലൂടെ മന്ദം
ഈ വേള സ്വാന്തനമേകി പഴംകഥ മറന്ന്
പുഴയും തീരവും സന്ധിച്ച് മത്സരിച്ച്
നിതാന്തമായ് രതിയുടെ കാവൽ പടകളെ
പൊരുതിതോൽപ്പിക്കുന്നു അനന്തമാം
നീലക്കടലിലേക്ക് ഒഴുകുന്നു കണ്ണുനീർക്കണം
തടയുന്നു വെമ്പൽപൂണ്ട് നോവിൻറ്റെ
യുദ്ധഭൂമിയിൽ നിന്ന് പിന്തിരിയുന്നു.
പ്രണയം തളർത്തും അഴിമുഖം വരെ
തമ്മിൽ കലരാതെ കണ്ണീരിൻറ്റെ
ഉപ്പുനീർ കലർത്താതെ വിടവാങ്ങുന്നു
എനിക്കായ് തിരികെ ഒഴുകുന്നു
അനന്തമെങ്കിലും ഒരു നിഴൽ പക്ഷിയായ്.....

(പി. എസ്. പ്രസാദ് മുണ്ടമറ്റം, നീണ്ടൂർ)



അടുക്കള - പരിപ്പുവട (Dal Vada)

ആവശ്യമായ ചേരുവകൾ:-

പരിപ്പ് (Chana Dal OR Toor Dal) : 1 കപ്പ്
കുഞ്ഞുള്ളി (Shallot) : 12 എണ്ണം
കറിവേപ്പില (Curry leaves) : 1 തണ്ട്
ഇഞ്ചി (Ginger) : 1 ഇഞ്ച് കഷണം
വറ്റൽമുളക് (Dry Red Chillies) : 4 എണ്ണം
ഉപ്പ്, എണ്ണ : പാകത്തിന്

തയ്യാറാക്കുന്ന വിധം:-

1. പരിപ്പ് 2 മണിക്കൂർ വെള്ളത്തിൽ ഇട്ട് കുതിർത്ത് വയ്ക്കുക.
2. കഴുകിയെടുത്ത പരിപ്പ് ഒട്ടും വെള്ളം ചേർക്കാതെ മിക്സിയിലിട്ട് ചെറുതായി അരയ്ക്കുക (പേസ്റ്റ് പരുവത്തിൽ ആകാതെ നോക്കണം)
3. കുഞ്ഞുള്ളി, കറിവേപ്പില, വറ്റൽമുളക്, ഇഞ്ചി - ഇവ ചെറുതായി അരിഞ്ഞ്, അരച്ചു വച്ചിരിക്കുന്ന പരിപ്പിലേയ്ക്ക് പാകത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്യുക.
4. കൈ നനച്ചതിനു ശേഷം ചെറിയ ചെറിയ ഉരുളകളാക്കി പരത്തി, ചൂടായിരിക്കുന്ന എണ്ണയിലേയ്ക്കിട്ട് ബ്രൌണ്‍ നിറമാകുമ്പോൾ വറുത്തു കോരുക. ചൂട് പരിപ്പുവട റെഡി!

(സെലിൻ ഷെല്ലി നെടുംതുരുത്തിപുത്തൻപുര, യു. കെ)



കപ്പലുപെരുന്നാൾ (നോവൽ) - 11

കഥാപരിസരം: കുറവിലങ്ങാട്, കുറുപ്പന്തറ, മാഞ്ഞൂർ ചുറ്റുവട്ടങ്ങൾ.

കഥാകാലഘട്ടം: ആയിരത്തി എണ്‍പതുകൾ.

രാത്രിവഴികൾ:-

“അത് ഭയങ്കര ചതിയായിപ്പോയല്ലോടാ ബെന്നിച്ചാ….”

കാശു പോയ കാര്യം അറിഞ്ഞപ്പോൾ ജോസേട്ടൻ അന്തംവിട്ടു പറയുകയാണ്‌. കാൽമയുടെ വീടിനു കുറച്ചുമാറി ആകൽതര ബേബിയുടെ കപ്പത്തോട്ടത്തിൽ കുത്തിയിരിക്കുകയായിരുന്നു അവർ. കാൽമയും വന്നു കുത്തിയിരുപ്പുണ്ട്. നേരത്തെ പറഞ്ഞതുപ്രകാരം, ജോസേട്ടൻ ബിൻസിയെ വളയ്ക്കാനുള്ള സമയം കണക്കു കൂട്ടിയാണ് കാൽമ വന്നത്. പക്ഷെ പ്ലാനിൽ ഇല്ലാതിരുന്ന വരാൽമീനും, ആകസ്മികമായി സംഭവിച്ച ബെന്നിച്ചൻറ്റെ ആവേശവും, പ്ലാൻ മുഴുവനും അവതാളത്തിലാക്കി.

“എന്നാ പറയാനാ….” കാൽമ തല ചൊറിഞ്ഞു.

“എൻറ്റെ ജോസേട്ടാ, അവളുടെ അന്നേരത്തെ ഇരുപ്പു കണ്ടപ്പം എനിക്കങ്ങാ സഹിച്ചില്ല.” ബെന്നിച്ചൻ കുറ്റബോധത്തോടെ പറഞ്ഞു.

“എടാ, ഇതാ പറയുന്നത് പയ്യെ തിന്നാൽ പനയും തിന്നാമെന്ന് അറിയാമോ…?” ജോസേട്ടൻ പറഞ്ഞു.

“ഇനിയിപ്പം ആരെങ്കിലും തിന്നുമോന്നു കണ്ടറിയണം.” കാൽമ നിരാശനായി പറഞ്ഞു.

“നിന്നെ കണ്ടതേ കുഴപ്പമായി. ഇനിയവളെ വളയ്ക്കാൻ പറ്റുമോ ? നിയിവിടെ ഉണ്ടെന്നറിഞ്ഞ സ്ഥിതിക്ക് അവളിനി എന്തിനേലും സമ്മതിക്കുമോ ? വെറുതെ മെനക്കേടായി.” ജോസേട്ടൻ പറഞ്ഞു.

“ഹാ….. അത് കള ജോസേട്ടാ, ജോസേട്ടൻ നേരത്തെ കൈകാര്യം ചെയ്തിട്ടുള്ളതല്ലേ. പിന്നെ ഇത്ര നിരാശ തോന്നേണ്ട കാര്യമുണ്ടോ ?” ബെന്നിച്ചൻ അന്തരീക്ഷത്തെ ഒന്ന് മയപ്പെടുത്താൻ ശ്രമിച്ചു.

“ആര് കൈകാര്യം ചെയ്തു ? എൻറ്റെ ബെന്നിച്ചാ, ഞാൻ അന്നേരത്തെ നിൻറ്റെ നിലപാട് കണ്ട് പറഞ്ഞതല്ലേ, അല്ലാതെ ഇതുവരെ അങ്ങനെയൊരു കാര്യം ഞാൻ അവളോടോ അവൾ എന്നോടോ പറഞ്ഞിട്ടില്ല. അറിയാമോ ?”

ജോസേട്ടൻ പറഞ്ഞു നിറുത്തി. ബെന്നിച്ചൻ ഞടുങ്ങിപ്പോയി. ആ ഒരു പോയിൻറ്റ്‌ പിടിച്ചാണല്ലോ അവളെ കൊല്ലാൻ തീരുമാനിച്ചത്. ഇതാ ഇപ്പം ജോസേട്ടൻ പറയുന്നത് കേട്ടോ.

“അത് ശരി. ജോസേട്ടൻ എന്നോട് നുണ പറഞ്ഞതാണോ ?”

“എടാ അതല്ല കാര്യം. അവൾക്കു കാശിനു ആവശ്യമുണ്ടെന്നു പറഞ്ഞു. ഞാനതിനു ഒരു വഴിയുണ്ടാക്കി കൊടുത്തു. അന്നേരം അവള് കാണിച്ചതെന്താ ? ചതി !! നമ്മളെ ചതിച്ചതല്ലേടാ അവള്. അത്തരം അവളുമാരൊന്നും ഈ ഭൂമുഖത്തു ജീവിച്ചിട്ട് കാര്യമുണ്ടോ ?” ജോസേട്ടൻ പറഞ്ഞു.

“എന്നാലും ജോസേട്ടൻ ഇത്തരം നുണ പറയരുതായിരുന്നു…” ബെന്നിച്ചൻ പറഞ്ഞു.

ബെന്നിച്ചൻറ്റെ സ്വരവ്യതാസം തിരിച്ചറിഞ്ഞ കാൽമ വിഷയം മാറ്റി. “അത് വിട് ബെന്നിച്ചാ, അതല്ല ഇപ്പം കാര്യം. നാളെ വെളുപ്പിനെ കാശു പെരുമ്പാവൂര് നിന്നും വരുന്നവനെ ഏൽപ്പിക്കണം. അല്ലെങ്കിൽ ആകെ കുഴയും. അതെപ്പറ്റി ആലോചിക്കു…”

ബെന്നിച്ചൻ കാൽമയുടെ മുഖത്തേക്ക് നോക്കി. ഇരുട്ട് കാരണം കാൽമയുടെ ഭാവം അറിയാൻ പറ്റുന്നില്ല.

“ഇനി അവർക്ക് കൊടുക്കാൻ കാശെവിടെ നിന്നും ഉണ്ടാക്കും….?” ജോസേട്ടൻ ആരോടെന്നില്ലാതെ പറഞ്ഞു.

“അവളോട്‌ ബലമായിട്ടു ഇങ്ങ് വാങ്ങിച്ചാലോ ?” ചോദിച്ചത് കാൽമയാണ്.

“അയ്യോ അത് വേണ്ട. അവള് ഒച്ചയും ബഹളവും ഉണ്ടാക്കിയാൽ ആകെപ്പാടെ നാറും. അതുകൊണ്ട് അത് ആലോചിക്കണ്ട.” ജോസേട്ടൻ പറഞ്ഞു.

ബെന്നിച്ചനു തലയ്ക്കു വട്ടുപിടിക്കുന്നത്‌ പോലെ തോന്നി. ജീവിതത്തിൽ ആദ്യമായിട്ട് ഒരു പെണ്ണുമായിട്ടു ഇടപെട്ടിട്ട്, അതെങ്ങനെയെല്ലാം ആയിത്തീർന്നു ?.

“കാൽമ കുപ്പിയെവിടെ ?” എല്ലാത്തിനുമുള്ള പരിഹാരമെന്നോണം ബെന്നിച്ചൻ ചോദിച്ചു.

“സ്കൂട്ടറിൽ ഇരുപ്പുണ്ട്‌. എന്നാ ഞാനിങ്ങ് എടുത്തു കൊണ്ട് വരാം.”

കാൽമ ഇരുട്ടിലേക്ക് ഇറങ്ങിപ്പോയി. ജോസേട്ടൻ സിഗരട്ട് കത്തിച്ചു. സമയം ഒൻപതു മണി എങ്കിലും ആയിക്കാണുമെന്നു ബെന്നിച്ചനു തോന്നി. കാൽമയുടെ വീട്ടിൽ ആകെയുള്ള മുറിയിൽ കയറി വാതിലടച്ച ബിൻസിയെ ബെന്നിച്ചൻ പ്രാകി. പറഞ്ഞിട്ട് കാര്യമില്ല, എല്ലാം കുഴപ്പിച്ചത് തൻറ്റെ ആവേശമാണ്. ഈ രാത്രിയിൽ കൊതുകുകടീംകൊണ്ട് ഈ കപ്പത്തോട്ടത്തിൽ തങ്ങളെ ഇരുത്തിയതും ഇതേ ആവേശമാണല്ലോ എന്ന് ബെന്നിച്ചനോർത്തു.

കാൽമ കുപ്പിയുമായി വന്നു. എല്ലാവരും കഴിച്ചു. “കാഷിനുള്ള വഴിയാലോചിക്ക്, ഇനി അധികം സമയമില്ല വെളുപ്പിന് കുറവിലങ്ങാട്‌ ചെല്ലണം. അല്ലെങ്കിപിന്നെ ഒന്നും എൻറ്റെ കൈയ്യിൽ നിൽക്കത്തില്ല.” പറയുമ്പോൾ കാൽമയുടെ കണ്ണുകളിൽ പേടി നിഴലിച്ചു.

“ബെന്നിച്ചാ, എൻറ്റെ കൈയിൽ അയ്യായിരം ഉണ്ട്. ഒരുപിടി ഇരിക്കട്ടെ എന്ന് വിചാരിച്ചു റബർക്കടയിൽ നിന്ന് മേടിച്ചതാ. ബാക്കിക്കുള്ള വഴിയലോചിക്ക്..” ജോസേട്ടൻ പറഞ്ഞു.

ബെന്നിച്ചൻ അത്ഭുതത്തോടെ ജോസേട്ടനെ നോക്കി. ഈ മനുഷ്യനെ ശരിക്കും അങ്ങ്പിടി കിട്ടുന്നില്ലല്ലോ. “ജോസേട്ടാ,” ബെന്നിച്ചൻ പതിയെ വിളിച്ചു.

“ഊം” ജോസേട്ടൻ മൂളി. “ഒറ്റ വഴിയേയുള്ളൂ. അനിലിൻറ്റെ കാലേപോയി വീഴുക.” ബെന്നിച്ചൻ ശാന്തനായി പറഞ്ഞു.

ജോസേട്ടൻ ഉഷാറായി. “എടാ, അവനെ വീഴിക്കാനുള്ള മരുന്നൊക്കെ എൻറ്റെ കൈയിലുണ്ട്. അവൻറ്റെ കൈയിൽ കാശുണ്ടോ എന്നറിഞ്ഞാൽ മതി.”

“അനിലിൻറ്റെ വീട്ടിൽ എപ്പൊഴും പത്തുപതിനയ്യായിരം രൂപ റെഡി കാണും.” ബെന്നിച്ചൻ പറഞ്ഞു. “എന്നാ ഒന്നും ആലോചിക്കാനില്ല. ഞാൻ പറയുന്നത് പോലെ പറഞ്ഞോണം.”

“എന്നാ ഇനി നേരം കളയേണ്ട.” കാൽമ പറഞ്ഞു.

കപ്പത്തോട്ടത്തിലെ ഇരുട്ടിൽ മിന്നാമിനുങ്ങുകൾ കൂട്ടംകൂട്ടമായി തിളങ്ങിക്കൊണ്ടിരുന്നു. അവരും എന്തോ ആലോചിക്കുകയാണെന്നു ബെന്നിച്ചനു തോന്നി. വല്ലവരെയും കൊല്ലാനുള്ള ആലോചനയാണോ ? ആവില്ല !!! സഹജീവികളെ കൊല്ലാനാലോചിക്കുന്ന ഭൂമിയിലെ എകജീവി മനുഷ്യൻ മാത്രമാണെന്ന് ബെന്നിച്ചനോർത്തു.

ഇരുട്ട് വീണ ഇടവഴികൾ, പാദപതനങ്ങൾക്ക് കാതോർത്തു, വിജനമായി നീണ്ടു നിവർന്നു കിടന്നു, അവകാശികളില്ലാതെ.

(അടുത്ത ലക്കം തുടർന്ന് വായിക്കുക "കുരുട്ടുബുദ്ധികൾ")

- സിറിയക് കടവിൽച്ചിറ

കപ്പലുപെരുന്നാൾ മുൻ അദ്ധ്യായങ്ങൾ
http://neendoorpravasi.com/arts.php#228


സ്മൃതിപഥം (കവിത)

മംഗല്യങ്ങൾ പലതുനടക്കും
അംഗന സൗഭഗമില്ലെന്നാലും
കേൾക്കൂ നല്ലൊരു മംഗല്യക്കഥ-
യുൾപ്പൊരുളറിയൂ ഓർമ്മപുതുക്കൂ.

അന്നൊരുനാളിൽ രാജുച്ചായനു
മംഗല്യത്തിൻ പൂതിയുണർന്നു.
അപ്പനുമുമ്പിൽ മനസ്സു തുറന്നാൽ
കപ്പക്കോലതു മുതുകിൽ വീഴും.
വല്യമ്മച്ചീടരുകിൽ ചെന്നു
ചമ്മിയുണർത്തി വേളിക്കാര്യം.
പല്ലില്ലാത്തൊരു മോണ വിടർത്തി
വല്യമ്മച്ചി ചിരിച്ചു തുടങ്ങി.
താംബൂലത്തിൻ ചെല്ലമെടുത്തു
നാലുംകൂട്ടി മുറുക്കിത്തുപ്പി.
അപ്പനോടാജ്ഞ കൊടുത്തൊരു തരുണിയെ
വെക്കം തന്നെ കണ്ടുപിടിക്കാൻ.

രണ്ടാമ്മുണ്ടും തോളിലണിഞ്ഞി-
ട്ടപ്പൻ കവലക്കാഞ്ഞു നടന്നു.
ബ്രോക്കറു മാണിയെത്തേടിയണഞ്ഞി-
ട്ടപ്പനുരച്ചു വിവാഹക്കാര്യം.
കണ്ടാ നല്ലൊരു സുന്ദരി വേണം
കടലുകടന്നോളായീടേണം.
പ്രായത്തിൽ മൂപ്പുള്ളവരോടു
ഭയബഹുമ്മാനമതുള്ളവൾ വേണം.
മോനും കുട്ടീം ചേർന്നു നടക്കിൽ
വെണമൊരിത്തിരി കാഴ്ചച്ചന്തം.
പൊന്നും പണവുമതില്ലെന്നാലും
പൊന്നായ്ക്കാണണമെൻ മോനെയവൾ.

എല്ലാമേറ്റു നടന്നാ ബ്രോക്കർ
പത്താം നാൾ വന്നറിയിച്ചീക്കഥ.
പെണ്ണൊരു സുന്ദരി വന്നിട്ടുണ്ടവ-
ളങ്ങാ പറുദീസായിൽ നിന്നും.
മംഗളമങ്ങു നടന്നാൽപ്പിന്നെ-
ച്ചെക്കനുമക്കരെയെത്താമല്ലൊ.
പത്തു ദിനം കൊണ്ടെല്ലാം വേണമ-
തൊത്താൽ "ചാകര" ഘോഷം തന്നെ.

എല്ലാമെല്ലാം പെട്ടന്നങ്ങു കഴിഞ്ഞു
ഭവതി തിരിച്ചും പോയി.
മധുരോതരമാം സ്വപ്നം കണ്ടവ-
രക്കരെയിക്കരെ നിന്നു വിതുമ്പി.
നാലാം മാസം പത്താം ദിവസം
വീസാ വിളിവന്നിക്കരെനിന്നും.
ആദ്യപറക്കലിന്നോർമ്മകളിന്നും
അച്ചായൻ കഥ പറയാറുണ്ട്‌.

(പീറ്റർ നീണ്ടൂർ)


യാത്രാവിവരണം: പനാമ-പെറു-മച്ചുപിച്ചു യാത്ര-16

അർത്ഥം പൂർണ്ണമായും പിടികിട്ടാത്ത ശാസ്ത്രിക്കും ചിരിവന്നു. "ഇതു നാടല്ലല്ലോ." ഞാനൊരൊഴുക്കൻ മറുപടിയിൽ നിർത്തി. കാർ മോസ്ക്കിൻറ്റെ പരിസരത്തു കൊണ്ടുവരുമ്പോൾ നൈജീരിയക്കാരും കെനിയക്കാരും ട്രിനിഡാഡുകാരും പനാമക്കാരുമായ ഇസ്ലാമികസഹോദരങ്ങളുമായി ഞങ്ങൾ കുശലാന്വേഷണം നടത്തി.

ബ്രാഹ്മണനെങ്കിലും മോസ്ക്കിൽ വരാൻ കാട്ടിയ സന്മനസ്സിന് ഞങ്ങൾ ശങ്കർജിക്കു നന്ദി പറഞ്ഞു. ആ ദിവസം സായാഹ്നത്തിൽ ഞങ്ങൾ ഹോട്ടൽ മോണ്‍ട്രിയോളിൽ തിരിച്ചെത്തി. വാലൻറ്റീനാ സാഞ്ചേസ് കരോളൈനയെ കണ്ട് ഇരുവരും സ്പാനീഷിൽ സംസാരിച്ചു രസിച്ചു. ഞങ്ങളെ എവിടെയെല്ലാം കൊണ്ടുപോയെന്നും എന്തെല്ലാം കാണിച്ചെന്നും മറ്റും സാഞ്ചേസ് ചോദിച്ചിരിക്കാം. നല്ലൊരു പാരിതോഷികം ഞങ്ങൾ (പ്രത്യേകിച്ച് ശാസ്ത്രിജി) ഗൈഡ് പെണ്‍കുട്ടിക്ക് കൊടുത്തു. കുട്ടി സന്തുഷ്ടയായി. അവധിദിവസങ്ങളിൽ ഇനിയും വിളിക്കണമെന്നു പറഞ്ഞ് ഞങ്ങൾക്കു നന്ദി രേഖപ്പെടുത്തി സ്ഥലം വിട്ടു.

അടുത്ത ദിവസം സാഞ്ചേസ് ഓഫീസിൽ വന്ന ഉടനെ ഞങ്ങൾ തലേദിവസം സന്ദർശിച്ച മതസ്ഥാപനങ്ങളെപ്പറ്റി തിരക്കി. ഹിന്ദുക്ഷേത്രവും ഹരേകൃഷ്ണ മിഷനും ബഹായി ഫെയ്ത്ത് സെൻറ്ററും മോസ്ക്കും കണ്ടെന്നു പറഞ്ഞപ്പോൾ സാഞ്ചേസിനു പുഞ്ചിരി. അവർ പറയുകയാണ്‌. "ഒന്നു വിട്ടുപോയി." അതെന്താണന്നു തിരക്കിയപ്പോൾ അവർ ഉപദേശിച്ചു. ഇത്രയൊക്കെ കണ്ട സ്ഥിതിക്ക് സിനഗോഗ് കൂടി കാണണമെന്ന്. അത്ഭുതത്തോടെ പോൾസണ്‍ തിരക്കി. "അല്ല സാഞ്ചേസ്, ഇവിടെ യഹൂദരുണ്ടോ?" മൂവായിരത്തിൽപ്പരം യഹൂദർ പനാമയിൽ ഉണ്ടെന്നും ഇസ്രയേലിൽനിന്നും ഇപ്പോഴും കുടിയേറ്റം തുടരുന്നെന്നും സാഞ്ചേസ് അറിയിച്ചു. സിനഗോഗ് കാണുവാൻ ശാസ്ത്രിജിക്കു താൽപ്പര്യമില്ലാതിരുന്നതുകൊണ്ട് ഞാനും പോൾസണും പോയില്ല.ന്യൂയോർക്ക് സിറ്റി മിക്കവാറും യഹൂദപ്രമാണിമാരുടെയാണല്ലോ.

പനാമയിൽ കർദ്ദിനാൾ ഉണ്ടോ? ഒരു തർക്കം

അടുത്ത ദിവസം ഞായറാഴ്ച്ച. ശങ്കർശാസ്ത്രി ഇൻറ്റർനെറ്റിൽ വ്യാപൃതനായി. ഞാനും പോൾസണും കത്തീഡ്രൽ പള്ളിയിൽ വിശുദ്ധകുർബ്ബാനയിൽ സംബന്ധിക്കുവാൻ പോയി. ഹോട്ടലിൽനിന്നും നടന്നു പോകാനുള്ള അകലമേയുള്ളു കത്തീഡ്രൽ പള്ളിക്ക്. പത്തു മണിക്കുള്ള രണ്ടാം കുർബ്ബാനയ്ക്ക് ഞങ്ങൾ പള്ളിയിലെത്തി.

വഴിക്ക്, പോൾസണ്‍ ഈ കത്തീഡ്രലിൽ കർദ്ദിനാളുണ്ടെന്നു വാദിച്ചു. ഇല്ലെന്നു ഞാനും. കുർബ്ബാന കഴിഞ്ഞു സംശയം തീർക്കാമെന്നു ഞാനേറ്റു. "എൻകാർമിൻ" എന്നു പേരുള്ള പള്ളിയായിരുന്നത്. വിശ്വാസികളുടെ വലിയ കൂട്ടം. കുർബ്ബാനയ്ക്കിടയിൽ അച്ചൻറ്റെ പ്രസംഗം പൊടിപൊടിച്ചു. സ്പാനിഷിലായിരുന്നു. കത്തോലിക്കാ വിശ്വാസികൾ സഭ വിട്ട്, പെൻറ്റകോസ്റ്റൽ, ഇവാഞ്ചിലിക്കൽഗ്രൂപ്പുകളിലേക്കു പൊഴിയുന്നു എന്നായിരുന്നു അച്ചൻറ്റെ പരാതി. ജിമ്മി സ്വാഗത്, ബില്ലി ഗ്രഹാം, ഡബ്ല്യു. ബി. ഗ്രാൻറ്റ് തുടങ്ങിയ മിഷണറിമാരുടെ പേരുകൾ അച്ചൻ പ്രസംഗത്തിൽ സൂചിപ്പിച്ചു...(തുടരും)

(എം.സി ചാക്കോ മണ്ണാറക്കാട്ടിൽ)




പുതിയ സിനിമ - നീന & ലൈലാ ഓ ലൈലാ

നീ-ന
-----
A tale of two women എന്ന ഉപനാമവുമായി വന്ന "നീ-ന" പറയുന്നത് ഒരു പ്രണയത്തിന്‍റെ കഥയാണ്. ട്രെയിലറില്‍ പറഞ്ഞുവച്ചതുപോലെ മലയാളി പ്രേക്ഷകര്‍ ആ മുഖം ഇനി ഓര്‍ത്ത് വയ്ക്കും, നീന എന്ന പേരും. ഏറെ കാലത്തിന് ശേഷം സംവിധായകന്‍റെ കൈയ്യൊപ്പോടു കൂടി മലയാളത്തിലെത്തുന്ന ഒരു മികച്ച ചിത്രമാണ് ലാല്‍ ജോസ് സംവിധാനം ചെയ്ത നീന. അവതരണ മികവുകൊണ്ടും അഭിനയ മികവുകൊണ്ടും വ്യത്യസ്തത പുലര്‍ത്തുന്ന നീന തീര്‍ച്ചയായും കാണാം.

മൈത്രി എന്ന സ്വകാര്യ പരസ്യ കമ്പനിയിലെ മേധാവിയാണ് വിനയ് പണിക്കറും (വിജയ് ബാബു) ഭാര്യ നളിനിയും. അവരുടെ ജീവിതത്തിലേക്ക് വളരെ അവിചാരിതമായി കടന്നുവരുന്ന കഥാപാത്രമാണ് നീന (ദീപ്തി സതി). പേര് പോലെ തന്നെ വളരെ വ്യത്യസ്തയാണ് നീന. മദ്യപാനവും പുകവലി ശീലവുമൊക്കെയുള്ള ബോള്‍ഡായ നീന. ന്യൂ ജെനറേഷൻ ക്യാരക്ടര്‍. നീനയില്‍ നിന്നും വളരെ വ്യത്യസ്തയാണ് നളിനി എന്ന വീട്ടമ്മ. പക്വതയുള്ള കഥാപാത്രം. ഈ രണ്ട് സ്ത്രീകള്‍ക്കിടയില്‍ പെട്ടുപോകുന്ന വിനയ് പണിക്കര്‍. വിനയ് പണിക്കര്‍, നീന, നളിനി ഇവര്‍ മൂന്ന് പേരും ഒന്നിക്കുമ്പോഴുള്ള വ്യക്തിബന്ധങ്ങളെ കുറിച്ചാണ് പ്രധാനമായും നീന പറയുന്നത്.

വിനയ് പണിക്കറായി എത്തുന്ന വിജയ് ബാബു തീര്‍ച്ചയായും ആ കഥാപാത്രത്തിന് എന്തുകൊണ്ടും യോഗ്യനാണ്. വിജയ് ബാബുവിന്‍റെ കരിയറിലെ ഏറ്റവും മികച്ച വേഷമായിരിക്കും ഇതെന്ന് നിസംശയം പറയാം. നീന എന്ന പുതുമുഖ നടിയായ ദീപ്തി സതി സ്‌ക്രീന്‍ പ്രസന്‍സുകൊണ്ടും അഭിനയമികവുകൊണ്ടും പ്രേക്ഷകരുടെ മനം കവര്‍ന്നു. ഒരു തുടക്കകാരിയുടെ യാതൊരു അങ്കലാപ്പും കൂടാതെയാണ് നീന എത്തിയത്. ഡബ്ബിങ്ങിലെ ചില പാളിച്ചകള്‍ ഒഴിച്ചാല്‍ ടൈറ്റില്‍ റോള്‍ ദീപ്തി സതിയുടെ കൈകളില്‍ ഭദ്രമായിരുന്നു. അവരേക്കൊണ്ട് സംവിധായകൻ അമിതാഭിനയം നടത്തിക്കുന്നുണ്ട് എന്ന് ചിലപ്പോഴെങ്കിലും തോന്നിപ്പോയി. കുറച്ചു സീനുകള്‍ മാത്രമേ ഉള്ളൂവെങ്കിലും പക്വതയുള്ള വീട്ടമ്മയുടെ വേഷം ആന്‍ അഗസ്റ്റിനും ഭംഗിയാക്കി. ചെമ്പന്‍ വിനോദ്, ലെന, മാര്‍ട്ടിന്‍ പ്രകാട്ട് തുടങ്ങി ഓരോരുത്തരും അവരവരുടെ വേഷങ്ങൾ ഭംഗിയാക്കി.

തുടക്കത്തില്‍ പറഞ്ഞതുപോലെ ഓരോ സീനിലും സംവിധായകന്‍റെ കൈയ്യൊപ്പ് മികച്ചു നിന്നു. നിലവാരമുള്ള മലയാള സിനിമകളാണ് നിങ്ങളന്വേഷിച്ച് നടക്കുന്നതെങ്കില്‍ അത് നീനയിലുണ്ട്. ലാല്‍ ജോസിന്‍റെ സംവിധാനം എന്ന് മാത്രം പറഞ്ഞാല്‍ അത് വേണുഗോപാല്‍ എന്ന തിരക്കഥാകൃത്തിനോട് ചെയ്യുന്ന അനീതിയാകും. വേണുഗോപാലിന്‍റെ ശക്തമായ തിരക്കഥയും നീനയുടെ നട്ടെല്ലാണ്. ചിത്രത്തിന്‍റെ സംഗീതവും ഛായാഗ്രഹണവുമാണ് പിന്നെയുള്ള പ്ലസ് പോയിൻറ്റ്. വലിയ ഒച്ചപ്പാടും ബഹളവുമില്ല, എന്നാല്‍ സിനിമയുടെ താളത്തിനനുസരിച്ച് ബിജിപാല്‍ പശ്ചാത്തല സംഗീതമൊരുക്കി. നവാഗതനായ നിഖില്‍. ജെ. മേനോന്‍റെ പാട്ടുകളും മനോഹരമാണ്. നീനയെ വളരെ ഭംഗിയായി അവതരിപ്പിച്ചതില്‍ ഛായാഗ്രഹകന്‍ ജോമോന്‍ ടി ജോണിനും അഭിനന്ദനങ്ങള്‍.

വെറുമൊരു ടൈംപാസ് മാത്രമാണ് ആഗ്രഹിയ്ക്കുന്നത് എങ്കില്‍ നീന എന്ന ചിത്രം കാണാന്‍ പോകരുത്. നീന നിങ്ങളെ ചിന്തിപ്പിയ്ക്കുന്ന ചിത്രമാണ്. കണ്ട് കഴിഞ്ഞാല്‍ നിങ്ങള്‍ മറക്കില്ല, ആ മുഖവും പേരും.


ലൈലാ ഓ ലൈലാ
-----------------
ഹിറ്റ് മേക്കര്‍ ജോഷി, സൂപ്പര്‍ താരം മോഹന്‍ലാല്‍, ഒപ്പം സൂപ്പര്‍ നായിക അമല പോളും. "റണ്‍ ബേബി റണ്‍" എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഇവര്‍ ഒന്നിക്കുമ്പോള്‍ പ്രതീക്ഷ വാനോളമാണ്. ഒരു കൊമേഴ്‌സ്യല്‍ ചിത്രത്തിന്‍റെ പ്രതീക്ഷകള്‍ നിലനിര്‍ത്തി മികച്ച ക്രാഫ്റ്റില്‍ ഒരുക്കിയ സസ്‌പെന്‍സ് ത്രില്ലറാണ് ലൈല ഓ ലൈല.

അഞ്ജലിയ്ക്ക് വിശ്വാസമായിരുന്നു ജയ്‌മോഹനെ. വിവാഹദിനത്തില്‍ അയാളെ പെട്ടെന്ന് കാണാതാവുമ്പോഴും ജയ് തിരിച്ചെത്തുമെന്ന് അവള്‍ അച്ഛനോട് വാദിക്കുന്നത് അതുകൊണ്ടാണ്. ആ വിശ്വാസത്തിന്‍റെ പുറത്താണ് ഒരുവട്ടം വിവാഹമോചിതനായ ജയ്‌മോഹനും അഞ്ജലിയും ഒരുമിച്ച് പുതിയ ജീവിതം തുടങ്ങുന്നത്. എന്നാല്‍ ഏറെ തെറ്റിദ്ധരിക്കപ്പെടുന്ന വ്യക്തിത്വമായിരുന്നു ജയ്‌യുടേത്. ഡെക്കാണ്‍ എക്‌സ്‌പോര്‍ട്ട്‌സ് എന്ന എക്‌സ്‌പോര്‍ട്ടിങ് കമ്പനിയിലെ ജീവനക്കാരനു പുറമെ അയാള്‍ക്ക് മറ്റൊരു മുഖം കൂടിയുണ്ടായിരുന്നു. സസ്‌പെന്‍സില്‍ കൊരുത്ത, അവരുടെ കഥ പറയുകയാണ് ലൈല ഓ ലൈല.

ചിത്രം യുവാക്കളെ മാത്രമല്ല കുടുംബപ്രേക്ഷകരെയും ആകര്‍ഷിക്കും. ആക്ഷന്‍, ഗ്ലാമര്‍ തുടങ്ങിയ എല്ലാ ചേരുവകളും ഭംഗിയായി ചേര്‍ത്താണ് ലൈലയെ സംവിധായകന്‍ ഒരുക്കിയിരിക്കുന്നത്. ലാലിന്‍റെ വേഷം നിറഞ്ഞു നിൽക്കുമ്പോഴും മറ്റു കഥാപാത്രങ്ങള്‍ക്കും അര്‍ഹമായ പ്രാധാന്യം നല്‍കുന്നുണ്ട് ചിത്രം. സത്യരാജും അമല പോളും ഉള്‍പ്പെടെയുള്ള അഭിനേതാക്കള്‍ മികച്ച പ്രകടനം കാഴ്ചവച്ചു. റൊമാൻറ്റിക് സീനുകളും ആക്ഷന്‍ സീക്വന്‍സുകളും മോഹന്‍ലാലിന്‍റെ കൈയില്‍ ഭദ്രമായി. മോഹന്‍ലാല്‍-അമല പോള്‍ കെമിസ്ട്രി മനോഹരമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട് ചിത്രത്തിൽ. സിനിമയില്‍ ഗ്ലാമര്‍ പ്രധാന ചേരുവയാണെങ്കിലും അമല പോളിന്‍റെ അഞ്ജലി, നായകന്‍റെ തണലില്‍ ഒതുങ്ങി നില്‍ക്കാത്ത സ്വന്തമായി നിലനില്‍പ്പുള്ള കഥാപാത്രമാണ്. ഇടയില്‍ വന്നു പോകുന്ന കഥാപാത്രമാണെങ്കിലും മുംബൈ സുന്ദരി കെയ്ന്നത് അറോറ കഥാഗതിയില്‍ നിര്‍ണായക പങ്കു വഹിക്കുന്നു.

മുന്‍വിധികള്‍ക്ക് ഇടം നല്‍കാമെങ്കിലും അതെല്ലാം മാറ്റി മറിച്ചുകൊണ്ടാണ് ലൈലയുടെ കഥ പറയുന്നത്. ലൈല എന്ന വാക്ക് ചിത്രത്തിന്‍റെ സസ്‌പെന്‍സ് കീ ആയി മാറുന്നത് അങ്ങനെയാണ്. ഹോളിവുഡ് രീതിയിലുള്ള കാര്‍ ചെയ്‌സിങും സംഘട്ടന രംഗങ്ങളുമാണ് ചിത്രത്തിനു വേണ്ടി ജോഷി ഒരുക്കിയിരിക്കുന്നത്. ഗോപീസുന്ദര്‍ ചിട്ടപ്പെടുത്തിയ പശ്ചാത്തലസംഗീതം രസച്ചരട് മുറിക്കാതെ ഒഴുകി നീങ്ങുന്നു. ചിത്രത്തിന്‍റെ ഉദ്വേഗജനകമായ കഥാഗതിയില്‍ അവ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ആക്ഷന്‍ ചിത്രത്തിന്‍റെ അതിശയോക്തികള്‍ ഉണ്ടെങ്കിലും ലൈല ഓ ലൈലയില്‍ അവയും ഭംഗിയായി കോര്‍ത്തിണക്കിയിട്ടുണ്ട്.

ജോയ് മാത്യു, ജുനൈദ് ഷെയ്ഖ്, രാഹുല്‍ ദേവ്, അശ്വിന്‍ മാത്യു, കിരണ്‍ രാജ്, വിജയ് മേനോന്‍, തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. രമ്യ നമ്പീശന്‍ ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നു. കഹാനി, നമസ്‌തെ ലണ്ടന്‍, ബാങ് ബാങ്, തുടങ്ങിയ ഹിന്ദി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്ത് സുരേഷ് നായരിന്‍റെ ആദ്യ മലയാള ചിത്രമാണ് ലൈല ഓ ലൈല. ലൈല ഓ ലൈലയുടെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് എസ്.ലോകനാഥനാണ്. ശ്യാം ശശിധരനാണ് ചിത്രസംയോജനം.

ചിന്തിക്കുവാന്‍ ഇടം നല്‍കുന്ന ചിത്രമായല്ല, പകരം ഒരു ക്ലീന്‍ എന്‍റെര്‍ടെയ്‌നറുമായാണ് ജോഷി-മോഹന്‍ലാല്‍ ടീം എത്തുന്നത്.

(മനോജ്‌ തൈക്കൂട്ടത്തിൽ)



മാവ് (കവിത)

സ്വന്തമായില്ലൊരു തുണ്ടുഭൂമി! പകരം
മണ്ണും മന്ദാരവും സ്വപ്നങ്ങളും മാത്രം
എന്നിട്ടും മഞ്ഞമന്ദാരത്തെ മോഹിച്ചിരുന്നു,
ജീവൻ നിലനിൽക്കും കാലത്തോളം;
പൂമുഖത്തൊരു മാവ് നട്ട് വളർത്തുക
ആശിച്ചിരുന്നവൻ അന്യഭവനത്തിലെങ്കിലും!
എങ്ങിനെയോ ചോർന്ന് പോയത്! എത്തി
ആൽമസഖാവിൻ കാതുകളിൽ
"ആഗ്രഹത്തിൻ ആഴമളക്കാൻ
കോൽക്കണക്കിനും ആവുകയില്ലല്ലോ?"
ഓടി വന്നവൻ ആലിംഗനത്താൽ
ക്ഷോപസങ്കടം കൊണ്ടിടറി ഗദ്ഗദം
ഉരിയാട്ടമില്ലാതെ ഹൃദയങ്ങൾ വാചാലമായ്

************************************************************

സ്നേഹിതൻ അന്ന് നട്ടമാവിലിന്ന്
ആയിരം പൂർണ്ണചന്ദ്രന്മാർ മാതിരി
മാങ്ങകൾ പൂത്തുകായ്ച്ചു മുഴുത്തു പഴുത്തു കിടക്കുന്നു
ഇളംകാറ്റിലും നിശ്ചലമായ് നിസംഗമായ്
താഴെ മണ്ണിലും വീണുകിടക്കുന്നു കൂമ്പാരം
ചീഞ്ഞും അളിഞ്ഞും പക്ഷികൾ കൊത്തിതുളച്ചും
അതിലൊരു കണ്ണിമാങ്ങപോലും കാണുവാനും
കായ്ച്ച മാങ്ങകൾ പറിച്ചാസ്വദിക്കാനും
നിൽക്കാതെ സ്നേഹിതനിന്ന്
ജീവിച്ചിരിപ്പില്ല ഈ വർണ്ണഭൂമിയിൽ നിന്ന്
ഒരുദിനം മണ്ണിൻറ്റെ തോഴനായ്‌ മടങ്ങി
വിടപറയാതെ എന്നെ തനിച്ചാക്കി...
ശൂന്യതയിൽലയിച്ചു.....

- ഈ കവിത തലചായ്ക്കാൻ ഒരു തുണ്ടു ഭൂമിപോലും ഇല്ലാത്ത അനാഥർക്കായ് സമർപ്പിക്കുന്നു -

(പി. എസ്. പ്രസാദ് മുണ്ടമറ്റം, നീണ്ടൂർ)



അടുക്കള - ചിക്കൻ & വെജിറ്റബിൾ സൂപ്പ്

ആവശ്യമായ ചേരുവകൾ:-

ചിക്കൻ (എല്ലില്ലാത്തത്) : 100 ഗ്രാം
ബ്രോക്കൊളി : 50 ഗ്രാം
ക്യാരറ്റ് : 50 ഗ്രാം
ബീൻസ് : 50 ഗ്രാം
സവോള : 1
ബട്ടർ : 100 ഗ്രാം
പ്ലയിൻ ഫ്ലൗർ : 2 ടേബിൾ സ്പൂണ്‍
ബസുമതി റൈസ് : 50 ഗ്രാം
ചിക്കൻ സ്റ്റോക്ക്‌ ക്യൂബ് : 1
ഫ്രഷ് ക്രീം/പാൽ : 50 to 100 ml
കുരുമുളകുപൊടി : പാകത്തിന്

തയ്യാറാക്കുന്ന വിധം:-

1. ബ്രോക്കൊളി, ക്യാരറ്റ്, ബീൻസ് - ഇവ ചെറിയ കഷണങ്ങളാക്കി വേവുന്നതു വരെ തിളപ്പിക്കുക.
2. ചിക്കൻ തീർത്തും ചെറിയ ചെറിയ കഷണങ്ങളാക്കി മുറിക്കുക.
3. ചിക്കൻ സ്റ്റോക്ക്‌ ക്യൂബ് ചൂട് വെള്ളത്തിൽ അലിയിച്ചെടുക്കുക (വെജിറ്റബിൾസ് തിളപ്പിച്ച വെള്ളം ഉപയോഗിക്കാം).
4. ബസുമതി റൈസ് വെള്ളത്തിൽ കുതിർത്ത് കഴുകിയെടുക്കുക.
5. പാൻ ചൂടാക്കി ബട്ടർ ചേർക്കുക.
6. ബട്ടർ ഉരുകുമ്പോൾ, അതിലേക്ക് ചെറുതായി അറിഞ്ഞ സവോള ചേർത്ത് ഇളക്കുക.
7. ഇതിലേക്ക് ചിക്കൻ കഷണങ്ങളും ചേർത്തിളക്കി വേവിക്കുക.
8. ബസുമതി റൈസ് ഇതിലേക്ക് ചേർത്ത് ചെറിയ തീയിൽ 3-4 മിനിറ്റ് ഇളക്കുക.
9. അൽപ്പം കുരുമുളക് പൊടി കൂടി ചേർത്തിളക്കുക.
10. ഇതിലേക്ക് റൈസ് ഫ്ലൗർ ചേർത്ത് നിറം ചെറുതായി മാറുന്നതു വരെ ഇളക്കുക.
11. ഇനി ഇതിലേക്ക് ചിക്കൻ സ്റ്റോക്ക്‌ ക്യൂബ് അലിയിച്ചെടുത്ത വെള്ളം ചേർത്ത് റൈസ് വേവിക്കുക.
12. വേവിച്ചു വച്ചിരിക്കുന്ന വെജിറ്റബിൾസും പാലും ഇതിലേക്ക് ചേർത്ത് 2-3 മിനിറ്റ് ഇളക്കുക.

ചിക്കൻ & വെജിറ്റബിൾ സൂപ്പ് തയ്യാർ!!!

ടിപ്സ് : ചിക്കൻ സ്റ്റോക്ക്‌ ക്യൂബിന് ഉപ്പുള്ളതിനാൽ, സൂപ്പ് പാകമായിക്കഴിഞ്ഞതിനുശേഷം മാത്രം ആവശ്യമെങ്കിൽ ഉപ്പ് ചേർക്കാം. ഉപയോഗിക്കുന്ന റൈസിൻറ്റെയും മറ്റു ചേരുവകളുടെയും അളവ് വർദ്ധിപ്പിച്ചാൽ ഇതൊരു മെയിൻ ഡിഷ്‌ ആയും മാറ്റാം. മുകളിൽ പറഞ്ഞത് കൂടാതെയുള്ള പച്ചക്കറികളും നിങ്ങളുടെ രുചി അനുസരിച്ച് ചേർക്കാം (eg: കൂണ്‍, കാബേജ് etc...)

(ക്രിസ് ഫിലിപ്പ് ഇലക്കാട്ട്)



കപ്പലുപെരുന്നാൾ (നോവൽ) - 10

കഥാപരിസരം: കുറവിലങ്ങാട്, കുറുപ്പന്തറ, മാഞ്ഞൂർ ചുറ്റുവട്ടങ്ങൾ.

കഥാകാലഘട്ടം: ആയിരത്തി എണ്‍പതുകൾ.

ആശയടക്കങ്ങൾ:-

കാൽമയുടെ വീടിന്‍റെ പിറകിൽ, കാപ്പിചെടികളുടെ മറവിൽ, ഇരുട്ടിൽ കുത്തിയിരിക്കുമ്പോൾ, ബെന്നിച്ചൻ കൊതുകിനെ സൃഷ്ട്ടിച്ച ദൈവത്തെ ശപിച്ചു. കൊതുക് കുത്തിയിട്ടാണെങ്കിൽ സഹിക്കാൻ പറ്റുന്നില്ല. പക്ഷെ സഹിച്ചല്ലെ പറ്റു ?

ജോസേട്ടന്‍റെ വാചകങ്ങളിൽ ബെന്നിച്ചൻ ബോംബെ പരിപാടി വേണ്ടെന്നു വച്ചു. ഈ നാട്ടിൽത്തന്നെ ജീവിക്കാൻ പറ്റുമോ എന്നൊന്ന് നോക്കട്ടെ !! ആണുങ്ങളോട് കളിച്ചാൽ എങ്ങനെ ഇരിക്കുമെന്ന് ഈ പെണ്ണുങ്ങളും ഒന്നറിയെണ്ടേ ? പെണ്ണുങ്ങളെ പേടിച്ചു നാട് വിടാനാണേൽ കേരളത്തിൽ ആണുങ്ങള് കാണത്തില്ലെന്നാ ജോസേട്ടൻ പറയുന്നത്.

കാൽമ ചാരായം മേടിക്കാൻ പോയിരിക്കുകയാണ്. ഇനി ജോസേട്ടന്‍റെ പ്ലാൻ പ്രകാരം, ബിൻസിയെ വളച്ചു ആദ്യം ജോസേട്ടൻ കാര്യം സാധിച്ചുകഴിഞ്ഞ്, അത് കണ്ടുകൊണ്ടുവരുന്ന കാൽമയുടെ ആഗ്രഹവും സാധിച്ചു കഴിഞ്ഞ് വേണം, ബെന്നിച്ചനു ബിൻസിയുടെ മുൻപിൽ ചെല്ലാനൊക്കു. അതുവരെ ഈ കാപ്പിച്ചുവട് തന്നെ ശരണം. ഓരോരോ കഷ്ടപ്പാടുകളെ…..

എല്ലാത്തിനും ഒരു ധൈര്യം വേണമെങ്കിൽ ശകലം ഉള്ളിൽചെല്ലണം എന്ന് പറഞ്ഞത് കാൽമയാണ്. ജോസേട്ടനും ബിൻസിയും കയറിയ ബസ്‌ പോയിക്കഴിഞ്ഞാ കാൽമ വന്നത്. അവന്‍റെ പഴംച്ചടാക്ക് സ്കൂട്ടറിനു എന്തോ കേടായിരുന്നെന്നു അവൻ പറഞ്ഞു. അത് നന്നാക്കിവന്നപ്പം താമസിച്ചുപോയതാണത്രെ. അതിനിടെ ജോസേട്ടൻ ബെന്നിച്ചനെ തപ്പിപ്പോയനേരത്ത്, ബിൻസി എങ്ങാണ്ട്നിന്ന് വന്ന ഒരു മീൻകാരിതള്ളയുടെ കൈയിൽനിന്നും രണ്ടുകിലോ വരാൽ മീൻ മേടിച്ചു പൊതിഞ്ഞു പിടിച്ചിട്ടുണ്ടായിരുന്നു. വരാൽമീൻ എന്ന് പറഞ്ഞാൽ അവൾക്കു പണ്ടേ ജീവനാ. കുഴപ്പങ്ങൾ ആരംഭിക്കുകയായിരുന്നു.....

ബെന്നിച്ചനെ വീടിന്‍റെ പരിസരത്തു ഇറക്കിവിട്ടിട്ടു ചാരായം മേടിക്കാൻ കാൽമ പോയി. ബെന്നിച്ചൻ പതിയെ വീടിന്‍റെ പിന്നിലൂടെവന്ന് ഇരുട്ട്തപ്പി കാപ്പിച്ചുവട്ടിൽ ഇരുപ്പായതാണ്. വന്നപ്പം ജോസേട്ടനും ബിൻസിയും തമ്മിലുള്ള സംസാരം കേൾക്കാമായിരുന്നു. മുറിയിലിരുന്നു സംസരിക്കാമെന്നു ജോസേട്ടൻ. മീൻ വെട്ടി കറി വെച്ചിട്ടേയുള്ളൂ, ഇനിഎന്തു കാര്യവും എന്ന് ബിൻസി.

മീൻ മേടിച്ചത് ഒരു കുരിശയാല്ലോ എന്ന് ബെന്നിച്ചൻ വിചാരിച്ചു. കാരണം തന്‍റെയീ ഇരുപ്പു അത്രയും നീളുമല്ലോ എന്നവനോർത്തു. കുറച്ചു കഴിഞ്ഞപ്പം അടുക്കളവാതിൽ തുറന്നു ബിൻസി ഇറങ്ങി വരുന്നത് കണ്ടു. ഡ്രസ്സ്‌ മാറിയിട്ടുണ്ട്. ഇപ്പം ഒരു പാവാടയും ബ്ലൗസുമാണ് ഇട്ടിരിക്കുന്നത്. മീൻ വെട്ടാൻ കിണറ്റുകരയിലോട്ടുള്ള വരവാണ്.

ബെന്നിച്ചൻ ഒന്നുകൂടി പതുങ്ങിയിരുന്നു. ബിൻസി കിണറ്റുകരയിൽ കുന്തിച്ചിരുന്നു മീൻ വെട്ടാൻ തുടങ്ങി. ജോസേട്ടൻ വന്ന് ഒന്ന് നോക്കിയിട്ട് അകത്തേക്ക് കയറിപ്പോയി. ഇനിയിപ്പം മീൻവെട്ടു കഴിയാതെ ഒന്നും നടക്കത്തില്ല എന്ന് ജോസേട്ടനറിയാം. ജോസേട്ടന്‍റെ മനോനില ഓർത്തപ്പോൾ ബെന്നിച്ചനു ചിരി പൊട്ടി. അവൻ ബിൻസിയെത്തന്നെ നോക്കിയിരുന്നു.

അവളുടെ സമൃദ്ധമായ പിൻഭാഗം, അവളുടെ ഇരുപ്പിൽ കൂടുതൽ ആകർഷണീയമായി അവനു തോന്നി. നാളെ മരിച്ചുപോകാനുള്ള പെണ്ണാണ്. നാളെ ഈനേരത്ത് ഇടുക്കിയിലെ ഏതോ കൊക്കയിൽ ചത്തുമലച്ചു കിടക്കേണ്ട അവളെ ബെന്നിച്ചൻ ശ്രദ്ധിച്ചു നോക്കിക്കൊണ്ടിരുന്നു.

അങ്ങനെ ഇരിക്കുമ്പോൾ ബെന്നിച്ചനു ഏതാണ്ടൊക്കെ തോന്നാൻ തുടങ്ങി. ചെന്ന് അങ്ങ് കേട്ടിപ്പിടിച്ചാലോ ? അവള് എതിർപ്പൊന്നും ഉണ്ടാക്കത്തില്ല. താനവളെ കെട്ടാൻ പോകുവല്ലേ !! വന്നപ്പം കിണറ്റുകരയിൽ വെട്ടംകണ്ടു വന്നതാണെന്നു പറയാം. വേണേൽ കാര്യം സാധിക്കാം. അല്ലെങ്കിൽപിന്നെ ജോസേട്ടന്‍റെയും കാൽമയുടെയും ഒക്കെ പരാക്രമം കഴിഞ്ഞേ, തനിക്കു ഇവളെ ഒന്ന് ഉപ്പു നോക്കാൻ കിട്ടു. ഇപ്പോഴാണെങ്കിൽ അവരൊന്നും അറിയത്തുമില്ല. ഇവളും പറയാൻ പോകുന്നില്ല. തന്‍റെതു കഴിഞ്ഞിട്ട്പിന്നെ പ്ലാൻ പോലെയൊക്കെ നടന്നോട്ടെ. ബെന്നിച്ചൻ തന്‍റെ ചിന്തകളെ തന്നോട്തന്നെ ന്യായീകരിച്ചു.

മനസിനെ പിടിച്ചു നിറുത്താൻ പറ്റുന്നില്ല. അവളുടെ പാവാട കേറ്റിക്കുത്തിയുള്ള ആ ഇരുപ്പു ബെന്നിച്ചനെ കൂടുതൽ ആവേശം കൊള്ളിച്ചുകളഞ്ഞു. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. ഒച്ചവെക്കാൻ തുടങ്ങിയ അവൾ ആളെ കണ്ടപ്പം ഒതുങ്ങി. കാപ്പിച്ചുവട്ടിലെ ഇരുട്ടിലവളെ എത്തിക്കാൻ സെക്കണ്ടുകളെ എടുത്തുള്ളൂ.
അവളുടെ ചോദ്യങ്ങൾ ഒന്നും ബെന്നിച്ചൻ കേൾക്കുന്നുണ്ടായിരുന്നില്ല. മീൻ വല്ല പൂച്ചയും എടുത്തുകൊണ്ടുപോകും, എന്ന അവളുടെ ആവാലതിയെ ബെന്നിച്ചൻ പുഛിച്ചു തള്ളി. അവളെ വാരിപ്പുണരുമ്പോൾ വല്ലാത്ത ആവേശം തന്നിൽ നിറയുന്നത് ബെന്നിച്ചൻ തിരിച്ചറിഞ്ഞു.

“ആണ്ടെ…. ഏതാണ്ട് താഴെപ്പോയി” അവൾ അടക്കം പറഞ്ഞു.

അവളെ പിടിച്ചടക്കാനുള്ള ബഹളത്തിനിടയിൽ അരയിൽ തിരുകിവച്ചിരുന്ന രൂപപ്പൊതിയാണ് താഴെ വീണത് എന്ന് ബെന്നിച്ചൻ മനസിലാക്കിവരുമ്പോഴേക്കും ബിൻസി അത് കൈക്കലാക്കി കഴിഞ്ഞിരുന്നു.

“അത് ശരി. കാശാണല്ലേ….”

അതുംപറഞ്ഞു അവൾ കിണറ്റുകരയിലേക്ക് ഒറ്റ ഓട്ടം വച്ചുകൊടുത്തു. ബെന്നിച്ചൻ എന്തു ചെയ്യണമെന്നറിയാതെ ഒരു നിമിഷം പകച്ചു നിന്നു. ശരീരം സാധരണനിലയിലാവാൻ അൽപ്പം സമയമെടുത്തു. ഇനി ഇരുട്ടത്ത്നിന്നിട്ട് കാര്യമില്ലെന്ന് ബെന്നിച്ചനു തോന്നി. പൈസ തിരിച്ചുവാങ്ങാൻ അവനും കിണറ്റുകരയിലേക്ക് ഇറങ്ങിവന്നു. അതിനകം അവൾ പൊതി ബ്ലൗസിനുള്ളിൽ നിക്ഷേപിച്ചിരുന്നു.

മണി കിലുങ്ങുന്നതുപോലെ ചിരിച്ചുകൊണ്ടവൾ മീൻ വെട്ടാൻ തുടങ്ങി. എന്തു ചെയ്യണമെന്നു ബെന്നിച്ചനു ഒരു എത്തുംപിടിയും കിട്ടിയില്ല. ഒച്ച കേട്ട് ജോസേട്ടൻ പുറത്തേക്ക് വന്നു. കിണറ്റുകരയിൽ നിൽക്കുന്ന ബെന്നിച്ചനെ ജോസേട്ടൻ അതിശയത്തോടെ നോക്കി.

ചുറ്റും നിറയുന്ന ഇരുട്ടിൽ കിണറ്റുകരയിലെ മങ്ങിയ വെളിച്ചത്തിൽ ബെന്നിച്ചനും ജോസേട്ടനും തികച്ചും അപരിചിതരെപ്പോലെ പരസ്പരം നോക്കിനിന്നു. ജീവിതം തന്‍റെ കൈയിൽ നിന്ന് വിട്ടു വിട്ടു പോവുകയാണെന്ന് ബെന്നിച്ചനു തോന്നി. അപ്പോൾ തോന്നിയ ആവേശത്തെ ശപിച്ചുകൊണ്ട് അവൻ മങ്ങിയ വെളിച്ചം മാത്രമുള്ള കിണറ്റുകരയിൽ അന്തം വിട്ടു നിന്നു.

നാട്ടുവഴികളിൽ ഇരുട്ട് നിറഞ്ഞിരുന്നു അപ്പോഴേക്കും. കിണറ്റുകരയിലെ മങ്ങിക്കത്തുന്ന ബൾബിനുചുറ്റും പ്രാണികൾ ആവേശത്തോടെ, ആത്മഹൂതിക്കുള്ള തങ്ങളുടെ അവസരവും കാത്തു ചുറ്റിപ്പറന്നു കൊണ്ടിരുന്നു. ഒന്നുമറിയാത്തതുപോലെ, എല്ലാമറിഞ്ഞു കിണറ്റുകരയിലെ ബൾബ്‌ മാത്രം മങ്ങിക്കത്തികൊണ്ടിരുന്നു.

(അടുത്ത ലക്കം തുടർന്ന് വായിക്കുക "രാത്രിവഴികൾ")

- സിറിയക് കടവിൽച്ചിറ

കപ്പലുപെരുന്നാൾ മുൻ അദ്ധ്യായങ്ങൾ
http://neendoorpravasi.com/arts.php#228


വിധി (കവിത)

വിമാനം കയറി,
മാനസുന്ദരികളുടെ വശ്യമധുര പരിചരണമേറ്റ്
ന്യൂയോർക്കിൽ വന്നിറങ്ങി !
യോഗം പോലെ !
ഗമിച്ചു ഭാര്യക്കൊപ്പമവൾവാടകക്കെടുത്ത വീട്ടിലേക്ക്
മികവോടവൾ പകർന്നെനിക്കാദ്യമായ് അമേരിക്കൻ മദ്യം
കാമോത്തേജക രസായനം !
മാനവ, ഋതുഭേദങ്ങൾ - വ്യാഴവട്ടങ്ങൾ !
ന്യായാന്യായങ്ങൾ !

യാമ യാമങ്ങൾ വേലചെയ്തവൾ വീടുസ്വന്തമാക്കി,
മകളും മകനുമായി
കനകത്തിനായ് പ്രയാണമനവരതം,
നാരീമനമാരുകണ്ടു !
രാസകേളികൾക്കായ് ഞാനും,
സ്വരവ്യത്യാസങ്ങൾ - അടിപിടി !

രാവേറിയവൾ വന്നൊരുനാൾ,
വശപ്പിശകിലൊരു തൊഴി -
ശവമായ്തീർന്നവൾ !
വന്നുപെട്ടുഞാനീ കാരാഗൃഹത്തിൽ !!

നരകകർമ്മഫലങ്ങളെ നാം "വിധി" യെന്നുരയുന്നു!!!

(റോക് ലാൻഡ് കൗണ്ടിയിൽ ഒരു മലയാളി ഭാര്യയെ തൊഴിച്ചു കൊന്നു എന്ന വാർത്തയാണ് ഈ കവിതയ്ക്ക് ആധാരം)

(പീറ്റർ നീണ്ടൂർ)


യാത്രാവിവരണം: പനാമ-പെറു-മച്ചുപിച്ചു യാത്ര-15

പെണ്‍കുട്ടി ഉടനെ മറ്റൊരു ചോദ്യം ഉതിർത്തു. "Is there any clash among the believers?"

പോൾസണ്‍ മറുപടി പറഞ്ഞു: "Oh! No."

കരളൈന ഇങ്ങിനെ ചോദിക്കുവാനുള്ള കാരണം പിന്നീട് ഞങ്ങൾ ചർച്ച ചെയ്തു. ഹിന്ദുക്ഷേത്രത്തിലെ പൂജാരി ഇംഗ്ലീഷിൽ ഞങ്ങളോടു സംസാരിച്ചപ്പോൾ ഇടയ്ക്ക് ഇങ്ങിനെ പറഞ്ഞു. "There are religious clashes throughout India. Nobody can forget the the Gujarat incident. But there are no such incidents in Panama. I am here from 1990." പൂജാരി പറഞ്ഞതു കേട്ടാണ് കരളൈന മതപരമായ സംഘട്ടനത്തെപ്പറ്റി ചോദിച്ചത്. രജനീകാന്തിൻറ്റെ വാദം ശരിയാണ്. പനാമ മതസൗഹാർദ്ദത്തിൻറ്റെ വേദിയാണ്. സഞ്ചാരത്തിനിടയിൽ ഞങ്ങൾക്കു ബോധ്യപ്പെട്ടു.

നാലാമത്തെ ദേവാലയം - മോസ്ക്ക്

ഉച്ചകഴിഞ്ഞ സമയം. എല്ലാവർക്കും വിശപ്പുണ്ട്. ബീച്ചിലെ ഒരു റസ്റ്റോറൻറ്റിൽ ലഞ്ചിനു ചെന്നു. വലിയ തിരക്കും ആർഭാടവുമാണ്. കരളൈനയുടെ ഇഷ്ടം ചോദിച്ചപ്പോൾ കുട്ടിക്ക് ബഡ്വൈസർ ബീയറും പനാമ പുഡിംഗും മതിയത്രെ. പെട്ടെന്ന് ലഭ്യമാകുന്ന ചിക്കനും ബ്രെഡും കൊണ്ട് ഞാനും പോൾസണും തൃപ്തിയടഞ്ഞു. ശങ്കർജിയുടെ വെജിറ്റബിൾസ് കുക്ക് ഹൗസിൽ പോയി തരപ്പെടുത്തി. മൂവർക്കും ഓരോ ലാർജ് ഷിവാസ് റീഗലും ഉൾപ്പെട്ടിരുന്നു ലഞ്ചിനൊപ്പം. "പത്തൊമ്പതുകാരി ബഡ്വൈസർ കുടിക്കുമ്പോൾ നമ്മളെങ്ങനെ പച്ചക്കിരിക്കും?" പോൾസൻറ്റെ താരതമ്യം. പക്ഷേ, അമേരിക്കകളിൽ കോളേജുകുട്ടികളും പതിനെട്ടു കഴിഞ്ഞ ഹൈസ്കൂൾ കുട്ടികളും ബീയർ കുടിക്കും. അതവരുടെ ശൈലിയാണ്. ആഗോളവത്കരണത്തിൻറ്റെ ഭാഗമായിരിക്കണം കേരളത്തിലും മുതിർന്ന വിദ്യാർത്ഥികൾ ഇപ്പോൾ മദ്യപിച്ചു തുടങ്ങിയിട്ടുണ്ട്. ഇടത്തരം കുട്ടികളും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ലന്നാണ് ജനസംസാരം.

ലഞ്ചുകഴിഞ്ഞു കാറിൽ കയറുമ്പോൾ കരളൈന വീണ്ടും ഒരു ചോദ്യം. "You are deeply interested in religion?" ശാസ്ത്രി ഉടനെ അൽപ്പം സ്വരമുയർത്തി പറഞ്ഞു. "What of that?" കുട്ടി ഉദ്ദേശിച്ചത്, അവിടെ അടുത്തൊരു മുസ്ലീം ദേവാലയമുണ്ട്. ഞങ്ങൾക്കു താൽപ്പര്യമുണ്ടെങ്കിൽ പോകാമെന്നാണ്. പനാമയിൽ മോസ്ക്കുണ്ടെന്നു കേട്ടപ്പോൾ ഞങ്ങൾക്കത്ഭുതം. "എന്നാൽ കാണുക തന്നെ." ഞാൻ ശഠിച്ചു.

ബീച്ചിനോടടുത്ത് തിരക്കേറിയ ഒരു സ്ഥലത്താണ് മോസ്ക്ക്. നല്ല ഉയരമുള്ള മിനാരത്തോടുകൂടിയ വലിയൊരു ദേവാലയം. ഇസ്ലാമികഭക്തർ മോസ്ക്കിൽ നമസ്ക്കരിക്കുന്നുണ്ടായിരുന്നു. ഇഷ്ടംപോലെ പാർക്ക് ചെയ്യുവാൻ സ്ഥലമുണ്ട്. വിശ്വാസികൾ വരുന്നു, പോകുന്നു.

"ഇക്കാര്യം നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഷിവാസ് റീഗൽ ഒഴിവാക്കാമായിരുന്നു." ഡോക്ടർ പോൾസണ് കുറ്റബോധം.

"നമ്മൾ മോസ്ക്കിനുള്ളിൽ കയറുന്നില്ലല്ലോ." ഞാൻ ന്യായീകരിച്ചു. മോസ്ക്കിനുചുറ്റും തിരക്കു കണ്ടതുകൊണ്ട് കരോളൈന കാർ പാർക്ക് ചെയ്തത് അൽപ്പം ദൂരെയാണ്. ശാസ്ത്രിജിയും പോൾസണും മോസ്ക്കിൻറ്റെയും പരിസരത്തിൻറ്റെയും ഫോട്ടോകൾ എടുക്കുന്ന നേരം ഞാൻ കരോളൈനയുടെ ഇടതുകരം ഗ്രഹിച്ച് ബീച്ചിൽക്കൂടി ഉലാത്തുകയായിരുന്നു. കുട്ടിയുടെ ഭാവികാര്യങ്ങൾ ഞാൻ ചോദിക്കുമ്പോൾ കരോളൈന ഇന്ത്യയിലെ ജനങ്ങളെയും വിദ്യാർത്ഥികളെയും പറ്റിയാണ് ചോദിക്കുന്നത്. അമേരിക്കയിലെയും ഇംഗ്ലണ്ടിലെയും യുവതികളെപ്പോലെ പനാമയിലെയും യുവജനങ്ങൾക്ക്‌ ഭാവിയെപ്പറ്റിയോ വിവാഹക്കാര്യങ്ങളിലോ യാതൊരു ഉത്കണ്ഠൾയും ഉള്ളതായി തോന്നിയില്ല. കാർ തിരിച്ചു കൊണ്ടുവരാൻ ആവശ്യപ്പെട്ട പോൾസണും ശാസ്ത്രിയും ബീച്ചിൽ ഞങ്ങൾ കൈകോർത്തു പിടിച്ചു നടക്കുന്നത് കണ്ടു. ഒട്ടും മടിക്കാതെ പോളസൻറ്റെ മുന്നറിയിപ്പ്. "ചാക്കോച്ചാ, നാട്ടിലാണെങ്കിൽ ഇതു പീഡനവകുപ്പിൽപ്പെടും." ..(തുടരും)

(എം.സി ചാക്കോ മണ്ണാറക്കാട്ടിൽ)


കളഞ്ഞുപോയ മുത്ത് (കഥ)

ഏഴു ദിവസത്തെ ധ്യാനം കഴിഞ്ഞ് പോട്ട ആശ്രമത്തിൽനിന്ന് അന്തേവാസികൾ പിരിഞ്ഞു. ബസ് കാത്തുനിന്ന ജനം ഫാസ്റ്റ് പാസഞ്ചറിൽ ജീവൻ പണയം വച്ച് ചാടിക്കയറി.

ബസിനുള്ളിൽ കയറിക്കഴിഞ്ഞപ്പോൾ ക്ലാരച്ചേടത്തിക്ക് ആരുടെയോ സന്മനസ്സുകൊണ്ട് ജനാലയ്ക്കടുത്തുതന്നെ ഒരു സീറ്റ് കിട്ടി. ക്ലാരച്ചേടത്തിയുടെ കണ്ണുകൾ ഒരിക്കൽക്കൂടി ആശ്രമകവാടത്തിൽനിന്ന് ഒഴുകുന്ന ജനാവലിയിലൂടെ ആരെയോ അന്വേഷിച്ച് പരതി. ആൾക്കൂട്ടത്തിലെ അവസാന ആളെയും പരതിയ കണ്ണുകളിൽ വിഷാദം. കണ്ണടച്ച് സീറ്റിൽ ചാരിക്കിടന്നപ്പോൾ ക്ലാരച്ചേടത്തിയുടെ മനസ്സിൽ വല്ലാത്ത ഭാരം അനുഭവപ്പെട്ടു.

ഇതു മൂന്നാം തവണയാണ് താൻ പോട്ട ആശ്രമത്തിൽ ധ്യാനത്തിനെത്തുന്നത്. കഴിഞ്ഞ തവണ ധ്യാനം കഴിഞ്ഞ് തിരിച്ചുപോകുമ്പോൾ മനസ്സ് ശാന്തമായിരുന്നു. വേദപുസ്തകത്തിലെ സുവിശേഷഭാഗങ്ങൾ മനസ്സിൻറ്റെ വേദനയെ പാടെ മാറ്റിയിരുന്നു.

ബസ് നാഷണൽ ഹൈവേയിലൂടെ അതിവേഗം പാഞ്ഞുകൊണ്ടിരുന്നു. കണ്ണടച്ച് മയങ്ങാൻ ശ്രമിച്ചപ്പോഴും മനസ്സിൽ ഒരേ മുഖം. ഒരിക്കലും മറക്കാനാവാത്ത തൻറ്റെ മോൻ ജയിംസുകുട്ടിയുടെ അതേ മുഖം. എങ്ങനെ ഇതു സംഭവിച്ചു. ജയിംസുകുട്ടി മരിച്ചിട്ട് പത്തുവർഷം തികയുന്നു. ആ ദിവസംതന്നെ വീണ്ടും ആ മുഖം കാണുക! മോട്ടോർ സൈക്കിൾ അപകടത്തിൽപെട്ട പൊന്നോമന മകൻറ്റെ നിർജ്ജീവശരീരം മനസ്സിൽ കൊള്ളിയാൻപോലെ പതിക്കുമ്പോൾ പ്രാർത്ഥന ഒരു നിലവിളിയായി. പരസ്പരം ദു:ഖം പങ്കിടുന്ന ഭക്തജനങ്ങളുടെ കൂട്ടവിലാപങ്ങളിൽ അലിഞ്ഞുചേരുമ്പോൾ, നിറഞ്ഞ് ഒഴുകുന്ന തൻറ്റെ കണ്ണുകൾ ശ്രദ്ധിക്കുന്ന സുപരിചിതമായ രണ്ടു കണ്ണുകൾ. ഞെട്ടിത്തരിച്ചുപോയി. എൻറ്റെ മോൻ ജയിംസുകുട്ടി!

"ജയിംസുകുട്ടീ, മോനെ... നീ എവിടെയായിരുന്നെടാ ഇത്രയും നാൾ"

അറിയാതെ വിളിച്ചുകൂവി ആൾക്കൂട്ടത്തിനിടയിലൂടെ ഓടി മകനെ കെട്ടിപ്പിടിച്ച് കരഞ്ഞപ്പോൾ ആരോ പറയുന്നത് കേട്ടു.

"അമ്മച്ചിക്ക് ആള് പിശകിയെന്നു തോന്നുന്നു."

സ്വപ്നത്തിൽനിന്ന് യാഥാർത്ഥ്യത്തിലേക്ക് വഴുതിവീണപ്പോൾ ദു:ഖഭാരം പങ്കിടുന്ന സഹോദരിയുടെ സാക്ഷ്യം. "നീ കാണുന്നതിന് മുമ്പ് കർത്താവ് എല്ലാം കാണുന്നു."

"സാരമില്ല അമ്മച്ചീ" തൻറ്റെ കരവലയത്തിൽനിന്നു മോചനം തേടുന്ന ആ പതിനാറു വയസുകാരൻ. ഇരുപത്തഞ്ച് വർഷം മുമ്പ് തൻറ്റെ ഏകമകൻ ജയിംസുകുട്ടി എങ്ങനെയായിയിരുന്നോ അതെ ഛായ!

"ഈ ലോകത്ത് ഒരാളുടെ രൂപത്തിൽ കുറഞ്ഞത് ഒമ്പതു പേരെങ്കിലും കാണും എന്നല്ലേ ടീച്ചറേ". കൂട്ടത്തിൽ വന്ന മറിയച്ചേടത്തി കിടക്കാൻനേരം തന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. രാത്രി ഏറെയായിട്ടും ഉറക്കം വരാതെ കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു. അന്തേവാസികൾ എല്ലാവരും ഉറക്കം പിടിച്ചുകഴിഞ്ഞു. മങ്ങിയ മെഴുകുതിരിവെളിച്ചത്തിൽ ആരോ വായിക്കുന്ന ബൈബിൾ വചനങ്ങൾ.

കണ്ണടച്ചപ്പോൾ വെള്ള വസ്ത്രം ധരിച്ച ജയിംസുകുട്ടിയുടെ രൂപം തന്നെ നോക്കിയിരിക്കുന്നു. എപ്പോഴും ചിരിക്കുന്ന പ്രകൃതമുള്ള തൻറ്റെ മകന് മാറ്റമുണ്ടായത് ഹൈദരാബാദിലെ മൂന്നു വർഷത്തെ പഠനത്തിനിടയിലാണ്. എം. ബി.എ പാസ്സായി തിരിച്ചെത്തുമ്പോൾ ജയിംസുകുട്ടിയിൽ ഒരു പുരുഷനെയാണ് കണ്ടത്.

മകൻറ്റെ നാലാം വയസ്സിൽ വൈധവ്യം ഏൽക്കേണ്ടിവന്ന ഹതഭാഗ്യയായ അമ്മ. ആറുവർഷം മാത്രം പഴക്കമുള്ള ദാമ്പത്യം കെട്ടടങ്ങിയപ്പോൾ കാലഹരണപ്പെടാത്ത യുവത്വത്തിനു മുമ്പിൽ, മകനെയോർത്ത് മറ്റൊരു വിവാഹത്തിന് തുനിഞ്ഞില്ല. ജയിംസുകുട്ടിയെ പഠിപ്പിച്ച് വളർത്തി വലുതാക്കി. "ക്ലാരടീച്ചറിൻറ്റെ മകനെ കണ്ടുപഠിക്ക്" എന്ന് കൂട്ടുകാരികൾ സ്വന്തം കുട്ടികളോട് പറയുന്നത് കേൾക്കുമ്പോൾ അഭിമാനം തോന്നിയിരുന്നു.

ഹൈദരാബാദിൽനിന്ന് തിരിച്ചെത്തിയ ജയിംസുകുട്ടിയിൽ വലിയ മാറ്റങ്ങൾ ശ്രദ്ധിച്ചു. മകൻറ്റെ മൂകതയുടെ രഹസ്യം പിന്നീട് മനസ്സിലായപ്പോൾ എല്ലാ നിയന്ത്രണവും തകർന്ന് പൊട്ടിത്തെറിയിൽ കലാശിച്ചു. ഏതോ അന്യജാതിക്കാരി പെണ്കു്ട്ടിയുടെ കത്ത് കൈയിൽകിട്ടിയ കലിയിൽ മകനെ മതിയാകുംവരെ തല്ലി. തൻറ്റെ മകൻ പെട്ടെന്ന് വലുതായി എന്ന വസ്തുത അവൻറ്റെ ഉറച്ച തീരുമാനം കേട്ടപ്പോഴാണ് മനസ്സിലായത്‌. വിട്ടുകൊടുക്കുവാൻ താനും തയ്യാറല്ലായിരുന്നു. "അന്യജാതിയിലുള്ള ഏതോ ഒരു പെണ്ണിനെ കെട്ടി, കുടുംബത്തിൻറ്റെ മാനം കളയാനല്ല കഷ്ടപ്പെട്ട് ഇത്രയും നാൾ ഞാൻ നിന്നെ വളർത്തിയത്‌" എന്ന് തീർത്തു പറഞ്ഞപ്പോൾ ജയിംസുകുട്ടിയിൽ മൗനം.

മകൻറ്റെ നിസംഗതയിൽ, തൻറ്റെ വാശി വിജയിച്ചു. 0ബാംഗ്ലൂരിൽ കമ്പ്യൂട്ടർ സയൻസ് കഴിഞ്ഞ മോളിക്കുട്ടിയുമായുള്ള മകൻറ്റെ വിവാഹം നടന്നു. പുതിയ ബന്ധത്തിൻറ്റെ ശുപാർശയിൽ ജയിംസുകുട്ടിക്കു ജോലിയും കിട്ടി. സന്തോഷത്തിൻറ്റെ നാളുകളേക്കാൾ, ഇണങ്ങാത്ത രണ്ടു കണ്ണികളെ യോജിപ്പിക്കാനായിരുന്നു തൻറ്റെ ശ്രമം. വിവാഹരാത്രിയിൽ സ്വന്തം ജീവിതകഥ നവവധുവിനോട് പറഞ്ഞ വിഡ്ഢിയായ ഭർത്താവിന് തുടർന്ന് ഭാര്യയിൽനിന്ന് കേൾക്കേണ്ടിവന്ന പരിഹാസങ്ങളുടെ കൂരമ്പുകൾ വീട്ടിലെ സമാധാനം ഇല്ലാതാക്കി. സ്വരക്ഷയ്ക്ക് ജയിംസുകുട്ടി ബാറിനെ അഭയംപ്രാപിച്ചു. വിരസങ്ങളായ ദിനങ്ങൾ. വീർപ്പുമുട്ടിയ രാവുകൾ. അകൽച്ചയുടെ നിഴൽ നീളുകയായിരുന്നു.

വിവാഹബന്ധം വേർപെടുത്തണമെന്നു മോളിയുടെ അപ്പൻ ബാംഗ്ലൂർക്കാരൻ കറിയാച്ചനും നിർബന്ധം പിടിച്ചപ്പോൾ എതിർത്തില്ല. ബന്ധം വേർപെട്ടശേഷം ജയിംസുകുട്ടി ഏകാന്തതയെ ഇഷ്ടപ്പെട്ടു പോന്നു. ആരോടോ ഉള്ള പകതീർക്കാൻ ഒരു കറുത്തവാവ് രാത്രിയിൽ ഏകാന്തതയുടെ തേരിൽ അവൻ എങ്ങോട്ടോ പറന്നുപോയി എന്ന സത്യം മനസ്സിലായത്‌ രണ്ടു ദിവസം കഴിഞ്ഞ് തനിക്ക് ബോധം വീഴുമ്പോഴാണ്.

"കുടിച്ചു സുബോധമില്ലാതെയുണ്ടായ ബൈക്കപകടം" മോളിയും വീട്ടുകാരും വാർത്തയ്ക്ക് വേണ്ട പ്രചാരം നൽകി.

"ടീച്ചറേ, സ്ഥലമെത്തി. ഇറങ്ങണ്ടേ ?" മറിയച്ചേടത്തിയുടെ സ്വരം.

ബസിറങ്ങി വീട്ടിൽ എത്തിയപ്പോൾ ഏകാന്തതയുടെ തടവുകാരിയുടെ സുഹൃത്തുക്കൾ, വളർത്തു നായ്ക്കൾ, ഗേറ്റിൽ ഓടിയെത്തി. വാലാട്ടി ദേഹത്തുരുമ്മി തങ്ങളുടെ സ്നേഹം പ്രകടിപ്പിച്ചു.

ബംഗ്ലാവിൻറ്റെ ഇരുണ്ട മുറികളിൽ ഇരുട്ട് കട്ടപിടിക്കാൻ തുടങ്ങിയപ്പോൾ അരണ്ടവെളിച്ചത്തിൽ വീണ്ടും ഒറ്റപ്പെട്ട തൻറ്റെ നിഴൽ. രാത്രിയിൽ കിടന്നപ്പോൾ വീണ്ടും പോട്ടയിൽ കണ്ട ചെറുപ്പക്കാരൻറ്റെ മുഖം.

"എന്താ മോൻറ്റെ പേര്?" ചിതറിയ കരിങ്കല്ലുകളിൽ ഏകനായിരുന്ന ചെറുപ്പക്കാരൻറ്റെ വിഷാദം പൂണ്ട മിഴികൾ ശ്രദ്ധിച്ച് ചോദിച്ചു.

"കൃഷ്ണൻകുട്ടി" പതിഞ്ഞ സ്വരത്തിലുള്ള മറുപടി.

"അമ്മ? അച്ഛൻ?" വീണ്ടും വെറുതെയൊരു കുശലം.

"അമ്മ നേഴ്സാണ്. അച്ഛൻ എസ്റ്റേറ്റിലാ" ഉത്തരം പറയാൻ തത്രപ്പെടുന്ന പയ്യൻ. നുണ പറയുമ്പോൾ ജയിംസുകുട്ടിയും ഇതുപോലെ പരിഭ്രമിക്കാറുണ്ടായിരുന്നു.

പിന്നീടുള്ള രണ്ടു ദിവസങ്ങളിൽ മരിച്ചുപോയ തൻറ്റെ മകനെ കൃഷ്ണൻകുട്ടിയിൽ കാണുന്ന അമ്മയുടെ സന്തോഷം കൃഷ്ണൻകുട്ടി അടുത്തറിഞ്ഞു. കൃഷ്ണൻകുട്ടിയോട് ഹൃദയം തുറന്നു സംസാരിച്ചപ്പോൾ ജാതിമതങ്ങളേക്കാൾ മനുഷ്യബന്ധത്തിൻറ്റെ വില ടീച്ചർ അറിഞ്ഞു. നാനാജാതിമതക്കാർ വന്ന് ഹൃദയാമൃതം ഏറ്റുവാങ്ങുന്ന പോട്ട ആശ്രമത്തിൽ മനുഷ്യർ മാത്രമേയുള്ളന്ന് ടീച്ചർക്ക് തോന്നി. പിരിയുന്ന ദിവസമാണ് കൃഷ്ണൻകുട്ടി ആ സത്യം പറയുന്നത്. അമ്മ നിത്യരോഗിണിയാണന്നും അച്ഛൻ ജീവിച്ചിരിപ്പില്ലന്നും. വളരെയധികം ദു:ഖം തോന്നി. അമ്മയുടെ തീരാരോഗം മാറാൻ പ്രാർത്ഥിച്ച് കണ്ണു തുടയ്ക്കുന്ന മകൻറ്റെ കൈയിൽ പത്ത് നൂറുരൂപാ നോട്ടുകൾ വച്ചുകൊടുക്കുമ്പോൾ, കടമയുടെ ഒരംശം ചെയ്തതായാണ് തോന്നിയത്.

പുറത്ത് നിലാവിൽ മരച്ചില്ലകളുടെ നിഴൽകണ്ട് കുരയ്ക്കുന്ന നായ്ക്കളുടെ സ്ഥിരമുള്ള ശബ്ദം കേട്ടാണ് ഞെട്ടിയുണർന്നത്. പിന്നീട് ഏതോ ഉൾപ്രേരണയാൽ പത്തുവർഷമായി അടഞ്ഞുകിടന്ന ജയിംസുകുട്ടിയുടെ മുറിയെ ലക്ഷ്യമാക്കി നടന്നു. പൊടിപിടിച്ച മേശവലിപ്പിലൂടെ കൈകൾ പരതിയപ്പോൾ കിട്ടിയ കത്തുകൾക്ക് പതിനാറു വർഷം മുമ്പ് ജയിംസുകുട്ടിയുടെ ജീവിതഗതി മാറ്റിയ പ്രേമലേഖനങ്ങളുടെ തനിശ്ചായ. സുമതി എന്ന കാമുകിയുടെ കത്തിലെ അവസാന വാചകം "ഗർഭിണിയായ ഞാൻ ഇനി എന്തു ചെയ്യും?"

കണ്ണിൽ ഇരുട്ട് കയറുന്നതുപോലെ, പിന്നീട് വായിക്കാൻ ശ്രമിച്ചത് അയച്ച ആളുടെ മേൽവിലാസമാണ്. അഡ്രസ് തിരയുന്നതിനിടയിൽ താഴെ വീണ ഒരു ഫോട്ടോ ശ്രദ്ധിച്ചു. ഇരട്ടവാലൻ കരണ്ട് ഏതാണ്ട് അധികഭാഗവും നശിച്ച ഫോട്ടോയിൽ ജയിംസുകുട്ടിയോടൊപ്പം സുമതി എന്ന കാമുകി. മനസ്സിൽ ഒരു ഉറച്ച തീരുമാനത്തിന് രൂപം കൊള്ളുകയായിരുന്നു.

പിറ്റേന്ന് നേരം വെളുത്തപ്പോൾ കാറ് പാലക്കാട്ടുള്ള ആ കൊച്ചു ഗ്രാമത്തിലേക്ക് പാഞ്ഞു. അക്ഷമയായ ക്ലാരറ്റീച്ചർ കാറിൻറ്റെ പിൻസീറ്റിൽ ഓടിപ്പോകുന്ന കരിമ്പനക്കൂട്ടങ്ങളെ നോക്കിയിരുന്നു. ജീർണ്ണിച്ച ഒരു ഓലപ്പുരയുടെ മുമ്പിൽ കാർ നിന്നു. വീട് അതുതന്നെ എന്ന് ഉറപ്പുവരുത്തുന്ന ഡ്രൈവർ.

ഒതുക്കുകൾ കയറി മുറ്റത്ത്‌ എത്തുമ്പോൾ ചെറിയ ഒരു ആൾക്കൂട്ടം. എങ്ങും മൂകത തളംകെട്ടി നിൽക്കുന്നു. തെക്കെ തൊടിയിൽ എരിഞ്ഞടങ്ങുന്ന ചിത. പട്ടടയിൽനിന്ന് ഉയരുന്ന കറുത്ത പുകച്ചുരുളുകൾ അന്തരീക്ഷത്തിൽ വികൃതവളയങ്ങൾ തീർക്കുന്നു. അകത്തളത്തെ ഇരുണ്ടകോണിൽ തൂണിൽചാരി ചിതയിലേക്ക് നോക്കിയിരിക്കുന്ന മെലിഞ്ഞ രൂപം, കൃഷ്ണൻകുട്ടി. അമ്മയുടെ വേർപാടിൽ മനംനൊന്ത് കരയുന്ന മകൻ.

വെള്ളതേക്കാത്ത ചുമരിലെ ചിത്രം പെട്ടെന്ന് ശ്രദ്ധിച്ചു. ഇന്നലെ രാത്രിയിൽ താൻ കണ്ട അതേ ചിത്രം. ജയിംസുകുട്ടിയുടെയും സുമതിയുടെയും ചിത്രം. കൃഷ്ണൻകുട്ടിയെ താങ്ങി എഴുന്നേൽപ്പിക്കുമ്പോൾ അവൻ വീണ്ടും ഏങ്ങിയേങ്ങിക്കരഞ്ഞു. ആ മുഖം പിടിച്ചുയർത്തി കണ്ണീരൊപ്പുമ്പോൾ അറിയാതെ വിളിച്ചുപോയി "മോനേ ജയിംസുകുട്ടീ".

(രാജു ജോസഫ് പ്രാലേൽ)



പുതിയ സിനിമ - എന്നും എപ്പോഴും & മര്യാദരാമൻ

എന്നും എപ്പോഴും

മോഹൻലാലും മഞ്ജു വാര്യരും പതിനാറു വർഷങ്ങൾക്കു ശേഷം ഒന്നിച്ചെത്തുന്നു എന്നത് തന്നെയാണ് ഈ ചിത്രത്തിൻറ്റെ പ്രധാന ആകർഷണം. പിന്നെ സത്യൻ അന്തിക്കാടിൻറ്റെ കുടുംബ ചിത്രം എന്ന് പറയുമ്പോൾ അതിലെന്തെങ്കിലും ഉണ്ടാകുമല്ലോ! മലയാളിയുടെ സമകാലിക ജീവിതത്തിലെ മാറ്റങ്ങളെ ഏറ്റവും നന്നായി പ്രതിഫലിപ്പിക്കുന്ന ഒരുപാട് സംഭവങ്ങൾ സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ മാത്രമേ ഒരുപക്ഷേ കാണാൻ കിട്ടൂ. പഴയ സംവിധായകരിൽ കാലത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കുന്ന ഒരേയൊരാൾ ജോഷിയാണെന്നാണ് എല്ലാവരും പറയുന്നത്. പക്ഷേ, വിനോദയാത്ര മുതൽക്കുള്ള ചിത്രങ്ങൾ ശ്രദ്ധിക്കൂ. ഫിലിം മേക്കിങ്ങിൻറ്റെ സൗന്ദര്യാത്മകതയിൽ ഒട്ടേറെ മുന്നേറികഴിഞ്ഞിരിക്കുന്നു സത്യൻ അന്തിക്കാട് എന്ന കുടുംബ സംവിധായകൻ. എന്തായാലും ചിക്കനും മട്ടനും കഴിച്ചുകൊണ്ടിരിക്കുന്ന ഒരാൾക്ക് ഇടയ്ക്കൊക്കെ അല്പം തൈരും കാന്താരി മുളകും ഞരടി ചേർത്ത പഴങ്കഞ്ഞി കുടിക്കുന്ന സുഖമാണ് സത്യൻ അന്തിക്കാടിൻറ്റെ ചിത്രങ്ങൾ തരുന്നത്.

എല്ലാ കാര്യത്തിലും മഹാമടിയനാണ് വിനീത്. എൻ. പിള്ള (മോഹൻലാൽ) എന്ന പത്രപ്രവർത്തകൻ. വനിതാരത്നം എന്ന മാഗസിനിലെ സീനിയർ പത്രപ്രവർത്തകനായ അദ്ദേഹം വൈകിയേ എഴുന്നേല്ക്കൂ, വൈകിയേ ഓഫിസിലെത്തൂ, മീറ്റിങ്ങുകൾ കഴിയാൻ നേരത്തേ എത്തുകയുള്ളൂ. ഓഫിസിലെത്തിയാലേ കുളിക്കൂ, പല്ലുതേക്കൂ. മാത്തൻ (ഗ്രിഗറി) എന്ന ചെറുപ്പക്കാരനായ ഫോട്ടോഗ്രാഫറാണ് അദ്ദേഹത്തിൻറ്റെ സന്തതസഹചാരി. വിനീതിനെ എല്ലാ ഏടാകൂടത്തിലും ചെന്നെത്തിക്കുന്നത് മാത്തനാണ്. വിനീതിനിട്ട് ഒരു പണി കൊടുക്കാനായി മാസികയുടെ പുതിയ എഡിറ്റർ കല്യാണി (റിനു മാത്യൂസ്) ഒരു ജോലിയേൽപ്പിക്കുന്നു. ശ്രദ്ധിക്കപ്പെട്ട വനിതാ അഭിഭാഷകയായ ദീപയുമായി (മഞ്ജു വാര്യർ) മാസികയ്ക്കു വേണ്ടി അഭിമുഖസംഭാഷണം നടത്തുക. വിവാഹമോചിതയായ ദീപ മകളുമൊത്താണ് താമസം. അഭിമുഖം നടത്താൻ വേണ്ടി ദീപയെ സമീപിക്കുന്ന വിനീതിനോട് ആദ്യം തന്നെ അവർ നോ പറയുന്നു. പക്ഷേ അയാൾ പിന്മാറിയില്ല. തുടർന്ന് അവരുടെ രണ്ടുപേരുടെയും ജീവിതത്തിൽ സംഭവിക്കുന്ന ചില കാര്യങ്ങളാണ് ഈ ചിത്രത്തിൻറ്റെ കഥ എന്ന് വേണമെങ്കിൽ പറയാം.

രഞ്ജൻ പ്രമോദ് എന്ന എഴുത്തുകാരൻറ്റെ തിരിച്ചുവരവു കൂടിയാണ് ഈ സിനിമ. മീശ മാധവൻ, രണ്ടാം ഭാവം, മനസ്സിനക്കരെ തുടങ്ങിയ മനോഹരമായ തിരക്കഥകൾ എഴുതിയ രഞ്ജൻ സംവിധാനത്തിൽ ഭാഗ്യം പരീക്ഷിക്കാൻ ശ്രമിക്കാതെ വീണ്ടും എഴുത്തിലേക്കു തിരിച്ചു വന്നിരിക്കുകയാണ്. ഇടുക്കി ഗോൾഡിൽ കൂടി ശ്രദ്ധേയനായ പഴയ ഡാൻസർ "രവീന്ദ്രൻ" എഴുതിയ കഥ ഇത്രയെങ്കിലും ആസ്വാദ്യകരമാക്കിയത് രഞ്ജൻ എന്ന ഒറ്റയാളാണ്. സത്യൻ അന്തിക്കാടിൻറ്റെ മകൻ അഖിൽ സത്യനാണ് ചിത്രത്തിൻറ്റെ സഹസംവിധായകൻ. ചില രംഗങ്ങളിൽ ഒരു പുതു രക്തത്തിൻറ്റെ ഊർജം കാണാനുണ്ട്. ആശീർവാദ് സിനിമാസിൻറ്റെ ബാനറിൽ ആൻറ്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രത്തിൻറ്റെ സംഗീതം വിദ്യാസാഗറും ഛായാഗ്രഹണം നീൽ ഡികുഞയും നിർവ്വഹിച്ചിരിക്കുന്നു.

ചില രംഗങ്ങളിലെങ്കിലും ലാലിൻറ്റെ കുസൃതി നിറഞ്ഞ ചിരിയും ഭാവങ്ങളും കാണാം. നാടോടിക്കാറ്റ്, ഗാന്ധിനഗർ സെക്കൻറ്റ് സ്ട്രീറ്റ്, സന്മനസ്സുള്ളവർക്കു സമാധാനം, പട്ടണപ്രവേശം, വരവേൽപ്പ് എന്നിങ്ങനെ മോഹൻലാലും സത്യൻ അന്തിക്കാടും ചേർന്നപ്പോഴെല്ലാം പ്രേക്ഷകർ ഇഷ്ടപ്പെട്ട കുറേ ചിത്രങ്ങൾ ഉണ്ടായിട്ടുണ്ട്. അവയുടെ ജനപ്രീതിയുടെ ഒപ്പമെത്തില്ലെങ്കിലും ഈ ചിത്രവും ഭംഗിയായി ചെയ്യാൻ ലാലിനും അന്തിക്കാടിനും സാധിച്ചിട്ടുണ്ട്.

ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലേതും മികച്ച പ്രകടനമാണ് മഞ്ജു ഈ സിനിമയിൽ കാഴ്ച്ച വച്ചിരിക്കുന്നത്. തീർച്ചയായും ഈ കഥാപാത്രം പുതിയതൊന്നുമല്ല. സുഹാസിനി, അംബിക തുടങ്ങിയ പഴയകാല നടികളും ലെന, മിയ തുടങ്ങിയ പുതിയവരുമൊക്കെ പലതവണ ആവർത്തിച്ചിട്ടുള്ള വേഷം തന്നെയാണിത്. പക്ഷേ സ്വതസിദ്ധമായ രീതിയിൽ ആകർഷകകമായി മഞ്ജു ഈ കഥാപാത്രത്തെ അവതരിപ്പിച്ചു. മഞ്ജുവിൻറ്റെ തിരിച്ചു വരവ് അർഹിക്കുന്നതിൽ കൂടുതൽ വാർത്താ പ്രാധാന്യം നേടിയത് എന്തുകൊണ്ടാണ് എന്നതിന് അവരുടെ വിമർശകർക്കുള്ള മറുപടി കൂടിയാണ് ഈ ചിത്രം.

ചുരുക്കി പറഞ്ഞാൽ ഈ സിനിമയെ പൊതുവായി ഇങ്ങനെ വിശേഷിപ്പിക്കാം - ചിലപ്പോഴൊക്കെ ചിരിപ്പിക്കുകയും ചിലപ്പോഴൊക്കെ ചിന്തിപ്പിക്കുകയും എന്നാൽ അത്ര ബോറടിപ്പിക്കുകയും ചെയ്യാത്ത വൃത്തികെട്ട സംഭാഷണങ്ങളോ പേടിപ്പിക്കുന്ന സീനുകളോ ഇല്ലാത്ത, കുടുംബത്തോടൊപ്പം കാണാവുന്ന ക്ലീൻ സിനിമ.

***************************************************************************************************************************

പുതിയ സിനിമ - ഇവൻ മര്യാദരാമൻ

ഒട്ടും മര്യാദ ഇല്ലാത്ത രാമൻ എന്ന് ഒറ്റവാക്കിൽ വിശേഷിപ്പിക്കാം. ഉത്സവ ചിത്രങ്ങൾ എന്നും ദിലീപിനെ രക്ഷിച്ചിട്ടുണ്ട്. പക്ഷെ ഇത്തവണ ആ പതിവ് തെറ്റാനാണ് സാദ്ധ്യത. അടുത്തിടെ ഇറങ്ങിയ ദിലീപ് ചിത്രങ്ങൾക്ക് സമാനം എന്ന പ്രതീക്ഷയോടെ തീയറ്ററിൽ പോയിരുന്നാൽ മര്യാദ രാമൻ അത്ര വെറുപ്പിക്കില്ല. അല്ലാതെ, സിനിമ ഇറങ്ങുന്നതിന് മുമ്പ് പലരും പറഞ്ഞ ദിലീപിൻറ്റെ ഫുൾ കോമഡി ചിത്രം, തെലുങ്കിൻറ്റെ സൂപ്പർ ഹിറ്റ് റീമേക്ക്, ഉദയ് കൃഷ്ണ - സിബി കെ തോമസ് കൂട്ടുകെട്ട് ഒടുവിലൊന്നിച്ചെഴുതിയ തിരക്കഥ, ഒരു കോടിയുടെ സെറ്റ് അങ്ങനെ കുറേ ധാരണകൾ മനസ്സിലുണ്ടെങ്കിൽ ഇപ്പഴേ മാറ്റിവച്ചേക്കൂ.

പൂനയിൽ അരിമില്ല് തൊഴിലാളിയാണ് രാമു. ഒരു സൈക്കിളിലാണ് ഇയാൾ തൻറ്റെ വ്യാപാരം നടത്തുന്നത്. ഈ സംസാരിയ്ക്കുന്ന സൈക്കിളാണ് രാമുൻറ്റെ ഏറ്റവും അടുത്ത കൂട്ടുകാരനും (സൈക്കിളിനു സൗണ്ട് കൊടുത്തിരിക്കുന്നത് സുരാജ് വെഞ്ഞാറമൂടും). കച്ചവടാവശ്യത്തിനായി സൈക്കിൾ മാറ്റി ഒരു ഓട്ടോ വാങ്ങാൻ തീരുമാനിച്ച രാമു അതിനുള്ള കാശുണ്ടാക്കാൻ വേണ്ടിയാണ് നാട്ടിലേക്ക് തീവണ്ടി കയറുന്നത്. ട്രെയിനില് വച്ച് കൃഷ്ണേന്ദുവിനെ പരിചയപ്പെടുന്നു. അവൾക്കൊപ്പം അവളുടെ തറവാട്ടിലെത്തുന്ന രാമു ഞെട്ടുന്നു. അവിടെ അയാളെ കൊല്ലാൻ ചിലർ കാത്തിരിയ്ക്കുന്നു. ഇതാണ് കഥയുടെ പശ്ചാത്തലം.

രാമുവായി ദിലീപും കൃഷ്ണേന്ദുവായി നിക്കി ഗൽറാണിയും എത്തുന്ന ചിത്രത്തിൽ സുനിൽ സുഖദ, കൈലാഷ്, ഷാജു നവോദയ, അബു സലീം തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഭാഗ്യനായികയായ നിക്കി മുഴുനീളം സിനിമയിലുണ്ടെങ്കിലും കാര്യമായൊന്നും ചെയ്യാന് നടിയ്ക്കില്ല. മുഴുനീള ഹാസ്യചിത്രം എന്നവകാശപ്പെടുമ്പോഴും പുതുമ അവകാശപ്പെടാൻ തക്കതായ ഒന്നും ഇതിലില്ല. കുറേ കോമാളിത്തരങ്ങള് മാത്രം. കുട്ടികളെ മാത്രം ഉദ്ദേശിച്ചൊരുങ്ങിയ ചിത്രമാണോ എന്നു തോന്നിപ്പിയ്ക്കുന്ന തരത്തിലാണ് പല രംഗങ്ങളും. ദിലീപിൻറ്റെ സ്ഥിരം നമ്പറുകൾ ആവർത്തിപ്പിക്കുക മാത്രമാണ് നവാഗത സംവിധായകനായ സുരേഷ് ദിവാകർ ചെയ്തത്. തെലുങ്കിൽ ഫലിക്കുന്ന പലതും മലയാളികൾക്ക് ദഹിക്കുന്നതല്ലെന്ന സത്യം മനസ്സിലാക്കാൻ സംവിധായകന് കഴിഞ്ഞില്ല. ഉദയ്കൃഷ്ണയും സിബി കെ തോമസും ദിലീപിന് വേണ്ടി മാത്രമായി ഒരു തിരക്കഥയെഴുതി എന്ന് പറഞ്ഞാൽ മതിയല്ലോ. ഗോപി സുന്ദറിൻറ്റെ പശ്ചാത്തല സംഗീതമാണ് ചിത്രത്തിലെ പ്ലസ് എന്നവകാശപ്പെടാൻ കഴിയുന്ന ഒരു സംഗതി. വിജയ് ഉലഗാനന്ദൻറ്റെ ഛായാഗ്രഹണവും മികച്ചു നിൽക്കുന്നു. ട്രെയിൻ രംഗങ്ങൾ നന്നായി ചിത്രീകരിയ്ക്കാൻ അദ്ദേഹത്തിന് സാധിച്ചു.

വെറുതെ ലോജിക്കില്ലാതെ കുറെ ചിരിക്കുക മാത്രമാണ് എൻറ്റർടൈൻമെൻറ്റ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെങ്കിൽ മര്യാദരാമൻ കാണാം. കുട്ടികൾക്ക് ഇഷ്ടപ്പെട്ടേക്കാം.

(മനോജ് തൈക്കൂട്ടത്തിൽ)



അഭിസാരിക (കവിത)

കണ്ണിൽ കാമാഗ്നി ജ്വലിപ്പിച്ചു
മെയ്യിൽ താരകങ്ങളെ ഒളിപ്പിച്ചു
വൃദ്ധന്മാരെയും കാമപീഡിതരാക്കി
അഗ്നി പടർത്തി വികാരപരവശരാക്കി
നക്ഷത്രസൗധങ്ങളിൽ നിശയുടെ മറവിൽ
പ്രേമം നടിച്ച് ഉന്മാദലഹരിയിൽ അന്ത്യത്തിൽ
എത്ര ബീജം തളർത്തിയ രാവുകൾ പകലുകൾ
കടന്ന് നിശ്വാസമുതിർക്കവെ ചപലത മറന്ന്
ഒരുതുള്ളി ബാഷ്പകണം ഉതിർന്നു
വീണു ചിതറിപ്പരന്നുപോയ് ശൂന്യം
വിജയം വരിക്കുന്ന നെഞ്ചിടിപ്പനവധിയെങ്കിലും
ഒന്നുമേ പോലുമെൻ ഹൃത്തടം
തേങ്ങുന്നതറിഞ്ഞില്ല ഒരുവനും
എണ്ണാൻ കഴിയാതെ വന്നു മറഞ്ഞുപോയ്‌
പൂത്തിരുവാതിരയും ഓണവും വിഷുവുമായങ്ങനെ
വർണ്ണ വിലാസ സുമശര ലീലകളിൽ മുഴുകവെ
മെല്ലെ വാർദ്ധക്യമെന്നെ തടവിലാക്കിയതറിഞ്ഞില്ല
തോഴിയാം നിലക്കണ്ണാടിയും ചതിച്ച് വിളറി
സ്നിഗ്ദ്ധത വറ്റിയ മിഴിമുനതൻ ലക്ഷ്യം പിഴച്ചു
അംഗരാഗങ്ങൾ വൃഥാവിലായ്‌ ന്യൂനം
വധ്യവയോധിക സംസാര ജീവിതയാത്രയിൽ
അവളുടെ നക്ഷത്രശോഭ മിന്നിപ്പൊലിഞ്ഞു പോയ്‌
ഇന്ന് ആട്ടിയോടിക്കുന്നു! അന്നെന്നെ കൈക്കുമ്പിളിൽ
ക്ഷണ പ്രേമ വാത്സല്യത്താൽ ജീവിതത്തിലേക്കു പോലും
മാടി വിളിച്ചവർ! കറുത്ത ജന്മങ്ങൾ
മുഖം മൂടികൾ മുഖം കറുപ്പിച്ചവർ.

(പി. എസ്. പ്രസാദ് മുണ്ടമറ്റം, നീണ്ടൂർ)


ഉണ്ണിമോള്‍ (കഥ)

ഞാന്‍ ദുബായില്‍ വെച്ചാണ്‌ അവളെ പരിചയപ്പെടുന്നത്, ആരെന്നു അറിയണ്ടേ, പറയാം. വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പ് എത്തിയതാണ് ഞാന്‍ ദുബായിൽ. ഇവിടെ മോശമല്ലാത്ത ജോലിയും കിട്ടി,പക്ഷെ ഭാര്യയേയും കുട്ടിയേയും പിരിഞ്ഞിരിക്കുന്ന സങ്കടം പലപ്പോഴും നാട്ടില്‍ തിരിച്ചു ചെല്ലാന്‍ പ്രേരിപ്പിച്ചിരുന്നു. എങ്കിലും കൊടുത്തു തീര്‍ക്കാനുള്ള ബാധ്യതകളുടെ കണക്കു ഓര്‍മ്മയില്‍ ഉള്ളതിനാല്‍ അതിനു കഴിയില്ല. അത് ഇവിടെ തന്നെ തുടരാന്‍ എന്നെ നിര്‍ബന്ധിതനാക്കി. എല്ലാം ഉള്ളിലൊതുക്കി നാലു ചുവരുകള്‍ക്കുള്ളില്‍ എന്‍റെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നു. എത്ര നാള്‍ ഇങ്ങനെ? അറിയില്ല.

അന്നത്തെ ജോലിത്തിരക്കുകള്‍ക്കു ശേഷം ഞാനെത്തി എന്‍റെ ലോകത്ത്. ആദ്യം തന്നെ നാട്ടില്‍ വിളിച്ചു സുഖവിവരം ആരാഞ്ഞു. കുഞ്ഞിന്‍റെ ഓരോ ചെറിയ വര്‍ത്തമാനവും എന്നെ സന്തോഷവാനാക്കി. ഭാര്യയുടെ സ്വാന്തന വാക്കുകള്‍ നല്‍കിയ ഊർജ്ജത്താല്‍ ജോലിത്തിരക്കിന്‍റെ ക്ഷീണം ഞാന്‍ അറിഞ്ഞില്ല. എല്ലാം കഴിഞ്ഞു ഞാന്‍ എന്നത്തേയും പോലെ നടക്കാനിറങ്ങി. എല്ലാം എനിക്ക് സുപരിചിതം. എങ്കിലും പുറത്തെ ഭംഗി ആസ്വദിച്ചു ഞാന്‍ നടന്നു. വലിയ വലിയ കെട്ടിടങ്ങള്‍, എല്ലാം കടന്നു ഞാന്‍ കുറെ ഏറെ നടന്നു. ചെന്ന് നിന്നത് ഷോപ്പിംഗ്‌മാളിന് താഴെ.

സുപരിചിതമായ ചില മുഖങ്ങള്‍. അതിനിടയില്‍ ഒഴിഞ്ഞ ഒരു കോണില്‍ ഞാന്‍ ആ മുഖം കണ്ടു. ആദ്യം ഞാന്‍ മുഖം തിരിച്ചു കടന്നു പോകാന്‍ തുടങ്ങി. എന്തോ? പിന്നീടു ഞാന്‍ തിരിഞ്ഞു നോക്കി. കൈയിലുള്ള ബാഗ്‌ എടുക്കാന്‍ ശ്രമിക്കവേ ആ കുട്ടിയുടെ കണ്ണ് നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു. മടിയോടെ എങ്കിലും ഞാന്‍ മെല്ലെ അടുത്ത് ചെന്നു. ഞാന്‍ അടുത്ത് ചെന്നതും കുട്ടി മെല്ലെ കണ്ണു തുടച്ചു ചെറിയ പുഞ്ചിരി മുഖത്ത് വരുത്തി. എന്തോ കാര്യം ആ കുട്ടിയെ ദുഖിതയാക്കുന്നു എന്ന് എനിക്ക് മനസ്സിലായി.

"കുട്ടിയുടെ പേരെന്താണ്?" ഞാന്‍ ചോദിച്ചു.
"ലീന". അവളുടെ മറുപടി അതായിരുന്നു.
"ഇവിടെ എങ്ങനെ...?"
"ജോലിക്കായി വന്നതാണ്‌".
"എന്നിട്ടോ?"
"ജോലി എനിക്കു മുന്‍പേ വന്ന ആളിന് കൊടുത്തു".
"ഇവിടെ എവിടെയാണ് താമസം?"

ലീന ഒന്നും പറഞ്ഞില്ല. ലീനയ്ക്ക് ഇവിടെ ആരെയും പരിചയമില്ലന്നും ആദ്യമായാണ് അന്യനാട്ടില്‍ വന്നതെന്നും അവളുടെ മൗനത്തില്‍ നിന്ന് ഞാന്‍ വായിച്ചെടുത്തു.

"വിരോധമില്ലെങ്കില്‍ കുട്ടിക്ക് എന്‍റെ കൂടെ താമസിക്കാം".

ആ കുട്ടി ഒന്നും പറഞ്ഞില്ല. പേടിച്ചിട്ടാവാം. ഞാന്‍ കുട്ടിയെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. എന്‍റെ ആശ്വാസവാക്കുകള്‍ കൊണ്ടാണോ സംസാരരീതികൊണ്ടാണോ എന്നറിയില്ല എന്‍റെ കൂടെ വരാന്‍ അവള്‍ തയ്യാറായി. നടക്കുന്ന വഴിയിലെ കാഴ്ചകള്‍ ഒന്നും അവളുടെ മുഖത്ത് ഭാവമാറ്റം വരുത്തിയില്ല. ഒടുവില്‍ ഞങ്ങള്‍ എത്തി, എന്‍റെ കൊച്ചു മുറിക്കുള്ളില്‍. അവളുടെ മുഖത്ത്ക്ഷീണം വ്യക്തമായതിനാല്‍ ഞാന്‍ ചായ എടുക്കാനായി പോയി.

പിറകില്‍ നിന്ന് ആ കുട്ടി എന്നെ വിളിച്ചു, ഏട്ടാ... ആ വിളി എന്നെ എന്‍റെ കുഞ്ഞനുജത്തി ഉണ്ണിമോളുടെ ഓര്‍മ്മകളിലേയ്ക്ക് കൊണ്ടു പോയി. അവള്‍ ഇന്ന് എന്നെ വിട്ടു പിരിഞ്ഞിട്ടു രണ്ടു വര്‍ഷം കഴിഞ്ഞു. ഒന്നും ഞാന്‍ പുറത്തു കാണിച്ചില്ല.

അവള്‍ പറഞ്ഞു, "എനിക്കൊരു ജോലിയാണ് ആവശ്യം. എന്നെ ഒന്ന് സഹായിക്കണം."

ഞാന്‍ ഒന്നും പറഞ്ഞില്ല. ചായയുമായി തിരികെ എത്തി. അവള്‍ തന്‍റെ ആവശ്യം വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടേയിരുന്നു. സംസാരത്തിനിടയില്‍ അവള്‍ ഇവിടെ വരാനുണ്ടായ സാഹചര്യം വളരെ ചുരുക്കി പറഞ്ഞു. അച്ഛൻ, അമ്മ, രണ്ട് അനുജത്തിമാര്‍ അതായിരുന്നു അവളുടെ കുടുംബം. താമസം വാടകവീട്ടില്‍. അച്ഛന്‍റെ കൂലിപ്പണിയാണ് ആകെയുള്ള വരുമാനം. കുടുംബം പോറ്റാന്‍ നന്നേ കഷ്ടപ്പെട്ടിരുന്നു ആ അച്ഛന്‍. സാമ്പത്തിക ബുദ്ധിമുട്ട് മൂലം കടം വാങ്ങി കൂട്ടി. ദിവസം തോറുമുള്ള ജോലിഭാരം ശാരീരികമായി അച്ഛനെ തളര്‍ത്തി തുടങ്ങിയപ്പോള്‍ മുതല്‍ തുടങ്ങി തന്‍റെ ദുഃഖം. അച്ഛനെയും അമ്മയെയും അനുജത്തിമാരെയും നോക്കണം. കൈയിലുള്ളതു ഡിഗ്രിയും പിന്നെ കുറച്ചു കമ്പ്യൂട്ടര്‍ പഠനവും. അതുമായി പലയിടങ്ങളില്‍ കയറി ഇറങ്ങി. ഒന്നും നടക്കാതെ വന്നപ്പോള്‍ അടുത്തുള്ള ഒരു കടയില്‍ ജോലിക്ക് പോയി തുടങ്ങി. അവിടുന്ന് കിട്ടുന്ന വരുമാനം ഒന്നിനും തികയാതെയായി. അച്ചന്‍റെ മരുന്ന്, മക്കളെ ഓര്‍ത്തുള്ള അമ്മയുടെ തളര്‍ച്ച, അനുജത്തിമാരുടെ പഠനം, കടബാധ്യതക്കാരുടെ ശല്യം എല്ലാം ഓര്‍ത്തു പലരാത്രികളിലും ഉറങ്ങാതെ കിടന്നു. നാളെ എന്ത്? അതായിരിന്നു എന്നും മനസ്സില്‍. തന്‍റെ വരുമാനം ഒന്നിനും തികയില്ല എന്നറിയാം. എങ്കിലും ആത്മവിശ്വാസത്തോടെ പിറ്റേന്നും ജോലിക്കിറങ്ങി. അതിനിടയില്‍ കണ്ട ഒരു പത്രപരസ്യം, അതാണ്‌ ആരുടെയൊക്കെയോ സഹായം മൂലം എന്നെ ഇവിടെ എത്തിച്ചത്. അവള്‍ അവിടെ പറഞ്ഞു നിര്‍ത്തി.

കണ്ണുനീരിന്‍റെ നനവിനാല്‍ പിന്നീടു കുറച്ചു നേരത്തേക്ക് ശബ്ദം പുറത്തേയ്ക്കു വന്നില്ല. മൂകനായി ഞാനും ഇരുന്നുപോയി. അവളോട്‌ അനുവാദം ചോദിച്ചു പെട്ടെന്ന് ഞാന്‍ പുറത്തേയ്ക്ക് പോയി. അല്‍പ്പ സമയത്തിന് ശേഷം തിരികെ എത്തി. കൈയ്യിലിരുന്ന പൊതിയില്‍ നിന്ന് ആഹാരം എടുത്തു കൊടുത്തു. അപ്പോഴും അവള്‍ നിശബ്ദയായിരുന്നു. നിര്‍ബന്ധത്തിനു വഴങ്ങി അതില്‍ നിന്ന് കുറച്ചു കഴിച്ചു. ഇടയ്ക്ക് അവള്‍ക്കു പറയാനുണ്ടായിരുന്നത് "സഹായിക്കണം" എന്ന വാക്ക് മാത്രം.

അതിനുള്ള പരിഹാരവും പുറത്തേയ്ക്ക് പോയ വഴിയില്‍ നടത്തി. ഒന്ന് രണ്ടു സുഹൃത്തുക്കളെ വിളിച്ചു ജോലിയുടെ കാര്യം പറഞ്ഞു. "നാളത്തെ ദിവസത്തിനായി കാത്തിരുന്നോളൂ". ഞാന്‍ ലീനയോട് പറഞ്ഞു. അവളുടെ ചെറു പുഞ്ചിരി എനിക്കും ആശ്വാസമായി. അങ്ങനെ ആ രാത്രി ഇരുണ്ടു വെളുത്തു. രാവിലെ തന്നെ ജോലിയുടെ ആവശ്യത്തിനായി സുഹൃത്ത്‌ പറഞ്ഞ സ്ഥലത്ത് എത്തി. ലീനയുടെ നിലവിളി ശബ്ദം ഈശ്വരന്‍ കേട്ടിരിക്കാം. തെല്ലു വിറയലോടെ അകത്തു പോയ ലീന വളരെ സന്തോഷത്തോടെ തിരിച്ചെത്തി. അവള്‍ എന്നോട് ഒരുപാട് നന്ദി അറിയിച്ചു. അത്യാവശ്യം നല്ല ജോലി, കമ്പനി വക താമസസ്ഥലം എല്ലാം കൊണ്ടും അവള്‍ ആശ്വസിച്ചു.

അവള്‍ക്കു തന്‍റെ കൊച്ചു കൊച്ചു സ്വപ്‌നങ്ങള്‍ യാധാർത്ഥ്യമാക്കാന്‍ ആറു വര്‍ഷം പരിശ്രമിക്കേണ്ടി വന്നു. തന്‍റെ കുടുംബത്തോടുള്ള കടപ്പാടും സ്നേഹവും അവളെ അവിടെ പിടിച്ചു നിര്‍ത്തി. കൗമാര സ്വപ്നങ്ങളും ചിന്തകളും ഒരിക്കലും അവളെ അലട്ടിയില്ല. ഈ ആറു വര്‍ഷത്തിനിടയില്‍ എനിക്കും എന്‍റെ കുടുംബത്തിനും അവള്‍ ആരൊക്കെയോ ആയി. അവളുടെ കടമകള്‍ ഏകദേശം പൂര്‍ത്തിയായപ്പോള്‍ ഞാന്‍ ചോദിച്ചു.

"മോളേ, ഇനിയെങ്കിലും ഒരു ജീവിതത്തെ പറ്റി ചിന്തിച്ചു കൂടെ ?"

അപ്പോള്‍ അവള്‍ പറഞ്ഞ മറുപടി ഇതായിരുന്നു. "ഞാന്‍ പഠിച്ചു കൊണ്ടിരുന്നപ്പോള്‍ എന്നോട് ഇഷ്ടം അറിയിച്ച ഒരാളുണ്ടായിരുന്നു. ഇപ്പോള്‍ എന്നെ സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറെങ്കില്‍ അന്നു ഞാന്‍ തിരിച്ചു പറയാതിരുന്ന വാക്കും, എന്‍റെ സ്നേഹവും കൊടുക്കാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹം എവിടെയുണ്ടെന്നോ എന്ത് ചെയുന്നെന്നോ അറിയില്ല എനിക്ക്."

ഇത്രയും പറഞ്ഞു അവള്‍ എന്‍റെ അരികില്‍ നിന്നും നടന്നു പോയി. അവള്‍ക്കു വേണ്ടി എന്ത് ചെയ്താലും അത് അധികമാവില്ല. അത്രയും സ്നേഹവും ആത്മാർത്ഥ‍തയും ആ കുട്ടിയില്‍ ഉണ്ടായിരുന്നു. ഒരു അമ്മയുടെ വയറ്റില്‍ പിറന്നതല്ലെങ്കിലും അതുപോലെയുള്ള ഒരു ആത്മബന്ധം ഞങ്ങള്‍ക്ക് ആ കുട്ടിയോട് ഉണ്ടായിരുന്നു. പിന്നീടു നാട്ടില്‍ നിന്നും അറിയാന്‍ കഴിഞ്ഞു അവള്‍ പറഞ്ഞുതന്ന ആ വ്യക്തി ഈ നഗരത്തില്‍ തന്നെ ജോലിചെയ്യുന്നു എന്ന്. അദ്ദേഹത്തെ കണ്ട് അവള്‍ക്കു വേണ്ടി ഞാന്‍ സംസാരിച്ചു. എല്ലാം കേട്ടപ്പോള്‍ താന്‍ ഇത്രയും കാലം കാത്തിരുന്നത് എന്നെങ്കിലും അരികില്‍ തിരിച്ചു വരും എന്നാ ഉറപ്പിലായിരുന്നു എന്ന് അദ്ദേഹം എന്നെ അറിയിച്ചു.

അങ്ങനെ അവരുടെ മനസ്സുകളെയും ഒന്നാക്കാന്‍ എനിക്കും കുടുംബത്തിനും സാധിച്ചു. ഇപ്പോള്‍ അവര്‍ സന്തോഷത്തോടെ ജീവിക്കുന്നു. ലീനയെ കൈപിടിച്ച് ഏല്‍പ്പിക്കുമ്പോള്‍ എന്തൊക്കെയോ ചെയ്തു തീര്‍ത്ത ചാരിതാര്‍ത്ഥ്യം ഉണ്ടായിരുന്നു മനസ്സില്‍. പിന്നീട് മറുനാട്ടിലെ ജോലി നിര്‍ത്തി, ഒരുനാള്‍ എന്‍റെ കുടുംബത്തോടൊപ്പം ഒരു സന്ധ്യയില്‍ മുറ്റത്തിരുന്നപ്പോള്‍ ഞങ്ങള്‍ പരസ്പരം പറഞ്ഞു. അവള്‍ നമുക്ക് ആരായിരുന്നു? മകളോ? അതോ അനുജത്തിയോ? ആകാശത്തില്‍ മിന്നിത്തിളങ്ങിയ ഒരു നക്ഷത്രത്തെ നോക്കി ഞാന്‍ പറഞ്ഞു - അവളെന്‍റെ ഉണ്ണിമോള്‍ തന്നെ!!

(റ്റിങ്കു ഫ്രാൻസിസ് വാലയിൽ)



അടുക്കള - കള്ളപ്പം + ആട്ടിറച്ചി വറുത്തരച്ചത്

ആട്ടിറച്ചി വറുത്തരച്ചത്

ആവശ്യമായ ചേരുവകൾ:-

1. ആട്ടിറച്ചി : 500 ഗ്രാം
2. സവോള : 4 എണ്ണം
3. പച്ചമുളക് ചെറുതായി അരിഞ്ഞത്‌ : 5 എണ്ണം
4. വെളുത്തുള്ളി അരച്ചത്‌ : 1 ടീസ്പൂണ്‍
5. ഇഞ്ചി അരച്ചത്‌ : 1 ടീസ്പൂണ്‍
6. മല്ലിപ്പൊടി : 2 ടേബിള്‍ സ്പൂണ്‍
7 .മുളകുപൊടി : 1 ടേബിള്‍ സ്പൂണ്‍
8. മഞ്ഞൾപൊടി : 1 ടീ സ്പൂണ്‍
9. തേങ്ങ തിരുമ്മിയത്‌ : ഒന്നര കപ്പ്
10. പെരുംജീരകം : ഒന്നര ടീസ്പൂണ്‍
11. ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് : 10 എണ്ണം
12. കറുവാപ്പട്ട : 1 കഷണം
13. ഗ്രാമ്പു : 4 എണ്ണം
14. ഏലയ്ക്ക ചതച്ചത്: 2 എണ്ണം
15. നാലായി മുറിച്ച ഉരുളക്കിഴങ്ങ് : 2 എണ്ണം
16. മുറിച്ച തക്കാളി : 2 എണ്ണം
17. കറിവേപ്പില : 1 തണ്ട്
18. എണ്ണ, ഉപ്പ് : പാകത്തിന്

തയ്യാറാക്കുന്ന വിധം:-

ഇറച്ചി കൊഴുപ്പ് കളഞ്ഞ് ഇടത്തരം കഷണങ്ങളായി മുറിച്ച് കഴുകി വയ്ക്കുക.

2 ടീസ്പൂണ്‍ എണ്ണ ചൂടാകുമ്പോള്‍ തേങ്ങ,പെരുംജീരകം, ചെറിയ ഉള്ളി ഇവയിട്ട് ബ്രൗണ്‍ നിറമാകുന്നതുവരെ വറക്കുക. ഇനി ഇത് മയത്തില്‍ അരച്ചെടുത്ത് മാറ്റിവയ്ക്കുക.

എണ്ണ ചൂടാക്കി പട്ട, ഗ്രാമ്പു, ഏലയ്ക്ക ഇവ ഇട്ട് മൂക്കുമ്പോള്‍ ഇതിലേക്ക് സവോളയും പച്ചമുളകും ചേർത്ത് വഴറ്റുക. ബ്രൗണ്‍ നിറമാകുമ്പോൾ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ചേർത്തിളക്കുക. പച്ചച്ചുവ മാറുമ്പോൾ ഇതിലേക്ക് മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് ഇളക്കുക.

എണ്ണ തെളിയുമ്പോൾ ഇറച്ചിക്കഷണങ്ങളും ഉപ്പും ചേർത്ത് 5 മിനിറ്റ് വഴറ്റുക.

മസാല ഇറച്ചിയിൽ പിടിച്ച് മൂത്തമണം വരുമ്പോൾ 2 കപ്പ് വെള്ളവും ഉരുളക്കിഴങ്ങ്, തക്കാളി, കറിവേപ്പില എന്നിവയും ചേർത്ത് നന്നായി ഇളക്കി പാത്രം അടച്ചു വേവിക്കുക.

ഇറച്ചിക്കഷണങ്ങളും, ഉരുളക്കിഴങ്ങും പാകത്തിന് വെന്തുകഴിഞ്ഞാൽ അരച്ചു വച്ചിരിക്കുന്ന തേങ്ങാപേസ്റ്റും ചേർത്ത് നന്നായി ഇളക്കി വീണ്ടും 5 മിനിറ്റ് സമയം ചെറുതീയിൽ തിളപ്പിച്ച്‌ അടുപ്പിൽനിന്നും മാറ്റുക. കറി ഒരുവിധം കുറുകിയശേഷം ഉപയോഗിക്കാം.


കള്ളപ്പം

ആവശ്യമായ ചേരുവകൾ :-

1. പച്ചരി (4 - 5 മണിക്കൂർ വെള്ളത്തിലിട്ടു കുതിർത്തത്) : 2 കപ്പ്
2. വേവിച്ച ചോറ് : അരക്കപ്പ്
3. ജീരകം : 1/2 ടീസ്പൂണ്‍
4. വെളുത്തുള്ളി : 3 അല്ലി
5. കുഞ്ഞുള്ളി : 3 എണ്ണം
6. തിരുമ്മിയ തേങ്ങ : 1 കപ്പ്
7. പഞ്ചസാര : 2 ടീസ്പൂണ്‍
8. കള്ള് : അരക്കപ്പ് / അല്ലെങ്കിൽ യീസ്റ്റ്
9. ഉപ്പ് : പാകത്തിന്

തയ്യാറാക്കുന്ന വിധം:-

1 മുതൽ 7 വരെയുള്ള ചേരുവകൾ ഒരൽപം വെള്ളവും ചേർത്ത് മിക്സിയിലിട്ട് പേസ്റ്റ് പരുവത്തിൽ അരച്ചെടുക്കുക.

ഇതിലേക്ക് അരക്കപ്പ് കള്ള് (കള്ളില്ലെങ്കിൽ ഒരൽപം യീസ്റ്റ്) ചേർത്ത് നന്നായി ഇളക്കി 7 - 8 മണിക്കൂർ പുളിക്കാനായി വയ്ക്കുക.

ഉണ്ടാക്കുന്നതിനു മുമ്പായി പാകത്തിന് ഉപ്പു ചേർത്ത് ഇളക്കുക.

ചൂടായ പാനിൽ അൽപ്പം എണ്ണ പുരട്ടുക, മാവ് ഒരു തവി വീതം പാനിലേക്ക് ഒഴിച്ചു ഒരു അടപ്പ് കൊണ്ട് മൂടി 2 - 3 മിനിറ്റ് വേവിക്കുക.

കള്ളപ്പം റെഡി. തയ്യാറാക്കി വച്ചിരിക്കുന്ന വറുത്തരച്ച ആട്ടിറച്ചിയോടൊപ്പം ചൂടോടെ കഴിക്കാം.

(റെജി രാജു തോട്ടത്തിൽ, ഡൽഹി)



കപ്പലുപെരുന്നാൾ (നോവൽ) - 9

കഥാപരിസരം: കുറവിലങ്ങാട്, കുറുപ്പന്തറ, മാഞ്ഞൂർ ചുറ്റുവട്ടങ്ങൾ.

കഥാകാലഘട്ടം: ആയിരത്തി എണ്‍പതുകൾ.

പുനർചിന്തകൾ:-

കുറുപ്പന്തറയിലെ മാത്തച്ചന്‍റെ കടയിലിരിക്കുമ്പോൾ ബെന്നിച്ചന്‍റെ മനസു പടപടാ മിടിച്ചു. ഇന്നാണ് വെള്ളിയാഴ്ച !!! മുൻകൂട്ടി തീരുമാനിച്ചപ്രകാരം ജോസേട്ടൻ ഇന്ന് ബിൻസിയെയും കൂട്ടി അൽപനേരത്തിനുള്ളിൽ ഇവിടെയെത്തും. ഇവിടെനിന്ന് ബസ് മാറിക്കയറി വേണം മാഞ്ഞൂരുള്ള കാൽമയുടെ വീട്ടിലെത്താൻ.

സമയം അഞ്ചര കഴിഞ്ഞിരിക്കുന്നു. അവർ വരാനുള്ള സമയമായി. ആറരക്കാണ് മാഞ്ഞൂർക്കുള്ള ബസ് കുറുപ്പന്തറയിൽനിന്ന് പുറപ്പെടുന്നത്. അതിനു മുൻപ് ജോസേട്ടൻ എത്തുമോ വാ ? ബെന്നിച്ചൻ അന്തമില്ലാതെ ഇരുന്നു. രണ്ടായിരം രൂപ ചേട്ടനോടാണ് മേടിച്ചത്. ഭാഗ്യത്തിന് കാര്യമൊന്നും ചേട്ടൻ ചോദിച്ചില്ല. ഒരു കൂട്ടുകാരന്‍റെ കാര്യത്തിന് കാലടിവരെ പോകുകയാണെന്നാ വീട്ടില് പറഞ്ഞിരിക്കുന്നത്. അമ്മച്ചിയോട് ഞായറാഴ്ച്ചയെ വരത്തുള്ളു എന്നും പറഞ്ഞിട്ടുണ്ട്. ഇനി ചാച്ചന്‍റെ കാര്യം അമ്മച്ചി കൈകാര്യം ചെയ്തോളും.
കാൽമ അഞ്ചു മണിയാകുമ്പോൾ ഇവിടെ കുറുപ്പന്തറയിൽ എത്തിക്കോളാമെന്നു പറഞ്ഞതാ. അവനെയും കാണുന്നില്ലലോ !! ഇവനെയൊക്കെ വിശ്വസിച്ച് ഇതിനു ഇറങ്ങിത്തിരിച്ചതിൽ ബെന്നിച്ചനു പശ്ചാത്താപം തോന്നി.

“എന്‍റെ മുത്തിയമ്മേ, ഇതിനി എന്തൊക്കെയാവുമൊ ?” എന്തോ ഇത്രയും കട്ടികൂടിയ തീരുമാനം എടുക്കെണ്ടിയിരുന്നില്ല എന്ന് ബെന്നിച്ചനു തോന്നി. പാവം ഒരു പെണ്ണിനെ ഇല്ലാതാക്കി കളയുക എന്ന് പറഞ്ഞാൽ, ഇതെന്നാ ഉപ്പാപ്പൻ കളിയാണോ ? പെണ്ണിനെ കാണാതെ വരുമ്പം പെണ്ണിന്‍റെ വീട്ടുകാര് അടങ്ങിയിരിക്കുമോ ?. അവള് പഠിക്കുന്ന കോളേജുകാര് ചുമ്മാ വിടുമോ ? വല്ല അന്വേഷണോം നേരാംവണ്ണം നടന്നാൽ അകത്തയത് തന്നെ.

ഇതൊന്നും വേണ്ടായിരുന്നു. വല്ലവഴിക്കും ഇറങ്ങിപോയാൽ മതിയായിരുന്നു. വല്ല ഡെൽഹിയ്ക്കൊ ബോംബയ്ക്കോ മറ്റോ !! ഇതിന്‍റെ ചൂടെല്ലാം കഴിയുമ്പം തിരിച്ചു വന്നാൽ മതിയായിരുന്നു. അവള് പെറുവോ കലക്കുവോ എന്നാന്നാ ചെയ്തോണ്ടെനെ. ബെന്നിച്ചനു ആകെപ്പാടെ നിരാശ തോന്നി. കാൽമ പറയുന്നതുപോലെ എല്ലാം പ്ലാൻപോലെ തന്നെ നടന്നാലും ജീവിതകാലം തനിക്കു സമാധാനം കിട്ടുമോ ?.

ബെന്നിച്ചൻ അരക്കെട്ടിൽ തപ്പിനോക്കി. കാശു ഭദ്രമായിട്ടിരിപ്പുണ്ട്. ചേട്ടൻ തന്ന രണ്ടായിരം കൂടി ചേർത്ത് പത്തു തികച്ചിട്ടുണ്ട്. പിന്നെ അല്ലറചില്ലറ ചിലവുകൾക്ക് പത്തുനാനൂറു പോക്കറ്റിലും കിടപ്പുണ്ട്. ഇതുമായി ഇപ്പം ഒറ്റ വീടില് വിട്ടാലോ ? ഏറണാകുളംവണ്ടികൾ ഇഷ്ടം പോലെയുണ്ട്. എറണാകുളത്ത് ചെന്നാൽ ട്രെയിൻ കിട്ടും. കൊടുവാക്കുന്നത്തെ ജോർജുകുട്ടിചേട്ടനും കുടുംബവും ബോംബയിലുണ്ട്. അവിടെചെന്ന് എങ്ങനെയേലും കണ്ടുപിടിക്കാം. അമ്മച്ചിയുടെ ഏതാണ്ട് ബന്ധമാ. കഴിഞ്ഞ പ്രാവശ്യം ക്രിസ്തുമസിനു വീട്ടില് വന്നതാ. അന്നേരം കാര്യം പറഞ്ഞാൽ പുള്ളിക്കാരൻ പറഞ്ഞതുമാ.

“എടാ ബെന്നിച്ചാ നീയിതിലെ നടക്കാതെ ബോംബയ്ക്ക് വാടാ” എന്ന്.

അങ്ങനെയങ്ങ് പോയാലോ ? ബിൻസി അവളുടെ പാട് നോക്കട്ടെ !! ജോസേട്ടൻ തന്നെ കാണാതെ വരുമ്പം എതിലെയാന്നാ പറഞ്ഞു വിട്ടോളും. ആലോചിക്കും തോറും ബെന്നിച്ചന്‍റെ മനസ്സിൽ പ്ലാൻ വ്യക്തമായി വന്നു. ഇനി ഒന്നും നോക്കാനില്ല. അങ്ങനെതന്നെ !! ബോംബയ്ക്ക് പോയ്ക്കളയാം !!! അല്ലാതെ ഈ പറയുന്ന കൊലപതകത്തിനൊന്നും കൂട്ട് നിൽക്കാൻ തനിക്കു പറ്റില്ല. അതിനുള്ള ചങ്കുറപ്പും ഇല്ല. ഇനിയൊന്നും ആലോചിക്കാനില്ല.

മുത്തിയമ്മ തോന്നിച്ച ബുദ്ധിയായിരിക്കും. അടുത്ത എറണാകുളംവണ്ടിക്കു കയറുക തന്നെ. ബെന്നിച്ചൻ തീരുമാനിച്ചുറപ്പിച്ചു. പതിയെ മത്തച്ചനോട് പോകുവാന്നു പറഞ്ഞു പുറത്തു ചാടി. നേരെ ചെന്ന് ചാടിയത് ജോസേട്ടന്‍റെ മുൻപിൽ !! ബെന്നിച്ചൻ പകച്ചു.

“എടാ, നീയിവിടെ കടയില് ഇരിക്കുന്നത് ഞാൻ ബസിൽ ഇരുന്നു കണ്ടായിരുന്നു. അവളെ അവിടെ ബസ്റ്റോപ്പിൽ നിറുത്തിയിട്ടു ഞാൻ പതുക്കെ ഇങ്ങോട്ട് മുങ്ങിയതാ “.

ജോസേട്ടൻ ചിരിച്ചു. ബെന്നിച്ചനു ആകെപ്പാടെ അരിശം കയറി. അവൻ മിണ്ടാതെ നിന്നു.

“നീയെന്താടാ കുന്തം വിഴുങ്ങിയത് പോലെ നില്ക്കുന്നത് ?" ജോസേട്ടൻ ചോദിച്ചു.

“ജോസേട്ടാ, ആലോചിച്ചിട്ട് എനിക്കൊരു പിടിയും കിട്ടുന്നില്ല. ഇതൊക്കെ എവിടെ ചെന്നവസാനിക്കും ?”

ബെന്നിച്ചനെ വിയർക്കാൻ തുടങ്ങി. ബെന്നിച്ചൻ ആകെപ്പാടെ പിടിവിട്ടു നില്ക്കുകയാണെന്ന് ജോസേട്ടന് മനസിലായി. അയാൾ ബെന്നിച്ചനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടികൊണ്ട് പോയി.

“നീയെന്നതാടാ പറയുന്നത് ? എല്ലാം ആലോചിച്ചതല്ലേ ? പിന്നെന്താ ഇപ്പം ഇങ്ങനെ ?” ജോസേട്ടന്‍റെ ശബ്ദം മാറുന്നത് ബെന്നിച്ചൻ അറിഞ്ഞു.

“എനിക്കെങ്ങും വയ്യ !! ഇത് വലിയ കോടാലിയവുമെന്നാ മനസ് പറയുന്നത്”. ബെന്നിച്ചൻ പറഞ്ഞു.

“എടാ ബെന്നിച്ചാ, ഇങ്ങനെയൊക്കെയാ ജീവിതം. ഇതിന്‍റെ പുറകെ ഇറങ്ങിത്തിരിച്ച എനിക്കെന്നാ ഒരു റിസ്ക്കുമില്ലേ ? ഒരു കുടംബമുള്ളവനാ ഞാൻ. പിടി വീണാൽ എന്‍റെ കാര്യമോ ? അതെന്താ നീ ഓർക്കാത്തത് ?”

ജോസേട്ടൻ ഒരു സിഗരട്ട് കത്തിച്ചു. “എടാ പ്രശ്നങ്ങളിൽനിന്നു ഒളിച്ചോടുന്നവന് എപ്പഴും ഓടാനേ നേരം കാണത്തുള്ളു. നമ്മള് ചെയ്യാനുള്ളത് നമ്മുടെ ബുദ്ധിയിൽ തോന്നിപ്പിക്കുന്നതുപോലെ നമ്മൾ അങ്ങ് ചെയ്യുക. അതിന്‍റെ പ്രതിഫലമൊക്കെ തീരുമാനിക്കുന്നത്‌ നമ്മളല്ല, അങ്ങ് മുകളിലിരിക്കുന്നവനാ”.

ബെന്നിച്ചൻ ജോസേട്ടനെ സൂക്ഷിച്ചു നോക്കി. “അതുകൊണ്ട് നീയിപ്പം വേറെയൊന്നും ആലോചിക്കണ്ടാ ! നമ്മള് തീരുമാനിച്ച പോലെ കാര്യങ്ങൾ നീങ്ങട്ടെ. പിന്നെ, വരാനുള്ളതൊന്നും വഴിയിൽ തങ്ങത്തില്ലന്നല്ലേ പ്രമാണം…”

ജോസേട്ടന് തന്നെക്കാൾ ഉയരം വയ്ക്കുന്നതുപോലെ ബെന്നിച്ചനു തോന്നി. കുറുപ്പന്തറയിൽ തിരക്ക് കൂടി. നിരത്തുകളിൽ വണ്ടികളും കടകളിൽ ആളുകളും കൂടിക്കൊണ്ടിരുന്നു. പോസ്റ്റ്കാലുകളിലെ ബൾബുകൾ കണ്ണ് മിഴിച്ചു. സമയം സന്ധ്യയായിക്കൊണ്ടിരുന്നു. മങ്ങിപ്പോയ പകൽവെട്ടങ്ങളെ പ്രകാശം കുറഞ്ഞ ബൾബുകൾ, മടക്കിക്കൊണ്ടുവരുവാൻ പ്രയത്നിച്ചുകൊണ്ടിരുന്നു.

കുറവിലങ്ങാട്ടെ പള്ളിയിലിരിക്കുന്ന മുത്തിയമ്മയുടെ കാഴ്ചകൾ ഇങ്ങു കുറുപ്പന്തറവരെ എത്തുമോ ?
കുറുപ്പന്തറ ടൗണിന്‍റെ മുകളിലേക്ക് ഇരുട്ടിന്‍റെ അടുക്കുകൾ വന്നു വീണുകൊണ്ടിരുന്നു. പ്രകാശങ്ങളെ ഇരുട്ടുകൾ കീഴടക്കുകയായി.

(അടുത്ത ലക്കം തുടർന്ന് വായിക്കുക "ആശയടക്കങ്ങൾ")

- സിറിയക് കടവിൽച്ചിറ

കപ്പലുപെരുന്നാൾ മുൻ അദ്ധ്യായങ്ങൾ
http://neendoorpravasi.com/arts.php#228


വിലാപം (കവിത)

പത്തനപ്പടി കടന്നെത്തി സ്മേരത്തോടവൻ
പുത്തനാമോമലാളെ കൈപിടിച്ചാനയിച്ചു.
വെളുത്തു, വ്യായാമത്താലൊതുക്കീട്ടുള്ളാകാരം
ഒളിമിന്നിമായുന്ന പരൽമീൻകണ്ണുകളും.
കേശസാമീപ്യമില്ലാതുലഞ്ഞ നിതംബവും
പേശിമുറ്റിക്കൊഴുത്തു നിറഞ്ഞ മാറിടവും.
എതൊരവസ്ഥയേയും വെല്ലുന്ന പുരികങ്ങൾ
സ്വേതമാപിനിപോലെ നീണ്ട നാസാരന്ധ്രങ്ങൾ.
പൂമേനിതൻ സൗഷ്ടവം പരനയനങ്ങൾക്കു
കാമനമാക്കാനാവാം ചേല നാമമാത്രമായ്.

തുറന്നടിച്ചെൻ മകൻ, ആദ്യകണ്മണിയവൻ
ചെറുകൂസലുപോലും കൂടാതെ ദൃഢമായി.
അന്തംവിട്ടന്ധാളിച്ചെൻ ഭാര്യ നിർന്നിമേഷയായ്‌
ചിന്തയിലാണ്ടു മുഖം കുനിച്ചു നിന്നീടുന്നു.
വെള്ളിടിവെട്ടും പോലെന്നിടനെഞ്ചു പിടഞ്ഞു
ഉള്ളിലെൻ സ്വപ്നമണിമന്ദിരം തകരുന്നു.
ശൈശവബാല്യദശ എന്നിലൂടവൻ താണ്ടി
വശമാക്കിയന്നവൻ മലയാള ഭാഷയും.
കടബാദ്ധ്യതകൾക്കു പരിഹാരാർത്ഥം ഭാര്യ
വീടുപോലും മറന്നു വേലകൾ ചെയ്തുപോന്നു.
പാചകവേലകൾ ഞാൻ ഭംഗിയായ്‌ ചെയ്തെന്നാലും
ഗോചരമായതില്ല കൗമാരയൗവനങ്ങൾ.
കളത്രസാമീപ്യമോ പൗർണമി പോലെയായി
കാളരാത്രികൾ നീക്കാൻ മദ്യമായ് ഏകാശ്രയം.
ദശകളൊന്നൊന്നായീക്കടന്നതറിഞ്ഞില്ല
ദാർശനികതയൊന്നും പകരാൻ കഴിഞ്ഞില്ല.
എൻ സ്വപ്ന മരുമകൾ മലയാളിയെന്നാലും
ഇൻഡ്യൻ വംശജയേലുമാവണമെന്നാശിച്ചു.
ആരെ ഞാൻ പഴിചാരും ഭാര്യ പോയ്‌ പണം നേടി
കാര്യവിചാരത്തിങ്കൽ കുറ്റക്കാർ രക്ഷിതാക്കൾ.
മാതാപിതാക്കൾ സ്വന്തം കടമ വെടിഞ്ഞിട്ടു
പതിതാർത്ഥത്തിന്നായി പരക്കം പാഞ്ഞീടുകിൽ
പുതിയ തലമുറ പരതും സ്നേഹത്തിനായ്
ജാത, ജനിത, ഭാഷയൊന്നുമേ ദീക്ഷിക്കാതെ.

(പീറ്റർ നീണ്ടൂർ)


യാത്രാവിവരണം: പനാമ-പെറു-മച്ചുപിച്ചു യാത്ര-14

ബഹായിവിശ്വാസത്തിൻറ്റെ അന്തസത്ത

ശ്രീനാരായണഗുരുദേവൻറ്റെ ദർശനങ്ങളാണ് ബഹായിവിശ്വാസികൾ ഉൾക്കൊള്ളുന്നത്. ലോകമാസകലം ഒരു വില്ലേജായി കാണുകയും മനുഷ്യസമൂഹത്തെ ഒരു ജാതി മാത്രമായും അവർക്ക് ഒരു ദൈവമെന്നുള്ള ഉത്കൃഷ്ടമായ സങ്കൽപ്പമാണ് ബഹായിവിശ്വാസത്തിൻറ്റെ സാരാംശം. ഏക ദൈവത്തിൽ മാത്രം വിശ്വസിക്കുന്ന ബഹായിവിശ്വാസികൾ ചരിത്രത്തിലെ ആത്മീയഗുരുക്കളായ മോശ, ഭഗവാൻ കൃഷ്ണൻ, ശ്രീബുദ്ധൻ, സൊറൊ വാസ്തർ, യേശുക്രിസ്തു, പ്രവാചകൻ മുഹമ്മദ്‌ നബി എന്നിവർ ഏക ദൈവത്തിലെ വ്യത്യസ്ത കാലഘട്ടങ്ങളിലെ അവതാരാങ്ങളാണന്നു കരുതുന്നു. ലോകമതങ്ങളിൽ ഏറ്റവും തുറന്ന മന:സ്ഥിതിയുള്ള വിശ്വാസസംഹിതയാണ് ബഹായി ഫെയ്ത്തിനുള്ളതെന്ന് ഏവരും സമ്മതിക്കുന്നു. ദൈവത്തിൻറ്റെ സന്ദേശവാഹകനെന്നവകാശപ്പെട്ട ബഹാവുള്ളയാണ് ബഹായി ഫെയ്ത്തിൻറ്റെ സ്ഥാപകൻ. ഇദ്ദേഹം 1817-ൽ ഇറാനിലാണ് ജനിച്ചത്‌. 1892-ൽ ഇസ്രായേൽ പട്ടണമായ ഹൈഫായിൽ അദ്ദേഹം അന്തരിച്ചു. ബഹായ് വിശ്വാസം ഇന്ന് ലോകത്തെവിടെയും പ്രചരിച്ചിട്ടുണ്ട്.

ഹരേകൃഷ്ണ ടെമ്പിൾ

ബഹായ് ഹൗസ് ഓഫ് ഫെയ്ത്ത് സന്ദർശിച്ചുമടങ്ങുമ്പോൾ ഒരു സംഗതി ഓർമ്മയിൽ വന്നു. ഹിന്ദു ടെമ്പിളിലെ പൂജാരി രജനീകാന്ത് ഞങ്ങളോട് പറഞ്ഞിരുന്നു, മൂന്നു കിലോമീറ്റർ തെക്കുമാറി ഹരേകൃഷ്ണ ടെമ്പിൾ ഉണ്ട് എന്ന്. അതിൻറ്റെ വിലാസവും തന്നു. കാര്യം ഓർമ്മിച്ചപ്പോൾ ശങ്കർശാസ്ത്രിക്ക് വലിയ താൽപ്പര്യം, ഹരേകൃഷ്ണ ക്ഷേത്രം കൂടി കാണുവാൻ. കരോളൈനയോടു ചോദിച്ചപ്പോൾ ആ കുട്ടിക്ക് ഈ ക്ഷേത്രത്തെപ്പറ്റി വിവരമില്ല. തന്നെയുമല്ല, ഹരേകൃഷ്ണ എന്നുച്ചരിക്കുവാൻ കരോളൈനയുടെ നാക്ക് വഴങ്ങുകയുമില്ല. പൂജാരി തന്ന അഡ്രസ്‌ കാണിച്ചുകൊടുത്തപ്പോൾ കുട്ടി പറഞ്ഞു, "only three kilometeres". കുട്ടിക്ക് സംഗതി ബോധ്യപ്പെട്ടു. വയാസെയ്ദാ റോഡിൽക്കൂടി ആറേഴു മിനിറ്റോടിയപ്പോൾ ഞങ്ങൾ ഹരേകൃഷ്ണ ടെമ്പിളിൻറ്റെ മുമ്പിലെത്തി.

ഇരുമ്പുകൊണ്ടുള്ള ബലവത്തായ ഗേറ്റ് താഴിട്ടു പൂട്ടിയിരിക്കുന്നു. ഗെയിറ്റിങ്കലുള്ള ബെല്ലടിച്ചപ്പോൾ ഒരു യുവസന്യാസിനി ഇറങ്ങിവന്ന് ഗെയിറ്റ് തുറന്ന് ഞങ്ങളെ നമസ്തേ പറഞ്ഞ് സ്വാഗതം ചെയ്തു. ടെമ്പിളിനോടു ചേർന്നുള്ള ഒരു പ്രത്യേക ഭവനമാണ് മാതാജിയുടെയും സന്യാസിനികളുടെയും വാസസ്ഥലം. മാതാജിയും സഹപ്രവർത്തകന്മാരും ബംഗാളികളാണ്. ഞങ്ങൾ ഭാരതീയരാണെന്നറിഞ്ഞപ്പോൾ അവർ അതീവ സന്തുഷ്ടരായി. സ്പാനീഷ് അറിയാവുന്ന മാതാജി ഞങ്ങളോട് ഹിന്ദിയിലും ബംഗാളിയിലും സംസാരിച്ചു. ഞാൻ ബംഗാളിൽ അഞ്ചുകൊല്ലം താമസിക്കുകയും ശാന്തിനികേതനവും ഡാർജിലിങ്ങും സിലിഗുരിയും മറ്റും സന്ദർശിച്ചിട്ടുണ്ടെന്നും പറഞ്ഞപ്പോൾ മാതാജിക്ക് ഒരു പ്രത്യേക സ്നേഹം തോന്നി. ഡോക്ടർ ശങ്കർശാസ്ത്രി തികഞ്ഞ മതഭക്തനും അമേരിക്കയിലെ പെൻസിൽവേനിയയിൽ Lakshmi Cow Sanctuary എന്നൊരു സ്ഥാപനം നടത്തുന്നുവെന്നും പോൾസണ്‍ അറിയിച്ചപ്പോൾ മാതാജി അത്ഭുതപ്പെട്ടു. "അമേരിക്കയിൽ പശുസംരക്ഷണകേന്ദ്രമോ?" അവർ എടുത്തുചോദിച്ചു.

ഒരു യുവസന്യാസിനിയെ വിട്ട് ഞങ്ങളെ ടെമ്പിൾ മുഴുവൻ കാണിച്ചു. സ്വാമി പ്രഭുപാദനാണ് ഹരേകൃഷ്ണ മിഷനറി പ്രസ്ഥാനത്തിൻറ്റെ സ്ഥാപകൻ. പ്രതിഷ്ഠകളൊന്നും ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടില്ല. സ്വാമി പ്രഭുപാദൻറ്റെ ഒരു പൂർണ്ണകായ പ്രതിമ ക്ഷേത്രത്തിൻറ്റെ ഒരു മൂലയിൽ കാണാം. കേരളവും ബംഗാളും പോലെ മാവ്, വാഴ, തുളസി, ചില ഔഷധച്ചെടികൾ, വൻവൃക്ഷങ്ങൾ തുടങ്ങിയവ ക്ഷേത്രവളപ്പിലുണ്ട്. മാതാജി ഒരു ചായസൽക്കാരത്തിനായി നടപടികൾ എടുക്കുന്നതു കണ്ട ഞങ്ങൾ നന്ദിപൂർവ്വം അതു വേണ്ടന്നു വച്ചു. ഉച്ചസമയമായിരുന്നു. ഗൈഡിനു വിഭവസമൃദ്ധമായൊരു ലഞ്ചു കൊടുക്കുവാൻ ഞങ്ങൾ ആഗ്രഹിച്ചു. ക്ഷേത്രത്തിൽ ഒരു ഭണ്ഡാരം ഞങ്ങൾ കണ്ടു. അവിടെ ഞങ്ങൾ മൂന്നുപേരും കൂടി 30 ഡോളർ നിക്ഷേപിച്ചു. ശാസ്ത്രിജി തന്നെ കൊടുത്തുകൊള്ളാമെന്ന് പറഞ്ഞെങ്കിലും ഞങ്ങളതു കൂട്ടാക്കാതെ സഹകരിച്ചു. ഇതിനുമുമ്പ് ഞങ്ങൾ കണ്ട ബഹായ് ടെമ്പിൾ സംഭാവനകൾ സ്വീകരിക്കില്ല. ഹിന്ദു ടെമ്പിളിനാവട്ടെ, വേണ്ടത്ര മൂലധനമുണ്ടന്നു പൂജാരി രജനീകാന്ത് എടുത്തുപറഞ്ഞു. ഞങ്ങൾ മാതാജിയെ തൊഴുത്‌ അവരുടെ സേവനങ്ങൾക്ക് നന്ദി പറഞ്ഞു പിരിഞ്ഞു. അന്തേവാസികളിൽ രണ്ടുപേർ ഞങ്ങളെ ഗേറ്റ് വരെ അനുഗമിച്ചു. ഭാരതം വിട്ട് പനാമയിലെത്തി, ഭാരതീയദർശനം അവിടെ പ്രചരിപ്പിക്കുന്ന മാതാജിയുടെ ത്യാഗമനസ്ഥിതിയായിരുന്നു മടക്കയാത്രയിൽ ഞങ്ങളുടെ ചർച്ചാവിഷയം. തിരിച്ചു സിറ്റിയിലെക്കുള്ള യാത്രക്കിടയിൽ കരോളൈന ഏറെ ജിജ്ഞാസയോടെ ചോദിക്കുകയാണ്: "You are all interested in various religions?"

മറുപടി പറയുവാൻ ഞാൻ ശാസ്ത്രിയെ പ്രേരിപ്പിച്ചു. അദ്ദേഹം ഗൈഡിനെ പറഞ്ഞുമനസിലാക്കി. "അമീഗാ, പല മതവിശ്വാസികളുടെ കൂട്ടായ്മയാണ് ഇന്ത്യ. പനാമയിൽ ക്ഷേത്രങ്ങളുണ്ടെന്നറിഞ്ഞപ്പോൾ കാണണമെന്നു തോന്നി, ദാറ്റ്സ് ഓൾ."

(എം.സി ചാക്കോ മണ്ണാറക്കാട്ടിൽ)


മില്ല്യണ്‍ ഡോളർ (കഥ)

(കഥാകൃത്ത് രാജു ജോസഫ് പ്രാലേൽ - നെ പരിചയപ്പെടാം. "ഡോളർ", "സോളാർ സ്വപ്നം" തുടങ്ങിയ സിനിമകളുടെ സംവിധായകനാണ്. അതോടൊപ്പം നിരവധി ഷോർട്ട് ഫിലിമുകളും സംവിധാനം ചെയ്തിട്ടുണ്ട്. "മില്യണ്‍ ഡോളർ" എന്ന കഥാസമാഹാരത്തിൽ രാജു ജോസഫിൻറ്റെ ഏഴു കഥകളാണുള്ളത്. അതിൽ "മില്ല്യണ്‍ ഡോളർ" എന്ന ഒരു കഥയാണ്‌ ഇവിടെ പറയുന്നത്.)

അയാൾ നടന്നു. നായ് പിന്തുടർന്നു. അമർഷം ഉള്ളിലൊതുക്കി തിരിഞ്ഞുനിന്ന് നായയെ വിരട്ടി ഓടിക്കുവാൻ അയാൾ ശ്രമിച്ചു. നായ് കൂട്ടാക്കുന്ന ലക്ഷണമില്ല. ഉറച്ച മഞ്ഞുകട്ടകൾ അടർത്തിയെടുത്ത് അയാൾ എറിഞ്ഞു.

രണ്ടു മാസമാകുന്നു അയാളുടെ ജീവിതത്തിലേക്ക് ആ ജീവി കടന്നുവന്നിട്ട്.

"എന്താ നിനക്കു വേണ്ടത് - എന്തിനാ എൻറ്റെ സ്വൈര്യം കെടുത്തുന്നത്". അയാൾ ആരോടെന്നില്ലാതെ പിറുപിറുത്തു. പതിവു വഴിയിൽനിന്നു മാറി പാർക്കിൻറ്റെ ഓരം ചേർന്ന് നായ കാണാതെ അയാൾ ഓടി. വഴിയിൽ പരിചിതമുഖങ്ങൾ അയാളെ നോക്കി ചിരിച്ചു.

വളവു തിരിഞ്ഞപ്പോൾ നായയെ കണ്ടില്ല. ഉരുകാത്ത മഞ്ഞിൽ അയാൾ വിയർത്തു. കിതപ്പുകൾ ഒരു പന്തയകുതിരയുടേതുപോലെ അനുഭവപ്പെട്ടു.

നശിച്ച തണുപ്പ്. എല്ലാ വർഷവും ക്രമം തെറ്റാതെ വരുന്ന തണുപ്പു കാലത്തോട് അയാൾക്ക് വെറുപ്പാണ്. കഴിഞ്ഞ പത്തുവർഷമായി ഗ്യാസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന അയാളുടെ യൗവ്വനത്തിൻറ്റെ പകുതിയും തട്ടിയെടുത്തതിൽ ഈ ജോലിക്കും തണുപ്പിനും നല്ലൊരു പങ്കുണ്ട്.

ഇപ്പോഴിതാ ഈ നായയുടെ വരവോടെ മനസമാധാനവും ഇല്ലാതായി.
ഗ്യാസ് സ്റ്റേഷനിലെ പെട്രോളിൻറ്റെ ഗന്ധമുള്ള തിരക്കുപിടിച്ച ഒരു നട്ടുച്ച. അടുത്ത വണ്ടി എത്തുന്നതിനുമുമ്പ് ആഹാരം കഴിക്കാൻ, വീട്ടിൽനിന്ന് കൊണ്ടുവന്ന തണുത്ത സാൻവിച്ചിൻറ്റെ പൊതിയഴിക്കുമ്പോൾ അതാ മുമ്പിൽ ഒരു നായ്. കറുത്ത നിറം. നെറ്റിയിൽ വെളുത്ത പാണ്ട്. മടങ്ങിയ ചെവിയും തളർന്ന വാലും. മെലിഞ്ഞ വൃത്തികെട്ട ശരീരം. ഒറ്റനോട്ടത്തിൽ ഒരു തെരുവുനായ. സഹതാപം തോന്നിയപ്പോൾ ഒരു കഷണം റൊട്ടി എറിഞ്ഞുകൊടുത്തു. അന്നു തുടങ്ങിയതാണ്‌ ആ ജീവിയും അയാളുമായുള്ള ബന്ധം.

നിത്യവും നായ, ജോലി ചെയ്യുന്ന അയാളെ ശ്രദ്ധിച്ചു നിൽക്കും. പോകുമ്പോൾ പിന്നാലെ കൂടും. അപ്പാർട്ടുമെൻറ്റിൻറ്റെ ബാക്ക് യാർഡിൽ അയാളുടെ കിടപ്പുമുറിയിലെ കിടക്ക കാണത്തക്ക രീതിയിൽ വെളിയിൽ നായ കിടക്കും. അയാളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ഇടയ്ക്കിടയ്ക്ക് കുരയ്ക്കും. അത് ഏറ്റവും കൂടുതൽ ശുണ്ഠിപിടിപ്പിക്കുന്നത് ഭാര്യയെ ആണ്.

രാവിലെ ഗ്യാസ് സ്റ്റേഷനിൽ നായ എത്തുമ്പോൾ ഓണർ പറയും "Buddy your friend is here".

ആരോടും കൂട്ടില്ലാത്തത്തിനു ദൈവം അറിഞ്ഞുതന്ന കനി. അപ്പാർട്ടുമെൻറ്റിലെ പത്തു വർഷത്തെ താമസത്തിനിടയിൽ കൂട്ടുകൂടുവാൻ സമയമില്ലാതെ ജോലിചെയ്യുന്ന ഭർത്താവായി. നാട്ടിലുള്ള സഹോദരങ്ങളെ കൂടുതൽ മടിയന്മാരാക്കാൻ കഷ്ടപ്പെട്ടു ജോലിചെയ്തു പണമുണ്ടാക്കി. ഭാര്യയുടെ ജോലി, കുട്ടികളുടെ പഠനം. ഒന്നിനും ഒരു സ്ഥിരതയില്ലാത്തതിനാൽ "വീട്" എന്ന മലയാളിസ്വപ്നം അയാൾക്ക് ബാലികേറാമലയായി. എങ്ങനെയെങ്കിലും കുറെ പണമുണ്ടാക്കി നാട്ടിൽ പോകണം. പത്തു വർഷമായി നഷ്ടപ്പെട്ട ജീവിതം തിരിച്ചു പിടിക്കണം.

കോളേജദ്ധ്യാപകനായി നാട്ടിൽ വിലസിയപ്പോൾ മലയാളം പ്രൊഫസറുടെ കവിതകൾ കുട്ടികളുടെ ഇടയിൽ ചർച്ചാവിഷയമായിരുന്നു. കാളിദാസൻറ്റെ ശാകുന്തളം വർത്തമാനകാലത്തിൽ സ്വന്തം ശൈലിയിൽ പഠിപ്പിച്ചപ്പോൾ കോളേജിൽ എല്ലാവരും അയാളെ അത്യാധുനികൻ എന്നു വിളിച്ചു.

അമേരിക്കയിൽ നിന്നെത്തിയ ആലോചനയ്ക്ക് ബ്രോക്കറോട് മടിയോടെ സമ്മതം മൂളുമ്പോൾ കഷ്ടപ്പെട്ടു കഴിയുന്ന ഇളയ സഹോദരങ്ങളായിരുന്നു മനസ്സിൽ.

കുറെ സ്വപ്നങ്ങളും ഏറെ മോഹങ്ങളും കൊഴിഞ്ഞുവീണ ആദ്യ രാത്രിയിൽ സർഗശക്തി പണയപ്പെടുത്തി ഗാർഹിക ജീവിതം വിലയ്ക്കു വാങ്ങി. പത്തുവർഷമായി അതു തുടരുന്നു. എവിടൊക്കെയോ അപസ്വരങ്ങൾ, കൂടുതലും പണത്തെ ചൊല്ലി. അതല്ലെങ്കിൽ കൂട്ടുകാരികളുടെ ജീവിതവുമായുള്ള താരതമ്യപഠനങ്ങളെ ചൊല്ലി. സ്നേഹത്തെക്കാൾ കുറ്റപ്പെടുത്തലുകൾ അരങ്ങേറിയ കുടുംബജീവിതത്തിൽ, രണ്ടു കുട്ടികളുടെ പിതാവായി, അവരുടെ സൂക്ഷിപ്പുകാരനായി.

ഭാര്യയെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. അവളുടെ ജോലികൊണ്ടാണ് കഷ്ടപ്പാടില്ലാതെ കഴിയുന്നതെന്ന് അയാൾക്ക് അറിയാം. ജോലിക്കിടയിൽ ഇല്ലാത്ത പൊങ്ങച്ചം ഉണ്ടാക്കി വിളമ്പുന്ന സഹപ്രവർത്തകരുടെയും ഭർത്താവിനെ ചൊൽപ്പടിക്കു നിർത്തുന്ന സ്ത്രീ സമൂഹത്തിൻറ്റെയും മുന്നിൽ ചെറുതാകുവാൻ അവൾക്കും മടി. അതിൻറ്റെ പ്രതിഫലനങ്ങളാണ് കുടുംബജീവിതത്തിലെ താളപ്പിഴകൾക്കു കാരണം.

അപ്പാർട്ട്മെൻറ്റ് എത്തിയത് അറിഞ്ഞില്ല. നട കയറുമ്പോഴും അയാളുടെ കണ്ണുകൾ പിന്നിൽ നായയെ തിരയുന്നുണ്ടായിരുന്നു. "ഹാവൂ, രക്ഷപെട്ടു. നാശത്തിനെ കാണാനില്ല".

വീട്ടിനുള്ളിലേക്ക് കയറുമ്പോൾ ഭാര്യയുടെ കൂർക്കംവലി കേൾക്കാമായിരുന്നു. പകൽ രാത്രിയാക്കുന്ന നൈറ്റ്ഡ്യൂട്ടിക്കാരി. കുട്ടികൾ രണ്ടുപേരും ടിവിയുടെ ലോകത്തിൽ.

കുളിച്ചുകഴിഞ്ഞപ്പോൾ പെട്രോളിൻറ്റെ ഗന്ധത്തിൽനിന്ന് മോചനം. ഈറൻ മാറുന്നതിനിടയിൽ അറിയാതെ കണ്ണുകൾ ജനാലയിലൂടെ വെളിയിലേക്ക് അലഞ്ഞു. അതാ നായ് ഉരുകാത്ത മഞ്ഞുകട്ടകളിൽ അയാളെത്തന്നെ നോക്കി കുത്തിയിരിക്കുന്നു.

ജനൽ തുറക്കാൻ മഞ്ഞും തണുപ്പും അനുവദിച്ചില്ല. വിരട്ടിയോടിക്കാനുള്ള ആംഗ്യം ജനാലയിലൂടെ കണ്ട് അടുത്ത അപ്പാർട്ട്മെൻറ്റിലെ സ്പാനീഷ്കാരി സുന്ദരിക്ക് ചിരി. പെട്ടെന്ന് മുറിയിലേക്ക് കയറിവന്ന ഭാര്യ അയാളെയും സ്പാനീഷ്കാരിയെയും നോക്കി അലറി. "കുറെ നേരമായി ഞാൻ കാണുന്നു ഈ കൈയ്യും കാലും കാണീര്. പെണ്ണിൻറ്റെ തരി കണ്ടാൽ മതി അപ്പോൾ തുടങ്ങും". പറഞ്ഞത് ശ്രദ്ധിക്കാതെ വീണ്ടും അയാളുടെ ദൃഷ്ടി നായയിൽ കേന്ദ്രീകരിച്ചപ്പോൾ ഭാര്യയുടെ അമർഷം മറ്റൊരു ദിശയിലേക്ക് മാറി. "ഇന്നും കൊണ്ടുവന്നോ ഈ വയ്യാവേലിയെ".

ഒന്നും പറയാതെ അയാൾ ലിവിംഗ് റൂമിലെ സോഫ ലക്ഷ്യമാക്കി നടന്നു. ഗ്ലാസിലേക്ക് വൈറ്റ് ലേബൽ ഒഴിച്ചപ്പോൾ ആരോടൊക്കെയോ ഉള്ള ദേഷ്യംകൊണ്ട് അളവ് ശ്രദ്ധിച്ചില്ല. ഈയിടെയായി ഭാര്യക്ക് അയാളോട് എന്നല്ല എല്ലാ പുരുഷന്മാരോടും വെറുപ്പാണ്. "അന്യൻറ്റെ ഭാര്യയെ ആഗ്രഹിക്കരുത്" എന്ന മോശയുടെ പത്തു പ്രമാണങ്ങൾ നിരന്തരം പ്രഘോഷിച്ചുനടന്ന, കൂട്ടപ്രാർത്ഥനയിലെ സുവിശേഷ സഹോദരൻ കൂട്ടുകാരിയുമായി ഒരു സുപ്രഭാതത്തിൽ മുങ്ങിയതിൽപിന്നെയാണ് ഈ മാറ്റം. നാട്ടിലുള്ള ഭർത്താവ് അമേരിക്കയിലെത്തുന്നതിനുമുമ്പ് രക്ഷിക്കപ്പെട്ട ആ കൂട്ടുകാരി കറുത്ത തോൽകവറിട്ട വിശുദ്ധഗന്ഥം ഇത്രയുംനാൾ "റൈഡ്" കൊടുത്തതിനുള്ള സമ്മാനമായി ഒളിച്ചോടുന്നതിൻറ്റെ തലേദിവസം കൂട്ടുകാരിയെ ഏൽപ്പിക്കാൻ മറന്നില്ല!

ആദ്യത്തെ ഗ്ലാസ് കാലിയാക്കി രണ്ടാമത് ഒഴിക്കുവാൻ ശ്രമിച്ചപ്പോൾ അടുക്കളയിലെ പാത്രങ്ങളുടെ കലപില ശബ്ദത്തോടൊപ്പം ഭാര്യയുടെ സ്വരം. "വലിച്ചു കേറ്റ്. ചങ്കും കരളും കത്തട്ടെ. എന്നിട്ട് വേണം വല്ല അറ്റാക്കും വന്നു ചാകാൻ".

മദ്യം തൊടാത്ത, സിഗരട്ട് വലിക്കാത്ത മലയാളിസുഹൃത്തിൻറ്റെ "അറ്റാക്കി"ന് ഇരയായ ശരീരം, പോയ ആഴ്ചയിൽ ഫ്യൂണറൽ ഹോമിൽ കണ്ടപ്പോൾ മുതലാണ്‌ ഭാര്യയുടെ ഈ സ്ഥിരം പല്ലവിയോട് പുച്ഛം തോന്നിത്തുടങ്ങിയത്. അയാളുടെ പ്രതികരണമായി നായ് കുരച്ചു. അതുകേട്ട് അയാൾ ഉറക്കെ ചിരിച്ചു. അത് ഭാര്യയെ കൂടുതൽ ശുണ്ഠി്പിടിപ്പിച്ചു.

രാത്രി ഏറെയായിട്ടും ഉറക്കം വരാതെ ഏകനായി കിടന്നപ്പോൾ മഞ്ഞിൻകൂട്ടത്തിനു മുകളിൽ നായയുടെ കറുത്ത നിഴൽ. അയാൾ ഉറങ്ങിയില്ല എന്നു കണ്ടപ്പോൾ നായയുടെ കുര വീണ്ടും. അയാളെനോക്കി അലമുറയിടുന്ന നായയുടെ ശബ്ദം അടുത്തുള്ള അപ്പാർട്ട്മെൻറ്റുകാരെയൊക്കെ ഉണർത്തി. കൊടും തണുപ്പത്ത് വളർത്തുനായയോട് ക്രൂരത കാണിക്കുന്ന യജമാനനെ ശപിക്കുന്ന അയൽവാസികളിൽനിന്ന് രക്ഷപെടാനായി അയാൾ കമ്പിളിപുതപ്പിനുള്ളിലേക്ക് ആഴ്ന്നിറങ്ങി.

പിറ്റേന്ന് നേരം വെളുത്തപ്പോൾ നായയെ കണ്ടില്ല. അന്നു ഞായറാഴ്ചയാണെന്നും പള്ളിയിൽ പോകണമെന്നും നൈറ്റ്ഡ്യൂട്ടി കഴിഞ്ഞുവന്ന ഭാര്യ ആരോടെന്നില്ലാതെ ഓർമ്മപ്പെടുത്തി.

വിശ്വാസികളുടെ സംഭാവനയിൽതീർത്ത ആ പള്ളിയിൽ പരദൂഷണത്തെ ഭയന്ന് പോകാൻ അയാൾക്ക് മടിയാണ്. പള്ളി കൂദാശ ചെയ്യപ്പെട്ടു. ഇനി നാട്ടിൽനിന്ന് എത്തിയിട്ടുള്ള കത്തനാർക്കും കുടുംബത്തിനും വിസാ തരപ്പെടണമെങ്കിൽ സഭാവിശ്വാസികളുടെ ഇടയനാണ് അച്ചൻ എന്ന് അധികൃതർക്കു ബോധ്യപ്പെടണം. അതിന് വിശ്വാസികൾ മുടങ്ങാതെ പള്ളിയിൽ പോകണമത്രേ.

പള്ളിയിൽ പരിചിതരും അപരിചിതരുമായ അനേകം മുഖങ്ങൾ. ആരെയും ശ്രദ്ധിക്കാതെ മുൻ സീറ്റിൽ അയാൾ കുടുംബസമേതം ഇരുന്നു. അച്ചൻറ്റെ ഞായറാഴ്ച പ്രസംഗത്തിൻറ്റെ ലഹരിയിൽ നൈറ്റ്ഡ്യൂട്ടിക്കാർ പലരും ഉറങ്ങുന്നു. അവർക്ക് കമ്പനികൊടുക്കാമെന്ന് വിചാരിച്ച് ഒന്നു മയങ്ങാൻ കണ്ണടച്ചപ്പോൾ കാൽച്ചുവട്ടിൽ ഒരു അനക്കം. പള്ളിയിലെ പാതിജനത്തോടൊപ്പം ഉറക്കത്തിൽ പങ്കുചേരാൻ എത്തിയിരിക്കുന്ന പുതിയ അതിഥി - നായ.

അയാൾ പെട്ടെന്ന് കാൽ വലിച്ചു. അതൊരു തൊഴിയായി അടുത്തിരുന്ന ഭാര്യയ്ക്ക് അനുഭവപ്പെട്ടപ്പോൾ അവൾ ക്രൂരയായി അയാളെ നോക്കി. നിസഹായനായ അയാളുടെ മുഖം ശ്രദ്ധിച്ചിരുന്നപോലെ നായ കുരച്ചു. ഹാളിൽ മുഴങ്ങിക്കൊണ്ടിരുന്ന നായയുടെ ഓരിയിടൽ അച്ചൻറ്റെ ശബ്ദത്തെ അതിജീവിച്ചു. അച്ചൻ പ്രസംഗം നിർത്തി. ഇപ്പോൾ ഹാളിലെ നിശബ്ദതയെ ഭഞ്ജിക്കുന്നത് നായയുടെ കുര മാത്രം.

അച്ചൻ ക്രൂരമായി അയാളെ നോക്കി. ഒപ്പം നെറ്റിചുളിക്കുന്ന ശിങ്കിടികളും. നായയെ ഓടിച്ചുവിടാനുള്ള അയാളുടെ വിഫലശ്രമത്തിൽ നായ അൽപ്പം മാറിയിരുന്നു വീണ്ടും കുരച്ചതെയുള്ളു. ജനം പരിഹാസത്തിൻറ്റെ മേമ്പൊടി ചേർത്ത് അയാളെ നോക്കി ആർത്തു ചിരിച്ചു. പെട്ടെന്ന് അച്ചൻറ്റെ സ്വരം. "ഇത് ഒരു പ്രാർത്ഥനാലയമാണ്. ഇവിടെ കുറച്ചുകൂടി മാന്യത പാലിക്കണം. താങ്കൾ പട്ടിയുമായി പുറത്തു പോകണം".

ഈ പട്ടി എൻറ്റേതല്ല എന്നു വിളിച്ചുപറയാൻ അയാളുടെ നാവുകൾക്ക് ശക്തിയില്ലായിരുന്നു. മുഖം കുനിച്ചിരുന്ന അയാളുമായി ഒരു ബന്ധവുമില്ലാത്ത മട്ടിൽ അൽപ്പം അകന്നിരിക്കുന്ന ഭാര്യയെ നോക്കിയപ്പോൾ അച്ചനെ അനുകൂലിക്കുന്ന കത്തുന്ന കണ്ണുകൾ അവളിൽ കണ്ടു. പള്ളിപണിയിൽ നല്ലൊരു ശതമാനം മുടക്കിയ അയാൾ പള്ളിയിൽനിന്ന് പുറത്തായി. മനസുകൊണ്ട് ആ മൃഗത്തെ പ്രാകി വെളിയിലേക്കു നടന്നു. ഒപ്പം അയാളുടെ പിന്നാലെ നായയും.

മനസ്സിൽ രോഷം കുമിഞ്ഞുകൂടിയപ്പോൾ വലിയ ഒരു കല്ലെടുത്ത്‌ അയാൾ നായയെ എറിഞ്ഞു. ആ കല്ല്‌ ആരുടെയോ ലക്സസിൻറ്റെ വിൻഡ് ഷീൽഡിൽ. കാറിൻറ്റെ അലാം കേട്ടപ്പോൾ അയാൾ വലിഞ്ഞു.

പള്ളിസംഭവം മലയാളികളുടെ ഇടയിലും മലയാളി കടകളിലും പാട്ടായി. കഥകൾക്ക് നിറംകൊടുക്കുവാൻ കടകളിലെത്താറുള്ളവരുടെ വിഷയദാരിദ്ര്യം അതോടെ തീർന്നു. ഇതിനെല്ലാമുപരി അയാളുടെ കുടുംബജീവിതത്തിൽ താളപ്പിഴകൾ ഉണ്ടായി. "ഒന്നുകിൽ നായ, അല്ലെങ്കിൽ ഞാൻ. ഒരാൾ മതി ഈ വീട്ടിൽ". ഈ നിലപാടാണ് ഭാര്യക്ക് അയാളോട്. നിദ്രാവിഹീനങ്ങളായ അയാളുടെ രാത്രികളിലും, ജോലിചെയ്യുന്ന പകലുകളിലുമൊക്കെ നെറ്റിയിൽ വെളുത്ത പൊട്ടുള്ള ആ കറുത്ത നായ മാത്രം. അയാളുടെ ദിനചര്യകൾവരെ മാറ്റിമറിച്ച ആ നായ അയാളുടെ ഏറ്റവും വലിയ ശത്രുവായി. ദിവസങ്ങളായി ഷേവ് ചെയ്യാത്ത മുഖം കണ്ണാടിയിൽകാണുമ്പോൾ ആ മുഖത്തിന്‌ നായയുടെ മുഖത്തോട് സാമ്യമുള്ളതായി അയാൾക്കു തോന്നി. ഒരുപക്ഷേ തൻറ്റെ കഴിഞ്ഞ ജന്മമാണോ ഇത് എന്നുപോലും അയാൾക്ക് തോന്നിത്തുടങ്ങി. അതുകൂടി അറിഞ്ഞപ്പോൾ ഭർത്താവിനെ മനോരോഗവിദഗ്ദനെ കാണിക്കാൻ അപ്പോയ്മെൻറ്റ് എടുക്കാൻതന്നെ ഭാര്യ തീരുമാനിച്ചു. പ്രതിവിധി അയാൾക്കറിയാം. നായയെ എത്രയും വേഗം കൊല്ലുക.

അന്ന് രാത്രി ഭാര്യ ജോലിക്കു പോയിക്കഴിഞ്ഞ് അയാൾ എഴുന്നേറ്റു. പുറത്ത് നായ അയാളെതന്നെ നോക്കിയിരിക്കുന്നു. ക്ലോസറ്റിൻറ്റെ കോണിൽ ഒളിച്ചുവച്ചിരുന്ന ഇരട്ടക്കുഴൽ തോക്ക് ശബ്ദമുണ്ടാക്കാതെ എടുത്തു. പിന്നെ ഒന്നും ആലോചിച്ചില്ല. നിറതോക്കു പാതിതുറന്ന ജനാലയിലൂടെ തന്നെ ഇഷ്ടപ്പെടുന്ന, താൻ വെറുക്കുന്ന ആ ജീവിയെ ലക്ഷ്യമാക്കി. കാഞ്ചിയിൽ വിരൽ അമർന്നു. വെടിപൊട്ടി. അലമുറയിട്ട നായയുടെ രോദനം അകന്നകന്നുപോയി. പെട്ടെന്ന് അയാൾ അമ്പരന്നു. കാഞ്ചി മുഴുവൻ വലിഞ്ഞിരുന്നില്ല. വെടി പൊട്ടിയത് അയാളുടെ തോക്കിൽനിന്നല്ല. ചുറ്റും പരതിയപ്പോൾ എതിരെയുള്ള അപ്പാർട്ടുമെൻറ്റിൽ തോക്കുമായി മാറുന്ന സ്പാനീഷ്കാരൻറ്റെ നിഴൽ അയാളെ ആശ്വസിപ്പിച്ചു. ഹാവൂ രക്ഷപെട്ടല്ലോ. ഏതായാലും അയാൾക്കു പകരം മറ്റൊരാൾ ആ കൃത്യം ചെയ്തു. വെടികൊണ്ട നായ എങ്ങോട്ടോ ഓടിപ്പോയി. ജീവിതത്തിലാദ്യമായി അയാൾ സമാധാനമായി ഉറങ്ങി. പിറ്റേന്ന് നേരം വെളുത്തപ്പോൾ അയാൾ പതിവില്ലാത്തവിധം ഉന്മേഷവാനായിരുന്നു. ജോലിക്കു പോകാൻ തയ്യാറായി. രാത്രിജോലി കഴിഞ്ഞുവരുന്ന ഭാര്യയെ കാത്തുനിന്നു. അയാളെ കണ്ടപ്പോൾ കാറിൽനിന്ന് ഇറങ്ങിവരുന്ന ഭാര്യക്ക് പതിവില്ലാത്തവിധം സന്തോഷം. ഒരുപക്ഷേ നായയെ വെടിവെച്ച കാര്യം അവൾ അറിഞ്ഞിരിക്കുമോ ?

വന്ന ഉടനെ സ്നേഹപൂർവ്വം അവൾ അയാളെ ബെഡ്റൂമിലേക്ക് വിളിച്ചു. പിന്നെ ബാഗിൽനിന്നു രഹസ്യമായി ഒരു ന്യൂസ്പേപ്പർ എടുത്ത് അതിൽ മാർക്ക് ചെയ്ത പേജ് അയാളുടെ മുന്നിലേക്ക് നീട്ടി. പേപ്പറിൽ കണ്ട ഒരു ചിത്രം അയാളെ അമ്പരപ്പിച്ചു. ഒപ്പം വാർത്തയും. ചിത്രം അയാൾക്ക്‌ സുപരിചിതനായ നായയുടെത്. "മില്ല്യൻ ഡോളർ ഡോഗ് മിസിംഗ്" എന്ന തലക്കെട്ടിലെ വാർത്ത വായിച്ചപ്പോൾ അയാളുടെ കണ്ണിൽ ഇരുട്ടു കയറി.

മാർഗരറ്റ് എന്ന 90 വയസ്സുള്ള മദാമ്മയുടെ മരണത്തോടെ ഒരു മില്യൻ ഡോളറിൻറ്റെ ഏക അവകാശി അവരുടെ മാർട്ടിൻ എന്ന നായയാണ്. ഈ നായയെ പരിരക്ഷിക്കുന്നവർക്ക് ഈ പണം നായയുടെ കാലശേഷം ലഭിക്കുന്നതായിരിക്കും. പക്ഷേ ഈ നായയെ ഇപ്പോൾ കാണാനില്ല.

അയാൾക്ക് കുറ്റബോധം തോന്നി. "എത്രയും വേഗം ആ പട്ടിയെ കൂട്ടിക്കൊണ്ടു വാ. ഇന്നുമുതൽ അതിനെ മുറിയിൽ കിടത്താം". അതിനായി കുട്ടികളുടെ ഒരു മുറി ഒരുക്കാൻ തത്രപ്പെടുന്ന ഭാര്യയോട് അയാൾക്ക് സഹതാപം തോന്നി.

തലേദിവസം രാത്രിയിലെ സംഭവം ഒറ്റശ്വാസത്തിൽ ഭാര്യയോടു പറഞ്ഞു തീർത്തപ്പോൾ അത് വലിയ ഒരു പൊട്ടിത്തെറിയിൽ കലാശിച്ചു. "അല്ലെങ്കിലും നിങ്ങൾ ഒരു കരുണയില്ലാത്ത മനുഷ്യനാ - വേഗം എവിടെയെങ്കിലും പോയി അന്വേഷിച്ചു തപ്പിക്കൊണ്ടു വാ - ഡോളർ കുറച്ചൊന്നുമല്ല ഒരു മില്യണാ, അറിയാമോ ?"

മനസ്സിൽ മുറിവേറ്റ അയാൾ വെടികൊണ്ട നായയെ അന്വേഷിച്ചു നടന്നു. മഞ്ഞുകട്ടയിൽ തളംകെട്ടിയ ചോരപ്പാടുകളിൽ തുടങ്ങി... ചോരത്തുള്ളികൾ വീണ വഴിത്താരയിലൂടെ അയാൾ നായയുടെ പേര് വിളിച്ചു നടന്നു. പാർക്കിലെ ഉണങ്ങിയ ഇലകളിൽ ചോരപ്പാടുകൾ കണ്ടു. അയാൾ പാർക്കിലേക്ക് നടന്നു. കുട്ടികൾ സ്കീ ചെയ്ത വഴികളിലൂടെ നടന്ന് പാർക്ക് മുഴുവൻ ചുറ്റിക്കറങ്ങി ജോലിസ്ഥലത്ത് എത്തി.

താമസിച്ചെത്തിയതിനു ബോസിൻറ്റെ ശകാരം. എങ്കിലും അയാളുടെ ശ്രദ്ധ മുഴുവൻ നായ വന്നുനിൽക്കാറുള്ള സ്ഥലത്തായിരുന്നു. മനോവിഷമത്തിൽ പെട്രോളിനു പകരം ഡീസൽ പമ്പു ചെയ്തപ്പോൾ കസ്റ്റമറുടെ ശകാരം. വിശപ്പും ദാഹവും നഷ്ടപ്പെട്ട അയാൾ നായയ്ക്കു കൊടുക്കുവാൻ കൊണ്ടുവന്ന റൊട്ടിക്കഷണങ്ങൾ എറുമ്പരിക്കുന്നതും നോക്കി സമയം നീക്കി.

നായയെ കൂടാതെ വീട്ടിൽ എത്തുന്നതും ഭാര്യയെ നേരിടുന്നതും ഓർക്കാൻ കഴിയുന്നില്ല. സുഖമില്ല എന്നു പറഞ്ഞ് ഇറങ്ങിയ അയാൾ വീണ്ടും പാർക്കിനെ ലക്ഷ്യമാക്കി നടന്നു. അവിടെ അകലെ ഏതോ നായയുടെ ഓരിയിടൽ. ഒരുപക്ഷേ അത് മാർട്ടിൻ ആയിരിക്കും. മഞ്ഞിൽ പുതഞ്ഞ കാൽ വലിച്ചുവച്ച് അയാൾ മലമുകളിൽ എത്തി. അവിടെ സ്നോബൗളറിൻറ്റെ സ്വരം കേട്ട ഭാഗത്ത് പാർക്ക് സൂക്ഷിപ്പുകാരനെ കണ്ടു. വെളുത്ത പാടുള്ള കറുത്ത നായയെപ്പറ്റി ചോദിച്ചപ്പോൾ, രാവിലെ ഒരു നായയുടെ ശവം മറവുചെയ്ത കാര്യം സൂക്ഷിപ്പുകാരൻ പറഞ്ഞു. കാവൽക്കാരൻ ചൂണ്ടിക്കാണിച്ച ഇലകൊഴിഞ്ഞ മേപ്പിൾ മരത്തിനു താഴെ മഞ്ഞുകൂനയുടെ അടുത്തു കുത്തിയിരുന്ന് അയാൾ ശവം മാന്താൻ തുടങ്ങി. നഗ്നമായ കൈവിരലുകൾ വിറങ്ങലിക്കുന്നതും രക്തം കട്ടിയാകുന്നതും അയാൾ അറിഞ്ഞില്ല.

പകുതിയോളം മണ്ണ് മാറ്റിയപ്പോൾ പെട്ടെന്ന് ഒരു മുരൾച്ച. തിരിഞ്ഞു നോക്കിയപ്പോൾ അയാൾക്ക് വിശ്വസിക്കാനായില്ല. അതാ തൊട്ടു പിറകിൽ മുറിവേറ്റ മാർട്ടിൻ - വെളുത്ത പാടുള്ള കറുത്ത നായ. അയാൾ ആഹ്ലാദത്തോടെ അലറി ചിരിച്ചു. ഉറക്കെയുള്ള അയാളുടെ ഉന്മാദ ചിരികണ്ട് വിരണ്ട നായ ഞൊണ്ടി ഞൊണ്ടി ഓടി. പിറകെ അയാളും. മലമുകളിൽനിന്ന് താഴെ വഴിത്താരയിലേക്ക് ഓടിയിറങ്ങിയ നായ അയാളെ ഭയന്ന്
തിരിഞ്ഞുനോക്കുന്നുണ്ടായിരുന്നു. നായയേയും അതിൻറ്റെ പിന്നാലെ ഓടുന്ന മനുഷ്യനേയും കണ്ട വഴിപോക്കർക്കു ചിരി.

നായയുടെ ഓട്ടത്തിനു വേഗത കൂടി. മഞ്ഞു വീണു കട്ടിയായ പാതകളിൽ തെന്നിയും വീണും അയാൾ പിറകെയും. ഓട്ടത്തിൻറ്റെ വേഗതയിൽ സ്വന്തം അപ്പാർട്ടുമെൻറ്റിൻറ്റെ അടുത്ത് എത്തിയത് അയാൾ അറിഞ്ഞില്ല. തന്തൂരി കാലുമായി നായയെ ആകർഷിക്കുവാൻ ശ്രമിച്ച ഭാര്യയുടെ ശ്രമവും വിഫലമായി. മില്യൻ ഡോളറിനുവേണ്ടിയുള്ള ഓട്ടത്തിൽ ഭാര്യയും അയാളോടൊപ്പം കൂടി.

ശീതക്കാറ്റ് ആഞ്ഞടിച്ചപ്പോൾ മഞ്ഞിൻപൊടികൾ അന്തരീക്ഷത്തിൽ പുകമറ പോലെ പരന്നു. ആ മറയിൽ നായ് ഒരു ബിന്ദുവായി അലിഞ്ഞലിഞ്ഞു പോയി.

ഓടുന്ന ദമ്പതികൾക്കു പിന്നാലെ വന്ന പോലീസ് കാറും ആംബുലൻസും അവരെ കടന്നുപോയി. വളവുതിരിഞ്ഞ് ഓടിയെത്തിയ ദമ്പതികൾക്ക് അവരുടെ കണ്ണുകളെ വിശ്വസിക്കാനായില്ല. നാലും കൂടിയ കവലയിൽ ട്രാഫിക് ജാം. പോലീസ് കാറുകളുടെ ഒരു നിരതന്നെ ഫ്ലാഷ് ലൈറ്റിട്ടു കിടക്കുന്നു. തുറന്നു കിടക്കുന്ന ആംബുലൻസിൻറ്റെ സീറ്റിൽ മൃഗസംരക്ഷണ വിഭാഗത്തിൻറ്റെ കൂറ്റനായ തടിയൻറ്റെ കയ്യിൽ സുഖമായി തല ചായ്ച്ചിരിക്കുന്ന മില്ല്യൻ ഡോളർ നായ്. ജനങ്ങളെയും ടി. വി ക്യാമറക്കാരേയും തള്ളിമാറ്റി അടുത്തെത്തിയ അയാളോട് ഒരു പരിചയഭാവം പോലും പ്രകടിപ്പിക്കാതിരുന്ന ആ ജീവിയുമായി വണ്ടികൾ മുൻപോട്ടു നീങ്ങി.

ശിലാപ്രതിമകണക്കെ റോഡിനു നടുവിൽ തരിച്ചുനിന്ന ദമ്പതികൾ ഞെട്ടിയുണർന്നതു ഏതോ വാഹനത്തിൻറ്റെ ഹോണ്‍ കേട്ടാണ്. അപ്പോൾ യാഥാർധ്യത്തിലേക്ക് വഴുതിവീണ അവർക്ക് മനസിലായി, സ്വന്തം കൈയിൽ ഇത്രയും നാളും വീണുകിട്ടിയ മില്ല്യൻ ഡോളർ കൈയെത്താദൂരത്തായി കഴിഞ്ഞുവെന്ന്. രണ്ടുപേരും പരസ്പരം മുഖത്തോട് മുഖം നോക്കിനിന്നു.

(രാജു ജോസഫ് പ്രാലേൽ)


എന്‍റെ കാത്തുവമ്മയും ചക്കരമാവും (കഥ)

ഒരു കാറ്റടിച്ചപ്പോഴെയ്ക്കും എത്ര മാമ്പഴമാ ഒന്നിച്ചു വീഴുന്നത്. ഞാനും അനുജത്തിയും മാമ്പഴം പെറുക്കാന്‍ മത്സരിച്ചോടി. അവിടെചെന്നപ്പോള്‍ ഞങ്ങള്‍ക്കുമുൻപേ മറ്റൊരാള്‍ അവിടെ മാമ്പഴം പെറുക്കിതുടങ്ങി...കാത്തുവമ്മ. വീടിന്‍റെ മുന്നിലുള്ള ചക്കരമാവ്‌ സ്വപ്നംകണ്ട് വെളുപ്പാന്‍കാലത്തെ തണുപ്പില്‍ പുതപ്പിനുള്ളില്‍ ചുരുണ്ടുകൂടിക്കിടക്കുമ്പോള്‍ ആണ് ഫോണ്‍ ബെല്ലടിക്കുന്നത്. ആദ്യമൊന്നു ഭയന്നു. ഈ വെളുപ്പാന്‍കാലത്ത്‌ ആരായിരിക്കും. അസമയത്തുള്ള ഈ ഫോണ്‍ എന്നെ തെല്ല് അമ്പരപ്പിച്ചു.

കിടന്നിടത്തുനിന്ന് ചാടിയെഴുന്നേറ്റു ഫോണ്‍ എടുത്തു നോക്കി. അയ്യോ, നാട്ടില്‍നിന്നും അമ്മയാണ്. അമ്മ ഈ സമയത്ത് ഒരിക്കലും വിളിക്കാറില്ല. വിറയാര്‍ന്ന ശബ്ദത്തില്‍ ഞാന്‍ ചോദിച്ചു "എന്താണമ്മേ ഈ സമയത്ത്?" അപ്പോള്‍ അങ്ങേ തലക്കല്‍ അമ്മ. "നമ്മുടെ കാത്തു പോയി മോനെ. മോന്‍റെ കാര്യം ഇന്നലെയും ചോദിച്ചു. എന്നാണു ഇനി നിന്നെയൊന്നു കാണാന്‍ പറ്റുകയെന്ന്". അമ്മ പിന്നെയും പറഞ്ഞുകൊണ്ടേയിരുന്നു. "നിനക്ക് ഞങ്ങളെയൊന്നും കാണാന്‍ വരാന്‍ സമയമില്ലല്ലോ. നാളെയാണ് ചടങ്ങുകള്‍. നീ എത്രയും പെട്ടെന്ന് വരാന്‍ നോക്ക്". അമ്മ അല്പം ദേഷ്യത്തോടെ ഫോണ്‍ വെച്ചു.

അമ്മ പറഞ്ഞത് ശരിയാണ്. നാട്ടില്‍ പോയിട്ട് രണ്ടു വര്‍ഷം കഴിയുന്നു. കഴിഞ്ഞ തവണ ചെന്നപ്പോള്‍ കാത്തുവമ്മ ഉണ്ടാക്കിത്തന്ന മാമ്പഴപുളിശ്ശേരി, ഹോ ഓര്‍ക്കുമ്പോള്‍ത്തന്നെ വായില്‍ വെള്ളമൂറുന്നു. കാത്തുവമ്മക്ക് മക്കളില്ല. ഭര്‍ത്താവ് ചെറുപ്പത്തിലെ അവരെ ഉപേക്ഷിച്ചുപോയി. ഒറ്റക്കായിരുന്നു താമസം. പകല്‍ മുഴുവനും താന്‍ കാത്തുവമ്മയുടെ വീട്ടിലാകും. മക്കളില്ലാത്തതുകൊണ്ടാകാം എന്നെയും അനുജത്തിയെയും കാത്തുവമ്മക്കു പ്രാണനായിരുന്നു. പലതവണ ഞാന്‍ കാത്തുവമ്മക്കൊപ്പം അമ്പലത്തില്‍ പോയിട്ടുണ്ട്. അമ്മക്കൊപ്പം പള്ളിയില്‍ പോകുന്നതിലും ഇഷ്ടമായിരുന്നു കാത്തുവമ്മക്കൊപ്പം അമ്പലത്തില്‍ പോകുന്നത്. മുറ്റത്തെ ചക്കരമാവിലെ പഴുത്തുവീഴുന്ന മാമ്പഴം മുഴുവന്‍ പെറുക്കിയെടുത്ത് മാമ്പഴപുളിശ്ശേരിയും മാമ്പഴ അടയും ഉണ്ടാക്കും. എല്ലാം എനിക്കും അനുജത്തിക്കും വേണ്ടി. ആ കാത്തുവമ്മയെ ഒന്ന് പോയി കാണണം എന്ന് ഈയിടെയായി മനസ്സില്‍ വല്ലാതെ തോന്നിയിരുന്നു. ജോലിത്തിരക്കുകള്‍ കൊണ്ട് മാറ്റിവെയ്ക്കുകയായിരുന്നു യാത്ര. എന്നാലും ഇത്ര പെട്ടെന്ന്, മനസ് വല്ലാതെതേങ്ങുന്നു. എന്തായാലും നാട്ടില്‍ പോകണം. എന്‍റെ കാത്തുവമ്മയെ കാണണം.

പെട്ടന്നുതന്നെ എഴുന്നേറ്റ് കുളിച്ചു. ട്രാവല്‍ ഏജൻസിയില്‍ ഉള്ള കൂട്ടുകാരനെ വിളിച്ചു. "എങ്ങനെയും എനിക്ക് നാളെ നാട്ടില്‍ പോയെ പറ്റു, വേണ്ടത് നീ ചെയ്യണം". അത്രയേ പറഞ്ഞുള്ളൂ. എന്നിട്ട് നാട്ടില്‍ വിളിച്ചു. അച്ഛനാണ് എടുത്തത്‌. അമ്മ വീട്ടില്‍ ഇല്ല. കാത്തുവമ്മയുടെ അടുത്താണ്. ഞാന്‍ പറഞ്ഞു, "അച്ഛാ നാളെ ഞാന്‍ വരും". അച്ഛന്‍ ഒന്നും മിണ്ടാതെ ഫോണ്‍ വെച്ചു. ഫ്ലൈറ്റില്‍ ഇരുന്നപ്പോള്‍ മനസുമുഴുവന്‍ പഴയ ഓര്‍മ്മകളായിരുന്നു. അമ്മ തല്ലാന്‍ വരുമ്പോള്‍ കാത്തുവമ്മയുടെ വീട്ടിലേക്കു ഓടും. എന്നെ കാണുന്നതെ കാത്തുവമ്മ കെട്ടിപ്പിടിക്കും. അപ്പോള്‍ അമ്മ പറയും, "കാത്തുവേ നീ ആണ് ഈ ചെക്കനെ ചീത്തയാക്കുന്നത്. നോക്ക്യേ ഈ മാവിന്‍റെ അങ്ങേ അറ്റത്ത്‌ അങ്ങ് മുകളില്‍ ഇവന്‍ കയറിയിരിക്കുന്നു". പിന്നെയും അമ്മ വരുന്നു എന്നെ തല്ലാന്‍. വല്ലാത്ത കുസൃതിയായിരുന്നു താന്‍ ചെറുപ്പത്തില്‍. കുസൃതി കാട്ടിയിട്ട് അമ്മ തല്ലാന്‍ വരുമ്പോള്‍ ഓടുന്നത് കാത്തുവമ്മയുടെ വീട്ടിലേയ്ക്കാണ്. മിക്ക ദിവസങ്ങളിലും കിടന്നുറങ്ങുന്നത് കാത്തുവമ്മയുടെ വീട്ടില്‍ത്തന്നെ. എപ്പോള്‍ ഞാന്‍ നാട്ടില്‍ ചെന്നാലും എന്നെ നോക്കി കാത്തുവമ്മ ചക്കരമാവിന്‍റെ കീഴില്‍ ഇട്ടിരിക്കുന്ന കസേരയില്‍ കാണും. എനിക്ക് കഴിക്കാന്‍ എന്തെങ്കിലും ആ മടിയില്‍ ഒളിപ്പിച്ചുവെച്ചിട്ടുണ്ടാവും. അത് വാങ്ങി കഴിച്ചേ ഞാന്‍ വീട്ടില്‍ കയറിയിട്ടുള്ളു.

കാത്തുവമ്മ പുതിയ വീടുവെച്ചപ്പോള്‍ എല്ലാവരും അച്ഛനോട് പറഞ്ഞു ആ മാവ് വെട്ടിമാറ്റാന്‍. മഴക്കാലത്ത് മാവില്‍നിന്നു മാമ്പഴം പഴുത്തുവീഴുന്നത് കാത്തുവമ്മയുടെ സിറ്റ്ഔട്ടിലേയ്ക്കാണ്. അച്ഛന്‍ അത് വെട്ടാന്‍ സമ്മതിച്ചു. മരം വെട്ടാന്‍ ആളും വന്നു. പക്ഷെ കാത്തുവമ്മ സമ്മതിച്ചില്ല അത് വെട്ടാന്‍. എന്‍റെ മുറ്റം ഞാന്‍ വൃത്തിയാക്കിക്കൊള്ളാം. ആ മാവ് അവിടെ നില്‍ക്കട്ടെ. എന്‍റെ കുട്ടികള്‍ക്ക് മാമ്പഴപുളിശ്ശേരി വല്യ ഇഷ്ടാ. അതായിരുന്നു എന്‍റെ കാത്തുവമ്മ.

ഓര്‍മ്മകള്‍ക്കൊടുവില്‍ യാത്ര അവസാനിച്ചു. പെട്ടെന്നുതന്നെ ബാഗും എടുത്തു പുറത്തിറങ്ങി. പുറത്തു അച്ഛന്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടതും അച്ഛന്‍റെ കണ്ണുകള്‍ നിറഞ്ഞോ എന്നു സംശയം. മോന്‍ കയറ്. നമുക്ക് എത്രയും പെട്ടെന്ന് ചെല്ലണം. കാത്തുവിന് മറ്റു ബന്ധുക്കള്‍ ആരും വരാനില്ല. മോനെ പ്രതീക്ഷിച്ചാണ് എല്ലാവരും കാത്തുനില്‍ക്കുന്നത്. ഞങ്ങള്‍ ഉടന്‍തന്നെ യാത്രതിരിച്ചു. യാത്രയില്‍ അച്ഛന്‍ ഒന്നും തന്നെ സംസാരിക്കുന്നില്ലായിരുന്നു. അച്ഛന് നല്ല വിഷമം ഉണ്ടെന്നു മനസിലായി. വിഷമം മാത്രമല്ല പലപ്പോഴും അച്ഛന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു. എല്ലാവരും ഇത്രയധികം സ്നേഹിച്ചിരുന്നോ കാത്തുവമ്മയെ?

വീടിനു താഴെ വണ്ടി നിന്നു. ഞാനും അച്ഛനും ഇറങ്ങി നടന്നു. എന്നെ കാത്ത് അമ്മ മുറ്റത്ത്‌ നില്‍ക്കുന്നു. എന്നെ കണ്ടതും അമ്മ പൊട്ടിക്കരയുന്നു. അമ്മയെ തള്ളിമാറ്റി ഞാന്‍ കാത്തുവമ്മയുടെ വീട്ടിലേയ്ക്ക് ഓടി. അവിടെ നിലത്തു എന്‍റെ കാത്തുവമ്മയെ വെള്ളപുതപ്പിച്ചു കിടത്തിയിരിക്കുന്നു. തറയില്‍ തൊട്ടടുത്ത്‌ ഞാന്‍ ഇരുന്നു. അധികസമയം അങ്ങനെയിരിക്കാന്‍ കഴിഞ്ഞില്ലെനിക്ക്. പൊട്ടിക്കരഞ്ഞുപോയി.

അതിനിടയില്‍ ആരോ പറയുന്നു. ഇവര്‍ക്ക് ബന്ധുക്കള്‍ ആരും ഇല്ലെല്ലോ. അപ്പോള്‍ പിന്നെ ആര് കര്‍മ്മം ചെയ്യും. പിന്നീട് എല്ലാവരുടെയും ചര്‍ച്ച അതായിരുന്നു. ചിലര് പറയുന്നു. പാവം സ്ത്രീ, അവര്‍ക്കാരും ഇല്ല. അനാഥയാണിവര്‍. പെട്ടെന്ന് എന്‍റെ അമ്മ മുന്നോട്ടുവന്ന് എന്നോടുപറഞ്ഞു. "മോന്‍ വേണം കാത്തുവിനു കര്‍മ്മം ചെയ്യാന്‍". ഞാന്‍ അത്ഭുതപ്പെട്ടുപോയി. അമ്മക്ക് എന്തുപറ്റി. ഞാന്‍ എങ്ങനെ കര്‍മ്മം ചെയ്യും, എന്‍റെ അമ്മ ജീവിച്ചിരിക്കുമ്പോള്‍. എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അമ്മ ഉറക്കെ എന്നോട് പറഞ്ഞു. "മോന്‍ തന്നെ ചെയ്യണം കര്‍മ്മം. മോന്‍റെ അമ്മ ഇന്നു ജീവിച്ചിരുപ്പില്ല. ഈ കിടക്കുന്ന കാത്തുവാണ് മോന്‍റെ അമ്മ". എനിക്ക് ഒന്നും മനസിലായില്ല.

പിന്നെ ആരൊക്കെയോ പറയുന്നതനുസരിച്ച് എന്തൊക്കെയോ ഞാന്‍ ചെയ്തു. കുളിച്ച് ഈറനണിഞ്ഞു, പൂജാരി പറഞ്ഞുതരുന്ന മന്ത്രങ്ങള്‍ ഉരുവിട്ട് ചിതയ്ക്കു ചുറ്റും വലം വെച്ചപ്പോള്‍ മനസ് തകര്‍ന്നുപോയി. ആരോ നിയന്ത്രിക്കുന്ന വെറും ഒരു പാവപോലെയായി. ഒടുവില്‍ ചിതയ്ക്കു തീ കൊടുത്ത്, ചിതയാളുമ്പോള്‍ അഗ്നിക്കും മേലെയായ് അച്ചന്‍റെ നിലവിളി കേള്‍ക്കുന്നു. അമ്മയുടെ തോളില്‍ ചാരിക്കിടന്നു പൊട്ടിക്കരയുന്ന അച്ഛന്‍. ഒന്നും മനസിലാകാതെ തൊട്ടരുകില്‍ നിന്നുകരയുന്ന അനുജത്തി. ആയിരം സംശയങ്ങളുമായി ആളുകള്‍ നോക്കുന്നു. കത്തിയമരുന്ന ചിതയിലേയ്ക്കു നോക്കി ഞാന്‍ നിലത്തിരുന്നു. നേരമിരുട്ടിതുടങ്ങി. അമ്മ വന്നു വിളിച്ചു. "മോനെ വരൂ, വീട്ടില്‍ പോകാം". ഒന്നും മിണ്ടാതെ അമ്മയ്ക്കു പുറകെ നടന്നു. അപ്പോഴാണ്‌ ഞാന്‍ അത് ശ്രദ്ധിക്കുന്നത്. ആ മാവ് മുറിച്ചുമാറ്റിയിരിക്കുന്നു, എന്‍റെ കാത്തുവമ്മയ്ക്കുവേണ്ടി.

മുറിയില്‍ ചെന്നപ്പോള്‍ അച്ഛന്‍ കിടക്കുന്നു. അമ്മ എന്നെ ഒരു മുറിയില്‍ കൊണ്ടുപോയി. കട്ടിലില്‍ ഇരുന്ന എന്‍റെ അടുത്ത് അമ്മയും ഇരുന്നു. എന്നിട്ട് അമ്മ പറഞ്ഞു. "മോന്‍ എന്നോട് ക്ഷമിക്കണം. ഞാനല്ല മോനെ പ്രസവിച്ചത്. മോന്‍റെ പെറ്റമ്മ കാത്തുവാണ്. വര്‍ഷങ്ങള്‍ക്കുമുന്‍പ്, കാത്തുവിന്‍റെ വിവാഹം നടന്നു. വിവാഹത്തിന്‍റെ പിറ്റേന്ന് തലകറങ്ങിവീണ കാത്തുവിനെ ഗര്‍ഭിണിയാണെന്നറിഞ്ഞു ഭര്‍ത്താവ്‌ ഉപേക്ഷിച്ചു പോയി. അതൊന്നുമറിയാതെ അധികം താമസിക്കാതെ മോന്‍റെ അച്ഛനും വീട്ടുകാരുടെ നിര്‍ബ്ബന്ധം സഹിക്കാന്‍ കഴിയാതെ അമ്മയെ വിവാഹം കഴിച്ചു. പക്ഷെ ഒരിക്കല്‍പോലും അച്ഛന് സന്തോഷം ഉണ്ടായിരുന്നില്ല. നിര്‍ബ്ബന്ധത്തിനൊടുവില്‍ അച്ഛന്‍ എന്‍റെ കാല്‍ക്കല്‍വീണു പൊട്ടിക്കരഞ്ഞു പഴയ കഥകളൊക്കെ പറഞ്ഞു. അച്ഛന്‍ കാത്തുവിനെ സ്നേഹിച്ചിരുന്നതും, പിന്നീട് അവളുടെ വീട്ടുകാർ നിര്‍ബ്ബന്ധിച്ചു മറ്റൊരു വിവാഹംകഴിപ്പിച്ചു അവളെ പറഞ്ഞയച്ചതുമെല്ലാം".

"എനിക്ക് അത് താങ്ങാനായില്ല. ഈ കാത്തുവിനെ ഒന്നുപോയി കാണണം എന്ന് ഞാന്‍ തീരുമാനിച്ചു. അങ്ങനെ കാത്തുവിന്‍റെ ഭര്‍ത്താവിന്‍റെ വീട്ടില്‍ ഞാന്‍ ചെന്നു. അപ്പോള്‍ ആണ് ഭര്‍ത്താവ് അവരെ ഉപേക്ഷിച്ചതും അവര് ഗര്‍ഭിണിയാണെന്നും അറിയുന്നത്. തിരിച്ചു വന്ന കാത്തുവിനെ അവളുടെ വീട്ടുകാര്‍ സ്വീകരിക്കാന്‍ തയ്യാറായില്ല. അങ്ങനെ ആരോരുമില്ലാതെ അലഞ്ഞ കാത്തു അവസാനം അമ്പലക്കുളത്തില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. അവിടെ നിന്നും അവരെ ആരോ രക്ഷിച്ച് തൊട്ടടുത്തുള്ള അനാഥാലയത്തില്‍ കൊണ്ടുചെന്നാക്കി. അന്ന് ആ അനാഥാലയത്തിന്‍റെ മേല്‍നോട്ടം വഹിച്ചിരുന്നത് എന്‍റെ പഴയൊരു കൂട്ടുകാരി അല്‍ഫോന്‍സാ ആയിരുന്നു. യാദൃശ്ചികമായി ഞാന്‍ അല്‍ഫോന്‍സയെ വഴിയില്‍ വെച്ച് കണ്ടു. പലതും സംസാരിക്കുന്നതിനിടയില്‍ അല്‍ഫോന്‍സാ കാത്തുവിനെ കുറിച്ച് പറഞ്ഞു. അങ്ങനെ ഞാന്‍ കാത്തുവിനെ പോയി കണ്ടു. ഇതൊന്നും അച്ഛന്‍ അറിഞ്ഞിരുന്നില്ല. പിന്നീട് കാത്തു ആ അനാഥാലയത്തില്‍ ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചു. മോനെ, എല്ലാ വിവരവും ഞാന്‍ അച്ഛനെ പറഞ്ഞു മനസിലാക്കി. ഞങ്ങള്‍ കാത്തുവിനെയും കുഞ്ഞിനേയും കാണാന്‍ ചെന്നു. അച്ഛനെ കണ്ടതും എന്‍റെ മോന്‍ കൈയും കാലും ഇട്ടിളക്കി, അച്ഛനെ മനസിലായതുപോലെ. ഇതുകണ്ട എനിക്കും കാത്തുവിനും വിഷമമായി. മോന് അച്ചനുണ്ടായിട്ടും അനാഥനായി വളരുമല്ലോ എന്നോര്‍ത്ത് കാത്തു കരഞ്ഞു. അപ്പോള്‍ ഞാനാണ് അവരെ നിര്‍ബന്ധിച്ച്, മോനെ അച്ഛനൊപ്പം കൊണ്ടുപോന്നതും കാത്തുവിനെ ഞങ്ങളുടെ തൊട്ടടുത്ത്‌ താമസിപ്പിച്ചതും. അപ്പോള്‍ കുഞ്ഞിനു അച്ഛന്‍റെയും അമ്മയുടെയും പരിലാളന കിട്ടുമല്ലോ. ആര്‍ക്കും അറിയില്ലായിരുന്നു കുഞ്ഞ്‌ കാത്തു പ്രസവിച്ചതായിരുന്നുവെന്ന്. ഓരോ തവണയും മോന്‍ വരുമ്പോള്‍ എല്ലാം തുറന്നുപറയണം എന്നുകരുതും. മോന്‍ അടുത്തെത്തുമ്പോള്‍ എല്ലാം മറക്കും".

ഇതെല്ലാം കേട്ടുനിന്ന അച്ഛന്‍ പൊട്ടിക്കരഞ്ഞ് അമ്മയുടെ കാലില്‍ വീണു. ഭര്‍ത്താവിനെ ഇത്രയധികം സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരു ഭാര്യ ഈ ലോകത്ത് കാണില്ല. ഞാന്‍ അറിയാതെ തൊഴുതുപോയി എന്‍റെ അമ്മയെ. ഇങ്ങനെയൊരു അമ്മയെ തന്ന ഈശ്വരനോട് എത്ര നന്ദി പറഞ്ഞാലാണ് മതിയാവുക? ലോകത്തിനു മുഴുവന്‍ മാതൃകയാണ് ഇങ്ങനെയൊരു ഭാര്യ, അമ്മ.

പിറ്റേന്ന് തന്നെ തിരിച്ചു പോകണം എനിക്ക്. രാവിലെ എല്ലാവരോടും യാത്രപറഞ്ഞ്‌ ഞാനിറങ്ങി. പടിയിറങ്ങുമ്പോള്‍ ഞാന്‍ ഒന്നുകൂടി തിരിഞ്ഞു നോക്കി. അപ്പോള്‍ അവിടെ ചക്കരമാവിന്‍റെ കീഴില്‍ ഇട്ടിരിക്കുന്ന കസേരയില്‍ എന്‍റെ കാത്തുവമ്മ പതിവു കള്ളച്ചിരിയുമായിരിക്കുന്നു. എന്‍റെ കണ്ണുകളെ വിശ്വസിക്കാനാവാതെ ഞാന്‍ കണ്ണുചിമ്മി ഒന്നുകൂടി നോക്കി. ഇല്ല, എന്‍റെ കാത്തുവമ്മയും ചക്കരമാവും ഒന്നും അവിടെ ഇല്ല. എല്ലാം സ്വപ്നം മാത്രം. നഷ്ടസ്വപ്നങ്ങള്‍ മനസിലേറ്റി ഞാന്‍ വണ്ടിയില്‍ കയറി. മനസ് അപ്പോഴും കാത്തുവമ്മയ്‌ക്കും ചക്കരമാവിനും ഒപ്പമായിരുന്നു...

(റ്റിങ്കു ഫ്രാൻസിസ് വാലയിൽ)



പുതിയ സിനിമ - പിക്കറ്റ് 43 & ഫയർമാൻ

മഞ്ഞ്, കൊടുംതണുപ്പ്, വെടിയൊച്ച, അപ്പുറത്തെ പേരറിയാത്ത ഒരു ശത്രു. അതിർത്തിയിൽ കാവൽ നിൽക്കുന്ന ഒരു പട്ടാളക്കാരൻറ്റെ ലോകം ഇതൊക്കെയാണ്. ഇവയ്ക്കിടയിൽ എപ്പോൾ വേണമെങ്കിലും ഇരുട്ടിൻറ്റെ മറവിൽ നുഴഞ്ഞുകയറാൻ കാത്തുനിൽക്കുന്ന ദുഷ്ടശക്തികൾ. മരണപ്പെട്ടാൽ ധീരൻ എന്ന പേരും, ദേശീയപതാക പുതപ്പിച്ച പെട്ടിക്കു മുന്നിൽ ഒരു സല്യൂട്ടും. അനേകം പേരെ കൊന്നൊടുക്കിയാൽ, ലഭിക്കുന്നത് ഒരു ശൗര്യചക്ര. പട്ടാളക്കാരനും മനുഷ്യനാണെന്നും അവനും നോവുന്ന ഒരു മനസ്സുണ്ടെന്നും ആരും ഓർക്കാറില്ല. അവൻ നമുക്ക് കാവൽ നിൽക്കാൻ വിധിക്കപ്പെട്ടവൻ.

യുദ്ധം കണ്ടും ചെയ്തും അനുഭവിച്ചും ഒരു സംവിധായകൻ മലയാള സിനിമയിലേയ്ക്ക് കടന്നുവന്നത് ഏതാനും വർഷങ്ങൾക്കു മുൻപാണ്: മേജർ രവി. യുദ്ധത്തിൻറ്റെ ന്യായവും അന്യായവും സ്വന്തം ജീവിതത്തിൻറ്റെ അടരുകളുമായി ചേർത്ത് വെള്ളിത്തിരയിലെത്തിക്കാൻ അദ്ദേഹം ശ്രമിച്ചു. ന്യൂനതകൾ ഉണ്ടായിരുന്നെങ്കിലും കീർത്തിചക്ര എന്ന ആദ്യചിത്രം ശ്രദ്ധേയമായിരുന്നു താനും. എന്നാൽ, പിന്നീടു വന്ന അദ്ദേഹത്തിൻറ്റെ ചിത്രങ്ങൾക്കൊന്നും ആ മികവ് ആവർത്തിക്കാൻ കഴിഞ്ഞില്ല. ഒരു പട്ടാളക്കാരനിൽ നിന്നും നല്ല ഒരു സിനിമാക്കാരനിലേക്കുള്ള മേജർ രവിയുടെ യാത്രയുടെ തുടർച്ചയാണ് ഈ സിനിമ. മേജർ രവിയുടെ സിനിമകളിൽ മികച്ചത് എന്നു വേണമെങ്കിൽ പറയാം. സിനിമയുടെ മൃദുതാളം ആദ്യം മുതൽ അവസാനം വരെ ഒരു പോലെ. അപ്രതീക്ഷിതമായി ഒന്നുമില്ല.ത്രസിപ്പിക്കുന്ന യാതൊന്നുമില്ല. വികാരങ്ങളുടെ വേലിയേറ്റമില്ല. എന്നാൽ സമീപകാല ഫീൽ ഗുഡ് സിനിമകളുടെ സുഖവും പ്രേക്ഷനിലേക്ക് എത്തുന്നുണ്ട്. ചുരുക്കത്തിൽ എഴുന്നേറ്റോടാൻ തോന്നാത്ത നമ്മൾ പ്രേക്ഷകരെ ആക്ഷേപികാത്ത സിനിമ.

മേജർ രവി ഇപ്പോൾ വീണ്ടും വന്നിരിക്കുകയാണ് മറ്റൊരു പട്ടാളക്കഥയുമായി. പക്ഷേ, ഇത്തവണ അദ്ദേഹം ചിത്രീകരിക്കുന്നത് ഒരു യുദ്ധത്തിൻറ്റെ കഥയോ അതിൽ വീര്യം കാട്ടുന്ന പട്ടാളവ്യൂഹത്തിൻറ്റെ കഥയോ അല്ല. നേരെ മറിച്ച് ഒറ്റയ്ക്ക് അതിർത്തിയിൽ കാവൽ നിൽക്കുന്ന ഒരു പട്ടാളക്കാരൻറ്റെ ഏകാന്തതയും സങ്കടങ്ങളുമാണ്. ഒപ്പം അയാളും അയാളുടെ മിറർ ഇമേജ് പോലെ അതിരിനപ്പുറം കാവൽ നിൽക്കുന്ന എതിർരാജ്യക്കാരനും തമ്മിലുള്ള സൗഹൃദത്തിൻറ്റെ കഥയുമുണ്ട്. അതോടൊപ്പം ബകാർഡി എന്ന നായയും പട്ടാളക്കാരും തമ്മിലുള്ള ആത്മബന്ധവും മേജർ ഇവിടെ പറയുന്നു.

മുൻചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി മേജർ രവിയുടെ ഇത്തവണത്തെ നായകൻ ഒരു സാധാരണ ഹവിൽദാറാണ്. ഹവിൽദാർ ഹരീന്ദ്രൻ നായർ "പിക്കറ്റ് 43" എന്ന ഏറ്റവും നിർണായകമായ അതിർത്തിപ്രദേശത്ത് ഡ്യുട്ടിക്ക് നിയോഗിക്കപ്പെടുന്നു. കൂട്ടിനു ബകാർഡി എന്ന പട്ടാളനായയും, കൊടുംതണുപ്പും, അപ്പുറത്തെ ശത്രുക്കളും. വെടിനിർത്തൽ കരാർ തുടർച്ചയായി ലംഘിക്കപ്പെടുന്ന ഇടമാണ് "പിക്കറ്റ് 43". അടുത്ത കാലത്ത് മൂന്നു പട്ടാളക്കാർ ക്രൂരമായി കൊലചെയ്യപ്പെട്ട സ്ഥലം.

ഒരു വേലിക്കെട്ടിനപ്പുറം മറ്റൊരു മനുഷ്യനുണ്ട്. ശത്രു എന്ന് നമ്മൾ വിളിച്ചുശീലിച്ച ഒരാൾ. ഹരീന്ദ്രൻ അയാളെ നേരിൽ കാണുന്നില്ല. അങ്ങനെ ഒരാൾ അവിടെ ഉണ്ടെന്നു ഹരീന്ദ്രൻ അറിയുന്നത് വെടിയൊച്ച കേൾക്കുമ്പോളാണ്. ബകാർഡിയോട് സംസാരിച്ചും സങ്കടം പറഞ്ഞും തൻറ്റെ ഏകാന്തത മറക്കാൻ ശ്രമിക്കുമ്പോളാണ് അപ്പുറത്ത് പുതിയൊരു ശത്രു എത്തുന്നത്. മുൻശത്രുവിനെപ്പോലെ അല്ല, ഇയാൾ പകൽസമയത്തും അതിർത്തിയിൽ വന്നു എത്തിനോക്കുന്നുമുണ്ട്. മുഹമ്മദ് റാഫിയുടെ പാട്ടുകൾ ഇഷ്ടപ്പെടുന്ന, പാകിസ്താൻ ക്രിക്കറ്റ് ജയിച്ചാൽ വെടിപൊട്ടിച്ചു ആഘോഷിക്കുന്ന സഹൃദയനായ മുഷറഫ്. ഹരിയുടെ ഭയം പതുക്കെ സൗഹൃദത്തിലേക്ക് വഴിമാറുന്നു.

ഹരീന്ദ്രനും മുഷറഫും ഒരു കമ്പിവേലിക്ക് ഇപ്പുറവും അപ്പുറവും ഇരുന്ന് കഥകൾ പറയുന്നു. പാട്ടുകൾ പാടുന്നു. ഭക്ഷണം പങ്കുവയ്ക്കുന്നു. ഹരീന്ദ്രൻ മുഷറഫിനെയും കുടുംബത്തെയും ഇന്ത്യയിലേക്ക് ക്ഷണിക്കുന്നുമുണ്ട്. പക്ഷേ, അവർ അറിയുന്നില്ല, അവരുടെ സൗഹൃദം കാണാതെ, അറിയാതെ മറ്റു ചിലർ അതിർത്തി കടക്കാനെത്തുന്നുണ്ടെന്ന്.

വെടിയും പുകയും കടുംനിറമുള്ള രാജ്യസ്നേഹവും കൊടും മെലോഡ്രാമയും ഒഴിവാക്കി പട്ടാളക്കഥയ്ക്ക് ഒരു മാനുഷികമുഖം നൽകാൻ മേജർ രവിക്ക് കഴിഞ്ഞിട്ടുണ്ട്. രണ്ടു മണിക്കൂറിനുള്ളിൽ ലളിതവും എന്നാൽ സൗന്ദര്യവുമുള്ള ഒരു കഥ അദ്ദേഹം പറയുന്നു. അധികം കഥാപാത്രങ്ങൾ ഈ ചിത്രത്തിലില്ല. ഹരീന്ദ്രൻ നായരായി പ്രിഥ്വിരാജും മുഷറഫായി ജാവേദ് ജാഫ്രിയും ജീവിക്കുകയാണ് പിക്കറ്റ് 43 യിൽ. ഇവർ രണ്ടുപേരെ കൂടാതെ ബകാർഡി ആയി അഭിനയിച്ച ആ പേരറിയാത്ത നായയും മികവേറിയതായി. രണ്ജി പണിക്കരും, സുധീർ കരമനയും തങ്ങളുടെ റോളുകൾ ഭംഗിയാക്കി. പക്ഷേ, ഹരീന്ദ്രൻറ്റെ മുറപ്പെണ്ണായി വരുന്ന അംഗന റോയിക്ക് അൽപമെങ്കിലും തിളങ്ങാൻ കഴിഞ്ഞോ എന്ന് സംശയമാണ്. അതുപോലെ തന്നെ സിനിമയുടെ ഒഴുക്കിന് ചേരാത്ത രീതിയിൽ അനാവശ്യമായി കുടുംബ പശ്ചാത്തലം തിരുകി കയറ്റുന്നതും ആവർത്തിച്ചിട്ടുണ്ട്.

രതീഷ് വേഗയുടെയും റെക്സ് വിജയൻറ്റെയും സംഗീതവും ചിത്രവുമായി ചേർന്ന് നിൽക്കുന്നതാണ്. അത്യാവശ്യം കേൾക്കാൻ കൊള്ളാവുന്ന ഗാനങ്ങളും ഈ ചിത്രത്തിലുണ്ട്. കാശ്മീരിൻറ്റെ വിവിധ ഭാവങ്ങൾ (മഞ്ഞുകാലവും വേനലുമൊക്കെ) വളരെ മനോഹരമായി കഥയ്ക്കിണങ്ങുന്ന വിധം തന്നെ ഈ ചിത്രത്തിൽ കാണാം. ക്യാമറാമാൻ ജോമോൻ ടി ജോണിന് അഭിമാനിക്കാൻ വക നൽകുന്ന ചിത്രമാണ് പിക്കറ്റ് 43.

മേജർ രവിയുടെ നോണ് ലീനിയർ ആയ കഥ പറച്ചിൽ തന്നെ ഈ സിനിമയെ സ്ഥിരം പട്ടാള കഥകളിൽ നിന്നും വേറിട്ട് നിർത്തുന്നു. സ്ഥിരം പട്ടാള കഥകളിലെ ചേരുവകൾ ഒരു പാട് ഇതിൽ ഉണ്ടങ്കിലും മേജർ രവി എന്ന സംവിധായകൻ വിജയിച്ചത് കൊടും തണുപ്പിൽ ഒറ്റപെട്ടു ജീവിക്കുന്ന രണ്ടു വ്യക്തികളുടെ അപൂർവ്വ സൗഹൃദം ആവിഷ്കരിച്ചതിലൂടെയാണ്. വളരെ നല്ല ക്ലൈമാക്സ് രംഗങ്ങൾ, പ്രിഥ്വിരാജ് - ജാവേദ് ജാഫ്രി എന്നിവരുടെ മികച്ച അഭിനയം, മനോഹരമായ ചിത്രീകരണം ഇവയെല്ലാം ഈ സിനിമയെ കൂടുതൽ ഹൃദ്യമാക്കുന്നു.

**********************************************************************************

പുതിയ സിനിമ - ഫയർമാൻ

അടുത്തകാലത്തിറങ്ങിയ മലയാള സിനിമകളെ വച്ചു നോക്കുമ്പോൾ നല്ലൊരു ആക്ഷൻ ത്രില്ലർ മൂവിയാണ് ഫയർമാൻ. 101 എന്ന നമ്പറിലേക്ക് വിളിയ്ക്കുമ്പോൾ ഏതൊരു സാധാരണക്കാരനും ഒരു വിശ്വസമുണ്ട്. ആ വിശ്വാസം തന്നെയാവാം 100 രൂപ ടിക്കെറ്റെടുത്ത് തിയേറ്ററിൽ കയറാൻ പ്രേക്ഷകരെയും പ്രേരിപ്പിച്ചത്. ഫയർഫോഴ്സ് ഓഫീസേഴ്സിൻറ്റെ റസ്ക്യു ഓപ്പറേഷൻറ്റെ കഥ പറയുന്ന ആദ്യത്തെ മലയാള സിനിമ മാത്രമല്ല, ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ ഇത്തരമൊരു കഥ ആദ്യമായാണ്.

സ്വന്തം ജീവൻ പണയം വച്ച് മറ്റുള്ളവരുടെ ജീവനുവേണ്ടി പോരാടുന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ ഈ ചിത്രം, ഒരു ഗ്യാസ് ടാങ്കർ ദുരന്തവും തുടർന്നുള്ള സംഭവവുമാണ് പ്രതിപാദിക്കുന്നത്. അഗ്നിബാധയിൽ ഒരു ഫയർമാൻറ്റെ പ്രവർത്തനത്തിൻറ്റെ മാതൃക കുട്ടികൾക്കു മുന്നിൽ അവതരിപ്പിക്കുന്ന വിജയ് (മമ്മൂട്ടി) യിൽ നിന്നാണ് കഥയുടെ തുടക്കം. ഗ്യാസ് ടാങ്കർ ദുരന്തത്തിൽ നിന്നും ഒരു നാടിനെ രക്ഷിക്കാനുള്ള ഫയർമാൻറ്റെ ജീവൻ മരണ പോരാട്ടമാണ് പിന്നത്തെ കഥ.

പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന രംഗങ്ങൾ കൂട്ടിയിണക്കുന്ന ഒറ്റ ദിവസത്തെ സംഭവകഥയാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഉദ്വേകജനകമായ സംഭവവികാസങ്ങളോടെ ആദ്യ പകുതി തീരുമ്പോൾ ആകാംക്ഷയോടെ പ്രേക്ഷകർ രണ്ടാം ഭാഗത്തിനായി കാത്തിരിയ്ക്കും. പക്ഷെ ആദ്യ പകുതിയിലെ വേഗത രണ്ടാം പകുതിയിൽ എവിടെയൊക്കയോ കൈവിട്ടു. ക്ലൈമാക്സ് രംഗങ്ങളിൽ കുറച്ചുകൂടെ ത്രില്ലിങ് ഉൾപ്പെടുത്താമായിരുന്നു.

എന്ത് തന്നെയായാലും വിൻറ്റർ, ക്രേസി ഗോപാലൻ, തേജാഭായി എന്നീ അസ്വസ്ത ചിത്രങ്ങളിൽ നിന്ന് വിഭിന്നമായാണ് ദീപു കരുണാകരൻ ഫയർമാൻ ഒരുക്കിയിരിക്കുന്നതെന്ന് പറയാതെ വയ്യ. അതിഭാവുകത്വമോ ഒരു സൂപ്പർസ്റ്റാർ ചിത്രമെന്ന തോന്നലോ ഉണ്ടായാൽ, ഇത് വെറും സിനിമയാണല്ലോ എന്നു ചിന്തിച്ചാൽ മതി.

മമ്മൂട്ടിയുടെ സിനിമയാണെന്ന് ഒറ്റവാക്കിൽ പറയാം. മമ്മൂട്ടിയുടെ മികച്ച പ്രകടനങ്ങളുടെ പട്ടികയിൽ ഈ ചിത്രമില്ലെങ്കിലും, ക്ഷോഭവും, സങ്കടവും അമർഷവും ആളിക്കത്തുമ്പോൾ അതിനെയെല്ലാം ഉള്ളിലേക്ക് വലിച്ചെടുത്ത് അണയ്ക്കാൻ ശ്രമിയ്ക്കുന്ന മമ്മൂട്ടിയുടെ ഭാവഭദ്രമായ പ്രകടനങ്ങളുണ്ട് ഇതിൽ. മമ്മൂട്ടിയുടെ വരവിൽ സിദ്ധിഖ്, സലിം കുമാർ, നൈല ഉഷ, ഉണ്ണി മുകുന്ദൻ എന്നവിരുടെ വേഷങ്ങൾ മിതപ്പെട്ടു.

ചെറിയ പോരായ്മകൾ കണ്ടില്ലെന്നുവച്ചാൽ, സാങ്കേതികപരമായി ചിത്രം ഒരുപടി മുന്നിലാണ്. വിഷ്വൽ ഇഫക്ട് ചിത്രത്തിൽ നന്നായി ഉപയോഗിച്ചിട്ടുണ്ട്. സുനോജ് വേലായുധത്തിൻറ്റെ ഛായാഗ്രഹണവും, വി. സാജൻറ്റെ ചിത്രസംയോജനവും മികവു പുലർത്തുന്നു. രാഹുൽ രാജിൻറ്റെ പശ്ചാത്തല സംഗീതമാണ് പിന്നെ എടുത്ത് പറയേണ്ടത്. സംവിധായകന് കൈവിട്ടു പോയയിടത്ത് സിനിമയെ പിടിച്ചു നിർത്തുന്നത് ഈ സംഗീതമാണ്. കണ്ടിരിക്കാൻ കഴിയുന്ന മികച്ച ചിത്രങ്ങളിലൊന്നിൽ ഫയർമാനെ പെടുത്താം. അഞ്ചിൽ രണ്ടര മാർക്ക് കൊടുക്കാം.

(മനോജ് തൈക്കൂട്ടത്തിൽ)



സഹയാത്രിക (കവിത)

നിരത്തിയ ചെമ്മണ്ണുപാതകൾ, ഇടവഴികൾ
പരതിപ്പഴിച്ചും കളിച്ചും ചിരിച്ചും
നിർമ്മലമാം പ്രേമത്തിൻ പരിഭവങ്ങൾ!
ഇണങ്ങിയും പിണങ്ങിയും അനവധിനാളുകൾ?
കാണാതിരിക്കാൻ കഴിയില്ല ഒരുമാത്രപോലും
ആ പിണക്കമൊരു ആഭരണം മാത്രം
അതണിയുമ്പോൾ സൗന്ദര്യമേറിടുന്നു.
കാർമുകിൽ വദനത്തെ പുൽകിയമാതിരി
വർണ്ണപ്രകാശം മനസിൽ ഒളിപ്പിച്ചു
തീണ്ടാതെ ഉരിയാട്ടമില്ലാതെ രണ്ടുനാളുകൾ
വിങ്ങിപ്പിടഞ്ഞ മനസുമായ് മുഴുനീളെ
വെമ്പപൂണ്ട് ഒളികണ്ണാൽ നോക്കി
പ്രേമമത്സരങ്ങൾ നടത്തിയ നാളുകൾ
ചലനങ്ങൾ, കടാക്ഷങ്ങൾ, കണ്ണിൻറ്റെ "കുസൃതികൾ"
മിഴിയിണ നനയാതെ ചെയ്യുവാൻ നിൽക്കാതെ
നെഞ്ചോട്‌ ചേർത്തുപിടിച്ച്
ഗദ്ഗദം കാതിൽ മൊഴിയുന്നു ഇരുവരും
പിരിയില്ല പിണങ്ങില്ലയിനി ഒരുനാളും തമ്മിൽ
നിൻ വേർപാടിൻ വേദന ഹൃദയം പിളർക്കുന്നു;
വീണ്ടുമിന്ന് അതായിരം ശലഭങ്ങളായ്
പുനർജനിക്കുന്നു ഈ സ്വർഗ്ഗീയരാവുകളിൽ
പോലും അവാച്യമായ് ..... പ്രതിഭാസമായ് .....

(പി. എസ്. പ്രസാദ് മുണ്ടമറ്റം, നീണ്ടൂർ)



അടുക്കള - ഫിഷ്‌ സ്റ്റ്യൂ

ആവശ്യമായ ചേരുവകൾ:-

1. നെയ്മീൻ : അരക്കിലോ
2. പച്ചമുളക് : 4 എണ്ണം
3. ഇഞ്ചി നീളത്തിൽ അരിഞ്ഞത് : ഒന്നര ടേബിൾ സ്പൂണ്‍
4. തക്കാളി നീളത്തിൽ മുറിച്ചത് : 1 വലുത്
5. തേങ്ങാപ്പാൽ (2nd) : 2 കപ്പ്
6. തേങ്ങാപ്പാൽ (1st) : അരക്കപ്പ്
7. അണ്ടിപ്പരിപ്പ് കുതിർത്തു അരച്ചത്‌ : 25 ഗ്രാം
8. വിന്നാഗിരി : 1 ടീസ്പൂണ്‍
9. കറിവേപ്പില : 1 തണ്ട്
10. ഉപ്പ് : പാകത്തിന്

തയ്യാറാക്കുന്ന വിധം:-

മീൻ കഷണങ്ങൾ, ഇഞ്ചി, പച്ചമുളക്, തക്കാളി, ഉപ്പ്, കറിവേപ്പില, എന്നിവ 2 കപ്പ് തേങ്ങാപ്പാലുമായി യോജിപ്പിച്ച് അഞ്ചു മിനിറ്റ് തിളപ്പിക്കുക. ഇതിലേക്ക് വിന്നാഗിരിയും ചേർക്കുക. ഒരു മിനിറ്റ് കഴിഞ്ഞു അണ്ടിപ്പരിപ്പ് അരച്ചത്‌ ഒന്നാം പാലിൽ കലക്കി ഇതിലേക്ക് ഒഴിക്കുക.

ചെറിയ തീയിൽ വീണ്ടും 5 മിനിറ്റ് തിളപ്പിക്കുക. ചാറു കുറുകിത്തുടങ്ങുമ്പോൾ അടുപ്പിൽനിന്നും മാറ്റി ഉപയോഗിക്കുക.

(മോളി പീറ്റർ കല്ലിടാന്തിയിൽ, യു. കെ)



കപ്പലുപെരുന്നാൾ (നോവൽ) - 8

കഥാപരിസരം: കുറവിലങ്ങാട്, കുറുപ്പന്തറ, മാഞ്ഞൂർ ചുറ്റുവട്ടങ്ങൾ.

കഥാകാലഘട്ടം: ആയിരത്തി എണ്‍പതുകൾ.

ബാദ്ധ്യതകൾ:-

കപ്പ ഇടീലിൻറ്റെ തിരക്കുകൾക്കിടയിലാണ് ബെന്നിച്ചൻ അമ്മച്ചിയോട് കാര്യങ്ങൾ അവതരിപ്പിച്ചത്. താൻ പുതിയൊരു പരിപാടി തുടങ്ങാൻ പോകുകയാണ്. പരിപാടി എന്ന് പറഞ്ഞാൽ ബിസിനസ്. ബിസിനസ് എന്ന് പറഞ്ഞാൽ തടിക്കച്ചവടം. അവിടുന്നും ഇവിടുന്നും ഒക്കെ ചുളുവിലക്ക് തടി വാങ്ങിക്കുക, അത് തടിമില്ലിൽ കൊണ്ടെയിട്ടു നല്ലവിലക്ക് വിൽക്കുക. നല്ല ലാഭമുള്ള പരിപാടിയാണ്.

“അത് കൊള്ളാമല്ലോടാ മോനെ !! നീയിങ്ങനെ വെറുതെ നടക്കുന്നതിലും ഭേദമാ ഇത്.” അമ്മച്ചി പറഞ്ഞു.

“അതാ പറഞ്ഞത്, അമ്മച്ചി ചാച്ചനോട് പറഞ്ഞു എനിക്കൊരു പതിനായിരം രൂപ മേടിച്ചു താ. അല്ലാതെ ഈ കപ്പയും ഇട്ടു കൃഷിയും ചെയ്തുനടന്നാൽ എന്നാ കിട്ടാനാ ?”

അമ്മച്ചി ബെന്നിച്ചൻറ്റെ മുഖത്തേക്ക് നോക്കി. ബെന്നിച്ചൻ കൈയിലിരുന്ന കപ്പക്കോലിലേക്ക് നോക്കി.

“ഞാൻ വേണേ ഒന്ന് പറഞ്ഞു നോക്കാം. നടക്കുമോന്ന് എനിക്ക് തോന്നുന്നില്ല.” അമ്മച്ചി ഒരു ചിരിയോടെ പറഞ്ഞു.

“അമ്മച്ചി വിചാരിച്ചാൽ നടക്കും.” ബെന്നിച്ചനും ചിരിച്ചു.

ഉച്ചയുണിൻറ്റെ സമയത്താണ് അമ്മച്ചി ചാച്ചനോട് കാര്യങ്ങൾ പറഞ്ഞത്. ഒരു പൊട്ടിത്തെറിയായിരുന്നു പ്രതികരണം. പഠിക്കാൻ വിട്ടപോൾ ഉഴപ്പിനടന്നതിനെക്കുറിച്ചും, യാതൊരു ഉത്തരവാദിത്തവും ഇല്ലാതെ തേരാപാരാ നടക്കുന്നതിനെക്കുറിച്ചും ചാച്ചൻ ഉച്ചത്തിൽ പറഞ്ഞു കൊണ്ടിരുന്നു. ചായിപ്പിലെ കട്ടിലിൽകിടന്നു ബെന്നിച്ചൻ അതെല്ലാം മിണ്ടാതെ കേട്ടു. എന്നാ പറയാനാ ? അപ്പനാണെങ്കിലും പറയുന്നത് മുഴുവൻ ശരിയാണല്ലോ.

അമ്മച്ചി വന്ന് ഊണിനു വിളിച്ചിട്ട് പോയില്ല. രാത്രിയിലും ഒന്നും കഴിച്ചില്ല. ആ നിരാഹാരം ഏറ്റു. രാവിലെ ചാച്ചൻ പറമ്പിൽപോയ നേരത്ത് അമ്മച്ചി ചായ്പിൽ വന്നു. കൈയിലൊരു പൊതിതന്നു. തുറന്നു നോക്കി. രണ്ടു സ്വർണ വളയാണ് !!

“ഇത് കൊണ്ടുപോയി പണയംവെച്ചിട്ട്, മോൻ പോയി തടിക്കച്ചവടം തുടങ്ങ്. ചാച്ചൻ അറിയണ്ട.” അമ്മച്ചി പറഞ്ഞു.

ബെന്നിച്ചൻ മിണ്ടാതെയിരുന്നു. എന്ത് പറയണമെന്ന് ബെന്നിച്ചനു അറിയില്ലായിരുന്നു. എന്തിനാണ് ഈ കാശെന്ന കാര്യമോർത്തപ്പോൾ ബെന്നിച്ചൻറ്റെ ഉള്ളിൽ എവിടെയോ വേദന തോന്നി. വേണ്ടാന്ന് പറഞ്ഞാലോ ? പക്ഷെ ഇത് വേണ്ടാന്ന് വച്ചാൽ വേറെ എന്താണ് വഴി ? ബെന്നിച്ചൻ കണ്ണുകൾ ഇറുക്കിയടച്ചു. ആവശ്യമില്ലാത്ത ഓരോ കാര്യങ്ങൾക്കു ഇറങ്ങിത്തിരിക്കുമ്പം ആലോചിക്കണമായിരുന്നു, എന്ന് ഉള്ളിൽ ഇരുന്നു ആരോ പറയുന്നതുപോലെ ബെന്നിച്ചനു തോന്നി.

ജോസേട്ടൻറ്റെ കൈയിൽ പൊതി കൊടുക്കുമ്പോൾ ബെന്നിച്ചൻ പറഞ്ഞു. “അനിലിൻറ്റെ ബാങ്കിൽ വേണ്ട. അനിൽ വിവരമെല്ലാം കുത്തിക്കുത്തി ചോദിക്കും.”

“വേണ്ട… നമ്മുക്ക് SBI യിൽ വെക്കാം. എനിക്കവിടെ അക്കൗണ്ട് ഉണ്ട്. വേഗം വാ.. ഉച്ചവരെയേ പണയനെടുക്കൂ..”

ജോസേട്ടൻറ്റെ പിന്നാലെ ബെന്നിച്ചൻ നടന്നു. ബാങ്കിലെ പരിപാടി കഴിഞ്ഞപ്പം മണി രണ്ടായി. ആകെ എണ്ണായിരം രൂപയെ കിട്ടിയുള്ളൂ. സ്വർണം അതിനുള്ളതെ ഉള്ളത്രെ !!

“എടാ, നീയൊരു കാര്യം ചെയ്യ്. ചെന്ന് ബിൻസിയെയൊന്ന് കാണ്. അവളോട് അവളുടെ കൂട്ടുകാരികളോട് വല്ലതും ഒരു രണ്ടായിരം രൂപ മറിക്കാമോന്നു ചോദിക്ക്. എന്തായാലും രണ്ടായിരം അവൾക്കു കൊടുത്തതല്ലേ.”

ബെന്നിച്ചൻറ്റെ നാക്ക് ചൊറിഞ്ഞു. അവളെ കൊല്ലാൻ അവളോട് തന്നെ പൈസ ചോദിക്കണമെന്നു പറയുന്ന ജോസേട്ടനെ അവൻ അത്ഭുതത്തോടെ നോക്കി. കടിച്ചുപിടിച്ചു ബെന്നിച്ചൻ പറഞ്ഞു.

“അതൊന്നും വേണ്ട. ഇത്രയും പൈസയെന്തിനാണെന്ന് ചോദിച്ചാൽ എന്ത് പറയും ? ഞാൻ വേറെ ആരോടേലും മേടിച്ചോളാം. ജോസെട്ടൻ വാ..” ബെന്നിച്ചൻ നടന്നു.

“ഇന്നാ കാശു നീ പിടിച്ചോ. അല്ലെങ്കിൽ സൂസിയെങ്ങാനും ഇത് കണ്ടാൽ വലിയ കുഴപ്പമാ..”

ജോസേട്ടൻ കാശു ബെന്നിച്ചനെ ഏൽപ്പിച്ചു. ഇനി രണ്ടായിരം രൂപകൂടി ഉണ്ടാകണം. പതിനായിരം തെകച്ചു കൊടുത്താലല്ലേ കാൽമയുടെ കൂട്ടുകാരൻ ബിൻസിയെ കൊന്നു ഒഴിവാക്കി തരത്തുള്ളൂ. അവളുടെ വയറ്റിൽ കിടക്കുന്നത് തൻറ്റെ കൊച്ചാണെങ്കിൽ ..... അങ്ങനെയാണേൽ സ്വന്തം കുഞ്ഞിനെ കൊല്ലാൻ ആളെ പൈസ കൊടുത്ത് ഏർപ്പാടാക്കുന്ന ഒരപ്പൻറ്റെ അഭിശബ്തമായ ജന്മമാണല്ലോ തനിക്കു കിട്ടിയിരിക്കുന്നതെന്ന് ബെന്നിച്ചൻ ഒരു ഞെട്ടലോടെ ഓർത്തു. പക്ഷെ ജോസേട്ടൻ പറഞ്ഞത് വച്ച് നോക്കുമ്പോൾ, ആ കുഞ്ഞ് ആരുടെയാണെന്ന് ആർക്കറിയാം ? വിശുദ്ധയായ ആരും ഈ പണിക്കു നടക്കുകയില്ല എന്ന കാൽമാവചനം ബെന്നിച്ചൻ ഓർത്തു. ജോസേട്ടനോട് യാത്ര പറഞ്ഞു ബെന്നിച്ചൻ ഇറങ്ങി നടന്നു.

രൂപ രണ്ടായിരംകൂടി ഉണ്ടാകണം. രണ്ടായിരം രൂപ ഒരു ചോദ്യചിഹ്നംപോലെ ബെന്നിച്ചൻറ്റെ മുൻപിൽ ഉയർന്നു നിന്നു. എങ്ങനെ എങ്കിലും ഉണ്ടാക്കാം. പക്ഷെ അതിലും വലിയ പ്രശ്നങ്ങൾ മനസ്സിൽ ഉരുണ്ടുകൂടി വരുന്നു. ഈ ചെയ്യുന്നതെല്ലാം തെറ്റാണെന്ന് മനസ് പറയുന്നു. പക്ഷെ വേറെ എന്ത് ചെയ്യണം, എന്ന് മനസൊട്ടു പറയുന്നുമില്ല. ആ പെണ്ണിൻറ്റെ സ്വഭാവം നല്ലതായിരുന്നെങ്കിൽ അവളെ അങ്ങ് കേട്ടിയേക്കാമായിരുന്നു. ചാച്ചൻറ്റെ കണ്ണുംവെട്ടത്തു വരാതിരുന്നാൽ മതിയായിരുന്നു. എവിടെ എങ്കിലും പോയി ജീവിക്കാമായിരുന്നു.

അന്നേരം ആ --------മോള് ജോസേട്ടനോടും രണ്ടായിരം മേടിച്ചിരിക്കുന്നു !!. ഈ പെണ്ണുങ്ങളൊക്കെ ഇങ്ങനെ തുടങ്ങിയാൽ ലോകത്തിൻറ്റെ ഗതി എന്താവുമെന്ന് ബെന്നിച്ചൻ ചിന്തിച്ചു. എൻറ്റെ മുത്തിയമ്മേ !! നല്ല വഴി കാണിച്ചു തരണമേ. ചെയ്യുന്ന കാര്യങ്ങളൊക്കെ ശരിയാക്കി തരാൻ ഇനി മുത്തിയമ്മ മാത്രമേ ഉള്ളൂ എന്ന് ബെന്നിച്ചനു തോന്നി.

ബെന്നിച്ചൻറ്റെ മുൻപിൽ റോഡ് നീണ്ടുനിവർന്നു കിടന്നു. നടന്നാലും നടന്നാലും തീരാത്ത വഴികളിലൂടെയാണല്ലോ താൻ കടന്നു പോയിക്കൊണ്ടിരിക്കുന്നതെന്ന് ബെന്നിച്ചൻ അതിശയത്തോടെ ആലോചിച്ചു.

ബെന്നിച്ചൻറ്റെ കാലുകൾക്ക് കീഴെ കറുത്ത ടാർറോഡ് ചുട്ടുപഴുത്തു കിടന്നു.

(അടുത്ത ലക്കം തുടർന്ന് വായിക്കുക "പുനർചിന്തകൾ")

- സിറിയക് കടവിൽച്ചിറ

കപ്പലുപെരുന്നാൾ അദ്ധ്യായം 1
http://neendoorpravasi.com/arts.php#228

കപ്പലുപെരുന്നാൾ അദ്ധ്യായം 2
http://neendoorpravasi.com/arts.php#242

കപ്പലുപെരുന്നാൾ അദ്ധ്യായം 3
http://neendoorpravasi.com/arts.php#250

കപ്പലുപെരുന്നാൾ അദ്ധ്യായം 4
http://neendoorpravasi.com/arts.php#267

കപ്പലുപെരുന്നാൾ അദ്ധ്യായം 5
http://neendoorpravasi.com/arts.php#286

കപ്പലുപെരുന്നാൾ അദ്ധ്യായം 6
http://neendoorpravasi.com/arts.php#298

കപ്പലുപെരുന്നാൾ അദ്ധ്യായം 7
http://neendoorpravasi.com/arts.php#317

അന്തർവ്വാഹം (കവിത)

അമേരിക്കയെന്നയീ പൂങ്കാവനത്തിലി-
ന്നമിതവേഗാൽ കുതിക്കും ചില മർത്യർ
ഗർവ്വേറിടുന്നു ധനം കുമിഞ്ഞീടുകിൽ
പൂർവ്വകാലങ്ങളെ പാടെ മറക്കുന്നു.
എന്തെങ്കിലും പൊട്ടുതൊട്ടു കുറിക്കുകിൽ
പന്തിയിൽ കവിയായ്‌ കഥാകാരനായ്
ചന്തയിലതിനെ പഴിച്ചുചൊല്ലീടിൽ
ചിന്തയില്ലാത്തോൻറ്റെ പാഴ്മൊഴിയാകുന്നു.
ബുദ്ധിയില്ലാത്തൊരു ബൗദ്ധികനോതുന്നു
ബുദ്ധിക്കതീതം ഇതത്യുത്തമം തന്നെ
ബുദ്ധിയുറക്കാത്ത രചനാരവീന്ദ്രൻ
ബുദ്ധിമുട്ടീടുന്നു പ്രതിവചിച്ചീടാൻ.
മാധ്യമവൃന്ദം നെറികേടു കാട്ടുന്നു
മാധ്യേചിരങ്ങും സമുദ്രമാക്കീടുന്നു.
അർഹതയില്ലാത്തോരവാർഡുകൾ നേടുന്നു
അർഹതയുള്ളവരേണ്യനായീടുന്നു.
ഇതുതന്നെയല്ലേ പൊതുജീവിതത്തിൽ
അതിബുദ്ധിമാനെന്നു മേനിനടിക്കുന്ന
ചതിയനും ഗുണ്ടാത്തലവനുമായോൻ
പൊതുമന്ത്രിയായ് ജനസേവകനായ്
ഇത്യാദിയെല്ലാം ഗുരുത്വമില്ലാത്തോൻറ്റെ
അത്യുന്നതനെന്ന ചന്ദ്രഹാസത്തിനു
സ്വന്തം മലത്തിൻറ്റെ ഗന്ധംനുകർന്നിവ-
നന്തപ്പുരത്തിൽ മയങ്ങിക്കിടക്കുന്നു.

(പീറ്റർ നീണ്ടൂർ)



നീണ്ടൂർ ഒറ്റനോട്ടത്തിൽ

പതിനാല് വാർഡുകൾ ഉൾക്കൊള്ളുന്ന കോട്ടയം ജില്ലയിലെ സുന്ദരിയായ ഗ്രാമമാണ് നീണ്ടൂർ. പച്ചപ്പട്ടു വിരിച്ച നെൽവയലുകളും, കനാലുകളും, കുന്നിൻ ചെരുവുകളും, സമതലങ്ങളും നീണ്ടൂരിൻറ്റെ പ്രകൃതിഭംഗിയെ സമ്പന്നമാക്കുന്നു. കിളികൾ കളകളം മുഴക്കുന്ന നാട്ടിടവഴികളും, കുരിശിൻ തൊട്ടിയും, സർപ്പക്കാവുകളും നീണ്ടൂരിൻറ്റെ പരിസ്ഥിതി സംരക്ഷണത്തിൻറ്റെ മാറ്റ് കൂട്ടുന്നു. കേരളത്തിൻറ്റെ നെല്ലറയായ കുട്ടനാടിൻറ്റെ ധാന്യപ്പുര അപ്പർ കുട്ടനാടാകട്ടെ, പ്രകൃതീദേവിയുടെ തിരുനെറ്റിയിൽ തൊട്ട തിലകക്കുറിയായ നീണ്ടൂരെന്ന കൊച്ചുഗ്രാമത്തിൻറ്റെ വശ്യമനോഹാരിതകൂടി ചേർന്നാണ് പൂർണ്ണമാകുന്നത്.

നീണ്ടൂർ, കല്ലറ പഞ്ചായത്തുകളെ കൂട്ടിയിണക്കുന്ന ഒരു പാടവരമ്പായിരുന്നു മുടക്കാലി റോഡ്‌. പാലം വന്നതോടെ വരമ്പ് മാറി ആലപ്പുഴ, എറണാകുളം ജില്ലകളിലേക്ക് നീളുന്ന ഹൈവേയാണിപ്പോൾ. കൃഷി ഭൂമിയും തണ്ണീർ തടാകങ്ങളും കൊണ്ട് അലങ്കരിക്കപ്പെടുന്ന നീണ്ടൂരിൻറ്റെ ഈ പ്രകൃതിയിലേക്ക് പറന്നിറങ്ങുന്ന പക്ഷികളും, ശുദ്ധജല മത്സ്യങ്ങളും നേർക്കാഴ്ചകളാണ്. ഉൾനാടൻ ഗതാഗതവും, അതിലൂടെ സഞ്ചാരികൾക്ക് ദൃശ്യവിരുന്ന് നൽകുന്ന പ്രകൃതിയുടെ വർണ്ണവിന്യാസങ്ങളും ഇവിടെ തെളിഞ്ഞുമായുന്നത് കാണാം. നാടൻപാട്ടിൻറ്റെ ശ്രുതിതാളങ്ങൾക്ക് ചേർന്ന് ധാരമുറിയാത്ത വയൽക്കാറ്റ് വീശുന്ന ഗ്രാമസൗകുമാര്യം വൈകുന്നേരങ്ങളിൽ നീണ്ടൂരിനെ കൂടുതൽ മനോഹരമാക്കുന്നു. നേർത്ത പടിഞ്ഞാറൻ കാറ്റിനൊപ്പമുള്ള സായാഹ്നങ്ങൾ ഇവിടുത്തെ വിനോദസഞ്ചാര വികസന സങ്കൽപ്പങ്ങൾക്ക് അനുയോജ്യമാണ്.

കോട്ടയം അതിരൂപതയുടെ കീഴിലുള്ള വി. മിഖായേൽ റേശ് മാലാഖയുടെ നാമധേയത്തിലുള്ളതാണ് നീണ്ടൂർ ഇടവകപ്പള്ളി. വിശ്വാസികളുടെ ആശ്രയസ്ഥാനമായ ദേവാലയം ഒരു സമുദായത്തിൻറ്റെ ഭൗതികവും, ആൽമീയവുമായ ഊർജ്ജകേന്ദ്രവും സ്വദേശത്തും വിദേശത്തുമായി ജീവിക്കുന്ന വിശ്വാസികളുടെ അഭയസ്ഥാനവുമാണ്. പള്ളിയുടെ അങ്കണത്ത് തന്നെ മനോഹരമായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഗ്രോട്ടോയും ഉദ്യാനവും ആരെയും ആകർഷിക്കും. മെയ് മാസത്തിലാണ് മാലാഖയുടെ തിരുന്നാൾ ആഘോഷിക്കുന്നത്. പ്രാവട്ടത്തെ കുരിശുപള്ളിയിൽ നിന്നും തിരുനാളിനോടനുബന്ധിച്ചു വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഭക്തിനിർഭരമായി നടത്തുന്ന പ്രദക്ഷിണം ഏറ്റവും പ്രധാനപ്പെട്ടതാണ്. കഴുന്നു പ്രദക്ഷിണം, ഇടവകക്കാരുടെ സർഗ്ഗസന്ധ്യ, കരിമരുന്ന് കലാപ്രകടനം എന്നിവയും തിരുനാളിൻറ്റെ ആകർഷണങ്ങളാണ്‌. പള്ളിയുടെ മേൽനോട്ടത്തിൽ സെൻറ്റ് മൈക്കിൾസ് എൽ. പി. സ്കൂൾ പ്രവർത്തിച്ചുവരുന്നു. പള്ളിയോടനുബന്ധിച്ചു സണ്‍ഡേ സ്കൂളും മഠവും പ്രവർത്തിക്കുന്നു.

കാർഷിക കേരളത്തിൻറ്റെ മനസ്സുപോലെ ഒരു കൃഷി ഫാം ഇവിടെയുണ്ട്. ഒരു സാധാരണ കൃഷിക്കാരൻറ്റെ സ്വപ്നങ്ങളുടെ ചെറിയൊരു രൂപരേഖയാണ് ജേയെസ് ഫാം. നീണ്ടൂർ കൃഷിഭവൻ മുതൽ കേന്ദ്ര കൃഷിമന്ദ്രാലയം വരെയുള്ള ഔദ്യോകിക വിഭാഗവും, കർഷക തൊഴിലാളി മുതൽ ഗുണഭോക്താക്കൾ വരെയുള്ള ഗ്രാമവാസികളും ഇവിടവുമായി നിത്യേന ബന്ധപ്പെടുന്നു. ഫാമിൻറ്റെ മുൻവശത്തെ ഉദ്യാനം, ഉദ്യാനത്തിലെ കാർഷികോപകരണങ്ങൾ, പഴയകാലത്തെ കൃഷി സംവിധാനങ്ങൾ തുടങ്ങി എല്ലാം നയനാനന്ദകരമാണ്. വിവിധയിനം പക്ഷികൾ, നായ്ക്കൾ, പശുക്കൾ, മത്സ്യങ്ങൾ എല്ലാം ഈ ഫാമിലുണ്ട്.

നീണ്ടൂരിൻറ്റെ വളർച്ചയുടെ പ്രതിരൂപങ്ങളിൽ ഒന്നാണ് ഹോട്ടൽ വെട്ടിക്കാട്ട് പ്ലാസ. നഗരങ്ങളിലെ ഹോട്ടലുകളെ വെല്ലുന്ന തരത്തിൽ മനോഹരവും, പ്രൌഢിയോടും കൂടിയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഭരണ സിരാകേന്ദ്രമായ പഞ്ചായത്ത് ഓഫീസും പോസ്റ്റോഫീസും സ്ഥിതി ചെയ്യുന്ന വില്ലേജ് ഹാളിൽ തന്നെയാണ് പ്ലാസാ ഹോട്ടലും. നീണ്ടൂരിലെ സർക്കാർ ആയുർവേദ ആശുപത്രി, കൈപ്പുഴ ആശുപത്രി എന്നിവയും പ്രസിദ്ധങ്ങളാണ്. അയൽഗ്രാമങ്ങളിൽ നിന്നുപോലും ആളുകൾ ശുശ്രൂഷയ്ക്കായി ഇവിടെ എത്തുന്നു.

നീണ്ടൂർ കുറ്റ്യാനിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ വിവിധങ്ങളായ അനുഷ്ഠാന കലകളുടെ ആവിഷ്ക്കാരം പൂരമഹോത്സവത്തിനോടനുബന്ധിച്ച് നടത്തപ്പെടുന്നു. നീണ്ടൂർ പൂരം നാടിൻറ്റെ പൊതു ആഘോഷമാണ്. ഓണവും, ദീപാവലിയും, വിഷുപ്പുലരിയും പോലെ തന്നെ നീണ്ടൂർപൂരവും നാനാജാതി മതസ്ഥരും ഒരുപോലെ കൊണ്ടാടുന്നു. ശ്രീകൈരാതപുരം മഹാദേവക്ഷേത്രം, ശ്രീ സുബ്രഹ്മണ്യ സ്വാമിക്ഷേത്രം, മൂഴിക്കുളങ്ങര ഭഗവതി ക്ഷേത്രം, അന്തിമഹാകാളൻ ക്ഷേത്രം, വിഷ്ണുപുരം ക്ഷേത്രം, എസ്. എൻ. ഡി. പി. എന്നിവയും നീണ്ടൂരിലെ ഹൈന്ദവ ആരാധനാകേന്ദ്രങ്ങളാണ്.

പ്രാവട്ടം കവലയ്ക്ക് സമീപം പ്രവർത്തിക്കുന്ന നീണ്ടൂർ സർവ്വീസ് സഹകരണ ബാങ്കിൻറ്റെ നെല്ലുസംഭരണ സംസ്ക്കരണ വ്യവസായ കേന്ദ്രമാണ് നീണ്ടൂർ റൈസ്. നീണ്ടൂരിൻറ്റെ വ്യാവസായിക പ്രൗഢിയുടെ തലയെടുപ്പുള്ള പ്രതീകമാണ് ഈ വ്യവസായശാല. ഇവിടെ ടണ്‍ കണക്കിന് നെല്ല് ശേഖരിക്കുകയും അത്യാധുനിക സോർടെക്സ്‌ യന്ത്രങ്ങളിലൂടെ പരിശുദ്ധമായ അരി ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്നു. നീണ്ടൂർ റൈസ് എന്ന പേരിലുള്ള ബ്രാൻറ്റഡ് റൈസാണ് ഇവിടെ ഉൽപ്പാദിപ്പിക്കുന്നത്.

പുറംലോക വിജ്ഞാനത്തിലേക്ക് മിഴി തുറക്കുന്ന നീണ്ടൂരിൻറ്റെ വാതായനമാണ് നീണ്ടൂർ പബ്ലിക്ക് ലൈബ്രറി. യുവാക്കളുടെ ഒത്തുചേരലും, ചർച്ചകളും രൂപപ്പെടുന്ന ഇടം കൂടിയാണിത്. കാലാനുസൃതമായ സൗകര്യങ്ങൾ സ്വായത്തമാക്കിയ അനൗപചാരിക വിദ്യാഭ്യാസ കേന്ദ്രം കൂടിയായ ഈ വായനശാല ഒരുകാലത്ത് നീണ്ടൂരിൻറ്റെ ഹൃദയതാളം രൂപപ്പെടുത്തിയ കലാകേന്ദ്രം കൂടിയായിരുന്നു. വർഷങ്ങൾക്കു മുമ്പ് ഈ വായനശാലയിലെ റേഡിയോയിലൂടെയാണ് നീണ്ടൂർ നിവാസികൾ ഒന്നടങ്കം വാർത്തകൾ കേട്ടിരുന്നത്.

നീണ്ടൂരിലെ മക്കൾക്ക് അക്ഷരങ്ങളുടെ ആദ്യപാഠങ്ങൾ പകർന്നുകൊടുക്കുന്ന മഹാസ്ഥാപനമാണ് എസ്. കെ. വി. ഗവണ്മെൻറ്റ് ഹയർ സെക്കൻറ്ററി സ്കൂൾ. നീണ്ടൂരിൻറ്റെ പൊന്നോമനകളെ വളർത്തി വലുതാക്കി ഇന്ന് ലോകമെമ്പാടും എത്തിച്ചത് ഈ സ്കൂളിലെ അഭിവന്ദ്യരായ ഗുരുനാഥന്മാരുടെ ശിക്ഷണമാണ്. കൈപ്പുഴ സെൻറ്റ് ജോർജ് വൊക്കേഷണൽ ഹയർ സെക്കൻറ്ററി സ്കൂൾ, മാർ മാക്കീൽ പബ്ലിക് സ്കൂൾ എന്നിവയും ഉന്നത വിജയശതമാനം പുലർത്തുന്ന നീണ്ടൂരിലെ മറ്റു സ്കൂളുകളാണ്. ഈ ഗ്രാമത്തിലെ സന്തതികളെ അക്ഷരവീഥിയിലൂടെ കൈപിടിച്ച് നടത്തി ഉയർച്ചയിലേക്ക് എത്തിച്ച ഈ സ്കൂളുകൾ നാടിൻറ്റെ ചരിത്രമാകുന്നു.

നീണ്ടൂരിലെ ആയിരവേലി റോഡ്‌ അവസാനിക്കുന്നത് വിശാലമായ പാടശേഖരകാഴ്ചകളിലേക്കാണ്. നീണ്ടൂരിൽ പലഹാര തൊഴിലിൽ ഏർപ്പെട്ട് ചെറുകിട വ്യവസായം ചെയ്യുന്നവരാണ് ഇവിടെ താമസിക്കുന്നവരിൽ കൂടുതലും. മത്സ്യബന്ധനവും താറാവു വളർത്തലും ഇവിടെ സുപരിചിതമാണ്. ഒരു കാലത്ത് നാടിൻറ്റെ ഗതാഗതവും, ചരക്കു നീക്കവും സുഗമമാക്കി ഇപ്പോൾ അവഗണിക്കപ്പെട്ട നമ്മുടെ സംസ്കൃതിയുടെ ശേഷിപ്പാണ് ആയിരവേലി തോടുകൾ.

പ്രാവട്ടം, നീണ്ടൂരിൻറ്റെ ജീവിതാരംഭം കുറിക്കുന്ന നാൽക്കവല. വർഷങ്ങൾക്ക് മുമ്പ് ഒരു ചെറിയ കവല മാത്രമായിരുന്ന പ്രാവട്ടം ഇന്ന് സാമാന്യം ഭേദപ്പെട്ട ഒരു റ്റൗണായി മാറിയിരിക്കുന്നു. ഇടതടവില്ലാതെ ഒഴുകുന്ന വാഹനങ്ങളും തലയുയർത്തി നിൽക്കുന്ന വാണിജ്യസ്ഥാപനങ്ങളും ഈ കൊച്ചു ഗ്രാമത്തിൻറ്റെ പ്രൌഢി വിളിച്ചോതുന്നു. ഏഴരപ്പൊന്നാനകളുടെ നാട്ടിലേയ്ക്കോ, ജില്ലാ ആസ്ഥാനത്തേയ്ക്കോ, തുറമുഖ പട്ടണങ്ങളിലേയ്ക്കോ, ആകാരസഞ്ചാരത്തിനോ നീണ്ടൂർ നിവാസികൾ ഇവിടെനിന്നും തുടക്കം കുറിക്കുന്നു. അത് സുനിശ്ചിതമായ വിജയത്തിൻറ്റെയും സന്തോഷത്തിൻറ്റെയും നിറക്കാഴ്ച തുറക്കുന്ന മംഗളയാത്രയാവുകയും ചെയ്യുന്നു.

(സജി മാത്യു കാഞ്ഞിരത്തിങ്കൽ)



ഓർമ്മകളുടെ ഓളങ്ങൾ - എസ്. കെ. വി. സ്കൂൾ

ജീവിതത്തിലെ സുവർണ്ണകാലഘട്ടം എന്നാണ് കൗമാരത്തെ വിശേഷിപ്പിക്കാറുള്ളത്. കളങ്കമില്ലാത്ത ചിന്തയും ഊർജ്ജസ്വലതയും പാരമ്യത്തിലെത്തി നിൽക്കുന്ന പ്രായം. ഈ പ്രായത്തിലെ അനുഭവങ്ങളും സ്മരണകളും ജീവിതാന്ത്യംവരെ നിലനിൽക്കുമത്രെ. നമ്മളിൽ ഒരോരുത്തരുടെയും ഇളം മനസ്സിൽ ഉടലെടുക്കുന്ന സ്നേഹത്തിൻറ്റെ ഊഷ്മളത, ജീവിതപ്രാരാബ്‌ധങ്ങളിലേക്ക് കടക്കുമ്പോൾ ക്രമേണ കുറഞ്ഞുവരുന്നതായാണ് അനുഭവം. വിദ്യാഭ്യാസത്തിൻറ്റെ വിവിധഘട്ടങ്ങളിൽ എത്രയോ സ്ഥാപനങ്ങളിലൂടെ നാം ഓരോരുത്തരും കടന്നുപോകുന്നു. എന്നാൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ സ്ഥാപനത്തെക്കുറിച്ചാകും നമ്മുടെ മധുരസ്മരണകൾ ആഴത്തിലാവുക.

പിടിയരി പിരിച്ചും വീട്ടുപകരണങ്ങൾ വിറ്റും കിട്ടിയ പണം കൊണ്ടും ശ്രമദാനമായുമൊക്കെയാണ് ഈ വിദ്യാലയം കെട്ടിപ്പടുത്തത് എന്ന് ഏറെ പ്രായം ചെന്നയാൾ പറഞ്ഞുകേട്ടിട്ടുണ്ട്. എൻ. എസ്. എസ്. കരയോഗം തുടങ്ങിവച്ച സ്കൂൾ പിന്നീട് ഗവണ്‍മെൻറ്റിലേക്ക് വിട്ടുകൊടുക്കുകയും വർഷങ്ങൾക്കു ശേഷം വീണ്ടും കരയോഗത്തിൻറ്റെ ചുമതലയിൽ വന്നുവെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം ക്രമേണ ഗവണ്‍മെൻറ്റ് തന്നെ സ്കൂൾ ഏറ്റെടുക്കുകയും ചെയ്തതായാണ് അറിവ്. ഓലഷെഡ്ഡിൽ തുടങ്ങിവച്ച ഈ സ്ഥാപനം ഇന്ന് ഹയർസെക്കൻറ്ററി സ്കൂൾ വരെ എത്തി. ഈ സരസ്വതി ക്ഷേത്രം സ്ഥാപിച്ചവരെയും വളർച്ചയുടെ ഓരോ ഘട്ടങ്ങളിലും ചെറുതും വലുതുമായ പങ്കുവഹിച്ചവരെയും ആത്മാർത്ഥതയോടെ സ്മരിക്കുന്നു.

എസ്. കെ. വി. ഗവണ്‍മെൻറ്റ് ഹയർസെക്കൻറ്ററി സ്കൂൾ എന്നറിയപ്പെടുന്ന ഇന്നത്തെ വിദ്യാലയം നൂറാം പിറന്നാൾ ആഘോഷിക്കാൻ ഒരുങ്ങുന്ന ഈ വേളയിൽ പൂർവ്വ വിദ്യാർത്ഥിയുടെ ചില സ്മരണകളാണിവിടെ കുറിക്കുന്നത്. 1965 - ൽ എസ്. കെ. വി സ്കൂളിനോട് വിട പറയുമ്പോൾ ഏഴാംക്ലാസ് വരെ ഉണ്ടായ അനുഭവങ്ങളിലാണ് ഓർമ്മകൾ തെളിഞ്ഞു നിൽക്കുന്നത്.

നീലകണ്‌ഠപ്പിള്ള സാറും, പ്രഭാകരൻ സാറും, വാര്യർ സാറും, സരോജിനി സാറുമൊക്കെ ചെറിയ ക്ലാസുകളിൽ പഠിപ്പിച്ചിരുന്നത് ഇന്നും നല്ലതുപോലെ ഓർക്കുന്നു. ഏലിക്കുട്ടി ടീച്ചറിൻറ്റെയും മേരി ടീച്ചറിൻറ്റെയും ചാക്കോ സാറിൻറ്റെയുമൊക്കെ ക്ലാസുകളും ഇന്നലെയെന്നവണ്ണം മനസ്സിലുണ്ട്. നീലകണ്‌ഠപ്പിള്ള സാറിൻറ്റെ ശിക്ഷാരീതി തികച്ചും വ്യത്യസ്തമായിരുന്നു. കുട്ടികളെ സൈക്കിൾകയറ്റം പഠിപ്പിക്കുന്ന രീതിയിലുള്ളത് എന്നാണ് അറിയപ്പെട്ടിരുന്നത്. നുള്ളുമ്പോൾ കുട്ടികൾ കാലുയർത്തുകയും അൽപം അയയുമ്പോൾ കാൽ താഴ്ത്തുകയും ചെയ്യും. ഈ പ്രക്രിയ വേഗത്തിലാകുമ്പോൾ സൈക്കിളിൻറ്റെ പെഡലിൽ തുടർച്ചയായി ചവിട്ടുന്നതിനു തുല്യമാണ്. ഇതിനിടയ്ക്ക് കുട്ടി വേദനകൊണ്ട് മൂത്രമൊഴിക്കുകയും തുടയിൽക്കൂടി മൂത്രം ഒഴുകിവരുന്നതു കാണുമ്പോൾ സാർ നുള്ളു നിർത്തുകയും ചെയ്യുമത്രെ. പിഷാരടി സാറിൻറ്റെ പൊരിഞ്ഞ അടിയും മുറുക്കാൻ വായിലിട്ടു ചവച്ചുകൊണ്ടുള്ള അദ്ധ്യാപനവും എങ്ങിനെ മറക്കും.

എട്ടുപറയിൽ മത്തായിസാറിൻറ്റെ കണക്കുക്ലാസ് ഞെട്ടലോടെയാണ് ഓർക്കുന്നത്. ഗണിതശാസ്ത്രത്തിൻറ്റെ അടിസ്ഥാനപാഠങ്ങളും ക്ലാസും എട്ടുനാടും പൊട്ടെയുള്ള ശബ്ദത്തിലും അകമ്പടിയായി ചൂരൽ പ്രയോഗത്തിലും ഗംഭീരമാക്കിയിരുന്നു മത്തായിസാർ. താരതമ്യേന പ്രായംകുറഞ്ഞ എന്നെപ്പോലെയുള്ളവരുടെ നിക്കർ പൊക്കി പൊതിരെ തല്ലിയതിൻറ്റെ തിണർപ്പ് ദിവസങ്ങളോളം മായാതെ കിടക്കും. മുതിർന്ന കുട്ടികൾ ധാരാളം ക്ലാസിലുണ്ടാവും, ഓരോ ക്ലാസിലും ഒന്നും രണ്ടും വർഷം വീതം. മത്തായിസാറിൻറ്റെ മലയാളം ക്ലാസുകളെക്കുറിച്ച് വർണ്ണിക്കാൻ വാക്കുകളില്ല. പരാവർത്തനം ചെയ്യുന്നതിനുവേണ്ടി അദ്ദേഹം നൽകിയ ഒരു പദ്യഭാഗം മങ്ങാതെ ഇന്നും ഓർമ്മയിലുണ്ട്.

"രാവിപ്പോൾ ക്ഷണമൊടുങ്ങീടു
മുഷസ്സെങ്ങും പ്രകാശിച്ചീടും
ദേവൻ സൂര്യനുദിക്കുമിക്കാലവും
താനേ വിടർന്നീടുമേ
ഏവം മൊട്ടിനകത്തിരുന്നരുളി
മനോരാജ്യം തുടങ്ങിടവേ
ദൈവത്തിൽ മനമാരൂകൂ
പിഴുതാൻ ദന്തിന്ദ്രനുപ്പത്മിനം"

ഇതായിരുന്നു പദ്യശകലം. പരാവർത്തനം തെറ്റിച്ചവർക്കെല്ലാം വീണ്ടും വിവരിച്ചുകൊടുത്തും പേടിപ്പിച്ചും ചൂരൽക്കഷായം കൊടുത്തുമൊക്കെയുള്ള അദ്ദേഹത്തിൻറ്റെ അദ്ധ്യാപനരീതി ഒന്നു വേറെ തന്നെയാണ്.

ഏഴാംക്ലാസിൽ പഠിപ്പിച്ചിരുന്ന പി. സി. സാറിനെയും ചാക്കോ സാറിനെയും സുമതി ടീച്ചറിനെയും ലക്ഷ്മിക്കുട്ടി ടീച്ചറിനെയും ജീവിതത്തിൽ ഒരിക്കലും മറക്കാനാവില്ല. ക്രാഫ്റ്റ് പഠിപ്പിച്ചവരും വിജയൻ സാറും സംഗീതാദ്ധ്യാപകനായിരുന്ന നമ്പൂതിരിസാറും ഓർമ്മയിൽ എത്തിനിൽക്കുന്നു. കഴിവുകളെ പരിപൂർണ്ണരൂപത്തിൽ വികസിപ്പിച്ചെടുക്കുക എന്നതാണ് വിദ്യാഭ്യാസത്തിൻറ്റെ പരമമായ ലക്ഷ്യം എന്ന സ്വാമി വിവേകാനന്ദൻറ്റെ വീക്ഷണം പൂർണ്ണമായി ഉൾക്കൊണ്ട അതുല്യനായ അദ്ധ്യാപകനായിരുന്നു തങ്കസാർ എന്ന പ്രസിദ്ധനായ വി. എൻ. ശ്രീധരൻ സാർ. ഞങ്ങളുടെ പ്രധാന അദ്ധ്യാപകൻ. ഓരോ കുട്ടികളുടെയും പേരുകൾ, വ്യക്തിപരമായ പ്രത്യേകതകൾ, കുടുംബപശ്ചാത്തലം തുടങ്ങിയവയെല്ലാം അദ്ദേഹം പൂർണ്ണമായി പഠിച്ചിരുന്നു. കുട്ടികളുടെ സമഗ്രവികാസത്തിന് എന്തെല്ലാം ഘടകങ്ങൾ ആവശ്യമാണോ അവയെല്ലാം അദ്ദേഹം കണ്ടറിയുകയും അതിനായി പ്രവർത്തിക്കുകയും ചെയ്തു. മുഴുവൻ അദ്ധ്യാപകരുടെയും സഹകരണത്തോടെ കുട്ടികളെ പൂർണ്ണമാക്കുന്നതിനാണ് അദ്ദേഹം ശ്രമിച്ചത്. കുട്ടികളെ വിവിധ ഗ്രൂപ്പുകളാക്കി തിരിച്ച് മത്സരങ്ങൾ നടത്തുക, കായിക-കലാപരിപാടികൾ അവരെ പരിശീലിപ്പിക്കുക, ദേശീയ ആഘോഷങ്ങൾ സംഘടിപ്പിക്കുക, കുട്ടികളിൽ വായനാശീലം വളർത്തുന്നതിന് വിപുലമായ ലൈബ്രറി സൗകര്യങ്ങൾ ഒരുക്കുക എന്നിവയെല്ലാം അദ്ദേഹത്തിൻറ്റെ പ്രവർത്തനങ്ങളിൽപ്പെടുന്നു. രാജ്യസ്നേഹത്തിൻറ്റെയും സേവനത്തിൻറ്റെയും ബാലപാഠങ്ങൾ പഠിപ്പിച്ച തങ്കസാർ എന്ന അസാധാരണ വ്യക്തിപ്രഭാവത്തിന് ആയിരം പ്രണാമങ്ങൾ.

പാഠപുസ്തകങ്ങളിലും ട്യൂഷൻക്ലാസുകളിലും മാത്രമായി ബാല്യത്തെയും കൗമാരത്തെയും തളച്ചിടുന്ന ഇന്നത്തെ വിദ്യാഭ്യാസവീക്ഷണത്തെ സഹതാപത്തോടെ മാത്രമേ വീക്ഷിക്കാൻ കഴിയുകയുള്ളു. ഡ്രിൽ പീരിയഡുകളിൽ പോലും കളിക്കാൻ അനുവദിക്കാതെ പുസ്തകപഠനം മാത്രമാണ് വിദ്യാഭ്യാസം എന്നു ചിന്തിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. തലമുറയോടു കാട്ടുന്ന ക്രൂരതയായേ ഇതിനെ കാണാൻ സാധിക്കുകയുള്ളു.

എസ്. കെ. വി. സ്കൂളിലെ എൻറ്റെ ഏതെങ്കിലും ഗുരുക്കന്മാർ ഓർമ്മയിൽ നിന്നു വിട്ടുപോയിട്ടുണ്ടെങ്കിൽ മന:പൂർവ്വമല്ലെന്നും, അവർ ക്ഷമിക്കണമെന്ന് പ്രാർത്ഥിച്ചുകൊണ്ടും എൻറ്റെ മാതൃവിദ്യാലയം എനിക്കു നൽകിയ വിജ്ഞാനത്തിൻറ്റെ പൊൻമുത്തുകൾക്ക് നന്ദി പറഞ്ഞുകൊണ്ടും അനേകായിരങ്ങൾക്ക് ഈ സരസ്വതിക്ഷേത്രം ഇനിയും മാർഗ്ഗദീപമാകട്ടെ എന്ന് ആശംസിച്ചുകൊണ്ടും ഈ സ്മരണകൾ സമർപ്പിക്കട്ടെ.

(ബാലകൃഷ്ണൻ ഇടപ്പള്ളിയിൽ)



പുതിയ സിനിമ - കസിൻസ്

സൂപ്പർ സ്റ്റാറുകളുടെ ഒരു ചിത്രവും ഇല്ലാതിരുന്ന ഈ ക്രിസ്മസ് - ന്യൂ ഇയർ സീസണ്‍ "തകർക്കാൻ" വേണ്ടി ഹിറ്റ് മേക്കർ വൈശാഖും, സച്ചി – സേതു കൂട്ടുകെട്ടിലെ സേതുവും കൂടി അണിയിച്ചൊരുക്കിയ അത്ഭുത കലാസൃഷ്ടിയാണ് കസിൻസ്. കൂടാതെ പാട്ടുകൾക്ക് ഈണം നൽകിയിരിക്കുന്നത് എം. ജയചന്ദ്രൻ. വരികളെഴുതിയിരിക്കുന്നതോ റഫീക്ക് അഹമ്മദും മുരുകൻ കാട്ടാക്കടയും. ഇത്രയും മികച്ച കലാകാരൻമാർ പെടാപ്പാട് പെട്ട് സൃഷ്ടിച്ച ഒരു ചിത്രമാണ് നമ്മൾ ഇവിടെ വെറുതെ കുറ്റം പറഞ്ഞു നശിപ്പിക്കാൻ പോകുന്നത്. ...ന്നാ പിന്നെ പണി തുടങ്ങാം.

നാല് കസിൻസിൻറ്റെ ഒരു യാത്രയാണ് സിനിമ. സാം (കുഞ്ചാക്കോ ബോബൻ), ജോജി (ഇന്ദ്രജിത്ത്), പോളി (സുരാജ്), ടോണി (ജോജു ജോർജ്) ഇവരാണ് കേന്ദ്ര കഥാപാത്രങ്ങൾ. ഇതില് ഒരാൾക്കുപോലും നല്ലൊരുപ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചിട്ടില്ല എന്നതാണ് ആദ്യ പരാജയം. സുരാജ് വെഞ്ഞാറമൂട് ഈ നാൽവർ സംഘത്തിൽ അംഗമാകാൻ ഒരിക്കലും പാടില്ലാത്തതായിരുന്നു. കോമഡിയിലൂടെ ആളുകളെ പിടിച്ചിരുത്താൻ വേണ്ടിയായിരിക്കും ഇത്തരമൊരു പരീക്ഷണത്തിനു സംവിധായകൻ വൈശാഖ് മുതിർന്നത്. ജോജുവിൻറ്റെ തീറ്റക്കൊതിയൻ കഥാപാത്രം ഒരു നൂറുതവണയെങ്കിലും മലയാള ത്തിൽ വന്നുപോയിട്ടുള്ളതാണ്. ഒരു കളർഫുൾ ചിത്രം പ്രതീക്ഷിച്ചാണ് പ്രേക്ഷകർ "കസിൻസി" നെ കാണാൻ ആദ്യ ദിവസം തന്നെ തിയേറ്ററുകളിലേക്ക് തള്ളിക്കയറിയത്. വർണ്ണാഭമായ കാഴ്ചകളും, ചിരിച്ചുമറിയാൻ ഒത്തിരി കോമാളിത്തരങ്ങളും പ്രതീക്ഷിച്ചെത്തിയവരെ നിരാശരാക്കുന്ന ചിത്രമാണ് കസിൻസെന്നാണ് പ്രേക്ഷകാഭിപ്രായം. മറ്റൊരു രീതിയിൽ പറഞ്ഞാൽ വൈശാഖ് തന്നെ സംവിധാനം ചെയ്ത "മല്ലുസിങ്ങ്, സീനിയേഴ്സ്" എന്നീ രണ്ടു സിനിമകളും ചേർത്തു വച്ചാൽ "കസിൻസ്" ആയി.

സാമിൻറ്റെ ജീവിതത്തിൽ സംഭവിച്ച ഒരു ഇരുണ്ട അധ്യായത്തെ തേടിയിറങ്ങുന്നതാണ് കഥ. ഒരു അപകടത്തിൽ സാമിന് തൻറ്റെ ഓർമ്മശക്തി നഷ്ടപ്പെട്ടുപോയി. എവിടെ വച്ചാണ് സാമിന് ഇത് സംഭവിച്ചതെന്ന് തേടിയുള്ള കസിൻസിൻറ്റെ യാത്രയാണ് സിനിമ. കർണാടക - കേരളാ അതിർത്തിയിലാണ് കഥ നടക്കുന്നതെന്നാണ് സങ്കൽപം. അതായതു ഒരടി മാറിയാൽ മലയാളം, വീണ്ടും രണ്ടടി മാറിയാൽ കന്നഡ. പക്ഷേ, റോഡിലുള്ള ബോർഡു മുഴുവൻ തമിഴിൽ. അങ്ങനത്തെ വിചിത്രമായ ഒരു സ്ഥലം. ഏതോ ഒരപകടത്തിൽപ്പെട്ട് ഓർമ്മ നശിച്ചുപോയ ഒരു നായകൻ. എന്ന് വച്ചാൽ ഓർമ്മ പൂർണമായും പോയിട്ടില്ല. കഥ മുന്നോട്ടു കൊണ്ട് പോകുന്ന രീതിയിൽ ചിലതൊക്കെ ഇടയ്ക്കിടയ്ക്ക് തെളിഞ്ഞു വരും. പുള്ളിക്ക് മൂന്നു കസിൻസ്. പ്രശസ്തനായ ഒരു വൈദ്യരുടെ ഉപദേശപ്രകാരം അടിച്ചുപോയ ഹാർഡ് ഡിസ്ക് ശരിയാക്കിയെടുക്കാൻ പണ്ട് നമ്മുടെ നായകൻ ജീവിച്ച സ്ഥലത്തേയ്ക്ക് ഒരു യാത്ര പോവുകയാണവർ. ലിങ്ക് തപ്പി, ലിങ്ക് തപ്പി അവർ ഒരു രാജകൊട്ടാരത്തിൽ എത്തിപ്പെടുന്നു. പിന്നെ ഒരു കൊച്ചു കുട്ടിക്ക് പോലും ഊഹിക്കാൻ പറ്റാത്ത വഴിത്തിരിവുകളിലൂടെ ഒരു ഭ്രാന്തനെപ്പോലെ അന്തം വിട്ട് ഓടുകയാണ് കഥ. ക്ലൈമാക്സ് വരെ പിടിച്ചിരുന്നു കാണാൻ ശക്തിയുള്ളവർക്കായി അത് എഴുതാതെ വിടുന്നു. (ഇനി ഒരു വാചകം കൂടി എഴുതിയിരുന്നെങ്കിൽ ഫുൾ കഥ ആയേനെ. അത്രയ്ക്ക് ”സങ്കീർണമാണ്” കഥ).

"പോക്കിരിരാജാ" യിൽ കുറെ നീല ഇന്നോവ വട്ടത്തിൽ ഓടിപ്പിച്ചു നമ്മളെ വണ്ടറടിപ്പിച്ച വൈശാഖ് ഈ ചിത്രത്തിൽ ഒരു പത്തു മുപ്പതു കറുത്ത സ്കോർപ്പിയോ, ഇരുപതോളം വെള്ള റ്റാറ്റാ സുമോ, ഒരു നീല ബെൻസ് ഇവയൊക്കെ വട്ടത്തിൽ ഓടിപ്പിക്കുന്നുണ്ട്. ഒരു ലോഡ് നർത്തകിമാർ, പഞ്ചാബി സംസാരിക്കാത്ത സർദാർജിമാർ നടത്തുന്ന പഞ്ചാബി ധാബ, ആതിരപ്പള്ളി വെള്ളച്ചാട്ടം, എന്ന് വേണ്ട കറി മസാലയും ഗരം മസാലയും എല്ലാം പാകംതെറ്റി ചേർത്തിട്ടുണ്ട്. ഇതുവരെ ന്യൂജനെറേഷൻ സിനിമകൾ ഒന്നും എടുത്തിട്ടില്ലാത്ത വൈശാഖ് അതിലേയ്ക്ക് നടത്തുന്ന ധീരമായ ചുവടു വയ്പ്പാണ് അടുത്തത്. ഈ യാത്രയ്ക്കിടയിൽ ഒരു തടാകം കാണുന്ന കസിൻസ് അതിൽ ചാടി നീന്തുന്നതാണ് സീൻ. സീൻ എന്ന് വച്ചാൽ ഖതർനാക് സീൻ. ഫുൾ നൂഡ് ആയിട്ടാണ് നീന്തൽ. എന്തിനാണ് അവർ അങ്ങനെ നീന്തുന്നത് എന്ന് ചോദിച്ചാൽ പിന്നെ അതിൽ പിടിച്ചുള്ള ആറേഴു തറ വളിപ്പ്, ആദിവാസി നൃത്തം പോലത്തെ ഫാഷൻ ഷോ ഒക്കെ പിന്നെ എങ്ങനെ ചേർത്ത് വയ്ക്കും എന്ന് ചോദ്യം വരും. അതുകൊണ്ട് അത് വിട്ടേക്കാം.

കൊട്ടാരത്തിൽ എത്തിക്കഴിഞ്ഞാൽ പിന്നെ ആകെ ഒരു ബഹളമയമാണ്. ഫുൾ ടൈം ഡാൻസ്. മാത്രമല്ല സ്ക്രീൻ മുഴുവൻ വർണമയമാണ്. കളർ പൊടി പറപ്പിച്ചുള്ള വമ്പൻ ഡാൻസും പാട്ടും. പക്ഷേ, അതിനിടയ്ക്കും തകർപ്പനായി മുന്നോട്ടു പോകും കഥ. ഒടുവിൽ ആർക്കും ഊഹിക്കാൻ പോലും പറ്റാത്ത അതിമനോഹരമായ ഒരു ക്ലൈമാക്സിൽ ഈ അത്ഭുത ചിത്രം അവസാനിക്കും. പെട്ടെന്ന് തീർന്നു പോയല്ലോ എന്ന നഷ്ടബോധത്തോടു കൂടി നമുക്ക് വീട്ടിലോട്ടും പോകാം.

എം. ജയചന്ദ്രൻ ഈണം നൽകിയ ഉഗ്രൻപാട്ടുകളുണ്ട് ചിത്രത്തിൽ. കേൾക്കുമ്പോൾ തന്നെ ഒരു കടലാസ്സിൽ എഴുതി വച്ചോണം. അല്ലെങ്കിൽ പുറത്തിറങ്ങുമ്പോ മറന്നു പോകും. എഴുതിയവരും പുലികളാണ്. റഫീക്ക് അഹമ്മദും മുരുകൻ കാട്ടാക്കടയും. പറഞ്ഞിട്ട് കാര്യമില്ല. മാസത്തിൽ ഒരു ദിവസം ചന്ദ്രനും സ്വിച്ച് ഓഫ് ആകുമല്ലോ. സിനിമയിൽ മികച്ചു നിൽക്കുന്നത് ഗോപീ സുന്ദർ ഈണം നൽകിയ തകർപ്പൻ പശ്ചാത്തല സംഗീതമാണ്. എത്ര ബോർ സീൻ വന്നാലും നിങ്ങൾ ഉറങ്ങിപോകാതെ സൂക്ഷിക്കാൻ വേണ്ടി നല്ല കാതടപ്പൻ സംഗീതം. ശോകമായാലും സന്തോഷമായാലും ഒക്കെ ഇത് തന്നെ സ്ഥിതി.

സീനിയേഴ്സ് , വിശുദ്ധൻ തുടങ്ങിയ ചിത്രങ്ങളിൽ മുമ്പും വാരി വിതറിയ അതേ ഭാവങ്ങൾ ഇവിടെയും കുഞ്ചാക്കോ വാരി വിതറുന്നുണ്ട്. ഇന്ദ്രനും ജോജുവും കട്ടയ്ക്ക് കട്ടയ്ക്ക് നിൽക്കുന്നുമുണ്ട്. ദേശീയ അവാർഡ് വാങ്ങിയ ഒരു അഭിനേതാവാണെന്നു തരിമ്പും ഓർമിപ്പിക്കാതെ പച്ച അശ്ലീലം ഒരു നാണവുമില്ലാതെ പറഞ്ഞുകൊണ്ടുള്ള അഭിനയം കണ്ടപ്പോൾ ഒരു വേള കഥയിൽ പറയുന്ന ഓർമപിശക് സുരാജിന് ആണോ എന്ന് പോലും ഓർത്തുപോയി. ഭാവനയെ ആണ് ആദ്യം നായികയായി ഉദ്ദേശിച്ചിരുന്നതെങ്കിലും തലനാരിഴ വ്യത്യാസത്തിനു പാവം രക്ഷപെട്ടു . അങ്ങനെ വേദികയും നിഷ അഗർവാളും ആണ് പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അനശ്വരമാക്കിയിരിക്കുന്നത്. ഗജിനിയിൽ ഒക്കെ വന്നു നമ്മളെ പേടിപ്പിച്ച വില്ലൻ പ്രദീപ് റാവത്തിനാണ് ശരിക്കും പണി കിട്ടിയത്. ഈ പടം കണ്ട ആരും ഇനി അങ്ങേരെ കണ്ടാൽ പേടിക്കില്ല. അത്രയ്ക്ക് ഭീകര അഭിനയമാണ്. കലാഭവൻ ഷാജോണ്‍ ഒരു അണ്ണാച്ചിയുടെ വേഷത്തിൽ വരുന്നുണ്ട്. തിയറ്ററിൽ നിന്ന് എഴുന്നേറ്റ് ഓടിപ്പോകും ഷാജോണിൻറ്റെ കാട്ടിക്കൂട്ടൽ കാണുമ്പോൾ. പുകയ്ക്കിടയിൽ കൂടി മിയ ജോർജ്, നെടുമുടി വേണു, ബാലചന്ദ്രൻ ചുള്ളിക്കാട് എന്നിവരെയൊക്കെ കണ്ട ഓർമയുണ്ട്. തിരക്കഥ ഒരിക്കലെങ്കിലും വായിക്കാൻ വൈശാഖ് എന്ന സംവിധായകൻ തയാറായിട്ടുണ്ടെങ്കിൽ കസിൻസ് എന്ന സിനിമ ഉണ്ടാകുമായിരുന്നില്ല.

ക്യാമറാമാൻ ഷാജി ഈ പുകമറയ്ക്കുള്ളിൽ കൂടി പിടിച്ചെടുത്ത മനോഹര ദൃശ്യങ്ങളാണ് ചിത്രത്തിൽ നല്ലത് എന്ന് പറയാനുള്ള ഒരു കാര്യം. ബാംഗ്ലൂർ പാലസ്, ആതിരപ്പള്ളി വെള്ളച്ചാട്ടം, പൊള്ളാച്ചി തുടങ്ങിയ സ്ഥലങ്ങളുടെ ഭംഗി നന്നായി ഒപ്പിയെടുത്തിട്ടുണ്ട് ഷാജി.

പത്തു കോടിയോളം മുടക്കിയ ഒരു സിനിമയാണ് കസിൻസ് എന്നാണ് പത്ര മാധ്യമങ്ങളിൽ നിന്ന് മനസ്സിലാക്കിയത്. ഒരു കോടി രൂപയോളം മുടക്കി ചിത്രീകരിച്ച ഒരു പാട്ടുമുണ്ട് എന്ന് കേട്ടു. ആ ഗാനരംഗം കണ്ട എനിക്ക് അതിൽ ഈ പറയുന്ന പണം എവിടെയാണ് മുടക്കിയിരിക്കുന്നത് എന്ന് കണ്ടുപിടിക്കാൻ പറ്റിയില്ല. പിന്നീട് സംവിധായകൻ തന്നെ അത് വിശദീകരിക്കുന്നത് ഒരു അഭിമുഖത്തിൽ കണ്ടു. ഇപ്പറഞ്ഞ പാട്ടിൽ അഭിനയിക്കാനുള്ള ഗ്രൂപ്പ് ഡാൻസേഴ്സിനെ ഹമ്പിയിൽ നിന്നും മറ്റും കൊണ്ട് വന്നതാണത്രേ. അവർ വേറെയും സിനിമകളിൽ സഹകരിച്ചിരുന്നത് കൊണ്ട് ഈ ഗാന ചിത്രീകരണം എട്ടു ദിവസത്തോളം നീണ്ടു. അങ്ങനെയാണ് ചെലവു ഒരു കോടിയിൽ എത്തിയത്. ഏറ്റവും പുതിയ സെൻസസ് അനുസരിച്ച് മൂന്നേകാൽ കോടി മാത്രം ജനങ്ങൾ അധിവസിക്കുന്ന ചെറിയ ഒരു സംസ്ഥാനമാണ് കേരളം. വിരലിലെണ്ണാവുന്ന കുറച്ചു വിനോദ ചാനലുകളിൽ നിന്നും, കുറച്ചു തീയറ്ററുകളിൽ നിന്നും, DVD അവകാശം വിൽക്കുന്നതിൽ നിന്നും വേണം ഈ മുടക്കിയ പത്തു കോടിയും പിന്നെ ഭാഗ്യമുണ്ടെങ്കിൽ ലാഭവും ഉണ്ടാക്കാൻ. മായാവി , മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങിയ നല്ല വിനോദ ചിത്രങ്ങൾ എടുത്ത വൈശാഖരാജനെ പോലൊരു നിർമ്മാതാവ് ഇങ്ങിനൊരു തട്ടിക്കൂട്ട് സിനിമ എന്തിനാണ് എടുത്തത് എന്ന് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല. ഇത്തരം റിവ്യൂകൾ എഴുതുമ്പോൾ ചിലരെങ്കിലും ചോദിക്കുന്ന ഒരു ചോദ്യമുണ്ട് . ഇത് കുറച്ചു പേരുടെ അദ്ധ്വാനമാണ്, പ്രൊഡ്യൂസറുടെ ജീവിതം നശിപ്പിക്കരുത് എന്നൊക്കെ. ഇവരോട് ഒരു ചോദ്യം. കോട്ടയം പോലുള്ള ഒരു നഗരത്തിൽ എല്ലാ ചെലവും കൂടി ഏകദേശം ആയിരം രൂപയോളം മുടക്കിയാണ് റിലീസ് ചെയ്യുന്ന ആഴ്ചയിൽ ഈ ചിത്രം കാണുന്നത്. ആ പണത്തിനു ആരാണ് സമാധാനം പറയുക ? അതും കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം തന്നെയല്ലേ ?

(മനോജ്‌ തൈക്കൂട്ടത്തിൽ)


ആരവം (കവിത)

പ്രളയതാണ്ഡവം നിലച്ചുപേമാരി
പുൽകി വിഴുങ്ങിയടർത്തിയ കുറെയനാഥർമാത്രം
തർപ്പണം നടത്തിയെല്ലാം വിസ്മൃതിയിൽ
മൂടവെയകലയല്ലാതെ പൊട്ടിയൊലിച്ച
മാടങ്ങളിൽനിന്ന് നിശബ്ദമാം
തേങ്ങലുകൾ ഗദ്ഗദങ്ങൾ
നൊമ്പരങ്ങളെയാലിംഗനംചെയ്തു
നിലാവിൽ വിയർക്കുന്നപേകോലങ്ങൾ
അറിയാതെ വസന്തം വന്നുമ്മറപ്പടിവാതിക്കൽ
സൗരഭ്യംചൊരിഞ്ഞുമല്ലാതെയും
ആവണിയെത്തി ഇരുളകന്നു -
മന്ദമാരുതനും പോയ്മറഞ്ഞു.
പാൽനിലാവിൽ കുളിച്ചൊരാസന്ധ്യയും വന്നണഞ്ഞു.
പ്രകൃതി പച്ചമേലാപ്പണിഞ്ഞ്
നിൽക്കെ കാട്ടുപൂക്കൾ സുഗന്ധം പരത്തിയും
തൊടികൾതോറും തുമ്പിയും പൂമ്പാറ്റയും
പാറിപ്പറന്നു വണ്ടുകളോടിണചേർന്നുരസിക്കവെ
തെരുവുകൾ ആഹ്ലാദതിമിർപ്പിൽമോടിയായ്
കൂക്കുവിളിയാടിപ്പാട്ടും കുരവയും
കാലം വന്നു തീണ്ടാത്തവർ തൻ ആരവം
ഭീതിതൻ നിഴലിൽ പതിച്ചൊരീ
അനാഥർതൻ തിരയൊടുങ്ങാത്ത ദു:ഖത്തിൽ
ഊഴിക്കുവേണ്ടാത്തവർതൻ ഹൃദയ
വേദനയുടെ ആരവം നിലയ്ക്കാത്ത ആരവം.

(പി. എസ്. പ്രസാദ് മുണ്ടമറ്റം, നീണ്ടൂർ)



കപ്പലുപെരുന്നാൾ (നോവൽ) - 7

കഥാപരിസരം: കുറവിലങ്ങാട്, കുറുപ്പന്തറ, മാഞ്ഞൂർ ചുറ്റുവട്ടങ്ങൾ.

കഥാകാലഘട്ടം: ആയിരത്തി എണ്‍പതുകൾ.

പടയൊരുക്കങ്ങൾ:-

ജോസേട്ടനാണ് കാര്യങ്ങൾ വിശദീകരിച്ചത്. രണ്ടുദിവസമായി വീട്ടിൽനിന്ന് മാറിനിൽക്കാൻ ബെന്നിച്ചനു പറ്റുമായിരുന്നില്ല. മഴ പെയ്തതിനാൽ കപ്പ ഈടിലായിരുന്നു. അടുത്തുള്ള കവലയിൽപോലും പോകാൻ ചാച്ചൻ സമ്മതിച്ചില്ല. ആ രണ്ടുദിവസംകൊണ്ട് കാൽമരാജു കാര്യങ്ങളെല്ലാം പ്ളാൻ ചെയ്തു ശരിപ്പെടുത്തി വച്ചുവെന്ന് ജോസേട്ടൻ പറഞ്ഞു.

ജോസേട്ടൻറ്റെ വാക്കുകളിൽനിന്ന് ബെന്നിച്ചനു മനസിലായ കാര്യങ്ങൾ ചുവടെ കൊടുക്കുന്നു.

വെള്ളിയാഴ്ച്ച : ബിൻസി ഹോസ്റ്റലിൽനിന്ന് വീട്ടിൽ പോകാനായി ഇറങ്ങി ജോസേട്ടൻറ്റെ കടയിലെത്തുന്നു. ജോസേട്ടൻ അവളെ ബെന്നിച്ചൻ ഇടുക്കിക്ക് പോകാൻ കാറുമായി എത്തുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു മാഞ്ഞൂരുള്ള കാൽമ രാജുവിൻറ്റെ വീട്ടിൽ കൊണ്ടുപോകുന്നു. ചായക്കടയിൽ നിന്ന് കാറിൽ കയറിപ്പോയാൽ ആളുകൾ ശ്രദ്ധിക്കും.

കാറിൻറ്റെ കാര്യം : പെരുമ്പാവൂരിൽ നിന്നുമാണ് കാറും വരുന്നത്. കള്ളവണ്ടിയാണ്. ആ നമ്പരിൽ കേരളത്തിൽ ഒരു വണ്ടിയും കാണത്തില്ല. പക്ഷെ ശനിയാഴ്ച്ചയെ വണ്ടി കിട്ടത്തുള്ളു. അതിനാൽ ബിൻസി കാൽമയുടെ വീട്ടിൽ വെള്ളിയാഴ്ച കിടക്കണം. ബെന്നിച്ചനു വെള്ളിയാഴ്ച്ച വരാൻ സാധിക്കത്തതാണെന്ന് ജോസേട്ടൻ ബിൻസിയെ പറഞ്ഞു ധരിപ്പിച്ചോളും. അത് അവിടെ ചെന്ന് കഴിഞ്ഞു ബെന്നിച്ചനെ കണാതാവുമ്പോഴേ പറയുകയുള്ളൂ.

ശനിയാഴ്ച്ച : വെളുപ്പിനെ പെരുമ്പാവൂര്നിന്നും ഒരാള് കാറുമായി കുറവിലങ്ങാട്ട് എത്തും. അയാളുടെ കൈയിൽ പതിനായിരം രൂപ കൊടുക്കണം. അതുമായി അയാൾ തിരിച്ചു പെരുമ്പാവൂരിൽ എത്തിയാലേ കാൽമയുടെ കൂട്ടുകാരൻ യാത്ര തുടങ്ങു.

കാറുമായി കാൽമയും ബെന്നിച്ചനും മാഞ്ഞൂരിൽ എത്തുന്നു. ബിൻസിയെയും കൂട്ടി നേരെ ഇടുക്കിക്ക്. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം വഴിയിൽ കൂട്ടുകാരൻ കാത്തുനിൽക്കും. കാൽമ കാർ നിറുത്തി കൂട്ടുകാരനെ കയറ്റുന്നു. വിജനമായ സ്ഥലത്തെത്തുമ്പോൾ (സ്ഥലം തീരുമാനിച്ചിട്ടുണ്ട്) ബിൻസിയെ കൂട്ടുകാരൻ തോർത്ത് കഴുത്തിലിട്ട് മുറുക്കി കൊല്ലുന്നു. ശവം കൊക്കയിലെറിഞ്ഞു (കൊക്ക കണ്ടു വച്ചിട്ടുണ്ട്) വണ്ടിയുമായി നേരെ പെരുമ്പാവൂരിലേക്ക്. കൂട്ടുകാരനെയും കാറിനെയും അവിടെ വിട്ടിട്ടു കാൽമയും ബെന്നിച്ചനും ബസിൽ നേരെ കുറവിലങ്ങാട്ടിനു പോരുന്നു. ജോസേട്ടൻ കടയിൽ കാത്തിരിക്കും. അന്ന് കടയിൽ കിടന്നു പിറ്റേ ദിവസം മുത്തിയമ്മയുടെ പള്ളിയിൽകേറി കുർബ്ബാനയും കണ്ടു വീട്ടിൽ പോകാം. ഇതാണ് പ്ളാൻ. ബെന്നിച്ചൻറ്റെ ഉള്ളൊന്നു പിടച്ചു. എവിടെയെങ്കിലും എന്തെങ്കിലും പിഴവ് പറ്റിയാൽ ആകെ കുഴയും.

“എന്നാ പിഴവ് പറ്റാനാ ? നീ ഒന്ന് പേടിക്കാതിരി.” ജോസേട്ടന് നല്ല ധൈര്യമാണ്.

“ജോസേട്ടാ എങ്കിപിന്നെ ബിൻസിയോടു ശനിയാഴ്ച്ച കുറവിലങ്ങാട്ടു നിൽക്കാൻ പറഞ്ഞാൽ പോരെ ? എന്തിനാ മാഞ്ഞൂരോട്ടു കെട്ടിയെടുക്കുന്നെ ?” ബെന്നിച്ചൻ ഒരു സംശയം പറഞ്ഞു.

ജോസേട്ടൻ ചിരിച്ചു. “എടാ, ഏതായാലും അവള് ചാകാൻ പോവാ. പിന്നെ വെള്ളിയാഴ്ച്ച വെറുതെ കളയണ്ടല്ലോ എന്നാ കാൽമ പറയുന്നത് അവനൊരു ആഗ്രഹം…”

ബെന്നിച്ചൻ അന്തം വിട്ടു. എൻറ്റെ മുത്തിയമ്മേ, ഇതു കാര്യങ്ങൾ എങ്ങോട്ടാണ് പോകുന്നത് ? നൂലാമാലകൾ പെരുകി വരികയാണ്. ഇതെല്ലാംകൂടി എവിടെ ചെന്ന് അവസാനിക്കും ? തലയ്ക്കു പിച്ച് പിടിക്കുന്നത് പോലെ ബെന്നിച്ചനു തോന്നി.
“അതിനവള് സമ്മതിക്കുമോ ? കാൽമ കേറി വല്ലതും ചെയ്താൽ അവള് ഒച്ചയെടുത്തു ആളെ കൂട്ടത്തില്ലേ ?”

ജോസേട്ടൻ പിന്നെയും ചിരിച്ചു. “എടാ അതിനൊരു സൂത്രമുണ്ട്. എനിക്കവളെ നേരത്തെ പരിചയം ഉണ്ടല്ലോ. അപ്പം അത് വച്ച് ഞാനവളെ ആദ്യമൊന്നു വളയ്ക്കും. അന്നേരം കാൽമ കേറിവരും. അപ്പം കാൽമയ്ക്കും കൊടുത്തില്ലെങ്കിൽ അവൻ നിന്നോട് പറയുമെന്ന് ഞാനവളോട് പറയും. അന്നേരം അവള് സമ്മതിക്കും. എങ്ങനെയുണ്ട് എൻറ്റെ ബുദ്ധി !!!!”

“പക്ഷേ ജോസേട്ടാ, അവൾ ഗർഭിണിയാണ്.” ബെന്നിച്ചൻ പെട്ടെന്ന് പറഞ്ഞു.

“അതിനൊന്നും ഒരു കുഴപ്പവുമില്ലടാ. തന്നെയുമല്ല അങ്ങനെയേലും അതങ്ങ് പോയാൽ നമ്മുടെ കഷ്ടപ്പാട് കുറഞ്ഞില്ലേ. നീയിക്കാര്യത്തിലൊക്കെ വെറും ശിശുവാണല്ലോടാ.” ജോസേട്ടൻ കണ്ണിറുക്കി ചിരിച്ചു.

ഒന്നിനും പോകണ്ടായിരുന്നുവെന്നു ബെന്നിച്ചനു തോന്നി. അവളുടെ വയറ്റിൽ കിടക്കുന്നത് തൻറ്റെ കൊച്ചാണെങ്കിലോ ? പാപങ്ങൾ കൂടിക്കൂടി വരുകയാണ്. ആകെപ്പാടെ ബെന്നിച്ചനു അസ്വസ്ഥത തോന്നി.

“പിന്നെ പൈസയുടെ കാര്യം എന്തായി ?” ജോസേട്ടൻ ചോദിച്ചു.

ചുമലിലെ ഭാരങ്ങൾ കൂടി വരുകയാണെന്ന് ബെന്നിച്ചനു തോന്നി. എന്നാ പറയാനാ ? നേരെചൊവ്വെ പഠിച്ചു ഡിഗ്രി എടുത്തിരുന്നെങ്കിൽ വല്ല ബോംബയ്ക്കോ ഡൽഹിയ്ക്കോ ഒക്കെ പോകാമായിരുന്നു എന്ന് ബെന്നിച്ചൻ വെറുതെ ഓർത്തു. കഴിഞ്ഞു പോയ കാര്യങ്ങൾ ഓർത്തിട്ടെന്തു വിശേഷം. മേലിൽ ഒരു പെണ്ണ് ഇടപാടിനും ഈ ബെന്നിച്ചനില്ല, അത് തീർച്ചക്കാര്യം.

“നീയെന്നതാടാ ആലോചിച്ചു നിൽക്കുന്നത് ? ഞാൻ ചോദിച്ചത് കേട്ടില്ലേ ?”

“എൻറ്റെ ജോസേട്ടാ പറയാം. അത് ഇതിലും വലിയൊരു കഥയാ..”

സമയം ഉച്ചയാവുകയാണ്. സൂര്യൻ നിന്നു കത്തുന്നു. രാവിലെ മുതൽ പച്ചവെള്ളം പോലും കഴിക്കാത്ത തനിക്കു വിശപ്പും ദാഹവും ഒന്നും തോന്നുന്നില്ലന്നു അതിശയത്തോടെ ബെന്നിച്ചൻ ഓർത്തു. ബെന്നിച്ചൻ മോളിലോട്ട് നോക്കി. സൂര്യൻ ഉഗ്രപ്രതാപത്തിലാണ്. നോക്കാൻ പറ്റുന്നില്ല, പൊള്ളിപ്പോകുന്നത് പോലെ. ബെന്നിച്ചൻ കണ്ണുകൾ താഴ്ത്തി.

അവൻറ്റെ ഉള്ളവും പൊള്ളുകയായിരുന്നു.

(അടുത്ത ലക്കം തുടർന്ന് വായിക്കുക "ബാധ്യതകൾ")

- സിറിയക് കടവിൽച്ചിറ

കപ്പലുപെരുന്നാൾ അദ്ധ്യായം 1
http://neendoorpravasi.com/arts.php#228

കപ്പലുപെരുന്നാൾ അദ്ധ്യായം 2
http://neendoorpravasi.com/arts.php#242

കപ്പലുപെരുന്നാൾ അദ്ധ്യായം 3
http://neendoorpravasi.com/arts.php#250

കപ്പലുപെരുന്നാൾ അദ്ധ്യായം 4
http://neendoorpravasi.com/arts.php#267

കപ്പലുപെരുന്നാൾ അദ്ധ്യായം 5
http://neendoorpravasi.com/arts.php#286

കപ്പലുപെരുന്നാൾ അദ്ധ്യായം 6
http://neendoorpravasi.com/arts.php#298


വ്യഥിതമാനസം (കവിത)

ഉള്ളതു ചൊല്ലിയാലുള്ളിപോലായിടും
ഉള്ളതു ചൊല്ലാഞ്ഞാൽ ഉള്ളം പിടഞ്ഞിടും !
ഉള്ളു ചുരന്നൊരു താലത്തിൽ വച്ചാലും
ഉള്ളിൻറ്റെ വർണ്ണമേ കാണ്മൂ ചിലരിങ്ങു !!

ജന്മദേശത്തിൻറ്റെ മഹിമയറിഞ്ഞാൽ
ജനനീസ്കനമധുപോലും ലവണമാം !
ജനിമൃതിക്കിടയിലെ നാടകമെങ്കിലും,
ജനനിയെ വിസ്മരിച്ചഭിനയമോ ?

ഇല്ല സ്നേഹത്തിന്നു വിലയിന്നീഭൂവിൽ
ഇല്ലൊന്നുമീപ്പച്ച നോട്ടിന്നുമപ്പുറം !
"ഇന്നു ഞാൻ, നാളെ നീ" എന്നു ശവമഞ്ചം
ഇന്നും ജനത്തെ വിളിച്ചുണർത്തീടിലും !!

മുമ്പേഗമിക്കുന്ന ഗോപാലൻ തന്നുടെ
പിമ്പേഗമിക്കുന്ന ഗോക്കളേപ്പോലെനാം !
തൊഴിൽ തേടിയെത്തീ ചില മലയാളികൾ
പിഴപറ്റീടാതെ "ഭൂപ്പറുദീസ"യിൽ !!

അന്നവർ കാട്ടിയ പുറംപൂച്ചുകണ്ടോ ?
ജന്മനാട്ടിൽ തൊഴിലപമാനമായോ ?
സുഖലോലുപത്തിലൊരുൾക്കണ്ണുനട്ടോ ?
കൂടുതൽ വിദ്യവശത്താക്കിടാനാണോ ?

എന്തുകൊണ്ടോ? പലരെത്തിയവർപിമ്പേ
എന്തുവിലയ്ക്കുമീ ജീവിതം കണ്ടെത്താൻ !
മന്തുള്ളിരുകാലു വെച്ചുകൊണ്ടൊരുകാലു
മന്തുള്ളവരെപ്പഴിക്കുന്നതു കഷ്ടം !!

എങ്കിലും, ചൊല്ലാതിരിക്കുവാനാവില്ല,
പങ്കിലമായൊരു ജീവിതമാണിഹം !
ചൊല്ലിക്കൊടുക്കുന്ന പൈതങ്ങളെ തൻറ്റെ,
ചൊൽപ്പടീലാക്കാനുമവകാശമില്ലയ്യോ !!

അമ്മതൻ പാലുകുടിച്ചു വളരുന്നോർ,
അമ്മതന്നരുതായ്ക കേട്ടുള്ളുരുകും !
കുപ്പിപ്പാൽ മാത്രം കുടിച്ചു വളർന്നാലോ,
കുപ്പിയിൽ തള്ളിയിട്ടീടുമാ വൃദ്ധരെ !!

ഒക്കത്തു വളരുന്ന കുട്ടിവലുതായാൽ
ഒക്കത്തു വച്ചിടും മാതാപിതാക്കളെ
ഉന്തുവണ്ടിയിൽ വലുതാകും കുഞ്ഞുങ്ങൾ
ഉന്തിവിടും വൃദ്ധഗേഹത്തിലേയ്ക്കവർ !!

കുലനാമവും ചിലർ സ്വന്തനാമം പോലും
ഈ നാടു പുൽകുവാൻ മാറ്റിക്കുറിക്കുന്നു !!
നാട്ടിൽക്കഴിയുന്ന ബന്ധുക്കളെപ്പോലും,
നാണക്കേടില്ലാതെ വിസ്മരിച്ചീടുന്നു !!

അന്നവരക്കത്തെയേഴായ്പ്പെരുക്കിയാൽ
ഇന്നവരക്കം പെരുക്കുന്നു നാൽപ്പതായ് !!
അക്കത്തിൻ വലതായ് പൂജ്യങ്ങൾ കൂടിലും,
അക്കമൂല്യങ്ങളോ ശുഷ്ക്കം ദിനം തോറും !!

അടിമത്തമെന്നതു ലിങ്കണ്‍ തൻ ഭാഷയിൽ
കടലാസിലെഴുതി നിരോധിച്ച സത്യം !!
അക്ഷരാർത്ഥത്തിലിന്നടിമത്തമല്ലേ
പക്ഷഭേദത്തോടെ കാട്ടും പലയിടം !!

ഇവിടെ സ്വാതന്ത്ര്യമതൊന്നിനു മാത്രം
ഇന്നേയ്ക്കിണയെ വേണേൽത്തരമാക്കാം !
ഇതുകണ്ടു ഭരണകർത്താക്കൾ ചൊല്ലീ-
പൊതുവേ കുട്ടിക്കമ്മ മാത്രം മതിയേ.

പണ്ടു ബ്രിട്ടീഷിനോടുള്ള വൈരം തീർക്കാൻ
പടച്ചവയെല്ലാം തലതിരിഞ്ഞായി !!
പൂട്ടും താക്കോലും തിരിച്ചുവെച്ചീടും പോൽ-
പലതിലും കാണാമമേരിക്കൻ തന്ത്രം.

ഒന്നതു ചൊല്ലാതിരിക്കുവാൻ വയ്യല്ലോ
വിദ്യവശത്താക്കാനിവിടമാണുത്തമം
വൈദ്യുതി, കുടിനീർ, വാഹനസൗകര്യം
ഇത്യാദിയെല്ലാമിവിടെ സുലഭം.

കമ്പ്യൂട്ടർ ലോകമതിമെച്ചമാണിങ്ങു
കച്ചവടത്തിലുമുണ്ടതി തന്ത്രങ്ങൾ
തൊഴിൽ ചെയ്തീടാൻ മടിയില്ലെങ്കിലിങ്ങു
തൊഴിലേതും കിട്ടീടുമെന്നതു നിശ്ചയം !!

(പീറ്റർ നീണ്ടൂർ)



അടുക്കള - മസാല ദോശ + തേങ്ങ ചമ്മന്തി

ദോശ ചേരുവകൾ:-

1. പച്ചരി : 1/2 കിലോ
2. ഉഴുന്ന് : 300 ഗ്രാം
3. ചോറ് : 1 ചെറിയ തവി
4. ഉപ്പ് : പാകത്തിന്

തയ്യാറാക്കുന്ന വിധം:-

നന്നായി വെള്ളത്തിൽ കുതിർത്ത അരിയും, ഉഴുന്നും മിക്സിയിൽ വെവ്വേറെ അരച്ചെടുത്തതിനുശേഷം അരച്ച ചോറും പാകത്തിനു ഉപ്പും ചേർത്ത് ഒരു പാത്രത്തിലാക്കി വയ്ക്കുക. ഈ മാവ് നന്നായി പൊങ്ങുന്നതിനു വേണ്ടി കുറച്ചു മണിക്കൂറുകൾ വെയിറ്റ് ചെയ്യുക. (ഒരൽപം യീസ്റ്റ് ചേർത്താൽ മാവ് കുറച്ചൂടെ നേരത്തെ പുളിച്ചു പൊങ്ങും).

മസാല ചേരുവകകൾ:-

1. ഉരുളക്കിഴങ്ങ് : 1/2 കിലോ
2. സവാള : 3/4 കിലോ
3. പച്ചമുളക് : 5 എണ്ണം
4. കറിവേപ്പില : 1 തണ്ട്
5. കടുക് : 1 ടീ സ്പൂണ്‍
6. മഞ്ഞൾപ്പൊടി : 1 ടീ
7. വെളിച്ചെണ്ണ : 2 ടേബിൾ സ്പൂണ്‍
8. ഉപ്പ് : പാകത്തിന്

തയ്യാറാക്കുന്ന വിധം:-

ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടച്ചെടുക്കുക. ചീനച്ചട്ടി അടുപ്പില് വെച്ച് കടുക് പൊട്ടിച്ചശേഷം സവാളയും പച്ചമുളുക് വട്ടത്തിൽ അരിഞ്ഞതും ചേർത്തു വഴറ്റുക. വഴന്നു കഴിയുമ്പോൾ ഉരുളക്കിഴങ്ങ് പൊടിച്ചതും മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്തു ഇളക്കിവയ്ക്കുക.

ദോശക്കല്ല് അടുപ്പത്തുവെച്ചു ചൂടാകുമ്പോൾ എണ്ണ പുരട്ടി മാവൊഴിച്ച് പരത്തുക. ഇതിൻറ്റെ നടുക്കായി തയ്യാറാക്കി വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് മസാല ഒരു തവിയോളം എടുത്തു പരത്തിപ്പിടിപ്പിക്കുക. ദോശ നല്ലതുപോലെ മൊരിയുന്നതുവരെ തിരിച്ചും മറിച്ചും ഇടുക. ഇനി ദോശ ഒരറ്റത്തുനിന്നും കുറേശെ മടക്കിയെടുക്കുക.


തേങ്ങ ചമ്മന്തി

ആവശ്യമായ ചേരുവകൾ:-

1. തേങ്ങ : 1/2 മുറി
2. ചുവന്നുള്ളി : 7-8 എണ്ണം
3. വറ്റൽ മുളക് : 4 എണ്ണം
4. കടുക് : 1/2 ടീ സ്പൂണ്‍
5. കറിവേപ്പില : 1 തണ്ട്
6. വെളിച്ചെണ്ണ : 2 ടേബിൾ സ്പൂണ്‍
7. ഉപ്പ് : പാകത്തിന്

തയ്യാറാക്കുന്ന വിധം:-

തേങ്ങ തിരുമ്മിയതും, ഉള്ളിയും, വറ്റൽമുളകും ചേർത്തരയ്ക്കുക. ചീനച്ചട്ടിയിൽ കടുക് വറുത്തിട്ട്, കറിവേപ്പില ഇട്ടു മൂപ്പിക്കുക. അരപ്പ് അതിലേയ്ക്കിട്ടു പാകത്തിന് ഉപ്പും വെള്ളവും ചേർത്തു നന്നായി ഇളക്കി തിളപ്പിക്കുക.

NOTE: Three Tea Spoons = 1 Table Spoon (1 Teaspoon equals about 5 milli liters; 1 Tablespoon equals about 15 milli liters)

(രജനി തരുണ്‍ നമ്പൂതിരി, പട്ട്യാൽ ഇല്ലം, ഓണംതുരുത്ത്)


യാത്രാവിവരണം: പനാമ-പെറു-മച്ചുപിച്ചു യാത്ര-12

പൂജാരി, രജനീകാന്ത് പകച്ചുനിന്നുപോയി ഈ അപ്രതീക്ഷിത ചോദ്യം ശ്രവിച്ച്. പരാതി തീർക്കുവാനായി ഞാൻ വിഗ്രഹങ്ങളിലേക്കു സൂക്ഷിച്ചുനോക്കുമ്പോൾ ശ്രീകോവിലിൻറ്റെ എതിർവശത്തെ ഒരു പീഠത്തിനു സമീപത്തുനിന്നും ഡോക്ടർ പോൾസണ്റ്റെശ വിളി. "ശങ്കറെ, ഇതാ സരസ്വതി ഇവിടെയുണ്ട്."

പോൾസണ്‍ നിന്ന ഭാഗത്തേക്കു ഞങ്ങൾ എല്ലാവരും നടന്നടുത്തു. അവിടെ രണ്ടു വിഗ്രഹങ്ങൾ കണ്ടു. ഒന്ന് സിന്ധി ദേവനായ ജൂലേലാലിൻറ്റെയും മറ്റൊന്ന് സരസ്വതിയുടെയുമാണ്.

"വിദ്യയുടെ കേദാരമായ സരസ്വതിദേവിയെ എന്തുകൊണ്ട് മുൻനിരയിൽ പ്രതിഷ്ഠിച്ചില്ല ?" ശങ്കർശാസ്ത്രിയുടെ അർത്ഥഗർഭമായ ചോദ്യം.

"മുൻനിരയിൽ മഹാലക്ഷ്മിയോടൊപ്പം സരസ്വതിയെ പ്രതിഷ്ഠിക്കേണ്ടതായിരുന്നു", പോൾസണ്‍ ശാസ്ത്രിജിയുടെ പക്ഷം ചേർന്നു. പക്ഷേ, ഞാൻ പൂജാരിക്കൊപ്പം ചേർന്നുകൊണ്ട് അദ്ദേഹത്തെ ന്യായീകരിച്ചു. "ശങ്കർജി, ഇതു പാശ്ചാത്യലോകമല്ലേ ? ഇവിടെ ഭാര്യമാർക്കല്ലേ മുൻഗണന. അതുകൊണ്ടാണ് ലക്ഷ്മീദേവിയെ മഹാവിഷ്ണുവിനൊപ്പം പ്രതിഷ്ഠിച്ചത്."

"എക്സാക്റ്റിലി" കഥയറിയാതെ ആട്ടം കണ്ട കരോളൈനയ്ക്ക് ഇപ്പോൾ സംഗതി പിടികിട്ടി. സരസ്വതിയെ പീഠത്തിൽനിന്നും ഒന്നുയർത്തുവാൻ പോൾസണ്‍ ആവുന്നത് ശ്രമിച്ചു. പക്ഷേ, സരസ്വതി അവിടെ ഉറച്ചിരിക്കുകയാണ്.

ഈ സമയം പൂജാരിയുടെ ഒരു സഹായി ഒരു ട്രേ നിറയെ ലഡുവും ജിലേബിയും ചായയും ഇന്ത്യൻ മിഠായിയും കൊണ്ടുവന്നു. ഇന്ത്യ വിട്ടതിനുശേഷം ഞങ്ങൾ ജിലേബി കണ്ടതും തിന്നതും പനാമയിലെ ഹിന്ദു ടെമ്പിളിൽ വച്ചാണ്. ഹിന്ദുവിശ്വാസികൾ പനാമയിൽ കൊണ്ടുവന്നിരുന്നു. പെണ്കു ട്ടികൾ ഇന്ത്യൻ വേഷം അണിഞ്ഞാണ് ക്ഷേത്രത്തിൽ വരുന്നത്. പൈജാമയും കൈനീളമുള്ള ഷർട്ടുമാണ് പുഷന്മാരുടെ വേഷം. വേഷ്ടി ധരിച്ചുവന്ന ഗുജറാത്തികളെയും അവിടെ കണ്ടു. ക്ഷേത്രസമയം രാവിലെ ഏഴരമണി മുതൽ ഉച്ചയ്ക്ക് പതിനൊന്നര മണിവരെയാണ്. വൈകുന്നേരം നാലര മുതൽ ഏഴര വരെയും ക്ഷേത്രത്തിൽ ആരാധനയുണ്ട്. ഈ സമയം നാട്ടിലെപ്പോലെ ക്ഷേത്രമണിനാദം കേൾക്കാം. ക്ഷേത്രത്തിനുള്ളിലെ കർപ്പൂരധൂമം പ്രാർത്ഥനയ്ക്കും ആത്മീയതയ്ക്കും ഇമ്പമേകും ക്ഷേത്രപരിസരം ചുറ്റിനടന്നു കണ്ടതിനുശേഷം ഉച്ചസമയത്ത് ഞങ്ങൾ പൂജാരിയോടും ക്ഷേത്രത്തിലെത്തിയ പനാമേനിയൻ ഇന്ത്യാക്കാരോടും യാത്ര പറഞ്ഞു.

പനാമയിൽ പതിനോരായിരം ഹിന്ദുക്കൾ ഉണ്ടെന്നാണ് അവർ പറഞ്ഞത്. ഗൈഡായി വന്ന കരോളൈനയ്ക്ക് കൃഷ്ണനെയും പരമശിവനെയും അവരുടെ ഭാര്യമാരെയും മറ്റും വിശദീകരിച്ചുകൊടുക്കേണ്ടി വന്നു ഞങ്ങൾക്ക്. കൃഷ്ണൻറ്റെ ഓടക്കുഴലും പരമശിവൻറ്റെ കഴുത്തിലെ പാമ്പിനെയും മറ്റും വിവരിച്ചു കേൾക്കുവാൻ കരോളൈനയ്ക്ക് മോഹം.

ഇടയ്ക്കു പോൾസണ്‍ ഉപദേശിച്ചു. "കൂടുതൽ വിവരിക്കണ്ട. പിന്നെ ഇതെല്ലാം അറേഞ്ച്ഡ് മാര്യേജാണോന്നവൾ ചോദിക്കും."

പോൾസണ്റ്റെറ പച്ചമലയാളത്തിലുള്ള ഇടപെടൽ കേട്ട് എനിക്ക് ചിരി അടക്കാൻ പറ്റാതെ വന്നു. ശിവൻറ്റെയും പാർവ്വതിയുടെയും മംഗല്യം വിവരിക്കുന്ന നേരത്ത് ഞങ്ങൾക്ക് പനാമക്കാര്യങ്ങൾ കരോളൈനയിൽ നിന്നും കേട്ട് പഠിക്കാം. അതാണ്‌ നല്ലത്. അതല്ല, ശിവൻറ്റെയും പാർവ്വതിയുടെയും വിവാഹം ലൗ മാര്യേജാണന്നു കരോളൈന അറിഞ്ഞാൽ പ്രശ്നം ഗുരുതരമാകും. (തുടരും...)

(എം.സി ചാക്കോ മണ്ണാറക്കാട്ടിൽ)



എൻറ്റെ സിനിമാനുഭവങ്ങൾ

വളരെ ചെറുപ്പത്തിൽ തന്നെ സിനിമ എന്നെ വളരെയധികം ആകർഷിച്ചിരുന്നു. സ്ക്രീനിലെ ഓരോ കാഴ്ചകളും സംഘട്ടനങ്ങളും പാട്ടുകളും ഡയലോഗുകളുമെല്ലാം എന്നെ അത്ഭുതകരമായ ഒരു മായികലോകത്തേക്ക്‌ കൈപിടിച്ചുയർത്തിയിരുന്നു. എൻറ്റെ ഡാഡിയും ഒരു സിനിമാപ്രേമിയായിരുന്നതിനാൽ വല്ലപ്പോഴുമൊക്കെ കോട്ടയത്തെ അനുപമ തീയേറ്ററിൽ ഞങ്ങൾ മക്കൾ എല്ലാവരെയും കൂട്ടി സിനിമ കാണാൻ പോകുമായിരുന്നു. കുഷ്യനിട്ട കസേരയിൽ കുഞ്ഞമ്മച്ചിയുടെ അടുത്തിരിക്കുമ്പോൾ മനസ്സിൽ ഉയർന്നിരുന്ന ആഹ്ലാദവും അത്ഭുതവും, ഇന്നും ഓർമ്മകളിൽ പച്ചപിടിച്ചു നിൽക്കുന്നു.

ഒരിക്കൽ "മിശിഹാചരിത്രം" കാണാൻപോയതും, ആ സിനിമയുടെ അവസാനരംഗങ്ങളിൽ കർത്താവിനെ കുരിശിൽ തറയ്ക്കുന്ന ഭാഗത്ത് വാവിട്ടു കരഞ്ഞതും കുഞ്ഞമ്മച്ചി "ഇത് ചുമ്മാ കാണിക്കുന്നതാടാ" എന്നും പറഞ്ഞ് ആശ്വസിപ്പിച്ചു മടിയിൽ കയറ്റിയിരുത്തിയതും ഇന്നും ഞാനോർക്കുന്നു. ഒടുവിൽ സിനിമ കഴിഞ്ഞപ്പോൾ, കർത്താവും മറ്റുള്ളവരും സ്ക്രീനെന്നു പറയുന്ന വെള്ളത്തുണിയുടെ പുറകിൽ ഉണ്ടന്നു വിചാരിച്ച് അവരെ കാണണമെന്ന് പറഞ്ഞു കരഞ്ഞതും, ഒടുവിൽ ഡാഡി പേടിപ്പിച്ച്, കാറിൽ കയറ്റി തിരിച്ചു കൊണ്ടുപോന്നതുമെല്ലാം എൻറ്റെ സിനിമാനുഭവങ്ങളിൽ മായാതെ നിൽക്കുന്ന സംഭവങ്ങളാണ്. പിൽക്കാലങ്ങളിൽ എന്നെ കളിയാക്കാനുള്ള പ്രധാന ആയുധമായി ഈ സംഭവം എൻറ്റെ സഹോദരിമാർ ഉപയോഗപ്പെടുത്തിയിരുന്നു എന്നും ഇവിടെ ഞാൻ പ്രത്യേകം സ്മരിക്കുകയാണ്. എന്തായാലും ചെറിയ പ്രായത്തിൽ തന്നെ സിനിമ അത്രകണ്ട് എന്നെ ആകർഷിച്ചിരുന്നു എന്നതാണ് സത്യം.

എൻറ്റെ കൗമാരകാലഘട്ടങ്ങളിലാണ് നീണ്ടൂർ ജിജോ പിറവിയെടുക്കുന്നത്. ഞങ്ങളുടെ തൊട്ടയൽപക്കമായ വെട്ടിക്കാട്ട് ഉപ്പച്ചൻ അപ്പാപ്പനായിരുന്നു അതിൻറ്റെ ഉടമ. ഒരു കുടുംബം പോലെ ജീവിച്ചിരുന്ന ഞങ്ങളെ സംബന്ധിച്ചിടത്തോളം, അത് ഞങ്ങളുടെ തീയേറ്റർപോലെ തന്നെ ആയിരുന്നു. അതുപോലെ തികഞ്ഞ സ്വാതന്ത്ര്യം ജിജോ തീയേറ്ററിൽ, അത് നടത്തിയിരുന്ന ഉപ്പച്ചൻ അപ്പാപ്പൻറ്റെ മകൻ തൊമ്മിക്കുഞ്ഞ് ചേട്ടായി എനിക്കനുവദിച്ചുതന്നിരുന്നു. ടിക്കറ്റ്കൗണ്ടറിൽ കയറിയിരിക്കാനും പ്രൊജക്ടർ റൂമിൽ കയറാനുമൊക്കെ ആ ബന്ധമുപയോഗിച്ചു എനിക്ക് കഴിഞ്ഞിരുന്നു. സമപ്രായക്കാരായ കൂട്ടുകാരുടെ മുന്നിൽ അതുകൊണ്ടുതന്നെ ഒരു പ്രത്യേകത എനിക്ക് അനുവദിച്ചു കിട്ടിയിരുന്നു.

പൗരുഷത്തിൻറ്റെ മൂർത്തീരൂപമായ ജയനും, പുരുഷ സൗന്ദര്യത്തിൻറ്റെ പര്യായമായ നസീറുമൊക്കെ എന്നെ വളരെയധികം സ്വാധീനിച്ചിരുന്നു. ഓരോ സിനിമ കണ്ടുകഴിഞ്ഞു വീട്ടിൽ ചെല്ലുമ്പോൾ കണ്ണാടിയുടെ മുൻപിൽ ജയനെപ്പോലെയും നസീറിനെപ്പോലെയും ഒക്കെ അഭിനയിച്ചു നോക്കുന്നത് എൻറ്റെ ഒരു വലിയ വിനോദമായിരുന്നു. എൻറ്റെ കൗമാരസങ്കൽപ്പങ്ങളിൽ അവർക്കൊക്കെ വലിയ സ്ഥാനമാണുണ്ടായിരുന്നതെന്ന് ഇന്ന് പിന്തിരിഞ്ഞുനോക്കുമ്പോൾ ഞാൻ അതിശയത്തോടെ മനസിലാക്കുന്നു.

യൗവനത്തിലേക്ക് കാലൂന്നുന്ന കാലഘട്ടത്തിൽ ജിജോ തീയേറ്റർ കുറേക്കാലം ഏറ്റെടുത്ത് നടത്താനുള്ള ഭാഗ്യമോ നിർഭാഗ്യമോ എനിക്കുണ്ടായി, എന്നുകൂടി പ്രസ്താവിക്കാതെ എൻറ്റെ സിനിമാനുഭവങ്ങൾ പൂർണ്ണമാവില്ല. സുഹൃത്തായ വാര്യത്തെ കൊച്ചേട്ടൻറ്റെ മകൻ ജോണ്സിയും ഞാനും കൂടി ഒന്നൊന്നര വർഷക്കാലം, അങ്ങനെ നമ്മുടെ നീണ്ടൂരിലൂടെ സിനിമാതീയേറ്ററിൻറ്റെ മുതലാളിമാരായും വിലസി. ടിവിയുടെ അതിപ്രസരം മൂലം ആളുകൾ തീയേറ്ററുകൾ ഉപേക്ഷിച്ചതും, ചെറുപ്പക്കാർ സിനിമ കാണാൻ ടൗണിലെ വലിയ തീയേറ്ററുകളെ ആശ്രയിച്ചതുമൊക്കെ ഞങ്ങളുടെ സിനിമ വ്യവസായത്തിന് തിരിച്ചടിയായി എന്നത് വേറെ കാര്യം.

ആയിടക്കാണ് അയൽവാസിയും സുഹൃത്തും സർവ്വോപരി സഹോദരതുല്യനുമായ തൊമ്മിക്കുഞ്ഞ് ചേട്ടായി സിനിമനിർമ്മാണരംഗത്ത് കൈവച്ചത്. അദ്ദേഹം നിർമ്മിച്ച "കൂടിക്കാഴ്ച്ച" എന്ന സിനിമയുടെ ആലപ്പുഴയിലെ ലൊക്കേഷനിൽ വച്ചാണ് നടൻ ജയറാമിനെ ഞാനാദ്യമായി കാണുന്നത്. ഓട്ടോഗ്രാഫിനായി തിക്കിത്തിരക്കുന്ന പെണ്കുട്ടികൾ, കൂടെനിന്ന് ഫോട്ടോ എടുക്കാനായി തിരക്കുകൂട്ടുന്ന ആളുകൾ, എല്ലാവിധ സുഖസൗകര്യങ്ങളോടും ജാടകളോടും കൂടി സുന്ദരനായ ജയറാം. അവിടെ കണ്ട കാഴ്ചകൾ എൻറ്റെ മനസ്സിനെ സ്വാധീനിച്ചു. ഒരു സിനിമാനടനായാലെന്താ എന്ന് വളരെ കൂളായി ഞാനും ചിന്തിച്ചുതുടങ്ങി. സിനിമയെ സ്നേഹിച്ചിരുന്ന കൂട്ടുകാരുടെ പ്രോത്സാഹനം കൂടിയായപ്പോൾ സിനിമ നടനാകണമെന്നുള്ള എൻറ്റെ ആഗ്രഹം വളരാൻ ആരംഭിച്ചു.

കോട്ടയം അനുഗ്രഹ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന സമയം പ്രശസ്ത സംവിധായകനായ ഫാസിലിൻറ്റെ മാതാവ് വാർധക്യസഹജമായ അസുഖങ്ങളാൽ അവിടെ അഡ്മിറ്റായി. ഹോസ്പിറ്റൽ മാനേജ്മെൻറ്റുമായുള്ള പിടിപാടുകൾ കൊണ്ടും, ചെറുപ്പത്തിൻറ്റെ ആകർഷണീയത കൊണ്ടും, ഞാൻ അവിടെ കത്തിനിൽക്കുന്ന സമയം. ഞാനും ഫാസിലിൻറ്റെ ഉമ്മയും തമ്മിൽ അടുത്ത സ്നേഹിതരായി മാറാൻ അധിക സമയം വേണ്ടിവന്നില്ല. കുഞ്ഞമ്മച്ചിയെ ചെറുപ്പത്തിലെ നഷ്ടപ്പെട്ട എനിക്ക് മാതൃസ്നേഹം വാരിക്കോരി കിട്ടിയത് ഒരു പരിധിവരെ ആ ഉമ്മയിൽ നിന്നായിരുന്നു. അങ്ങനെയിരിക്കെ ഒരുദിവസം പലകാര്യങ്ങൾ സംസാരിച്ച കൂട്ടത്തിൽ ഉമ്മ പറഞ്ഞു "നിന്നെ കാണാൻ നല്ല ശേലുണ്ടല്ലോടാ മോനെ... ഞാൻ എൻറ്റെ മോനോട് പറഞ്ഞു നിന്നെ സിനിമയിലഭിനയിപ്പിക്കട്ടെ"

ഉള്ളിൽ അണഞ്ഞുകിടന്നിരുന്ന സിനിമാമോഹങ്ങളെ ആ വാക്കുകൾ ആളിക്കത്തിക്കുക തന്നെ ചെയ്തു. ഉറങ്ങിക്കിടന്ന മോഹങ്ങൾ വീണ്ടും എൻറ്റെ മനസ്സിൽ ചിറകുവച്ചു പറക്കാൻ തുടങ്ങി. മോഹൻലാലിനെയും ശങ്കറിനെയുമൊക്കെ വലിയ നടന്മാരാക്കിയ ഫാസിൽ സാറിൻറ്റെ പടത്തിൽ അഭിനയിക്കുന്ന കാര്യമോർത്തപ്പോൾ ഞാൻ സന്തോഷം കൊണ്ട് പൊട്ടിത്തെറിക്കുന്ന അവസ്ഥയിലായി. അങ്ങനെ ഉമ്മയുടെ നിർദ്ദേശാനുസരണം ഞാൻ ഫാസിൽസാറിനെ പോയികാണാൻ തീരുമാനിച്ചു. അങ്ങനെയിരിക്കുമ്പോൾ ഒരുദിവസം ഒരു ഫോണ്‍ വന്നു. വിളിച്ചത് ഫാസിൽ സാറായിരുന്നു. "ഉമ്മ നിൻറ്റെ കാര്യം പറഞ്ഞിരുന്നു. സമയം കിട്ടുമ്പോൾ ആലപ്പുഴ വരെ വരൂ" എന്നായിരുന്നു ആ സംസാരത്തിൻറ്റെ കാതൽ. ഞാൻ കോരിത്തരിച്ചുപോയി.

ഒരു സിനിമാനടനായ തോന്നലായിരുന്നു എനിക്ക്. സന്തോഷം കൊണ്ട് ഞാൻ മതിമറന്നുപോയി. എന്ത് ചെയ്യണമെന്നു എനിക്ക് അറിയില്ലായിരുന്നു. ഒരു സിനിമാനടനായി വില്ലേജ്ഹാൾ കവലയിൽ വന്നിറങ്ങുന്നതും, ആളുകൾ സ്നേഹാദരവുകളോടെ എന്നെ പൊതിയുന്നതുമൊക്കെ ഞാൻ ഭാവനയിൽ കണ്ടു. അങ്ങിനെ അധികം താമസിയാതെ ഞാനും എൻറ്റെ കൂട്ടുകാരനായ ആക്കക്കൊട്ടാരത്തിൽ തൊമ്മനും കൂടി, അവൻറ്റെ കാറിൽ ആലപ്പുഴയ്ക്ക് തിരിച്ചു. രണ്ടുമൂന്നു ജോഡി ഡ്രസ്സും തൊമ്മൻറ്റെ നിർദ്ദേശപ്രകാരം കരുതിയിട്ടുണ്ടായിരുന്നു. ഫാസിൽസാർ താമസിക്കുന്ന ഹോട്ടൽ മുറിയുടെ വാതിൽക്കൽ, വാതിൽ തുറക്കാൻ കാത്തുനിൽക്കുമ്പോൾ മനസു കിടന്നു പട പട മിടിക്കുന്നത്‌ എനിക്ക് കേൾക്കാമായിരുന്നു. എന്ത് ചോദിക്കും, എന്ത് പറയും എന്നെല്ലാമുള്ള അങ്കലാപ്പുകൾ എന്നിൽ നിറഞ്ഞു. നീണ്ടൂർപ്പള്ളി മാലാഖയെ മനസ്സിൽ വിചാരിച്ച് ഞാൻ ധൈര്യം നടിച്ചുനിന്നു.

ഒടുവിൽ വാതിൽ തുറക്കപ്പെട്ടു. അതാ പത്രത്തിൽമാത്രം കണ്ടുപരിചയമുള്ള ഫാസിൽസാർ തൊട്ടു മുൻപിൽ. പരിചയപ്പെടുത്തിയപ്പോൾ വളരെ സ്നേഹപൂർവ്വം ഉള്ളിലേക്ക് വിളിച്ചുകൊണ്ടുപോയി. കുശലാന്വേഷണങ്ങൾക്കു ശേഷം ഫാസിൽസാർ കാര്യത്തിലേക്ക് കടന്നു. എൻറ്റെ സിനിമയോടുള്ള ആവേശത്തെയും, അഭിനയത്തിൻറ്റെ നാൾവഴികളെയും കുറിച്ച് ചോദിച്ചറിഞ്ഞതിനുശേഷം ഒടുവിൽ അദ്ദേഹം പറഞ്ഞു. "ജൈറോസേ, സിനിമ എന്ന് പറയുന്നത് ഒരു ഞാണിന്മേൽകളിയാണ്. രക്ഷപെട്ട് പേരും പ്രശസ്തിയും നേടുന്നത് വളരെ കുറച്ചുപേർ മാത്രമാണ്. പരാജയപ്പെടുന്നവരാണ് അധികവും. നീ ചെറുപ്പമാണ്. നല്ലൊരു ജോലിയും ഉണ്ട്. ആ ലൈനിൽതന്നെ തുടർന്നു ജീവിതത്തിൽ രക്ഷപെടുകയാണ് പ്രധാനം. പിന്നെ സിനിമ, അത് നിനക്കുള്ളതാണെങ്കിൽ എന്നെങ്കിലും അത് നിന്നെത്തേടി വന്നോളും. അങ്ങനെയല്ല, നിനക്ക് സിനിമ ആണ് പ്രധാനം എന്നുണ്ടെങ്കിൽ ഇപ്പോൾ അനിയത്തിപ്രാവ് എന്നൊരു സിനിമ ഞാൻ ചെയ്യുന്നുണ്ട്. അതിൽ ഒരു റോൾ തരാം. അപ്പോൾ ജോലിയൊക്കെ ഉപേക്ഷിക്കേണ്ടിവരും. ആലോചിച്ചു തീരുമാനിക്കുക."

ഫാസിൽസാറിനോട് യാത്രപറഞ്ഞു തിരിച്ചുപോരുമ്പോൾ എൻറ്റെ മനസ്സിൽ ഒരു യുദ്ധം നടക്കുകയായിരുന്നു. അന്നുവരെ കഷ്ടപ്പെട്ട് ഉണ്ടാക്കിയ കരിയർ ഉപേക്ഷിച്ച്, സിനിമയെന്ന മായികലോകത്തിനു പിൻപേ ഇറങ്ങിത്തിരിക്കണോ? അതോ ജീവിതത്തിൽ കുറച്ചുകൂടി സുരക്ഷിതമായ ഒരിടം പിടിക്കണോ? ജോലി ഉപേക്ഷിച്ചു കുട്ടിക്കാനത്തിനു അനിയത്തിപ്രാവിൽ അഭിനയിക്കാൻ പോണോ? അതോ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു അനുഗ്രഹയിൽ ജോലിക്ക് പോണോ? ഇപ്പോൾ പിന്തിരിഞ്ഞുനോക്കുമ്പോൾ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ഘട്ടമായിരുന്നു അതെന്നും, ശരിയായ തീരുമാനമെടുക്കാൻ ദൈവത്തിൻറ്റെ സഹായത്താൽ എനിക്കു കഴിഞ്ഞുവെന്നും, സംതൃപ്തിയോടെ അതിലുപരി ആ തീരുമാനമെടുക്കാൻ എന്നെ സഹായിച്ച എല്ലാവരേയും നന്ദിയോടെ ഞാൻ ഓർക്കുന്നു.

അതെ, അൽപ്പം വിഷമത്തോടെയാണെങ്കിലും എൻറ്റെ സിനിമാമോഹങ്ങളെ ഞാൻ ഉപേക്ഷിച്ചു. കുട്ടിക്കാനത്തിനു ഫാസിൽസാർ പറഞ്ഞ സമയത്ത് ഞാൻ പോയില്ല. വിഷമത്തോടെയാണെങ്കിലും ഒരു സിനിമാ നടനാവുക എന്ന മോഹം ഞാൻ മനസ്സിൻറ്റെ അലമാരയിൽ വച്ച് പൂട്ടി. അതുകൊണ്ട് തന്നെ എൻറ്റെ കരിയറിൽ ഉയരുവാനും, മെച്ചപ്പെട്ട ഒരു ജീവിതം നയിക്കുവാനും എനിക്കിന്നു സാധിക്കുന്നു എന്ന് വളരെ വിനയപൂർവ്വം പറഞ്ഞുകൊള്ളട്ടെ.

അതിനുശേഷമായിരുന്നു അമേരിക്കക്ക് പോകാനുള്ള ദൈവാനുഗ്രഹം എനിക്കുണ്ടായത്. അവിടുത്തെ തിരക്കുപിടിച്ച ജീവിതവും, പിന്നീട് കല്യാണവും, കുട്ടികളും, കുടുംബജീവിതവും എല്ലാം സിനിമയേക്കുറിച്ചോ, ഒരു സിനിമാ നടനാവുന്നതിനെക്കുറിച്ചോ ചിന്തിക്കാൻ പോലും എന്നെ അനുവദിച്ചില്ല എന്നതായിരുന്നു പരമാർത്ഥം. അനിയത്തിപ്രാവിനെയും ഫാസിൽസാറിനെയും ഒക്കെ മറന്നു എന്ന് പറയുന്നതാവും ശരി. അങ്ങനെ ജീവിത തിരക്കുകളിൽ വർഷങ്ങൾ ഒഴുകി കടന്നുപോയി.

പിന്നീട് അമേരിക്കയിൽനിന്നു ഒരു ബ്രേക്കെടുത്ത് സകുടുംബം നാട്ടിൽവന്നു കുറച്ചുനാളേക്ക് സെറ്റിൽ ചെയ്ത് ജീവിക്കുമ്പോൾ, ഒരു സിനിമാനടനാകണമെന്നുള്ള മോഹമൊക്കെ പൊയ്പ്പോയിക്കഴിഞ്ഞിരുന്നു. ചെറുപ്പത്തിൻറ്റെ ഒരു പിള്ളകളി എന്നതിൽക്കവിഞ്ഞ പ്രാധാന്യമൊന്നും ഞാനീവക കാര്യങ്ങൾക്ക് നൽകിയിരുന്നില്ല. അങ്ങിനെയിരിക്കെ ഞായറാഴ്ച കുർബ്ബാനയും കഴിഞ്ഞു നിൽക്കുമ്പോൾ പുത്തൻപുരയിലെ രാജുചേട്ടായി എന്നോട് ഒരു കാര്യം പറഞ്ഞു. "ജൈറോസേ ഞാനൊരു പുതിയ സിനിമ ചെയ്യുന്നുണ്ട്, അതിൽ ഒരു റോളിനു കണ്ടുവച്ചിരിക്കുന്നത് നിന്നെയാണ്." സിനിമാരംഗത്ത് വർഷങ്ങളുടെ പരിചയവും പല സിനിമകളും കഥയെഴുതി സംവിധാനം ചെയ്യുകയും ചെയ്ത രാജുചേട്ടായി അങ്ങനെ പറഞ്ഞപ്പോൾ സത്യം പറഞ്ഞാൽ ഞാൻ ഞെട്ടിപ്പോയി.

"സിനിമാ നിനക്കുള്ളതാണെങ്കിൽ അതെന്നെങ്കിലും നിന്നെത്തേടി വന്നോളും." എന്ന ഫാസിൽസാറിൻറ്റെ വാക്കുകൾ എൻറ്റെ തലച്ചോറിൽ മിന്നിത്തെളിഞ്ഞു. ഒരിക്കൽ ഞാനുപേക്ഷിച്ച സിനിമ ഇതാ എന്നെത്തേടി വന്നിരിക്കുന്നു. ചെറുപ്പത്തിൽ വളരെ വിഷമത്തോടെ ഞാനെൻറ്റെ മനസ്സിൻറ്റെ അലമാരയിൽ വച്ച് പൂട്ടിയ സ്വപ്നം പൊടി തട്ടിയെടുക്കാൻ സമയമായി എന്ന് ഞാൻ തിരിച്ചറിഞ്ഞു.

ഇതൊരു നിയോഗമായിരിക്കാം. ഞാൻ ആഗ്രഹിക്കാതെ, പ്രതീക്ഷിക്കാതെ, സ്വപ്നം കാണാതെ, ഇതാ ഞാനുമൊരു സിനിമാനടനായിരിക്കുന്നു. രാജുചേട്ടായിയുടെ "സോളാർസ്വപ്നം" എന്ന സിനിമയിൽ ഇൻസ്പെക്ടറുടെ വേഷത്തിൽ ഞാൻ അഭിനയിച്ചിരിക്കുന്നു. വർഷങ്ങളുടെ പഴക്കമുള്ള ഒരു ആഗ്രഹം, ഒരു സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നു. ജീവിതമൊരിക്കലും നമ്മളാഗ്രഹിക്കുന്ന വഴികളിലൂടെയാവില്ല, നമ്മളെ വലിച്ചുകൊണ്ട് പോകുന്നത്. പക്ഷെ നമുക്കുള്ളത്, നമുക്കായി നമ്മുടെ ജീവിതവഴികളിൽ നമ്മളെ കാത്തിരിക്കുകതന്നെ ചെയ്യും. ഒരുപക്ഷെ, നമ്മൾപോലുമറിയാതെ.

ഒരുപക്ഷെ ഞാനീ റോളിനു അർഹതയില്ലാത്തവനായിരിക്കാം. എനിക്ക് പകരം മറ്റൊരാൾ ആ വേഷം ചെയ്തിരുന്നുവെങ്കിൽ കുറേക്കൂടി അത് ഭംഗിയാവുകയും ചെയ്തേനെ. പക്ഷേ ആ റോൾ ഞാൻ തന്നെ ചെയ്യണമെന്നു ആരോ എവിടെയോ മുൻകൂട്ടി തീരുമാനിച്ചിട്ടുണ്ടാവും. അതുകൊണ്ടാണ് ഈ വേഷപ്പകർച്ചയെ ഒരു നിയോഗമായി കാണുവാൻ ഞാൻ ഇഷ്ടപ്പെടുന്നത്.

ഓരോ ഗോതമ്പ് മണിയിലും അതിനവകാശപ്പെട്ടവൻറ്റെ പേര് എഴുതിവച്ചിട്ടുണ്ടാവും എന്ന ബൈബിൾ വചനത്തിനു മുൻപിൽ നമിച്ചുകൊണ്ട് ഒരു സിനിമാനടൻ എന്ന ഈ പുതിയ നിയോഗം രാജുചേട്ടായിയുടെ "സോളാർസ്വപ്നം" എന്ന സിനിമയിലൂടെ നിങ്ങൾ ഓരോരുത്തരുടെയും മുൻപിൽ സവിനയം ഞാൻ സമർപ്പിക്കുകയാണ്. സ്നേഹത്തോടെ.....

(ജൈറോസ് പതിയിൽ)



റിലീസിങ്ങിനൊരുങ്ങി സുനീഷിൻറ്റെ "കൃഷ്ണയക്ഷ"

കൃഷ്ണ ശാപമേറ്റ യക്ഷൻറ്റെ കഥ പറയുന്ന "കൃഷ്ണയക്ഷ" റിലീസിങ്ങിന് ഒരുങ്ങുന്നു. കേരള ഭൂഷണം സാഹിത്യ പുരസ്‌കാരം നേടിയ സുനീഷ് നീണ്ടൂർ "നൊമ്പരം" എന്ന ചിത്രത്തിനുശേഷം രചനയും സംവിധാനവും നിർവ്വഹിച്ച ഈ ചിത്രം ഡിസംബർ മാസം അവസാനത്തോടെ തീയറ്ററുകളിൽ എത്തും. നീണ്ടൂർ, കൊല്ലംകോട്‌, തേനി ലോക്കേഷനുകളാണ്‌ ചിത്രീകരണത്തിനായി ഉപയോഗിച്ചത്. വൈശാലിക്കും ഞാൻ ഗന്ധർവ്വനും ശേഷം പുരാണവുമായി ബന്ധപ്പെട്ട ഒരു കഥ വീണ്ടും സിനിമയാകുകയാണ്. ഭക്തിയും പ്രണയവും രതിയും ഒത്തുചേർന്ന ഒരു കഥ. അതിൻറ്റെ ഭാവസൗന്ദര്യം ഒട്ടും ചോർന്നു പോകാതെ തന്നെ സുനീഷ് അത് ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു.

താരപരിവേഷങ്ങളില്ലാതെ കഥയ്ക്കും കഥാപാത്രങ്ങൾക്കും അനുയോജ്യരായ നടീ നടന്മാരെ മലയാളത്തിനു പുറമേ മറ്റു ഭാഷകളിൽ നിന്നും സംവിധായകൻ കണ്ടെത്തുകയായിരുന്നു. നായക കഥാപാത്രമായ യക്ഷനെ അവതരിപ്പിക്കുന്നത്‌ ബോളിവുഡ് നടനായ ശൗര്യയാണ്. കന്നഡ നടനായ കുൽദീപ് മറ്റൊരു പ്രധാന കഥാപാത്രമായെത്തുന്നു. നായിക കഥാപാത്രമായ വൈശാലിയായെത്തുന്നത് സാക്ഷാനാഥാണ്. ജയകൃഷ്ണൻ, ഉണ്ണികൃഷ്ണൻ കീഴില്ലം, സുനിൽ കൈപ്പുഴ, ജീന റെജു, പൗർണ്ണമി റിജാസ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

അയ്യായിരം വർഷങ്ങൾക്ക് മുമ്പ്, കൃഷ്ണശാപമേറ്റ യക്ഷൻറ്റെ കഥയാണ്‌ ചിത്രം പറയുന്നത്. ശാപമോക്ഷം കിട്ടിയതോടെ യക്ഷൻ കൂടുതൽ അപകടകാരിയായി മാറുന്നു. സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിച്ചിരുന്ന ഒരു കുടുംബത്തിലേക്ക് യക്ഷൻറ്റെ ദുഷ്ചെയ്തികൾ കടന്നുചെല്ലുന്നു. അതോടെ ആ കുടുംബം ശിഥിലമാകുന്നു. തുടർന്നുണ്ടാകുന്ന സംഭവങ്ങൾ പ്രേക്ഷകർക്ക്‌ ഒരു വിരുന്നായി മാറ്റിയിരിക്കുകയാണ് സുനീഷിലെ സംവിധായകൻ.

സംഗീത പ്രാധാന്യമുള്ള ചിത്രമാണ് കൃഷ്ണയക്ഷ. പന്ത്രണ്ട് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. "അക്കരക്കാഴ്ചകൾ" ഫെയിമും പ്രവാസ കവിയുമായ പീറ്റർ നീണ്ടൂർ, ബിജു ഗോപാൽ എന്നിവരടക്കം എഴ് ഗാനരചയിതാക്കളും, എഴ് സംഗീത സംവിധായകരും, ഒൻപത്‌ ഗായകരും ഇതിലെ ഗാനങ്ങൾക്ക് പിന്നിൽ അണിനിരന്നിരിക്കുന്നു.

ചിത്രത്തിൻറ്റെ മലയാളം റിലീസിങ്ങിനുശേഷം ഹിന്ദി, ഭോജ്പുരി, തെലുങ്ക്, തമിഴ് ഭാഷകളിലായി ചിത്രം ഡബ്ബ് ചെയ്യും. സെൻസർ ബോർഡ് കൃഷ്ണയക്ഷയ്ക്ക് "U" സർട്ടിഫിക്കറ്റ് നൽകിയത് ആവേശത്തോടെയാണ് ചിത്രത്തിൻറ്റെ അണിയറപ്രവർത്തകർ സ്വീകരിച്ചിരിക്കുന്നത് എന്ന് സുനീഷ് "നീണ്ടൂർ പ്രവാസി" ലേഖകൻ മനോജ്‌ തൈക്കൂട്ടത്തിലിനോട് പറഞ്ഞു. ട്വൊൻറ്റി പ്രൊഡക്ഷൻസിൻറ്റെ ബാനറിൽ സുനീഷ് നീണ്ടൂർ നിർമ്മാണവും, റെജി. വി. കുമാർ ഛായാഗ്രഹണവും നിർവ്വഹിച്ചിരിക്കുന്നു. സുനിൽ കൈപ്പുഴ, ജൂബി ഫിലിപ്പ്, സൈഫു വേങ്ങര, സെബാസ്റ്റ്യൻ ഒ. ജെ എന്നിവരാണ് സഹനിർമ്മാതാക്കൾ.



പുതിയ സിനിമ - ഇയ്യോബിൻറ്റെ പുസ്തകം

1900 മുതൽ 1970 വരെയുള്ള അടിയന്തിരാവസ്ഥക്കാലത്തെ നമ്മുടെ രാഷ്ട്രീയ സാമൂഹിക സംഭവവികാസങ്ങളെ ഒരു കമ്മ്യൂണിസ്റ്റ് സഖാവിൻറ്റെ (ടി. ജി രവി) ഓർമ്മകളിലൂടെ ശക്തവും മനോഹരവുമായ് ദൃശ്യവൽക്കരിച്ചിരിക്കുകയാണ് ഈ സിനിമയിൽ. 1900 -മാണ്ടോടെ ചൈനയിൽനിന്നുള്ള തേയിലയുടെ വരവ് നിന്നതോടെ, തേയിലയുടെ ഉൽപ്പാദനതിനും വിപണനത്തിനുമായി മൂന്നാറിലേക്ക് വന്ന യൂറോപ്പുകാരനായ സായിപ്പാണ്‌ ഹാരിസണ്‍. ഇഴജന്തുക്കളെ ഭയന്ന് കാട്ടിലേക്ക് പോകാതിരുന്ന കുടിയാന്മാരെ അടിച്ചും പ്രഹരിച്ചും കങ്കാണിമാർ മൂന്നാറിലെ കാടുകൾ വെട്ടിത്തെളിപ്പിച്ചു സ്വന്തം ആധിപത്യം ഇവിടെ ഉറപ്പിച്ചു. ഹാരിസണ്‍ ഇയ്യോബിനെ കണ്ടെത്തി തൻറ്റെ വേട്ടനായയെപ്പോലെ വളർത്തി, മാർഗ്ഗം കൂടിച്ച് ജോബ്‌ എന്ന് പേരും നൽകി.

ഇയ്യോബിൻറ്റെ പുസ്തകം എന്ന ചിത്രം കണ്ടശേഷം അമല്‍ നീരദ് എന്ന ഛായാഗ്രാഹകനെയാണോ സംവിധായകനെയാണോ നിങ്ങള്‍ കൂടുതല്‍ ഇഷ്ടപ്പെടുകയെന്നൊരു ചോദ്യം ഉന്നയിച്ചാല്‍ മറുപടി പറയാന്‍ പ്രയാസമാകും. കാരണം ഒരാളിലെ തന്നെ രണ്ടു കലാകാരന്മാര്‍ പരസ്പരം മൽസരിച്ചൊരുക്കിയ ചിത്രമാണ് ഇയ്യോബിൻറ്റെ പുസ്തകം എന്നുറപ്പിച്ചു പറയാന്‍ കഴിയും. മലയാള സിനിമ പുതിയൊരു ട്രൻഡിലേക്കു കടക്കുന്നതിൻറ്റെ സൂചനയാണ് ഈ ചിത്രം. തീർച്ചയായും നിറഞ്ഞ മനസ്സോടെ കണ്ടിരിക്കാവുന്ന ചിത്രം. അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിനു ശേഷം മൂന്നാറിൻറ്റെ സൗന്ദര്യം ഒട്ടും ചോർന്നുപോകാതെ കാമറാമാന്‍ ഒപ്പിയെടുത്തിരിക്കുകയാണിവിടെ.

ഫഹദ് ഫാസില്‍ എന്ന നായകനാണോ ജയസൂര്യ എന്ന വില്ലനാണോ ഈ ചിത്രത്തില്‍ നിങ്ങള്‍ കൂടുതല്‍ മാർക്കിടുക എന്നു ചോദിച്ചാലും കുഴങ്ങിപ്പോകും. അഭിനയിച്ച താരങ്ങളെല്ലാം ഒരേപോലെ തിളങ്ങിയ ചിത്രം അടുത്തൊന്നും മലയാളത്തിലുണ്ടായിട്ടില്ല. ഇയ്യോബിൻറ്റെ ജീവിതം വിവിധ കാലഘട്ടത്തിലൂടെ അവതരിപ്പിച്ച ലാലിലെ നടനെയും കയ്യടിക്കാതെ വയ്യ. വിനായകന്‍, ചെമ്പന്‍ വിനോദ്, ജിനു ജോസഫ്, പത്മപ്രിയ, ഇഷാ ഷെർവാണി, ലെന എന്നിങ്ങനെ ഓരോ കഥാപാത്രങ്ങളും സിനിമ തീർന്നാലും പ്രേക്ഷകർക്കൊപ്പം സഞ്ചരിച്ചുകൊണ്ടിരിക്കും.

കാലഘട്ട സിനിമയൊരുക്കുമ്പോള്‍ ഉണ്ടാകാവുന്ന ഡോക്യുമെൻറ്ററി സ്വഭാവം ഒട്ടും ഇല്ലാതെയാണ് സിനിമയൊരുക്കിയിരിക്കുന്നത്. ആകെ മുഷിപ്പിക്കുന്നത് പാട്ടുകള്‍ മാത്രമാണ്. അതേപോലെ അമല പോള്‍ അവതരിപ്പിക്കുന്ന ഐറ്റം ഡാൻസും. അങ്ങനെയൊന്ന് ഈ സിനിമയില്‍ തീരെ ആവശ്യമില്ലായിരുന്നു. ചെയ്യുന്ന സിനിമകളിലെല്ലാം ഐറ്റം ഡാൻസ് നിർബന്ധമുള്ള ആളാണ് അമല്‍ നീരദ്. അതുകൊണ്ട് ആ ഭാഗം പ്രേക്ഷകർക്ക് എഡിറ്റു ചെയ്യാം. ബ്രിട്ടീഷ് ഭരണം അവസാനിക്കുകയും സ്വതന്ത്ര ഇന്ത്യ രൂപപ്പെടുകയും ചെയ്യുന്ന കാലഘട്ടത്തിലെ സിനിമയാണിത്. ബ്ലാക്ക് ആൻഡ് വൈറ്റ് കാലഘട്ടമാണെങ്കിലും കാഴ്ചയില്‍ ഒട്ടും പിശുക്കുകാട്ടാതെയാണ് അമല്‍ നീരദിലെ കാമറാമാന്‍ പ്രവർത്തിച്ചത്. ആ കാമറാമാന് പൂർണ്ണ പിന്തുണ നൽകുന്നതായിരുന്നു അയാളിലെ സംവിധായകനും. നവാഗതനായ ഗോപന്‍ ചിദംബരത്തിൻറ്റെതാണ് കഥയും തിരക്കഥയും. സംഭാഷണം എഴുതാന്‍ ശ്യാം പുഷ്‌കറും ഗോപനൊപ്പം ചേരുന്നു. ഇതൊരു ചരിത്ര സിനിമയല്ല. ചരിത്രകാലത്തെ പ്രണയവും പോരാട്ടവും പ്രതികാരവും പകയും കാമവുമെല്ലാമാണ്. അത് എക്കാലത്തും തുടരുന്ന മനുഷ്യവികാരമാണെന്നാണ് ഇയ്യോബിൻറ്റെ പുസ്തകം വായിച്ചു കഴിയുമ്പോള്‍ പ്രേക്ഷകർക്ക് ബോധ്യമാകുന്നത്. ഈ ചരിത്ര വായന വെറുതെയാകില്ല എന്നുറപ്പാണ്.

ലാലിൻറ്റെ ഇയ്യോബ്, ഫഹദിൻറ്റെ അലോഷി, ഇഷാ ഷർവാണിയുടെ മാർത്താ, പത്മശ്രീയുടെ റാഹേൽ, ജയസൂര്യയുടെ അങ്കുർ റാവുത്തർ, ലെനയുടെ കഴലി, വിനോദ് ജോസിൻറ്റെ ദിമിത്രി, ജിനു ജോസഫിൻറ്റെ ഐവാൻ, വിനായകൻറ്റെ ചെമ്പൻ, കാര്യസ്ഥൻ ലാസർ, റോസമ്മ പുന്നൂസ് തുടങ്ങിയ എല്ലാ കഥാപാത്രങ്ങളും അവരവരുടേതായ റോളുകൾ ഭംഗിയാക്കി.

മൈനസ്: - ചിത്രത്തിൻറ്റെ ആദ്യപകുതിയുടെ അവസാനത്തിൽ തുടങ്ങിവച്ച സസ്പെൻസ് പൂർണ്ണമായും പ്രവചനാതീതം എന്ന് പറയുക വയ്യ. ഇതിനു തൊട്ടുമുൻപ് തന്നെ ചെമ്പൻ (വിനായകൻ) കാട് കയറേണ്ട അവസ്ഥ ഈ സസ്പെൻസിൻറ്റെ മുന്നോടിയും ഒരുക്കവുമാണെന്ന് പ്രേക്ഷകർക്ക്‌ മനസിലാകും. അതോടൊപ്പം ചിത്രത്തിലെ നായികാ പ്രാധാന്യമുള്ള ഗാനരംഗങ്ങളിൽ കഥാപാത്രത്തിൻറ്റെയും, കാലഘട്ടത്തിൻറ്റെയും പശ്ചാത്തലം പരിഗണിച്ച് വെസ്റ്റേണ്‍ ടച്ചുള്ള ഗാനങ്ങളായിരുന്നെങ്കിൽ കുറച്ചുകൂടി അഭികാമ്യമായേനെ.

വാൽക്കഷണം: - എന്തായാലും ചിത്രത്തിൻറ്റെ ആദ്യഭാഗത്ത് കാണിക്കുംപോലെ, മാനത്ത്നോക്കി, സാറ്റലൈറ്റ് പകർപ്പ് സ്വപ്നം കണ്ട്, എന്ത് ചവറ് വിപണിയിലിറക്കിയാലും മുടക്കുമുതൽ തിരികെ പിടിക്കാൻ പറ്റുമെന്ന് ചിന്തിക്കുന്ന പ്രൊഡ്യൂസർമാരുടെ നേരെ തുറന്നുവച്ച ഒരു പുസ്തകം തന്നെയാണ് ഇയ്യോബിൻറ്റെ പുസ്തകം.

(മനോജ്‌ തൈക്കൂട്ടത്തിൽ)



പ്രത്യാശ (കവിത)

വർണ്ണഭേദങ്ങൾ എല്ലാമൊഴിച്ച്
അഞ്ചുമൊന്നിൽ അടങ്ങുവാൻനിത്യം
സംഘബോധം തെളിക്കണേദേവാ!
സൃഷ്ടികർത്താവേ ദേവാതുണയ്ക്കണേ...
മന്നിലിന്നു അത്യുഗ്രമായ്നിൽക്കും
വർഗരാഷ്ട്രീയ ധേരണിയുദ്ധത്തിൽ
പങ്കുപറ്റാൻ നിനയ്ക്കാതെ നിഴലാം
"ചുവപ്പിൻനാട" പൊട്ടിച്ചെറിഞ്ഞ്
കേവലം ധർമ്മമാർഗ്ഗം ചലിക്കുക;
അഞ്ചുസോദരർ ഒന്നായിത്തീരുവാൻ
ബ്രഹ്മദേവൻ സദാതുണച്ചീടണേ?
മണ്ണിൽ വിണ്ണിൽ വിശ്വപ്രപഞ്ചമാകയും
സൃഷ്ടികർമ്മം നിർവഹിച്ചീടുന്ന
പഞ്ചവേദങ്ങൾ ആധാരമാക്കിയ
"സോദരന്മാർ" അറിയുക യക്ഷീണം
വിശ്വകർമ്മജർ നിശ്ചലമാകുകിൽ
മുപ്പത്തിമുക്കോടി ദേവകൾവാഴുമൊരു
ഈശ്വരാലയം തന്നെയെടുക്കുക
വിശ്വകർമ്മജർ സ്പർശനം ചെയ്തൊരു
വസ്തുക്കളൊക്കെ ഓരോന്നായ് മാറ്റിയാൽ
ആ പുണ്യക്ഷേത്രമൊരു മൈതാനമായിടും
ഇത്തരം പോന്ന സൽക്കർമ്മികൾ വൃഥാ
നിത്യാന്ധകാരത്തിൽ നീന്തിത്തുടിക്കുന്നു
വേദധർമ്മാദികൾ അനുഷ്ഠിച്ച നമ്മൾ
പൊൻകുടക്കീഴിൽ ആവുകയീക്ഷണം
അല്ലെന്നാവുകിൽ സൽസന്തതിയൊക്കെയും
ധർമ്മമാർഗം ത്യജിക്കേകുലംമുടിയും നിർണ്ണയം?

(പി. എസ്. പ്രസാദ് മുണ്ടമറ്റം, നീണ്ടൂർ)



കപ്പലുപെരുന്നാൾ (നോവൽ) - 6

കഥാപരിസരം: കുറവിലങ്ങാട്, കുറുപ്പന്തറ, മാഞ്ഞൂർ ചുറ്റുവട്ടങ്ങൾ.

കഥാകാലഘട്ടം: ആയിരത്തി എണ്‍പതുകൾ.

തിരിച്ചറിവുകൾ:-

മാഞ്ഞൂര് കാൽമയുടെ വീട്ടിൽ ചെന്നപ്പോൾ കാൽമ നല്ല ഉറക്കമായിരുന്നു. കാൽമയുടെ വീട് കണ്ടപ്പോൾ ബെന്നിച്ചനു താൻ ബിൻസിയുമായി ചിലവഴിച്ച നല്ലനിമിഷങ്ങൾ ഓർമ്മ വന്നു. ആ നല്ലനിമിഷങ്ങളുടെ ഇപ്പോഴത്തെ പരുവം ആലോചിക്കുമ്പോൾ തലകറങ്ങുന്നത് പോലെ ബെന്നിച്ചനു തോന്നി. ജോസേട്ടൻ ജനലിൽക്കൂടി കമ്പിട്ടുകുത്തിയാണ് കാൽമയെ എഴുന്നേൽപ്പിച്ചത്. ഉറക്കച്ചടവാർന്ന കാൽമയുടെ കണ്ണുകൾ ജോസേട്ടൻ മടിയിൽനിന്നും എടുത്ത കുപ്പി കണ്ടപ്പം തെളിഞ്ഞു.

“കാര്യമൊക്കെ പിന്നെപ്പറയാം, ആദ്യം രണ്ടെണ്ണം അടിക്കാം.” കാൽമ ചെറുചിരിയോടെ പറഞ്ഞു. ചാരായം ഉള്ളിലെത്തിയപ്പോൾ എല്ലാവർക്കും ഒരു ഉഷാറ് തോന്നി.

“എടാ ബെന്നിച്ചാ, അവളെന്നാ പറഞ്ഞതെന്ന് നീ വ്യക്തമായിട്ട് പറ. എന്നാലേ നമുക്കും വ്യക്തമായ ഒരു തീരുമാനം എടുക്കാൻ പറ്റു…” കാൽമ കാര്യങ്ങളിലേക്ക് കടന്നു.

“അതിപ്പം….” ബെന്നിച്ചൻ പറഞ്ഞു. “അടുത്ത വെള്ളിയാഴ്ച അവള് വീട്ടിൽ പോകുന്നുണ്ട്. അന്നേരം ഞാനും കൂടെചെല്ലണം. അവളുടെ വീട്ടിൽചെന്ന് അവളെ കെട്ടാമെന്ന് വീട്ടുകാർക്ക് ഞാൻ വാക്ക് കൊടുക്കണം. അതാണവളുടെ ഡിമാൻണ്ട്. അല്ലെങ്കിൽ എല്ലാവരെയും അവളു കുരിശെ കേറ്റുമെന്നാ പറയുന്നത്.”

“അതിപ്പം എല്ലാവരെയും അവളു കുരിശെ കേറ്റിയിരിക്കുവല്ലേ?” ജോസേട്ടൻ ആരോടെന്നില്ലാതെ പറഞ്ഞു. സമയം പാതിരയായിക്കാണുമെന്നു ബെന്നിച്ചൻ ഓർത്തു. വീട്ടിൽ എന്ത് പറയും? ങാ.. ഇനി വീടിൻറ്റെ കാര്യമൊക്കെ ആലോചിക്കണോ? എല്ലാത്തിനും ഒരു അവസാനം അടുത്തു എന്ന് ബെന്നിച്ചനു തോന്നി.

“നീ എന്തെങ്ങിലും ഒന്ന് പറയെടാ കാൽമ..” ജോസേട്ടൻ പറഞ്ഞു.

“അവളപ്പം എല്ലാം ആലോചിച്ചുറപ്പിച്ചതുപോലെയുണ്ടല്ലോ ജോസേട്ടാ, ബെന്നിച്ചൻ വെള്ളിയാഴ്ച അവളുടെ കൂട്ടത്തിൽ ഇടുക്കിക്ക് പോയാൽ, പോയപോലെ തിരിച്ചു വരാൻ പറ്റുമെന്ന് തോന്നുന്നില്ല.”

“അതെന്താടാ?” ജോസേട്ടൻ ചോദിച്ചു.

“ജോസേട്ടാ, അവളുടെ വീട്ടുകാര് ബലമായിട്ട് അങ്ങ് പിടിച്ചു കെട്ടിക്കും. ബെന്നിച്ചനു ഒറ്റയ്ക്ക് എന്നാ ചെയ്യാൻ പറ്റും? പോരാഞ്ഞിട്ട് അവളുടെ നാടും!! പിന്നെ പെണ്ണു ഗർഭിണിയുമാണേ”

കാൽമ നിസ്സാരമായി പറഞ്ഞു നിറുത്തി. ബെന്നിച്ചൻ ഞെട്ടിപ്പോയി! ബലമായിട്ട് കെട്ടിച്ചാൽ? നിസ്സഹായനായി അവളുടെ വീട്ടുകാരെപേടിച്ചു അവളെ കെട്ടുന്ന കാര്യമോർത്തപ്പോൾ ബെന്നിച്ചനെ ആകെപ്പാടെ വിയർത്തു.

എൻറ്റെ മുത്തിയമ്മേ, ജീവിതം എങ്ങനെയൊക്കെയാണ് പോകുന്നത്? ഒരിക്കലും സങ്കൽപ്പിക്കാത്ത വഴികളിലൂടെയാണല്ലോ തൻറ്റെ ജീവിതം നീങ്ങിപോകുന്നത് എന്ന് പേടിയോടെ ബെന്നിച്ചൻ ഓർത്തു.

“ഇല്ല, അത് നടക്കില്ല അങ്ങനെയാണേ ബെന്നിച്ചൻ അവളുടെ കൂട്ടത്തിൽ പോകണ്ട.” ജോസേട്ടൻ പെട്ടന്ന് പറഞ്ഞു.

“ഹാ… പോകാതിരുന്നാൽ അവള് സമ്മതിക്കുമോ? നേരെ പോലീസിൽ ഒരു കടലാസ് കൊടുത്താൽ പിന്നെ അവര് കൊണ്ടുപോയിക്കോളും, ഇവനെ ഇടുക്കിക്ക്.”

കാൽമ ചിരിച്ചു. അവനിട്ട് ഒരു വീക്ക് വച്ച്കൊടുത്താലോ എന്ന് ബെന്നിച്ചൻ ആലോചിച്ചു. ഒരു ഗർഭം ഉണ്ടാക്കുന്ന പൊല്ലാപ്പുകൾ എന്തെല്ലാം ആണെന്നു ബെന്നിച്ചൻ അത്ഭുതത്തോടെ ചിന്തിച്ചു. ആദ്യമായി അപ്പനാകുമ്പം എല്ലാവരും സന്തോഷിക്കും. ഇവിടെ താനോ? ഇതിപ്പം തൻറ്റെ കാര്യം ഇങ്ങനെയൊക്കെ ആയിപ്പോയല്ലോ എന്ന് ബെന്നിച്ചൻ സങ്കടത്തോടെ വിചാരിച്ചു.

“എൻറ്റെ ജോസേട്ടാ, ഇതിപ്പം ഇവൻറ്റെതന്നെ ആണെന്നു എന്നതാ ഉറപ്പ്? അവള് പഠിച്ച കള്ളിയാ..”

കാൽമ പറയുകയാണ്. അതുശരി. ഇപ്പം അങ്ങനെയാണോ? താനല്ല അപ്പൻ എന്നാണോ ഇവര് പറയുന്നത്. ആകെപ്പാടെ ചിന്താക്കുഴപ്പത്തിലായ ബെന്നിച്ചൻ ചാരായക്കുപ്പിയിലേക്ക് നോക്കി. മൂട്ടിൽ അൽപ്പം ബാക്കിയുണ്ട്.

“ജോസേട്ടാ, ഇതിനിപ്പം ഒറ്റ പരിഹാരമേയുള്ളു, കേൾക്കുമ്പം ജോസേട്ടൻ മണകുണാന്നു പറയരുത്”

“എന്നതാടാ കാൽമ, നീ കാര്യം പറ.”

“ഇനി എന്നതാ ഇത്ര പറയാൻ? അവളെ അങ്ങ് തട്ടിക്കളയണം. ഞാൻ നോക്കിയിട്ട് അതേയുള്ളൂ വഴി”

ബെന്നിച്ചനു തലചുറ്റുന്നതു‌പോലെ തോന്നി. കുപ്പിയിൽ അവശേഷിച്ച ചാരായം ഒറ്റപ്പിടിക്ക് ബെന്നിച്ചൻ അകത്താക്കി. “എടാ അതൊക്കെ നടക്കുമോ? സംഗതി റിസ്ക്കാണ് കേട്ടോ.” ജോസേട്ടൻ അയഞ്ഞ സ്വരത്തിൽ പറഞ്ഞു.

“എന്നാ റിസ്ക്ക്? ബെന്നിച്ചാ, നീ വെള്ളിയാഴ്ച്ചയ്ക്ക് മുൻപ് എങ്ങനെയേലും പതിനായിരം രൂപ ഉണ്ടാക്ക്. നടപടിയുള്ള കാര്യമാ ഞാൻ പറഞ്ഞത്.”

“അതിപ്പം…” ബെന്നിച്ചനു വാക്കുകൾ കിട്ടുന്നില്ല. “നിനക്കവളെ കെട്ടാൻ പറ്റുമോ?” കാൽമ ചോദിച്ചു.
“അത് നടക്കത്തില്ല.” മറുപടി പറഞ്ഞത് ജോസേട്ടനാണ്. “എന്നാ പിന്നെ ഇതെയുള്ളു വഴി..” കാൽമ തീരുമാനിച്ചു.

നെഞ്ചിൽ എന്തോ കെട്ടിനിൽക്കുന്നതുപോലെ ബെന്നിച്ചനു തോന്നി. താൻ സ്നേഹിച്ച പെണ്ണാണ്‌. അവളെ കൊല്ലണമെന്നാണ് കാൽമ ഇപ്പോൾ പറഞ്ഞത്. ഗർഭിണിയായത്‌ അവളുടെ തെറ്റാണോ? തൻറ്റെ തെറ്റല്ലേ? തൻറ്റെ തെറ്റിന് അവളെ കൊല്ലുന്നത് ശരിയാണോ? വേറെ എന്താണൊരു വഴി?

“നീയെന്താ ആലോചിക്കുന്നത്?” ജോസേട്ടൻറ്റെ ശബ്ദം ബെന്നിച്ചനെ ചിന്തകളിൽ നിന്നുണർത്തി. “കാശിൻറ്റെ കാര്യം ഞാനുംകൂടി നോക്കാം. അപ്പം അങ്ങനെയങ്ങ് തീരുമാനിക്കാം അല്ലേ?” ജോസേട്ടൻ ബെന്നിച്ചനെ നോക്കിപ്പറഞ്ഞു.

“ജോസേട്ടാ, അത് വേണ്ട. അതിൽഭേദം ഞാനവളെ കെട്ടുന്നതാ. അല്ലെങ്കിൽപിന്നെ എനിക്കീ ജീവിതത്തിൽ സമാധാനം കിട്ടത്തില്ല.” ബെന്നിച്ചൻറ്റെ ശബ്ദം ഇടറി.

“എൻറ്റെ ജോസേട്ടാ, ഇവനിത്ര മനക്കട്ടിയില്ലാത്തവനായിപോയല്ലോ.” കാൽമ നിരാശയോടെ പറഞ്ഞു.

“എടാ ബെന്നിച്ചാ, നിന്നോട് ഞാനൊരു സത്യം ഇപ്പം പറയാം. നീ വിഷമിക്കരുത്. എടാ, ഞാനും ഒന്നുരണ്ടു പ്രാവശ്യം അവൾക്കു രണ്ടായിരം വച്ച് കൊടുത്തതാ. നിന്നോട് പറയണ്ട എന്നോർത്തിരുന്നതാ, നീയിപ്പം അവളെ കെട്ടണമെന്ന് പറയുമ്പം ഇതു പറയാതെ ഇരുന്നിട്ട് കാര്യമുണ്ടോ?” ജോസേട്ടൻ പറഞ്ഞു.

ഒരു കതിനാവെടി തലക്കുള്ളിൽ പൊട്ടുന്നത്പോലെ ബെന്നിച്ചനു തോന്നി. എൻറ്റെ മുത്തിയമ്മേ !! ഇവളെയാണോ ഞാൻ പ്രേമിച്ചത്? ഇവൾക്ക് വേണ്ടിയാണോ ഞാൻ മനസാക്ഷി വിചാരിച്ചത്? ബെന്നിച്ചൻ തലകുമ്പിട്ടിരുന്നു. കൊറേനേരം മരച്ചിരുന്നിട്ടു ബെന്നിച്ചൻ കാൽമയോട് ചോദിച്ചു.

“രൂപ ഉണ്ടാക്കിയാൽ….?”

കാൽമ പരിപാടി വിശദീകരിച്ചു. പെരുമ്പാവൂർക്കാരൻ ഒരുകൂട്ടുകാരനുണ്ട്. രൂപ കൊടുത്താൽ ആരെയും അവൻ തട്ടും. കാൽമ ജയിലിൽവച്ച് കണ്ടു മുട്ടിയതാണ്. ശരി, അങ്ങനെയെങ്കിൽ അങ്ങനെ. ബെന്നിച്ചൻറ്റെ ജീവിതം മറ്റൊരു വഴിത്തിരിവിലെത്തുകയായിരുന്നു. പുറത്തു ചാറ്റൽ മഴ പെയ്യാൻ തുടങ്ങി. കൊലപാതകത്തിലുള്ള പ്രതിഷേധം പ്രകൃതി പ്രകടിപ്പിക്കുകയാണോ? ബെന്നിച്ചൻ ജനലിലുടെ പുറത്തേക്കു നോക്കിയിരുന്നു. പുറത്ത് ഇരുട്ടിൽ മഴ ശക്തിപ്രാപിച്ചുകൊണ്ടിരുന്നു. പെട്ടെന്ന് ആകാശത്തിൽ ഒരു ഇടിവെട്ടി. ബെന്നിച്ചൻ ഞെട്ടിപ്പോയി. അത് തൻറ്റെ തലയില് വെട്ടാത്തതെന്തേ എന്ന് ബെന്നിച്ചൻ തന്നോട് തന്നെ ചോദിച്ചു. മഴയ്ക്ക് ശക്തി കൂടിക്കൂടി വന്നു. ലോകത്തെ ക്രൂരരും ദയാരഹിതരുമായ മനുഷ്യർ ചെയ്തുകൂട്ടുന്ന പാപങ്ങൾ കണ്ടു പ്രകൃതി കരയുകയായിരിക്കുമെന്നു ബെന്നിച്ചനു തോന്നി.

“മുത്തിയമ്മേ, നീ എന്നോട് ക്ഷമി” ചാരായത്തിൻറ്റെ ലഹരിയിലും ബെന്നിച്ചൻറ്റെ കണ്ണുകൾ മുകളിലേക്കുയർന്നു. മഴമേഘങ്ങൾ നിറഞ്ഞ ആകാശത്തിലെവിടെയും പ്രകാശത്തിൻറ്റെ കനിവുകൾ ബെന്നിച്ചൻ കണ്ടില്ല. കുമ്പസാരക്കൂടിനു മുൻപിൽ കുറ്റമേറ്റ് പറയുന്നവനെപോലെ ബെന്നിച്ചൻ ജനാലയ്ക്കൽ തലചായിച്ചു മഴയെ നോക്കിയിരുന്നു. മഴ ആർത്തലച്ച് പെയ്തുകൊണ്ടിരുന്നു, നിറുത്താതെ.

(അടുത്ത ലക്കം തുടർന്ന് വായിക്കുക "പടയൊരുക്കങ്ങൾ")

- സിറിയക് കടവിൽച്ചിറ

കപ്പലുപെരുന്നാൾ അദ്ധ്യായം 1
http://neendoorpravasi.com/arts.php#228

കപ്പലുപെരുന്നാൾ അദ്ധ്യായം 2
http://neendoorpravasi.com/arts.php#242

കപ്പലുപെരുന്നാൾ അദ്ധ്യായം 3
http://neendoorpravasi.com/arts.php#250

കപ്പലുപെരുന്നാൾ അദ്ധ്യായം 4
http://neendoorpravasi.com/arts.php#267

കപ്പലുപെരുന്നാൾ അദ്ധ്യായം 5
http://neendoorpravasi.com/arts.php#286


വിദേശ മലയാളി (കവിത)

രാമരാജ്യത്തു ജനിച്ചതോ കാരണം
രാമൻറ്റെ ദുർവിധി വന്നു ഭവിച്ചിടാൻ?
കാട്ടിലെ കായ്കനി ഉത്കൃഷ്ടമെങ്കിലും
നാട്ടിൽ പരിലസിച്ചീടാൻ വിധിയില്ല.
ഭീതിപ്പെടുത്തുന്ന വന്യജന്തുക്കൾക്കു
ഭേദമുണ്ടോ രാമ-രാവണന്മാർ തമ്മിൽ!
മറുനാടു പൂകാൻ വിധിക്കപ്പെട്ട മക്കളും
പേറുന്നു ദു:ഖങ്ങൾ, കൗസല്യമാർ നിത്യം.
പഞ്ചവടിയിൽക്കഴിഞ്ഞ ദിനങ്ങളിൽ
കൊഞ്ചി വിളിച്ചവർ "സാലാ മദ്രാസ്സീ" ന്ന്.
മദ്ധ്യപൂർവ്വത്തിലെ അദ്ധ്വാനവർഗ്ഗത്തെ
പഥ്യമായ് ചൊന്നവർ "അൽ ഹിന്ദി," "മൽബാറി.."
പാശ്ചാത്യനാട്ടിൽക്കുടിയേറിയോർക്കവർ
പുച്ഛത്തിൽ പേരിട്ടു "യൂ ബ്ലഡി എഫ് (F...) ഇൻഡ്യൻ."

പത്തുപേരൊത്തീടിൽ മാവേലിയോർമ്മകൾ;
പത്തിലൊന്നേറിയാൽ പൊട്ടിപ്പിളരുന്നു.
മാതൃഭാഷാസ്നേഹമോടിയെത്തീടുന്നു,
മാതൃസംസ്ക്കാരത്തിനായ് പിടഞ്ഞീടുന്നു.
തങ്ങളിൽ മുമ്പനായ്ത്തീരാൻ കൊതിക്കുന്നു,
പൊങ്ങത്തരങ്ങൾ പലതുമേ കാട്ടുന്നു.
അമ്പലം, പള്ളിയും, മോസ്ക്കുമെല്ലാം വേണം,
കുംഭ നിറയ്ക്കുന്ന പൂജാരികൾ വേണം.
ജാതി, ഉപജാതി, മുൻജാതി, പിൻജാതി,
മേൽത്തട്ടു, കീഴ്ത്തട്ടു, സംസ്ക്കാരവമ്പന്മാർ.
നിലയും വിലയുമായ് പിൻദൃഷ്ടി പായ്ക്കിൽ
വലയിലെപ്പൊന്മീൻ പുറത്തെന്നു കാണ്മൂ.
എക്കാലവും ഏതു നാട്ടിലും മറ്റമ്മ
മക്കളാം മറുനാടൻ കൈരളി മക്കൾ.

ആയോധനത്തിനാഗോളമോടുന്ന പാഴ്-
മായാവി പോലീ വിദേശ മലയാളി!!!

(പീറ്റർ നീണ്ടൂർ)


യാത്രാവിവരണം: പനാമ-പെറു-മച്ചുപിച്ചു യാത്ര-11

പനാമ! മതമൈത്രിയുടെ പിള്ളത്തൊട്ടിൽ

സത്യക്രിസ്ത്യാനികളായ ശുദ്ധകത്തോലിക്കരാണ് ആദിവാസികളെ കൊന്നൊടുക്കിയും അവരെ അടിമകളാക്കിയും പനാമയിൽ ആധിപത്യം സ്ഥാപിച്ചത്. എന്നിട്ടും ഇന്ന് പനാമ മതസൗഹാർദ്ദത്തിൻറ്റെ നാടാണ്. യഹൂദ-ക്രിസ്ത്യൻ-ഇസ്ലാം മതങ്ങളുടെ ഈറ്റില്ലമായ മധ്യപൂർവ്വദേശത്തോ ഹിന്ദു-ജൈന-ബുദ്ധമതങ്ങളുടെ കേദാരമായ തെക്കനേഷ്യയിലോ അനുഭവപ്പെടുന്ന മതവിദ്വേഷം പനാമ രാജ്യത്തില്ല. സെപ്റ്റംബർ പത്തിന് ഞങ്ങൾ മൂന്നുപേരും കാഴ്ചകൾ കാണുന്നതിനായി കാർ ചോദിച്ചപ്പോൾ റിസപ്ഷനിസ്റ്റ് സാഞ്ചെസ് തിരക്കി "ഇന്ന് എവിടേക്കാണ് യാത്ര?"

ശാസ്ത്രിജി പറഞ്ഞു "ഞങ്ങളിന്നു കൊളോണ്‍, പോർട്ടോബലോ, നൊംബ്രെദിയൊസ് എന്നീ പട്ടണങ്ങൾ കാണുവാൻ പോകുന്നു". സാഞ്ചെസ് എന്നോട്. "തുകംബ്ലേത്തെ പനാമ സിറ്റി?" നിങ്ങൾ പനാമ സിറ്റി പൂർത്തിയാക്കിയൊ എന്നാണവർ ചോദിച്ചത്. ഡോക്ടർ ശങ്കർശാസ്ത്രിയുടെ പൂണൂലും നെറ്റിയിലെ ചന്ദനക്കുറിയും സസ്യാഹാരതൃഷ്ണയും മറ്റും കാരണം ഞങ്ങൾ ഒറിജിനൽ ഇന്ത്യാക്കാരാണെന്ന് സാഞ്ചെസ് മനസിലാക്കി. അതുകൊണ്ടായിരിക്കാം ആ യുവതി അറിയിച്ചു. "പനാമ സിറ്റിയിൽ ഒരു ഹിന്ദു ടെമ്പിൾ ഉണ്ട്. പോകുന്നോ?"

ഞങ്ങളുടെ താൽപ്പര്യപ്രകാരം അവർ ഉടനെ തന്നെ ഫോണ്‍ ചെയ്ത് കരോളൈന എന്നാ പത്തൊൻപതു വയസ്സുകാരി, കോളേജ്കുമാരി ഗൈഡിനെ വിളിച്ചുവരുത്തി ഞങ്ങളെ പരിചയപ്പെടുത്തി. ആ വിദ്യാർത്ഥിനിയുടെ കാറിൽ ഞങ്ങൾ സിറ്റിയിലെത്തി. കൊളോണിലേക്ക് ഹൈവേയിൽക്കൂടി ഒൻപതു കിലോമീറ്റർ ഓടിയപ്പോൾ ഹിന്ദു ടെമ്പിൾ സ്ഥിതിചെയ്യുന്ന കുന്നിന്മുകളിലെത്തി. വിശാലമായ പാർക്കിംഗ് സൗകര്യത്തോടെ ഇതാ ഒരു ക്ഷേത്രം പനാമയിൽ.

കരോളൈനയോടൊപ്പം ക്ഷേത്രത്തിലെത്തിയ ഞങ്ങളെ പൂജാരി വന്നു നമസ്തേ പറഞ്ഞ് കൈകൂപ്പി സ്വീകരിച്ചു. ഗുജറാത്തിയായ പൂജാരി, രജനീകാന്ത്, വെള്ള വേഷ്ടിയും ഓയിൽ ജുബ്ബയുമാണ് ധരിച്ചിരുന്നത്. ഞങ്ങളെ നേരെ ശ്രീകോവിലിലേക്കാണ് കൊണ്ടുപോയത്. ശങ്കർശാസ്ത്രി ശീഘ്രത്തിൽ ഹിന്ദുഭക്തനായി മാറി. ശ്രീകോവിലിലെ ദേവിദേവന്മാരുടെ പ്രതിമകളെ അദ്ദേഹം താണുവണങ്ങി. ഗൈഡും ഞങ്ങൾക്കൊപ്പമുണ്ട്. ആ കുട്ടിയെ ചൂണ്ടിക്കൊണ്ട് പോൾസണ്‍ ചോദിച്ചു. "ഈ കത്തോലിക്കാ പെണ്‍കുട്ടി ശ്രീകോവിലിലും കയറിയല്ലോ, ചാക്കോച്ചാ വല്ല പ്രശ്നവും ഉണ്ടാകുമോ?"

"അപ്പോൾ നമ്മൾ രണ്ടും ആരാ സാറേ?" ഞാൻ മറിച്ചൊരു ചോദ്യം.

"അല്ല ഞാൻ പറഞ്ഞത് നാട്ടിലെ ഒരു സംഭവം ഓർമ്മിച്ചാണ്. വടക്കേ ഇന്ത്യയിൽനിന്നും കേരളം സന്ദർശിച്ച ഒരു ഹിന്ദി സിനിമാനടനോടൊപ്പം ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശിച്ച കേരളത്തിൻറ്റെ സിനിമാതാരം ജോസ് പ്രകാശിനെ ക്ഷേത്രസംരക്ഷണ അംഗങ്ങൾ കൈയ്യേറ്റം ചെയ്ത വാർത്ത പത്രങ്ങളിൽ വന്നിരുന്നു."

ഞാൻ പറഞ്ഞു. "സാറേ അത് കേരളത്തിലല്ലേ? ഭാരതത്തിൻറ്റെ പ്രകാശമായ വിവേകാനന്ദ സ്വാമികളെയും ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശിപ്പിച്ചില്ലല്ലോ. ഇത് പനാമയാണ്. പനാമ മതമൈത്രിയുടെ നാടാണ്. ഒന്നും ഭയപ്പെടേണ്ട."

ഈ സമയം ശ്രീകോവിലിലെ പ്രതിഷ്ഠകളെ പൂജാരി വിവരിക്കുകയായിരുന്നു. മൂന്നു ജോഡി വിഗ്രഹങ്ങളുണ്ട് മുൻനിരയിൽ. ശ്രീകൃഷ്ണനും രാധയും ശിവനും പാർവ്വതിയും മഹാവിഷ്ണുവും ലക്ഷ്മീദേവിയുമാണ് പ്രസ്തുത പ്രതിഷ്ഠകൾ. ഇത് പ്രത്യേകം ശ്രദ്ധിച്ച ശങ്കർജി പൂജാരിയോട് ക്ഷോഭിച്ചു. "ഇവിടെ എല്ലാവർക്കും ഡോളർ മതിയോ? പാശ്ചാത്യർക്കു വിദ്യ വേണ്ട. നമ്മുടെയും സംസ്കാരം അങ്ങിനെയോ?"

എന്തിനാണ് ശങ്കർശാസ്ത്രി കോപിക്കുന്നതെന്നറിയാൻ ഞാൻ ഇടപെട്ടു. അപ്പോഴാണ്‌ ശങ്കർജിയുടെ പരാതിയുടെ പൊരുൾ മനസ്സിലായത്‌. അദ്ദേഹത്തിൻറ്റെ തുറന്നടിച്ച ചോദ്യം ഇതായിരുന്നു. " വിദ്യയുടെ ഉറവിടവും മഹാവിഷ്ണുവിൻറ്റെ സഹോദരിയുമായ സരസ്വതി എവിടെ? ഇവിടെയുള്ളവർക്ക് മഹാലക്ഷ്മി മതിയല്ലേ?" (തുടരും...)

(എം.സി ചാക്കോ മണ്ണാറക്കാട്ടിൽ)



നീണ്ടൂർ കുറ്റ്യാനിക്കുളങ്ങര ഭഗവതിക്ഷേത്രം

ഒരു നാടിൻറ്റെ ഐശ്വര്യമായി ആശ്രയസ്ഥാനമായി എല്ലാ ഉയർച്ചയ്ക്കും കാരണഭൂതനായി, ഭക്തമനസ്സുകളിൽ നിതാന്തചൈതന്യമായി അങ്ങനെ അങ്ങനെ ഏതൊക്കെ നന്മകൾക്കും ആധാരമാകുന്ന ഭഗവതിയുടെ പ്രത്യക്ഷസങ്കേതമാണ് ഈ ഭഗവതിക്ഷേത്രം. അതിരുകളില്ലാത്ത സ്നേഹവാത്സല്യങ്ങളുടെ ഉറവിടം. ചൈതന്യധന്യമായ മഹാമായയെ പരിമിതബുദ്ധികളായ ഭക്തന്മാർക്ക് പ്രത്യക്ഷാനുഭവമാകുന്ന പുണ്യഭൂമിയാണിവിടം.

എല്ലാ നാശങ്ങൾക്കും അറുതിവരുത്തുന്നതാണ് ക്ഷേത്രം. അതുമാത്രമല്ല എല്ലാ നന്മകളുടെയും ആവാസസ്ഥലവുമാകണം ക്ഷേത്രം. ഈശ്വരാന്വേഷകനായ ഒരാളുടെ ആരംഭസ്ഥാനവും ഭാരതത്തിൽ ഒരുപക്ഷെ ക്ഷേത്രമായിരിക്കുമെന്നു കരുതാം. ഒരുവൻറ്റെ ചിന്തയും, കർമ്മവുമെല്ലാം ഈശ്വരനുമായി ബന്ധപ്പെടുത്തിയിരിക്കുന്നതും അതെല്ലാം പ്രായോഗികമാക്കിത്തീർക്കുന്നതിനു ക്ഷേത്രത്തെ സജ്ജമാക്കിയിരിക്കുന്നതും അതുകൊണ്ടാണ്.

നമ്മുടെ നാടിൻറ്റെ സമഗ്രകാര്യങ്ങളും വിത മുതൽ വിളവെടുപ്പ് വരെ - ക്ഷേത്രങ്ങളുമായി ബന്ധിപ്പിച്ചാണ് നടന്നുപോരുന്നത്. അത്തരം ബന്ധിപ്പിക്കലുകളാണ് അനുഷ്ഠാനങ്ങൾ. നീണ്ടൂർ കുറ്റ്യാനിക്കുളങ്ങര ഭഗവതിക്ഷേത്രത്തിൽ മാത്രം ആചരിച്ചുവരുന്ന ഒട്ടനവധി അനുഷ്ഠാനങ്ങൾ കലാരൂപങ്ങളായി നിലനിൽക്കുന്നത് ശ്രദ്ധേയമായ ഒന്നാണ്.

മേടമാസത്തിലെ വിഷുക്കണിമുതൽ പന്ത്രണ്ടുമാസവും ഇവിടെ ഏതെങ്കിലും വിധത്തിലുള്ള വിശേഷങ്ങളുണ്ടാവും. അതിൽ ഏറ്റവും പ്രധാനമായ ഒന്നാണ് നീണ്ടൂർ പൂരം എന്നറിയപ്പെടുന്ന ഉത്സവം. കുംഭമാസത്തിലെ പൂരം നാളിലാണ് സാധാരണഗതിയിൽ ഈ ഉത്സവം. എന്നാൽ ഏറ്റുമാനൂർ ക്ഷേത്രത്തിലെ ആറാട്ട് കഴിഞ്ഞുവരുന്ന പൂരം നക്ഷത്രമാണ് നീണ്ടൂർ പൂരമായി ആഘോഷിക്കുന്ന ഉത്സവം. ഏറ്റുമാനൂർ ആറാട്ട് കഴിയുന്നതോടെ പൂരത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങും. അതോടൊപ്പം അനുഷ്ഠാനകലകളുടെ ആരംഭവും കുറിക്കും.

ഗരുഡൻ - പൂരം നാളിൽ ഉച്ചകഴിഞ്ഞ് വീടുകളിൽ ഇതിൻറ്റെ ഒരുക്കങ്ങളായി. ചെണ്ട, കൊമ്പ്, വെടിക്കെട്ട്‌ എന്നിവയുടെ അകമ്പടിയോടെ വഴിപാടുകാരൻ ഗരുഡനെ ക്ഷേത്രത്തിലേക്ക് ആനയിക്കുന്നു. ഉദ്ദിഷ്ടകാര്യസാദ്ധ്യം, കുടുംബദുരിതമകറ്റൽ, സർവ്വൈശ്വര്യസിദ്ധി എല്ലാം ഈ വഴിപാട് കൊണ്ട് സാധിക്കുന്നു. എന്ന് വിശ്വാസം. ശരിക്കും നൈപുണ്യമുള്ള ഒരു ഗരുഡൻ കലാകാരൻ കാണികളുടെ മനം കവരുകതന്നെ ചെയ്യും.മേളത്തോടൊപ്പം ഗരുഡൻറ്റെ പറക്കലും ചേഷ്ടകളുമൊക്കെ പുരാണകഥയുടെ ഐതിഹ്യത്തിൻറ്റെ പിൻബലത്തോടെ അവതരിപ്പിക്കുന്നു.

കാലപ്പഴക്കംകൊണ്ട് ഈ കലകളുടെയെല്ലാം തനതുരൂപത്തിൽ അവതരിപ്പിക്കുന്നവരുടെ എണ്ണം കുറഞ്ഞും പലതിൻറ്റെയും രീതി അറിവില്ലാതെ വിസ്മൃതിയിൽ മറഞ്ഞുപോയും നമുക്ക് നഷ്ടമായിട്ടുണ്ട്. ഈ ക്ഷേത്രത്തിൽ സുകുമാരകലകളായ കേന്ദ്രകലകൾക്ക് പുറമേ ഉടുക്കുപാട്ട്, വില്ലുപാട്ട്, കുറത്തിയാട്ടം, തിരുവാതിരകളി, എന്നിവയും താലപ്പൊലി, നിറപുത്തരി, തുടങ്ങിയ അനുഷ്ഠാനങ്ങളും ഇവിടെ നടന്നുവരുന്നു. വിസ്മൃതിയിൽ മറഞ്ഞുപോയ പള്ളിപാത അയ്യർകളി എന്നിവയും ആകർഷകമായ അനുഷ്ഠാനങ്ങളാണ്.

പുരാതനമായ ഒരു ഗ്രാമസംസ്കൃതിയുടെ ഓർമ്മപെടുത്തലാണ് ഈ ക്ഷേത്രം. നീണ്ടൂർ മംഗലത്തുമനയിലെ ബ്രഹ്മയോഗിയായൊരു മഹാത്മാവിൻറ്റെ ദർശനാനുഭവം ഒരു നാട്ടിലെ നായാടിമുതൽ നംബൂതിരിവരെയുള്ള വിവിധ വിഭാഗക്കാരെ അവരുടെ പങ്കാളിത്തം കടമയാക്കി ബന്ധിപ്പിച്ചു നിർത്തി. ഓണം പോലെയോ ഒരുപക്ഷേ അതിലും വലുതോ ആയ നാട്ടുത്സവമാക്കി നീണ്ടൂർ നിവാസികളിൽ നീണ്ടൂർ കാവും നീണ്ടൂർ പൂരവും ജ്വലിക്കുന്ന ഓർമ്മയായി നിൽക്കുന്നു.

സമഗ്രചൈതന്യധന്യമായ മഹാമായയെ, ശ്രീ കുറ്റ്യാനിക്കുളങ്ങര ഭഗവതിയെ സ്മരിച്ചുകൊണ്ട് സകലമംഗളങ്ങളും പ്രാർത്ഥിച്ചുകൊണ്ട്

"ഉദ്യത്ഭാനു സവാസ്രാഭാ
ചതുർബാഹു സമന്വിത
രാഗസ്വരൂപാശാഡ്യാ ക്രോധാ-
കാരാങ്ങ്കുശോജ്ജ്വല" യായ ദേവിക്ക് പ്രണാമം

(ഓമനക്കുട്ടൻ പ്ലാത്താനത്ത്)



അടുക്കള - പിടി

ആവശ്യമായ ചേരുവകൾ:-

1. വറുത്ത അരിപ്പൊടി : 500 ഗ്രാം
2. തേങ്ങാ ചുരണ്ടിയത് : 2 എണ്ണം
3. ചെറിയ ഉള്ളി ചതച്ചത് : 100 ഗ്രാം
4. മല്ലി ഇടിച്ചത് : 50 ഗ്രാം
5. തേങ്ങാപ്പാൽ : അരക്കപ്പ്
6. തേങ്ങാ ചുരണ്ടിവറുത്തത് : 1 മുറി
7. ജീരകം, കറിവേപ്പില, ഉപ്പ് : ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം :-

ചുവന്നുള്ളി, മല്ലി, ജീരകം, കറിവേപ്പില, തേങ്ങ ചുരണ്ടിയത്, ഉപ്പ് ഇവ ചേർത്ത് നാല് ലിറ്റർ വെള്ളം തിളപ്പിക്കുക. ആ വെള്ളം ഉപയോഗിച്ച് പൊടി കുഴച്ച് ചെറിയ ഉണ്ടകളാക്കി മാറ്റിവയ്ക്കുക. ബാക്കിവരുന്ന വെള്ളം ഒരു പരന്ന പാത്രത്തിൽ വീണ്ടും തിളപ്പിക്കുക. അതിലേക്കു ഉണ്ടാക്കിവച്ചിരിക്കുന്ന ഉണ്ടകൾ ഇട്ട് തിളപ്പിക്കുക. ഉണ്ടകൾ വെന്തതിനുശേഷം വറുത്ത തേങ്ങയും കൂടി ചേർത്ത് ഇളക്കുക. വാങ്ങുന്നതിനു മുൻപ് അരക്കപ്പ് തേങ്ങാപ്പാലും ജീരകപ്പൊടിയും കൂട്ടി ഇട്ട് പിടി ഇളക്കി വാങ്ങുക.

(മേരി തോമസ്‌ വരാക്കുടിലിൽ, യു. കെ)



രണ്ടാംപാഠം (കവിത)

കൂട്ടുകാരുമൊത്ത് ബഞ്ചിൽ ഇരിക്കുന്നു
വിങ്ങിപ്പൊട്ടി കരഞ്ഞ്
അമ്മയിൽ നിന്നകന്ന് പുതിയ
കൂട്ടുകാർ സവിധം ഒറ്റമുറിയിൽ
ഞെങ്ങിയൊട്ടി, "ചൂരൽ" കമ്പിനെയനുസരിച്ച്
പാഠഭാഗങ്ങൾ; പാഠം രണ്ട്
"ആനയിറങ്ങി കുളം കലക്കി" യതു
നേരിൽ കാണുന്നു! ചിന്തകളിൽ
ചിത്രം തെളിയുന്നു,
കുരിശുജനാലയിലൂടകലെപ്പറമ്പിൽ
ഒരമ്മ മേയ്ക്കുന്ന വെളുത്തയൊരാടിനെ!
കുട്ടികൾ ഉത്സാഹത്തോടൊരുമിച്ച്
പഠിക്കുന്നു? ഞാൻ എൻറ്റെ കുരിശു-
ജനാലയിലൂടെ ശ്രദ്ധിച്ചുനോക്കുന്നു;
ആടുകൾ മേയുന്നു, സ്ഥിരം
നിൽക്കുന്ന ചെമ്മണ്ണ്തണലിൽ
മണിയടിനാദം ഞെട്ടിച്ചു! യിനി
നിഗൂഢത നിറയും കണക്ക്! പിശക്?
വെട്ടുകൾ! തിരുത്തുകൾ! കാക്കക്കൂട്?
കണക്കുടീച്ചർ ചുമരിൽ എഴുതുന്നു;
കുരിശു ജനാലയിലൂടെ കേൾക്കാം
ആടിൻറ്റെ നിലവിളി, ചുമന്ന ബ്ലൗസിട്ട
ഒരമ്മയോടി കുരുക്കഴിക്കുന്നു; കണക്കിൽ
കുരുങ്ങുന്നു കുട്ടികൾ നിരനിരെ
അന്നുമെന്നെ കണ്ടില്ല അദ്ധ്യാപിക
മനോരാജ്യത്തിൽ മുങ്ങിയകലെ
ജീവിതനാടകം കണ്ടയെന്നെ
കുരിശുജനാലതൻ ഉള്ളിലൂടെ
വീണ്ടും പിറ്റേന്ന് പതിവുപോലെ
രാവിലെ മലയാളം; "ആനയിറങ്ങി
കുളം കലക്കുന്നു"! കുരിശു ജനാലയിൽ
പതിവിൻപടി ആടുകൾ വന്നെത്തി
എൻ മനം ആഹ്ലാദഭരിതമായ് വീണ്ടും...

(പി. എസ് പ്രസാദ് മുണ്ടമറ്റം, നീണ്ടൂർ)



കപ്പലുപെരുന്നാൾ (നോവൽ) - 5

കഥാപരിസരം: കുറവിലങ്ങാട്, കുറുപ്പന്തറ, മാഞ്ഞൂർ ചുറ്റുവട്ടങ്ങൾ.

കഥാകാലഘട്ടം: ആയിരത്തി എണ്‍പതുകൾ.

ആലോചനായോഗങ്ങൾ:-

ആലോചന തുടങ്ങിയിട്ട് സമയം കുറെയായി. രംഗം ജോസേട്ടൻറ്റെ റബ്ബർതോട്ടമാണ്. രാത്രി എട്ടുമണിയെങ്കിലും ആയിട്ടുണ്ടാവും. ഇത്രയും സമയം ആയിട്ടും തീരുമാനം ഒന്നും ആയിട്ടുമില്ല.

“ജോസേട്ടൻ ഇങ്ങനെ മിണ്ടാതിരുന്നാലോ, കാര്യം കൃത്യമായി അറിഞ്ഞിട്ടു തീരുമാനിക്കാമെന്നു പറഞ്ഞിട്ട് ഇതിപ്പം…………….”. ബെന്നിച്ചൻ ക്ഷമകെട്ടു പറഞ്ഞു.

“എടാ അവളീ ചതി കാണിക്കുമെന്ന് ഞാനോർത്തോ ? അവള് ചായക്കടയുടെ മുന്നില് വന്നു തൂങ്ങി ചത്താൽ പിന്നെ ജീവിച്ചിട്ട് കാര്യമുണ്ടോ ? അതാ ഇപ്പം ഞാൻ ആലോചിക്കുന്നത്”. ജോസേട്ടൻ ഒരു സിഗരട്ട് കത്തിച്ചു.

“നീ അവളെ പറഞ്ഞു വളയ്ക്കണ്ടാതായിരുന്നു.”

“അത് ശരി. എൻറ്റെ ജോസേട്ടാ, വെട്ടാൻ വരുന്ന പോത്തിൻറ്റെ പരുവത്തിലാ അവൾ പെരുമാറിയത്. ഡോക്ടറുടെ കാര്യം ഞാൻ പറഞ്ഞതും ഒറ്റ ആട്ടാ. പിന്നെ എന്നതാ ചെയ്യുന്നത്. എന്നാ പിന്നെ നീ നിൻറ്റെ പണി നോക്കാൻ ഞാൻ പറഞ്ഞു. അന്നേരമല്ലേ അവളീ ബോംബ്‌ പൊട്ടിച്ചത്. നമ്മുടെ രണ്ടു പേരുടെയും പേര് എഴുതിവച്ചിട്ട് അവള് തൂങ്ങിച്ചത്താൽപിന്നെ ഒന്നും ആലോചിക്കണ്ട”

“അതല്ലടാ എൻറ്റെ ബെന്നിച്ചാ, സൂസിടേം പിളേളരുടേം കാര്യം ഓർക്കുമ്പം എൻറ്റെ ചങ്കിനാത്തു ഒരു കേറ്റമാ”

അകലെ ഇരുട്ടിലേക്ക് നോക്കി രണ്ടുപേരും മിണ്ടാതിരുന്നു. സമയം കടന്നുപോയിക്കൊണ്ടിരുന്നു. മിന്നാമിനുങ്ങുകൾ റബ്ബർക്കാടുകളെ വർണ്ണാഭമാക്കി. അകലെ വഴിയിലുടെ പോകുന്ന വണ്ടികളുടെ വെളിച്ചങ്ങളെ നോക്കി അവർ നിശബ്ദരായി അങ്ങനെ ഇരുന്നു. ബെന്നിച്ചൻറ്റെ മനസ് പിടയ്ക്കുകയായിരുന്നു. പള്ളിയിൽവച്ച് ബിൻസിയെ കണ്ട കാര്യം അവനോർത്തു. കണ്ടപ്പഴേ അവളുടെ മുഖം ഇരുണ്ട് വീർത്തത് ബെന്നിച്ചനെ നിരാശയുടെ പടുകുഴിയിലേക്ക് തള്ളിയിട്ടു. ചിന്തിക്കടകളുടെ പിറകിലെ ആളൊഴിഞ്ഞ തെങ്ങിൻത്തോപ്പിൽ എത്തുന്നതുവരെ രണ്ടുപേരും സംസാരിച്ചില്ല. ആരും കാണില്ല എന്നുറപ്പ് വരുത്തി ബെന്നിച്ചൻ എന്തോ പറയാൻ തുടങ്ങിയതും അവൾ ഒറ്റക്കരച്ചിലാണ്. ഈ പെണ്ണുങ്ങൾ ഇത്രയധികം കണ്ണുനീർ എവിടെ സൂക്ഷിച്ചു വച്ചിരിക്കുന്നു എന്ന് ബെന്നിച്ചൻ അത്ഭുതത്തോടെ ഓർത്തു.

അവളെ ചതിച്ചെന്നും പറഞ്ഞായിരുന്നു കരച്ചിൽ മുഴുവനും. രണ്ടായിരം രൂപയുടെ കാര്യം മറന്നോ എന്ന് ചോദിക്കണം എന്നോർത്തതാണ്. പിന്നെ വേണ്ടാന്ന് വച്ചു. പിന്നെ അവളെ കെട്ടണമെന്നായി, അതും ഉടനെ തന്നെ. താനൊരു ഊരാക്കുടുക്കിലാണല്ലോ പെട്ടിരിക്കുന്നത് എന്ന് ദു:ഖത്തോടെ ബെന്നിച്ചൻ ചിന്തിച്ചു. തൽക്കാലം ഇവൾ പറയുന്നത് മുഴുവൻ സമ്മതിക്കാതെ തരമില്ല എന്ന് ബെന്നിച്ചനു മനസ്സിലായി. എല്ലാം സമ്മതിച്ച് ഒരുതരത്തിൽ അവളെ പറഞ്ഞു വിട്ട് നേരെ ജോസേട്ടൻറ്റെ കടയിൽ വന്നതാണ്‌. അവിടെ ഇരുന്നു പറയാൻ പറ്റിയ കാര്യങ്ങൾ അല്ല എന്ന് മനസിലാക്കിയാണ് ജോസേട്ടൻ നേരെ ഈ റബ്ബർത്തോട്ടതിലേക്ക് വച്ചുപിടിച്ചത്. ഇവിടെ വന്നിട്ട് നേരം കുറെയായി. എന്ത് ചെയ്യണം എന്ന് ഒരു ഊഹവും കിട്ടുന്നുമില്ല.

“എടാ നീ യൂറിൻറ്റെ കാര്യം ചോദിച്ചോ ? യൂറിൻ ടെസ്റ്റ്‌ നടത്തിയാ കറക്റ്റ് വിവരം ....”

“എൻറ്റെ ജോസേട്ടാ, പൊട്ടിത്തെറിച്ചുനിൽക്കുന്ന അവളോട്‌ യൂറിൻ ടെസ്റ്റ്‌ എന്ന് വല്ലതും പറയാൻ പറ്റുമോ ? ജോസേട്ടൻ എന്നാ കോപ്പാ ഈ പറയുന്നത് ?” ബെന്നിച്ചനു അരിശം വന്നു. ജോസേട്ടൻ ഒന്നും മിണ്ടാതെ എഴുന്നേറ്റുപോയി. ജോസേട്ടൻ തിരിച്ചുവന്നത് ഒരു ചാരയക്കുപ്പിയും ആയിട്ടാണ്.

“ഇവൻ ശകലം ഉള്ളിൽ ചെന്നാൽ വല്ല ഐഡിയായും കിട്ടും” ജോസേട്ടൻ പറഞ്ഞു. അത് ശരിയാണെന്ന് ബെന്നിച്ചനും തോന്നി. ഓരോന്ന് വിട്ടുകഴിഞ്ഞപ്പം ബെന്നിച്ചനു ഒരു ഉണർവ്വു തോന്നി.

“എടാ ബെന്നിച്ചാ…” ജോസേട്ടൻ പറയുകയാണ്. “എന്തായാലും അവളെ കെട്ടുന്ന കാര്യം ആലോചിക്കണ്ട. ഞാൻ ജീവിച്ചിരിക്കുമ്പം അത് നടക്കുകേല. പിന്നെ ഞാൻ ആലോചിച്ചിട്ട് ഒരു വഴിയുണ്ട്. പക്ഷെ അത് നടക്കണമെങ്കിൽ കാൽമ വിചാരിക്കണം.”

“അതെന്തു വഴിയാ”

“എടാ കാൽമയെക്കൊണ്ട് അവളെയൊന്നു വിരട്ടാം. ചെലപ്പം അതേൽക്കും. അന്നേരം അവള് നമ്മള് പറയുന്നതുപോലെ കേൾക്കും, സമ്മതിക്കും. എങ്ങനെയേലും അവളുടെ വയറൊന്നു കാലി ചെയ്താ പിന്നെ നമ്മുക്കൂരാം.”

“ജോസേട്ടാ, മനസാക്ഷി വച്ച് നോക്കുമ്പോൾ…..” ബെന്നിച്ചൻ വിക്കി. “നീ മിണ്ടരുത്!! കണ്ട പെണ്ണുങ്ങളുടെ പിറകെപോയപ്പം എവിടെ ആയിരുന്നെടാ നിൻറ്റെ മനസാക്ഷി ?”

“അതിപ്പം ഇങ്ങനെ വരുമെന്ന് ഞാനോർത്തോ ?”

“എടാ, ആണ്ണും പെണ്ണും കൂടി കെട്ടിപ്പിടിച്ചു കിടന്നാൽ ഇങ്ങനെയല്ലാതെ എങ്ങനെ വരുമെന്നാ നീയോർത്തത്? ഇനി നീയൊന്നും പറയണ്ട. നമ്മുക്ക് നേരെ കാൽമയുടെ അടുക്കൽവരെയൊന്നു പോകാം. അവനെന്നാ പറയുമെന്നറിയാമല്ലോ.”

“ജോസേട്ടാ, വിരട്ടിയാലൊന്നും അവള് പേടിക്കുമെന്നു എനിക്ക് തോന്നുന്നില്ല” ബെന്നിച്ചൻ പതിയെ പറഞ്ഞു. “നീ എഴുന്നേറ്റു വാ, ഇപ്പൊഴാണേ കവലേ ഓട്ടോ കാണും. നമ്മൾക്ക് മാഞ്ഞൂര് വരെ ഒന്ന് പോകാം.” ജോസേട്ടൻ എഴുന്നേറ്റു ബാക്കി ചാരായം അരയിൽ താഴ്ത്തി നടക്കാൻ തുടങ്ങി. ബെന്നിച്ചനും അനുഗമിച്ചു.

“ഇനി ഓട്ടോ കിട്ടുമോ വാ ?” ജോസേട്ടൻ ആരോടെന്നില്ലാതെ പറഞ്ഞു.

അകലെയെവിടെയോ ഒരു പട്ടിയുടെ കുരകേട്ടു. അതിനു മറുപടിയായി അവിടെയും ഇവിടെയും ഒക്കെ ചാവാലിപ്പട്ടികൾ കുരയ്ക്കാൻ ആരംഭിച്ചു. പ്രകൃതി പോലും തന്നെ കുറ്റപ്പെടുത്തുകയാണെന്ന് ബെന്നിച്ചനു തോന്നി. ചെയ്യാൻ പോകുന്നത് മുഴുവൻ തെറ്റാണെന്ന് ആരോ തന്നെ ഓർമ്മിപ്പിക്കുകയാണോ ?. നടവഴിയിൽ ഒറ്റയ്ക്ക്നിന്ന് കരയുന്ന ബിൻസിയുടെ രൂപം ബെന്നിച്ചൻ ഓർത്തു. ഉപേക്ഷിക്കരുതേ എന്നവൾ തന്നോട് യാചിക്കുകയാണോ ? ബെന്നിച്ചൻ തല കുടഞ്ഞു. റബ്ബർത്തോട്ടത്തിലെ ഇരുട്ടിൽ ബെന്നിച്ചൻ തപ്പിത്തടഞ്ഞു.

ബിൻസി പറയുന്നത് നേരാണോ എന്നാർക്കറിയാം ? ഇനിയും പൈസ പിടുങ്ങാനുള്ള അടവാണോ ? പെണ്ണുങ്ങളെ വിശ്വസിക്കാൻ പറ്റുമോ? എന്തും വരട്ടെ !! പാപചിന്തകളെ ബെന്നിച്ചൻ കുടെഞ്ഞെറിഞ്ഞു. സത്യവാങ്ങൾക്കും മനസാക്ഷികൾക്കും ഇപ്പം എന്ത് വിലയാ ഉള്ളത് ? രണ്ടായിരംരൂപ മോഹിച്ചു തൻറ്റെകൂടെ വന്ന ബിൻസി എന്ന പെണ്ണിനോട് ആത്മാർത്ഥത കാണിക്കേണ്ട കാര്യമൊന്നുമില്ല. അല്ലെങ്കിലും ആർക്കാണ്, ആരോടാണ് ആത്മാർത്ഥത ? എല്ലാം വെറുതെ !!! ബെന്നിച്ചൻറ്റെ കാലടികൾ ഇരുളിലൂടെ ജോസേട്ടൻറ്റെ പിന്നാലെ നടന്നു, കവലയിലെ വെളിച്ചവും തേടി.

പട്ടികൾ പിന്നെയും പിന്നെയും കുരച്ചു കൊണ്ടിരുന്നു.

(അടുത്ത ലക്കം തുടർന്ന് വായിക്കുക "തിരിച്ചറിവുകൾ")

- സിറിയക് കടവിൽച്ചിറ

കപ്പലുപെരുന്നാൾ അദ്ധ്യായം 1
http://neendoorpravasi.com/arts.php#228

കപ്പലുപെരുന്നാൾ അദ്ധ്യായം 2
http://neendoorpravasi.com/arts.php#242

കപ്പലുപെരുന്നാൾ അദ്ധ്യായം 3
http://neendoorpravasi.com/arts.php#250

കപ്പലുപെരുന്നാൾ അദ്ധ്യായം 4
http://neendoorpravasi.com/arts.php#267


വയോവ്യഥ (കവിത)

പലകുറിയായെൻ കളത്രം ശഠിപ്പൂ
തലയെങ്കിലും കറുപ്പിക്കുവാനായി
കാലുഷ്യമെല്ലാം വെടിഞ്ഞു മൊഴിഞ്ഞിന്നു
"കാലത്തെ നമ്മൾ മറികടന്നീടണം"

"മൽപ്രാണനാഥനെ കൂട്ടുകാർ കാണ്‍കി-
ലെൻപ്രാണേശ്വരൻ വൃദ്ധനെന്നുചൊല്ലീടും
കാലത്തിനൊപ്പിച്ചു നാമും ചരിയ്ക്കണം
കോലമെന്താകിലും നാലാൾക്കു ചേരണം

നാട്ടാരു നമ്മുടെ പശി പോക്കിടുമോ,
നാട്ടുകാർക്കെന്തിതിൽ ലാഭവും നഷ്ടവും!
പൊയ്മുടിവച്ചു കഷണ്ടി മറയ്ക്കുന്നു,
പൊയ്കാലുകൊണ്ടും ചിലർ നടന്നീടുന്നു.

എന്തേ കറുപ്പിച്ചിടാൻ മടിച്ചീടുന്നു?
എന്തും സഹിക്കാമീ ഞാനും കിടാങ്ങളും.
പന്തിയിൽ പത്തുപേർ കാണുന്ന വേളയിൽ
ചന്തം കുറഞ്ഞിടാനാവുമോ നാഥന്" ?

കാലം പതിപ്പിച്ച മുദ്രകളൊക്കയും
കാലത്തിനൊത്തുനാം വരവേറ്റിടേണം
പലരുമേ കാലത്തെ വെല്ലാൻ ശ്രമിച്ചു
കലിതുള്ളി മുണ്ഡനംചെയ്തതും കണ്ടു

ആഴ്ച്ചകൾ തോറും നിറം മാറ്റിയോർ ചില-
രാഴ്ത്തിച്ചൊറിഞ്ഞതും നിദ്ര വെടിഞ്ഞതും,
അത്യാഹിതത്തിലെ വൈദ്യനെ കണ്ടതും-
"വിതസ്ത" സ്നാനാർഥം പോയെന്നതും, കഥ...

ഓരോ അണുവിനും സൃഷ്ടിയിൽ സ്രഷ്ടാവു
ഓരോ പരിണാമം സൃഷ്ടിച്ചു വച്ചതും
ഘോരമായീടുമെന്നാകിലുമാവിധി-
യാരാലുമാവില്ല മാറ്റിമറിക്കുവാൻ.

ദേഹവിരോധം നാമൊന്നുമേ കാട്ടിടാ,
മോഹമുദിക്കിലും നിഷ്ഠകാട്ടീടണം;
ദേഹി വെടിഞ്ഞിടും നേരത്തു മറ്റൊന്നും
ദേഹത്തിനാസ്തിയായ് നിൽക്കില്ല നിർണ്ണയം.

മേന്മയ്ക്കുവേണ്ടിക്കളയുന്ന മാത്രകൾ
മാന്യതയ്ക്കാഘാത ഹേതുവായ്ത്തീർന്നിടാ.
മർത്യമസ്തിഷ്ക്കമീപ്പാരിൽ വിതയ്ക്കുന്ന
ശാസ്ത്രപുരോഗതി ഭീതി പരത്തുന്നു!

(പീറ്റർ നീണ്ടൂർ)


യാത്രാവിവരണം: പനാമ-പെറു-മച്ചുപിച്ചു യാത്ര-10

പനാമയിലെ ജനവിഭാഗങ്ങൾ

ഒരു രാജ്യത്തെ വ്യക്തമായി വിവരിക്കണമെങ്കിൽ അവിടത്തെ ജനതയെ അടുത്തറിയണം. ന്യൂയോർക്കിലെപ്പോലെ വിവിധ ജനതകളുടെ സംഗമമാണ് പനാമയിലും. പാനാമ റെയിൽ റോഡ്‌ പണിക്കും കനാൽ നിർമ്മാണത്തിനുമായി കരീബിയൻ കടൽത്തീരരാജ്യങ്ങളിൽനിന്നും വന്ന ഏഷ്യൻവംശജർ പിന്നീട് പനാമയിൽത്തന്നെ തമ്പടിച്ച് പനാമക്കാരായി. ആഫ്രിക്കൻവംശജരായ അടിമകളും റെയിൽ റോഡു പണിയും കനാൽ വെട്ടും കഴിഞ്ഞപ്പോൾ പനാമയിൽ സ്ഥിരതാമസമാക്കി. ഒരു ന്യൂനപക്ഷം കലർപ്പില്ലാത്ത വെള്ളക്കാരായ സ്പെയിൻകാർ ഇപ്പോഴും പനാമയിലുണ്ട്. ഇവരെല്ലാവരും സംഗമിച്ചുണ്ടായ സങ്കരവർഗ്ഗമാണ് പനാമേനിയൻ ജനതയിൽ ഭൂരിപക്ഷം. തിരഞ്ഞെടുപ്പിൻറ്റെ കാലത്ത് ഈ വംശീയത ഒരു ഘടകമാണ്. സ്പാനീഷ് കോളനിക്കാരുടെ കൊടുംക്രൂരതയും അവർ ഒപ്പം കൊണ്ടുവന്ന പകർച്ചവ്യാധികളും മൂലം മരണം വരിച്ച ആദിവാസികളുടെ കാര്യം സൂചിപ്പിച്ചുവല്ലോ. ശേഷിച്ചവരുടെ അനന്തര തലമുറ ഏഴു ഗ്രൂപ്പുകളിലായി ദ്വീപുകളിൽ വസിക്കുന്നുണ്ട്. അവർ ന്യൂനപക്ഷമെങ്കിലും അവരുടെ ഭാഷയും സംസ്ക്കാരവും അവർ ഇന്നും പിന്തുടരുന്നു. മീൻ പിടിച്ചും വന്യമൃഗങ്ങളെ വേട്ടയാടിയും വനാന്തരങ്ങളിൽ തടി മുറിച്ചും കഴിയുന്നവർ അവരുടെ കൂട്ടത്തിലുണ്ട്.

സ്പാനിഷ് ഭാഷയുടെ സർഗ്ഗാത്മകത

പനാമയിൽ കേന്ദ്രീകരിച്ച് മദ്ധ്യ അമേരിക്കയിലും തെക്കേ അമേരിക്കയിലും സ്പെയിൻകാർ നിരവധി കോളനികൾ സ്ഥാപിച്ചു. തങ്ങൾ സ്ഥാപിച്ച കോളനികൾ സ്പാനിഷ് ഭാഷ പഠിപ്പിക്കുവാൻ സ്പെയിൻകാർ മറന്നില്ല. അതുകൊണ്ട് സ്പാനിഷ് ഭാഷ മദ്ധ്യ-തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ വമ്പിച്ച സ്വാധീനശക്തി നേടി. കോളനികൾ സ്വാതന്ത്ര്യം സമ്പാതിക്കുന്നതിനും ഈ ഭാഷാസ്വാധീനം അവരെ സഹായിച്ചു. തെക്കേ അമേരിക്കൻ ഭൂഖണ്ടത്തിൽപ്പെട്ട ബ്രസീൽ പോർട്ടുഗീസുകാരുടേതാണ്. ബ്രസീലിൽ പോർട്ടുഗീസ്‌ ഭാഷ സംസാരിക്കുന്നു. യൂറോപ്പിൽ പോർട്ടുഗലും സ്പെയിനും അയൽക്കാരാണല്ലോ. നമ്മുടെ തമിഴും മലയാളവും പോലുള്ള ബന്ധമാണ് ഈ ഭാഷകൾക്ക്. സ്പാനിഷ് ഭാഷ കാവ്യാത്മകമാണ്. അനായാസം അതിവേഗം പഠിക്കുവാനും സാധിക്കും. സ്പാനിഷിൻറ്റെ മൂലഭാഷ ലത്തീൻ ആയതുകൊണ്ട് ഇറ്റാലിയൻ, ഇംഗ്ലീഷ്, ഗ്രീക്ക് തുടങ്ങിയ യൂറോപ്യൻ ഭാഷകളുമായി ഇതിനു ദൃഢമായ ബന്ധമുണ്ട്. ഇംഗ്ലീഷ് കഴിഞ്ഞാൽ ഏറ്റവും പ്രചാരമുള്ളത് സ്പാനിഷിനാണ്. നാൽപ്പതുകോടി ജനങ്ങൾക്ക്‌ സ്പാനിഷ് ഭാഷ മാതൃഭാഷയാണ്. വിശ്വോത്തര നോവലിസ്റ്റ് സെർവാൻറ്റെ, നോബൽ സമ്മാനജേതാക്കളായ പാബ്ലോ നെരുദ, ഗാർഷ്യാ മാർക്വേസ്, ഒക്ടാവിയോ പാസ് തുടങ്ങിയവർ സ്പാനിഷ് സാഹിത്യകാരന്മാരാണ്. ഈ ഭാഷ വിശ്വസാഹിത്യത്തിനു ഗണ്യമായ സംഭാവന നൽകിയിട്ടുണ്ട്.

തെക്കേ അമേരിക്കയിലെയും മദ്ധ്യ അമേരിക്കയിലെയും കരീബിയൻ ദ്വീപുരാജ്യങ്ങളിലെയും ആവർത്തിച്ചുള്ള യാത്രകൾകൊണ്ട് ഞാനും പോൾസണും സ്പാനിഷ് സംസാരിക്കുവാൻ പഠിച്ചു. സുന്ദരിമാരായ സ്പാനിഷ് യുവതികളോടിടപെടുന്നതിന് അൽപ്പമെങ്കിലും ഭാഷാസ്വാധീനം ആവശ്യവുമാണ്. "ജോ തക്വേരെ" " ജോ തുമെ ഗുസ്ത" ഞാൻ താങ്കളെ സ്നേഹിക്കുന്നു, എനിക്ക് അങ്ങയെ ഇഷ്ടമാണ് എന്നൊക്കെ ആദ്യമാദ്യം കേട്ടപ്പോൾ ഞങ്ങൾക്ക് തത്തുല്യമായ മറുപടി പറയാൻ അറിയില്ലായിരുന്നു. ഇപ്പോൾ അത്തരം പ്രശ്നങ്ങൾ തരണം ചെയ്തു. എന്നാൽ ഞങ്ങളുടെ പുതിയ സഹചാരി, സ്വാമിജിക്ക് സ്പാനിഷ് അറിഞ്ഞുകൂടായിരുന്നു. ഇടയ്ക്ക് ഡോക്ടർ പോൾസണ്‍ പറഞ്ഞു: "അല്ല, ശാസ്ത്രിജി സ്പാനിഷ് പഠിച്ചിട്ടും കാര്യമില്ല. അദ്ദേഹം ബ്രഹ്മചാരിയാണല്ലോ." "ശരിയാ. കാക്കയ്ക്കു വിശപ്പുണ്ടെങ്കിലല്ലേ, പശുവിൻറ്റെ ചൊറിച്ചിൽ മാറ്റാൻ പറ്റൂ" , ഞാൻ ശരിവച്ചു. വിഷയം പിടികിട്ടിയതുപോലെ ശാസ്ത്രിജിയും ഒപ്പം സൊറ പറയുവാൻ കൂടി. സ്പാനിഷ് കാൽപ്പനികകൃതികളുടെ തർജ്ജമ വായിച്ചിട്ടുണ്ടെന്നു ശാസ്ത്രിജി സമ്മതിച്ചു.

പ്രസിഡൻറ്റ് ബുഷ്‌ പനാമയിൽ

ഞങ്ങൾ പനാമസന്ദർശനം കഴിഞ്ഞ് പെറുവിലും സഞ്ചരിച്ചു ന്യൂയോർക്കിൽ തിരിച്ചെത്തി. ഒരു മാസം കഴിഞ്ഞപ്പോൾ പനാമ സിറ്റിയിൽനിന്നും സുഹൃത്ത് ലോപ്പസിൻറ്റെ കത്ത് കിട്ടി. പ്രസിഡൻറ്റ് ബുഷ്‌ പനാമ കനാൽ കാണുവാൻ പനാമ സിറ്റിയിൽ ചെന്നിരുന്നതാണ് കത്തിലെ വിശേഷം. തൻറ്റെ പിതാവ് പനാമയെ ആക്രമിച്ചതിൻറ്റെയും തെക്കേ അമേരിക്കയിൽ തൻറ്റെ ജനപ്രീതി ഇടിഞ്ഞതിൻറ്റെയും ദുരവസ്ഥ ഒന്ന് മാറ്റിയെടുക്കുവാനാണ് ബുഷ്‌ പനാമ സിറ്റിയിലെത്തിയത്‌. (തുടരും...)

(എം.സി ചാക്കോ മണ്ണാറക്കാട്ടിൽ)



അടുക്കള - മത്തി പൊള്ളിച്ചത്

അടുക്കള - മത്തി പൊള്ളിച്ചത്

ആവശ്യമായ ചേരുവകൾ:-

1. മത്തി : 5 എണ്ണം
2. കുരുമുളക് : 4 ടേബിൾ സ്പൂണ്‍
3. പെരുംജീരകം : 1 ടേബിൾ സ്പൂണ്‍
4. ഉലുവ : 1/2 ടീ സ്പൂണ്‍
5. ഇഞ്ചി കൊത്തിയരിഞ്ഞത്‌ : 1 ടേബിൾ സ്പൂൺ
6. വെളുത്തുള്ളി കൊത്തിയരിഞ്ഞത്‌ : 1 ടേബിൾ സ്പൂൺ
7. പച്ചമുളക് അരിഞ്ഞത് : 2 എണ്ണം
8. ചുവന്നുള്ളി ചെറുതായി അരിഞ്ഞത് : ഒരു കപ്പ്
9. തക്കാളി അരിഞ്ഞത് : 1 എണ്ണം (ചെറുത്‌ )
10. മഞ്ഞൾ പൊടി : 1/4 ടീ സ്പൂണ്‍
11. മുളക് പൊടി : 1/2 ടീ സ്പൂണ്‍
12. പുളി : ഒരു നെല്ലിക്ക വലിപ്പം
13. ഉപ്പ് : ആവശ്യത്തിന്
14. വെളിച്ചെണ്ണ : 3 ടേബിൾ സ്പൂണ്‍
15. വാഴയില (മീന്‍ പൊതിയാന്‍ ആവശ്യത്തിന്)
16. കറിവേപ്പില : രണ്ടു തണ്ട്


തയ്യാറാക്കുന്ന വിധം :-

മത്തി കഴുകി വൃത്തിയാക്കി വരഞ്ഞു വെക്കുക. കുരുമുളകും, പേരുംജീരകവും കൂടി അൽപ്പം വെള്ളം കൂട്ടി അരച്ചെടുക്കുക. കഴുകി വൃത്തിയാക്കി വരഞ്ഞു വെച്ചിരിക്കുന്ന മത്തിയിൽ ഈ അരപ്പും ഉപ്പും പുരട്ടി ഒരു പത്തു മിനിട്ട് വെക്കുക.

പുളി 1/4 ഗ്ളാസ്സു വെള്ളത്തിൽ ഇട്ടു കുതിർത്തി പിഴിഞ്ഞ് എടുത്തു മാറ്റിവെക്കുക.

ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി ഉലുവ പൊട്ടിക്കുക. അതിനു ശേഷം അരിഞ്ഞു വെച്ചിരിക്കുന്ന കുഞ്ഞുള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ഒരു തണ്ട് കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക. ഉള്ളി വഴന്നു കഴിയുമ്പോള്‍ ഇതിലേക്ക് മഞ്ഞൾപൊടി, മുളകുപൊടി, ആവശ്യത്തിനു ഉപ്പ് എന്നിവ ചേർത്ത് വഴറ്റുക. ഇനി ഇതിലേക്ക് തക്കാളിയും, പുളി പിഴിഞ്ഞതും ചേർക്കുക. തക്കാളി വേവാകുമ്പോൾ മീൻ ചേർക്കുക. മീൻ കഷണങ്ങൾ ഉടഞ്ഞു പോവാതെ മസാല എല്ലാം മീനിൽ ചേരുന്ന വിധത്തിൽ ഇളക്കി ചേർത്ത്, ചെറിയ തീയിൽ അടച്ചുവെച്ച് വേവിക്കുക.

മസാലകൾ എല്ലാം കുറുകി മീൻ മുക്കാൽ വേവ് ആകുമ്പോൾ തീ അണക്കുക.

ഇനി വാഴയില തീയുടെ മുകളില്‍ വെച്ച് വാട്ടി എടുത്ത്, അതിലേക്കു മീൻ
കഷണങ്ങളും, മസാലയും, മുകളിലായി കുറച്ചു കറിവേപ്പിലയും വിതറി ഇല നന്നായി മടക്കി നാരു കൊണ്ട് കെട്ടുക.

ഒരു തവയില്‍ എണ്ണ പുരട്ടി അതിലേക്കു ഇലയിൽ പൊതിഞ്ഞ മീന്‍ വെച്ച് ഇരു വശവും നന്നായി വേവുന്നത് വരെ പൊള്ളിച്ചെടുക്കുക.

കുറിപ്പ്: കുരുമുളകിൻറ്റെ എരിവു ആണ് ഇതിൽ കൂടുതലായി വേണ്ടത്. അതുകൊണ്ട് മുളകുപൊടി വളരെ കുറച്ചു മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. (അധികം എണ്ണ ഉപയോഗിക്കാതെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു മീൻ വിഭവമാണിത്).

NOTE: Three Tea Spoons = 1 Table Spoon (1 Teaspoon equals about 5 milli liters; 1 Tablespoon equals about 15 milli liters)

(ഷൈനി ബെന്നി മുടിയപ്പറമ്പിൽ, ഇസ്രായേൽ)



പുതിയ സിനിമ - വെള്ളിമൂങ്ങ

ചുരുക്കം ചില ചിത്രങ്ങളൊഴിച്ചാൽ, ഇന്നിറങ്ങുന്ന ഒട്ടുമിക്ക ചിത്രങ്ങളും ഇവയുടെ നിർമ്മാതാക്കൾക്കും തീയറ്ററിലെത്തുന്ന പ്രേക്ഷകർക്കും സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന സാഹചര്യത്തിലാണ് ഛായാഗ്രാഹകനായ ജിബു ജേക്കബ്‌ സംവിധാന അരങ്ങേറ്റം കുറിച്ച വെള്ളിമൂങ്ങ പ്രേക്ഷകരുടെ മുമ്പിലെത്തുന്നത്‌. ബിജുമേനോനും നിക്കി ഗൽറാണിയും താരജോടികളായി എത്തുന്ന ചിത്രം പതിവ് നായികാ - നായക സങ്കൽപ്പങ്ങൾക്ക് സുല്ല് പറഞ്ഞ് വേറിട്ടൊരു കാഴ്ച്ച പ്രേക്ഷകന് പ്രദാനം ചെയ്യുന്നു.

സൂത്രക്കാരനായ രാഷ്‌ട്രീയനേതാവാണ് സി. പി. മാമച്ചൻ (ബിജു മേനോൻ). കേരളത്തിലെ പാർട്ടികളിൽ കൂടിയാൽ മേലോട്ടു കയറിപ്പോകാൻ പാടാണെന്നറിയാവുന്നതുകൊണ്ട് നാട്ടിൽ കണി കാണാൻ പോലും കിട്ടാത്ത ഒരു വടക്കേ ഇന്ത്യൻ പാർട്ടിയിലാണ് മാമച്ചൻറ്റെ പ്രവർത്തനം. അതുകൊണ്ടെന്താ, പാർട്ടിയുടെ കേരളത്തിലെ പ്രമുഖ നേതാവും മാമച്ചൻ തന്നെ. ഏതു പ്രതികൂലസാഹചര്യവും അനുകൂലമാക്കാൻ മാമച്ചൻ വിരുതനാണ്. ആ വിരുതാണ് ഈ സിനിമയുടെ മർമ്മം. അതോടൊപ്പം, കൗമാരകാലത്ത് താൻ പ്രണയിച്ച പഴയ കാമുകിയെ വർഷങ്ങൾക്കു ശേഷം കണ്ടുമുട്ടുകയും, പിന്നീട് അവരുടെ കൗമാരക്കാരിയായ മകളെ സ്വന്തമാക്കാനായി നടത്തുന്ന രസകരമായ ശ്രമങ്ങളും പ്രേക്ഷകർക്ക്‌ പുതുമ സമ്മാനിക്കുന്നു. മാമച്ചൻറ്റെ അമ്മ (കെ. പി. എ. സി ലളിത), കിങ്കരൻ പാച്ചൻ (അജു വർഗീസ്), പഴയ കാമുകി (ലെന), അവരുടെ ഭർത്താവ് (സിദ്ദിഖ്), അവരുടെ മകൾ (നിക്കി ഗൽറാണി), മാമച്ചൻറ്റെ രാഷ്‌ട്രീയ എതിരാളികൾ (ടിനി ടോം, കലാഭവൻ ഷാജോൺ) തുടങ്ങിയവരും കൂടി ചേരുമ്പോൾ വെള്ളിമൂങ്ങയിലെ പ്രധാന ടീം പൂർത്തിയാകുന്നു.

PLUSES - രസകരമായ ഒരു കഥ വളരെ രസകരമായിത്തന്നെ പറഞ്ഞു എന്നതാണ് വെള്ളിമൂങ്ങയുടെ പ്രധാന ഗുണം. ജോജി തോമസിൻറ്റെ ശക്തമായ തിരക്കഥ, അതിനോട് തികച്ചും നീതിപുലർത്തിയുള്ള ജിബുവിൻറ്റെ സംവിധാനമികവ്, അടക്കവും ഒതുക്കവുമുള്ള കഥാപാത്ര സൃഷ്ടി തുടങ്ങി പ്രേക്ഷകനെ ബോറടിപ്പിക്കാതിരിക്കാൻ എന്തൊക്കെ ചെയ്യണമെന്ന് സംവിധായകനും എഴുത്തുകാരനും അറിയാമെന്നു തോന്നി. അഭിനേതാക്കളിൽ നിന്നും ഈ സിനിമയ്‌ക്കു വേണ്ടത് കൃത്യമായി വാങ്ങിച്ചെടുക്കാനും ജിബുവിന് കഴിഞ്ഞു.

നമ്മുടെ നാട്ടിലെ രാഷ്‌ട്രീയപ്രവർത്തനത്തിൻറ്റെയും രാഷ്‌ട്രീയനേതാക്കളുടെയും ഒരു കാരിക്കേച്ചർ വെള്ളിമൂങ്ങയിൽ ഒളിഞ്ഞുകിടപ്പുണ്ട്. (ആ ഭാഗത്തേക്ക് സംവിധായകൻ ഒരു പരിധി വിട്ട് കടന്നിട്ടില്ല. കടന്നിരുന്നെങ്കിൽ ഇതൊരു ഗംഭീര രാഷ്ട്രീയ ഹാസ്യചിത്രമായി മാറിയേനെ.)

മാമച്ചനായി ബിജു മേനോനു പകരം മറ്റൊരാളെ സങ്കൽപ്പിക്കാൻ നമ്മൾ ശ്രമിക്കില്ല. ഒരു അഭിനേതാവെന്ന നിലയിൽ ബിജു മേനോന് ഇതിൽ ഏറെ അഭിമാനിക്കാം. സ്വന്തം കഥാപാത്രത്തിലേക്ക് അനായാസം പ്രവേശിക്കാൻ അദ്ദേഹത്തിനുള്ള കഴിവ് ഈ സിനിമയിൽ വീണ്ടും തെളിയിക്കപ്പെടുന്നു. അജു വർഗീസിൻറ്റെ പേരും എടുത്തു പറയണം. ഒപ്പം പറയട്ടെ, അതിഥിവേഷത്തിൽ വന്ന ആസിഫ് അലിയടക്കം അഭിനേതാക്കളെല്ലാം മികവു കാട്ടി.

ഏതായാലും "രണ്ടര മണിക്കൂർ തടവും 100 രൂപാ പിഴയും" പ്രേക്ഷകർക്ക്‌ മേൽ ചുമത്തുന്ന പല ന്യൂ ജനറേഷൻ ചിത്രങ്ങളേയും വച്ച് നോക്കുമ്പോൾ ഉന്നത നിലവാരം പുലർത്തിയിരിക്കുന്നു ഈ കൊച്ചുചിത്രം.

MINUSES - പഴയ മട്ടിലാണ് സിനിമയുടെ രൂപം. അതിലൊരു അഴിച്ചുപണി നടത്തിയിരുന്നെങ്കിൽ പുതുമയുടെ പകിട്ടു കൂടി വെള്ളിമൂങ്ങക്ക് കിട്ടുമായിരുന്നു. മാമച്ചനെ ഇടയ്ക്ക് ഒന്നോ രണ്ടോ തവണ വെള്ളിമൂങ്ങ എന്നു വിശേഷിപ്പിക്കുന്നുണ്ടെങ്കിലും ആ പേരിനൊരു ന്യായീകരണം ഇല്ലാതെ പോയി. (ഇടയ്‌ക്ക് അമ്മ മാമച്ചനെ വെള്ളപ്പാറ്റ എന്നോ മറ്റോ വിളിക്കുന്നുണ്ട്. സിനിമയുടെ പേര് അങ്ങനെയിടാൻ തോന്നാഞ്ഞത് എന്തായാലും നന്നായി!)

LAST WORD - കാണാൻ കൊള്ളാവുന്ന രസകരമായ ഒരു സിനിമ.

(മനോജ്‌ തൈക്കൂട്ടത്തിൽ)



ശ്രാവണ നിലാവ് (കവിത)

കാത്തിരുന്നു മുഷിഞ്ഞെത്തിയ അതിഥിയെപ്പോൽ
വൈകിയെത്തിയൊരു "വർഷകാലം"
വരണ്ടുണങ്ങിയ വയലുകൾ, മേടുകൾ
മിഴിവുള്ള അരുവികൾ, തണ്ണീർതടങ്ങൾ
അവനിയുടെ രോമക്കുപ്പായം നനഞ്ഞു
ഉത്സാഹഭരിതമായ് കിടാങ്ങളും കിളികളും
ഹർഷപുളകിതർ കർഷകക്കൂട്ടങ്ങൾ!
പുൽമേടുകൾതോറും കിടാരികൾ പൈക്കളും
പെരും കൊക്കുകൾ ചേലൊഴും വണ്ണാത്തിപ്പെണ്ണും;

* * * * * * *

വർഷം കനത്തു തോരാത്ത "പെരുമഴ"!
തുള്ളിയുറഞ്ഞു നദികളും ആഴിയും
ചുഴലിയിതു വൻമരം ഘോരം പിഴുതും മറിച്ചും
ഫലങ്ങൾ തിങ്ങും മരങ്ങൾ ഓർമ്മയിൽ ഒളിച്ചു
പ്രളയം വിതച്ച് ഗ്രാമപാന്ഥങ്ങൾ മുങ്ങി
ആശ്രയകേന്ദ്രങ്ങൾ തിങ്ങി നിറഞ്ഞും കദനം പൊഴിച്ചും
കൂര തകർന്നവർ; ഉറ്റവർതൻ വേർപാട്! ദു:ഖം
അനാഥർ ഒരായിരം, അംഗപരിമിതർ
കണ്ണുനീർത്തുള്ളികൾ! കിങ്ങിണിതോരണങ്ങൾ;
നല്ലകാലത്തെ തിരക്കിയെത്തിയ "കഷ്ടകാലം"
മെല്ലെ പതിയെ പറഞ്ഞു "വിട നൽകുകയെനിക്ക്" ! "മാപ്പ്"
വരവേൽക്കുക നിങ്ങൾ എല്ലാം മറന്ന്,
"ശ്രാവണ പൗർണമി" പിൻപേ വരുന്നു
ഏറെ കൊതിച്ച് മലയാളത്തെ! തുഞ്ചൻറ്റെ മണ്ണിനെ
മാറോടു ചേർക്കുവാൻ നിർവൃതിയിലലിയുവാൻ!
നമസ്ക്കരിക്കുന്നു "ഭാരതാംബയെ"
എൻറ്റെ "മാതൃഭൂമിയെ" നിറഞ്ഞ മനസ്സോടെ!

(പി. എസ് പ്രസാദ് മുണ്ടമറ്റം, നീണ്ടൂർ)



കപ്പലുപെരുന്നാൾ (നോവൽ) - 4

കഥാപരിസരം: കുറവിലങ്ങാട്, കുറുപ്പന്തറ, മാഞ്ഞൂർ ചുറ്റുവട്ടങ്ങൾ.

കഥാകാലഘട്ടം: ആയിരത്തി എണ്‍പതുകൾ.

തലവേദനകൾ :-

അങ്ങനെ ഇരിക്കുമ്പോൾ കാൽമരാജു കയറി വന്നു. വിവരം അറിഞ്ഞിട്ടുള്ള വരവാണ്. മുഖത്തെ ഊമ്പിയ ചിരി കണ്ടപ്പഴേ ബെന്നിച്ചനു അരിശം തോന്നി.

“എന്തെടാ ബെന്നിച്ചാ, പണിപറ്റിച്ചോ ?” വന്നു കയറിയപാടെ കാൽമ ചോദിച്ചു. എന്നിട്ട് ദീർഘമായി പതിവുള്ള ചിരി ചിരിച്ചു. ബെന്നിച്ചനു അത് അട്ടഹാസമായിട്ടാണ് തോന്നിയത്. വലിയ കേഡിയാണെങ്കിലും ഇവനൊരു പൊട്ടനാണല്ലോ എന്ന് ബെന്നിച്ചൻ വിചാരിച്ചു.

“അതിപ്പം ഒന്നും തീർച്ച പറയാൻ പറ്റില്ല. അവള് ചിലപ്പോ പള്ളിയിൽ കാണാതിരുന്നപ്പോൾ ജോസേട്ടനോട് ചുമ്മാ ഒരു വെടി പൊട്ടിച്ചതാണോ എന്ന് ആർക്കറിയാം ?. അതിനിപ്പം ഇങ്ങനെ ഒരു അർത്ഥം കൊടുക്കണോ ?” ബെന്നിച്ചൻ പറയുന്നത് ശ്രദ്ധിക്കാതെ ജോസേട്ടൻ ഒരു കുപ്പി എടുത്തു വച്ചു. പുള്ളിക്കാരൻ തന്നെ പെരുന്നാൾ പ്രമാണിച്ച് വാറ്റിയതാണ്. മുത്തിയമ്മയുടെ പെരുന്നാളാണ്. അത് ആഘോഷിച്ചില്ലെങ്കിൽ പിന്നെന്തു സത്യക്രിസ്ത്യാനി ? കോപ്പ് !!!

രണ്ടെണ്ണം ഉള്ളിൽചെന്നു കഴിഞ്ഞപ്പം ബെന്നിച്ചൻറ്റെ മനസ്സ് സ്നേഹത്തിൻറ്റെ നിറകടലായി മാറി. ബിൻസിയോടുള്ള പ്രണയം ഒരു ലഹരിയായി അവൻറ്റെ സിരകളിൽ പടർന്നു കയറി. അവളിപ്പം എന്തു ചെയ്യുകയായിരിക്കും ?. ബെന്നിച്ചൻ പരവശനായി ചിന്തിച്ചു.

“ജോസേട്ടാ………” കാൽമ പറയുകയാണ്. രണ്ടെണ്ണം ഉള്ളിൽ ചെന്നാൽപിന്നെ അവനാണ് ലോകത്തിലെ ഏറ്റവും വലിയ ആള് എന്ന മട്ടിലാണ്‌ അവൻറ്റെ സംസാരം. “ഞാനൊന്നു ഫോണ്‍ വിളിച്ചു പറഞ്ഞാൽ മതി, മേനോൻ ഡോക്ടർ അഞ്ചു പൈസപോലും മേടിക്കാതെ കാര്യം നടത്തികൊടുക്കും. ആളേം ആയിട്ട് അങ്ങോട്ട്‌ ചെന്നാൽ മതി. പക്ഷെ ആളേം ആയിട്ട് അവിടെ ചെല്ലണം. അല്ലാതെ പറ്റത്തില്ല. ചെന്നാപിന്നെ അയാള് അവിടെയും ഇവിടെയും ഒക്കെ തൊട്ടെന്നും പിടിച്ചെന്നും ഒക്കെയിരിക്കും. അത് നമ്മള് കണ്ടില്ലെന്നു അങ്ങാ നടിച്ചേക്കണം. പക്ഷെ നല്ല ഫസ്റ്റ്ക്ലാസ്സായിട്ടു അങ്ങേരു കാര്യം ചെയ്തു തരും. പക്ഷെ ആളേം ആയിട്ട് അവിടെ ചെല്ലണം. അതാ കാര്യം.”

ചാരായം കാൽമയുടെ തലയ്ക്കു പിടിച്ചു കഴിഞ്ഞു. ബെന്നിച്ചനു അരിശം കയറുന്നുണ്ടായിരുന്നു. “ഇവനെന്താ ഈ പറയുന്നത് ? അതിനു ബിൻസിക്ക് ഗർഭമാണെന്നു അവള് പറഞ്ഞോ ? വെറുതെ ഓരോന്ന് പറയുന്നതെന്തിനാ ?” ബെന്നിച്ചനു ചൊറിഞ്ഞു വരുന്നുണ്ടായിരുന്നു.

“ബെന്നിച്ചാ, നിൻറ്റെ ഭാഗത്തുനിന്നും ഒരു തെറ്റ് പറ്റി. പക്ഷെ ആ തെറ്റ് സാരമില്ല, അത് എല്ലാവർക്കും പറ്റുന്ന തെറ്റാ. തെറ്റ് പറ്റാത്തവര് ഈ ലോകത്തിൽ ആരിരിക്കുന്നു ?. പക്ഷെ അങ്ങനെ തെറ്റ് പറ്റിയെങ്കിൽ അത് നീ തിരുത്തണം. അതാണ് ചെയ്യേണ്ടത്. നീ അവളുമായി അവിടെ ചെല്ലണം. ഞാൻ വിളിച്ചു പറയാം. പക്ഷെ അവിടെ ചെല്ലണം.”

കാൽമയുടെ വാക്കുകൾ കുഴഞ്ഞു. ജോസേട്ടൻ ഇടക്ക് കയറി “എടാ കാൽമ, ---- മകനെ, ഇനി നീ മിണ്ടരുത്!! ആ ചെറുക്കനെ ഇട്ടു വിഷമിപ്പിക്കാനായിട്ട്...”

“ശരി, മിണ്ടരുതെങ്കിൽ മിണ്ടുന്നില്ല. പക്ഷെ അവിടെ ചെല്ലണം.” കാൽമ അടുത്ത ഗ്ളാസ് വായിലേക്ക് കമഴ്ത്തി.

ജോസേട്ടൻ പറഞ്ഞു “നാളെ അവൾ ഏതായാലും പള്ളിയിൽ വരും അന്നേരം ബെന്നിച്ചൻ വിശദമായിട്ട് അവളോട്‌ സംസാരിക്ക്. എന്നിട്ട് നമുക്ക് എന്തെങ്കിലും നീക്കുപോക്കുണ്ടാക്കാം. എന്താ ബെന്നിച്ചാ ?” ബെന്നിച്ചനു ഓരോ രോമകൂപങ്ങളിലും അരിശം താളം വെച്ചു കയറുന്നുണ്ടായിരുന്നു. ഒന്നുമറിയാതെ അഭിപ്രായം പറയുന്ന കൂട്ടുകാരെ അവൻ മിഴിച്ചു നോക്കി.

“അങ്ങനെ വല്ലോം ആണെങ്കി അവളെ ഞാനങ്ങു കെട്ടും. ആരാടാ എന്നോട് ചോദിക്കാൻ ?” ബെന്നിച്ചൻ കിതച്ചു. താൻ വാറ്റിയ ചാരായത്തിൻറ്റെ വീര്യത്തിൽ ജോസേട്ടന് തന്നോട്തന്നെ മതിപ്പ് തോന്നി.

“എടാ ബെന്നിച്ചാ, അതുമതി. അങ്ങനെ ആണെങ്കിൽപിന്നെ ഞാൻ വെറുതെ ഡോക്ടറെ വിളിക്കണ്ടല്ലോ. വിളിച്ചു പറഞ്ഞാ പിന്നെ നീ അവളെയുമായിട്ടു അവിടം വരെ പോകേണ്ടി വരും. അതാ….” കാൽമ ഞരങ്ങി.

“പോടാ നാറി….” ബെന്നിച്ചൻ ഇറങ്ങി നടന്നു. ജോസേട്ടൻറ്റെ പിൻവിളികളും കാൽമയുടെ അട്ടഹാസംപോലത്തെ ചിരികളും അവൻ അവഗണിച്ചു. ഇനി വീട് വരെ ഈ കൊലപ്പാതിരയ്ക്ക് നടക്കണമല്ലോ എന്നോർത്തപ്പോൾ അവൻ സകലരേയും പ്രാകി. മുകളിൽ നക്ഷത്രങ്ങൾ മിന്നിക്കൊണ്ടിരുന്നു. പഥിതരും പാപികളും ആയ ലോകർക്ക് പാത തെളിച്ചു നല്കാൻ മുത്തിയമ്മ എർപ്പെടുത്തിയതാവാം !! ആർക്കറിയാം ?.

കല്ലേൽതട്ടി ബെന്നിച്ചൻറ്റെ വലത്തേകാലിലെ തള്ളവിരൽ ചതഞ്ഞു. വേദനയോടെ ബെന്നിച്ചൻ മുന്നോട്ടു നടന്നു. നാളെ ബിൻസിയെ കാണണം. എന്താണ് വിവരം എന്നറിയാതെ സമാധാനം കിട്ടുകയില്ല. ഇനി ജോസേട്ടൻ പറഞ്ഞതുപോലെ വല്ലതും ബിൻസിക്ക് പറ്റിയോ വാ ?

“എൻറ്റെ മുത്തിയമ്മേ അങ്ങനെ ഒന്നും വരുത്തല്ലേ”. ബെന്നിച്ചനു ചുറ്റും രാത്രി കനത്തു കൊണ്ടിരുന്നു. അകലെയെവിടെയോ കടപ്പൂര് ബെന്നിച്ചനെയും കാത്തുകെട്ടി കിടന്നു. ഇരുള് മൂടിയ, പരിചിതമായ, കടപ്പൂർക്കുളള വഴികളിലുടെ ബെന്നിച്ചൻ ചാരായത്തിൻറ്റെ ലഹരിയിൽ വേച്ചു വേച്ചു നടന്നു. ബെന്നിച്ചൻറ്റെ കാലിലെ തള്ളവിരൽ ഓരോ കാൽവെപ്പിലും നൊന്തു.

(അടുത്ത ലക്കം തുടർന്ന് വായിക്കുക "ആലോചനായോഗങ്ങൾ")

- സിറിയക് കടവിൽച്ചിറ

കപ്പലുപെരുന്നാൾ അദ്ധ്യായം 1
http://neendoorpravasi.com/arts.php#228

കപ്പലുപെരുന്നാൾ അദ്ധ്യായം 2
http://neendoorpravasi.com/arts.php#242

കപ്പലുപെരുന്നാൾ അദ്ധ്യായം 3
http://neendoorpravasi.com/arts.php#250


ഞാനെന്തിനു വൃത്തം നോക്കണം (കവിത)

ഒരു തടി പൊക്കാൻ ശ്രമിക്കുമ്പോളറിയുക
മരത്തിന്നകക്കാമ്പു കഠിനമോ മൃദുലമോ?
ആന വേണോ മരക്കട്ടി വേണോ?
അതോ എലവാങ്കു മാത്രം മതിയോ?
വാർദ്ധക്യമേറിയ ആനക്കേകും
മുറുക്കാൻ പൊതിയിൽ കടിച്ചിടല്ലെ
താംബൂലലതയിൽ പൊടിച്ച പാക്കും പിന്നെ
ഭസ്മ സമാനമാം പുകയിലയും വേണം

പണ്ടൊരു യുവ കവി കുത്തിക്കുറിച്ചിട്ടു
"പോകൂ പ്രിയപ്പെട്ട പക്ഷീ"
ഒരു വൃദ്ധ കവിമനമതിനെപ്പുണർന്നോതി
"പോരൂ പ്രിയപ്പെട്ട പക്ഷീ"
ആരാധ്യ വൃന്ദങ്ങളാർത്തോതി ഉച്ഛത്തി-
ലതിസുന്ദരം അതുദാത്തം

പിന്നീടു പക്ഷെ, "പ്രിയപ്പെട്ട പക്ഷി" യും
കിന്നരിച്ചീടും മഴക്കൂണുമായി
കഥകൾ തിരുത്തുവാൻ "പൈങ്കിളി" പാടി
മിഥ്യയാണെല്ലാം വെറും ചോരണങ്ങൾ
പക്ഷിക്കു പിമ്പേ പലർ പാഞ്ഞിടുന്നു
പക്ഷേയീപ്പൈങ്കിളി ആർക്കാണ് സ്വന്തം.
പഞ്ചരേ പക്ഷിയെക്കാലവും ബന്ധിത
തുഞ്ചൻ പുനർജ്ജനിച്ചീടുമോ രക്ഷക്കു്

"തല്ലിപ്പൊളികളാം കാളമാടന്മാ-"
രിടക്കിടെ കൂടുന്ന യോഗം
പ്രൊഫസറും ഡോക്ടറുമെന്നെ ഉയർത്തേണ്ട
ഞാനോ കവിവരൻ തന്നെ.

വൃത്തമറിയേണ്ട- അഗ്രം പുകയുന്നു
എല്ലാം പുക വെറും കട്ടപ്പുക.

(പീറ്റർ നീണ്ടൂർ)


യാത്രാവിവരണം: പനാമ-പെറു-മച്ചുപിച്ചു യാത്ര-9

വികാരാത്മകമായ ഒരു പിന്മാറ്റം

1999 സമാഗതമായി. ഡെമോക്രാറ്റിക്ക് പാർട്ടിയുടെ പ്രസിഡൻറ്റ് ജിമ്മി കാർട്ടർ 1977-ൽ വാഗ്ദാനം ചെയ്ത പനാമ കനാൽ കൈമാറ്റം അതേ പാർട്ടിയുടെ മില്ലേനിയം പ്രസിഡൻറ്റായ ബിൽ ക്ലിൻറ്റണ്‍ നടപ്പാക്കി. പുതു നൂറ്റാണ്ടു പിറക്കുന്നതിൻറ്റെ തലേദിവസം പനാമ കനാൽ അതിൻറ്റെ സമസ്ത അവകാശങ്ങളോടെ പനാമയ്ക്കു കൈമാറിക്കൊണ്ട് യു. എസ് പിന്മാറി. ഒരു നൂറ്റാണ്ടോളം നീണ്ടുനിന്ന സംഘർഷം അവസാനിച്ചു.

പനാമയിൽ സഞ്ചരിക്കുന്നതിനായി ഞങ്ങൾ അവിടെ ചെന്നപ്പോൾ പനാമ ക്യാപ്റ്റന്മാർ കപ്പലുകളുടെ നിയന്ത്രണം കാര്യക്ഷമതയോടെ നിർവ്വഹിക്കുന്നുവെന്നറിഞ്ഞു. പനാമയുടെ വരുമാനം ഗണ്യമായി വർദ്ധിച്ചു. യു.എസ് സേന പിന്മാറിയതുകൊണ്ട് കുറെ തൊഴിൽ അവസരങ്ങൾ പനാമക്കാർക്കു നഷ്ടപ്പെട്ടു. എന്നിരുന്നാലും കനാലിൻറ്റെ മൊത്തവരുമാനം ആ രാജ്യത്തിനു ലഭിക്കുന്നു. അമേരിക്കക്കാർ "കനാൽ സോണ്‍" എന്നു വിളിച്ചിരുന്ന പ്രദേശം ഇപ്പോൾ "കനാൽ ഏരിയ" എന്നറിയപ്പെടുന്നു.

ഇവിടെവച്ച് ഒരു പനാമക്കാരൻറ്റെ ദയനീയ ആവലാതി ഞങ്ങൾ കേട്ടു. മൾഡൊനാഡോ എന്നു പേരു വെളിപ്പെടുത്തിയ പനാമക്കാരൻറ്റെ ഹൃദയഭേദകമായ വാക്കുകൾ കേട്ടപ്പോൾ ശാസ്ത്രിജിയോടും ഡോക്ടർ പോൾസണോടും ഞാനൊരു കുമരകംകാരൻറ്റെ ദയനീയാവസ്ഥ പറഞ്ഞുകേൾപ്പിച്ചു. കുമരകത്ത് കായലരുകിൽ അരയേക്കർ സ്ഥലവും പുരയിടവുമുണ്ടായിരുന്ന കുട്ടപ്പൻകുഞ്ഞ് എന്നൊരു അമ്പതുവയസ്സുകാരൻ തൻറ്റെ സ്ഥലവും പുരയും KTDC ക്ക് കൊടുത്തിട്ട് വണ്ടന്മേട്ടിൽ പോയി കുറെ സ്ഥലം വാങ്ങി താമസിച്ചു. കുറെ വർഷങ്ങൾ കഴിഞ്ഞ് കുമരകത്തുവന്ന അയാൾ കാണുന്നത് തൻറ്റെ സ്ഥലം താജും ഒബ്രോയിയും മറ്റും കൈയേറിയതായിട്ടാണ്. അയാളുടെ വീടിരുന്ന സ്ഥലത്ത് ഗൂർഖകൾ കാവൽ നിൽക്കുന്നു. വണ്ടന്മേടിനടുത്ത് പുലിയന്മലെ വച്ച് ഞാൻ കണ്ട കുട്ടപ്പൻകുഞ്ഞ് പൊട്ടിക്കരഞ്ഞു. അയാൾ പറയുകയാണ്‌. "കൊച്ചേ, ഞാൻ പിന്നീടൊരിക്കൽ ചെങ്ങളം വരെ ചെന്നപ്പോൾ ഒരുതരം പട്ടാളക്കാർ എന്നെ അവിടെവച്ചു തടഞ്ഞു. സംഗതി എന്തെന്നു തിരക്കിയപ്പോൾ അവർ പറഞ്ഞത് വാജ്പേയ് കുമരകത്ത് തിരുമ്മുന്നു. ആരെയും കുമരകത്തേക്ക് കടത്തിവിടുകയില്ല. ഏങ്ങലടിച്ചുകൊണ്ടു ഞാൻ തിരിച്ചുപോന്നു." കുമരകംകാരൻ കുട്ടപ്പൻകുഞ്ഞിൻറ്റെ വേദന ഇതാണെങ്കിൽ പനാമയുടെ മണ്ണിൽ പനാമക്കാരൻ മൾഡൊനാഡോയെ അമേരിക്കൻ പട്ടാളം തടഞ്ഞതിൽ ആരാണ് കരയാത്തത്? വലിഞ്ഞുകേറി വന്നവൻറ്റെ ഉശിര്!

മിറാഫ്ലോറസ് വിസിറ്റിംഗ് സെൻറ്റർ

പനാമസിറ്റിയിൽ മിറാഫ്ലോറസ് ലോക്കുകൾക്കു സമീപം കനാൽ കമ്പനി ടൂറിസ്റ്റുകൾക്കുവേണ്ടി ഒരു വിസിറ്റിംഗ് കേന്ദ്രം നിർമ്മിച്ചിട്ടുണ്ട്. നാലുനിലകളുള്ള വിസിറ്റിംഗ് സെൻറ്ററിൽ കാൻറ്റീൻ, ഇൻഫർമേഷൻ സെൻറ്റർ, റസ്റ്റോറൻറ്റുകൾ മുതലായവയുണ്ട്. ഈ സെൻറ്ററിലെ നാലാം നിലയുടെ മുകൾത്തട്ടാണ് വ്യൂ പോയിൻറ്റ്. അവിടെ നിന്നുകൊണ്ടാണ് കനാലിൽക്കൂടി കടന്നുപോകുന്ന കപ്പലുകളെ ടൂറിസ്റ്റുകൾ വീക്ഷിക്കുന്നത്. മിറാഫ്ലോറസ് ലോക്കുകൾ തുറന്ന് ജലനിരപ്പ്‌ താഴ്ത്തിയും ലോക്കുകൾ അടച്ചു ജലനിരപ്പ്‌ ഉയർത്തിയും പസഫിക്കിലേക്കും അറ്റ്ലാൻറ്റിക്കിലേക്കും കപ്പലുകൾ നീങ്ങുന്ന കാഴ്ച ഉദ്വേഗജനകമാണ്. വ്യൂപോയിൻറ്റിലെ കാഴ്ചക്കാരും കപ്പലുകളിലെ ജീവനക്കാരും യാത്രക്കാരും പരസ്പരം കൈകൾ വീശി അഭിവാദ്യം ചെയ്യുന്ന സന്ദർഭം ആവേശകരമാണ്. വീതികുറഞ്ഞ കനാൽവഴി കപ്പലുകൾ നീങ്ങുന്നത്‌ വളരെ സാവധാനത്തിലാണ്. കരയിൽ കനാലിൻറ്റെ ഇരുവശങ്ങളിലും ഘടിപ്പിച്ചിരിക്കുന്ന പൽച്ചക്രങ്ങളിൽക്കൂടി നീങ്ങുന്ന 35000 പൗണ്ട് വീതം പുള്ളിംഗ് പവറുള്ള രണ്ടു വൈദ്യുത എഞ്ചിനുകളാണ് കപ്പലിനെ സാവധാനം വലിച്ചു കൊണ്ട് നീങ്ങുന്നത്‌. കപ്പലുകളും എഞ്ചിനുകളും ചങ്ങലകളാൽ ബന്ധിക്കപ്പെട്ടിരിക്കുന്നു. മുൻകൂട്ടി ബുക്ക്‌ ചെയ്‌താൽ ശനി, ഞായർ ദിവസങ്ങളിൽ ഉല്ലാസബോട്ടിൽ കനാലിൽക്കൂടി സഞ്ചരിക്കാം. നാലുമണിക്കൂർ സവാരിക്ക് നൂറു ഡോളറാണ് നിരക്ക്. വിസിറ്റിംഗ് സെൻറ്ററിൽ കയറുന്നതിന് പത്തു യു. എസ് ഡോളറാണ് ടിക്കറ്റ് ചാർജ്ജ്. എന്നാൽ ഇന്ന് പനാമക്കാരന് പ്രവേശനം സൗജന്യമാണ്. പനാമയിലെ കറൻസി ബാൽബൊ ഒരു യു. എസ് ഡോളറിനു തുല്യമാണ്. ഇന്ന് ബാൽബൊ എങ്ങും കാണുവാനില്ല. എവിടെയും ഡോളറാണ് വിനിമയത്തിലിരിക്കുന്നത്.

വിസിറ്റിംഗ് സെൻറ്ററിൻറ്റെ ഒരുനില മ്യൂസിയമാണ്. കനാൽ നിർമ്മാണത്തിൻറ്റെ ശൈശവഘട്ടത്തിൽ ഉണ്ടായ തടസ്സങ്ങളും തടാകനിർമ്മാണവും ലോക്കുകളുടെ നിർമ്മിതിയും മറ്റും വളരെ വ്യക്തമായി മ്യൂസിയത്തിൻറ്റെ ഭിത്തിയിൽ ആലേഖനം ചെയ്തിട്ടുണ്ട്. കിഴക്കുവശത്ത് കരീബിയൻ കടൽത്തീരത്തെ ഉയർന്ന ജലനിരപ്പും പടിഞ്ഞാറ് പസഫിക്കിൻറ്റെ താഴ്ന്ന ജലനിരപ്പും ഇവകൊണ്ടുണ്ടായ ബുദ്ധിമുട്ടുകളും തടസ്സങ്ങളും അതിവിദഗ്ദമായി കൈകാര്യം ചെയ്ത രീതിയും ഒരു ഓപ്പറേറ്റർ ഭംഗിയായി വിവരിച്ചു. എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റുമുള്ള ശങ്കർശാസ്ത്രി ഇതെല്ലാം അതിസൂക്ഷ്മതയോടെ ഓപ്പറേറ്ററുമായി ചർച്ച ചെയ്തുകൊണ്ടിരുന്നു. ഞാനും ഡോക്ടർ പോൾസണും മ്യൂസിയം ചുറ്റിനടന്നുകണ്ടു. കല്ല്‌ പൊട്ടിച്ചപ്പോഴും മണ്ണിടിഞ്ഞപ്പോഴും മലമ്പനി പിടിച്ചപ്പോഴും വിഷപ്പാമ്പുകളുടെ കടിയേറ്റപ്പോഴും മരിച്ചുവീണ അനേകം തൊഴിലാളികളുടെ ചിത്രങ്ങൾ കണ്ടാൽ ഏതു കഠിനഹൃദയനും ചിന്താനിമഗ്നനാകും.

പനാമകനാലിൻറ്റെ നീളം എണ്പതു കിലോമീറ്ററും ലോക്കുകളുടെ ഭാഗത്തെ വീതി മുപ്പത്തിമൂന്നു മീറ്ററുമാണ്. ലോക്കുകൾ കടന്നാൽ കനാലിനു നല്ല വീതിയുണ്ട്. ഒരു കപ്പൽ അറ്റ്ലാൻറ്റിക്കിൽനിന്നും പസഫിക്കിലെത്താൻ എട്ടു മണിക്കൂർ സമയമെടുക്കും. കിഴക്കും പടിഞ്ഞാറുമുള്ള കനാൽ കവാടങ്ങളിൽ ചരക്കുകപ്പലുകൾ പ്രവേശനത്തിനായി കാത്തുകിടക്കുന്നത് കാണാം. പനാമ കനാൽ നിർമ്മിക്കുന്ന കാലത്ത് അമേരിക്കൻ പ്രസിഡൻറ്റായിരുന്ന തിയോഡർ റൂസ്വെൽറ്റിന് നന്ദി. അദ്ദേഹത്തിൻറ്റെ സ്വപ്നം പൂവണിഞ്ഞതാണ് ഈ അത്ഭുതപ്രതിഭാസം. (തുടരും...)

(എം.സി ചാക്കോ മണ്ണാറക്കാട്ടിൽ)



അടുക്കള - കടലക്കറി

ആവശ്യമായ ചേരുവകൾ:-

1. കടല : 1 കപ്പ്‌
2. ചെറിയ ഉള്ളി : 6 എണ്ണം
3. വറ്റൽ മുളക് : 2 എണ്ണം
4. തേങ്ങാ ചിരണ്ടിയത് : 1 കപ്പ്
5. വെളുത്തുള്ളി : 6 അല്ലി
6. ഇഞ്ചി : 1 ചെറിയ കഷണം
7. മല്ലിപ്പൊടി : 2 ടേബിൾ സ്പൂണ്‍
8. മുളകുപൊടി : 1/2 ടേബിൾ സ്പൂണ്‍
9. മഞ്ഞൾപ്പൊടി : ഒരു നുള്ള്
10. ഗരം മസാല : 1/2 ടീസ്പൂണ്‍
11. വെളിച്ചെണ്ണ : 3 ടേബിൾ സ്പൂണ്‍
12. കടുക് : 1/2 ടീസ്പൂണ്‍
13. കറിവേപ്പില : 1 തണ്ട്
14. വെള്ളം : 4 കപ്പ്‌
15. ഉപ്പ് : പാകത്തിന്

തയ്യാറാക്കുന്ന വിധം:-

1. കടല കഴുകി 8 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വയ്ക്കുക.

2. പ്രഷർകുക്കറിൽ കടല, 4 കപ്പ് വെള്ളവും ഉപ്പും ചേർത്ത് വേവിക്കുക. ആദ്യത്തെ വിസിൽ കേട്ടതിനു ശേഷം തീ കുറയ്ക്കുക.പിന്നീടുള്ള 3 വിസിലുകൾക്കു ശേഷം തീ അണയ്ക്കുക. പ്രഷർ മുഴുവനായും പോയതിനുശേഷം കുക്കർ തുറക്കുക. കടലയിലുള്ള വെള്ളം കളയുകയോ വറ്റിക്കുകയോ ചെയ്യരുത്.

3. ചെറിയ ഉള്ളി, വെളുത്തുള്ളി, ഇഞ്ചി - ഇവ ചെറുതായി അരിയുക.

4. പാനിൽ 1 ടേബിൾ സ്പൂണ്‍ എണ്ണ ചൂടാക്കി ഉള്ളി, വെളുത്തുള്ളി, ഇഞ്ചി, ചിരണ്ടിയ തേങ്ങാ എന്നിവ ഓരോന്നായി ചേർത്ത് ഇളക്കുക.

5. ഇത് ഗോൾഡൻ നിറമാകുമ്പോൾ മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, ഗരം മസാല എന്നിവ ചേർത്ത് 2 മിനിറ്റ് ഇളക്കിയതിനുശേഷം തീയിൽനിന്നു വാങ്ങി വയ്ക്കുക.

6. വറുത്ത തേങ്ങാ തണുത്തതിനുശേഷം ആദ്യം വെള്ളം ചേർക്കാതെ മിക്സിയിൽ അരയ്ക്കുക. പിന്നീട് അൽപ്പം വെള്ളം കൂടി ചേർത്ത് അരച്ചെടുക്കുക.

7. വേവിച്ചുവച്ച കടലയിൽ അരച്ച മിശ്രിതം ചേർത്ത് തിളപ്പിക്കുക. (ഉപ്പ് കുറവുണ്ടെങ്കിൽ ആവശ്യത്തിന് ചേർക്കുക).

8. പാനിൽ 2 ടേബിൾ സ്പൂണ്‍ എണ്ണ ചൂടാക്കി കടുക് ഇട്ട് പൊട്ടുമ്പോൾ വറ്റൽമുളകും കറിവേപ്പിലയും മൂപ്പിച്ചശേഷം കടലക്കറിയിൽ ചേർത്ത് ഇളക്കുക.

കുറിപ്പ്: കടലക്കറിയ്ക്ക് കുറുകിയ ഗ്രേവി ആവശ്യമെങ്കിൽ 4 ടേബിൾ സ്പൂണ്‍ വേവിച്ച കടല അരച്ച് ചേർക്കുക. ഗരം മസാലയ്ക്ക് പകരം, വേണമെങ്കിൽ വെജിറ്റബിൾ/മീറ്റ്‌/ചിക്കൻ ഇതിലേതെങ്കിലും മസാല ഉപയോഗിക്കാം. കടലക്കറിയിൽ രുചിക്കായി ആവശ്യമെങ്കിൽ 1 തക്കാളിയോ അൽപ്പം തെങ്ങാക്കൊത്തോ ചേർക്കാവുന്നതാണ്.

NOTE: Three Tea Spoons = 1 Table Spoon (1 Teaspoon equals about 5 milli liters; 1 Tablespoon equals about 15 milli liters)

(ബ്രിജീറ്റ് സോബി ചേന്നാട്ട്, യു. കെ)


ഒരു മാർജ്ജാര സുന്ദരിയുടെ വേർപാട് (ചെറുകഥ)

ഈ കഴിഞ്ഞ ഡിസംബര്‍ മാസത്തെ ഒരു തണുത്ത പ്രഭാതത്തിലാണ് അവള്‍ ഞങ്ങളുടെ വീട്ടിലേക്കു കയറി വന്നത്. ഒരു കുഞ്ഞു മാർജ്ജാര സുന്ദരി. കാണാന്‍ നല്ല ഓമനത്തമുള്ള മുഖം. എന്‍റെ അമ്മച്ചി (ഞാന്‍ അമ്മയെ അമ്മച്ചിയെന്നാണ് വിളിക്കുക) രാവിലെ പള്ളിയില്‍ പോകാന്‍ ഇറങ്ങിയതാണ്. അവള്‍ ഓടിവന്നു വാലിട്ടുരുമ്മി സ്നേഹപ്രകടനം തുടങ്ങി. അവളെ‍ നന്നായി വിറയ്ക്കുന്നുണ്ടായിരുന്നു. പൊതുവേ പൂച്ച വിരോധിയായ എന്‍റെ അമ്മച്ചിക്കവളോടൊരിഷ്ടം തോന്നി. "എടീ, നീ വരുന്നില്ലേ.. പൂച്ചയെ കളിപ്പിച്ചുകൊണ്ടിരിക്കുവാണോ..?" ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്ത്‌ വെയിറ്റ് ചെയ്തിരുന്ന ഡാഡി ദേഷ്യത്തില്‍ ചോദിച്ചു.

പള്ളിയിൽപോയി തിരിച്ചുവന്നപ്പോഴും സിറ്റൗട്ടില്‍ ഒരു ചെങ്ങറ ഭൂസമരക്കാരിയെപോലെ അവള്‍ ഇരിക്കുന്നുണ്ടായിരുന്നു. അമ്മച്ചി പറഞ്ഞു "നമുക്കിതിനെ വളര്‍ത്താം". താമസിയാതെ അവള്‍ അവരുടെ പൊന്നോമനയായി മാറി. ഡാഡി അവള്‍ക്കു പേരുമിട്ടു "പൂച്ചി". ഫോണ്‍ വിളിക്കുമ്പോള്‍ അമ്മച്ചി അവളെക്കുറിച്ച് വാചാലയാകുന്നത്കണ്ട് ഞാനൽ‍പ്പം നീരസത്തോടെ ചോദിച്ചു. "ചെറുപ്പത്തില്‍ ഒരു പൂച്ചക്കുഞ്ഞിനെ വളര്‍ത്താന്‍ എനിക്കെന്താഗ്രഹം ആയിരുന്നു. ഞാന്‍ കൊണ്ടുവരുന്ന പൂച്ചക്കുഞ്ഞുങ്ങളെയെല്ലാം അമ്മച്ചി എടുത്തെറിയുമായിരുന്നല്ലോ. എന്നിട്ടിപ്പോ അമ്മച്ചി എന്തിനാ പൂച്ചയെ വളര്‍ത്തുന്നത്..?" അമ്മച്ചി സൗമ്യതയോടെ പറഞ്ഞു. "എടാ, അന്ന് നിങ്ങളൊക്കെ ഉണ്ടാരുന്നല്ലോ. ഒരു വളര്‍ത്തു മൃഗത്തിന്‍റെ ആവശ്യം അന്നുണ്ടായിരുന്നില്ല. ഇന്നിപ്പോ ഞങ്ങളൊറ്റക്കല്ലേ..? മാത്രവുമല്ല ഇവള്‍ നല്ല വൃത്തിയുള്ള പൂച്ചയാണ്. സുന്ദരിക്കോതയാണ്. കട്ട് തിന്നില്ല". അമ്മച്ചി എനിക്കിട്ടൊന്നു താങ്ങിയോ എന്നൊരു സംശയം. ഏതായാലും പൂച്ചയുടെ Probation പീരീഡ്‌ കഴിഞ്ഞെന്നെനിക്ക് മനസിലായി.

ദുബായ് ജോലി രാജിവെച്ചു ഫെബ്രുവരിയിൽ വീട്ടില്‍ എത്തിയപ്പോള്‍ ആദ്യം കണ്ടത് പൂച്ചിയെയാണ്. അമ്മച്ചി പറഞ്ഞതുപോലെ തന്നെ. സുന്ദരിക്കോത, സ്ളിം ബ്യൂട്ടി, അന്ന നട, ഏതു കണ്ടനും ഒന്ന് മോഹിച്ചു പോകും. അവള്‍ ഭയങ്കര Beauty Conscious ആയിരുന്നു. എപ്പോഴും ദേഹം നക്കികൊണ്ടിരിക്കും.

അമ്മച്ചി പിന്നീട് ചേച്ചിയുടെ കുഞ്ഞിനെ നോക്കാന്‍ വിദേശത്ത് പോയി. ഞാനും പൂച്ചിയും വല്യ കമ്പനിയായി. അവളുടെ ഓരോ കുസൃതിത്തരങ്ങള്‍ അത്രക്ക് രസമായിരുന്നു. സന്ധ്യയായാല്‍ പിന്നെ അവളുടെ ഹോബി പാറ്റ ആന്‍ഡ്‌ പല്ലി Hunting ആണ്. ചത്ത് ഉറുമ്പരിച്ച പാറ്റയേയും പല്ലിയേയും എടുത്തു കളയലായിരുന്നു ഞങ്ങളുടെ പണി. പിന്നെ ഡാഡിയുടെ കാലിലെ Vericos വെയിനില്‍ മാന്തുക, കാലില്‍ കമ്മുക ഇതൊക്കെ മറ്റു വിനോദങ്ങള്‍. ഇതിനിടയില്‍ ഡാഡി കൊടുത്ത വാണിംഗ് ലെറ്റേഴ്സ് ഒന്നും അവള്‍ മൈൻഡ് ചെയ്തതേയില്ല. എന്‍റെ വീട് എനിക്കെന്തും ചെയ്യാം എന്നുള്ളൊരു മനോഭാവം എപ്പോഴും അവളുടെ മുഖത്തുണ്ടായിരുന്നു. അവളില്‍ അനുരാഗവിലോചകരായ, അതിലേറെ മോഹിതരുമായ കുറെ കണ്ടന്മാര്‍ സന്ധ്യാസമയങ്ങളില്‍ വീടിനു പരിസരത്ത് വരുമായിരുന്നു. അവളാകട്ടെ അവരെ മൈന്‍ഡ് പോലും ചെയ്യാറില്ലായിരുന്നു. ഞാന്‍ അവന്മാരോട് അഭിമാനത്തോടെ പറയുമായിരുന്നു. മക്കളെ ഈ പരിപ്പ് ഇവിടെ വേവില്ല. ഇവള്‍ കുടുംബത്തില്‍ പിറന്നവളാണ്. അവളുടെ സ്വഭാവശുദ്ധിയോര്‍ത്തു ഞാന്‍ ചിന്തിച്ചു. ഇവള്‍ എന്‍റെ മകള്‍ ആയി പിറന്നില്ലല്ലോ.

പൂച്ചിയുടെ ഫോട്ടോയെടുത്തു ചേട്ടായിയുടെ കുട്ടികളായ മുത്തിനും മോളൂസിനും ചേച്ചിയുടെ കുട്ടി സോനുകുട്ടനും അയച്ചുകൊടുക്കുന്നത് ഞാന്‍ പതിവാക്കി. പിള്ളേരോട് ഫോണില്‍ സംസാരിക്കാന്‍ ഒരു വിഷയം ആയിരുന്നു എന്‍റെ ഉദ്ദേശ്യം. "അപ്പാപ്പി, Whr es our puzzy cat ? അവള്‍ പാല് കുച്ചുനുണ്ടോ..?" എന്നിങ്ങനെ പൂച്ചയുടെ സ്ലാങ്ങില്‍ നിന്നും വിഭിന്നമല്ലാത്ത അവരുടെ സംസാരം കേള്‍ക്കാന്‍ നല്ല രസമായിരുന്നു.

അമ്മച്ചി പോയശേഷം ഭക്ഷണകാര്യങ്ങളില്‍ ഞാനും ഡാഡിയും നന്നേ ബുദ്ധിമുട്ടി. ഞാനുണ്ടാക്കുന്ന മീന്‍കറി ഡാഡിയും ഡാഡിയുണ്ടാക്കുന്ന മീന്‍കറി ഞാനും അധികം കഴിക്കാറില്ലായിരുന്നു. ടേസ്റ്റ് കൂടുതല്‍ തന്നെ കാരണം. ഏതായാലും ഇതിന്‍റെ ബെനെഫിറ്റ് മൊത്തം കിട്ടിയത് പൂച്ചിക്കായിരുന്നു. അവള്‍ക്കു ഞങ്ങളോട് സ്നേഹം കൂടാനുള്ള ഒരു കാരണവും ഇതായിരുന്നു. ചൂട് ചോറും മീന്‍കറിയുമായിരുന്നു അവളുടെ ഇഷ്ടഭോജനം. വായിക്ക് രുചിയായി എന്തേലും കഴിക്കണമെന്ന് തോന്നുമ്പോള്‍ ഡാഡി ഷാപ്പില്‍ പോയി മീന്‍കറി വാങ്ങിവരുമായിരുന്നു. എന്നാല്‍ എന്നെ ഒരിക്കലും വാങ്ങാന്‍ അനുവദിച്ചിരുന്നില്ല. അവിവാഹിതനായ മോന്‍റെ ഇമേജ് പോകണ്ടാന്നു ഡാഡി ചിന്തിച്ചിട്ടുണ്ടാകും. ഒരു ദിവസം അറിയാതെ ഞാന്‍ ചോദിച്ചു "ഷാപ്പിലെ കറിക്കൊക്കെ എന്തൊരു ടേസ്റ്റ് അല്ലേ..?" "നീ ഏതൊക്കെ ഷാപ്പില്‍ കേറിയിട്ടുണ്ടടാ..?" എന്ന് ഡാഡിയുടെ മറുചോദ്യം. "ഡാഡി കൊണ്ടുവരുന്ന കറികള്‍ കഴിച്ചു ശീലമുണ്ടല്ലോ" എന്ന് എന്‍റെ ബുദ്ധിപരമായ ഉത്തരം. ഡാഡി ഒരുദിവസം പുറത്തുപോകാന്‍ നേരം പറഞ്ഞതോര്‍ത്തു ഞാനതിശയിച്ചു. "എടാ പൂച്ചി ഉച്ചക്ക് വരുവാണെങ്കില്‍ കുറച്ചു ചോറും മീന്‍കറിയും കൊടുത്തേക്കണേ. ഇന്നൊന്നും അവള്‍ കഴിച്ചിട്ടില്ല". എന്‍റെ ചെറുപ്പത്തില്‍ അമ്മച്ചി പള്ളിയില്‍ പോകുമ്പം പശുവിനു വെള്ളം കൊടുക്കാന്‍ പറഞ്ഞിട്ട് പോകുന്നത് ഞാന്‍ ഓര്‍ത്തു. ഞാന്‍ ചിന്തിച്ചു.. എന്‍റെ മോനോട് ഞാന്‍ ഭാവിയില്‍ പറയുന്നത് എങ്ങനെയായിരിക്കും. "എടാ റോബോട്ടിന്‍റെ ബാറ്ററി ഡൌണ്‍ ആയാല്‍ ഒന്ന് ചാര്‍ജ് ചെയ്യാന്‍ ഇട്ടേക്കണേ..!!" കാലം മാറുമ്പോള്‍...ഈശ്വരാ എന്തൊരു ചേഞ്ച്‌.

അങ്ങനെയിരിക്കെ എന്നെ വളരെ വേദനിപ്പിച്ച ഒരു സംഭവമുണ്ടായി. പൂച്ചിയെ കാണാനില്ല. പിറ്റേ ദിവസം അവളെ കണ്ടു, ഒരു കൂട്ടുകാരനും ഉണ്ട് കൂടെ. ദൈവമേ She has started dating..!! വേറെ ഒരു കണ്ടനും ഉണ്ട്. അവനിവരുടെ പുറകെ നടന്നു ശല്യം ചെയ്യലാണ്, ഒരു വില്ലനെപോലെ. വൈകിട്ട് ഫുഡ്‌ കഴിക്കാന്‍ അവള്‍ വന്നില്ല. എനിക്ക് വിഷമമായി. ഞാന്‍ ചിരട്ടയില്‍ ചോറും മീന്‍കറിയുമായി അവളുടെ പുറകെ നടന്നു. ആലുവ മണപ്പുറത്തു കണ്ട പരിചയംപോലും അവള്‍ കാണിച്ചില്ല. ഒരു മീന്‍റെ തലപോലും തിന്നുശീലമില്ലാത്ത പൂച്ചയാണ്. "കണ്ടോ ഡാഡി, ഇവള്‍ കണ്ട കണ്ടന്മാരുമായി ഡേറ്റ് ചെയ്യുന്നത്? അവള്‍ക്ക് നമ്മളെ വേണ്ട. ഇനി തിരിച്ചു വരുകയുമില്ല". ഡാഡി ചിരിച്ചുകൊണ്ട് പറഞ്ഞു. "എടാ മണ്ടാ, ഇതവളുടെ ഒരു സമയം ആണ്. അവള്‍ തന്നെ വന്നോളും. നീ കണ്ടോ അവളുടെ കൂട്ടുകാരനെ..?" നല്ല ചോക്ലേറ്റ് പയ്യന്‍. ശരിയാ അവള്‍ Selective വാണെന്നെനിക്കും തോന്നി. കണ്ടന്മാര്‍ ഇടക്കിടെ അവള്‍ക്കു വേണ്ടി കലഹിക്കുന്നത് കാണാമായിരുന്നു. ഇവൾ എനിക്കുള്ളതാണ്... എന്നാണവര്‍ തര്‍ക്കിക്കുന്നതെന്നെനിക്ക് തോന്നി.

ഏകദേശം ഒരാഴ്ച്ചകഴിഞ്ഞ് എല്ലാം നഷ്ടപെട്ടവളെപോലെ അവള്‍ കേറിവന്നു. സന്ധ്യാപ്രാർത്ഥന കഴിഞ്ഞു ഞാനും ഡാഡിയും പതിവുപോലെ സിറ്റൗട്ടില്‍ വര്‍ത്തമാനം പറഞ്ഞിരിക്കുവാരുന്നു. "മേ ഐ കം ഇൻസൈഡ്" എന്നര്‍ത്ഥം വരുന്ന രീതിയില്‍ മ്യാവു..മ്യാവു എന്ന് അവള്‍ കരഞ്ഞു. "പുകഞ്ഞ കൊള്ളി പുറത്ത്". ഡാഡി സിഗരറ്റ് കത്തിച്ചശേഷം കൊള്ളി പുറത്തേക്കു കളഞ്ഞു. അവള്‍ വളരെ ക്ഷീണിതയായി കാണപെട്ടു. പഴയ ആ ശാലീനത അവളില്‍ നിന്നും പോയതുപോലെ തോന്നി. എനിക്കാരുമില്ല എന്ന രീതിയില്‍ അവള്‍ വീണ്ടും മ്യാവു വച്ചു. എന്തുപറഞ്ഞാലും നീ എന്‍റെതല്ലേ വാവേ..എന്ന പശ്ചാത്തല സംഗീതത്തിന്‍റെ അകമ്പടിയോടെ ഞങ്ങളവളെ രണ്ടുകയ്യും നീട്ടി സ്വീകരിച്ചു. ചോറും മീന്‍കറിയും അവള്‍ ആര്‍ത്തിയോടെ കഴിച്ചു. കല്യാണ്‍ ജ്വല്ലറിയുടെ പരസ്യമെങ്ങാനും കണ്ടാരുന്നോ എന്ന് ഞാന്‍ അവളോട്‌ ചോദിച്ചു. അവള്‍ ഒന്നും മൊഴിഞ്ഞില്ല. അധികം താമസിയാതെ അവള്‍ ഞങ്ങളുടെ പഴയ പൂച്ചിയായി.

മെയ്‌ അവസാനം റിയാദിലെ യൂണിവേഴ്സിറ്റി വിസ കിട്ടി ഞാന്‍ സൗദിക്ക് പോയി. രണ്ടാഴ്ച്ചക്കുശേഷം അമ്മച്ചിയും ചേച്ചിയും നാലുവയസുകാരന്‍ സോനുകുട്ടനും കുഞ്ഞുവാവയും വീട്ടില്‍ എത്തി. കമ്പ്യൂട്ടറില്‍ മാത്രം ഫോട്ടോ കണ്ടു പരിചയമുള്ള സോനു പൂച്ചിയുമായി ചങ്ങാത്തത്തിലായി. ഫോണ്‍ വിളിക്കുമ്പോളെല്ലാം അവനു പൂച്ചിയുടെ കാര്യം പറയാനേ നേരമുണ്ടായിരുന്നുള്ളു. ഒരു ദിവസം എനിക്ക് വീട്ടില്‍ നിന്നും ഒരു മെസ്സേജ് കിട്ടി. "Congrats !! Your pussycat gave birth .2 kids, sex not identified. your father took delivery ". ഞാന്‍ സന്തോഷം പങ്കുവയ്ക്കാന്‍ വീട്ടില്‍ വിളിച്ചു. അമ്മച്ചി പറഞ്ഞു, "നല്ല കുഞ്ഞുങ്ങളാണ്". സോനുവിനായിരുന്നു ഏറ്റവും സന്തോഷം. കുഞ്ഞുങ്ങളെ എടുത്താലൊന്നും പൂച്ചിക്ക് ഒരു പ്രശ്നവും ഇല്ലാരുന്നു. അവര്‍ അവന്‍റെ കളിതോഴന്മാരായി.

ഒരു ദിവസം പൂച്ചിക്കെന്തോ അസുഖം പിടിച്ചു. എപ്പോഴും കിടപ്പ് തന്നെ. അപ്പോള്‍ കുഞ്ഞുങ്ങളെ പാലുകുടിപ്പിക്കുന്നത് സോനുവിന്‍റെ പണിയായി. ജോലിത്തിരക്ക് കാരണം രണ്ടു ദിവസം കഴിഞ്ഞാണ് പിന്നെ എനിക്ക് വീട്ടില്‍ വിളിക്കാന്‍ പറ്റിയത്. അമ്മച്ചി പറഞ്ഞു, "എടാ ഒരു ബാഡ് ന്യൂസ്‌ ഉണ്ട്. നമ്മുടെ വീട്ടിലെ പൂച്ചകളെല്ലാം ചത്ത്‌ പോയി". എനിക്ക് വിശ്വാസം വന്നില്ല. അമ്മച്ചി തുടർന്നു.. "ഇന്നലെ കുഞ്ഞുങ്ങള്‍ നല്ല കരച്ചിലായിരുന്നു. പുറത്ത് വിടാന്‍ സോനു സമ്മതിച്ചില്ല. അവസാനം അവനുറങ്ങിക്കഴിഞ്ഞ് ഡാഡി അതുങ്ങളെ സിറ്റൗട്ടില്‍ വിട്ടു. നേരം വെളുത്തപ്പം കുറച്ചു ചോര കണ്ടു, കുഞ്ഞുങ്ങളെ കാണാനുമില്ല. ഞങ്ങള്‍ എല്ലായിടത്തും തപ്പി. രാവിലെ ആയപ്പോള്‍ പൂച്ചിയും ചത്തു. അവള്‍ ഒന്നും കഴിക്കുന്നില്ലാരുന്നു. സോനു പച്ചവെള്ളം കഴിച്ചിട്ടില്ല". ഞാന്‍ പറഞ്ഞതല്ലേ അപ്പച്ചയോടു കുഞ്ഞുങ്ങളെ വെളിയില്‍ വിടരുതെന്ന് പറഞ്ഞു അവന്‍ ഒരേ കരച്ചിലായിരുന്നു. അതുകേട്ടപ്പോള്‍ എന്‍റെ കണ്ണുനിറഞ്ഞു പോയി. ഞാന്‍ പറഞ്ഞു. "അമ്മച്ചി ഒരു പൂച്ചക്കുഞ്ഞിനെ എവിടുന്നെങ്കിലും വാങ്ങിച്ച് അവനു കൊടുക്ക്". അമ്മച്ചി പറഞ്ഞു. "വേണ്ടടാ.. നമുക്ക് പൂച്ച വാഴത്തില്ല. പൂച്ചിയെപ്പോലെ ഒരെണ്ണത്തിനെ ഇനി കിട്ടുകയുമില്ല. മാത്രവുമല്ല നമ്മളെപ്പോലെ ആയുസ്സില്ലല്ലോ ഇതുങ്ങള്‍ക്ക്. പിന്നെ ദു:ഖിക്കാനേ നേരം കാണത്തുള്ളൂ". അമ്മച്ചി പറഞ്ഞത് ശരിയാണെന്നെനിക്കും തോന്നി.

കൂട്ടുകാരെ...തമാശ രൂപേണ അവതരിപ്പിച്ചെങ്കിലും പൂച്ചിയുടെ വിയോഗം എനിക്കിന്നും ഒരു ദുഖം തന്നെയാണ്.

(ജോമോൻ ജോസ് പൂഴിക്കുന്നേൽ)



കാണാക്കുരുവിക്കായ് (കവിത)

ഈ ജന്മത്തിൽ കാണുന്നതെല്ലാം
മിഥ്യയായിത്തീരുകില്ലേ!
ജന്മാന്തരങ്ങൾ കഴിഞ്ഞാലുമിന്നീ
സന്ധ്യകൾ മായുകില്ലേ!
കാണുവാനിന്നും സ്വപ്നമുണ്ടെങ്കിലും
അറിയാതെ വിട വാങ്ങുന്നു.
വീണ്ടും അറിയാതെ കണ്‍തുറക്കുന്നു
നിൻ മിഴിക്കോണിൽ കാണുന്നതെല്ലാം
മൗനങ്ങളില്ലാത്ത സ്വപ്നങ്ങളായി
സ്വാന്തനമേകാൻ ഇന്നുനീയില്ല
ഒരുവേള ഞാൻ നട്ട സുന്ദരസ്വപ്നത്തിൽ
മുഖമങ്ങമർത്തി കിടന്നതോർത്തന്നു ഞാൻ
നീ അരികിലെത്തുന്നതും പോവുന്നതും
നീ അറിയാതെ നോക്കി നിന്നീടവേ
ദീർഘമാം വിരഹത്തിൻ നാളുകൾ ഞാനെണ്ണീ
ഒരുപാടുനാൾ കഴിച്ചുകൂട്ടി
നിഴലായ് ഒരിക്കൽ പറന്നകന്നതും,
ആ ചിറകടിയൊച്ച ഞാൻ കേട്ടില്ല "സത്യം"
കാലം തീർത്തൊരാ വിടവൊന്ന് നീക്കാൻ
ഒരു കൽപ്പകാലം പോരാതെയായി
കാത്തിരിക്കുന്നു ഞാൻ വരും പൗർണ്ണമിക്കായി
ഈറനണിഞ്ഞ മിഴികളുമായ്....
ഈറനണിഞ്ഞ മിഴികളുമായ്..

(പി. എസ് പ്രസാദ്, നീണ്ടൂർ)



കപ്പലുപെരുന്നാൾ (നോവൽ) - 3

കഥാപരിസരം: കുറവിലങ്ങാട്, കുറുപ്പന്തറ, മാഞ്ഞൂർ ചുറ്റുവട്ടങ്ങൾ.

കഥാകാലഘട്ടം: ആയിരത്തി എണ്‍പതുകൾ.

ഊരാക്കുടുക്കുകൾ :-

പള്ളി പരിസരമാകെ ആളുകളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. എങ്ങും തിരക്ക് തന്നെ. പ്രശസ്തമായ മണിമാളികയും വറ്റാത്ത ഉറവയും എല്ലാം ആളുകളെ കൊണ്ട് തിങ്ങി നിൽക്കുന്നു. ബെന്നിച്ചൻ ഞെങ്ങി ഞെരുങ്ങി പള്ളിയിൽ കയറി നേർച്ചയിട്ടു. പിന്നെ പതിയെ പുറത്തിറങ്ങി. വെറുതെ പള്ളിമുറ്റത്തൊക്കെ ഒന്നു ചുറ്റിയടിച്ചു. പരിചയക്കാരാണ് മുഴുവനും. തനിക്കു കാണേണ്ട ആളെമാത്രം കാണുന്നില്ലലോ എന്ന് ബെന്നിച്ചൻ ഖേദത്തോടെ ഓർത്തു.

പെണ്ണുങ്ങളുടെ വശത്തും, പള്ളിയുടെ പിറകിലും, ചിന്തിക്കടയുടെ പരിസരത്തും, ഒന്നും അവളെ കണ്ടില്ല. കുറെനേരം അതിലെയൊക്കെ കറങ്ങിയിട്ട് ബെന്നിച്ചൻ നേരെ ജോസേട്ടൻറ്റെ കടയിലേക്ക് നടന്നു. അവളിനി വരുന്നെങ്കിൽ വരട്ടെ. കടയിലാണെങ്ങിൽ ഭയങ്കര തിരക്ക്. കണ്ടപ്പഴേ ജോസേട്ടൻ ചിരിച്ചു. ബെന്നിച്ചനു ആകെപ്പാടെ ഒരു മന്ദത തോന്നി.

കുറച്ചു കഴിഞ്ഞപ്പം ജോസേട്ടൻ വന്നു ബെന്നിച്ചനെ കടയുടെ പിറകിലേക്ക് വിളിച്ചു കൊണ്ട് പോയി.

"എടാ അവള് രാവിലെ ഇവിടെ വന്നിരുന്നു ആ ബിൻസി".

ജോസേട്ടൻ ശബ്ദം താഴ്ത്തി പറഞ്ഞു "ബിൻസി" എന്ന് കേട്ടപാടെ ബെന്നിച്ചൻറ്റെ കണ്ണുകൾ വികസിച്ചു.

"എന്നിട്ടെവിടെ ?"

ബെന്നിച്ചൻ അറിയാതെ വാക്കുകൾ പുറത്തേക്ക് തെറിച്ചു.

"അവള് ഹോസ്റ്റലിലോട്ടു പോയി. നിന്നെ നോക്കി നോക്കി മടുത്തിട്ടാ അവളിങ്ങോട്ട് വന്നത്" ജോസേട്ടൻ പറഞ്ഞു നിറുത്തി.

"എന്നിട്ടവളെന്നാ പറഞ്ഞു ?" ബെന്നിച്ചനു ആവേശം അടക്കാനായില്ല.

"നിന്നെ അത്യാവശ്യമായിട്ടു കാണണമെന്നാ പറയുന്നത്, ഏതാണ്ട് പന്തികേടുണ്ട്" ജോസേട്ടൻറ്റെ സ്വരവ്യത്യാസം ബെന്നിച്ചൻ തിരിച്ചറിഞ്ഞു.

"ഏതായാലും നീയിവിടെ ഇരി. നമ്മുക്ക് വിശദമായിട്ട് സംസാരിക്കാം, കടേലെ തിരക്കൊന്നു കഴിയട്ടെ".

ജോസേട്ടൻ കടയിലേക്ക് കയറിപ്പോയി. ബെന്നിച്ചൻ മിഴിച്ചു നിന്നു.

ബെന്നിച്ചൻ ആകെപ്പാടെ ആശയക്കുഴപ്പത്തിലായി. ഇവളെന്നാ പണിയാ കാണിച്ചത്. തന്നെ കാണാതെ അവൾ പോയതിൽ ബെന്നിച്ചനു നിരാശ തോന്നി. ഏതാണ്ട് പന്തികേടുണ്ടന്നു ജോസേട്ടൻ പറഞ്ഞതെന്താ ? അതാണല്ലോ പിടി കിട്ടാത്തത്. തന്നെയുമല്ല, തന്നെ കാണണമെന്നല്ലേ അവൾ പറഞ്ഞിട്ട് പോയത്. എന്നാപിന്നെ പോയതെന്തിനാ ?. ഈ പെണ്ണുങ്ങളുടെ കാര്യം ദൈവത്തിനു പോലും പിടികിട്ടുന്നുണ്ടോ എന്ന് ബെന്നിച്ചൻ വെറുതെ ആലോചിച്ചു. പിന്നെ വിശദമായിട്ട് എന്നതാ ജോസേട്ടന് പറയാനുള്ളത് ?. ആകെപ്പാടെ ബെന്നിച്ചനു എന്തോ പോലെ തോന്നി. വരുന്നത് പോലെ വരട്ടെ നോക്കാം. അല്ലാതെന്ത് ?

കടേലെ തിരക്കൊക്കെ കഴിഞ്ഞപ്പം മണി ആറാറരയായി. ബെന്നിച്ചൻ വെറുതെ കടയിൽ കുത്തിയിരുന്നു. ജോസേട്ടൻ പണിയൊക്കെ ഒതുക്കി ബെന്നിച്ചനെ കടയുടെ പിറകിലെ വിരകുപുരയിലേക്ക് വിളിച്ചു കൊണ്ട് പോയി.

“എടാ പെണ്ണിനെ കണ്ടിട്ട് എന്തോ വശപ്പിശകുണ്ട്. അവളെ ചതിക്കരുതെന്നു നിന്നോട് പറയാനാ അവള് പറഞ്ഞത്”.

ജോസേട്ടൻ ഒരു സിഗരട്ടു കത്തിച്ചു.

“അതിനു ഞാനെന്നാ ചതി കാണിച്ചു ?”

ബെന്നിച്ചൻ ഇരുട്ടിലേക്ക് നോക്കി പറഞ്ഞു.

“എടാ മരമണ്ടാ, അവൾക്കു മൂട്ടിൽ പിടിച്ചു കാണും. അതാ അവളങ്ങനെ പറഞ്ഞത്”.

ജോസേട്ടൻ തൻറ്റെ ബുദ്ധി പ്രദർശിപ്പിച്ചു. ബെന്നിച്ചൻറ്റെ തലയിൽ ഒരു വെള്ളിടി വെട്ടി. ഹോ ഗർഭമോ !!!! ബെന്നിച്ചൻറ്റെ കൈയും കാലും വിറച്ചു.

“എൻറ്റെ ദൈവമേ, കുഴഞ്ഞോ ? ഇനി എന്നാ ചെയ്യും ജോസേട്ടാ ?” ബെന്നിച്ചനു തൊണ്ട വരളുന്നത് പോലെ തോന്നി.

“ഹാ നീയൊന്നു അടങ്ങടാ, ഞാൻ കാൽമയോട് വരാൻ പറഞ്ഞിട്ടിണ്ട്. അവനിത്തരം കേസൊക്കെ നിസാരമാ”

“അയ്യോ !! അവൻ അറിഞ്ഞോ ?”

“പിന്നെ അറിയാതെ, എടാ അവനറിയാവുന്ന ഒരു ഡോക്ടറുണ്ട് പാലായിൽ. ഒറ്റ ദിവസം കൊണ്ട് പുള്ളി കാര്യം നീറ്റാക്കി കൈയിതരും. പിന്നെ അയാൾക്ക് കുറച്ചു പൈസ കൊടുക്കേണ്ടിവരും. അല്ലാതെ ഇതെന്നാ വലിയ ആനക്കാര്യം വല്ലതുമാണോ ?”

ജോസേട്ടൻ പറഞ്ഞുനിറുത്തി. ബെന്നിച്ചനു കണ്ണുകളിൽ ഇരുട്ടു കേറുന്നത് പോലെ തോന്നി.

“പിന്നെ ആദ്യം അവളുടെ യൂറിൻ ഏതെങ്കിലും ലാബിൽ ഒന്നു ടെസ്റ്റ് ചെയ്യണം. നമ്മളെ പറ്റിക്കാൻ പാടില്ലല്ലോ”

ജോസേട്ടൻ ആലോചനയോടെ പറഞ്ഞു കൊണ്ടിരുന്നു. ജോസേട്ടൻ പറയുന്നത് ഒന്നും ബെന്നിച്ചൻ കേൾക്കുന്നുണ്ടായിരുന്നില്ല. കാലും കൈയും തളരുന്നത്പോലെ ബെന്നിച്ചനു തോന്നി. എൻറ്റെ മുത്തിയമ്മേ !! ഇക്കാര്യം എങ്ങാനും വീട്ടിൽ അറിഞ്ഞാൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല. ചാച്ചൻറ്റെ മുഖം ഓർത്തപ്പോൾതന്നെ ബെന്നിച്ചൻ വിയർത്തു. പെണ്ണ് പിടിക്കാൻ തോന്നിയ നിമിഷത്തെ ബെന്നിച്ചൻ ശപിച്ചു. പെരുന്നാൾ കഴിഞ്ഞു ആളുകൾ പോയിക്കഴിഞ്ഞിരിക്കുന്നു. പള്ളിയിലെ അലങ്കാരവിളക്കുകൾ മിന്നിക്കൊണ്ടിരുന്നു. ആളുകളൊഴിഞ്ഞ പള്ളിയുടെ നെടുമ്പുര വിജനമായും വിശാലമായും കിടന്നു. പള്ളിയിലെ മുത്തിയമ്മയുടെ രൂപത്തിൻറ്റെ മുന്നിലെ കെടാവിളക്ക് മുനിഞ്ഞു കത്തിക്കൊണ്ടിരുന്നു. വിശ്വാസികളെ കണ്ടും അനുഗ്രഹിച്ചും മുത്തിയമ്മ മാത്രം ഉറങ്ങാതെ, അനങ്ങാതെ, ഉരിയാടാതെ, രൂപക്കൂട്ടിൽ വിശ്രമിച്ചു.

(അടുത്ത ലക്കം തുടർന്ന് വായിക്കുക "തലവേദനകൾ")

- സിറിയക് കടവിൽച്ചിറ

കപ്പലുപെരുന്നാൾ അദ്ധ്യായം 1
http://http://neendoorpravasi.com/arts.php#228

കപ്പലുപെരുന്നാൾ അദ്ധ്യായം 2
http://http://neendoorpravasi.com/arts.php#242


നന്മ മരിക്കുമോ ? (കവിത)

ഋജുരേഖയിൽക്കൂടി മാത്രം ചരിച്ചും
ഋതുസംഗമങ്ങൾക്കു സാക്ഷ്യം വഹിച്ചും
പല വ്യാഴവട്ടം ചവുട്ടിക്കടന്നും
കുലദേവധ്യാനത്തിലാണ്ടും കഴിഞ്ഞ
ഒരു മർത്യ ജന്മം വൃധാവാക്കിയ ജഡം
കരിനാഗ വിഷമേറ്റുറങ്ങിക്കിടപ്പൂ.
എന്തെന്തു സ്വപ്നങ്ങളംബെയ്തു വീഴ്ത്തിയി-
ട്ടെത്ര മോഹത്തിൻ ചിറകു കരിച്ചവൻ.
ഓടിനടക്കുമ്പോളാരും നിനയ്ക്കില്ല
വാടിവീഴുന്നോരവസ്ഥയൊരിക്കലും.
നിറതളിർപർണ്ണങ്ങളാർത്തുല്ലസിക്കും
വിറയാർന്നു വീഴും പഴുത്ത പത്രങ്ങൾ
ചിരിക്കുന്നു പച്ച, പ്പഴുത്തില നോക്കി-
ക്കരഞ്ഞുള്ളിലോതും നിനക്കുമിതേഗതി.
ത്രസിക്കും ഞരമ്പും മരച്ച മസ്തിഷ്ക്കോ-
മസാധ്യ ദുർചിന്ത ഭരിക്കും യുവത്വം.
ഗേഹം, സമുദായ, സംസ്ഥാന രേഖകൾ
കാഹളനാദമുതിർത്തു കടക്കുന്നു.
സാഗരം താണ്ടിക്കടന്നും കളിക്കുന്നു,
വേഗം മറക്കുന്നു മൂലവും മൂല്യവും.
സ്വപ്നക്കൊടുമുടിയേറിച്ചരിക്കുന്നു:
തപ്തരായ്തീരുന്നു കാലാന്തരങ്ങളിൽ.
സുന്ദരിയാം വധു കൂടെയുണ്ടെങ്ങിലും
മൻഥരമാരെത്തെരയുന്നു ലമ്പടർ.
ഏക ഭർതൃസുഖം പോരാ പ്പാഞ്ചാലിമാർ
പൂകാൻ കൊതിക്കുന്നനേകം പുരുഷരെ.
രക്ഷകർത്താക്കളെ വെല്ലാൻ കൊതിക്കുന്ന
മുഷ്ക്കസന്താനങ്ങളേറുന്നു ഭൂതലേ.
നൽജീവിതം നയിച്ചീടുകിൽ നിർണ്ണയം
സൽക്കീർത്തി ലഭ്യമായിടും ധരണിയിൽ.

(പീറ്റർ നീണ്ടൂർ)


യാത്രാവിവരണം: പനാമ-പെറു-മച്ചുപിച്ചു യാത്ര-8

കനാലിൻറ്റെ അവകാശം സംബന്ധിച്ച പ്രശ്നങ്ങൾ

അമേരിക്കൻ പണവും സാങ്കേതികവിദ്യയുമുപയോഗിച്ച് പനാമയുടെ മണ്ണിൽക്കൂടി വെട്ടിത്തുറന്ന കനാൽ പിൽക്കാലത്ത് വലിയ സംഘർഷത്തിനു കാരണമായി. കനാലിൽനിന്നും പിരിയുന്ന കടത്തുകൂലിയിൽ ഭീമമായ തുക യു. എസ്സിനായിരുന്നു. വളരെ തുശ്ചമായ സംഖ്യ മാത്രമേ പനാമയ്ക്ക് കിട്ടിയിരുന്നുള്ളു. അതിലും ഉപരിയായി പനമാക്കാരെ ചൊടിപ്പിച്ചത് കനാൽ ഉടമ്പടിയിലെ വ്യവസ്ഥകളായിരുന്നു. പനാമയുടെ യു. എസ്. എ യിലെ അംബാസഡർ, ബനാവു വരിജയം അന്നത്തെ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ ഹേയും തമ്മിലുണ്ടാക്കിയ ഉടമ്പടിയുടെ അപാകതകൾ പനാമക്കാരെ വേദനിപ്പിച്ചു. ഉടമ്പടിയിലെ വ്യവസ്ഥ പ്രകാരം കനാലിൻറ്റെ ഇരുവശവും എട്ടു കിലോമീറ്റർ വീതിയിൽ പനാമക്കാർക്ക് പ്രവേശനമില്ലാതിരുന്നതും പനാമയുടെ ആഭ്യന്തരകാര്യങ്ങളിൽ അമേരിക്ക കൂടെ കൂടെ ഇടപെട്ടതും അവിടുത്തെ ജനതയെ ഒന്നടങ്കം വേദനിപ്പിച്ചു. 1936-ൽ പ്രസിഡൻറ്റ് റൂസ്വെൽറ്റ് വ്യവസ്ഥകളിൽ ചിലത് പിൻവലിച്ചെങ്കിലും പനാമക്കാരുടെ പ്രതിഷേധം തുടർന്നു. 1964-ൽ പനാമവിദ്യാർത്ഥികൾ കനാൽ സോണിലെ അമേരിക്കൻ ഫ്ലാഗിനൊപ്പം പനാമയുടെ കൊടികൂടി ഉയർത്തിയത്‌ അമേരിക്കയ്ക്കു രസിച്ചില്ല. പനാമയിൽ വമ്പിച്ച കലാപം പൊട്ടിപ്പുറപ്പെട്ടു. ഇരുപത്തേഴു പനാമ വിദ്യാർത്ഥികൾ യു. എസ് സൈനികരുടെ വെടിയേറ്റ്‌ മരിച്ചുവീണു. അഞ്ഞൂറു പേർക്ക് പരിക്കേറ്റു. ആ ദിവസം പനാമക്കാർ ദേശീയ രക്തസാക്ഷിദിനമായി ആചരിക്കുന്നു.

പ്രസിഡൻറ്റ് കാർട്ടറുടെ മാധ്യസ്ഥശ്രമം

അമേരിക്കയും പനാമയും തമ്മിൽ തുടർന്നുവന്ന സംഘർഷവും ഏറ്റുമുട്ടലുകളും അവസാനിപ്പിക്കുവാൻ പ്രസിഡൻറ്റ് ജിമ്മി കാർട്ടർ 1977-ൽ പനാമ സന്ദർശിച്ച് സംഭാഷണം നടത്തി. ഒരു യു. എസ് കപ്പലിൽ കാർട്ടറും ഫസ്റ്റ് ലേഡിയും പനാമ കനാലിൽക്കൂടി യാത്ര ചെയ്ത് പനാമക്കാരുടെ സൗഹൃദം ഏറ്റുവാങ്ങി. "ഈ നൂറ്റാണ്ടിൻറ്റെ അന്ത്യത്തിൽ കനാൽ പനാമയ്ക്കു വിട്ടുകൊടുക്കും" കാർട്ടർ ആധികാരികമായി പ്രഖ്യാപിച്ചു. അതേ വർഷംതന്നെ യു. എസ്. കോണ്‍ഗ്രസ്‌ കനാൽ വിട്ടുകൊടുക്കുവാനും യു. എസ് ഫോഴ്സിനെ പിൻവലിക്കുവാനുമുള്ള ബിൽ പാസാക്കി. പാസാക്കപ്പെട്ട ബില്ലിലെ വ്യവസ്ഥകൾ പ്രകാരം 1999 അന്ത്യത്തിലാണ് കനാൽ സ്ഥിരമായി പനാമയ്ക്കു നൽകേണ്ടത്.

പനാമയും നൊറിയേഗയും യു. എസ് ആക്രമണവും

കാര്യങ്ങൾ ഇങ്ങിനെയിരിക്കെ 1889-ൽ പനാമയുടെ പ്രസിഡൻറ്റായ മാനുവൽ അന്തോണിയോ നൊറിയേഗ യു. എസ്സുമായി യുദ്ധപ്രഖ്യാപനം നടത്തി. കനാൽ മേഖലയിലെ യു. എസ് ഫോഴ്സുമായി പനാമേനിയൻ ഡിഫൻസ് ഫോഴ്സ് ഏറ്റുമുട്ടി. അന്നത്തെ യു. എസ് പ്രസിഡൻറ്റ് ജോർജ് ബുഷ്‌ 26000 യു. എസ് ഭടന്മാരെ പനാമയിലെത്തിച്ചു. പനാമ സിറ്റി ബോംബു ചെയ്തു. സ്വന്തം നാട്ടിൽ യാതൊരു ജനപിന്തുണയുമില്ലാത്ത വ്യക്തിയായിരുന്നു നൊറിയേഗ. ഏകാധിപതിയും തിരഞ്ഞെടുക്കപ്പെട്ട പ്രസിഡൻറ്റ് എൻഡേറക്ക് അധികാരം കൈമാറുവാൻ വിസമ്മതിക്കുകയും ചെയ്ത നൊറിയേഗ, അമേരിക്കൻ ആക്രമണം മൂലം ഗത്യന്തരമില്ലാതെ പനാമ സിറ്റിയിലെ വത്തിക്കാൻ എംബസ്സിയിൽ അഭയം തേടി. പത്തു ദിവസം എംബസ്സിയിൽ താമസിച്ച നൊറിയേഗയെ യു. എസ് സമ്മർദ്ദം മൂലം വത്തിക്കാൻ എംബസ്സി പുറത്താക്കി. അദ്ദേഹം യു. എസ് സൈനികർക്ക് കീഴടങ്ങി. അമേരിക്കൻ പട്ടാളം നൊറിയേഗയെ ഫ്ലോറിഡയിലെ മയാമിയിൽ കൊണ്ടുവന്നു. കോടതി വിചാരണ ചെയ്ത് നാൽപ്പതു വർഷത്തെ തടവിനു ശിക്ഷിച്ചു. 1992 ജൂലൈ മുതൽ നൊറിയേഗ യുദ്ധക്കുറ്റവാളിയായി ഫ്ലോറിഡ ജയിലിൽ കഴിയുകയാണ്. രണ്ടു വർഷത്തിനകം, നല്ല പെരുമാറ്റത്തിൻറ്റെ പേരിൽ നൊറിയേഗ ജയിൽമോചിതനാകുമെന്ന് പനാമയിൽ പരക്കെ സംസാരമുണ്ട്. ഓപ്പറേഷൻ ജസ്റ്റ് കോസ് എന്ന് ബുഷ്‌ പേരിട്ട സൈനികനടപടി അവസാനിച്ചെങ്കിലും കനാൽ അമേരിക്കയുടെ അധീനതയിൽത്തന്നെ തുടർന്നു. പ്രസിഡൻറ്റ് നൊറിയേഗ അമേരിക്കൻ ജയിലിലും. (തുടരും...)

(എം.സി ചാക്കോ മണ്ണാറക്കാട്ടിൽ)


അടുക്കള - മീൻ കട്ലറ്റ്

ആവശ്യമായ ചേരുവകൾ:-

1. മുള്ളില്ലാത്ത മീൻ : 1/4 കിലോ
2. സവോള : 2 എണ്ണം
3. പച്ചമുളക് : 4 എണ്ണം
4. റൊട്ടി : 2 കഷ്ണം
5. മല്ലിയില : 1/4 കെട്ട്
6. ഇഞ്ചി : 2 കഷ്ണം
7. റൊട്ടിപ്പൊടി : 1/4 കപ്പ്
8. എണ്ണ: വറുക്കാൻ ആവശ്യത്തിന്
9. ഉപ്പ് : പാകത്തിന്

തയ്യാറാക്കുന്ന വിധം:-

മീൻ കഴുകി വൃത്തിയാക്കി കുറച്ചു വെള്ളത്തിൽ ഉപ്പ്‌ ചേർത്ത് വേവിക്കുക. എന്നിട്ട് ചെറുതായി നുറുക്കി വയ്ക്കുക. സവോള, പച്ചമുളക്, ഇഞ്ചി, മല്ലിയില എന്നിവ പൊടിയായി അരിയണം. 2 ടീ സ്പൂണ്‍ എണ്ണ ചൂടാക്കി അരിഞ്ഞ ചേരുവകളിട്ട് മൂപ്പിക്കണം. ഇനി ഇത് ഇറക്കി മീൻ ചേർത്ത് യോജിപ്പിച്ച് വയ്ക്കണം. റൊട്ടിക്കഷണങ്ങൾ വെള്ളത്തിൽ മുക്കിപ്പിഴിഞ്ഞെടുത്ത ശേഷം മീനിൽ ചേർത്ത് നല്ലവണ്ണം യോജിപ്പിക്കണം. അവ ചെറിയ ഉരുളകളാക്കി പരത്തുക. മുട്ട കുറച്ച് അടിച്ചശേഷം കട്ലറ്റ് ഇതിൽ മുക്കിയെടുത്ത് റൊട്ടിപ്പൊടി പൊതിഞ്ഞ് വറുത്തെടുക്കുക.

(ദീപ തോമസ്‌ തോട്ടത്തിൽ, ഇറ്റലി)


kca

kca



കപ്പലുപെരുന്നാൾ (നോവൽ) - 2

കഥാപരിസരം: കുറവിലങ്ങാട്, കുറുപ്പന്തറ, മാഞ്ഞൂർ ചുറ്റുവട്ടങ്ങൾ.

കഥാകാലഘട്ടം: ആയിരത്തി എണ്‍പതുകൾ.

പെണ്‍സുഖങ്ങൾ :-

കാര്യം പഠിത്തം ഉഴപ്പിക്കളഞ്ഞെങ്കിലും ഇതുവരെ ബെന്നിച്ചൻറ്റെ ജീവിതത്തിൽ പെണ്ണുങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. കോളേജിൽ ചില പ്രേമങ്ങൾ ഒക്കെ ഉണ്ടായിരുന്നെങ്കിലും അതൊന്നും ലക്ഷ്യത്തിൽ എത്തിയില്ല എന്നു പറഞ്ഞാൽ മതിയല്ലോ. സത്യം പറഞ്ഞാൽ ഈ ഇരുപത്തിമുന്നാം വയസിലും ബെന്നിച്ചൻ ഒരു കന്യകനായിരുന്നു. ആ ബെന്നിച്ചൻറ്റെ മനസ്സിൽ ലഡ്ഡു പൊട്ടാതിരിക്കുമോ? പക്ഷെ കടമ്പകൾ പിന്നെയും ഒത്തിരി ഉണ്ടായിരുന്നു.

ആദ്യമായിട്ട് ബിൻസിയുമായി കൂടാൻ ഒരു സ്ഥലം വേണം. ജോസേട്ടനാണ് അത് ഒപ്പിച്ചത്. മാഞ്ഞൂരുള്ള കാൽമരാജുവിൻറ്റെ വീട് ജോസേട്ടൻ തന്നെ പറഞ്ഞു ശരിയാക്കി. കാൽമരാജു ഒരു ചെറിയയിനം റൗഡിയാണ്. ഒറ്റയാൻ. മാഞ്ഞൂര് ഒറ്റയ്ക്ക് ഒരു വീട്ടിലാണ്‌ താമസം. പലിശക്ക് പണം കടം കൊടുക്കുന്ന ഇടപാടാണ് കാൽമക്ക്. അല്ലറചില്ലറ ക്വട്ടേഷൻ പരിപാടിയും ഉണ്ട്. ജോസേട്ടനും താനുമായി കൂട്ടാണ്. അത്കൊണ്ട് സ്ഥലത്തിൻറ്റെ കാര്യം തീരുമാനമായി.

പിന്നത്തെ പ്രശ്നം പൈസയുടെയാണ്. രണ്ടായിരം രൂപ ഉണ്ടാകണം. അത് അനിലിനോടു കടം മേടിക്കാമെന്ന് പറഞ്ഞത് താൻ തന്നെയാണ്. അനിൽ ബാങ്കിൽ ജോലിക്കാരനാണ്, കൂട്ടുകാരനാണ്, കാശുള്ളവനാണ്. സംഗതി പെണ്ണു കേസാണെങ്കിൽ അതിൽ സഹകരിക്കാനും പൈസ മുടക്കാനും മടിയില്ലാത്ത ഒരു രസികനാണ് അനിൽ. അനിലിനെ കണ്ടു, കാശും തന്നു. പിന്നിടെല്ലാം പെട്ടന്നായിരുന്നു. ദിവസം നിശ്ചയിച്ചു, വരുന്ന വെള്ളിയാഴ്ച. വീട്ടിൽ പോകുന്നുവെന്ന് പറഞ്ഞു ബിൻസി ഹോസ്റ്റലിൽനിന്ന് ഇറങ്ങി വരുന്നു, മാഞ്ഞൂരെ കാൽമയുടെ വീട്ടിലേക്കു കൊണ്ടുപോകുന്നു, രൂപ രണ്ടായിരം കൊടുക്കുന്നു, കാര്യങ്ങളെല്ലാം വൃത്തിയായിട്ടു നടത്തുന്നു, ശനിയാഴ്ച വൈകുന്നേരം അവളെ തിരിച്ചു ഹോസ്റ്റലിൽ കൊണ്ട് വിടുന്നു, ശുഭം.

ജോസേട്ടനാണ് പ്ളാൻ എല്ലാം ഇട്ടത്. ജോസേട്ടൻ അവളെ കുറുപ്പന്തറയിൽ കൊണ്ടുവരാമെന്നേറ്റു. അവിടെനിന്ന് തൻറ്റെ കൂട്ടത്തിൽ പോന്നോളും. ബസിൽ മാഞ്ഞൂര് ചെന്നിറങ്ങുമ്പോൾ താൻ മുൻപിൽ നടക്കുക, അവൾ പിറകെ വന്നോളും. നേരെ ചെന്ന് കാൽമയുടെ വീട്ടിൽ കയറുക, അവളും വന്നു കയറിക്കോളും. ഇതൊക്കെ ജോസേട്ടനാണ് പറഞ്ഞു തന്നത്. അങ്ങനെ ഐതിഹാസികമായ വെള്ളിയാഴ്ച വന്നെത്തി. കുറുപ്പന്തറയിൽ ജോസേട്ടനെയും ഇതുവരെ കണ്ടിട്ടില്ലാത്ത ബിൻസി എന്ന ചരക്കിനെയും കാത്തു നിൽക്കുമ്പോൾ ബെന്നിച്ചനെ വിയർക്കുകയായിരുന്നു. ഇതുവരെ ഇങ്ങനത്തെ ഒരു കേസും കൈകാര്യം ചെയ്തിട്ടില്ല. അത് കൊണ്ടു തന്നെ ബെന്നിച്ചൻ ടെൻഷനിലായിരുന്നു. അങ്ങനെ നിൽക്കുമ്പോൾ അതാ വരുന്നു ജോസേട്ടൻ, പിറകെ അവളും. ഹോ എന്തൊരു മുടിഞ്ഞ സൗന്ദര്യം. വെളുത്ത നിറം, വലിയ കണ്ണുകൾ, നീളമുള്ള മുടി, ആകർഷകമായ നിഷ്ക്കളങ്കമുഖം. ബെന്നിച്ചനു അവളിൽനിന്ന് കണ്ണെടുക്കാൻ തോന്നിയില്ല. കാൽമയുടെ വീട്ടിൽ ചെല്ലുന്നതു വരെ ബെന്നിച്ചൻ ഏതോ മായാലോകത്തായിരുന്നു.

എല്ലാം പ്ളാൻപടി നടന്നു. ആകെ പ്ളാനിൽ വന്ന മാറ്റം അവളെ തിരിച്ചുവിട്ടത് തിങ്കളാഴ്ച ആയിരുന്നു എന്നത് മാത്രമാണ്. അവളുടെ കിലുകിലാന്നുള്ള സംസാരം കേൾക്കാൻ രസമായിരുന്നു. അവളോട്‌ അടുത്തപ്പോൾ, അവളുടെ ജീവിതകഥ കേട്ടപ്പോൾ, ഒരു പൈസാ ഇടപാട് എന്നതിൽക്കവിഞ്ഞ ഒരു അടുപ്പം അവളോട്‌ തോന്നി. രോഗിയായ അച്ചൻ. അമ്മ തോട്ടത്തിൽ പണിക്കു പോയാണ് കുടുംബം പുലർത്തുന്നത്. രണ്ടു അനിയത്തിമാർ പഠിക്കുന്നു. ഇവൾ ഒരു കരക്കടുത്തിട്ടു വേണം കുടുംബത്തെ താങ്ങി നിറുത്താൻ. അവൾ പറഞ്ഞു.

“ബെന്നിച്ചാ, നിവൃത്തികേടുകൊണ്ടാണ്. പിന്നെ, ജോസേട്ടൻറ്റെ കടയിൽ വച്ച് പലപ്രാവശ്യം ബെന്നിച്ചനെ കണ്ടിട്ടുമുണ്ട്. ജോസേട്ടൻ പറഞ്ഞത് ബെന്നിച്ചൻ ഒരു പാവമാണന്നാ, അതുകൊണ്ടാ ഇങ്ങനെ വരാൻ ഞാൻ സമ്മതിച്ചത്. അല്ലാതെ ….”

അവളുടെ കണ്ണുകൾ നിറഞ്ഞു. ബെന്നിച്ചനു എന്തോ പോലെ തോന്നി ഒന്നും വേണ്ടാന്നു വച്ചാലോ എന്നുവരെ ബെന്നിച്ചൻ ആലോചിച്ചു. താനായിട്ട് ഈ പാവത്തിനെ…… പിന്നെ രാത്രിയായി, തണുപ്പും കുളിരും, തിളയ്ക്കുന്ന പ്രായോം. ആരെ കുറ്റം പറയാനാ. സംഭവിക്കാനുള്ളതെല്ലാം സംഭവിച്ചു. ശനിയാഴ്ച അവളെ പറഞ്ഞുവിടാൻ തോന്നിയില്ല. അവൾക്കും പോകണമെന്നില്ലായിരുന്നു. പിന്നെ ബോറടിക്കുന്ന കാര്യമല്ലല്ലോ തങ്ങൾ അവിടെ ചെയ്തോണ്ടിരുന്നത്‌. രണ്ടുപേരും കൂടി ഭക്ഷണം ഉണ്ടാക്കി. രണ്ടുപേരും കൂടി ഭക്ഷണം കഴിച്ചു. രണ്ടുപേരും കൂടി കുളിച്ചു. രണ്ടുപേരും കൂടി കിടന്നു. അതൊക്കെ ഓർക്കുമ്പോൾ തന്നെ വീണ്ടും കുളിരുന്നത് ബെന്നിച്ചൻ അറിഞ്ഞു. അവൾക്കു വരാൽമീനിൻറ്റെ കറി കൂട്ടണമെന്ന് ആഗ്രഹം പറഞ്ഞതും, വരാൽമീൻ മേടിച്ചുകൊണ്ടുവന്നു കറിവച്ചു കൂട്ടിയതും ഒക്കെ ബെന്നിച്ചൻ ഓർത്തു. പിരിയാൻ നേരത്ത് അവളുടെ കണ്ണ് നിറഞ്ഞതും, ഒരിക്കലും മറക്കില്ല എന്ന് പറഞ്ഞതും മനസിലുണ്ട്. അന്ന് പറഞ്ഞതാ ഈ പെരുന്നാളിനു കാണാമെന്ന്. അതുകൊണ്ട്തന്നെ ഇന്നത്തെ പെരുന്നാളിനു പ്രാധാന്യം കൂടുതലുണ്ട്. രണ്ടായിരം രൂപയിൽ കൂടുതലായ ഒരു ബന്ധം ബിൻസിയോട് തോന്നുന്നുണ്ട് എന്നതാണ് സത്യം. താനവളെ പ്രേമിക്കുകയാണോ എന്ന് ബെന്നിച്ചനു തോന്നിപ്പോയി. ബെന്നിച്ചൻറ്റെ നടപ്പിനു സ്പീഡ് കൂടി.

എത്രയും വേഗം പള്ളിയിൽ എത്തണം. അവൾ വരാതിരിക്കില്ല. അവൾ എന്നാ ചോദിച്ചാലും മേടിച്ചുകൊടുക്കണമെന്ന് ബെന്നിച്ചൻ തീർച്ചപ്പെടുത്തി. പിന്നെ കുറേ സംസാരിക്കണം. സംസാരിച്ചാൽ മാത്രം മതിയോ ?. ബെന്നിച്ചൻ ഒന്ന് ഊറിചിരിച്ചു. നോക്കാം, സൗകര്യം കിട്ടിയാൽ ബാക്കി കാര്യങ്ങൾ. ബിൻസിയെപ്പറ്റി ഓർത്തു നടന്നത് കൊണ്ട് വേഗം പള്ളിയിലെത്തി.

പെരുന്നാൾ കൊഴുക്കുകയാണ്. പാപികളും, പഥിതരും, പീഡിതരും മുത്തിയമ്മയെ കാണാൻ, കരയാൻ, മുത്താൻ, പള്ളിക്കുന്ന് കയറുന്നു. എല്ലാവരെയും കണ്ട് പള്ളിക്കുന്നിൻറ്റെ നെറുകയിൽ മുത്തിയമ്മ ഇരുന്നു. പള്ളിക്കുള്ളിൽ കപ്പല് തോരണങ്ങൾ തിളങ്ങി.

(അടുത്ത ലക്കം തുടർന്ന് വായിക്കുക "ഊരാക്കുടുക്കുകൾ")

- സിറിയക് കടവിൽച്ചിറ

കപ്പലുപെരുന്നാൾ അദ്ധ്യായം 1
http://http://neendoorpravasi.com/arts.php#228


വാൽമീകം (കവിത)

ഇന്ന് അവധിയെന്ന് ആരോ പറയുന്നു
കണ്ണിമതുറക്കാതെ മടിച്ചുകിടക്കുന്നു
വെയിൽ എന്നെ തൊട്ടുവിളിക്കുന്നു
കോ.... എന്ന് കേട്ട് റേഡിയോ വാർത്തയിൽ
ഇല്ല! നമുക്കല്ല വേറെയേതോ ജില്ലയിൽ
ആശ നശിച്ചു മനംനൊന്തുകേഴുന്നു
കോലുമഷിത്തണ്ട് നോക്കിചിരിക്കുന്നു
കൂട്ടുകാർ കുളിക്കുന്നു കൂവിവിളിക്കുന്നു
ഞാനിന്നില്ല നിങ്ങൾ പൊയ്ക്കോ
കണ്ണിനുവേദന കണ്ണിൽ സൂക്കേട്
ചുവക്കാത്തകണ്ണുകൾ തിരുമ്മിചുവപ്പിച്ച്
അമ്മേ! യെനിക്ക് ദീനം കണ്ണിൽ ദീനം
ഇന്നെലടർത്തിയ കോലുമഷിത്തണ്ട്
മെല്ലെയിളകി കളിയാക്കിചിരിക്കുന്നു
**********
ഇന്ന് പത്താംതരം കഴിഞ്ഞിട്ടേറെ വർഷം
ഈറകമ്പിലൂതി വിളിച്ചുവന്നു കലോത്സവം
നിറങ്ങളേഴും വാരിപൂശി പൂമ്പാറ്റകൾ ആടിതിമിർക്കവേ
എത്തിയെൻ പഴയ വിദ്യാലയമുറിയിൽ!
മങ്ങിയ കണ്ണാൽ കൃത്യമായി ഓർക്കുന്നു
ആത്മസതീർത്ഥ്യതൻ ഇരിപ്പിടം
അദ്ധ്യാപകർ! വിതുമ്പിയെൻ ഹൃദയംവിറച്ചു
തേങ്ങലൊരു അലറിക്കരച്ചിലായ്...
പൊയ്പ്പോയ സുവർണ്ണദിനങ്ങൾ, ആൽസഖീ,
തിരിച്ചുകിട്ടാത്ത മധുവസന്തങ്ങൾ, നൊമ്പരങ്ങൾ
ഇന്നുമെൻ ഇടനെഞ്ചിൻ ഇരുണ്ടയറകളിൽ
ഒളിപ്പിച്ചുവയ്ക്കുന്നു പേക്കിനാവായ്
മനമുരുകുമൊരു സുവർണ്ണമരീചികയായ്

(പി. എസ്. പ്രസാദ് മുണ്ടമറ്റത്തിൽ, നീണ്ടൂർ)


വ്യതിയാനം (കവിത)

കഥകളിവേഷം കെട്ടിനടക്കും
കുഞ്ഞുണ്ണിക്കൊരു കവിതവിരിഞ്ഞു
കഥകളിവേദിയിലാടിമറിഞ്ഞാ
കീചകവധവും സ്വപ്നം കണ്ടു!

കഥകളിവേദിയിൽ നിന്നവൻ കണ്ടു,
കാമുകി ഭാര്യക്കൊപ്പമിരിപ്പത്!
മൃദുലവികാരം തരളിതമോഹം-
പൂണ്ടവനാട്ടം തെറ്റിപ്പോയി!

അമ്പലകാര്യസ്ഥന്മാരവനിൽ
പഴിചാരിയതോ സുരപാനം പോൽ!
ആട്ടക്കൂലിയിലിളവുവരുത്തി,
കാര്യസ്ഥന്മാർ കണക്കും തീർത്തു!

ആ സ്വപ്നത്തിൻ കവിത കഴിഞ്ഞ-
വനാദ്യം തപ്പി- പ്രിയതമയെവിടെ?
പ്രിയതമയെങ്ങോ പോയിമറഞ്ഞു,
അതുമൊരു സ്വപ്നക്കവി വ്യതിയാനം!

"കക്കാൻ മാത്രമറിഞ്ഞാൽ പോരാ,
നിൽക്കാൻ കൂടെയറിഞ്ഞീടേണം"
പണ്ടതു മുത്തച്ഛൻ ചൊല്ലിയതു
ഇന്നവനോർമ്മയിലാളിക്കത്തി

സ്വന്തം കാര്യം നോക്കാനറിയാ-
താരാധാകരിലൊരുന്നം നട്ട്
കാര്യ വിചാരം കൂടാതവനോ
കാലം കാലനു മുന്നിലണച്ചു.!!

(പീറ്റർ നീണ്ടൂർ)


യാത്രാവിവരണം: പനാമ-പെറു-മച്ചുപിച്ചു യാത്ര-7

പനാമ കനാലും കനാലിൻറ്റെ നിർമ്മാണചരിത്രവും

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയമായ നിർമ്മാണപ്രവർത്തനം ഏതെന്നു ചോദിച്ചാൽ നിസ്സന്ദേഹം പറയാം, പനാമ കനാൽ എന്ന്. പനാമ റെയിൽ റോഡ്‌ നിർമ്മിച്ച കാലഘട്ടത്തിൽത്തന്നെ പനാമ കരയിടുക്കിൽക്കൂടി ഒരു ജലമാർഗ്ഗം സൃഷ്ടിച്ച് അറ്റ്ലാൻറ്റിക്ക്-പസഫിക് മഹാസമുദ്രങ്ങളെ തമ്മിൽ യോജിപ്പിക്കുവാൻ വൻശക്തികൾ ആലോചിച്ചു. സൂയസ് കനാൽ നിർമ്മിച്ച്‌ പ്രശസ്തിയാർജ്ജിച്ച ഫ്രഞ്ച് എഞ്ചിനീയർ ഫെർഡിനൻറ്റ് ഡി ലെസ്സപ് ആണ് കനാൽ നിർമ്മാണത്തിനു മുൻകൈയെടുത്തത്. കൊളംബിയൻ ഗവണ്മെൻറ്റ് 1878-ൽ കനാൽ നിർമ്മാണത്തിനുള്ള ഉടമ്പടി ഫ്രഞ്ച് സർക്കാരിന് നൽകി. മദ്ധ്യപൂർവ്വദേശത്ത് അത്യന്തം തന്ത്രപ്രധാനമായ സൂയസ് കനാൽ നിർമ്മിച്ച് പ്രശസ്തിയുടെ പാരമ്യത്തിലെത്തിയ ലെസ്സപ് പനാമ കനാൽ കമ്പനി രൂപീകരിച്ച് 1881-ൽ പ്രവർത്തനമാരംഭിച്ചു. പനാമ റെയിൽവേ ലൈനു സമാന്തരമായി കനാൽ നിർമ്മിക്കുവാനും മഹാസമുദ്രങ്ങളെ കനാൽ വഴി ബന്ധിക്കുമ്പോൾ കനാൽ ഒരേ നിരപ്പിൽ കൊണ്ടുവരുവാനും ഫെർഡിനൻറ്റ് പ്രത്യേകം ശ്രദ്ധിച്ചു. അറ്റ്ലാൻറ്റിക്ക് തീരം വളരെ ഉയർന്നും പസഫിക് തീരം വളരെ താഴ്ന്നുമാണ് സ്ഥിതിചെയ്യുന്നത്. നൂറുകണക്കിന് തടസ്സങ്ങൾ തലപൊക്കി. മലനിരകളിൽക്കൂടിയും ഘോരവനങ്ങളിൽക്കൂടിയുമുള്ള കനാൽ നിർമ്മാണം അത്യന്തം ദുസ്സഹമായിരുന്നു. കുത്തൊഴുക്കുള്ള പല നദികൾക്കും കുറുകെയായിരുന്നു കനാലിൻറ്റെ പ്ലാൻ. ഇടുക്കി അണക്കെട്ടിലെ കൊറവനും കൊറത്തിയും പോലുള്ള ഉന്നതമായ പാറക്കൂട്ടങ്ങളെ വെടിവച്ചു നിരപ്പാക്കേണ്ടിവന്നു.
മലമ്പനിയും മണ്ണിടിയലും ഉഗ്രവിഷമുള്ള പാമ്പുകളുടെ കടിയും മൂലം കാൽലക്ഷം തൊഴിലാളികൾ മരണമടഞ്ഞു. അപ്രതീക്ഷിതമായ നിർമ്മാണച്ചെലവുകൾ കനാൽ കമ്പനിയെ സാമ്പത്തികപാപ്പരത്തത്തിലെത്തിച്ചു. എണ്പതു കിലോമീറ്റർ ദൈർഘ്യമുള്ള പനാമ കപ്പൽ കനാൽ എങ്ങുമെത്താതെ ഗതിമുട്ടി കടക്കെണിയിൽ പെട്ടു. ഒൻപതു വർഷം കഴിഞ്ഞ് (1889-ൽ) ലെസ്സപ് പിൻവലിഞ്ഞു. പനാമ കനാലെന്ന സ്വപ്നം പൂവണിഞ്ഞില്ല.

അമേരിക്ക രംഗത്ത്

ഇക്കാലഘട്ടത്തിൽ അമേരിക്കൻ ഐക്യനാടുകൾ, പസഫിക്-അറ്റ്ലാൻറ്റിക്ക് മഹാസമുദ്രങ്ങളെ തമ്മിൽ യോജിപ്പിക്കുന്ന ഒരു കനാൽ നിർമ്മിക്കുവാൻ അനുയോജ്യമായൊരു വേദി തിരയുകയായിരുന്നു. കനാൽ നിർമ്മാണത്തിൽ പരാജയപ്പെട്ട ഫ്രഞ്ച് കമ്പനി തങ്ങളുടെ ഉടമ്പടി അമേരിക്കയ്ക്ക് വിട്ടുകൊടുക്കുവാൻ സന്നദ്ധത പ്രകടിപ്പിച്ചു. പക്ഷേ കൊളംബിയ അത് നിരസിച്ചു. പനാമയിൽ കൊളംബിയക്കെതിരെ വമ്പിച്ച പ്രതിഷേധപ്രകടങ്ങൾ നടന്നു. ഇത്തരുണത്തിലാണ് പനാമ അവരുടെ രാഷ്ട്രീയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്. അമേരിക്കയും പനാമയും കനാൽ നിർമ്മാണ ഉടമ്പടിയിൽ ഒപ്പുവച്ചു. കനാൽ മേഖലയിൽ അഞ്ചു കിലോമീറ്റർ വീതിയിൽ ഇരുവശവും അമേരിക്കയുടെ സ്വതന്ത്ര പരമാധികാരനിയന്ത്രണത്തിലായിരിക്കുമെന്നും പനാമയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടുന്നതിന് അമേരിക്കയ്ക്ക് അധികാരമുണ്ടെന്നും ഉടമ്പടിയിൽ വ്യവസ്ഥ ചെയ്തു. 1904-ൽ കനാൽ കമ്പനി അമേരിക്ക ഏറ്റെടുത്തു. ഫ്രഞ്ച് എഞ്ചിനീയർ ഫെർഡിനൻറ്റും അദ്ദേഹത്തിൻറ്റെ ടീമും കനാൽ നിർമ്മാണത്തിൽ വേണ്ടത്ര സഹകരിച്ചു. ഒരുലക്ഷം തൊഴിലാളികൾ നിർമ്മാണരംഗത്ത് പണിയെടുത്തു. അടിമകൾ, പനാമക്കാർ, അമേരിക്കക്കാർ, ജമേക്കക്കാർ, ട്രിനിഡാഡുകാർ ഇങ്ങിനെ പോകുന്നു കനാൽ തൊഴിലാളികളുടെ ലിസ്റ്റ്. പനാമയുടെ അറ്റ്ലാൻറ്റിക്ക് തീരം വളരെ ഉയർന്നതും പസഫിക് തീരം താഴ്ന്നതുമാണെന്ന് അന്യത്ര സൂചിപ്പിച്ചിട്ടുണ്ട്. ഈ ലവൽ വ്യത്യാസം തുല്യതയിലെത്തിക്കുന്നതിനു അറ്റ്ലാൻറ്റിക്ക് ഭാഗത്ത്, കനാലിൻറ്റെ ആരംഭഭാഗത്ത് ഒരു കൃത്രിമതടാകം നിർമ്മിച്ചു. ഗാട്ടൂണ്‍ തടാകം എന്നാണ് ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമ്മിതമായ ഈ തടാകത്തിൻറ്റെ പേര്.

അറ്റ്ലാൻറ്റിക്ക് തീരത്തെ കൊളോണ്‍ നഗരത്തിൽനിന്നും തടാകത്തിൽ പ്രവേശിക്കുന്ന കപ്പലുകൾ തടാകം വിട്ട് വീണ്ടും കനാലിൽ പ്രവേശിച്ച് പെദ്രോമിഗുവേൽ, മിറാഫ്ലോറസ് എന്നീ ലോക്കുകൾ കടക്കണം പസഫിക് സമുദ്രത്തിലെത്താൻ. കനാലിലെ ഉയർന്ന നിരപ്പിൽക്കൂടി സഞ്ചരിക്കുന്ന ജലവാഹനങ്ങൾ പസഫിക്കിലെ താഴ്ന്ന ജലനിരപ്പുമായി തുല്യതയിലെത്തിക്കുന്നതിനാണ് അത്യന്തം സാങ്കേതികവൈദഗ്ദ്ധ്യത്തോടെ ലോക്കുകൾ നിർമ്മിച്ചിരിക്കുന്നത്. ജലനിരപ്പ്‌ താഴ്ത്തി ലോക്ക് കടക്കുന്ന കപ്പലുകളെ കണ്ടപ്പോൾ കേരളത്തിൽ പത്താമുദയത്തിനു നെറ്റിപ്പട്ടം കെട്ടിയ ഗജവീരൻ, തിടമ്പിൽ പിടിച്ചിരിക്കുന്ന നമ്പൂതിരിയോടുകൂടി നെൽപ്പറയെ താണുവണങ്ങുന്നതുപോലെ ഞങ്ങൾക്ക് തോന്നി. കനാലിൻറ്റെ പസഫിക് ഭാഗത്ത് നിർമ്മിച്ചിരിക്കുന്ന ബ്രിഡ്ജ് ഓഫ് ദി അമേരിക്കാസ് എന്ന കവാടം കടന്ന് പസഫിക് മഹാസമുദ്രത്തിലേക്ക് പ്രവേശിക്കുന്ന കപ്പലുകളുടെ നിയന്ത്രണം സ്വന്തം കപ്പിത്താന്മാർ, പനാമ ക്യാപ്റ്റന്മാരുടെ പക്കൽനിന്നും ഏറ്റെടുക്കുന്നു. ഒരു ലോകത്തുനിന്നും മറുലോകത്തിലേക്ക് പ്രവേശിച്ചതുപോലൊരു പ്രതീതി. അമേരിക്കയുടെ പടിഞ്ഞാറേ തീരത്തുനിന്നും പനാമ കനാൽ കടന്ന് അറ്റ്ലാൻറ്റിക്ക് തീരത്ത് പ്രവേശിച്ച ഒരു കപ്പൽ പതിനായിരം കിലോമീറ്റർ ദൂരവും പത്തു ദിവസത്തെ യാത്രയും ലാഭിക്കുമ്പോൾ പനാമയ്ക്ക് അറുപതിനായിരം ഡോളറും ലഭ്യമായി. 1914 , ഓഗസ്റ്റ്‌ 15-ന് പനാമ കനാലിൽക്കൂടി ആദ്യകപ്പൽ കടന്നുപോയി. ഇപ്പോൾ ശരാശരി ഒരു ദിവസം നാൽപ്പതു കപ്പലുകൾ കനാലിൽക്കൂടി കടന്നുപോകുന്നു. പനാമയുടെ കപ്പിത്താന്മാർ കനാലിൽക്കൂടി കടക്കുന്ന കപ്പലുകളുടെ നീക്കം ഭംഗിയായി നിർവ്വഹിക്കുന്നുണ്ട്. കപ്പലുകളുടെ വലിപ്പമനുസരിച്ചാണ് കടത്തുകൂലി നിശ്ചയിക്കുന്നത്. കടത്തുകൂലി ഇന്ന് പനാമയുടെ മുഖ്യ വരുമാനമാർഗ്ഗമാണ്. (തുടരും...)

(എം.സി ചാക്കോ മണ്ണാറക്കാട്ടിൽ)




കപ്പലുപെരുന്നാൾ (നോവൽ) - 1

കഥാപരിസരം: കുറവിലങ്ങാട്, കുറുപ്പന്തറ, മാഞ്ഞൂർ ചുറ്റുവട്ടങ്ങൾ.

കഥാകാലഘട്ടം: ആയിരത്തി എണ്‍പതുകൾ.

പടപ്പുറപ്പാടുകൾ :-

ഇന്നാണ് കപ്പലുപെരുന്നാൾ. കുറവിലങ്ങാട്ട് മുത്തിയമ്മയുടെ പള്ളിയിൽ ഇന്നാളു കൂടും. പള്ളിയുടെ നെടുംബുരയിൽ സ്ഥാപിച്ചിരിക്കുന്ന കപ്പൽ പള്ളിയിൽ നിന്ന് പുറത്തിറക്കി പ്രദിക്ഷണമായി, കുരിശുപള്ളിയെ വലംവച്ച്, പള്ളിമുറ്റത്തു കപ്പലോട്ടം നടത്തും. കപ്പലോട്ടം നടത്താൻ അവകാശപ്പെട്ട കടപ്പൂരുകാർക്ക് ഇന്ന് പ്രത്യേക ഉത്സാഹമാണ്. കുർബ്ബായും പ്രദിക്ഷണവും കഴിഞ്ഞ് കടപ്പൂരുകാർക്ക് പള്ളിമുറ്റത്ത് ഇന്ന് അന്നദാനവും ഉണ്ട്. പിന്നെ സർബത്ത് നേർച്ച വേറെ. കടപ്പൂരുകാരെ സംബന്ധിച്ച് അവരുടെ കൊച്ചുജീവിതത്തിൽ വലിയ പ്രാധാന്യം ഇന്നത്തെ കപ്പലുപെരുന്നാളിനുണ്ട്.

ബെന്നിച്ചൻ രാവിലെ തന്നെ കുളിച്ചൊരുങ്ങി. പെരുന്നാളിനു പോകണം. ചാച്ചനും അമ്മച്ചിയും രാവിലെ തന്നെ പള്ളിയിലോട്ട് പോയിക്കഴിഞ്ഞു. ഏഴേകാലിൻറ്റെ കുർബ്ബാനയാണേൽ വലിയ തിക്കും തിരക്കുമില്ലാതെ കാണാമെന്നാണ് അമ്മച്ചി പറയുക. അതിനാവും രണ്ടു പേരും കൂടി നേരത്തെ പോയത്. പ്രായമായ ആളുകളല്ലേ, പിന്നെ മുത്തിയമ്മയോടുള്ള വിശ്വാസമാണേൽ പറയുകയും വേണ്ട. കരിപ്പാടത്തിൻറ്റെ ചിറയിലെ തെങ്ങിൻതയ്കൾ പറിച്ചു കളഞ്ഞത് ആരാണന്നറിയാൻ മുത്തിയമ്മക്ക് നേർച്ച നേർന്നിരിക്കുകയാണ് ചാച്ചൻ. ഈ പെരുന്നാളിനെങ്കിലും അത് കണ്ണിൽ തെളിയിച്ചു തരുമെന്ന പ്രതീക്ഷയിലാണ് ചാച്ചൻ ഇരിക്കുന്നത്. അമ്മച്ചിക്ക് മുത്തിയമ്മയോടു മുട്ടിപ്പായിട്ടു പറയാൻ ഒറ്റ കാര്യമേ കാണു. അത് തൻറ്റെ കാര്യമായിരുക്കുമെന്ന് ബെന്നിച്ചൻ ഓർത്തു. ചേട്ടനും പെങ്ങന്മാരും കെട്ടി പിള്ളേരുമായി സസുഖം കഴിയുമ്പോൾ താൻ മാത്രമാണല്ലോ ഉഴവൂർ കോളേജിലെ ഡിഗ്രിപടുത്തോം ഉഴപ്പിക്കളഞ്ഞ് തേരാപാര നടക്കുന്നത്.

അതൊന്നും ആലോചിച്ചിട്ട് കാര്യമില്ല, എത്രയുംവേഗം പള്ളിയിലെത്തണം. അവിടെ ചെന്നിട്ടുവേണം ബാക്കി കാര്യങ്ങൾ തീരുമാനിക്കാൻ. ഇനിയും താമസിച്ചാൽ ചിലപ്പോൾ ചേട്ടൻ പിള്ളേരെ തന്നെ ഏൽപ്പിക്കാൻ സാധ്യതയുണ്ട്. എന്നാ പിന്നെ ഇന്നത്തെ കാര്യം തീർന്നു. കുരുത്തംകെട്ട ആ പിള്ളേരെയുംകൊണ്ട് പള്ളിയിൽ കൂടെ നടക്കുന്ന കാര്യം ഓർത്തപ്പോൾ തന്നെ ബെന്നിച്ചൻ, കാപ്പി കുടിക്കാൻ കൂടി നിൽക്കാതെ വേഗം ഇറങ്ങി നടന്നു. ഇപ്പം പോയാൽ പത്താകുമ്പോൾ പള്ളിയിലെത്താം. കടപ്പൂര് നിന്ന് അരമണിക്കൂർ നടപ്പേയുള്ളു. ബെന്നിച്ചൻ ആഞ്ഞു നടന്നു.

ബിൻസി ഇപ്പം പള്ളിയിൽ വന്നു കാണുമോ വാ ? ബിൻസിയുടെ കാര്യം മനസ്സിലോട്ട് എത്തിയപ്പോൾ തന്നെ ബെന്നിച്ചൻ ആകെ ഒന്നു കുളിർത്തു. അവൻറ്റെ ഓർമ്മകൾ പിന്നോട്ടോടി.

കുറവിലങ്ങാട്ട് ഹോട്ടൽ & ടീഷോപ്പ് നടത്തുന്ന ജോസേട്ടനാണ് തന്നോട് കാര്യം പറഞ്ഞത്. ഈ ആറുമാസ നേഴ്സിംഗ് പഠനത്തിൻറ്റെ കേന്ദ്രമാണല്ലോ കുറവിലങ്ങാട്. ഒരുപാട് പാവപ്പെട്ട പെണ്‍കുട്ടികൾ സമീപജില്ലകളിൽ നിന്നുവരെ കൂട്ടം കൂട്ടമായി അവിടെ പഠിക്കാൻ എത്തുന്നു. ഏതെങ്കിലും ജോലി ഇത് പഠിച്ചാൽ കിട്ടുമെന്ന് അവർ വിചാരിക്കുന്നു. പഠനശേഷം കയ്യിൽ കിട്ടുന്ന സർട്ടിഫിക്കറ്റുമായി അവർ ബോംബയ്ക്കും ഡൽഹിക്കും ഒക്കെ അതിജീവനത്തിനായി ചേക്കേറുന്നു.

ഇങ്ങനെ പഠിക്കാൻ വരുന്ന മിക്കവാറും പെണ്‍കുട്ടികളെ ജോസേട്ടന് പരിചയമാണ്. ഒന്നുമില്ലെങ്കിലും ഞാനൊരു പൊതുമേഖലാസ്ഥാപനം നടത്തുവല്ലേ, എന്നാണ് ജോസേട്ടൻ പറയാറ്. ജോസേട്ടൻറ്റെ പെണ്‍പരിചയങ്ങളും, അവർക്കിടയിലുള്ള പിടിപാടുകളും കണ്ട് അസൂയ തോന്നിയപ്പോൾ, താൻ തന്നെയാണ് ഒരെണ്ണത്തിനെ തനിക്കും വളച്ചുതരാൻ പറഞ്ഞത്. സമയം ആകട്ടെ എന്ന് ജോസേട്ടൻ.

ജോസേട്ടൻ കല്യാണം ഒക്കെ കഴിച്ചു കുടുംബമായിട്ട് ജീവിക്കുന്ന ആളാണ്. രണ്ട് പിള്ളേരും ഉണ്ട്. ചായക്കട നടത്തി ജീവിക്കേണ്ട കാര്യവുമില്ല. നാലഞ്ചു ഏക്കർ റബറുണ്ട്. അതും വെട്ടി സുഖമായി കഴിഞ്ഞാൽ മതി. പക്ഷെ പുള്ളിക്ക് ഇതാണ് ഇഷ്ടം. ആളുകളെ കണ്ടും സംസാരിച്ചും ഒക്കെ ജീവിച്ചില്ലെങ്കിൽ എന്നാ സുഖം എന്ന് പുള്ളിക്കാരൻ പറയും. ഉഴവൂർ കോളേജിലെ ഡിഗ്രിപഠിത്തം പകുതിയും ജോസേട്ടൻറ്റെ കടയിലാണ് പഠിച്ചു തീർത്തത്. വിധി അല്ലാതെന്താ ?

ഇപ്പോഴും മെയിൻപണി ജോസേട്ടൻറ്റെ കടയിൽ വന്ന് ഇരിപ്പാണ്. ഒരു രണ്ടുമാസം മുമ്പാണ്, കടയിൽ ചെന്നപ്പോൾ ജോസേട്ടൻ ബിൻസിയുടെ കാര്യം പറഞ്ഞത്. ഇടുക്കിക്കാരിയാണ്, ദാരിദ്ര്യമാണ്. ഫീസടക്കാൻ ഒരു വഴിയും ഇല്ല. ഒരു രണ്ടായിരം രൂപാ വേണം. പകരം എന്തും ചെയ്യും. “എന്തും” എന്നതിൽ എല്ലാം അടങ്ങിയിരുന്നു.

“ആളെങ്ങനെ ?” ബെന്നിച്ചൻ അക്ഷമനായി.

“എടാ, നല്ല തക്കാളിപ്പഴം പോലെ ഇരിക്കും” ജോസേട്ടൻ ചിരിച്ചു.

ബെന്നിച്ചൻറ്റെ മനസ്സിൽ രണ്ടുമൂന്നു ലഡ്ഡു പൊട്ടി.

(അടുത്ത ലക്കം തുടർന്ന് വായിക്കുക "പെണ്‍സുഖങ്ങൾ")

- സിറിയക് കടവിൽച്ചിറ



അടുക്കള - നെയ്യപ്പം

ആവശ്യമായ ചേരുവകൾ:-

1. അൽപ്പം തരിയുള്ള അരിപ്പൊടി: 6 കപ്പ്
2. കരിപ്പട്ടി ശർക്കര : 1/2 കിലോ
3. വെള്ളം: 3/4 കപ്പ്‌
4. എള്ള്: 2 ടേബിൾ സ്പൂണ്‍
5. തേങ്ങ (ചെറുതായി അരിഞ്ഞത്): 1/2 മുറി
6. നെയ്യ്: 2 ടേബിൾ സ്പൂണ്‍
7. ഏലയ്ക്ക പൊടിച്ചത്: 3/4 ടീ സ്പൂണ്‍
8. എണ്ണ: വറുക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:-

1. മുക്കാൽ കപ്പ് വെള്ളം ഒഴിച്ച് ശർക്കര ഉരുക്കി അരിച്ചെടുക്കുക.
2. ഇങ്ങിനെ ഒരുക്കിയ ശർക്കരപ്പാനി നന്നായി തണുത്തശേഷം, അതിലേക്ക് അരിപ്പൊടി, എള്ള്, ഏലയ്ക്കപ്പൊടി, 2 ടേബിൾ സ്പൂണ്‍ നെയ്യിൽ മൂപ്പിച്ച തേങ്ങ എന്നിവയും ചേർത്ത് നന്നായി കുഴച്ച് മയപ്പെടുത്തി ഏകദേശം 2 മണിക്കൂർ മാറ്റിവയ്ക്കുക.
3. എണ്ണ നന്നായി ചൂടായശേഷം ഓരോ തവി മാവ് വീതം കോരിയൊഴിക്കുക. നന്നായി മൊരിച്ച് വറുത്തു കോരുക.

(സിനി അജിമോൻ പാറേപ്പറമ്പിൽ, യു. കെ)



പ്രണയം (കവിത)

അന്ന് സന്ധ്യയിൽ ദീപാരാധന വേളയിൽ
പാലപ്പൂവിൻറ്റെ സുഗന്ധം പരന്നു
നീളൻ പാവാടക്കാരികളിൽ എൻ ദേവിയെ തിരഞ്ഞു
പ്രണയമെൻ മനസ്സിനെ കുളിർകോരിയണിയിച്ച
ആ സന്ധ്യയിൽ നിൻ വിരൽസ്പർശമേറ്റൊരുനേരം
നാണത്താൽ ഓടിയകന്ന് നീ നിശയുടെ മറവിൽ ഒളിക്കവെ
എൻമനമാകെ വർണ്ണവില്ലു തീർത്തവൾ
മഞ്ഞുമാരിപൊഴിച്ച് എൻ അന്തരംഗത്തിൽ
ആനന്ദമയം, വിശ്വം ജയിക്കും ഭേരിമുഴക്കി
നീറും നഖപ്പാടിലായിരം മുത്തങ്ങൾ പെയ്തു
നിലക്കണ്ണാടിബിംബത്തെ മുറുകെയാലിംഗനം ചെയ്തു-
യിന്നു ഞാനെൻറ്റെ ചിട്ടവട്ടങ്ങളെ പ്രണയത്തിനായ്,
അവൾക്കായ് പതിച്ചുനൽകിയ പ്രേമനിമിഷങ്ങൾ
ഒരുതരിനേരവും കാണാതിരിക്കാൻ
കഴിയില്ല! തെല്ലുമവളെയും ഗ്രാമത്തെയും
സ്നേഹിക്കുന്നു ഞാൻ കുന്നും പുഴകളെയും
ഈറനുടുത്തു മലകളെയും പച്ചവർണ്ണത്തെയും
അവൾതൊടും വസ്തുക്കളും ശിലകളും പൂക്കളും
ഓർമ്മയിലിന്ന് പ്രേമസ്മാരകങ്ങൾ
പ്രണയമൊരവകാശമാണ്‌ മന്നിലെന്നും
ഭുവനിയിൽ തളിരിട്ട്‌ കിളിർക്കും തളിർകണക്കെ
അശ്രുകണങ്ങൾ തൻ അവകാശം.

(പി. എസ് പ്രസാദ്, നീണ്ടൂർ)


വിന (കവിത)

യോഗം കഴിഞ്ഞു പിരിയുന്നതിൻ മുമ്പ്
വേഗം ചെറുതൊന്നകത്താക്കിടാമെന്ന്
സഞ്ചരിക്കുന്ന "ബാറു"ള്ളൊരു സ്നേഹിതൻ
കൊഞ്ചി മൊഴിഞ്ഞതാം മൂഢമുഹൂർത്തമേ!

ഒന്നുമേ ചിന്തിച്ചിടാതെ മറുമൊഴി :
എന്നാലതൊട്ടും വൈകാതെതന്നാവണം
കേട്ടതും വണ്ടി തുറന്നു കടന്നുള്ളിൽ
പൊട്ടിച്ചു കുപ്പിയും, ഗ്ലാസുമെടുത്തുടൻ-

സോഡയും അണ്ടിപ്പരിപ്പും കഴിക്കുവാൻ
വിടലച്ചിരിയുമായി ഗ്ലാസുകൾ മുട്ടിച്ചു
പശിയടക്കീടുവാനണ്ടി കൊറിച്ചങ്ങു
കുശലം പറഞ്ഞേറെനേരം കളഞ്ഞതും.

അറിയാതെ ഭാര്യക്കു വിഭ്രാന്തി ഗേഹേ
"പറയാതെ ഇത്രയും വൈകാറില്ലല്ലോ!"
ടെലഫോണെടുത്ത് കറക്കിപ്പലർക്കും
പലരുടേം നിദ്രക്കു ഭംഗംവരുത്തി.

പലവട്ടമങ്ങോട്ടുമിങ്ങോട്ടുമായ് വിളി
പോലീസിലെത്തിച്ചു വാർത്തയവസാനം
കാറിൻറ്റെ നമ്പരറിഞ്ഞുടൻ, പോലീസ്-
ചീറി നടന്നു പ്രതിയെപ്പിടിക്കുവാൻ.

കണ്ടുപിടിച്ചവർ കാറു തടഞ്ഞതും
വണ്ടിയും കണ്ടുകെട്ടി ന്യായപാലകർ
കേട്ടപരാതിയുടൻ നിവർത്തിച്ചെന്നു
വീട്ടിലേക്കെത്തിച്ചു വാർത്ത വൈകീടാതെ.

കാറുമാഡ്രൈവറും പോലീസിലുണ്ടെന്നും
"ഡ്രൈവിംഗ് വൈൽ ഇൻറ്റോക്സിക്കേറ്റഡാ" ചാർജ്ജെന്നും
അൽപ്പമുന്മാദം വിതച്ച വിനചെന്നു
നിൽപ്പതൊ ഭീതമാം കാരാഗ്രഹത്തിലും!!

(പീറ്റർ നീണ്ടൂർ)


യാത്രാവിവരണം: പനാമ-പെറു-മച്ചുപിച്ചു യാത്ര-6

1904 - 14: പനാമ കനാൽ നിർമ്മാണവിജയം

ഫ്രഞ്ചു കമ്പനിക്കു സാധിക്കാതെ പോയ കനാൽ നിർമ്മാണം യു. എസ്. എ പൂർത്തീകരിച്ചു. 1914 ഓഗസ്റ്റ്‌ പതിനഞ്ചിന് ആദ്യ കപ്പൽ പനാമ കനാലിൽക്കൂടി കടന്നുപോയി. (പനാമ കനാലിൻറ്റെ ചരിത്രം പ്രത്യേക അദ്ധ്യായത്തിൽ വിവരിക്കുന്നുണ്ട്.)

1936

പനാമയിൽ യു. എസിനെതിരെ ജനരോഷം. അമേരിക്കൻ സേനയെ കനാലിനപ്പുറം ഉപയോഗിക്കാമെന്ന ഉടമ്പടി പ്രസിഡൻറ്റ് റൂസ് വെൽറ്റ് റദ്ദ് ചെയ്തു.

1964

അമേരിക്കക്കെതിരെ പനാമയിൽ വിദ്യാർത്ഥി പ്രക്ഷോഭണം. 27 പനാമേനിയൻ യുവാക്കൾ കൊല്ലപ്പെട്ടു. അഞ്ഞൂറോളം പേർക്കു പരിക്കേറ്റു. സംഭവം ഇന്നും ദേശീയ രക്തസാക്ഷിദിനമായി പനാമക്കാർ ആചരിക്കുന്നു.

1977: പ്രസിഡൻറ്റ് ജിമ്മി കാർട്ടറുടെ സൗഹൃദയാത്ര

1977 - ൽ പ്രസിഡൻറ്റ് ജിമ്മി കാർട്ടറും സഹധർമ്മിണിയും ചേർന്ന് പനാമ കനാലിൽക്കൂടി ഒരു സൗഹൃദയാത്ര നടത്തി പനാമക്കാരുടെ സ്നേഹാദരവുകൾ ഏറ്റുവാങ്ങി. കനാൽ ഉടമ്പടി റദ്ദ് ചെയ്യുമെന്നും കനാൽ, നൂറ്റാണ്ടിൻറ്റെ അന്ത്യത്തിൽ പനാമയ്ക്കു വിട്ടുകൊടുക്കുമെന്നും കാർട്ടർ ഉറപ്പുനൽകി. അതിനുള്ള ബിൽ യു. എസ് സെനറ്റ് പാസാക്കി.

1989 : നൊറിയേഗ-യു.എസ്. ഏറ്റുമുട്ടൽ

പനാമയിലെ പൊതുതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഭരണാധികാരി മാനുവൽ അന്തോണിയോ നൊറിയേഗ യു. എസുമായി സായുധ സംഘട്ടനത്തിലായി. നൊറിയെഗയെ സ്ഥാനഭ്രഷ്ടനാക്കി യു. എസ് സേന, തിരഞ്ഞെടുപ്പിൽ വിജയിച്ച ഗിജർമൊ എൻഡേരയെ അധികാരത്തിലേറ്റി. പ്രസിഡൻറ്റ് ജോർജ് ബുഷ്‌ Operation Just Cause എന്നു പേരിട്ട മിലിട്ടറി നടപടിയുടെ ഭാഗമായി നൊറിയെഗയെ യു. എസിലേക്കു കൊണ്ടുപോന്നു.

1999: കനാൽ വിട്ടുകൊടുത്ത് യു. എസ് പിന്മാറുന്നു

പ്രസിഡൻറ്റ് കാർട്ടറുടെ വാഗ്ദാനപ്രകാരം 1999 ഡിസംബർ 31-ന് കനാൽ പനാമക്കു കൈമാറി.

2004

2004-ലെ പൊതുതിരഞ്ഞെടുപ്പിൽ റവലൂഷണറി ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി, മാർട്ടിൻ ടോറീഹോസ് പ്രസിഡൻറ്റായി സ്ഥാനമേറ്റു. 1999-ലെ പൊതുതിരഞ്ഞെടുപ്പിൽ ഇദ്ദേഹത്തെ മിരേജ മോസ്കോസൊ പനാമയുടെ ആദ്യത്തെ വനിതാ പ്രസിഡൻറ്റായിരുന്നു. പക്ഷേ, ഭരണത്തിൽ പനാമക്ക് നേട്ടങ്ങൾ ഒന്നുംതന്നെ ഉണ്ടാക്കിക്കൊടുക്കുവാനുള്ള നിപുണത ഇവർക്കില്ലായിരുന്നു. മറ്റൊരു മുൻ പ്രസിഡൻറ്റ് ഒമാർ ടൊറിഹോയുടെ പുത്രനായ മാർട്ടിൻ ടൊറിഹോയിൽ പനാമേനിയൻ ജനത ഐശ്വര്യവും അഭിവൃദ്ധിയും പ്രതീക്ഷിക്കുന്നു. അവർ മുന്നേറുന്നു. (തുടരും...)

(എം.സി ചാക്കോ മണ്ണാറക്കാട്ടിൽ)


ജാനുവും കമ്മ്യൂണിസവും (ചെറുകഥ)

തിരിച്ചറിവായ കാലത്തിൽ, നീ ജനിച്ചു വീണതെ "ചോരച്ചെങ്കൊടി" യിലെക്കാണെന്ന് മറ്റുള്ളവർ പറയുന്നത് കേട്ട് അഭിമാനത്തോടെ നിന്നിട്ടുണ്ട് ജാനു. കമ്മ്യൂണിസ്റ്റ്‌കാരനായ അച്ഛൻറ്റെ കമ്മ്യൂണിസം ഉണ്ടുറങ്ങുന്ന വീട്ടിൽ ജനിച്ചു വീണ ജാനുവിൻറ്റെ കരച്ചിലിന് പോലും ഒരു "ഇങ്കിലാബ്" ട്യൂണ്‍ ആയിരുന്നെന്ന് അമ്മമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. വിദ്യാഭ്യാസം ഏറെ ഒന്നും ഇല്ലാതിരുന്നിട്ടും, വായനയിൽ കൂടെ ലോകജ്ഞാനം നേടിയ കമ്മ്യൂണിസ്റ്റ്‌ അച്ഛനിലൂടെ കാറൽ മാർക്സും, ഏംഗൽസും, സോവിയറ്റ്‌ യുണിയനും, ബർമുഡ ട്രയാംഗിളും, അമേരിക്കയുടെ മുതലാളിത്ത മനോഭാവവും, പോളണ്ടും, ജർമ്മനിയും... അങ്ങനെ അങ്ങനെ ലോക നേതാക്കളും, ലോകരാജ്യങ്ങളെക്കുറിച്ചുള്ള രാഷ്ട്രീയവും, സാമൂഹികവും, സാമ്പത്തികപരവുമായ അറിവുകൾ വരെ ചെറു ക്ലാസ്സുകളിൽതന്നെ ജാനുവിൽ വേരുറച്ചു.

വളർച്ചയോടൊപ്പം കമ്മ്യൂണിസവും, അതിലുപരി ഒരു രാഷ്ട്രീയ നിലപാട് എന്നതിനപ്പുറം "പാർട്ടി" ഒരു വിശ്വാസവുമായി ജാനുവിൽ ഏറി വന്നു. ഭൂമിയിൽ ഉള്ള ഏതൊരു കാര്യത്തെക്കുറിച്ച് ചർച്ചകൾ നടക്കുമ്പോഴും, അൽപ്പം കമ്മ്യൂണിസ്റ്റ്‌ ടച്ചിൽ സ്വന്തം അഭിപ്രായം നിവർന്ന് നിന്ന് പറയാൻ ജാനുവിന് വല്ലാത്ത ആവേശമായിരുന്നു. ആരെങ്കിലും തന്നെ ഒന്ന് "സഖാവ് ജാനു" എന്ന് വിളിച്ചിരുന്നെങ്കിൽ എന്ന്, ജാനു വല്ലാണ്ട് ആഗ്രഹിച്ചിരുന്നു. ആരിൽ നിന്നും ആ വിളി ഉണ്ടാകാതിരുന്നതിനാൽ കൂട്ടത്തിലെ പ്രിയ കൂട്ടുകാരോട് പറഞ്ഞ് "സഖാവെ" എന്ന് വിളിപ്പിച്ചു. ഏതോ ഒരു സെപ്റ്റംബർ മാസം ആയിരുന്നു അത് എന്ന് ജാനു ഇന്നും നന്നായി ഓർക്കുന്നു.

പാർട്ടി വേരുറച്ച മണ്ണിലെ സമ്മേളനങ്ങൾക്ക് തോരണങ്ങൾ ഒട്ടിച്ചും, രക്തസാക്ഷി ദിനത്തിൽ പുഷ്പാർച്ചന നടത്തിയും, "നിങ്ങളുയർത്തിയ ചോരച്ചെങ്കൊടി ഞങ്ങളീ വാനിൽ ഉയർത്തി കെട്ടും" എന്നൊക്കെ വിപ്ലവാത്മകമായി പാടിയും, എല്ലാ പാർട്ടി സമരമുഖങ്ങളിലും ജാനുവും മുന്നിൽ നിന്നു. സഖാവ് ഇ. എം. സും, ഇ. കെ നായനാരും, അച്ചുതാനന്ദനും, കെ. ആർ. ഗൗരിയമ്മയുമൊക്കെ വീര ഇതിഹാസങ്ങളിലെ ചരിത്ര പുരുഷൻമാരെ പോലെ ആയി ജാനുവിന്.

എൻറ്റെ ചോരയുടെയും, എൻറ്റെ കൊടിയുടെയും നിറം ചുവപ്പാണ് എന്ന് മനസ്സിലുറപ്പിച്ച് അഭിമാന പൂർവ്വവും ഒരൽപം അഹങ്കാരത്തോടുകൂടിയും നടന്നു. കാലം മാറി മറയുന്നതിനിടെ ആരാധിച്ചിരുന്ന നേതാക്കൾ പലരും പാർട്ടിയിൽ നിന്നും അകലുകയോ, പുറത്താക്കപ്പെടുകയോ ചെയ്തു. അറിയപ്പെടാത്ത പലരും അകത്തേക്ക് കടന്നു വരുകയും, പിന്നെ തമ്മിൽ തല്ലും, കുത്തിതിരുപ്പും, അങ്ങനെ ചിന്തകൾക്ക് അപ്പുറമായ രീതിയിൽ കാര്യങ്ങൾ മാറുന്നത് കണ്ട് ആകെ വിഷമത്തിലായി ജാനു.

അങ്ങനെയിരിക്കെ സെക്രട്ടറിയേറ്റ് നടയിൽ ഏതോ വലിയ സമരത്തിനു പാർട്ടി ആഹ്വാനം ചെയ്തതറിഞ്ഞ്, "സർവരാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ" എന്ന് പറഞ്ഞ് വിപ്ലവ വീര്യം കൂട്ടി, ജാനു തന്നെപ്പോലെ തന്നെയുള്ള കുറെ പട്ടിണി പാവങ്ങളുമായി അവിടെ എത്തി കുത്തിയിരുന്നു. പാർട്ടിയുടെ ശക്തി കാണിക്കാൻ, ജയിക്കുന്നതു വരെ സമരം എന്നറിയിച്ച നേതാക്കൾ എന്തോ കാര്യത്താൽ സമരം അവസാനിപ്പിച്ചതായി അറിയിച്ചു. ഇത് ജാനുവിനെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്. പാർട്ടി സമരം ജയിച്ചില്ല എന്ന് ജാനുവിനറിയം ....പിന്നെ നേതാക്കൾ എന്തിനിത് ചെയ്തു എന്നറിയില്ല. ഒരേ പാർട്ടിയുടെ പല നേതാക്കൾ ഒരുകാര്യം പലരീതിയിൽ പറയാൻ തുടങ്ങിയപ്പോൾ ജാനു ഒരു തീരുമാനമെടുത്തു. ഇനി പാർട്ടിയും വേണ്ട, സഖാക്കളും വേണ്ട. "സ്വന്തം കാര്യം സിന്ദാബാദ്‌" മാത്രം മതിയെന്ന് !!!

(രമ ജയപ്രകാശ്, USA)



രണ്ടാഴ്ച്ചത്തെ ഒരു കോപ്പിലെ അവധി (കഥ) - 4

രാവിലെ തിണ്ണയിൽ കുത്തിയിരിക്കുന്ന കണവനോടവൾ പറഞ്ഞു. “നമുക്ക് ഈ വീട് ഓടിടാം.” അരി വാങ്ങാൻ കാശില്ലാതെ ഇരിക്കുന്ന കുര്യാളയുടെ മനസ്സിൽ നിരവധി ചോദ്യങ്ങൾ അതുയർത്തി. എന്തായാലും അന്ന പറഞ്ഞു കൊടുത്ത വഴികൾ മനസിലും, അവളുടെ അണിവയറിൽ പതിഞ്ഞുകിടന്ന അവളുടെ അമ്മയുടെ സമ്മാനമായ സ്വർണ അരഞ്ഞാണം മടിക്കുത്തിലും സൂക്ഷിച്ച്, കടംകൊണ്ട കെട്ടുവള്ളവുമായി കുര്യാള കിങ്ങിണിപ്പുഴയിലുടെ ആലുവയിലേക്ക് യാത്ര ആരംഭിച്ചു. അതായിരുന്നു തുടക്കം. ആലുവയിലെ ഓട് ഫാക്ടറിയിൽനിന്നും അരുവിക്കരയിൽ കുര്യാള ഓടിറക്കി.

കാലം കടന്നു പോയപ്പോൾ കുര്യാള ഒരു ഓടിൻറ്റെ ബിസിനസുകാരനായി. ആലുവയിലെ കൂട്ടുകാർക്കിടയിൽ നിന്നും നേടിയ പഴയ ഒരു പ്രൊജക്ടർ അരുവിക്കരയിലെ ആദ്യത്തെ സിനിമാ ടാക്കിസിൻറ്റെ മുതലാളിയാക്കി കുര്യാളയെ മാറ്റി. പള്ളിയിൽ ഇനി മുതൽ താൻ കാറിലെ പോകൂ എന്ന അന്നയുടെ വാശി കുര്യാളയെ അരുവിക്കരയിലെ ആദ്യത്തെ ടാക്സിക്കാറിൻറ്റെ മുതലാളിയുമാക്കി. കൊച്ചുകുഞ്ഞും ഭാര്യയും മകൻറ്റെ ഐശ്വര്യങ്ങൾ കണ്ട്, സമാധാനത്തിൽ മരിച്ചു. കാലചക്രം ആരെയും കാത്തുനിൽക്കാതെ കറങ്ങിതിരിഞ്ഞപ്പോൾ ഇ. എം. സ് നമ്പൂതിരിപ്പാടിൻറ്റെ നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ കേരളത്തിൽ അധികാരത്തിലെത്തി. ഭൂപരിഷ്ക്കരണനിയമം പ്രാബല്യത്തിൽ വന്നപ്പോൾ അരുവിക്കരയിലെ ഫ്യുഡൽ വ്യവസ്ഥിതി തകർന്നു. കുന്നേരിതറവാട് ക്ഷയിച്ചു. തൊമ്മിമൂപ്പൻറ്റെ ഇളയമകൾ ഏലിയാമ്മയെ കെട്ടി ദത്തു നിന്ന പുരാതന തറവാട്ടുകാരൻ കൊച്ചുവക്കീലിൻറ്റെ വഷളത്തരങ്ങളിൽ, കുന്നേരി തറവാടിൻറ്റെ നെല്ലറകളും കാലിയായി. കുര്യാളക്കും അന്നക്കും കുട്ടികൾ പിറന്നു.

പ്രതാപങ്ങൾ വാർന്നുപോയ തറവാട്ടിലെ ഇരുട്ടു മൂടിയ മുറികളിലൊന്നിൽ കിടന്ന് ഏലിയാമ്മ കോരിക്കൊടുക്കുന്ന കഞ്ഞി കുടിക്കുമ്പോൾ തളർന്ന കണ്ണുകളോടെ തൊമ്മിമൂപ്പൻ അവ്യക്തമായി ചോദിച്ചു "അന്ന എവിടെ?" കൈയിലെ കഞ്ഞിപ്പാത്രത്തിലേക്ക് വാർന്നു വീണ കണ്ണുനീര് ഏലിയാമ്മയും ശ്രദ്ധിച്ചില്ല. ഒടുവിൽ വെട്ടിപ്പിടിച്ചതൊന്നും കൊണ്ടുപോകാനാവാതെ മനുഷ്യജന്മത്തിൻറ്റെ മുഴുവൻ നിസ്സഹായാവസ്ഥയും വെളിവാക്കി തൊമ്മിമൂപ്പൻ മരിച്ചു. എല്ലാം മറന്ന് ഒരു ജനത ഒരു കാലത്തെ തങ്ങളുടെ അധികാരിക്ക്‌ അന്ത്യപ്രണാമങ്ങൾ അർപ്പിച്ചു. സ്വന്തം കാറിലെത്തി കുര്യാളയും അന്നയും കുഞ്ഞുങ്ങളും കണ്ണീരോടെ ചടങ്ങുകളിൽ പങ്കെടുത്തു.

വക്കീലിൻറ്റെ മക്കൾ പിതാമഹന്മാരുടെ തെറ്റുകൾ തിരുത്താൻ തയ്യാറായിരുന്നു. കുന്നേരിതറവാടിൻറ്റെ സ്വത്തുക്കളിൽ അർഹതപ്പെട്ടത് ചേച്ചിയമ്മയ്ക്ക് നല്കാൻ അവർ തീരുമാനിച്ചു. വ്യവഹാരങ്ങൾ തയ്യാറാക്കി, ആധാരങ്ങൾ എഴുതിച്ചു, അന്നയ്ക്ക് അർഹതപ്പെട്ട സ്വത്തുഭാഗത്തിൻറ്റെ ആധാരക്കെട്ടുമായി അവർ കുര്യാളയുടെ വീട്ടിലെത്തി. ചാരുകസേരയിൽ അമർന്നിരുന്ന അയാൾക്ക് മുന്നിൽ കൂട്ടത്തിൽ തല മുതിർന്നവൻ കാര്യങ്ങൾ അവതരിപ്പിച്ചു. മുന്നിലെ ടീപ്പോയിൽ ആധാരക്കെട്ടുകൾ വച്ചു. കുര്യാള അകത്തേക്ക് നോക്കി വിളിച്ചു…. "അന്നമ്മേ .. എടീ അന്നമ്മേ" പുറത്തേക്കു വന്ന അന്നയെ കണ്ട് ആധാരച്ചുരുളുകൾ വിറച്ചു. "ദേണ്ടേ.... നിൻറ്റെ അപ്പൻറ്റെ സ്വത്ത്.... ഇവര് കൊണ്ട് വന്നതാ...എന്തോ ചെയ്യണം ?" ചോദ്യം അന്തരീക്ഷത്തിൽ പടർന്നു നിന്നു. അന്നയുടെ മുഖഭാവങ്ങൾ നോക്കി അനിയത്തിയുടെ മക്കൾ നിന്നു. പള്ളിയിലെ തൊമ്മിമൂപ്പൻറ്റെ ശവക്കുഴിക്കു മേലെ കുത്തിയ കുരിശുരൂപം വിറച്ചു. അന്നയുടെ മനസ് പിന്നോട്ടോടുകയായിരുന്നു. സ്വപ്നങ്ങൾ വിരിഞ്ഞ തൊഴുത്ത്, അലറുന്ന അപ്പൻറ്റെ മുന്നിൽ കെട്ടിയിടപ്പെട്ട ഒരു യൗവ്വനം, കെട്ടഴിക്കുന്ന കൈകൾ, ആ തണലിൽ ഉപേക്ഷിച്ച പ്രൗഢമായ പാരമ്പര്യങ്ങൾ, ദാരിദ്ര്യമുറയുന്ന ചാണകം മെഴുകിയ തറയിലുറങ്ങിയ ഭൂതകാലങ്ങൾ, ആലുവാക്കുള്ള വഴിത്താരകൾ, ഉണ്ണാതെ ഉറങ്ങാതെ കെട്ടിയവനെ കാത്തിരുന്ന ദിനരാത്രങ്ങൾ….

ഒരു മറുപടിക്ക് വേണ്ടി അരുവിക്കര കാതോർത്തു. സകല ചരാചരങ്ങളും നിശബ്ദമായി ചലനമറ്റ ആ അകത്തളത്തിൽ, അക്ഷമയോടെ ഒരു മറുപടിക്കായി കാത് കൂർപ്പിച്ച് നിന്നു.
*--------------------*------------------* മുറ്റത്ത്‌ കാറിൻറ്റെ ഹോണടി കേട്ടു. വണ്ടി നന്നാക്കാൻ പോയ ഡ്രൈവർ തിരിച്ചെത്തിയിരിക്കുന്നു. ഞാൻ സ്ഥലകാലങ്ങളിലേക്കു മടങ്ങിയെത്തി. കൂട്ടുകാരൻറ്റെ വീട്ടിലെ സ്വീകരണ മുറിയിലാണ്, അവൻറ്റെ അപ്പൻറ്റെ മുൻപിലാണ് ഇരിക്കുന്നതെന്ന് അമ്പരപ്പോടെ ഞാനറിഞ്ഞു. എങ്കിലും അരുവിക്കരയും അന്നയും എന്നെ വിട്ടു പോകാൻ കൂട്ടാക്കിയില്ല. "എന്നിട്ട് ... എന്നിട്ട് അന്ന എന്തു പറഞ്ഞു " ഞാൻ ഉദ്വേഗത്തോടെ അദേഹത്തോട് ചോദിച്ചു. അദേഹത്തിൻറ്റെ പൊട്ടിച്ചിരി മുഴങ്ങി. എന്നെ സൽക്കരിച്ചതിൻറ്റെ ശേഷപത്രങ്ങളായ പ്ലേറ്റുകൾ എടുക്കാൻ വന്ന ഏലീശാപുണ്യവതിയെപ്പോലെയിരിക്കുന്ന ആ അമ്മയോട് അദ്ദേഹം

"എന്തടീ, നീയന്നു എന്നാ പറഞ്ഞെ...?"

"എന്ന്...?"

“എടീ, അന്നവര് ആധാരക്കെട്ടുമായി വന്നപ്പഴേ .. നീയതു ദേ ഈ തോമസ്കുട്ടീടെ കൂട്ടുകാരനൊന്നു പറഞ്ഞു കൊടുക്ക്‌”

ഏലീശാപുണ്യവതി ചിരിച്ചു. “ഇതായിരുന്നോ പുരാണം പറഞ്ഞോണ്ടിരുന്നത് ?” അവരെന്നെ നോക്കി. അവരുടെ കണ്ണുകളിൽ കുസൃതി മിന്നി.

"എൻറ്റെ മോനെ എടുത്ത് മുറ്റത്തോട്ട് ഒരു ഏറു കൊടുക്കാൻ പറഞ്ഞു ഞാൻ"

പെട്ടെന്ന് എൻറ്റെ കണ്ണുകളിൽ ഇരുട്ടു നിറഞ്ഞു, ബോധമണ്ഡലങ്ങൾ അസ്തമിച്ചു, സകലതും നിശ്ചലമായി. നിമിഷങ്ങൾക്ക് ശേഷം വീണ്ടും പ്രജ്ഞകളിലേക്ക് മടങ്ങിയെത്തുബോൾ പ്ലേറ്റുകളുമായി അവർ പോയിക്കഴിഞ്ഞിരുന്നു. അദേഹത്തിൻറ്റെ ചിരിയുടെ അലകൾ എനിക്ക് ചുറ്റും നൃത്തം വച്ചു കൊണ്ടിരുന്നു. ഞാൻ മെല്ലെ ഭിത്തിയിലെ പോത്തിൻതലയിലേക്ക് നോക്കി. അതിലെ കൊമ്പുകളിൽ തൂങ്ങിയാടുന്ന മുത്തുമണികൾ തിളങ്ങുന്നത് പോലെ എനിക്ക് തോന്നി.

പിന്നാമ്പുറങ്ങൾ:-

ഗൾഫ്‌ എയറിൻറ്റെ വീമാനങ്ങളിൽ ഒന്നിൽ എയർഹോസ്റ്റസ് സ്വമനസ്സോടെ തന്ന വിൻഡോസീറ്റിൽ പുറത്തേക്കു നോക്കി ഞാൻ ഇരുന്നു. കാണാവുന്ന ദൂരത്തിലെല്ലാം വെള്ളിമേഘങ്ങൾ. അവധി കഴിഞ്ഞു ഞാൻ തിരിച്ചുപോവുകയാണ്. ഉദ്ദേശിച്ച കാര്യങ്ങൾ ഒന്നും നടത്തിയെടുക്കാൻ എനിക്ക് കഴിഞ്ഞില്ല. എങ്കിലും ഞാൻ സംതൃപ്തനായിരുന്നു. നേരും നെറിയും നിറഞ്ഞ മുൻഗാമികളുടെ വീറും വാശിയും നിറഞ്ഞ ചരിത്രങ്ങൾ ഉറങ്ങുന്ന ഒരു നാട്ടിൽ നിന്നാണ് ഞാൻ വരുന്നത്. മനം മടുപ്പിക്കുന്ന നൈറ്റ്‌ഡ്യൂട്ടികൾക്കും, ആരെയൊക്കെയോ കാണിക്കാൻ നടത്തുന്ന പാർട്ടികൾക്കും, കപടസദാചാരങ്ങൾക്കും, വെറുപ്പിക്കുന്ന ആള് കളികൾക്കും ശേഷം ആ നാട്ടിലേക്കു തിരിച്ചു പോവാൻ എനിക്കും കഴിയും എന്നെങ്കിലും....

ഞാൻ കണ്ണുകളടച്ച്‌ പിന്നിലേക്ക്‌ ചാരിയിരുന്നു..... (അവസാനിച്ചു.)

(സിറിയക് കടവിൽച്ചിറ)

അടുത്ത ആഴ്ച്ച മുതൽ സിറിയക് കടവിൽച്ചിറയുടെ പുതിയ പംക്തി ആരംഭിക്കുന്നു...



പുതിയ സിനിമ - ഹൗ ഓൾഡ്‌ ആർ യു?

കോട്ടയം ആനന്ദ് തീയറ്ററിൻറ്റെ പാർക്കിങ്ങിൽ നിന്ന് ഞങ്ങൾ വന്ന കാറെടുക്കാൻ നന്നേ ബദ്ധപ്പെടുമെന്ന് ഉറപ്പായിരുന്നു. സമയം വൈകിട്ട് 8 മണി കഴിഞ്ഞിരിക്കുന്നു. വൈകുന്നേരം 5.30 ന് തുടങ്ങിയ ഫസ്റ്റ് ഷോ ഇപ്പോൾ അവസാനിച്ചതേ ഉള്ളു. ഒപ്പം തൊട്ടടുത്തുള്ള അഭിലാഷ്, ആഷ തീയറ്ററുകളിലെ ഫസ്റ്റ് ഷോ കഴിഞ്ഞിറങ്ങുന്ന ആളുകളും, സെക്കൻറ്റ് ഷോയ്ക്കായി വന്നു കൊണ്ടിരിക്കുന്ന ആളുകളും, വാഹനങ്ങളും ഒക്കെയായി ഇടുങ്ങിയ ഈ വഴിയിൽ ഉണ്ടായേക്കാവുന്ന ഗതാഗതക്കുരുക്കും മാനസിക സംഘർഷവും പറയേണ്ടതില്ലല്ലോ..!

എൻറ്റെ പ്രിയസുഹൃത്ത് ക്യാപ്റ്റൻ തരുണ്‍ നമ്പൂതിരി, ഭാര്യ രജനി, മക്കൾ പവൻ, രാമൻ എന്നിവരോടൊപ്പമാണ് "ഹൗ ഓൾഡ്‌ ആർ യു" കണ്ടത്. ഇഴഞ്ഞു നീങ്ങുന്ന ട്രാഫിക്കിൻറ്റെ അസ്വസ്ഥതയും അമർഷവും മറികടക്കാനായി ചിത്രത്തെക്കുറിച്ച് ആദ്യം സംസാരിച്ചു തുടങ്ങിയത് ക്യാപ്റ്റനാണ്. തീർത്തും വേഗം കുറഞ്ഞപ്പോൾ ന്യൂട്രൽ ഗിയറിലേക്ക് ഇട്ടുകൊണ്ട്,

തരുണ്‍: "എന്തായാലും കൊള്ളാം അല്ലേ! നമ്മൾ പ്രതീക്ഷിച്ചതിനും അപ്പുറം പടം
വന്നിട്ടുണ്ട്".

രജനി: "തീർച്ചയായും! മഞ്ജു വാര്യർ ഒരു രണ്ടാം വരവ് നടത്തുമ്പോൾ അതിൻറ്റേതായ ഹോം വർക്ക് ഈ പടത്തിൽ ചെയ്തിട്ടുണ്ട്".

ഞാൻ: "അതേയതെ! ചിത്രത്തിൻറ്റെ സംവിധായകനായ റോഷൻ ആൻഡ്രൂസ് ആദ്യചിത്രമായ ഉദയനാണ് താരം മുതലിങ്ങോട്ട്‌ ഇതിനു മുമ്പ് ചെയ്ത മുംബൈ പോലിസ് വരെയുള്ള ചിത്രങ്ങളിൽ തൻറ്റേതായ കയ്യൊപ്പ് പതിപ്പിച്ച പ്രതിഭ ആണ്."

ഗതാഗതക്കുരുക്കിന് ഒരൽപം അയവു വന്നിട്ടുണ്ട് ഇപ്പോൾ. ഞങ്ങളുടെ വാഹനവും മന്ദഗതിയിൽ മുന്നോട്ട് നീങ്ങിത്തുടങ്ങി.

തരുണ്‍: " എടാ, ബോബി - സഞ്ജയ്‌ ടീമാണല്ലോ തിരക്കഥ"

ഞാൻ: "അതെ, ജോസ് പ്രകാശിൻറ്റെ സഹോദരൻ പ്രേം പ്രകാശിൻറ്റെ മക്കൾ. 2003 ൽ സിബി മലയിൽ സംവിധാനം ചെയ്ത എൻറ്റെ വീട് അപ്പുവിൻറ്റെയും എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിക്കൊണ്ടാണ് അവർ മലയാള സിനിമയിലേക്ക് വന്നത്. തുടർന്നിങ്ങോട്ട്‌ ഒരുപിടി ഹിറ്റ് ചിത്രങ്ങൾ അവർ ഒരുക്കി. നോട്ട്ബുക്ക്, ട്രാഫിക്, കാസനോവ, അയാളും ഞാനും തമ്മിൽ, മുംബൈ പോലിസ് - ഇതെല്ലാം ഇവരുടെയാണ്. ജ്യേഷ്ഠൻ ബോബി ഫിസിഷ്യൻ കൂടിയാണ്"

രജനി: "ശരിയാ.. അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിൻറ്റെ പ്രമേയവും അവരുടെ പ്രൊഫഷണൽ എക്സ്പീരിയൻസിൽ നിന്നായിരിക്കുമല്ലോ"

ഞാൻ: " തരുണ്‍ നീ അറിഞ്ഞായിരുന്നോ, ബോബി - സഞ്ജയ്‌ ടീമിൻറ്റെ പുതിയ സിനിമ നിർമ്മിക്കുന്നത് യു. കെ യിലുള്ള നീണ്ടൂരുകാരാണ്. സംവിധാനം ചെയ്യുന്നത് സിറിയക് കടവിൽച്ചിറയാണന്നു കേട്ടു."

തരുണ്‍: "നമ്മുടെ തോട്ടം ബാബു ആണോ പടം പിടിക്കുന്നത്‌ ?"

ഞാൻ: "എവിടുന്ന്!.. അതിനവൻറ്റെ കയ്യിൽ എവിടെ കാശിരിക്കുന്നു! ഷാജി വരാക്കുടിലിൽ, ഷെല്ലി നെടുംതുരുത്തിൽ, അജി പാറേപ്പറമ്പിൽ തുടങ്ങിയവരുടെ പേരുകളാണ് പറഞ്ഞു കേട്ടത്."

തിരക്കൊഴിഞ്ഞപ്പോൾ തരുണ്‍ കാറിൻറ്റെ വേഗത കൂട്ടി. അപ്രതീക്ഷിതമായിരുന്നു വേനൽമഴയുടെ വരവ്. കാറിൻറ്റെ മുൻഗ്ലാസ്സിലേക്ക്‌ അലച്ച് വീഴുന്ന മഴത്തുള്ളികളെ തട്ടിമാറ്റാൻ ജാഗ്രതയോടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വൈപ്പറിൻറ്റെ താളത്തിനൊത്ത് ഞങ്ങളുടെ സിനിമ ചർച്ചയും മുറുകി.

ഞാൻ: "എന്തായാലും മഞ്ജു വാര്യർ കലക്കി. അവരുടെ നോട്ടത്തിലും, ഭാവത്തിലും, ചലനത്തിലുമെല്ലാം പഴയ മഞ്ജു വാര്യർ ടച്ച്‌ ഇപ്പോഴുമുണ്ട്. രണ്ടാം വരവിൽ ഒന്ന് കൂടി മിടുക്കിയായിരിക്കുന്നു മഞ്ജു. അത് കൂടാതെ കുഞ്ചാക്കോ ബോബൻറ്റെ ജോടിയായി മഞ്ജു എത്തുന്ന ആദ്യ ചിത്രം കൂടിയാണ് ഇത്"

തരുണ്‍: "വളരെയേറെ ആനുകാലിക പ്രാധാന്യമുള്ള വിഷയങ്ങൾ ഈ ചിത്രത്തിലൂടെ പറയുന്നുണ്ട്, ഇല്ലേ ?. നിത്യേന നമ്മൾ കഴിക്കുന്ന പച്ചക്കറികളിൽ എന്തുമാത്രം വിഷം ആണ് അടങ്ങിയിരിക്കുന്നത്. ഇത് നമ്മളെത്തന്നെ ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരിക്കുകയാണന്ന സത്യം എന്നാണ് ഇനി ഈ തലമുറ മനസ്സിലാക്കാൻ പോകുന്നത്. ഈ സിനിമ അതിലെയ്ക്കേതായാലും ഒരു വെളിച്ചം വീശുന്നുണ്ട്."

ഞാൻ: "മാത്രമല്ല, സ്വപ്നങ്ങളെ പാശ്ചാത്യവൽക്കരിക്കാനുള്ള പുതുതലമുറയുടെ പ്രവണതയും, അതിൻറ്റെ ഭവിഷ്യത്തുകളും ചിത്രത്തിൽ പറഞ്ഞുവയ്ക്കുന്നുണ്ട്. എവിടെ, ഇത് വല്ലതും അവരുടെ തലയിൽ കേറാൻ പോണുണ്ടോ..?"

രജനി: "നിരുപമയുടെ മകൾ രാഷ്ട്രപതിയോട് ചോദിക്കുന്ന ചോദ്യം ഏതാണെന്ന് അറിയാൻ അവസാനം വരെ നായികയോടൊപ്പം നമ്മൾ പ്രേക്ഷകരേയും കാത്തിരിപ്പിക്കുന്നതിൽ നല്ലൊരു സസ്പെൻസ് ഉണ്ടല്ലേ."

ഞാൻ: "അതെ...ഒടുവിൽ നിരുപമയുടെ ജീവിതം കൊണ്ട് തന്നെ ആ ചോദ്യം അവൾ കണ്ടെടുത്തു.!"

തരുണ്‍: "എടാ... ആദ്യപകുതിയിൽ ഒരു ഇഴച്ചിൽ ഫീൽ ചെയ്യുന്നുണ്ടോ?"

ഞാൻ: "അതെനിക്കും തോന്നി. കഥാപാത്രങ്ങളെല്ലാം ഒരുതരം അടക്കംപറച്ചിലിൻറ്റെ മൂഡിലാ..പ്രത്യേകിച്ച് ലാലു അലക്സിൻറ്റെ പോലിസ് വേഷം. പിന്നെ വേറൊന്നുണ്ട്...ഇത്തരം ആനുകാലിക പ്രസക്തമായ വിഷയങ്ങൾ, പ്രേക്ഷകരെക്കൊണ്ട് ഇരുത്തി ചിന്തിപ്പിക്കണമെങ്കിൽ അതിനാവശ്യമായ ഒരു മെല്ലെപ്പോക്ക് ഇവിടെ ആവശ്യമുണ്ട്. പിന്നെ വേറൊരു കാര്യം തോന്നിയത്, ചുരുക്കം ചില ഫ്രെയിമുകളിലെങ്കിലും ഒരു നായികാ പ്രതിഷ്ഠക്കായുള്ള ബോധപൂർവ്വമായ ശ്രമം നടത്തിയിട്ടുണ്ട്. അത് കുറച്ച് ഒഴിവാക്കാമായിരുന്നു."

തരുണ്‍: "ഒറ്റവാക്കിൽ പറഞ്ഞാൽ വളരെ നല്ല ഒരു സിനിമ."

ഞങ്ങളുടെ കാറ് വില്ലേജ് ഹാളിനോടടുത്തിരുന്നു, നല്ല ഒരു സിനിമ കണ്ട സന്തോഷത്തോടെ പരസ്പ്പരം ശുഭരാത്രി നേർന്ന് ഞങ്ങൾ പിരിഞ്ഞു.

വാൽക്കഷണം: ഹൗ ഓൾഡ്‌ ആർ യു എന്ന ചിത്രത്തിലെ മഞ്ജു വാര്യരുടെ ഓർഗാനിക് കൃഷി രീതി കേരള സർക്കാർ മാതൃകയാക്കുന്നു. സ്ത്രീകളെ പങ്കെടുപ്പിച്ച് മഞ്ജുവിൻറ്റെ കഥാപാത്രം ടെറസില്‍ വിഷാംശമില്ലാത്ത പച്ചക്കറി വിളയിക്കുന്നുണ്ട് ചിത്രത്തിൽ. ഈ കൃഷി രീതി മാതൃകയാക്കുമെന്നും ഇതിനായി സ്ത്രീകളെ മുന്നിട്ടിറക്കുമെന്നും സാമൂഹ്യക്ഷേമ പഞ്ചായത്ത് വകുപ്പ് മന്ത്രി പറഞ്ഞു.

(മനോജ്‌ തൈക്കൂട്ടത്തിൽ)



വിശുദ്ധ മിഖായേൽ മാലാഖ (കവിത)

കാരുണ്യവാനായ് നീണ്ടൂരിൽ വാഴും
വിശുദ്ധ മിഖായേൽ മാലാഖയെ വണങ്ങുന്നേൻ
നീറും മനസ്സിൻറ്റെ തീച്ചൂളയിൽനിന്നും
നാഥാ നീയെന്നെ കരയേറ്റണേ.

നിൻ തിരുമുടിയിൽ ചൂടിക്കാൻ പൂക്കളില്ല
നിൻ തിരുരൂപം വാഴ്ത്താൻ നാവെനിക്കില്ല
നീറും ഹൃദയവുമായി എത്തീടുമ്പോൾ
എൻ അഴൽ മാറ്റി നീ രക്ഷിക്കണേ.

ജീവിതക്ലേശത്തിൽ നട്ടം തിരിയുമ്പോൾ
എത്തുന്നു മർത്ത്യർ നിൻ തിരുസവിതേ
ആൽമസ്വരൂപാ നീ മറക്കരുതേ
നാഥാ നീയെന്നെ കൈവിടല്ലേ.

ജീവിതപന്ഥാവിൽ ഞാനാം ഇടയർ
ആരണ്യകം തന്നിൽ ഉഴലുന്നു നിത്യം
ആലംബഹീനർക്ക് വെളിച്ചമായെന്നും
നേർവഴിയേകണേ കനിവിൻ വിളക്കേ.

(പി. എസ് പ്രസാദ്, നീണ്ടൂർ)


മൈൻഡ് യുവർ ഓണ്‍ ബിസിനസ്‌ (കവിത)

ഒൻപതു മാസം
ഒൻപതു ദിവസം
ഒൻപതു നാഴിക
ഒൻപതു വിനാഴിക
ഗർഭത്തിൽപ്പേറി ജന്മമേകിയ
അരുമ സന്താനം
പതിനെട്ടു കഴിഞ്ഞാൽ
പതറാതെ പറയുന്നു
മൈൻഡ് യുവർ ഓണ്‍ ബിസിനസ്‌!

ഇൻറ്റർനെറ്റിൻറ്റെ വാതായനത്തിലൂടെ
വിരൽത്തുമ്പാൽ വിദ്യ കാട്ടി
വരുതിയിലാക്കിയ ഇണയുമൊത്ത്
അനാശാസ്യമാർഗ്ഗത്തിലേക്കു നീങ്ങുമ്പോൾ
നൊന്തുപെറ്റ അമ്മയും
അവൾ കാട്ടിക്കൊടുത്ത അച്ഛനും
എന്താണിതെന്ന് ചോദിക്കെ
മൈൻഡ് യുവർ ഓണ്‍ ബിസിനസ്‌!

ഓമനപ്പുത്രൻ
മയക്കുമരുന്ന് വ്യാപാരത്തിൽ ബന്ധനസ്ഥനായി
കാരാഗൃഹത്തിൽ കഴിയുമ്പോൾ
സന്ദർശനാർത്ഥമെത്തുന്ന
രക്ഷിതാക്കളോട്...അലറുമോ ?
മൈൻഡ് യുവർ ഓണ്‍ ബിസിനസ്‌!

പുന്നാരമകൾ
അവിഹിത ഗർഭിണി പ്രസവിക്കെ
അച്ഛനേതെന്നു കാട്ടിക്കൊടുക്കാൻ
അമ്മയ്ക്കു കഴിഞ്ഞു...അവൾക്കോ ?
ആരെച്ചൂണ്ടി കുഞ്ഞിൻറ്റച്ഛനെന്നു പറയും ?
ശിശുദർശനത്തിനെത്തുന്ന ജനിയിതാക്കളോട്
അവൾ അട്ടഹസിക്കുമോ ?
മൈൻഡ് യുവർ ഓണ്‍ ബിസിനസ്‌!

(പീറ്റർ നീണ്ടൂർ)


യാത്രാവിവരണം: പനാമ-പെറു-മച്ചുപിച്ചു യാത്ര-5

പനാമയുടെ കിഴക്കേതീരത്ത്, പോർട്ടോബലോ എന്നാ സ്ഥലത്ത് ഒരു കുടിൽ കെട്ടി സെറ്റിൽമെൻറ്റ് തുടങ്ങാനുള്ള കൊളംബസിൻറ്റെ ശ്രമം അവിടുത്തെ തദ്ദേശവാസികൾ തകർത്തു. കുടിലും പൊളിച്ച് അപ്രാവശ്യം കൊളംബസും അനുയായികളും സ്പെയിനിലേക്ക് പലായനം ചെയ്തു. കൊളംബസിനൊപ്പം പശ്ചിമാർദ്ധഗോളത്തിൽ സഞ്ചരിച്ച വാസ്കോ ദി ബാൽബൊയും കുറെ അനുയായികളും കൊളംബസിൻറ്റെ മരണശേഷം പനാമയുടെ തീരത്തെത്തി. ഇവിടത്തെ ആദിവാസികളെ കൊളംബസ് തെറ്റായിട്ട് ഇന്ത്യൻസ് എന്നാണ് വിളിച്ചത്‌. ബാൽബൊ ഇവരുമായി മൈത്രിയിലായി. പനാമാ കരയിടുക്കിൻറ്റെ കിഴക്കേതീരത്തുനിന്നും പടിഞ്ഞാറേ പർവ്വതനിര കടന്നാൽ അവിടെ അതിവിശാലമായൊരു സമുദ്രമുണ്ടന്നും അതിനും തെക്ക് ആൻഡീസ് പർവ്വതത്തിൽ സ്വർണ്ണനിക്ഷേപം കൊണ്ട് സമ്പന്നമായൊരു രാജ്യമുണ്ടന്നും പനാമാനിവാസികൾ ബാൽബൊയെ ധരിപ്പിച്ചു. അന്വേഷണ കുതുകിയും ജിജ്ഞാസുവുമായ ബാൽബൊ വിശ്വസ്തരായ ഒരു സംഘം ആദിവാസികളേയും കൂട്ടി ശാന്ത സമുദ്രപര്യവേഷണത്തിനു പുറപ്പെട്ടു. പനാമയുടെ കരീബിയൻ തീരത്ത് നിന്നും പുറപ്പെട്ട സംഘം അനേകം പ്രതിസന്ധികളെ നേരിട്ടു. കീഴ്ക്കാംതൂക്കായ പർവ്വതപ്രദേശങ്ങളും, കൊടുംകാടുകളും കുത്തൊഴുക്കുള്ള നദികളും, വന്യമൃഗങ്ങളും സൃഷ്ടിച്ച പ്രതിബന്ധങ്ങളെ തരണം ചെയ്ത ബാൽബൊ സംഘം 1513 സെപ്റ്റംബർ 26-ന് പസഫിക് തീരം കണ്ടെത്തി.ശാന്തസമുദ്രം ആദ്യമായി ദർശിച്ച യൂറോപ്യനെന്ന ഖ്യാതിയും ബാൽബൊ നേടി.

പസഫിക് തീരത്ത് പണിതീർത്ത പനാമ സിറ്റിയെ കേന്ദ്രബിന്ദുവാക്കി സ്പാനിഷ് ആക്രമണകാരികൾ (കുടിയേറ്റക്കാർ) തെക്കും വടക്കുമുള്ള ഇൻകാസ്, മായാസ്, ആസ്ടെക് തുടങ്ങിയ സാമ്രാജ്യങ്ങളെ കീഴ്പ്പെടുത്തി സ്പാനിഷ് കോളനികൾ സ്ഥാപിച്ചു. ഇക്കാലഘട്ടത്തിൽ ബഹുലക്ഷം ആദിവാസികൾ പനാമയിലുണ്ടായിരുന്നു. അവരിൽ തൊണ്ണൂറു ശതമാനവും സ്പാനിഷ് തോക്കിനും വാളിനും ഇരയായി മരിച്ചു. യൂറോപ്യന്മാരായ സ്പാനിഷുകാർ ഒപ്പം കൊണ്ടുവന്ന മാരകമായ പകർച്ചവ്യാധികളും ദേശവാസികൾക്കു വിനയായി ഭവിച്ചു. ശേഷിച്ചവരുടെ പിൻതലമുറയായ കൂനാ, വൗനാ, എംബര തുടങ്ങിയ ഏഴു കൂട്ടർ ഇന്നും പനാമ വൻകരയിലും വനപ്രദേശത്തും ദ്വീപുകളിലുമായി കഴിയുന്നു ഇപ്പോഴും. ആദിമനിവാസികളുടെ ഭാഷയും സംസ്ക്കാരവും ഇവർ നിലനിർത്തുന്നു. അമേരിക്കൻ ഐക്യനാടുകൾക്ക് തെക്ക് മെക്സിക്കോ മുതൽ അർജൻറ്റീന വരെയുള്ള മദ്ധ്യ-തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ ബ്രസീലും, ബലീസും ഒഴിച്ച് സംസാരഭാഷ സ്പാനിഷ് ആണ്. ബ്രസീലിൽ പോർട്ടുഗീസ്‌ ഭാഷയും ബലീസിൽ ഇംഗ്ലീഷ് ഭാഷയും ഉപയോഗിക്കുന്നു. ആദിവാസികളും, അടിമകളായി ഇറക്കുമതി ചെയ്യപ്പെട്ട ആഫ്രിക്കൻ വംശജരും കോളനിവാഴ്ചക്കാരായ സ്പാനിഷ് ജനതയും ചേർന്നുണ്ടായ സമ്മിശ്ര സങ്കരവർഗ്ഗമാണ് ഇന്നത്തെ സ്പാനിഷ് ജനതയുടെ മുഖ്യ ഭാഗം. കലർപ്പില്ലാത്ത ഒരു ചെറിയ ഭാഗം സ്പെയിൻകാരും ഇതിൽപ്പെടും.

AD 1800 : കോളനിജനത രോഷാകുലരാവുന്നു

മൂന്നു നൂറ്റാണ്ടുകൾ ദീർഘിച്ച സ്പാനിഷ് ഭരണം കോളനിക്കാരെ രോഷാകുലരാക്കി. മെക്സിക്കോ മുതൽ അമേരിക്കയുടെ തെക്കേ അറ്റം വരെയുള്ള രാജ്യങ്ങളിലെ ജനങ്ങൾ ഉണർന്നു. ഖനികളിൽനിന്നുമുള്ള വരുമാനം മുഴുവൻ സ്പെയിൻകാർ അവരുടെ മാതൃരാജ്യത്തേക്ക് കടത്തിയതും കോളനിക്കാരെ കഠിനാദ്ധ്വാനത്തിനു വിധേയരാക്കിയതും സ്പാനിഷ് അധികാരികൾ കോളനിക്കാരെ അടിമകളെപ്പോലെ കണക്കാക്കിയതും കോളനിരാജ്യങ്ങളുടെ സ്വാതന്ത്ര്യസമരത്തിന് ആക്കം കൂട്ടി. വേനസ്വേലക്കാരനായിരുന്ന സ്വാതന്ത്ര്യസമര നേതാവ്, സൈമണ്‍ ബൊളിവർ കോളനികളിൽ സഞ്ചരിച്ച് സ്പെയിനിനെതിരെ ജനങ്ങളെ പ്രബുദ്ധരാക്കി. സ്വാതന്ത്ര്യത്തിനുള്ള മുറവിളി കോളനികളിൽ മുഴങ്ങി.

കോളനി വ്യവസ്ഥകളോട് അമേരിക്കൻ ഐക്യനാടുകൾക്കുള്ള നിസ്സഹകരണവും യൂറോപ്യൻ കൊളോണിയൽ ശക്തികളോടുള്ള അവജ്ഞയും പനാമയുടെയും മറ്റു ചില രാജ്യങ്ങളുടെയും സ്വാതന്ത്ര്യസമ്പാദനത്തിൽ കലാശിച്ചു. 1821-ൽ പനാമ, പെറു, കൊളംബിയ, ഇക്കഡോർ, വെനസ്വേല, ബൊളീവിയ എന്നീ രാജ്യങ്ങൾ ഒത്തൊരുമിച്ച് യുണൈറ്റഡ് ലാറ്റിനമേരിക്കൻ നേഷൻ എന്നൊരു രാഷ്ട്രം രൂപീകരിച്ചു. കാലക്രമേണ ഈ രാജ്യങ്ങൾ സഖ്യത്തിൽ നിന്നും വേർപിരിഞ്ഞു. എങ്കിലും പനാമ കൊളംബിയയുടെ ഭാഗമായി തുടർന്നു.

1846-55: പനാമ റെയിൽ റോഡ്‌ നിർമ്മാണം

ഇംഗ്ലണ്ടിൽ തീവണ്ടിയന്ത്രം കണ്ടുപിടിച്ചതോടെ പാശ്ച്യാത്യരാജ്യങ്ങളിൽ റെയിൽവേ ഗതാഗതം അതിശീഘ്രം ആരംഭിച്ചു. അറ്റ്ലാൻറ്റിക് തീരവും പസഫിക് തീരവും തമ്മിൽ യോജിപ്പിക്കുവാൻ ഏറ്റവും കുറഞ്ഞ ദൂരം പനാമ മുറിച്ചുകടക്കുക ആയതുകൊണ്ട് ആ രാജ്യത്തിൻറ്റെ മദ്ധ്യത്തിൽക്കൂടി ഒരു റെയിൽവേ ലൈൻ ആരംഭിക്കുവാൻ മഹശ്ചക്തികൾ മുന്നോട്ടു വന്നു.

ഉർവ്വശീ ശാപം ഉപകാരമെന്നപോലെ അമേരിക്കയുടെ പടിഞ്ഞാറൻ സംസ്ഥാനമായ കാലിഫോർണിയയിൽ സ്വർണ്ണനിക്ഷേപം ഈ കാലത്ത് കണ്ടെത്തി. യു. എസ്. എ യുടെ കിഴക്കൻതീരത്തു നിന്നും പടിഞ്ഞാറൻ തീരത്തേക്കുള്ള യാത്ര ശത്രുക്കളായ ആദിവാസികളുടെ ഇടയിൽക്കൂടി അസാദ്ധ്യമായിരുന്നു. തൽഫലമായി പനാമ കടലിടുക്കിലൂടെ ഒരു റെയിൽവേ ലൈൻ പണിതീർക്കുവാനും അമേരിക്കൻ സായുധസേന അതിൻറ്റെ സുരക്ഷിതത്വം ഏറ്റെടുക്കുവാനും കൊളംബിയ യു. എസിനെ ചുമതലപ്പെടുത്തി. യു. എസ് ഏറ്റെടുത്ത റെയിൽവേ ലൈൻ 1855-ൽ പൂർത്തിയായി. കാലിഫോർണിയായിലേക്കുള്ള കുടിയേറ്റക്കാരുടെ യാത്ര ഈ മാർഗ്ഗത്തിൽ സുഗമമായി. ഭാഗ്യദേവതയും കടാക്ഷിച്ചു. സ്വർണ്ണവേട്ടക്കാർ എല്ലാവരും തന്നെ ഈ പുതിയ റെയിൽ ഗതാഗതം പ്രയോജനപ്പെടുത്തിയതുകൊണ്ട് പനാമ റെയിൽ റോഡ്‌ കമ്പനിയും വളരെയേറെ പുഷ്ടിപ്പെട്ടു.

1903: പനാമ സ്വതന്ത്ര പരമാധികാര രാഷ്ട്രമാകുന്നു

സ്പെയിനിൻറ്റെ നേരിട്ടുള്ള കോളനിഭരണത്തിൽനിന്നും 1821-ൽ കൊളംബിയ സ്വാതന്ത്ര്യം നേടിയെന്നും പനാമ അതിൻറ്റെ ഒരു പ്രൊവിൻസായി തുടർന്നെന്നും അന്യത്ര സൂചിപ്പിച്ചു. പനാമക്കാർ ഇക്കാലമത്രയും അസംതൃപ്തരായിരുന്നു. അതിവിസ്തൃതവും സംഘർഷപൂരിതവുമായ കൊളംബിയയുടെ ഭരണത്തിൻ കീഴിൽ പനമക്കാർ വീർപ്പുമുട്ടി. 1903-ൽ കൊളംബിയയിൽ ഉണ്ടായ ഒരു ആഭ്യന്തരയുദ്ധത്തിൽ കൊളംബിയൻ സർക്കാർ പനാമക്കാരെ നിർബന്ധിതമായി പട്ടാളത്തിൽ ചേർക്കുകയും അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്തപ്പോൾ പനാമക്കാർ സംഘടിച്ച് സ്വാതന്ത്ര്യത്തിനായി മുറവിളി കൂട്ടി. ഇങ്ങനെ രൂപംകൊണ്ട ഒരു വിപ്ലവ കൗണ്സി്ൽ, പനാമയെ 1903 നവംബർ മൂന്നാം തീയതി സ്വതന്ത്ര പരമാധികാര രാഷ്ട്രമായി പ്രഖ്യാപിച്ചു. അമേരിക്കൻ ഐക്യനാടുകൾ ഉടൻതന്നെ പനാമയെ അംഗീകരിച്ചു. കൊളംബിയൻ അധികാരികൾ നാവികസേനയെ അയച്ച് പനാമയെ ആക്രമിക്കുവാൻ ഉദ്യമിച്ചു. പക്ഷേ, യു. എസ് യുദ്ധക്കപ്പലുകൾ കൊളംബിയൻ നാവികപ്പടയെ പസഫിക് സമുദ്രത്തിൽവച്ച് തോൽപ്പിച്ചോടിച്ചു. 2003 നവംബർ മൂന്നാം തീയതി പനാമേനിയൻ ജനത അവരുടെ സ്വാതന്ത്ര്യത്തിൻറ്റെ ശതവാർഷികം അത്യുത്സാഹത്തോടെ ആഘോഷിച്ചു. സ്വതന്ത്ര പനാമക്കാർ ഭാഗ്യവാന്മാർ! (തുടരും...)

(എം.സി ചാക്കോ മണ്ണാറക്കാട്ടിൽ)


ഒരു ചെറു പുഞ്ചിരി (ചെറുകഥ)

ആൾജിബ്രായിലെ ജാലവിദ്യക്കാരനായ പ്രിയനന്ദന്‍ മാഷിന് പുതിയതായി എത്തിയ ഇംഗ്ലീഷ് ടീച്ചർ റോസ്മേരിയോടു പറയാനാവാത്ത എന്തോ ഒരിത് ഉണ്ടെന്ന് ആരൊക്കൊയോ പറഞ്ഞ് അവിടെയും ഇവിടെയുമൊക്കെ കടന്ന് അവസാനം റോസ്മേരിയുടെ ചെവിയിലുമെത്തി. നിറയെ പൂത്തുലഞ്ഞു നിൽക്കുന്ന വാകമരങ്ങളുള്ള അതിവിശാലമായ ഗ്രൗണ്ടിൽ അസംബ്ലി നടക്കുന്ന സമയത്താണ് റോസ്‌മേരിയിൽ ഇത് എത്തിയത്. ആ സമയത്ത് കിഴക്ക് വശത്തായിട്ടുള്ള വാകമരത്തിലെ ഒരു കുല പൂവ് താഴെ വീഴുകയും, നീണ്ടു മെലിഞ്ഞ് വെളുത്തു സുന്ദരിയായ റോസ്മേരിയുടെ താടിയിലെ കറുത്ത മറുക് വെളുത്തു ചുവക്കുകയും ചെയ്തു.

അവിടവിടെയായി പൊട്ടി പിണഞ്ഞു കിടക്കുന്ന കുത്തനെ ഉള്ള നടകള്‍ കയറി ചെന്നാല്‍ കാണുന്ന പായല്‍ പിടിച്ചു കിടക്കുന്ന അരമതിലുകളും, ബോഗന്‍ വില്ലകളുമൊക്കെയായി ഗൃഹാതുരുത്വം തരുന്ന സ്കൂളിനെ ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു റോസ്മേരി. രാവിലെയുള്ള പതിവ് യുദ്ധംവെട്ടല്‍ എല്ലാം കഴിഞ്ഞ് ഓടി പാഞ്ഞ് സ്കൂളിൽ എത്തുമ്പോൾ സ്റ്റാഫ്‌ റൂമിൻറ്റെ വാതിൽക്കൽ ആരെയോ കാത്തു നിക്കുന്നതുപോലെ നന്ദന്‍ മാഷ്.... മാഷിൻറ്റെ നോട്ടം തനിക്കു നേരെയാണ് എന്ന് തിരിച്ചറിഞ്ഞ റോസ്മേരി, ഒന്നും അറിയാത്ത ഭാവത്തില്‍ മാഷിന് ഒരു ഗുഡ്മോർണിംഗ് കൊടുത്ത്, തിരിച്ച് മാഷ്‌ പറഞ്ഞത് ശ്രദ്ധിക്കാത്ത മട്ടിൽ, എതിരെ വരുന്ന വാരിയര്‍ മാഷിനോട് "നേരത്തെ എത്തിയോ" എന്ന കുശലാന്വേഷണത്തിൽ തന്നെത്തന്നെ മറച്ചു.

സ്കൂളിൻറ്റെ വെള്ള പൂശാത്ത ചുവരുകളുള്ള നീണ്ട ഇടനാഴിയിൽക്കൂടി കുട്ടികൾക്ക് ക്ലാസ്സ്‌ എടുക്കുവാനായി നടന്നു നീങ്ങവേ, എതിരെ നടന്നു വരുന്ന നന്ദന്‍ മാഷിൻറ്റെ കണ്ണുകൾ തന്നിലാണെന്ന തിരിച്ചറിവ് റോസ്മേരിയുടെ നടത്തത്തിനു വേഗത കൂട്ടി. ക്ലാസ്സിലെ കുട്ടികൾക്ക് ഷെല്ലിയും, വില്ല്യം വേർഡ്സ്‌വർത്തുമൊക്കെ ആഴത്തിലേക്ക് മനസ്സില്‍ ഏറ്റുവാന്‍ സഹായിക്കുമ്പോൾ എതിരെ ഉള്ള മാത്‍സ് ക്ലാസ്സില്‍ നിന്നും നന്ദൻ മാഷ് തന്നെ നോക്കുന്നത് റോസ്മേരി അറിയുന്നുണ്ടായിരുന്നു. ക്ലാസ് കഴിഞ്ഞു തിരികെ സ്റ്റാഫ് റൂമില്‍ എത്തിയപ്പോൾ കുട്ടികളുടെ കോമ്പോസിഷൻ ബുക്കുകൾക്കിടയില്‍ റോസ്മേരിക്കായി കുറച്ചു അക്ഷര കൂട്ടങ്ങള്‍, കൃത്യമായിട്ടൊന്നും പറയാതെ, എന്നാല്‍ എന്തോക്കൊയോ പറയാന്‍ ശ്രമിക്കുന്ന അക്ഷരങ്ങളിൽ ഒളിഞ്ഞു കിടക്കുന്ന സ്നേഹത്തിൻറ്റെ നനുത്ത വെട്ടം റോസ്മേരിക്കു കണ്ടെടുക്കാന്‍ പറ്റി.

സ്റ്റാഫ്‌ റൂമിലെ ചർച്ചകൾക്കിടയില്‍ തമാശകള്‍ പറയുകയും, തൻറ്റെ ശ്രദ്ധ മാറിപോയാല്‍ താന്‍ കേൾക്കുവോളം വീണ്ടും അത് ആവർത്തിക്കുകയും, ക്ലാസ്സിലെ ഏറ്റവും മിടുക്കനായ കുട്ടി, മാത്‍സിൽ അല്പം പുറകോട്ടുപോവുന്നു എന്നുള്ള ചെറിയ ആശങ്കയുമൊക്കെ തന്നോടെന്ന മട്ടില്‍ അവതരിപ്പിക്കുകയുമൊക്കെ ചെയ്തും, ഇടക്കെപ്പോഴോ ഒന്ന് നോക്കി ചിരിക്കുകയും ചെയ്യുന്ന മാഷിൻറ്റെ കണ്‍പീലിയില്‍ സ്നേഹത്തിൻറ്റെ തിരിവെട്ടം കണ്ടറിഞ്ഞ റോസ്മേരിക്ക് അലിവു തോന്നുകയും ചെയ്തു.

വളരെ കുറച്ചു ദിവസങ്ങൾ മാത്രമുള്ള പരിചയത്തില്‍ നിന്നും സ്നേഹത്തിലാകാന്‍ പറ്റിയ ഒരു ഇടപെടലുകളും മാഷുമായി ഉണ്ടായിട്ടില്ലാത്തതിനാല്‍, വാക്കാലോ നോട്ടത്താലോ യാതൊരു മറുപടിയും നൽകാതെ, ഒട്ടും പിടികൊടുക്കാതെ ഒന്നും അറിയാത്തതുപോലെയും, ഇനി മാഷെന്താവും ചെയ്യുക എന്നത് നോക്കിയിരിക്കാമെന്ന് റോസ്മേരി കരുതി.

കുട്ടികളുടെ കലാമത്സരം നടക്കുന്ന സമയത്ത്, ബാക്ക് സ്റ്റേജിൽ അവർക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുക്കുന്നതിനിടയ്ക്ക് പെട്ടെന്ന് നന്ദന്‍ മാഷ് റോസ്മേരിയുടെ മുൻപിൽ പ്രത്യക്ഷപ്പെട്ടു. മാഷിൻറ്റെ നേർക്ക് നേരെയുള്ള നോട്ടത്തില്‍ ഒന്ന് പതറിയെങ്കിലും, പരിഭ്രമിച്ചു നിൽക്കുന്ന മാഷിനെ കണ്ട് അൽപ്പം ചിരി ഉള്ളിലൊതുക്കി നിൽക്കുന്നതിനിടയില്‍ മാഷ് വിളറി വെളുത്ത് വിയർത്ത് ഒരു പ്രപ്പോസൽ നടത്തി. ഇങ്ങനെ ഒരു സീന്‍ ഇടക്ക് എപ്പോഴോ റോസ്മേരി മനസ്സിൽ കണ്ടിരുന്നുവെങ്കിലും ഇത്ര പെട്ടെന്ന് ഉണ്ടാകുമെന്നു പ്രതീക്ഷിക്കാതിരുന്നതിനാൽ പെട്ടെന്നൊരു മറുപടി കൊടുക്കാന്‍ ആയില്ല. എങ്കിലും മാഷിനായി റോസ്മേരി ഒരു നനുത്ത സ്നേഹ ചിരി കൊടുക്കുകയും, റോസ്മേരിയുടെ താടിയിലെ കറുത്ത മറുക് ഒന്ന് കൂടെ വെളുത്തു ചുവക്കുകയും, അതേ സമയം തന്നെ സ്കൂൾ ഗ്രൗണ്ടിലെ വാകമരങ്ങള്‍ എല്ലാം നിറയെ പൂത്തുലഞ്ഞു ചിരിക്കുകയും ചെയ്തു, ഒരു പൂപോലും കൊഴിയാതെ.....

(രമ ജയപ്രകാശ്, USA)



അടുക്കള - ബീഫ് പെപ്പർ റോസ്റ്റ്

ആവശ്യമായ ചേരുവകൾ:-

1. ഇറച്ചി : 1/2 കിലോ (ചെറിയ കഷണങ്ങളാക്കിയത്)
2. തേങ്ങാക്കൊത്ത് : 1/2 കപ്പ്
3. സവോള : 3 എണ്ണം (ചെറുതായി അരിഞ്ഞത്)
4. പച്ചമുളക് : 2 എണ്ണം (നെടുകെ പിളർന്നത്)
5. തക്കാളി : 1 എണ്ണം (ചെറുതായി അരിഞ്ഞത്)
6. മല്ലിപ്പൊടി : 2 ടേബിൾ സ്പൂണ്‍
7. കുരുമുളക് പൊടി : 2 ടേബിൾ സ്പൂണ്‍
8. കാശ്മീരി മുളകുപൊടി : 1 ടേബിൾ സ്പൂണ്‍
9. മഞ്ഞൾപ്പൊടി : 1 ടീ സ്പൂണ്‍
10. ഗരം മസാല : 1 ടീ സ്പൂണ്‍
11. ഇഞ്ചി പെയ്സ്റ്റ് : 1 ടീ സ്പൂണ്‍
12. വെളുത്തുള്ളി പെയ്സ്റ്റ് : 1 ടീ സ്പൂണ്‍
13. നാരങ്ങാനീര് : 1 ടീ സ്പൂണ്‍
14. കറിവേപ്പില : 1 തണ്ട്
15. ഉപ്പ്, വെളിച്ചെണ്ണ, കടുക് ആവശ്യത്തിന്

NOTE: Three Tea Spoons = 1 Table Spoon
(1 Teaspoon equals about 5 milli liters; 1 Tablespoon equals about 15 milli liters)

തയ്യാറാക്കുന്ന വിധം:-

നന്നായി കഴുകിയെടുത്ത ഇറച്ചിക്കഷണങ്ങളിലേക്ക് 1/2 ടീ സ്പൂണ്‍ ഇഞ്ചി പെയ്സ്റ്റ്, 1/2 ടീ സ്പൂണ്‍ വെളുത്തുള്ളി പെയ്സ്റ്റ്, 1 ടേബിൾ സ്പൂണ്‍ കുരുമുളക് പൊടി, നാരങ്ങാനീര്, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി മാറ്റി വയ്ക്കുക. ഒരു മണിക്കൂറിനു ശേഷം പ്രെഷർ കുക്കറിൽ കുറച്ച് വെള്ളം ചേർത്ത് മിക്സ് ചെയ്തു വച്ചിരിക്കുന്ന ഇറച്ചി വേവിച്ചെടുക്കുക. ഇനി ഒരു കുക്കിംഗ് പാനെടുത്ത്, ആവശ്യത്തിന് എണ്ണ ഒഴിച്ച് ചൂടാക്കി, കടുക് പൊട്ടിച്ച്, കറിവേപ്പിലയും ചേർത്തിളക്കി തേങ്ങാക്കൊത്തിട്ട് മൂപ്പിക്കുക. ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവോള, പച്ചമുളക്, ബാക്കിയുള്ള ഇഞ്ചി/വെളുത്തുള്ളി പെയ്സ്റ്റ് എന്നിവ ചേർത്ത് വഴറ്റുക. ഇതിലേക്ക് തക്കാളി കൂടി ചേർത്തിളക്കിയശേഷം മുളകുപൊടി, മഞ്ഞൾപ്പൊടി, ഗരം മസാല, ബാക്കിയുള്ള കുരുമുളകുപൊടി എന്നിവ ചേർത്ത് ചെറുതീയിൽ മൂപ്പിക്കുക. വേവിച്ചു വച്ചിരിക്കുന്ന ഇറച്ചി എടുത്ത് ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കുക. വെള്ളം നല്ലപോലെ വറ്റിക്കഴിഞ്ഞ് അൽപ്പം എണ്ണ കൂടി ചേർത്ത് 2 മിനിറ്റ് കഴിഞ്ഞ് തീ ഓഫ്‌ ചെയ്യുക. ബീഫ് പെപ്പർ റോസ്റ്റ് റെഡി - ചൂടോടെ ഉപയോഗിക്കുക.

(ലിനു കല്ലിടാന്തിയിൽ, ഇറ്റലി)


നീണ്ടൂർ ഗ്രാമവും സിനിമയും - ഭാഗം 5

കാലം പിന്നെയും കടന്നു പോയി. കേരളത്തിൽ അങ്ങോളമിങ്ങോളം തകർത്തോടുന്ന പല ചിത്രങ്ങളും നീണ്ടൂർ ജിജോയിൽ എത്തപ്പെടാൻ ഒന്നരവർഷം വരെ കാത്തിരിക്കേണ്ട അവസ്ഥയായിരുന്നു. ഈ ഒരു കാത്തിരുപ്പ് ഏറെക്കുറെ സഹിക്കാമായിരുന്നെങ്കിലും, ചിലപ്പോളെങ്കിലും വന്നു കൂടുന്ന മറ്റൊരു വലിയ പ്രശ്നം ഉണ്ടായിരുന്നു. രാവിലെ ജിജോ തീയറ്ററിൻറ്റെ മതിലിലെ തൂണിൽ ഒട്ടിച്ചു കണ്ട സിനിമയുടെ പോസ്റ്റർ, പ്രത്യേകിച്ച് പ്രേക്ഷകർ വളരെയേറെ കാത്തിരുന്ന ഹിറ്റ് ചിത്രങ്ങൾ, ആയിരിക്കില്ല വെള്ളിയാഴ്ച്ച വൈകുന്നേരം സ്കൂൾ വിട്ട് വരുന്നവഴിക്ക് കാണുന്നത്. രാവിലെ പടയോട്ടത്തിൻറ്റെ പോസ്റ്റർ കണ്ട് പ്രതീക്ഷയോടെ, വൈകുന്നേരം സിനിമ കാണാൻ കാത്തിരിക്കുന്ന പ്രേക്ഷകരുടെ മുന്നിലേക്കെത്തുന്നത് വേണുനാഗവള്ളിയുടെയോ, ഭരത് ഗോപിയുടെയോ ചിത്രങ്ങളായിരിക്കും. ഒന്നുകിൽ സാങ്കേതിക തടസ്സമായിരിക്കാം അല്ലെങ്കിൽ പ്രിൻറ്റ് മാറിപ്പോയിരിക്കാം. മുളമൂട്ടിൽ അടിമ എന്ന മോഹൻലാൽ ചിത്രത്തിൻറ്റെ ആദ്യ ഷോ യ്ക്കിടയിൽ റീലുകൾ തമ്മിൽ മാറിപ്പോയി. എത്തുംപിടിയും കിട്ടാതെ കൗതുകത്തോടെ അന്തംവിട്ട്‌ പരസ്പ്പരം നോക്കിനിന്ന നിമിഷങ്ങൾ ഇപ്പോൾ ഓർത്തെടുക്കുമ്പോൾ അറിയാതെ ഉള്ളിൽ ചിരി വരും.

കാലം എണ്‍പതുകളുടെ അവസാനത്തോടടുക്കുന്നു. താളവട്ടവും, ന്യൂ ഡൽഹിയും, ചിത്രവുമെല്ലാം ഒന്നര - രണ്ട് വർഷത്തെ നിർത്താതെയുള്ള ഓട്ടത്തിനുശേഷം, വിശ്രമിക്കാനായി നീണ്ടൂർ ജിജോയിലുമെത്തി. കാലത്തിൻറ്റെ മുന്നോട്ടുള്ള പ്രയാണത്തിലും, പ്രായത്തിൻറ്റെ കുതിച്ചുപായലിലും സാഹചര്യങ്ങൾ പലരേയും ഏറ്റുമാനൂർ ലോട്ടസ്, അലങ്കാർ തീയറ്ററുകളിലേക്കും ചുരുക്കം ചിലരെ കോട്ടയത്തെ തീയറ്ററുകളിലേക്കും കൈപിടിച്ചു നടത്തി. സാധാരണക്കാരിൽ സാധാരണക്കാരുടെ അഭയകേന്ദ്രമായി ജിജോ തീയറ്റർ പതിയെ മാറി. തൊണ്ണൂറുകളുടെ ആരംഭത്തോടെ ഉണ്ടായ ടെലിവിഷൻ ചാനലുകളുടെ കുതിപ്പും, വീഡിയോ ലൈബ്രറികളുടെ കടന്നുകയറ്റവും, അതോടൊപ്പം കാലാനുസൃതമായി വന്ന നടത്തിപ്പ് കൈമാറ്റവുമെല്ലാം ചേർന്ന് പുതിയൊരു ട്രെൻറ്റിനു കളമൊരുങ്ങുകയായിരുന്നു.

അങ്ങിനെ ജിജോ തീയറ്ററിൻറ്റെ വാതിൽ എന്നന്നേക്കുമായി പ്രേക്ഷകരുടെ മുമ്പിൽ കൊട്ടിയടക്കപ്പെട്ടു. അതോടെ ജിജോ തീയറ്ററും ചരിത്രത്തിൻറ്റെ ഭാഗമായി മാറി. ശേഷം കാലത്തിൻറ്റെ പുരോഗതി വിളിച്ചോതി തൽസ്ഥാനത്ത് ഒരു ഓഡിറ്റോറിയവും, പിന്നെയും കാലം കടന്നുപോയപ്പോൾ ഒരു ത്രീ സ്റ്റാർ ഹോട്ടലും സ്ഥാപിക്കപ്പെട്ടു. എങ്കിലും പഴയ കാലങ്ങളിലേയ്ക്ക് ഒന്ന് ഊളിയിട്ടാൽ അന്നത്തെ ജിജോ ടാക്കീസും, കോളാമ്പിയിൽ നിന്നുയർന്നു കേട്ടിരുന്ന ബ്ലാക്ക് & വൈറ്റ് റിക്കോർഡ് ഗാനങ്ങളും, ഏറ്റവും മുമ്പിലത്തെ ബഞ്ചുകൾക്ക് താഴെ നിന്നുയർന്നിരുന്ന പൂഴി മണ്ണിൻറ്റെ ഗന്ധവും മനസ്സിലേയ്ക്ക് ഇന്നും ഓടിയെത്തും. (അവസാനിച്ചു.)

(മനോജ്‌ തൈക്കൂട്ടത്തിൽ)

അടുത്ത ലക്കം മുതൽ മനോജ്‌ തൈക്കൂട്ടത്തിലിൻറ്റെ പുതിയ പംക്തി ആരംഭിക്കുന്നു.



രണ്ടാഴ്ച്ചത്തെ ഒരു കോപ്പിലെ അവധി (കഥ) - 3

മുറ്റത്തെ തെങ്ങിൽ തോർത്ത്‌കൊണ്ട് ബന്ധിച്ച, തിളയ്ക്കുന്ന പൗരുഷത്തെ നോക്കി നിൽക്കുമ്പോൾ തൻറ്റെയുള്ളിൽ എന്തൊക്കെയോ മാറ്റങ്ങൾ ഉണ്ടാവുന്നത് അന്ന തിരിച്ചറിഞ്ഞു. തൻറ്റെ ഭാവിജീവിതമാകെ കണ്‍മുൻപിൽ മാറ്റിവരക്കപ്പെടുന്നത് അന്ന അതിശയത്തോടെ മനസിലാക്കി. അവൻറ്റെ തിളങ്ങുന്ന പേശികളാണോ? കുത്തിത്തുളയ്ക്കുന്ന കണ്ണുകളാണോ? ധിക്കാരപൂർണവും അവഗണിക്കാനാവാത്തതുമായ ശരീരഭാഷകളാണോ? എന്താണ് കാരണമെന്നറിയില്ല, അന്ന വിയർത്തു, കിതച്ചു, തളർന്നു. അലറുന്ന അപ്പൻറ്റെ ചേഷ്ടകളോ, കരയുന്ന കൊച്ചുകുഞ്ഞിൻറ്റെ വിഷമങ്ങളോ, പണിക്കാരുടെ ബലാൽക്കാരമായ പിടിച്ചൊതുക്കലുകളോ, അവളെ അലട്ടിയില്ല. തോർത്തിൻറ്റെ ഇഴകളെ വെല്ലുവിളിക്കുന്ന പിടച്ചിലുകൾ, തെങ്ങിൻറ്റെ വേരുറപ്പുകളെ ചോദ്യം ചെയുന്ന കുതറലുകൾ, അഞ്ചാറാളുകളുടെ ബലങ്ങളെ നിഷ്പ്രഭമാക്കുന്ന അലർച്ചകൾ.... തെങ്ങിലുറയ്‌ക്കാത്ത, കുതറുകയും ചാടുകയും ചെയ്യുന്ന ആ ക്ഷുഭിതയൗവ്വനം ആദ്യമായും അവസാനമായും അന്നയുടെ മനസ്സിൽ വാസമുറപ്പിച്ചു കഴിഞ്ഞിരുന്നു അപ്പോഴേക്കും. കിങ്ങിണിപ്പുഴയുടെ അഗാധതതകളിലെവിടെയോ മറ്റൊരു അടിയൊഴുക്ക് രൂപം കൊള്ളുകയായിരുന്നു.

പള്ളിവികാരിയുടെ സമചിത്തതയോടെയുള്ള സാന്നിദ്ധ്യത്തിൽ കുര്യാളയുടെ തെറ്റ് പൊറുക്കപ്പെട്ടു, മേലിൽ ചോദ്യങ്ങൾ ഉണ്ടാവുകയില്ലെന്നു കുര്യാളയും സമ്മതിക്കേണ്ടിവന്നു. തോർത്ത്‌ കൊണ്ട് കെട്ടിയതിൻറ്റെ പാടുകൾ അവൻറ്റെ കൈകളിൽ നീലിച്ചു കിടന്നു. അതിലുടെ വിരലുകളോടിക്കുമ്പോൾ അവൻറ്റെ മനസ്സിൽ പുതിയ കണക്കുകളും ചോദ്യങ്ങളും ഉരുത്തിരിയുകയായിരുന്നു. ആഴ്ച്ചവട്ടങ്ങളിൽ കൂലി വാങ്ങാനെത്തുന്ന പണിക്കാരുടെ കൂട്ടത്തിൽ അവനുണ്ടോ എന്ന് നോക്കി മട്ടുപ്പാവിലെ ജനാലയ്ക്കൽ ഒരു ജോഡി കണ്ണുകൾ പതിവായി സ്ഥാനം പിടിച്ചു. ഉലയ്ക്കുന്ന ആ നോട്ടങ്ങളെ നേരിടാനാവാതെ കുര്യാള പലപ്പോഴും നോട്ടം പിൻവലിച്ചു. അതവനെ ചിന്താക്കുഴപ്പത്തിലാക്കി. ഒരിക്കൽ അടിച്ച് ഒതുക്കിയ അവൻറ്റെ പുരുഷത്വം വീണ്ടുമുണരുകയായിരുന്നു. ചില കാര്യങ്ങൾ അങ്ങനെയാണ്, പറയാതെയും മനസിലാവും. ഇവിടെ കുര്യാളക്കും അന്നക്കും പതിയെ പതിയെ മനസിലാവുകയായിരുന്നു, തങ്ങൾക്കു ഒന്നിച്ചല്ലാതെ ജീവിക്കാനാവുകയില്ലന്ന്.
അത് പ്രകൃതിയുടെ രഹസ്യമാണ് . അതിജീവനത്തിനായി ഓരോ വിത്തിലും പ്രകൃതി സൂക്ഷിക്കുന്ന രഹസ്യം. ആ രഹസ്യമറിഞ്ഞു പെരുമാറാൻ ഓരോ ജീവിയേയും പ്രാപ്തനാക്കുന്നു പ്രകൃതി.

കുന്നേരിത്തറവാടിൻറ്റെ പിന്നാമ്പുറത്തുള്ള വിശാലമായ തൊഴുത്തിൽ, കുന്നേരിത്തറവാട് ഉറങ്ങുമ്പോൾ, രഹസ്യവുമായി കുര്യാള ഉറങ്ങാതെ കാത്തിരുന്നു. ആ രഹസ്യത്തിൻറ്റെ പൊരുളറിയാൻ, അന്ന പതുങ്ങിയ കാലടികളോടെ, കുര്യാളയെ തേടി രാത്രികാലങ്ങളിൽ തൊഴുത്തിലെത്തി. അയവിറക്കുന്ന പശുക്കളുടെ താടിയെല്ലിൻറ്റെ താളത്തിൽ, ഈച്ചകളെ ഓടിക്കുന്ന അവയുടെ വാലുകളുടെ ആവേശത്തിൽ, കുര്യാളയും അന്നയും രഹസ്യം തേടിപ്പോയി. തൊഴുത്തിൽ ദിവ്യപ്രകാശം പരന്നു, നിലാവെളിച്ചങ്ങൾ അവരുടെ നാണങ്ങളെ പൊതിഞ്ഞു, കുളിരുകൾ പുൽക്കൂടുകളെ നിറച്ചു. ജ്ഞാനോദയങ്ങൾ ഉണരുകയായി, തെളിനീർ തേടിയ കൃഷിയിടങ്ങൾ മഴവെള്ളത്താൽ നിറയുകയായി, പ്രകൃതിയിൽ ജീവനുകൾ ആരംഭിക്കുകയായി. രഹസ്യങ്ങളിൽ മതിമറന്ന്, തളർച്ചകളിൽ ആനന്ദിച്ച്, പിന്നെയും സന്ധിക്കാനായി അവർ പുലരികളുടെ നേരെ നടന്നു. വസന്ത കാലങ്ങൾ നീണ്ടുനിൽക്കാറില്ല. പൂവുകൾ പൊഴിയുകയും കായ്കൾ വളരുകയും ചെയ്യണമെന്നാണല്ലോ പ്രകൃതിനിയമം. ഇനിയും ഇങ്ങനെ പോയാൽ പറ്റില്ല എന്ന് അന്ന കുര്യാളയുടെ ചെവിയിൽ മന്ത്രിക്കുമ്പോൾ പ്രാചീനമായ ഒരു പ്രകൃതിവിധിക്ക് മുൻപിൽ അവർ സന്തോഷപൂർവ്വം കീഴ്പ്പെടുകയായിരുന്നു. പക്ഷെ അവരുടെ കർമ്മഫലങ്ങൾ അവരെക്കാത്തു നിൽക്കുക തന്നെയായിരുന്നു. “നിങ്ങൾ വന്നു വിളിച്ചാൽ ആ നിമിഷം ഞാനിറങ്ങി വരും” എന്ന അന്നയുടെ ഉറപ്പ് തെളിയിക്കാൻ ഒത്തിരി ത്യാഗങ്ങളിലുടെ അവർക്കു നടന്നു പോവേണ്ടിയും വന്നു.

ഒരിക്കൽ കെട്ടിയിടപ്പെട്ട തെങ്ങിൽ കുര്യാളയെ വീണ്ടും തൊമ്മിമൂപ്പൻറ്റെ അനുചരന്മാർ കെട്ടിയിട്ടു. പള്ളിവികാരിയായിരുന്നില്ല ഇത്തവണ മധ്യസ്ഥ ശ്രമത്തിനു വേണ്ടി വരുത്തപ്പെട്ടത്, ചെമ്പേരി ടൗണിലെ പോലീസ് സ്റ്റേഷനിൽ വാഴുന്ന ഭീകരനായ ഇൻസ്പെക്ടർ ആയിരുന്നു. പണത്തിനുമേലെ അന്നും പരുന്തുകൾക്കു പറക്കാൻ ശേഷിയില്ലാതിരുന്നതിനാൽ കുര്യാളയുടെ ശവം പോലും ബാക്കി വച്ചേക്കരുത് എന്ന തൊമ്മിമൂപ്പൻറ്റെ തീരുമാനത്തിനുള്ള വിലയിടാനുള്ള ശ്രമത്തിലായിരുന്നു ടൗണിൽ നിന്നും വന്ന ഇൻസ്പെക്ടർ. ചങ്ങനാശ്ശേരിയിലെ കന്യാസ്ത്രീകൾ നടത്തുന്ന കോളേജിൽ പഠിച്ച അന്നയ്ക്ക് നെഹ്രുവിൻറ്റെ നിർദ്ദേശപ്രകാരം അംബേദ്‌കർ എഴുതിയുണ്ടാക്കിയ ഇന്ത്യൻ ഭരണഘടനയെക്കുറിച്ചും അതിലെ വ്യവസ്ഥകളെക്കുറിച്ചും ഏകദേശധാരണ ഉണ്ടായിരുന്നതുകൊണ്ട് ഇൻസ്പെക്ടർ ഏമാന് വിലയിടാനുള്ള അവസരം കിട്ടിയില്ലെന്ന് മാത്രമല്ല കാശുണ്ടാക്കാനുള്ള ആ അവസരത്തെ നിഷേധിക്കേണ്ടിയും വന്നു.

പ്രായപൂർത്തിയായ ഒരു പെണ്ണിന് തൻറ്റെ ഇണയെ തെരഞ്ഞെടുക്കാനും ഒരുമിച്ചു ജീവിക്കാനുമുള്ള അവകാശം, അരുവിക്കരക്കാരെയോ കുന്നേരി തറവാടിനെയോ അറിയില്ലാതിരുന്ന അംബേദ്‌കർ വളരെ ഉദാരമായിത്തന്നെ താൻ തയ്യാറാക്കിയ ഇന്ത്യൻ ഭരണഘടനയിൽ വ്യവസ്ഥ ചെയ്തിരുന്നു. ആ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ, തറവാടിൻറ്റെ അകത്തളങ്ങളിൽ, ഇൻസ്പെക്ടറും അന്നയും ആയി നടന്ന സംഭാഷണങ്ങൾ ഒന്നുംതന്നെ മൂപ്പന് മനസിലാവാതെ പോയത് വിദ്യാഭ്യാസത്തിൻറ്റെ കുറവ് കൊണ്ടാണെന്ന് പ്രതേകം പറയേണ്ടതില്ലല്ലോ. ഒടുവിൽ നിസ്സഹായനായിപ്പോയ ഇൻസ്പെക്ടറെ സാക്ഷി നിറുത്തി, ഉറച്ച കാലടികളോടെ, കുര്യാളയെ കെട്ടിയിട്ട മുറ്റത്തെ തെങ്ങിൽ ചുവട്ടിലേക്ക്‌, നടന്നടുക്കുന്ന ഉജ്ജ്വലയായ അന്നയെയാണ് ഭയചകിതരായി നോക്കിനിന്ന അരുവിക്കരക്കാർ കണ്ടത്.

അരുവിക്കരയുടെ പ്രാചീനചരിത്രത്തെ രണ്ടായി പിളർന്നു കൊണ്ടാണ് അന്ന വന്നത്. ജന്മി വർഗ്ഗത്തിൻറ്റെ ചൂഷണത്തിന് തലമുറകളോളം ഇരയായി നിന്ന ആ അദ്ധ്വാനവർഗ്ഗത്തിന് അതൊരു അത്ഭുതമായിരുന്നു. ദന്ദഗോപുരങ്ങൾ പിന്നിലുപേക്ഷിച്ച്, തൻറ്റെ പുരുഷനെ മോചിപ്പിക്കാൻ, തന്നോടു ചേർക്കാൻ, ഓടിയണയുന്ന അന്നയുടെ രൂപം പിന്നിട് വളരെക്കാലത്തോളം അരുവിക്കരക്കാരുടെ മനസ്സിൽ മായാതെ, മറയാതെ നിന്നു. അന്ന ഒരു പ്രതീകമായിരുന്നു. സ്വന്തം പുരുഷനെ എങ്ങനെ വേണമെങ്കിലും മാറ്റിയെടുക്കാൻ കഴിവുള്ള സ്ത്രീവർഗ്ഗത്തിൻറ്റെ പ്രതിനിധിയായിരുന്നു. സ്ത്രീ പ്രകൃതിയാണ് എന്ന് പിൽക്കാലത്ത് കവികളെക്കൊണ്ട് ഏറ്റുപാടിച്ച ഒരു വർഗ്ഗീയശക്തിയായിരുന്നു അന്ന. സാമൂഹികമായ കെട്ടുപാടുകൾ അഴിച്ചെറിഞ്ഞ്‌, കെട്ടിയിടപെട്ട അവൻറ്റെ അടിമത്ത്വങ്ങൾ അവസാനിപ്പിച്ച്‌, അവനെ ആത്യന്തികമായി തൻറ്റെതാക്കി ചേർത്ത് പിടിച്ച്, കുന്നേരിത്തറവാടിൻറ്റെ പടിയിറങ്ങുന്ന അന്നയെ തൊമ്മിമൂപ്പൻ നോക്കി നിന്നു. സമുഹം അടിച്ചേൽപ്പിച്ച പ്രതിശ്ചായകളോട് അയാൾക്ക് നീതി പുലർത്തണമായിരുന്നു. അതിനാൽ അയാളും വെറുതെ ഇരുന്നില്ല. കുന്നേരിപ്പാടങ്ങളിൽ നിന്നു അയാൾ കുര്യാളയെയും കുടുംബത്തെയും എന്നന്നേക്കുമായി വിലക്കി. ആ കുടുംബത്തെ സഹായിക്കുന്നതിൽനിന്നും അവരോടു സഹകരിക്കുന്നതിൽനിന്നും ഗ്രാമ വാസികളെ അയാൾ തടഞ്ഞു. അതിലെല്ലാം ഉപരിയായി സ്വന്തം മകളെ ബന്ധംപിരിഞ്ഞു കുടുബത്തിൽ നിന്നും നടതള്ളി പുറത്താക്കി. അവളോടുള്ള തീരാത്ത പകയുടെ സ്മരണക്കു വീട്ടുമുറ്റത്ത്‌ പതിനെട്ടാം പട്ട തെങ്ങ് വച്ചുചാർത്തിക്കൊടുത്തു തൊമ്മിമൂപ്പൻ. ജോലി ചെയ്യാൻ കഴിയാത്ത കുര്യാളയുടെ കുടുംബത്തിലേക്ക് ദാരിദ്ര്യം അരിച്ചെത്തുന്നത് അന്ന അറിഞ്ഞു……(തുടരും)

(സിറിയക് കടവിച്ചിറ)



പുതിയ സിനിമ - കൊന്തയും പൂണൂലും

വിഷു-ഈസ്റ്റർ അവധിക്കാണ് സാധാരണ മലയാള സിനിമകള്‍ ഒന്നിച്ചു തിയറ്ററുകളിലെത്താറുള്ളത്. മാർച്ചില്‍ പരീക്ഷക്കാലമായതിനാല്‍ ഒറ്റയ്ക്കും തെറ്റയ്ക്കും മാത്രമേ സിനിമകള്‍ റിലീസ് ചെയ്യാറുള്ളൂ. എന്നാല്‍ ആ കാലമൊക്കെ മാറി. മാർച്ചില്‍ ഒത്തിരി ചിത്രങ്ങളാണ് റിലീസിന് തയ്യാറായിരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍ നായകനായ കൊന്തയും പൂണൂലും വെള്ളിയാഴ്ച്ച (14/03) തിയറ്ററിലെത്തി. കൊന്തയും പൂണൂലും എന്ന പേരിൽ നിന്ന് വ്യക്തമാകുന്നതുപോലെ തന്നെ രണ്ട് മതങ്ങളുടെ കഥ പറയുന്ന ചിത്രമാണ് നവാഗതനായ ജിജോ ആൻറ്റണി ഒരുക്കിയിരിക്കുന്നത്. വ്യത്യസ്ത മതത്തിൽപ്പെട്ടവര്‍ സൗഹൃദത്തിലോ പ്രണയത്തിലോ ഏർപ്പെടുമ്പോഴുണ്ടാകുന്ന സാമൂഹിക പ്രശ്‌നങ്ങളാണ് ചിത്രം ചർച്ച ചെയ്യുന്നത്. കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ചിത്രത്തില്‍ ഭാമയാണ് നായിക. ഇരുവരും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. സകുടുംബം ശ്യാമള എന്ന ചിത്രത്തിന് വേണ്ടിയാണ് ചാക്കോച്ചനും ഭാമയും ആദ്യമൊന്നിച്ചത്.

കൊന്തയും പൂണൂലും എന്ന പേരുകേട്ടാല്‍ ആരും ചിന്തിയ്ക്കുക ക്രിസ്ത്യന്‍-ബ്രാഹ്മണ വിഭാഗത്തിൽപ്പെട്ട രണ്ടുപേര്‍ തമ്മിലുള്ള പ്രണയമായിരിക്കും പ്രമേയമെന്നാണ്. എന്നാല്‍ പ്രണയം ചിത്രത്തിൻറ്റെ കഥയില്‍ വന്നുപോകുന്ന ചെറിയൊരു കാര്യമാണെന്നും മനുഷ്യർക്കിടയിലുള്ള ചില വിശ്വാസങ്ങളുടെ ആധികാരികതയാണ് ഈ ചിത്രത്തിലൂടെ തിരയുന്നതെന്നും സംവിധായകന്‍ പറയുന്നു.
പ്രണയിച്ച് വിവാഹം കഴിക്കുന്നതോടെ ഒറ്റപ്പെടുന്ന ബ്രാഹ്മണ യുവാവും അവന് തണലാകുന്ന ക്രിസ്ത്യൻ സുഹൃത്തിനേയും കേന്ദ്രീകരിച്ചാണ് കഥ പറഞ്ഞു പോകുന്നത്. അതോടൊപ്പം അഞ്ചു വ്യക്തികളുടെ ജീവിതത്തില്‍ ഒരു രാത്രിയും രണ്ട് പകലും സംഭവിയ്ക്കുന്ന കാര്യങ്ങളുടെ ദൃശ്യാവിഷ്‌ക്കാരം കൂടിയാണ് കൊന്തയും പൂണൂലും. ചിത്രത്തില്‍ ഭയത്തിനും ഹാസ്യത്തിനും പ്രാധാന്യം നൽകിയിട്ടുണ്ട്. ചിത്രത്തില്‍ കൃഷ്ണന്‍ എന്ന കഥാപാത്രമായിട്ടാണ് ചാക്കോച്ചന്‍ അഭിനയിക്കുന്നത്. വളരെ രസകരമായ ഒരു കഥാപാത്രമാണ് ചാക്കോച്ചൻറ്റേത്. ഭാമയുടെ കരിയറിലെ ഏറ്റവും വ്യത്യസ്തമായ കഥാപാത്രങ്ങളില്‍ ഒന്നാണ് കൊന്തയും പൂണൂലും എന്ന ചിത്രത്തിലേത്. അമൃതയെന്നാണ് ഭാമയുടെ കഥാപാത്രത്തിൻറ്റെ പേര്. കൃഷ്ണൻറ്റെ ഭാര്യയായ അമൃത ഗർഭിണികൂടിയാണ്. കൃഷ്ണൻറ്റെയും അമൃതയുടെയും ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്.

ലെന, സരയൂ, മനോജ് കെ ജയന്‍, കലാഭവന്‍ മണി, സൈജു കുറുപ്പ്, പ്രേംകുമാര്‍, ജോയ് മാത്യു എന്നിവരെല്ലാം ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നു. അന്നയും റസൂലും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷൈന്‍ ടോം ചാക്കോ, കൃഷ്ണൻറ്റെ ഉറ്റ സുഹൃത്തായ മാർട്ടിൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പലിശക്കാരന്‍ സേതുവിൻറ്റെ വേഷത്തിലാണ് മനോജ്. കെ. ജയന്‍ ചിത്രത്തിലെത്തുന്നത്. ജനാർദ്ദനന്‍, സോന നായര്‍, ഇന്ദ്രൻസ്, ശോഭ മോഹന്‍, ദേവി അജിത്ത് എന്നിവരാണ് മറ്റ് താരങ്ങള്‍
വിനോദ് ശ്രീകുമാറിൻറ്റെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരുന്നത് ജിജോ ആൻറ്റണിയും അമലും ചേർന്നാണ്. സോഹൻലാലിൻറ്റെ ഗാനങ്ങൾക്ക് ബിജിപാല്‍ ഈണം പകർന്നിരിക്കുന്നു. ആർ. ആർ എൻറ്റർറ്റെയിൻമെൻറ്റിൻറ്റെ ബാനറില്‍ റോയ്സണ്‍ വെള്ളാറയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

വാൽക്കഷണം: ഒരുപാട് പ്രതീക്ഷകളോടെ ഈ ചിത്രം കാണാൻ പോകരുത്, നിരാശയായിരിക്കും ഫലം.

(അജിമോൻ തോമസ്‌ പാറേപ്പറമ്പിൽ)


യാത്രാവിവരണം: പനാമ-പെറു-മച്ചുപിച്ചു യാത്ര-4

ഗാന്ധിപാർക്കും കാസാഗാന്ധിയും

അമേരിക്കയിൽ താമസിക്കുന്ന കാലത്ത് ഞാൻ മെക്സിക്കോയിൽ പര്യടനം നടത്തിയിരുന്നു. അവിടെ മെക്സിക്കോ സിറ്റിയിൽനിന്നെടുത്ത ചിത്രങ്ങളുടെ കൂട്ടത്തിൽ ഗാന്ധിപ്രതിമകളുടെ ചിത്രങ്ങളും ഉണ്ടായിരുന്നു. മെക്സിക്കോയിലെ ചിത്രങ്ങൾ കണ്ട എൻറ്റെ പനാമാക്കാരനായിരുന്ന സുഹൃത്ത് ഹവിയർ (JAVIER) ന്യൂയോർക്കിൽ വച്ചു പറഞ്ഞിരുന്നു, പനാമ സിറ്റിയിലും ഗാന്ധിജിയുടെ പ്രതിമ ഉണ്ടെന്ന്. ഈ അറിവുവച്ച് ഞാൻ ഡ്രൈവർ ലോപ്പസിനോടു തിരക്കിയപ്പോൾ ഗാന്ധിപാർക്കിൽ അടുത്ത ദിവസം ഞങ്ങളെ കൊണ്ടുപോകാമെന്ന് അയാൾ സമ്മതിച്ചു. പ്രഭാതഭക്ഷണം കഴിഞ്ഞ് ഞങ്ങൾ ഗാന്ധിപാർക്കിലേക്കു യാത്ര തിരിച്ചു. മോണ്‍ട്രിയോൾ ഹോട്ടലിൽനിന്നും അധികം ദൂരെയല്ലാത്തൊരു തിരക്കേറിയ നാൽക്കവലയിൽ അര ഏക്കർ സ്ഥലത്ത് മനോഹരമായ ഒരുദ്യാനവും അതിൻറ്റെ നടുവിൽ ആവേശം പകരുന്നൊരു ഗാന്ധിപ്രതിമയും. ഉദ്യാനത്തിൻറ്റെ പേരാണ് ഗാന്ധിപാർക്ക്. സുന്ദരമായ പൂക്കൾ നിറഞ്ഞതാണ്‌ ഉദ്യാനം. പാർക്കിനു തൊട്ടടുത്താണ് മുൻസിപ്പൽ മ്യൂസിയം. മ്യൂസിയത്തിൽ വരുന്നവരും ഗാന്ധിപാർക്കിൽ സന്ദർശനം നടത്തുന്നു. ഊന്നുവടിയും മെതിയടിയും കണ്ണടയും ധരിച്ച ഗാന്ധിജിയെ കണ്ടാൽ ജീവിക്കുന്ന മഹാത്മജി ആണന്നെ തോന്നുകയുള്ളു. ഗാന്ധിജിയെപ്പറ്റി പനാമക്കാരും ടൂറിസ്റ്റുകളും എന്തു മനസ്സിലാക്കുന്നു എന്നറിയാൻ ഞാൻ പലുരുമായി കുശലപ്രശ്നത്തിലേർപ്പെട്ടു.ഗാന്ധിജിയെ ശരിക്കും പഠിച്ചിട്ടുള്ളവരാണ് മിക്കവരും. ചുരുക്കം ചിലർ കൂടുതൽ അറിയുവാനായി ചോദിച്ചു. സത്യാഗ്രഹം, അക്രമരാഹിത്യം, നികുതിനിഷേധം മുതലായ ഗാന്ധിയൻ സമരമുറകളിലായിരുന്നു ചില വിദേശികളുടെ സംശയങ്ങൾ. ലാറ്റിനമേരിക്കയിലെ സ്പാനിഷ് കോളനികൾക്ക് സ്വാതന്ത്ര്യം ലഭിച്ചത് സായുധ കലാപത്തിൽക്കൂടിയായിരുന്നു. അമേരിക്കയിൽ അടിമക്കച്ചവടം അവസാനിപ്പിച്ചതിൻറ്റെ പേരിൽ ആഭ്യന്തരയുദ്ധംതന്നെ നടന്നത് ചരിത്രമാണല്ലോ. ആ നിലയ്ക്ക് ഗാന്ധിയൻ സമരമാർഗ്ഗങ്ങൾ പാശ്ചാത്യരെ സംബന്ധിച്ചിടത്തോളം നൂതനാശയങ്ങളാണ്.

ഗാന്ധിപ്രതിമയ്ക്ക് മുന്നിൽ നിന്ന് ഫോട്ടോകളെടുക്കുമ്പോഴാണ് മ്യൂസിയത്തിനെതിർവശത്ത് "കാസാ ഗാന്ധി" (ഗാന്ധി ഭവൻ) എന്നു കണ്ടത്. അതുകണ്ട ഞങ്ങൾ ഗാന്ധിഭവനിലെത്തി. ടിവി, റേഡിയോ, സിഡി, ഡിവിഡി പ്ലെയർ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ വിൽക്കുന്ന വലിയൊരു കടയാണത്. ഗാന്ധിജിയെപ്പറ്റിയുള്ള ചില വിവരണങ്ങൾ അടങ്ങിയ സ്പാനിഷ് ലഘുലേഖകളും അവിടെയുണ്ട്. ഞങ്ങൾ ഇന്ത്യാക്കാരാണെന്നു മനസ്സിലാക്കിയ കടയുടമയും ജീവനക്കാരും ഞങ്ങളെ ആദരിച്ച് സ്നേഹപൂർവ്വം പെരുമാറി. ഈ സ്ഥാപനത്തിന് "കാസാ ഗാന്ധി" എന്ന പേര് നൽകുവാനുള്ള കാരണം ചോദിച്ചപ്പോൾ കടയുടമ, ലൂയി പെരസ് പറഞ്ഞത് അവർ കടയിലിരുന്നു നേരെ നോക്കുമ്പോൾ കാണുന്നത് ഗാന്ധിപാർക്കും ഗാന്ധിപ്രതിമയുമാണ്. അതുപോലെ ആ പുണ്യപുരുഷൻറ്റെ ദൃഷ്ടി പതിയുന്നതും ഈ സ്ഥാപനത്തിലാണ്. ഗാന്ധിപാർക്കിൽ വരുന്ന ടൂറിസ്റ്റുകളിൽ ഒരു നല്ല ഭാഗം ഈ ഗാന്ധി കാസായിലും വരുന്നുണ്ടന്നും, ഇന്ത്യയുടെ മാത്രമല്ല, ലോകനേതാവായ ഗാന്ധിയുടെ പ്രതിമയ്ക്ക് സമീപം ഒരു കട നടത്തുവാൻ അവസരം കിട്ടിയതിൽ ലൂയി പെരസ് അഭിമാനം കൊണ്ടു. ഞങ്ങൾ അദ്ദേഹത്തിന് നന്ദി അറിയിച്ച് മടങ്ങി. ഇന്ത്യയ്ക്കും അമേരിക്കയ്ക്കും വെളിയിൽ ശങ്കർശാസ്ത്രി ഗാന്ധിപ്രതിമ കാണുന്നത് ആദ്യമായിട്ടാണ്. "പനാജിയിൽ വരാൻ തോന്നിയത് നല്ല കാര്യം" ശാസ്ത്രിജി സന്തുഷ്ടനായി മൊഴിഞ്ഞു. മ്യൂസിയവും കണ്ട് ചില അപൂർവ്വ സാധനങ്ങളും വാങ്ങി ഞങ്ങൾ സായംകാലം ഹോട്ടലിൽ തിരിച്ചെത്തി.

പനാമ സിറ്റി വിട്ടകന്ന് നാടിൻറ്റെ വിവിധഭാഗങ്ങളിൽ സഞ്ചരിക്കുവാൻ ഞങ്ങൾ തയ്യാറെടുത്തു. പനാമയുടെ അഗ്നിപർവ്വത പ്രദേശങ്ങൾ, നദികൾ, പനാമ കനാൽ, പനാമ റയിൽ റോഡ്‌, വിവിധ ദ്വീപുകൾ, ആദിവാസികളുടെ കേന്ദ്രങ്ങൾ, പസഫിക് തീരം, അറ്റ്ലാൻറ്റിക്ക് തീര നഗരങ്ങൾ, പള്ളികൾ, ക്ഷേത്രങ്ങൾ, മോസ്ക്കുകൾ തുടങ്ങിയവയെല്ലാം പര്യടന ലിസ്റ്റിൽപ്പെട്ടു. നല്ല പരിചയസമ്പന്നനായ ഗൈഡിനേയും കിട്ടി. എന്നാൽ ഞങ്ങൾ കാണുകയും കേൾക്കുകയും അനുഭവിച്ചറിയുകയും ചെയ്ത സ്ഥലങ്ങളും സ്ഥലനാമങ്ങളും പുതുമ നിറഞ്ഞതും വ്യത്യസ്തങ്ങളുമാണ്. ഞങ്ങൾക്കു കിട്ടിയ വിവരങ്ങൾ അനുവാചകർക്കു പകർന്നു തരുവാനും അവയെ അനുഭവവേദ്യമാക്കുവാനും പനാമയുടെ ചരിത്രജ്ഞാനം അത്യാവശ്യമാണ്. ആയതിനാൽ ഈ ദേശത്തിൻറ്റെ ചരിത്ര പശ്ചാത്തലം ചുരുക്കമായി വിവരിച്ചിട്ട്‌ നമുക്കു മുന്നോട്ടു പോകാം. ചരിത്രമറിഞ്ഞാൽ പിന്നെല്ലാം സുതാര്യം.

പനാമയുടെ ചരിത്രം ചുരുക്കത്തിൽ

BC 11000: ക്രിസ്തുവിന് 11000 വർഷങ്ങൾക്കു മുൻപാണ് പനാമയിൽ മനുഷ്യവാസം തുടങ്ങിയതെന്നാണ് ചരിത്രകാരന്മാരുടെ നിഗമനം. ബറിംഗ് ജലസന്ധി കരഭൂമിയായിരുന്ന കാലഘട്ടത്തിൽ ചൂടുള്ള വാസസ്ഥലം തേടി സൈബീരിയയിൽനിന്നും പോന്നവരായിരുന്നു ഇവർ. റോക്കി പർവ്വതമേഖലകളിലും ആൻഡീസ് സാനുക്കളിലും തമ്പടിച്ച ഇവർ കാലക്രമേണ സമതലങ്ങളിലേയ്ക്കും ചേക്കേറി. പനാമയുടെ പസഫിക് തീരത്തും അറ്റ്ലാൻറ്റിക്ക് തീരത്തും നദിക്കരകളിലെ ഘോരവനങ്ങളിലും, ചതുപ്പുകളിലും, കാട്ടുമൃഗങ്ങളെ വേട്ടയാടിയും മത്സ്യം പിടിച്ചും ഇവർ ഉപജീവനം തേടി. പുതുദേശത്തെ നവാഗതർ അവിടുത്തെ അത്യധികമായ മത്സ്യസമ്പത്തു കണ്ട് അത്ഭുതപ്പെട്ടട്ടഹസിച്ച്, "പനാമ" "പനാമ" എന്ന് വിളിച്ചുപറഞ്ഞു. അവരുടെ ഭാഷയിൽ അതിൻറ്റെ അർത്ഥം "അയ്യോ! എന്ത് മീനാണോ" എന്നായിരുന്നു. അങ്ങിനെ അവരുടെ വാസസ്ഥലത്തിനു പനാമ എന്നു പേരായി.

BC 6000: കൃഷിയുടെ ആവിർഭാവം

ഈ കാലഘട്ടത്തിൽ പനാമക്കാർ അൽപ്പാൽപ്പം കൃഷി ചെയ്യുവാൻ പരിശീലിച്ചു. അതോടെ കൃഷിസ്ഥലങ്ങളിൽ അവർ സ്ഥിരവാസമാക്കി. കൃഷിക്കൊപ്പം നായാട്ടിനും മീൻപിടുത്തത്തിനുമായി പനാമക്കാർ അകലങ്ങളിലേയ്ക്കും സഞ്ചരിച്ചു. ആദിമനിവാസികളായ പനാമക്കാരിൽ പല ഗ്രൂപ്പുകളുണ്ടായി. ഇന്ന് പനാമയിൽക്കാണുന്ന എഴ് ആദിവാസി ഗ്രൂപ്പുകൾ ഈ ജനതയുടെ വംശപരമ്പരയാണ്.

AD 1500: കൊളംബസ്സിൻറ്റെ ആഗമനം

സമുദ്രയാനത്തിൽ അതീവതൽപ്പരനായിരുന്ന ഇറ്റാലിയൻ നാവികൻ, ക്രിസ്റ്റഫർ കൊളംബസ്സാണ് സ്പെയിനിലെ രാജകുടുംബത്തിൻറ്റെ അനുഗ്രഹാശിസ്സുകളോടെയും സാമ്പത്തിക സഹായത്തോടെയും പുതുലോകത്ത്‌ സഞ്ചരിച്ച് പനാമ കണ്ടെത്തിയത്. (തുടരും...)

(എം.സി ചാക്കോ മണ്ണാറക്കാട്ടിൽ)



അടുക്കള - പനീർ സ്റ്റ്യൂ

ആവശ്യമായ ചേരുവകൾ:-

1. പനീർ (ചെറിയ ചതുരക്കഷണങ്ങളാക്കിയത്) : 200 ഗ്രാം
2. ഗ്രീൻപീസ് (വേവിച്ചത്) : 1 കപ്പ്‌
3. സവോള (ചതുരക്കഷണങ്ങളായി മുറിച്ചത്) : 3 എണ്ണം
4. പച്ചമുളക് (നെടുകെ പിളർന്നത്) : 3 എണ്ണം
5. വറ്റൽമുളക് : 2 എണ്ണം
6. ഇഞ്ചി അരിഞ്ഞത് : 1 1/2 ടേബിൾ സ്പൂണ്‍
7. കറുവാപ്പട്ട : 1 കഷണം
8. ഗ്രാമ്പു : 4 എണ്ണം
9. ഏലയ്ക്ക : 2 എണ്ണം
10. തേങ്ങാപ്പാൽ : 2 കപ്പ്
11. മൈദാമാവ് : 1/4 കപ്പ്‌
12. എണ്ണ : 1 1/2 ടേബിൾ സ്പൂണ്‍
13. കറിവേപ്പില : 2 തണ്ട്
14. ഉപ്പ് : പാകത്തിന്

തയ്യാറാക്കുന്ന വിധം:-

1. എണ്ണ ചൂടാക്കി പട്ട, ഗ്രാമ്പു, ഏലയ്ക്ക എന്നിവ ചേർത്ത് മൂപ്പിക്കുക.
2. മസാല മൂത്തമണം വന്നുതുടങ്ങുമ്പോൾ സവോള, ഇഞ്ചി, പച്ചമുളക്, വറ്റൽമുളക് എന്നിവ ചേർത്ത്
വഴറ്റുക.
3. ഇത് വാടി നിറം മാറിത്തുടങ്ങുമ്പോൾ മൈദാമാവും ചേർത്ത് ഒരു മിനിറ്റ് വഴറ്റുക.
4. ഇതിലേക്ക് 2 കപ്പ് തേങ്ങാപ്പാലും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
5. തിള വന്നുതുടങ്ങുമ്പോൾ ഗ്രീൻപീസ് വേവിച്ചതും, പനീർ കഷണങ്ങളും, ഉപ്പും ചേർത്ത് ചെറുതീയിൽ 5 മിനിറ്റ് വേവിക്കുക.
6. ചാറ് പാകത്തിനു കുറുകിക്കഴിഞ്ഞാൽ കറിവേപ്പിലയും ചേർത്ത് അടുപ്പിൽനിന്നും മാറ്റുക.

(സോണിയ ജോബി, ഓസ്ട്രിയ)


വെണ്‍ഹിമം (കവിത)

മുറ്റത്തു നിൽക്കുന്നതാം മാമരച്ചില്ലയിൽ നി-
ന്നിറ്റിറ്റു വീണീടുന്ന മഞ്ഞിൻ കണങ്ങൾ കണ്ടാൽ
ഉടയാടയില്ലാത്ത വൻ മരച്ചില്ലക്കേറ്റ
കൊടിയ തണുപ്പിൻറ്റെ ദു:ഖനീരെന്നു തോന്നും.

വാനിൽ നിന്നാരോ വാരി മണ്ണിലേക്കെറിയുന്ന
വെണ്‍ഹിമത്തരികളാൽ ഭൂതലമാകെ മൂടി
ജാലകമറ നീക്കി ദൂരെ ദൃഷ്ടി പായ്ക്കിലോ
പാൽവീതിമണ്ഡലമീ വസുധേ പതിച്ചപോൽ.

പോയ രാത്രിയിൽ പല വണ്ടികൾ നിരയായി
പാതയോരത്തു കണ്ടതെങ്ങുപോയ് മറഞ്ഞിന്ന്!
നിരത്തുമറിയില്ല, നടപ്പാതകൾ പോലും;
ധരയിൽ പതിച്ചതാം ഭീമമാം ഹിമാനിയാൽ.

ജോലിക്കായെത്തീടണ, മവസ്ഥയെന്താകിലും
കാലഭീകരതയെ മാനിക്കില്ലവരൊട്ടും
പലയടുക്കായ് വസ്ത്രം ശീതത്തെച്ചെറുക്കുവാൻ
കാലിലും തലയിലുമണിഞ്ഞു കവചങ്ങൾ.

ബഹിരാകാശചാരിയെന്നു തോന്നുമാറുക്തി
പ്രഹർഷേ വാഹനത്തെ ലക്ഷ്യമായ് നടന്നു ഞാൻ
ഉത്തര ധ്രുവദേശ യാനത്തെ ദ്യോതിപ്പിക്കും
പത്തനപ്പടിവിട്ടെൻ ഗമനമഹോകഷ്ടം.

അരിച്ചുകേറും ശൈത്യം സഹിച്ചു കഷ്ടപ്പെട്ടു
തിരിച്ചെടുത്തെൻ കാറാ ഹിമാസാനുവിൽ നിന്നും
വഴിയിലെൻ ശകടം അനിയന്ത്രിതമായി-
ട്ടിഴഞ്ഞിടിച്ചു നിന്നു മറ്റൊരു വാഹനത്തിൽ.

ന്യായപാലകർ വന്നു, കുറിച്ചു വിവരങ്ങൾ:
മൽ യോഗമെന്നു ചൊല്ലാം, പരുക്കില്ലൊരാൾക്കുമേ;
ജോലിക്കെത്താനായില്ല, ഏകവാഹനവും പോയ്‌ -
പല കഷ്ടനഷ്ടങ്ങൾ വിതച്ചീ ഹിമം ഭൂവിൽ.

(പീറ്റർ നീണ്ടൂർ)



രണ്ടാഴ്ച്ചത്തെ ഒരു കോപ്പിലെ അവധി (കഥ) - 2

ഗ്രാമീണ സൗന്ദ്യര്യം നിറഞ്ഞ ഒരു നാടായിരുന്നു അരുവിക്കര. ഗ്രാമത്തിൻറ്റെ അതിരിലുടെ ഒഴുകുന്ന കിങ്ങിണിയരുവിയാണ് അങ്ങനെ ഒരു പേര് ആ നാടിനു സമ്മാനിച്ചത്‌. നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന നെൽവയലുകൾ അരുവിക്കരയുടെ ഭൂതവും ഭാവിയും നിശ്ചയിച്ചു. അരുവിക്കരക്കാർ കൃഷിക്കാരായിരുന്നു. പാടമായ പാടമെല്ലാം അവർ ഉഴുതു മറിച്ചു, വിത്തെറിഞ്ഞു, കള പറിച്ചു, കൊയ്ത് മെതിച്ചു, പാറ്റിക്കൊഴിച്ചു. പാട്ടം അളന്നെടുത്തു ബാക്കി വന്ന നെല്ലെല്ലാം അവർ കുന്നേരിത്തറവാടിൻറ്റെ നെല്ലറകളിലേക്ക് ചുമന്നു കൊണ്ട് പോയി. കാരണം പാടമായ പാടമെല്ലാം കുന്നേരിത്തറവാടിൻറ്റെ ആയിരുന്നു. അവരുടെ ആരോഗ്യത്തെയും അറിവില്ലായ്മയേയും മുതലെടുത്ത്‌ തടിച്ചുകൊഴുത്ത സമ്പന്നത ആയിരുന്നു കുന്നേരിത്തറവാടിൻറ്റെ മൂലധനം. കുടിയാന്മാരെ സൃഷ്ടിച്ചും സംഹരിച്ചും കുന്നേരിത്തറവാട്ടിലെ അതാതു കാലത്തെ മൂപ്പന്മാർ അരുവിക്കരയെ ഭരിച്ചു.

തലമുറകൾ നീളുന്ന, ചോദ്യം ചെയ്യാനാവാത്ത, ധിക്കാരപൂർണമായ ഒരു ഫ്യൂഡൽ വ്യവസ്ഥിതിയുടെ നീതിപൂർവകമല്ലാത്ത ഒരു വാഴ്ച്ചക്കാലത്തിൻറ്റെ നേർക്കാഴ്ച്ച ആയിരുന്നു കുന്നേരിത്തറവാടും അവിടം ഭരിച്ച മൂപ്പന്മാരും. പിന്നീട് എപ്പോഴോ തോമ്മാശ്ലീഹായുടെ മഹത്വപൂർണമായ പ്രഭാവത്തിന് മുൻപിൽ മാമ്മോദീസാ വെള്ളത്തിനായി മൂപ്പന്മാരിൽ ഒരാൾ തല കുനിച്ചപ്പോൾ മുതൽ അരുവിക്കരയുടെ സ്മരണകളിലേക്ക് മുൾമുടി ധരിച്ച, തോളിൽ കുരിശു ചുമക്കുന്ന നസ്രായക്കാരനായ ചെറുപ്പക്കാരൻ സഹനത്തിൻറ്റെ വിപ്ലവുമായി ഇറങ്ങിവന്നു. കുന്നേരിമൂപ്പൻ അവിടെ പള്ളി പണിതു, പാതിരിയെ കൊണ്ട് വന്നു. പക്ഷെ മുൻകാല ചരിത്രങ്ങൾ ആവർത്തിച്ചതല്ലാതെ നിന്നു പോയില്ല.

ജെറുസലേം ദേവാലയത്തിൽ നിന്നു കച്ചവടക്കാരെ അടിച്ചു പുറത്താക്കിയ ക്ഷുഭിതയൗവനത്തിൻറ്റെ കഥയായിരുന്നില്ല പാതിരി പള്ളിയിൽ പ്രസംഗിച്ചത്, കുന്നേരിത്തറവാടിൻറ്റെ തീൻ മേശയിൽ വിളബിയ കോഴിക്കറിയുടെ പിൻബലത്തിൽ, സർവ്വവും സഹിച്ചു വേദനയോടെ സ്വർഗ്ഗരാജ്യത്തിനുള്ള അവകാശം നേടിയെടുക്കേണ്ടതിൻറ്റെ ആവശ്യകതകൾ ഗ്രാമീണ ജനതയ്ക്ക് മുൻപിൽ തുറന്നിട്ട്‌കൊണ്ട്, കുനിഞ്ഞ അവരുടെ ചുമലുകളെ ഭൂഗുരുത്വാകർഷണത്തിലേക്ക് വീണ്ടും വീണ്ടും അടുപ്പിക്കാനായിരുന്നു ക്രിസ്തുവിനെ പുനർവ്യാഖ്യാനിച്ച റോമാ സാമ്രാജ്യത്തിൻറ്റെ സേവകനായ പാതിരി ശ്രമിച്ചത്‌.

ഫലമോ, അരുവിക്കരയിൽ ജന്മി കുടിയാൻ വ്യവസ്ഥിതി, തടിക്കുരിശിൻറ്റെ ബലത്തിൽ രൂപം കൊണ്ട, സ്നേഹത്തിലധിഷ്ഠിതമായ ഒരു പുത്തൻ ചിന്താധാരയുടെ അടിയൊഴുക്കുകളിൽപ്പോലും തകരാതെ നിന്നു. അങ്ങ് പടിഞ്ഞാറ് ഉത്ഭവിച്ച ചുവപ്പൻ ചിന്തകൾ അരുവിക്കരയിലെത്താൻ കാലം പിന്നെയും ഒരുപാടു കഴിയേണ്ടതുണ്ടായിരുന്നു

അക്കാലത്തു കുന്നേരിത്തറവാടിൻറ്റെ കാരണവർ തൊമ്മിമൂപ്പനായിരുന്നു. തലമുറകളിലൂടോഴുകിയെത്തിയ എല്ലാ ക്രൂരതകളും കാലം അയാളിൽ സൂക്ഷിച്ചിരുന്നു. തൊമ്മിമൂപ്പന് രണ്ടു പെണ്‍മക്കളായിരുന്നു അന്നയും ഏലിയാമ്മയും. പള്ളിയിലെ ഭിത്തിയിൽ വരച്ച മാലാഖയുടെ രൂപമായിരുന്നു അന്നക്ക്. അവളുടെ മുഖകാന്തിയിൽ അരുവിക്കരക്കാർ അത്ഭുതപ്പെട്ടു. പള്ളിയിൽ വരുന്ന അവളെ ഒരു നോക്ക് ദർശിക്കാൻ അവിടുത്തെ പുണ്യാളന്മാർകൂടി കണ്ണ് മിഴിച്ചു. അരുവിക്കരക്കാരുടെ രാത്രികളിൽ, സ്വപ്നങ്ങളിൽ, ജോലികളിൽ, നിശാസ്ഖലനങ്ങളിൽ അന്ന ഉലഞ്ഞു, നനഞ്ഞു, തളിർത്തു.

തൊമ്മിമൂപ്പൻറ്റെ ഉഴവുകാരിൽ ഒരുവനായിരുന്നു കൊച്ചുകുഞ്ഞ്. അദ്ധ്വാനശീലനായ ഒരു കൃഷിക്കാരൻ. തൻറ്റെ പോത്തുകളെയും കൊണ്ട് അതിരാവിലെ കുന്നേരിപാടങ്ങളിലേക്കും, സന്ധ്യക്ക്‌ തിരിച്ചും കൊച്ചുകുഞ്ഞ് നടന്നു. പണിയെടുക്കുക, ഭക്ഷണം കഴിക്കുക, കിടന്നുറങ്ങുക എന്നതിൽക്കവിഞ്ഞ സുഖങ്ങളൊന്നും കൊച്ചുകുഞ്ഞിനു അറിയാമായിരുന്നില്ല, ആഗ്രഹിച്ചിരുന്നുമില്ല. കെട്ടിയവൾ ഉണ്ടാക്കി കൊടുക്കുന്ന ചോറുപൊതിയും ചുമന്നു കൊച്ചുകുഞ്ഞ് തൻറ്റെ പോത്തുകളെയും കൊണ്ട് എന്നും പാടത്തു ഉഴാൻ പോയി, തിരിച്ചു വന്നു.

കൊച്ചുകുഞ്ഞിൻറ്റെ നേർവിപരീതമായിരുന്നു അയാളുടെ മകൻ കുര്യാള. അവൻ ബലിഷ്ഠമായ കൈകാലുകളുള്ള, പൊടിമീശയുള്ള ഒരു ആജാനുബാഹുവായിരുന്നു. കൊച്ചുകുഞ്ഞിൻറ്റെ ആദ്യത്തെയും അവസാനത്തെയും മകനായിരുന്നു കുര്യാള. അവൻറ്റെ രൂപത്തേയും ശോഭയേയും കണ്ടു അസൂയ മൂത്ത നാട്ടുകാർ അവൻറ്റെ ജനനത്തെപ്പറ്റി പല കഥകളും പറഞ്ഞു. കഥകൾ എന്തായാലും കുര്യാള ഒരു അത്ഭുത പിറവി തന്നെ ആയിരുന്നു. അവൻ അപ്പൻറ്റെ കൂടെ പാടത്ത് ഉഴാൻ പോയി. ബലമാർന്ന അവൻറ്റെ കൈകൾക്കു കീഴെ ഇളക്കകാരായ പോത്തുകൾ അടങ്ങി നിന്നു. അവൻറ്റെ ക്ഷോഭപൂർണമായ അലർച്ചകളിൽ അവ പകച്ചു. യാതനാപൂർണമായ അവയുടെ ജീവിതങ്ങൾ അവൻറ്റെ ഉന്മേഷം പകരുന്ന യൗവനസാമീപ്യങ്ങളിൽ തിളങ്ങി. പായുന്ന അവൻറ്റെ കലപ്പയെ തോൽപ്പിക്കാൻ അക്കാലത്തു കുന്നേരിപ്പാടങ്ങളിൽ മറ്റൊരു കലപ്പ ഉണ്ടായിരുന്നില്ല.

കുര്യാളക്ക് വ്യവസ്ഥിതികളോട് വെറുപ്പായിരുന്നു. വിധി പകർന്ന അടിമ ജീവിതത്തോട്‌ പുച്ഛമായിരുന്നു. പരിമിതമായ പ്രൈമറിവിദ്യാഭ്യാസം പകർന്നു തന്ന വായിക്കാനുള്ള അറിവിനെ അവൻ വികസിപ്പിച്ചെടുത്തിരുന്നു. അരണ്ട മണ്ണെണ്ണവിളക്കിൻറ്റെ വെളിച്ചത്തിൽ അവൻ കൈയിൽ കിട്ടിയതെന്തും വായിച്ചു. കടയിൽ നിന്നും മുളക് പൊതിഞ്ഞു കൊണ്ട് വന്ന കടലാസ് കഷണം ആയാലും, ചന്തയിലെ മാടക്കടയിൽ നിന്നു കിട്ടുന്ന പാട്ട്പുസ്തകം ആയാലും അവൻ ആർത്തിയോടെ വായിച്ചു. അറിവുകളോടുള്ള ആസക്തി അവനെ പരിസരങ്ങളെ പഠിക്കാനും എതിർക്കാനും കഴിവുള്ളവനാക്കി മാറ്റി എടുക്കുകയായിരുന്നു. സമീപഗ്രാമങ്ങളിലെ കൂലി എങ്കിലും തങ്ങൾക്കും കിട്ടണം എന്നൊരു തോന്നൽ അവനിൽ ശക്തിപ്പെട്ടത് ഇക്കാരണങ്ങൾ കൊണ്ടാവാം. കാലാകാലങ്ങളിൽ കുന്നേരിപ്പാടങ്ങളിലെ കൂലി നിശ്ചയിച്ചത് കുന്നേരിമൂപ്പനായിരുന്നു. ആദ്യമായി അതിനെതിരെ കുന്നേരിത്തറവാടിൻറ്റെ വിശാലമായ മുറ്റത്തു നിന്നു ശബ്ദിച്ചത് കുര്യാളയായിരുന്നു. അതിൻറ്റെ പ്രതികരണം കടുത്തതുമായിരുന്നു. നെഞ്ചത്ത് ചവിട്ടേറ്റു കുര്യാള കുന്നേരിത്തറവാടിൻറ്റെ വിശാലമായ മുറ്റത്തു മലർന്നടിച്ചു വീണു. “പിടിച്ചു കെട്ടടാ ഈ നായിൻറ്റെ മോനെ” തൊമ്മിമൂപ്പൻറ്റെ അലർച്ച അകത്തെമുറിയിൽ തുണികൾ മടക്കുകയായിരുന്ന അന്നയുടെ ചെവികളിലുമെത്തി. അപ്പൻറ്റെ ക്രൂരതകളിൽ നിശബ്ദമായി പ്രതിഷേധിച്ചിരുന്ന അന്ന പുതിയ ഇര ഏതാണെന്നറിയാൻ പൂമുഖത്തേയ്ക്കു അലച്ചെത്തി……..(തുടരും)

(സിറിയക് കടവിച്ചിറ)




'തോംസണ്‍ വില്ല' അടുത്ത വാരം തീയറ്ററുകളിലേയ്ക്ക്

യുണൈറ്റഡ് മൂവി മേക്കേഴ്‌സ് ഓഫ് യു. എസ്. എ യുടെ ബാനറിൽ 'രാജു തോട്ടത്തിൽ' പ്രൊഡക്ഷൻ ഡിസൈനറും സഹനിർമ്മാതാവുമായ ചലച്ചിത്രം 'തോംസണ്‍ വില്ല' ഫെബ്രുവരി 21-ന് കേരളത്തിലെ തീയറ്ററുകളിലെത്തുന്നു. മാതാപിതാക്കളുടെ മരണം മൂലം അനാഥരാകേണ്ടി വന്ന 'ആകാശദൂതിൻറ്റെ' കഥ പറഞ്ഞ ഡെന്നിസ് ജോസഫ്‌-ൻറ്റെ മറ്റൊരു ശക്തമായ തിരക്കഥ ആണ് 'തോംസണ്‍ വില്ല'. കോടീശ്വരരായ മാതാപിതാക്കളുണ്ടായിട്ടും അനാഥനായി വളരേണ്ടി വന്ന ചെറു ബാല്യത്തിൻറ്റെ കഥ ആണ് 'തോംസണ്‍ വില്ല' പറയുന്നത്.

ഈ വര്‍ഷത്തെ നവാഗത സംവിധായകനുള്ള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്‌ നേടിയ അബിന്‍ ജേക്കബ് സംവിധാനം ചെയ്യുന്ന 'തോംസണ്‍ വില്ല' യില്‍ 'ലിവിംഗ് ടുഗെദർ' - ലൂടെ' അരങ്ങേറ്റം കുറിച്ച ഹേമന്ദാണ് നായകന്‍. നായികാ പ്രാധാന്യമുള്ള ചിത്രമാണ് 'തോംസണ്‍ വില്ല'. 'ജിലു' എന്ന ബി. സി. എ വിദ്യാര്‍ഥിനിയായി അനന്യ അഭിനയിക്കുന്നു. സംവിധായകന്‍ അബിന്‍ ജേക്കബ്ബ് പുതുമുഖമാണ്. പ്രമുഖ സംവിധായകര്‍ക്കൊപ്പം പ്രവത്തിച്ച അബിന്‍ ജേക്കബ്ബിന് വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത് ഡെന്നീസ് ജോസഫാണ്. ഭൂതകാലത്തില്‍ ഒട്ടേറെ സൂപ്പര്‍ഹിറ്റുകള്‍ക്ക് തിരക്കഥയൊരുക്കിയ ഡെന്നീസ് ജോസഫിൻറ്റെ തിരിച്ചുവരവു കൂടിയാണ് തോസണ്‍ വില്ല.

പിതാവിൻറ്റെ ബിസിനസ് സാമ്രാജ്യം തകരുന്നതോടെ ഒരു പെണ്‍കുട്ടിയുടെ ജീവിതത്തില്‍ സംഭവിക്കുന്ന പ്രശ്‌നങ്ങളാണ് സിനിമയുടെ പശ്ചാത്തലം. ലെന, ഇന്നസെൻറ്റ്, നന്ദു, പത്മകുമാർ, ഗീതാവിജയന്‍ തുടങ്ങിയവരാണ് തോംസണ്‍ വില്ലയിലെ മറ്റ് അഭിനേതാക്കള്‍. ഓ. എൻ. ‍വിയും എസ്. പി വെങ്കിടേഷും ചേര്‍ന്നാണ് പാട്ടുകളൊരുക്കിയിരിക്കുന്നത്. ക്യാമറ സന്തോഷ്. കെ. ലാല്‍. യുണൈറ്റഡ് മൂവി മേക്കേഴ്‌സ് ഓഫ് യു. എസ്. എ നിര്‍മ്മിയ്ക്കുന്ന ചിത്രം കൊച്ചി, കോട്ടയം, വാഗമണ്ണ് എന്നിവിടങ്ങളിലായാണ് ചിത്രീകരിച്ചത്.

വർഷങ്ങളായി ചലച്ചിത്രരംഗത്ത് സജീവമായുള്ള 'രാജു തോട്ടത്തിൽ' സംവിധാനം നിർവഹിച്ച മുൻ ചിത്രങ്ങളാണ് സായികുമാർ നായകനായ 'അവസ്ഥ' (2006), ജഗതി ശ്രീകുമാർ, ഗിന്നസ് പക്രു എന്നിവർ അഭിനയിച്ച 'കുഞ്ഞേട്ടൻ' (2012). സ്റ്റാർ സിംഗർ യു. എസ്. എ 2010 - 2011 സീസണിലെ വിജയി കൂടിയാണ് 'രാജു തോട്ടത്തിൽ'.

Asianet interview with producers
--------------------------------

http://www.youtube.com/watch?v=hopsnOJ4cg8

'Thomson Villa' official trailer
---------------------------------

http://www.youtube.com/watch?v=X3VnltzG5z0

Making of movie - 'Thomson Villa'
---------------------------------

http://www.youtube.com/watch?v=-xrHilF8cBU

USA Star Singer 2010 - 2011
---------------------------

http://www.youtube.com/watch?v=RSnztEviw1s

http://www.youtube.com/watch?v=YOaBAKcq3Hc


നീണ്ടൂർ ഗ്രാമവും സിനിമയും - ഭാഗം 4

സിനിമാ ആസ്വാദനത്തിന് ചില നേരങ്ങളിൽ 'വൈദ്യുതി തടസ്സം' ഒരു വലിയ വെല്ലുവിളി സൃഷ്ടിച്ച കാലമായിരുന്നു അത്. ജനറേറ്ററുകൾ അവിടെയും ഇവിടെയും ഉള്ള അത്യാവശ്യ ഇടങ്ങളിലും, ഇൻവേർട്ടറുകൾ സ്കൂൾ ശാസ്ത്ര പുസ്തകങ്ങളിലെ പുത്തൻ വാഗ്ദാനങ്ങളായും അവശേഷിച്ചിരുന്ന കാലം. ഒരു ചെറിയ ചാറ്റൽ മഴ വീണാലോ, ശക്തിയായ കാറ്റടിച്ചാലോ വൈദ്യുതി പോകുന്ന കാലം.

ജിജോ ടാക്കീസിൽ സിനിമ തുടങ്ങും മുൻപേ ഉള്ള 'സ്ലൈഡ്' നിർദ്ദേശങ്ങളിൽ പ്രത്യേകം പരാമർശിച്ചിരുന്ന ഒന്നുണ്ട്. 'ഇടവേളയ്ക്കു ശേഷം വൈദ്യുതി തകരാറോ, മെഷീൻ തകരാറോ മൂലം പ്രദർശനം തടസ്സപ്പെട്ടാൽ പണം തിരികെ നൽകുന്നതല്ല'. എന്തായാലും മാനേജ്മെൻറ്റിൻറ്റെ കാര്യക്ഷമതയാൽ മെഷീൻ തകരാർ വന്നതായി അറിവില്ല. പക്ഷേ, വൈദ്യുതി തടസ്സം ചുരുക്കം ചില നേരങ്ങളിലാണെങ്കിൽ കൂടിയും, അത് കുറച്ചൊന്നുമല്ല 'ജിജോ' പ്രേക്ഷകരെ അലട്ടിയിരുന്നത്. ഈ നേരത്ത് കൂക്കുവിളികളും, തെറിവിളികളും ആയിരിക്കും ടാക്കീസിനുള്ളിൽ നിന്നും ഉയർന്നു കേൾക്കുക. കുറച്ചുനേരത്തെ കാത്തിരിപ്പിനു ശേഷം ബുള്ളറ്റുമെടുത്തു ഇലക്ട്രിസിറ്റി ഓഫീസിലേയ്ക്ക് കുതിക്കുന്ന മാനേജ്മെൻറ്റിൻറ്റെ വ്യക്താവ് തിരികെ വരുന്നതും കാത്ത് ഒരൊറ്റ ഇരിപ്പാണ് നമ്മുടെ പ്രേക്ഷകർ.

ഇത്തരം ഇടനേരങ്ങളിൽ ടാക്കീസിനുള്ളിൽ ഒരു പുതിയ ലോകം തന്നെ സൃഷ്ടിക്കപ്പെട്ടിരുന്നു. പൊട്ടിച്ചിരികളുടെയും, അട്ടഹാസങ്ങളുടെയും, നാട്ടുവിശേഷങ്ങളുടെയും, സൊറപറച്ചിലിൻറ്റെയും, വിതയ്ക്കലിൻറ്റെയും, വിളവെടുപ്പിൻറ്റെയും ഒക്കെ നിറം കലർത്തിയ ചായക്കൂട്ടുകൾ സിനിമയുടെ ഈസ്റ്റ്മാൻ കളറിനെപ്പോലും അതിശയിപ്പിച്ചിരുന്നു. ആ നിറക്കൂട്ടിൽ സെക്കൻറ്റുകളായും, മിനിറ്റുകളായും, മണിക്കൂറുകളായും നേരം കടന്നുപോകുമ്പോൾ വൈദ്യുതിയുടെ വരവിനായി പ്രേക്ഷകർ കാത്തിരുന്നത് 2-3 മണിക്കൂറുകളായിരിക്കും. വൈദ്യുതി വന്നാൽ പടം തുടരും, അല്ലെങ്കിൽ കുറേനേരം കൂടി കാത്തിരുന്ന് അവസാനം ഔട്ട്പാസ് വാങ്ങി പിറ്റേദിവസത്തേയ്ക്കുള്ള പ്രദർശനത്തിനായുള്ള കാത്തിരിപ്പ് ആരംഭിക്കാം. നേരത്തോടു നേരം നോക്കിയുള്ള വല്ലാത്തൊരു കാത്തിരുപ്പ്. (തുടരും..)

(മനോജ് തൈക്കൂട്ടത്തിൽ)



രണ്ടാഴ്ച്ചത്തെ ഒരു കോപ്പിലെ അവധി (കഥ)

കേരളീയ ഗട്ടറുകളിലൂടെ ആടിയുലഞ്ഞു കാർ മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു. തലേന്ന് പെയ്ത മഴയിൽ റോഡിലെ കുഴികളിലെല്ലാം ചെളിവെള്ളം നിറഞ്ഞു കിടന്നിരുന്നു.

“അരകിലോമീറ്റരെയുള്ളൂ, അത് കഴിഞ്ഞാൽ നല്ല സൂപ്പർ വഴിയാ ചേട്ടാ“ ഡ്രൈവർ പറഞ്ഞു.

ഞാൻ പുറത്തേയ്ക്ക് നോക്കിയിരുന്നു. ആകെപ്പാടെ രണ്ടാഴ്ച്ചത്തെ അവധിയെ ഉണ്ടായിരുന്നുള്ളു. അത്യാവശ്യം കാണേണ്ട ബന്ധുക്കളെയൊക്കെ സന്ദർശിച്ചു കഴിഞ്ഞപ്പോഴെയ്ക്കും ഒരാഴ്ച്ച ഒലിച്ചുപോയിക്കഴിഞ്ഞിരിക്കുന്നു. ഇനിയുള്ള ഒരാഴ്ച്ച കൊണ്ട് എന്തെല്ലാം കാര്യങ്ങൾ നടക്കണം. അതിനിടയിലാണ് അറിയാത്ത വീട് തിരക്കി ഈയൊരു യാത്ര. ഒഴിവാക്കാൻ പറ്റാത്താതു കാരണം മാത്രം ഇറങ്ങിത്തിരിച്ചതാണ്. അങ്ങ് യുകെയിലെ ജീവിതത്തിലെ ഏറ്റവുമടുത്ത കൂട്ടുകാരൻറ്റെ വീട് തേടിയുള്ള ഈ യാത്ര. അവൻ പറഞ്ഞിരുന്നു. “എടാ സമയം ഉണ്ടെങ്കിൽ മാത്രം പോയാൽ മതി. ഞാൻ നിർബന്ധിക്കുന്നില്ല”

അവനങ്ങനെയാണ്. അവിടെ ചെന്ന ആദ്യനാളുകൾ മുതൽ എല്ലാക്കാര്യത്തിനും സഹായവും തണലുമായി നിൽക്കുന്ന ആളാണ്. പക്ഷെ അവൻറ്റെ ഒരു കാര്യത്തിലും അവൻ ഒന്നും ആവശ്യപ്പെടാറില്ല. തിരിച്ചു കിട്ടില്ല എന്ന് ഉറപ്പുള്ള ഉപകാരങ്ങൾ വളരെ അപൂർവ്വമായ ഒരു നാടാണല്ലോ അത്. അങ്ങനെയുള്ള ഒരു നാട്ടിൽ അവനെപ്പോലെയുള്ളവർ അപൂർവ്വമാണല്ലോ. അതുകൊണ്ടുതന്നെ അവൻറ്റെ വീട്ടിൽ പോവണമെന്ന വാശി എനിക്കായിരുന്നു അവനെക്കാൾ കൂടുതൽ.

ഡ്രൈവർ പറഞ്ഞ അരകിലോമീറ്റർ കഴിഞ്ഞെന്നു തോന്നുന്നു. വണ്ടി ഇപ്പോൾ സാമാന്യം സ്പീഡിലാണ്. റോഡിൻറ്റെ സ്വഭാവവും മാറിക്കഴിഞ്ഞു. എത്ര ദുരിതപൂർണമാണ്, എങ്കിലും ഓരോ പ്രവാസിയുടെയും മനസിലെ കുളിർമ്മയും പ്രതീക്ഷയുമാണല്ലോ കേരളീയജീവിതം എന്നു ഞാനോർത്തു. എന്തുമാത്രം സുഖസൗകര്യങ്ങളിൽ ജീവിച്ചാലും, എന്തെല്ലാം ജീവിതസൗഭാഗ്യങ്ങൾ അനുഭവിക്കാൻ അന്യനാടുകളിൽ അവസരങ്ങളുണ്ടായാലും അവൻറ്റെ മനസ്സിൽ കേരളവും അവിടുത്തെ ജീവിതവും തന്നെയാവും എന്നും കുളിര് പകരുന്ന ഓർമ്മ.

ഒത്തിരി അന്വേഷിച്ചു അലയേണ്ടി വന്നില്ല. അവൻ പറഞ്ഞുതന്ന വഴികളിലൂടെ, ഒന്നോ രണ്ടോ പേരോട് മാത്രം തിരക്കിയറിഞ്ഞു ഞങ്ങൾ ലക്ഷ്യസ്ഥാനത്തെത്തി. വലിയ ഒരു പുരയിടത്തിൽ പ്രൌഡഘംഭീരമായ ഒരു വീട്. പുരയിടത്തിലാകെ വലിയ ജാതിമരങ്ങൾ നിറഞ്ഞു നില്ക്കുന്നു. വലിയ മുറ്റം. പൂച്ചെടികൾ അതിനകമ്പടി ചാർത്തുന്നു. രണ്ടു മൂന്നു കാറുകൾ അവിടെയും ഇവിടെയും പാർക്ക് ചെയ്തിട്ടുണ്ട്. സമ്പന്നതയുടെയും ആഭിജാത്യത്തിൻറ്റെയും ലക്ഷണങ്ങൾ എങ്ങും പ്രകടമാണ്. ഞാൻ തണുപ്പുറയുന്ന ഇംഗ്ളണ്ടിലെ എൻറ്റെ കൂട്ടുകാരൻറ്റെ വിഷമം പിടിച്ച ജീവിതത്തിലേയ്ക്ക് ഒരു നിമിഷം തിരിഞ്ഞുനോക്കി. കുട്ടികളെ സ്കൂളിൽ കൊണ്ടുപോണം, കൊണ്ട് വരണം. ഡ്യുട്ടിക്കു പോവണം, കടയിൽ പോവണം. എന്തെല്ലാം കഷ്ടപ്പാടുകൾ. ഇവിടെ നാട്ടിൽ ഇത്രയധികം സൗകര്യമുള്ള ഇവനിതിൻറ്റെ വല്ല കാര്യവുമുണ്ടോ? ആർക്കറിയാം കാണുമായിരിക്കും.

സ്വീകരണം ഉജ്ജലമായിരുന്നു. വളരെ പ്രായം ചെന്ന, എന്നാൽ നല്ല ആരോഗ്യമുള്ള ആ അപ്പനും അമ്മയും സ്നേഹം നിറഞ്ഞവരായിരുന്നു. അവൻറ്റെ അപ്പനെ ഒന്നു കാണേണ്ടത് തന്നെ. വലിയ ഒരു മനുഷ്യൻ. തിളങ്ങുന്ന കണ്ണുകൾ. അദേഹത്തിൻറ്റെ വലിയ ചിരികൾ ആ വീടിനെ തന്നെ പിടിച്ചു കുലുക്കുന്നുണ്ടെന്ന് എനിക്ക് തോന്നി. അമ്മയെ കണ്ടപ്പോൾ പെട്ടെന്ന് ഓർത്തത്‌ ജപമാല നമസ്കാരത്തിലെ ഒരു പ്രാർത്ഥനയാണ്‌ "എലീശാ പുണ്യവതിയെ ചെന്ന് കണ്ടപ്പോൾ ആ പുണ്യവതിക്ക് സർവ്വേശ്വരൻ ചെയ്ത കരുണയെ കണ്ടു" മനസ്സിൽ അമ്മച്ചി പറഞ്ഞു തന്ന എലീശാ പുണ്യവതിയുടെ ലക്ഷണങ്ങൾ ഒത്തു വരുന്ന ഐശ്യര്യമുള്ള ഒരമ്മ.

കുട്ടുകാരൻറ്റെ ആകർഷണിയമായ വ്യക്തിത്വത്തിൻറ്റെ രഹസ്യം ആ നിമിഷം ഞാൻ തിരിച്ചറിഞ്ഞു. നല്ല അപ്പനും അമ്മയ്ക്കും പിറക്കണം എന്ന പഴമൊഴി എൻറ്റെ മനസിലേയ്ക്ക് കടന്നു വന്നു. ഈ അപ്പനും അമ്മയ്ക്കും ഉണ്ടായ മക്കൾ നല്ലവരായില്ലെങ്കിലെ അതിശയിയ്ക്കെണ്ടതുള്ളൂ. കുട്ടുകാരൻ തന്നു വിട്ട പൊതി അവരെ ഏല്പിച്ചു. സ്വീകരണ മുറിയിലെ ഊഷ്മളതയിൽ ഞങ്ങൾ സംസാരിച്ചു. യു. കെ ജീവിതത്തിൻറ്റെ കാഴ്ചകൾ, ഫലിതങ്ങൾ അങ്ങനെ സംസാരം നീണ്ടു. അതിനിടെ ഡ്രൈവർ വണ്ടിക്കു എന്തോ മിസ്സിംഗ്‌ ഉണ്ടെന്നു പറഞ്ഞു വന്നു. കുട്ടുകാരൻറ്റെ അപ്പൻ അടുത്തുള്ള വർക്ക്‌ ഷോപ്പിൽ വിളിച്ചു. വണ്ടിയുമായി ഡ്രൈവർ ഇപ്പം വരാം എന്ന് പറഞ്ഞു പോയി. ഡ്രൈവർ തിരിച്ചു വന്നാൽ ഉടനെ പോകാൻ റെഡിയായി ഞാനും ഇരുന്നു.

അതിനിടയിലാണ് സ്വീകരണ മുറിയിലെ ഭിത്തിയിൽ തൂക്കിയിരുന്ന ഒന്നിൽ എൻറ്റെ ശ്രദ്ധ പതിഞ്ഞത്. അതെൻറ്റെ ജിജ്ഞാസയെ തട്ടിയുണർത്തി. ഒരു നാടൻ പോത്തിൻറ്റെ സ്റ്റഫ് ചെയ്ത തലയായിരുന്നു അത്. കാട്ടുപോത്തിൻറ്റെയും കലമാനിൻറ്റെയും ഒക്കെ തലകൾ സ്റ്റഫ് ചെയ്തു പലയിടത്തും കണ്ടിട്ടുണ്ട്, പക്ഷെ ഇങ്ങനെ ഒരെണ്ണം ആദ്യമായാണ് കാണുന്നത്. എൻറ്റെ മുഖത്തെ ചോദ്യഭാവം വായിച്ചറിഞ്ഞ ആ വലിയ മനുഷ്യൻ കുലുങ്ങി ചിരിച്ചു. ആ മനുഷ്യൻറ്റെ ഒരു ആത്മാർത്ഥ സുഹൃത്തിൻറ്റെ സ്മരണയ്ക്കാണ് അതവിടെ തൂക്കിയിരിക്കുന്നതെന്ന് ആ വലിയ മനുഷ്യൻ പറഞ്ഞു. എൻറ്റെ ചോദ്യങ്ങളെ ആ ഉത്തരം തൃപ്തിപ്പെടുത്തിയില്ല എന്ന് മനസിലായത് കൊണ്ടാവണം അദ്ദേഹം വർഷങ്ങളുടെ പിന്നിലേക്കു എന്നെയും കൂട്ടി യാത്രയായത്. അദേഹത്തിൻറ്റെ മുഴക്കമുള്ള വാക്കുകളിൽ തെളിഞ്ഞു വന്ന ചിത്രങ്ങൾക്ക് കണ്ണുനീരിൻറ്റെ നനവുണ്ടായിരുന്നു, ജീവിതത്തോടുള്ള ആസക്തികളുണ്ടായിരുന്നു, സ്നേഹത്തിൻറ്റെ തീവ്രതകളുണ്ടായിരുന്നു, പ്രേമത്തിൻറ്റെ മുറിവുകളുണ്ടായിരുന്നു, താൻപോരിമകളുടെയും ചങ്കുറപ്പിൻറ്റെയും കാല്പ്പാടുകളുണ്ടായിരുന്നു.

പുറത്തു മഴ പെയ്യാൻ തുടങ്ങിയിരുന്നു അപ്പോഴേക്കും………….. (തുടരും)

(സിറിയക് കടവിച്ചിറ)




പുതിയ സിനിമ - ദൃശ്യം

ക്രിസ്മസ് റിലീസ് ആയി വന്ന മോഹൻലാൽ ചിത്രം 'ദൃശ്യം' ഉന്നതനിലവാരം പുലർത്തിയിരിക്കുന്നു എന്ന് നിസ്സംശയം പറയാം. മമ്മി & മി, മൈ ബോസ്, മെമ്മറീസ് തുടങ്ങിയ ഹിറ്റ്‌ ചിത്രങ്ങളിലൂടെ തിളങ്ങിയ യുവ സംവിധായകൻ ജീത്തു ജോസഫ്‌-ൻറ്റെ ഈ കലാസൃഷ്ടി, മോഹൻലാലിൻറ്റെ മാനറിസങ്ങളെപ്പോലും അതിശയിപ്പിക്കുമാറ്, പുതുമയിലും അവതരണത്തിലും, ക്ലൈമാക്സിൽ പോലും വ്യത്യസ്തത പുലർത്തിയിരിക്കുന്നു. ഒരു സാധാരണ കുടുംബ കഥയെ, അസാധാരണ രീതിയിലൂടെ വരച്ചുകാട്ടി, ഉടനീളം പ്രേക്ഷകനെ മുൾമുനയിൽ നിർത്തി കയ്യടി നേടിയെടുക്കാൻ കഴിഞ്ഞു-അതാണ്‌ ഈ ചിത്രത്തിൻറ്റെ വിജയം.

കുടുംബ ജീവിതത്തിൻറ്റെ കഥ പറയുന്ന ചിത്രം എല്ലാമലയാളി കുടുംബങ്ങൾക്കും ഇഷ്ടമാകുമെന്നുറപ്പാണ്. ഇടുക്കി ജില്ലയിലെ രാജാക്കാട് ഗ്രാമത്തിലെ പ്രാദേശിക കേബിൾ ടി. വി ഓപ്പറേറ്ററായ ജോർജ്കുട്ടി (മോഹൻലാൽ), ഭാര്യ റാണി (മീന), പെണ്‍മക്കൾ അഞ്ജു, അനു (അൻസിബ ഹസ്സൻ, ബേബി എസ്തേർ) എന്നിവരുടെ സന്തോഷകരമായ കുടുംബജീവിതത്തിലേയ്ക്ക് നിനച്ചിരിക്കാതെ ഒരു ദുരന്തം കടന്നുവരുന്നു. അഞ്ജു എന്ന കൗമാരക്കാരിയ്ക്ക് പറ്റുന്ന കയ്യബദ്ധം ഒരു ചെറുപ്പക്കാരൻറ്റെ കൊലപാതകത്തിൽ കലാശിക്കുന്നതും അതിൽനിന്നും നിന്നും രക്ഷപെടാൻ ഇവർ നടത്തുന്ന സംഭവബഹുലമായ ശ്രമങ്ങളുമാണ് ഈ ചിത്രത്തിൻറ്റെ പ്രമേയം. ക്ലൈമാക്സ് അപ്രതീക്ഷിതവും കൂടുതൽ മിഴിവേകുന്നതും ആണ് എന്ന് പറയാതിരിക്കാൻ വയ്യ.

നാലാം ക്ലാസ്സ്‌ മാത്രം വിദ്യാഭ്യാസമുള്ള, മൊബൈൽ ഫോണ്‍ ഉപയോഗിക്കാത്ത, പത്രം വായിക്കാത്ത ജോർജ്കുട്ടിയെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത് ചലച്ചിത്രങ്ങളും അതിലെ ദൃശ്യങ്ങളുമാണ്. 'മെമ്മറീസ്' എന്ന ചിത്രത്തിലെപ്പോലെതന്നെ ആദ്യ പകുതിയിൽ സാവധാനം തുടങ്ങുകയും എന്നാൽ രണ്ടാം പകുതിയിൽ ചിത്രത്തിൽ നിന്ന് കണ്ണെടുക്കാനാവാത്ത വിധം വൈകാരിത തീവ്രതയിലേയ്ക്ക് കൊണ്ടെത്തിക്കുകയുമാണ് രണ്ടേമുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള ഈ ചിത്രം.

വിവാഹത്തിനു ശേഷമുള്ള രണ്ടാം വരവിൽ മീനയും മികച്ച അഭിനയമാണ് കാഴ്ച വച്ചിരിക്കുന്നത്. 'കുങ്കുമപ്പൂവ്' എന്ന എഷ്യാനെറ്റ് സീരിയലിലൂടെ പ്രശസ്തയായ 'ആശാ ശരത്' -ൻറ്റെ പോലീസ് ഐ. ജി വേഷം ഗംഭീരമായി. ചിത്രത്തിൽ വളരെ നല്ല അഭിനയമാണ് ആശയുടെ 'ഗീതാ പ്രഭാകർ' കാഴ്ച്ച വച്ചിരിക്കുന്നത്. ഗീതയുടെ ഭർത്താവ് പ്രഭാകറായി സിദ്ദിഖും വേഷമിടുന്നു. സഹദേവൻ എന്ന മുഴുനീള പോലീസ് വില്ലൻ കഥാപാത്രമായി കലാഭവൻ ഷാജോണും തിളങ്ങി. ആശീർവാദ് സിനിമ പ്രോഡക്ഷൻസിൻറ്റെ ബാനറിൽ ആൻറ്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. കേരളത്തിൽ മാത്രമല്ല, 'ദൃശ്യം' റിലീസ് ചെയ്ത വിദേശരാജ്യങ്ങളിലടക്കം ചിത്രത്തിന് അഭൂതപൂർവ്വമായ വരവേൽപ്പാണ് ലഭിക്കുന്നത്. ഒരു സംശയവും വേണ്ട, ഈ സിനിമ കാണാൻ പറ്റിയില്ലെങ്ങിൽ അതൊരു നഷ്ടം തന്നെയാണ്. തീർച്ച!



അടുക്കള - വറുത്തരച്ച താറാവ് കറി

ആവശ്യമായ ചേരുവകൾ:-

1. താറാവ് ഇറച്ചി : 1/2 കിലോ (ചെറിയ കഷണങ്ങളാക്കിയത്)
2. സവോള: 3 എണ്ണം
3. പച്ചമുളക് : 5 എണ്ണം
4. ഇഞ്ചി : ഒരു ചെറിയ കഷണം
5. വെളുത്തുള്ളി : 4 വലിയ അല്ലി
6. തക്കാളി : 3 എണ്ണം
7. മല്ലിപ്പൊടി : 2 ടേബിൾ സ്പൂണ്‍
8. കുരുമുളക് പൊടി : 2 ടേബിൾ സ്പൂണ്‍
9. മഞ്ഞൾപ്പൊടി : 1 ടേബിൾ സ്പൂണ്‍
10. ഗരം മസാല : 1 ടീ സ്പൂണ്‍
11. പെരുംജീരകം : 1 ടീ സ്പൂണ്‍
12. കറിവേപ്പില : 1 തണ്ട്
13. തേങ്ങ ചിരവിയത് : 1 കപ്പ്
14. ഉപ്പ്, വെളിച്ചെണ്ണ പാകത്തിന്


തയ്യാറാക്കുന്ന വിധം:-

താറാവിറച്ചി, ചെറുതായരിഞ്ഞ സവോളയും പച്ചമുളകും മഞ്ഞൾപ്പൊടിയും ചേർത്ത് വേവിക്കുക. നന്നായി വറുത്തെടുത്ത തേങ്ങയിലേയ്ക്ക് മല്ലിപ്പൊടി ചേർത്ത് അരച്ചെടുക്കുക. ഇനി ഒരു പാത്രത്തിൽ വെളിച്ചെണ്ണയൊഴിച്ച് ചൂടാക്കി, ഇതിലേയ്ക്ക് ചെറുതായരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി, കുരുമുളക് പൊടി, ഗരം മസാല, പെരുംജീരകം, കറിവേപ്പില എന്നിവ ചേർത്ത് മൂപ്പിക്കുക. ഇതിലേയ്ക്ക് വേവിച്ച ഇറച്ചിയും, അരച്ചെടുത്ത തേങ്ങയും, അരിഞ്ഞു വച്ച തക്കാളിയും പാകത്തിന് ഉപ്പും ചേർത്തിളക്കുക. അഞ്ച് മിനിറ്റ് ചെറുതീയിൽ വച്ച് വേവിച്ച് ചൂടോടെ വിളമ്പാം.

(ജോമോൾ ജോബി, യു. കെ)

വക്തവ്യം (കവിത)

മുന്നൂറ്ററുപത്തിയഞ്ചു ദിനങ്ങൾ കടന്നു പോകെ,
മറ്റൊരു പുതുവത്സരം പിറന്നീടുന്നു!
മറവിയോ മാനവൻറ്റെ ജന്മവാസനയാണല്ലോ,
മനുജൻ മറക്കുന്നു 'സ്വ' സംസ്കാരം പോലും!

അപരൻറ്റെ അദ്ധ്വാനത്തിൻഫലം സ്വന്തമേന്മയാക്കാൻ
അധമന്മാർ ശ്രമിക്കുന്നു അവിരാമമായ്!
അദ്ധ്വാനമില്ലാത്ത ധനത്തിനുടമയായ് മാറുവാൻ,
ആഗോളപ്രയാണം ചെയ്യും മനുജനിന്നും!!

സമ്പത്തിൻറ്റെ പിമ്പേ പായും മാനവനോ തൻറ്റെസ്വന്തം...
സാഹോദര്യബന്ധം പോലും മറന്നീടുന്നു!!
സാഹചര്യങ്ങളെയവൻ പഴിച്ചീടുമെന്നുമെന്നും,
സ്വാർത്ഥതയെന്നൊരിക്കലും സമ്മതിക്കില്ല!

വിശേഷ ബുദ്ധിജീവിയായ് സൃഷ്ടിച്ചവൻ മനുജനെ,
വിശ്വാസത്തിന്നടിത്തറ പാകീടുവാനായ്!
വർണ്ണവർഗ്ഗ വിദ്വേഷത്തിലധിഷ്ഠിതമായഭൂവിൽ
വർഗ്ഗസമരങ്ങൾ നിത്യം വളർന്നീടുന്നു!

മതത്തിൻറ്റെ പേര് ചൊല്ലി വൈരുദ്ധ്യങ്ങൾ പടയ്ക്കുന്നു,
മതമകുടങ്ങൾപോലും തകർത്തീടുന്നു!
മനുജൻ മയങ്ങും മരുന്നാണ് മതമെന്ന സത്യം,
മനുജാ നിന്നകതാരിൽ കാത്തുകൊള്ളുക!

രാഷ്ട്രീയത്തിൻ കരാളത്വം നൃത്തമാടും ഭാരതമാം...
രാഷ്ട്രത്തിൻറ്റെ കന്യകാത്വം പിച്ചിച്ചീന്തുന്നു!!
രാവിൽ ലഭ്യമായ രാജ്യ സ്വാതന്ത്ര്യത്തെക്കൊലചെയ്തു
രാവിൻ മുമ്പേ കലിതുള്ളും രാജ്യപാലകർ!

ഈവിധം ഗമിച്ചീടിലോ വിദൂരമല്ലാ ഭാവിയിൽ
ഇന്ത്യക്കിടമില്ലാതാകും ഭൂപടങ്ങളിൽ!
ഇത്ര രൂക്ഷഭിന്നതയ്ക്കു ഹെതുവേന്തേ...? ചിന്തിച്ചീടു...!
ഇന്ത്യൻനെഞ്ചിൽ ഗാന്ധിതൻറ്റെ രക്തംവാർന്നതോ...?

(പീറ്റർ നീണ്ടൂർ)




യാത്രാ വിവരണം: പനാമ-പെറു-മച്ചുപിച്ചു യാത്ര - ഭാഗം 3

പഴയ പനാമ നഗരം (Panama Viejo)

സ്പാനിഷ്‌ ഗവർണർ, പെദ്രോസ് ദി ആവില (Pedros de Avila) 1519-ൽ സ്ഥാപിച്ച പനാമ നഗരമാണ് പനാമ വിയേഹോ എന്ന് അറിയപ്പെടുന്നത്. ഇംഗ്ലീഷ് കടൽക്കൊള്ളക്കാരൻ സർ ഹെൻട്രി മോർഗൻ 1671-ൽ ആയിരത്തി ഇരുനൂറ് അനുയായികളുമായി വന്ന് ആ നഗരത്തെ ആപാദചൂഡം തകർത്തു. ഓഫീസുകൾ, പാർപ്പിടങ്ങൾ, പള്ളികൾ, സ്കൂളുകൾ എന്നുവേണ്ട, കണ്ണിൽ കണ്ടതെല്ലാം അവർ തല്ലിത്തകർത്തു. സ്പെയിൻകാർ പണിതീർത്ത പനാമ സെൻറ്റ് ജോസഫ്‌ കത്തീഡ്രലും ഇംഗ്ലീഷ് കൊള്ളക്കാർ നിലംപരിശാക്കി. സ്വർണ്ണനിർമ്മിതമായിരുന്ന അൾത്താരയെ കൊള്ളക്കാരിൽനിന്നും രക്ഷിക്കുവാൻ ഇടവക വികാരി അൾത്താരയിൽ കറുത്തെണ്ണ പൂശി. അങ്ങനെ മറച്ചതുകൊണ്ട് സ്വർണ്ണ അൾത്താര രക്ഷപെട്ടു. ഇന്നു നമ്മൾ നോക്കുമ്പോൾ ടാപ്പിംഗ് നിർത്തി, കമ്പുകൾ വെട്ടിമാറ്റിയ റബ്ബർമരങ്ങൾപോലെ കാണാം മേൽക്കൂരയില്ലാത്ത ഭവനങ്ങളുടെ കൽഭിത്തികൾ. മർമ്മഭേദകമായൊരു കാഴ്ച. എല്ലാം പുതുക്കിപ്പണിയുവാൻ തുടങ്ങിയിട്ടുണ്ട്. കത്തീഡ്രലിൻറ്റെ പുനർനിർമ്മാണം ഏകദേശം പൂർത്തിയായി. അനേകം തൊഴിലാളികൾ പണിയെടുക്കുന്നത് കണ്ടു. ഞങ്ങൾ അവരുടെ ഫോട്ടോ എടുക്കുമ്പോൾ അവർ ആവേശത്തോടെ നിന്നുതന്നു. ഡ്രൈവർ ലോപ്പസിനു പുറമേ നിർമ്മാണത്തൊഴിലാളികളും വിവരങ്ങൾ പറഞ്ഞുതന്നു. കാസ്കോ വിയേഹോ (പഴയ കോമ്പൗണ്ട്) എന്ന് കൂടി ഈ ടൂറിസ്റ്റ് കേന്ദ്രത്തിന് പേരുണ്ട്. ഒരു മ്യൂസിയവും റസ്റ്റോറൻറ്റും പോസ്റ്റൽ സൗകര്യവും പനാമ വിയേഹോയിലുണ്ട്. മ്യൂസിയത്തിൻറ്റെ വാതിൽക്കൽ നിന്നുകൊണ്ട് ഈ നഗരത്തെ നശിപ്പിച്ച ഹെൻട്രി മോർഗനേയും അതിനുമുമ്പേ തന്നെ സ്പാനിഷ് പണ്ടകശാലകളെ ആക്രമിച്ച ഫ്രാൻസിസ് ഡ്രെയ്ക്കിനെയും ഡോക്ടർ പോൾസണുo ഡോക്ടർ ശാസ്ത്രിയും കഠിനമായി അധിക്ഷേപിച്ചു. എന്നാൽ അഫ്ഗാനിസ്ഥാനിൽനിന്നും വന്ന മുഹമ്മദ്‌ ഗസ്നിയും മുഹമ്മദ്‌ ഗോറിയും മറ്റും ഭാരതത്തിലെ ക്ഷേത്രങ്ങളേയും അവയുടെ നിക്ഷേപങ്ങളെയും കവർച്ച ചെയ്ത കാര്യം ഞാനവരെ ഓർമ്മിപ്പിച്ചു.

മദ്ധ്യാഹ്നത്തിൽ വളരെ വിശന്നാണ് ഞങ്ങൾ പനാമ വിയേഹോ സന്ദർശിച്ചത്. പക്ഷേ, ബ്രിട്ടീഷ്‌ ക്രൂരതയുടെയും അസഹിഷ്ണുതയുടെയും ചരിത്രം പറയുന്ന പനാമ വിയേഹോ കണ്ടപ്പോൾ വിശപ്പകന്ന് ഞങ്ങൾ തണുത്തു. ഒരുകൂട്ടർ പണിതുകൂട്ടുന്നു. മറ്റൊരു കൂട്ടർ അത് പാദാദികേശം നശിപ്പിക്കുന്നു. ഒന്ന് കരവിരുത്. അപരൻറ്റേതോ കയൂക്ക്. ഹെൻട്രി മോർഗൻറ്റെ ആക്രമണം നടക്കുമ്പോൾ പനാമ വിയേഹോയിൽ വമ്പിച്ച തീപിടുത്തമുണ്ടായി. പീരങ്കിയിൽനിന്നുതിർന്ന വെടിയുണ്ടകൾക്കു പുറമെ 'ഘോരാനലൻ' കൂടിയായപ്പോൾ നാശം പൂർത്തിയായി. നഗരത്തിന് ആരു തീ വച്ചു? ആക്രമണകാരികളോ അതോ തോറ്റും ഭയപ്പെട്ടും പിന്മാറിയ സ്പാനിഷ് കോളനി നിവാസികളോ? ചോദ്യം ഇന്നും ഉത്തരം കിട്ടാതെ അവശേഷിക്കുന്നു.

നെപ്പോളിയൻ ചക്രവർത്തി 1812-ൽ മോസ്കോ ആക്രമിക്കുമ്പോൾ മോസ്കോ നഗരം അഗ്നിക്കിരയായെന്ന് ചരിത്രത്തിൽ നമ്മൾ വായിച്ചിട്ടുണ്ട്. ഫ്രഞ്ച് സൈന്യങ്ങൾ പട്ടിണികൊണ്ട് പിന്മാറുവാൻ റഷ്യക്കാർ മോസ്കോ നഗരത്തിനു തീ വച്ചതാണ്. പക്ഷേ പനാമ വിയേഹോയിൽ ആരു തീവച്ചു എന്ന് ആർക്കും അറിഞ്ഞുകൂടാ. ഗൈഡായി വന്ന ലോപ്പസിനും സംശയം. 'പകരം കൂടുതൽ സുരക്ഷിതവും വിശാലവുമായൊരു പുത്തൻ നഗരം ഞങ്ങൾക്ക് കിട്ടിയല്ലോ. നിങ്ങൾ കണ്ടല്ലോ'. ലോപ്പസിനാശ്വാസം. തിരികെ അഞ്ചു കിലോമീറ്റർ തെക്കുപടിഞ്ഞാറോട്ടു സഞ്ചരിച്ച് ഞങ്ങൾ വീണ്ടും പനാമ സിറ്റിയിലെത്തി. അനേകം ഹോട്ടലുകളുള്ള സെൻട്രൽ പ്ലാസ വഴി കടന്നുപോയി. ലോകരാഷ്ട്രങ്ങളിൽ മിക്കവയുടെയും ഹോട്ടലുകൾ പനാമയിലുണ്ട്. ഹോട്ടൽ ആക്കപ്പുൾക്കോ, ഹോട്ടൽ കാലിഡോണിയ, ഹോട്ടൽ അർജൻറ്റീന, ഹോട്ടൽ കുബാന, ഹോട്ടൽ ലാറ്റിനോ അമേരിക്ക, ഹോട്ടൽ അമേരിക്കാന.... ഇങ്ങനെ പോകുന്നു ആ ശൃംഖല.

ഞങ്ങൾ പെറുവിൻറ്റെ ബാർ റസ്റ്റോറൻറ്റിൽ കയറി. ആൻഡീസ് പർവ്വതശിഖരങ്ങളിലെ പ്രശസ്തമായ പെറുവിൻറ്റെ വിഭവങ്ങൾ എങ്ങനെയിരിക്കുന്നു എന്നറിയാമല്ലോ. നൂറ്റിയൊന്ന് വിഭവങ്ങളടങ്ങിയ മെനു കാർഡുമായി പെറുവ്യൻ സപ്ലെയർ ഞങ്ങളെ ആദരവോടെ സമീപിച്ചു. സൂപ്പാണ് ആദ്യം വിളമ്പുന്നതെന്നും ഏതുതരം സൂപ്പ് വേണമെന്ന് സൂചിപ്പിക്കണമെന്നും പത്തുതരം സൂപ്പിൻറ്റെ ഗണം ചൂണ്ടിക്കൊണ്ട് പെറുവാന ജൻറ്റിൽമാൻ അഭ്യർത്ഥിച്ചു. വിശപ്പധികരിച്ചതുകൊണ്ട് ഒന്നാം നമ്പർ സൂപ്പുതന്നെ ആവശ്യപ്പെട്ടു .അപ്പോൾ സപ്ലെയർ വിരൽത്തുമ്പുകൊണ്ട് മെനു കാർഡിൽ ചൂണ്ടിയിട്ട് അത് ഉത്തേജന സൂപ്പാണെന്നു പറഞ്ഞു. 'അയ്യോ, ഞാൻ നിത്യബ്രഹ്മചാരിയാണേ.' ഡോക്ടർ ശങ്കർ ശാസ്ത്രി ദയനീയമായൊരു സ്വരത്തിൽ വെളിപ്പെടുത്തി. ചിരി നിയന്ത്രിച്ചുകൊണ്ട് പോൾസണ്‍ തീർപ്പുകൾ കൽപ്പിച്ചു. 'സൂപ്പാ ലെവന്താ മൂർത്തോസ് രണ്ടു കപ്പ്‌. പൊട്ടെറ്റോ വെജിറ്റബിൾ സൂപ്പാ ഊനോപാരാ ശാസ്ത്രി'.

ഇതു കേട്ടപാടെ നല്ലൊരു പുഞ്ചിരിയോടെ വെയിറ്റർ സൂപ്പിനു പോയി. പൂണൂൽ അൽപ്പം പുറകോട്ടു വലിച്ചിട്ട് സ്വാമിയും ആൻഡീസ് പർവ്വതസാനുക്കളിലെ പച്ചമരുന്നുകൾകൊണ്ടുള്ള ഉത്തേജനസൂപ്പിനായി ഞങ്ങളും കാത്തിരുന്നു. അൽപ്പം വൈകിയെങ്കിലും സൂപ്പുകളും പുറകെ പെറൂവ്യൻ വിഭവങ്ങളുമായി സപ്ലെയർ എത്തി. ശാസ്ത്രിജിക്കു കിട്ടിയ സസ്യാഹാരം കൊണ്ട് അദ്ദേഹം തൃപ്തനായി. മിതമായ റേറ്റ്. ടിപ്പുൾപ്പെടെ ഇരുപത്തഞ്ചു ഡോളർ മാത്രം. ലോപ്പസ് മറ്റൊരു ടേബിൾ-ൽ അയാളുടെ പതിവുള്ള ആഹാരം കഴിച്ച് ബില്ലും അയാൾ തന്നെ കൊടുത്തു. തിരിച്ചു വണ്ടിയിൽ കയറിയ സമയം മുതൽ സ്വാമിയും ലോപ്പസും കൂടി ഞാനും പോൾസണു൦ കഴിച്ച സൂപ്പിനെപ്പറ്റി വിമർശനം അഴിച്ചുവിട്ടു. സൂപ്പാ ലെവന്താ മൂർത്തോസ് കഴിച്ചവരെ നിരീക്ഷണവിധേയമാക്കണമെന്ന് ലോപ്പസും സ്വാമിയും പറഞ്ഞപ്പോൾ ബ്രഹ്മചാരികളെയാണ് ഇക്കാലത്തു സൂക്ഷിക്കേണ്ടതെന്നു പോൾസണു൦ തിരിച്ചടിച്ചു. എല്ലാം കേട്ട് പൊട്ടിച്ചിരിച്ചും ഫലിതം പറഞ്ഞും പനാമ സിറ്റി ചുറ്റിക്കണ്ടു. അഞ്ചുമണിയോടെ ഞങ്ങൾ ഹോട്ടൽ മോൻട്രിയോളിൽ തിരിച്ചെത്തി. ചെറിയ വിശ്രമത്തിനുശേഷം സ്വിമ്മിംഗ് പൂളിൽ ഒന്നു നീന്തിത്തുടിച്ചു. പിന്നെ കുറച്ചുസമയം മോൻട്രിയോൾ ബാറിലും ചെലവിട്ടു. ശാസ്ത്രിജി അവിവാഹിതനും സസ്യഭുക്കുമാണെങ്കിലും അൽപ്പം മദ്യപാനത്തിനു വിരോധമില്ല. പക്ഷേ, ഉയർന്നതരം സ്കോച്ചു വിസ്ക്കി മാത്രമേ കഴിക്കുകയുള്ളൂ എന്നൊരു പിടിവാശിയുണ്ട്.

വിവിധ രാജ്യങ്ങളിൽനിന്നും പനാമയിൽ വന്നെത്തിയ ടൂറിസ്റ്റുകളുമായുള്ള ആശയവിനിമയസാധ്യത ഏറെയാണ്‌. ഞാനും പോൾസണു൦ പനാമാക്കാരും ഇതര ലാറ്റിനമേരിക്കക്കാരുമായി ചരിത്രവും ഭൂമിശാസ്ത്രവും സാംസ്ക്കാരിക കാര്യങ്ങളും ചർച്ച ചെയ്യുമ്പോൾ ശാസ്ത്രിജിയുടെ കൂട്ടുകെട്ട് ഭിന്നരാജ്യങ്ങളിലെ എഞ്ചിനീയെഴ്സുമായിട്ടാണ്. വിവാഹിതരായ ഞങ്ങളേക്കാൾ ഉയർന്ന കാര്യക്ഷമതയോടെയാണ് സ്വാമി കാര്യങ്ങൾ നീക്കുന്നത്. ഭൂമിയിൽ എവിടെ ആയിരുന്നാലും ശങ്കർശാസ്ത്രി ദിവസം രണ്ടു പ്രാവശ്യമെങ്കിലും ഇൻറ്റർനെറ്റുമായി ബന്ധപ്പെടും. ഓരോ ദിവസത്തെയും ഞങ്ങളുടെ സഞ്ചാരപഥം നിശ്ചയിക്കുന്ന ചുമതല എനിക്കായിരുന്നു. പിറ്റേദിവസം ഗാന്ധിപാർക്ക് സന്ദർശനത്തിനായി മാറ്റിവച്ചു. (തുടരും...)

(എം.സി ചാക്കോ മണ്ണാറക്കാട്ടിൽ)



എൻറ്റെ പ്രാവട്ടം ഗ്രാമം - ബാല്യകാല സ്മരണകൾ

എൻറ്റെ ഗ്രാമത്തിലെ പ്രാവട്ടം എന്ന പേരില് അറിയപ്പെടുന്ന ചെറിയ ടൗണ്‍-നെ എന്നുമെനിക്ക് അത്ഭുതങ്ങളുടെ താഴ്വര എന്ന് വിശേഷിപ്പിക്കാനാണിഷ്ടം. സ്ത്രീ ജന്മത്തിൽ ഉള്ള അവതാരമാകയാൽ അന്നും, ഇന്നും ഒക്കെ എനിക്കതൊരു ബാലികേറാമല പോലെ ആണ്. പ്രാവട്ടത്തെ ചായക്കടകൾ, കള്ളുഷാപ്പ്, പുരുഷന്മാർക്ക് വേണ്ടി മാത്രം സൃഷ്ടിക്കപെട്ട സന്ധ്യാ സമയങ്ങളിലെ കടത്തിണ്ണയിലെ കൂട്ടങ്ങൾ, വടക്കെ ഇന്ത്യയിൽ നിന്നും, ആന്ധ്രയിൽ നിന്നുമൊക്കെ വന്നെത്തുന്ന നാടോടി കൂട്ടത്തിൻറ്റെ സർക്കസ്, ഇതിനേക്കാളൊക്കെ എന്നെ മോഹിപ്പിച്ചിരുന്നത് "കിലുക്കിക്കുത്ത്" എന്ന് വിളിക്കുന്ന ആ മഹത്തായ കല ആയിരുന്നു, (കല എന്ന് വിളിച്ചതിൽ മാപ്പ്). ആരുടെ എങ്കിലും അകമ്പടിയോടു കൂടി ആ സമയത്ത് അതുവഴി കടന്നു പോയാൽ ഉയരുന്ന ശബ്ദം (വെയ് രാജാ വെയ്, ആർക്കും വയ്ക്കാം എപ്പഴും വയ്ക്കാം, കാലി അടിച്ചാൽ കമ്പനിക്ക്‌) മാത്രമേ കേൾക്കാനാവൂ, എന്താണ് അവിടെ നടക്കുന്നതെന്ന് അറിയാനായി പല വഴികളും ആലോചിച്ചിട്ടുണ്ട്. ഒന്നും നേർവഴി കാണാനാവാതെ, എനിക്കുമാത്രമായി ഒരു കഥ മെനഞ്ഞെടുത്ത് സമയം കളഞ്ഞിട്ടുണ്ട് അന്നൊക്കെ.

നാടിൻറ്റെ മുഖമുദ്രയായ കള്ളുഷാപ്പിനകത്തെ കാഴ്ച്ചകൾ എന്തായിരിക്കുമെന്നോർത്ത്, തല പുകഞ്ഞു മടുത്തിട്ട്, അവസാനം ഒരെത്തും പിടിയും ഇല്ലാതെ....ആ പോട്ടേ.... എന്നോർത്ത് വിട്ടുകളഞ്ഞപ്പോൾ ആണ് ശ്രീ സത്യൻ അന്തിക്കാട്‌ എന്ന് പറയുന്ന ഡയറക്ടർ തൻറ്റെ ക്യാമറയെ ഇടയ്ക്ക് ഒക്കെ വല്ലപ്പോഴും ഷാപ്പുകൾക്കകത്തേയ്ക്ക് കൊണ്ടുപോയത്. നാട്ടിൻപുറങ്ങളിലെ സ്ത്രീകൾക്ക് അപ്രാപ്യമായിരുന്ന ആ അത്ഭുത കാഴ്ച്ചകൾക്കും ആ ചിത്രങ്ങൾക്കും സത്യൻ സാറിനു നന്ദി. എത്രയോ കലാകാരന്മാരും, കഥകളും, കവിതകളും, പാട്ടുകളും ഒക്കെ അവിടെ ആ മണ്ണില് ജനിച്ചു വീണിരിക്കാം!!!!

അതിരാവിലെ എണീറ്റ് ഭാർഗ്ഗവൻ ചേട്ടൻറ്റെ (പേര് ശരിയാണോ എന്നറിയില്ല) കടയിലെ ചൂടുള്ള ദോശയും ചമ്മന്തിയും കഴിച്ചും, പിന്നെ കടത്തിണ്ണയിലെ ആൾക്കൂട്ടത്തിൽ ചേർന്ന് ചർച്ചയിൽ പങ്കെടുത്തും, നട്ടുച്ചക്കും വൈകുന്നേരവും യാതൊരു ആവശ്യവുമില്ലാതെ വെറുതെ അതുവഴി നടന്നും, സന്ധ്യാ സമയത്ത് മാത്രം കടല വറുത്തു തരുന്ന ചേട്ടൻറ്റെ (ചേട്ടൻറ്റെ പേര് മറന്നു പോയി) അടുത്ത് നിന്ന് കടല വാങ്ങി കൊറിച്ചും, ചെറിയ ചെറിയ സർക്കസ് കൂട്ടങ്ങൾ വരുമ്പോൾ ആൾക്കൂട്ടത്തിനിടയിൽ നിന്ന് അവരിലൊരാളായി അതൊക്കെ കണ്ടും - ഇങ്ങിനെയുള്ള കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങൾ നടക്കാതെ പോയതുകൊണ്ടാവും (നാട്ടുകാർക്കത് എൻറ്റെ അതിരുവിട്ട ആഗ്രഹമായി തോന്നിയേക്കാം) വർഷങ്ങൾ ഒരുപാട് കഴിഞ്ഞിട്ടും എൻറ്റെ ഗ്രാമം ഇന്നുമെനിക്ക് ഒരു സ്വപ്നഭൂമിയായി തോന്നുന്നത്.

അതിപുരാതനമായ അമ്പലവും, അമ്പലക്കുളവും, യക്ഷി ഉണ്ടെന്നു പറഞ്ഞു മുതിർന്നവർ കുട്ടികളെ പേടിപ്പിക്കുന്ന കാവിനോട് ചേർന്നുള്ള ഒറ്റപ്പനയും, വീട്ടിൽ നിന്ന് എസ്. കെ. വി സ്കൂളിലേയ്ക്ക് പോവുന്ന മണ്ണ് പാതയും, സ്കൂളിൻറ്റെ അടുത്തായിട്ടുള്ള ടെസ്സി-യുടെ വീടും - ഇതൊക്കെ മറക്കുവാൻ കഴിയില്ല. കാവിലെ പൂരവും മാലാഖയുടെ പെരുന്നാളും എൻറ്റെ ഗ്രാമത്തിൻറ്റെ പുണ്യങ്ങളാണ്.

പുരുഷ മേധാവിത്വത്തിൽ (മാപ്പ്, ഈ പ്രയോഗത്തിൽ) കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങളെല്ലാം നഷ്ടമായെങ്കിലും എൻറ്റെ സ്വന്തം എന്ന് ഞാൻ ഇപ്പോഴും പറയുന്ന വായനശാലയെ കൈവിട്ട് കളയാൻ ആവില്ല എനിക്ക്. സ്കൂളിൽ എന്നോടൊപ്പം പഠിച്ചിരുന്ന അതി ബുദ്ധിശാലി ആയ എൻറ്റെ ഫ്രണ്ട് മിനി നായർ മാത്രമാണ് ഞാൻ കണ്ട സ്ത്രീ വർഗ്ഗം അവിടെ. ആ കൂട്ടുകൊണ്ട് ഞാനും ഓടിക്കേറി, അവിടുത്തെ പുസ്തകങ്ങളിലേയ്ക്ക്. അഗതാ ക്രിസ്റ്റിയുടെ 'ഡെത്ത് ഓണ്‍ ദി നൈൽ', 'മർഡർ ഓണ്‍ ദി ഓറിയൻറ്റ് എക്സ്പ്രസ്സ്‌', മാർക്ക്‌ ട്വൈൻ-റ്റെ 'ടോം സോയെർ', 'ഹക്കിൾബെറി ഫിൻ', പ്രിയപ്പെട്ട മാധവിക്കുട്ടിയുടെ 'എൻറ്റെ കഥ', എം. ടി യുടെ 'രണ്ടാമൂഴം', എസ്. കെ പൊറ്റക്കാടിൻറ്റെ 'ഒരു ദേശത്തിൻറ്റെ കഥ', അങ്ങനെ ഒരുപാട് വായിക്കുവാൻ കഴിഞ്ഞു. പ്രിയപ്പെട്ട എഴുത്തുകാരെക്കുറിച്ച് അറിയുവാനും, മനസിലാക്കുവാനും സാധിച്ചു. അന്ന് വായിച്ച ഡ്രാക്കുള - യിലെ കൊട്ടാരവും, വെല്ലുള്ളിപൂക്കളും, ഏഴു കുതിരകളെ പൂട്ടിയ റാന്തൽ വിളക്കിൻറ്റെ ചെറിയ വെട്ടത്തിൽ ഇരുട്ടിനെ കീറിമുറിച്ചു വരുന്ന കുതിരവണ്ടിയും ഓർക്കുമ്പോൾ ഇപ്പോഴും പേടിച്ചുപോവും. അക്ഷരങ്ങളെ സ്നേഹിക്കാനുള്ള കഴിവ് തന്നതിന് എൻറ്റെ വായനശാലയോടുള്ള കടപ്പാട് എത്ര പറഞ്ഞാലും തീരില്ല.

ലോകത്തിൻറ്റെ ഏതോ അറ്റത്താണെങ്കിലും, കുറെ വലിയ കാര്യങ്ങൾ ഇനിയും എൻറ്റെ നാടിനു ചുറ്റുമുള്ളതുകൊണ്ടും, എൻറ്റെ കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങൾ ഇപ്പോഴും അത്ഭുതങ്ങളായി കിടക്കുന്നതുകൊണ്ടും എൻറ്റെ ഗ്രാമമെനിക്ക് എന്നും മഹത്തരമാണ്.........

നിറയെ സ്വപ്നവുമായി, വീണ്ടുമൊരു
പുതുവർഷ പുലരി കൂടെ ജനിക്കുന്നു
സഫലമാകാതെ സ്വപ്നങ്ങളും
പാലിക്കപെടാത്ത വാഗ്ദാനങ്ങളും
ഏറെയുണ്ടെകിലും, വീണ്ടും
പുതിയ സ്വപ്ങ്ങളും, വാഗ്ദാനങ്ങളുമായി
കാലം തരുന്ന അത്ഭുതങ്ങൾ ഏറ്റുവാങ്ങി
വീണ്ടും യാത്ര ആവാം....

എല്ലാവർക്കും പുതുവർഷ ആശംസകൾ
(രമ ജയപ്രകാശ്, USA)

നീണ്ടൂർ ഗ്രാമവും സിനിമയും - ഭാഗം 3

എണ്പതുകളിലെ പേരുകേട്ട ആർഭാട ടാക്കീസുകളായ ഏറ്റുമാനൂർ കൈലാസിനും അലങ്കാറിനുമൊന്നും അവകാശപ്പെടാൻ പറ്റാത്ത തരത്തിലുള്ള പ്രാദേശികവും വൈകാരികവുമായ ഒരു ആത്മബന്ധം ജിജോ ടാക്കീസും നീണ്ടൂരിലെ ജനങ്ങളും തമ്മിൽ ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെയാണ് പഴയ ഓർമ്മകളിലേയ്ക്ക് ഒരു തിരിഞ്ഞു നോട്ടം നടത്തുമ്പോൾ ജിജോ ടാക്കീസ് ആദ്യം മനസ്സിൽ തെളിഞ്ഞു വരുന്നതും. ഇത് വായിക്കുമ്പോൾ നിങ്ങളുടെ ഉള്ളിലും മറ്റൊരു അഭിപ്രായം ഉണ്ടാവും എന്ന് തോന്നുന്നില്ല.

ഓരോ സിനിമാസ്വാദകൻറ്റെയും അഭിരുചിക്കനുസരിച്ച് നിറക്കൂട്ട് ഒരുക്കുവാൻ തീയറ്റർ മാനേജ്മെൻറ്റ് സദാ സജ്ജമായിരുന്നു എന്നതും മറ്റൊരു വസ്തുത..!.ഇവയൊക്കെ എത്തിപ്പെട്ടതോ പലരുടെയും മറക്കാനാവാത്ത രസാനുഭൂതികളുടെ ഒരു വലിയ ലോകത്തേക്ക്..!.ആ ലോകത്തെ കീഴടക്കാൻ ,പ്രായത്തിൻറ്റെയും,സാമ്പത്തിക ഭദ്രതയുടെയും പിൻബലമുള്ള ഇന്നത്തെ സ്വതന്ത്ര സിനിമാ ലോകത്തിനു കഴിയുമോ.?
സിനിമ നീണ്ടൂരിൻറ്റെ ഭാഗമായതിൻറ്റെ പിന്നിൽ ജിജോ ടാക്കീസ്-ന് എന്ന പോലെ തന്നെ ചില വ്യക്തികളുടെ വ്യത്യസ്തങ്ങളായ സാഹസിക മനോഭാവങ്ങൾക്കും തത്തുല്ല്യമായ പങ്കുണ്ട്. നീണ്ടൂരിലെ ഓരോ സിനിമ ആസ്വാദകനും തൻറ്റേതായ പരിമിതിക്കുള്ളിൽ നിന്നുകൊണ്ടുതന്നെ വ്യത്യസ്തങ്ങളായ സൂത്ര വാക്യങ്ങളാണ് സിനിമാ വാരത്തിൻറ്റെ ആദ്യ ദിവസങ്ങളിൽ ജിജോ ടാക്കീസിലെത്തുവാൻ പ്രയോഗിച്ചിരുന്നത് .ഉടുപ്പിട്ട് റോഡിൽ ഇറങ്ങിയാൽ ഞാൻ തീയറ്ററിലേക്ക് ഓടും എന്ന മുൻവിധി ഉണ്ടായിരുന്ന എൻറ്റെ വീട്ടുകാരെ പറ്റിക്കാൻ, ഞാൻ ഉടുപ്പെടുത്ത് നിക്കറിൻറ്റെ പോക്കറ്റിൽ തിരുകി കയറ്റും, എന്നിട്ട് കളിക്കാൻ പോകുന്നു എന്ന വ്യാജേന ഒറ്റ പോക്ക്. വില്ലേജുഹാൾ എത്തുന്നതിനു മുൻപ് പോക്കറ്റിൽ നിന്നും ചുരുണ്ട് കൂടിയ ഉടുപ്പെടുത്ത് ഇടും. ആരും കാണാതെ തീയറ്റർ പരിസരത്ത് പിന്നെ ഒരു ഒളിച്ചുകളിയാണ്. ടിക്കറ്റ് കൊടുക്കാനുള്ള ബെൽ-ൻറ്റെ ണ്..ണ്റിം ശബ്ദം മുഴങ്ങുമ്പോൾ ഒറ്റ ഓട്ടത്തിന് ക്യൂ-വിൻറ്റെ ഏറ്റവും മുമ്പിൽ, കയ്യിൽ ചുരുട്ടിപ്പിടിച്ച ടിക്കറ്റുമായി ഏറ്റവും മുമ്പിലത്തെ വാതിൽക്കൽ, പിന്നെ ഏറ്റവും മുമ്പിലത്തെ ബെഞ്ചിൽ - ഇത്രയും ഒരു ഫാസ്റ്റ് ഫോർവേഡ് ബട്ടണ് അമർത്തുന്ന വേഗത്തിലാണ് നടക്കുക! മൂന്നു റീൽ പൂർത്തിയാക്കി നാലാമത്തെ റീൽ തൊട്ടു തുടങ്ങും നെഞ്ചിൽ പടപടപ്പ് ...കാരണം പഴുത്ത പൊങ്ങല്യത്തിൻറ്റെ വടി എനിക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടാവും..!. ഉടുപ്പിടാതെ പുറത്തിറങ്ങിയ ചെറുക്കനെ ധർമ്മക്കാർ കൊണ്ടുപോയിക്കാണ്മോ എന്ന ആധിയിലായിരിക്കും പാവം വീട്ടുകാർ..!

പാറേപറമ്പിൽ കപ്യാർ അവറാപ്പാൻറ്റെ മകൻ ജോമോൻ ആണെങ്കിലോ, കൊക്കോ-കാ എടുക്കാനെന്ന രൂപത്തിൽ, ഒരു പ്ലാസ്റ്റിക് ചാക്ക് കക്ഷത്തിൽ വച്ചാവും ഇറങ്ങുക..!.3 മണിയുടെ മാറ്റിനി കഴിഞ്ഞു ശൂന്യമായ ചാക്കോടുകൂടി തിരിച്ചു വരുന്ന ജോമോൻ വീടിൻറ്റെ പടിക്കൽ എത്തും മുൻപേ വിളിച്ചു കൂവും "അമ്മേ ,കൊക്കോ മൂത്തില്ലായിരുന്നു " എന്ന് .ഇത് കുറെ നാൾ നീണ്ടു. വഴിക്കണക്കായതുകൊണ്ട് ഇടയ്ക്കു ക്രിയ കോളം മാറി എഴുതി.....മേറി അമ്മാമ്മ കയ്യോടെ പിടിച്ചു ..അടിയുടെ പെരുന്നാൾ!.

86 -ഇൽ ഇറങ്ങിയ താളവട്ടം കാണാൻ, ഒരു വെള്ളിയാഴ്ച, SKV സ്കൂളിൽ നിന്നും ക്ലാസ് കട്ട് ചെയ്ത് ആരുമറിയാതെ മറ്റൊരു സുഹൃത്തുമായി കുട്ടാമ്പുറം ബോട്ട് ജെട്ടിയിൽ പോയി ഇരുന്നതും, തുടർന്ന് നടന്നു വന്നു ജിജോയിൽ നിന്ന് മാറ്റിനി (ആദ്യത്തെ 5 ദിവസം മാറ്റിനി) കണ്ടതും, ഈ വിവരം അന്നത്തെ സ്കൂൾ പ്രഥമ അധ്യാപകനായ കുര്യൻ സാർ അറിഞ്ഞത് എങ്ങിനെ ആണന്നും ഇന്നും പാറേ പറമ്പിൽ അജിക്ക് അജ്ഞാതമാണ്. ഇതിൻറ്റെ ശിക്ഷാവിധിക്കുള്ള സ്വാതന്ത്ര്യം അജിയുടെ വീട്ടുകാരിൽ നിന്നും കുര്യൻ സാറിനു കൽപ്പിച്ചു കിട്ടിയപ്പോൾ കുര്യൻ സാറിൽ നിന്നും അജിക്ക് കിട്ടിയത് 14 അടി ..! ഈ സാഹസികതകൾക്ക് അപ്പുറവും ഇനിയും ഉണ്ടായിരുന്നു ഒരുപാട് വെല്ലു വിളികൾ ..വൈദ്യുതി പ്രശ്നം ,ഫിലിം പെട്ടി മാറി പോകൽ... (തുടരും)

(മനോജ് തൈക്കൂട്ടത്തിൽ)


നീണ്ടൂരിൻറ്റെ കൃഷിപുരാണങ്ങൾ

നീണ്ടൂരിൻറ്റെ കൃഷിയിടങ്ങൾ പരപ്പാർന്നതാണ്.
അതിരുകളിലേയ്ക്കും പടരുന്ന പാടശേഖരങ്ങൾ
നീണ്ടൂർക്കാരുടെ കൃഷിയോടുള്ള ത്വരകളെയും
വിശപ്പിനോടുള്ള ഏറ്റുമുട്ടലുകളെയും
അത് ശമിപ്പിച്ചുകൊണ്ടിരുന്നു.
തലമുറകളോളം-

പത്തായം നിറയെ നെല്ലുള്ളവൻ ജന്മിയായും
പത്തായം പോലുമില്ലാത്തവൻ കുടിയാനായും
സമൂഹത്തെ അത് തരം തിരിച്ചു.
കയ്യിൽ ഓലക്കുടകളുമായി
നീണ്ടൂരിൻറ്റെ ജന്മികൾ പാടവരമ്പുകളിലൂടെ നടന്നു.
തോളിൽ കലപ്പയുമായി അദ്ധ്വാനവർഗ്ഗം
അവരുടെ പിറകെ നടന്നു.

കൊയ്ത്തുകാലം ഉത്സവകാലമായും
കറ്റ മെതിക്കുന്നതിന് അകമ്പടിപ്പാട്ടുകളും
പാടശേഖരങ്ങളിൽ ഉയർന്നിരുന്ന
ഉത്സാഹനാളുകൾ-
ചിറകളിൽ താൽക്കാലിക ചായക്കടകളുയർന്നു.
അവിടെ നിന്ന് കട്ടനും ബോണ്ടായും
പരിപ്പുവടയും വാങ്ങിക്കഴിച്ച്‌
അദ്ധ്വാനിക്കുന്ന ഒരു ജനവിഭാഗം
ചേറിലും ചെളിയിലും ചവിട്ടി നടന്നു.
അവരുടെ കാൽക്കീഴിൽ ഞെരിഞ്ഞ വരാൽമീനുകളും
കരിമീനുകളും പുന്നെല്ലിൻറ്റെ ചോറിനു
മുകളിലൊഴിക്കാനുള്ള കറിയായി രൂപാന്തരം
പ്രാപിച്ചു.

കന്നാസുകളിൽ കള്ളുമായി ചെറുബാല്യക്കാർ
പാടവരമ്പുകളിലൂടെ നടന്നു.
വിയർപ്പുതുള്ളികളിറ്റു വീണ
നെല്ലിൻ കൂമ്പാരങ്ങൾ തിളങ്ങി.

പള്ളിക്കൂടം വിട്ടുവന്നാൽ വിളക്കും തൂക്കി മെതിക്കാൻ
പോവണമെന്ന് പിള്ളേര് നീരസം പറഞ്ഞു.
സഹകരണബാങ്കിൽ പണയം വച്ച താലിമാല
കൊയ്ത്ത് കഴിയുമ്പോൾ എടുക്കാമെന്ന്
പാവപ്പെട്ട വീട്ടമ്മമാർ സ്വപ്നം കണ്ടു.
കൂലിയും നെല്ലും കൂടുതൽ കിട്ടുന്നതിൻറ്റെ
ഉന്മാദത്തിൽ താലിമാലയെത്തന്നെ മറന്നുപോകുന്ന
നീണ്ടൂരിൻറ്റെ ക്ഷുഭിതയൗവ്വനങ്ങൾ-

കവല ശബ്ദമുഖരിതമാകുന്നു.
നെല്ലളന്ന് പലവ്യഞ്ജനങ്ങൾ കൊടുക്കാൻ ഉത്സാഹം
കാട്ടിയ ചെറുകടക്കാർ.
പുതിയ ചട്ട ധരിച്ച് അമ്മമാർ പള്ളിയിലെത്തിയിരുന്ന
ഒരു നല്ലകാലങ്ങൾ.

കെട്ടുവള്ളങ്ങൾ അകലുന്നതോടെ
ഉത്സവങ്ങൾ അവസാനിക്കുകയായി.
അടുത്ത കൊയ്ത്ത് ആരംഭിക്കുവാൻ.

നല്ലകാലങ്ങൾ അവസാനിച്ചു.
കിട്ടിയ വിലയ്ക്ക് പാടങ്ങൾ വിറ്റ് കാശ് പ്രാവട്ടത്തെ-
സ്റ്റേറ്റ് ബാങ്കിലിട്ടു പുതിയ തലമുറ-
കൃഷി കുറച്ചുപേരിലേയ്ക്ക് ഒതുങ്ങിപ്പോയി.

ഏക്കറുകണക്കിന് പാടം വാങ്ങി ദുരൂഹത
നിലനിർത്തുന്ന എറണാകുളംകാർ.
ചിറകളിലെ തെങ്ങുകൾ അനാഥമായി.
തേങ്ങയിടാൻ ആളില്ല.
ഓലക്കുടകൾ ചൂടുന്ന പുംഗവന്മാരില്ല.
കലപ്പയുമായി ഓടാൻ ചെറുബാല്യമില്ല.
ചോറു കൊണ്ടുപോകുന്ന തൂക്കുപാത്രങ്ങൾ
കടകളിൽ പോലും കാണാനില്ലാതായി.

കൊയ്ത്തിന് യന്ത്രമിറങ്ങി.
മെതിയില്ല, പാറ്റിപ്പെറുക്കില്ല, കാലാ പെറുക്കില്ല.
ആരും പാടങ്ങളിൽ ഇറങ്ങുന്നുമില്ല.
ഇറങ്ങുന്നത് മെഷ്യനാണ്.
കൊയ്യുന്നത് യന്ത്രമാണ്.
അത് ഓടിക്കുന്നവരാകട്ടെ തമിഴരും ഹിന്ദിക്കാരും.

ആർക്കും വേണ്ടാതെ കച്ചി പാടങ്ങളിൽ-
കൂട്ടം കൂടി കിടക്കുന്നു- പശുവില്ലല്ലോ, പിന്നെന്തിന് കച്ചി.
പശു മുഴുവൻ ബിജുവിനല്ലേ - വേണേൽ അവൻ കൊണ്ടുപോകട്ടെ കച്ചി.
കൊയ്ത്ത് കാണാൻ പഴമക്കാർ വരുന്നു, പോകുന്നു.
നഷ്ടബോധത്തിൻറ്റെ പാടകൾ കണ്ണിൽ സൂക്ഷിച്ച്.

ഇന്നത്തെ യൗവ്വനങ്ങൾ ബൈക്കിൽ കവലയിലെത്തി
10-ൻറ്റെ അരിച്ചാക്ക് മേടിക്കുന്നു - വാവര് പതിവുപോലെ ചിരിക്കുന്നു.
കൊയ്യാനെവിടെ സമയം.
ഇന്ന് താഴത്തെക്കുഴി കൊയ്ത്താരുന്നു - തറയ്ക്കൽ ജോണി പറയുന്നു.
ആണോ - എത്ര മെഷ്യനുണ്ടായിരുന്നു, ആരോ ചോദിക്കുന്നു.

ഇല്ലാതായിപ്പോയ ആചാരങ്ങളെ,
ഉത്സവങ്ങളെ ഓർക്കാൻ ആർക്കാണ്
സമയം ?
വേഗം ചെന്നില്ലെങ്കിൽ സീരിയല് കാണാനൊക്കത്തില്ല.
കാശിൻറ്റെ കാര്യം - വാവര് തിരക്കുന്നു.
കണക്കിലെഴുതിയ്ക്കോ - ശമ്പളം കിട്ടിയില്ല.

ഉണ്ടായിരുന്ന നന്മകളെ പിന്നിലുപേക്ഷിച്ച്
ബൈക്കുകൾ പറക്കുന്നു.
പാടശേഖരങ്ങളിൽ കാറ്റ് പതിവുപോലെ വീശുന്നു.
കച്ചിപ്പൊടി പറക്കുന്നു.
ഉത്സവങ്ങൾ ആരംഭിച്ചുമില്ല.
അവസാനിച്ചുമില്ല.

കളപറിയുടെ CD എവിടെ കിട്ടുമോ ആവോ
ചുമ്മാ ഒന്നു കേൾക്കാനായിരുന്നു.
നീണ്ടൂരിൻറ്റെ കൃഷിപാഠങ്ങൾ തിരുത്തിയെഴുതാൻ
സമയമായി.

അസതോമാ സത്ഗമയാ......

(സിറിയക് കടവിച്ചിറ)


പുതിയ സിനിമ - ശൃംഗാരവേലൻ

ഒറ്റ വാക്കിൽ പറഞ്ഞാൽ ദിലീപ് കലക്കി, പക്ഷേ പടം അത്ര പോര! ദിലീപ് ഫാൻസിന് വേണ്ടി സൃഷ്ടിച്ച ഈ പടം സാധാരണക്കാരായ ജനങ്ങൾക്ക്‌ അത്ര കണ്ട് ഇഷ്ടപ്പെടാൻ വഴിയില്ല. ദിലീപ്-ലാൽ-ബാബുരാജ്-ഷാജോണ്‍ കൂട്ടുകെട്ടിൽ, ഒരു സാധാരണ മലയാളി പ്രേക്ഷകൻ പ്രതീക്ഷിക്കുന്ന കോമഡിയുടെ മാലപ്പടക്കം - അതീ സിനിമയിൽ ഉണ്ടായില്ല. അതോടൊപ്പം ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന ദ്വയാർത്ഥത്തിലുള്ള കോമഡിയും ഒരുപരിധി വരെ ദോഷമായെന്നുവേണം കരുതാൻ. ഇതൊക്കെയാണെങ്ങിലും ശൃംഗാരവേലൻ ഒരു അടിച്ചുപൊളി ചിത്രം ആണ്. കുട്ടികൾക്കും ദിലീപിൻറ്റെ സ്ത്രീ ആരാധകർക്കും ഇഷ്ടമാവും.
ദിലീപിൻറ്റെ നായിക പുതുമുഖം വേദിക ആണ്. നായകകഥാപാത്രത്തിൻറ്റെ അച്ചൻ അയ്യപ്പനാശാൻ എന്ന നെയ്ത്തുകാരനായെത്തുന്നത് ബാബു നമ്പൂതിരിയാണ്. കുത്തുംപുള്ളി ഗ്രാമത്തിലെ നെയ്ത്തുശാല കുടുംബത്തിൽ നിന്നും ഫാഷൻ ഡിസൈനിംഗ് പഠിക്കാൻ പോയി തിരിച്ചു വരുന്ന കണ്ണൻ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്‌. ഏത് വിധേനയെങ്കിലും ഒരുപാട് പണം സമ്പാദിക്കുക - അതിനായി ഏതു മാർഗ്ഗവും അവലംബിക്കുക - ഇതാണ് കണ്ണൻറ്റെ ലക്ഷ്യം. പക്ഷേ അതിനായി നടത്തുന്ന എല്ലാ ശ്രമങ്ങളും പരാജയപ്പെടുന്നു.
ദിലീപ് കാഴ്ച്ചവച്ചിരിക്കുന്നത് മികച്ച പ്രകടനം തന്നെയാണ്, പക്ഷേ കഥാപാത്രത്തിൽ ഹ്യൂമറിൻറ്റെ അംശം മുൻ ദിലീപ് ചിത്രങ്ങളെ അപേക്ഷിച്ച് കുറവായിപ്പോയി. 'യേശുദാസ്' എന്ന കഥാപാത്രമായെത്തുന്ന ലാലിൻറ്റെ പ്രകടനം തരക്കേടില്ല. അദ്ദേഹത്തിൻറ്റെ കഥാപാത്രത്തിന് കുറച്ചുകൂടി നീളം വേണ്ടതാരുന്നു. മൈ ബോസ് എന്ന ചിത്രത്തിലുടനീളം ദിലീപിൻറ്റെയൊപ്പം തിളങ്ങിയ ഷാജോണിന് ഇവിടെ അത് ആവർത്തിക്കാൻ കഴിഞ്ഞോ എന്ന് സംശയം ഉണ്ട്. കോവിലകത്തെ രാധ എന്ന കഥാപാത്രമായെത്തുന്ന വേദികയും തിളങ്ങി. സാധാരണ നായികമാർക്ക് ലഭിക്കുന്നതിലും ലെങ്ങ്തി - ആയിട്ടുള്ള കഥാപാത്രമാണ് വേദികയ്ക്ക് ഇതിൽ ലഭിച്ചിരിക്കുന്നത്.
R J ക്രിയേഷൻസ് - ൻറ്റെ ബാനറിൽ ജോസ് തോമസ്‌ സംവിധാനം നിർവ്വഹിച്ച ഈ ചിത്രത്തിൻറ്റെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത് ഹിറ്റ്‌ ജോഡികളായ ഉദയ്കൃഷ്ണ & സിബി.കെ.തോമസ്‌ ടീമാണ്. മാട്ടുപ്പെട്ടി മച്ചാൻ, ഉദയപുരം സുൽത്താൻ, ദോസ്ത്, CID മൂസ, റണ്‍വേ, തുറുപ്പുഗുലാൻ, ട്വൻറ്റി-20, പോക്കിരിരാജ, ക്രിസ്ത്യൻ ബ്രദേർസ്, കാര്യസ്ഥൻ, മായാമോഹിനി എന്നീ മുൻ ഉദയ്കൃഷ്ണ & സിബി.കെ.തോമസ്‌ ചിത്രങ്ങളെല്ലാം കോമഡിയ്ക്ക് പ്രാധാന്യം കൊടുത്തപ്പോൾ ഇവിടെയും സ്ഥിതി വ്യത്യസ്തമായില്ല.
പക്കാ എൻറ്റർറ്റൈനെർ ആയ ഈ ചിത്രം കാണാൻ പോകണ്ടത് ഒരുപാട് പ്രതീക്ഷകളോടെയല്ല, എങ്കിൽ 3 മണിക്കൂർ ദൈർഘ്യം ഉള്ള ഈ ചിത്രം നിങ്ങളെ ബോറടിപ്പിക്കുകയില്ല അതോടൊപ്പം ആസ്വദിക്കാനും കഴിയും.
(ബാബു തോട്ടത്തിൽ)


അടുക്കള - ചിക്കൻ 65


ചേരുവകള്‍
1. ചിക്കന്‍ ചെറിയ കഷണങ്ങള്‍ ആക്കിയത് - 500 ഗ്രാം
2. കോഴി മുട്ട - 3 എണ്ണം
3. മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
4. മുളകുപൊടി - 2 ടീസ്പൂണ്‍
5. മല്ലിപ്പൊടി - 2 ടീസ്പൂണ്‍
6. ഗരംമസാലപ്പൊടി - 1 ടീസ്പൂണ്‍
7. തൈര് - 1/2 കപ്പ്
8. ഇഞ്ചി പേസ്റ്റ് - 1 ടീസ്പൂണ്‍
9. വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂണ്‍
10. ഉപ്പ്, എണ്ണ - പാകത്തിന്
11. അജിനോമോട്ടോ - 1 നുള്ള്

പാകം ചെയ്യുന്ന വിധം
മുട്ട പൊട്ടിച്ച് ഒരു പാത്രത്തിൽ ഒഴിക്കുക. ഇതിലേയ്ക്ക്‍ തൈരും, പൊടികളും, പേസ്റ്റുകളും, ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ചിക്കൻ കഷണങ്ങള്‍ ഒരു മണിക്കൂര്‍ ഈ മിശ്രിതത്തിലിട്ടു വെച്ചശേഷം എണ്ണയില്‍ വറുത്തെടുക്കുക. നന്നായി മൊരിയണം. അതിനുശേഷം ചൂടോടെ ഉപയോഗിക്കാം
(ബീന ബെന്നി, യു.കെ)

വിഭാതങ്ങൾ (കവിത)

നാടൻ പ്രഭാതം
പൂങ്കോഴികൾ കണ്‍ഠനാളങ്ങളാൽ,
പുലരിതൻ വാർത്ത വിളിച്ചുണർത്തി!
പക്ഷികൾതൻ കളനാദങ്ങളാൽ
പുത്തൻ പുലരിയ്ക്ക് ഘോഷഘോഷമിട്ടു!!

പ്രഭാതക്രുത്യങ്ങളൊക്കെയും തീർത്തുഞാൻ,
പ്രദോഷമാകും വരെയ്ക്കുള്ള കാര്യങ്ങൾ-
പ്രായോഗികത്തോടെയൊന്നൊന്നായ് ചിന്തിച്ചു,
പ്രധാനവാതിൽക്കലുപവിഷ്ടനായഹോ!!

കാപ്പിയുമായ് വന്നു പ്രിയതമയുരുവിട്ടു,
കറിക്കുള്ള വകയൊന്നുമില്ലീ കുശിനിയിൽ!
കുശലങ്ങളോതുവാൻ കൂട്ടുകാരെത്തിയാൽ,
കുലവും മറക്കും, കുശിനീം മറന്നീടും!

ബന്ധുക്കളിൽ ചിലർ പരിഭവിക്കുന്നിതാ-
ബന്ധം പുതുക്കുവാനൊന്നങ്ങു ചെല്ലുമോ!
ബന്ധങ്ങളെക്കാളുപരിയവർക്കിന്നു-
ബഹുവിധ സമ്മാനമാണെന്നതു സത്യം!!

തുടിയിൽ പണിക്കവരെത്തിടും മുമ്പേ,
തൂമ്പ, കൂന്താലികളൊക്കെയോരുക്കേണം.
തുടിയിലെപ്പണിയെല്ലാം മൂപ്പനെയേൽപ്പിച്ചു-
തൂവെള്ളവസ്ത്രമണിഞ്ഞു ഞാൻ യാത്രയായ്!!


അമേരിക്കൻ പ്രഭാതം
ഗാഢമാം നിദ്രയിലാണ്ടു കിടന്ന ഞാൻ,
ഗിർ, ഗിറാ ശബ്ദം കേട്ടുണർന്നെഴെന്നേറ്റു!
ഗാർഹിക വേലകളെല്ലാം കഴിക്കേണം,
ഗതിയിതു മാത്രമാണിനിയുള്ള ജീവിതം!!

ആദിത്യനെത്തും മുമ്പുണർതാണെങ്കിലും,
അന്തിയെത്തീടിലുമില്ലൊരു വിശ്രമം!
ആര്യപുത്രിയെ ഉണർത്തിടേണം - ഇന്നും
അവൾക്കു രണ്ടാണല്ലോ ജോലിയമ്മോ!!

അവൾക്കും, കിടാങ്ങൾക്കുമൊക്കെയൊരുക്കേണം;
ആരതിയിട്ടതു പൈതങ്ങൾക്കേകണം.
അമേരിക്കയെന്നയീനാടിന്നധ:സംസ്കൃതി;
അച്ഛനെയറിയാൻ കഴിയാത്ത സംസ്കൃതി!!

അൽപ്പവും വൈകാതെ ഏഴിനങ്ങെത്തെണം,
അരയും തലയും മുറുക്കിപ്പണിയേണം.
ആർ എന്നാം ഭാര്യയെനിക്കുണ്ടെന്നാകിലും,
അമ്മെ വെറുമൊരുയേഴനല്ലോ - ഞാൻ!!!

വരേണ്ടും പ്രഭാതം
സത്യവും നീതിയും മുക്തിപ്രവർത്തിയും
സ്വേദത്താൽ തുഷ്ടിതൻ പുഷ്പം വിടർത്തുന്ന,
എല്ലാവരും തുല്യ വേഷവും ഭോജ്യവു-
മുല്ലാസമേറും വിഭാതം വിടരുമോ?

ഈ കവിതയുടെ ദൃശ്യാവിഷ്കാരം ഇവിടെ കാണാവുന്നതാണ്-
http://www.youtube.com/watch?v=1AHMY3jkw_g&list=PL23DC9939ECFCFF9D&index=15

(പീറ്റർ നീണ്ടൂർ)

യാത്രാ വിവരണം: പനാമ-പെറു-മച്ചുപിച്ചു യാത്ര - ഭാഗം 2

വീണ്ടും പനാമ സിറ്റിയിൽ

തലേദിവസം വൈകുന്നേരം 6 മണിക്ക് റിസപ്ഷനിസ്റ്റ്, സാഞ്ചെസ് ഞങ്ങളുടെ മുറിയിൽ വന്ന്, അവരുടെ ഡ്യൂട്ടിസമയം കഴിഞ്ഞെന്നും സ്വന്തം വസതിയിലേക്ക് പോകുകയാണെന്നും അറിയിച്ചു. ബുദ്ധിമുട്ടുകൾ വല്ലതും ഉണ്ടായാൽ വിളിക്കുവാനുള്ള അവരുടെ അഡ്രസ് കാർഡും തന്നു പിരിഞ്ഞു. പിറ്റേദിവസം രാവിലെ 9 മണിക്കാണ് അവർ വീണ്ടും ഓഫീസിലെത്തുക. സാഞ്ചെസിൻറ്റെ പകരക്കാരിക്കാണ് രാത്രിയിൽ ഓഫീസിൻറ്റെ ചാർജ്. ഞങ്ങൾ പനാമ സിറ്റി ചുറ്റിസഞ്ചരിച്ചു കാണാൻ തയ്യാറെടുത്തു. പ്രഭാതഭക്ഷണത്തിനുശേഷം എയർപോർട്ടു ഡ്രൈവർ ഹൊസെ തന്ന അഡ്രസ് കാർഡ് കാറുമായി അവിടെനിന്നു വരണ്ടേകാണിച്ചപ്പോൾ ആ യുവതി ചോദിച്ചു. എയർപോർട്ട് ടാക്സി വേണമെന്ന് നിർബന്ധമുണ്ടോ? ഇവിടെ ഞങ്ങൾക്ക് ഒരു ഡസൻ കാറുകൾ ടൂറിസ്റ്റുകൾക്കായുണ്ട്. ഈ അഡ്രസിലെ ഡ്രൈവർ കാറുമായി അവിടെനിന്നു വരണ്ടേ? ഹോട്ടൽ വക വണ്ടി മതിയെന്നു പറഞ്ഞപ്പോൾ അവർ ഫോണെടുത്ത് അവിടുത്തെ ഡ്രൈവറെ വിളിച്ചു. ആദ്യനോട്ടത്തിൽ മുൻ റഷ്യൻ പ്രധാനമന്ത്രി നികിത ക്രൂഷ്ച്ചേവേന്നു തോന്നിക്കുന്ന വെളുത്തുതടിച്ച് ഉയരം കുറഞ്ഞൊരു വ്യക്തി ആഗതനായി. അയാൾ ജന്മനാ കഷണ്ടിത്തലയനായിരിക്കുമെന്നോർത്ത് എനിക്ക് ചിരി വന്നു. ഐ ആം ലോപ്പസ്. ആഗതൻ പരിചയപ്പെടുത്തി. മൊബൈൽ ഫോണ് നമ്പർ രേഖപ്പെടുത്തിയ കാർഡും തന്നു. ഓഫീസിലെ സാഞ്ചെസിൻറ്റെ പകരക്കാരിയുടെ ആശീർവാദത്തോടെ മൂവർസംഘം ലോപ്പസിനോടൊപ്പം ലാ എസ്പാഞ്ഞാ റോഡിലൂടെ പനാമ സിറ്റിയിലേക്ക് പുറപ്പെട്ടു.
മദ്ധ്യ അമേരിക്കയിൽ ഏറ്റവും സമ്പൽസമൃദ്ധവും തിരക്കേറിയതും ആവേശകരവുമായ തലസ്ഥാനനഗരിയാണ് പനാമ സിറ്റി. രണ്ടായിരത്തിഅഞ്ഞൂറു ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ളതും അഞ്ചുലക്ഷം ജനങ്ങൾ മാത്രം തിങ്ങിപ്പാർക്കുന്നതും സ്വസ്ഥവും സുരക്ഷിതവുമായ തുറമുഖനഗരമാണ് പനാമ സിറ്റി. സ്പെയിൻകാർ പനാമയെ കോളനിയാക്കുമ്പോൾ അവിടെ സ്പാനീഷ് ഗവർണ്ണർ ആയിരുന്ന പെട്രോ ദി ആവില (Pedro de Avila) എ.ഡി 1519-ൽ സ്ഥാപിച്ച നഗരമാണ് ഈ പനാമ സിറ്റി. സ്പെയിൻകാരായ കുടിയേറ്റക്കാർ പച്ചപിടിച്ചു വരുന്നൊരു കാലഘട്ടത്തിൽ ബ്രിട്ടീഷ് കടൽകൊള്ളക്കാരൻ സർ ഹെൻട്രി മോർഗൻ (Sir Henry morgan) ഈ നഗരത്തെ പാദാദികേശം നശിപ്പിച്ചു. നശിപ്പിക്കപ്പെട്ട പഴയ പട്ടണത്തിൽനിന്നും എട്ടു കിലോമീറ്റർ തെക്കുപടിഞ്ഞാറ്, പനാമ ഉൾക്കടൽതീരത്ത്, സ്പാനീഷ് രാജാവ്, അഞ്ചുവർഷങ്ങൾക്കു ശേഷം പണിതീർത്തതാണ് ഇപ്പോൾ നമ്മൾ കാണുന്ന പനാമ നഗരം. വർദ്ധിച്ച പ്രതിരോധസജ്ജീകരണങ്ങളോടെ മൂന്നു വശവും കോട്ടകളും ഒരു വശത്ത് കിടങ്ങുമായി പണിതീർത്ത പനാമ സിറ്റി മുന്നൂറ്റിമുപ്പത്വർഷങ്ങളായി പസഫിക്കിൻറ്റെ റാണിയായി പരിലസിക്കുന്നു. വിമാനത്തിലിരുന്നുകൊണ്ട് പനാമ സിറ്റിയെ വീക്ഷിച്ച ഞങ്ങൾക്ക് അത് ന്യൂയോർക്കിലെ മൻഹാട്ടൻ ദ്വീപുപോലെയാണ് തോന്നിയത്. അംബരചുംബികളായ സൗധങ്ങൾ, ബൃഹത്തായ അവന്യൂകൾ, വീതിയും വെടിപ്പുമുള്ള ഹൈവേകൾ, നല്ല ട്രാഫിക് സംവിധാനം, വിശാലമായ പാർക്കുകൾ, നൂറുകണക്കിന് കപ്പലുകളും ബോട്ടുകളും അണിനിരക്കുന്ന സുന്ദരമായ തുറമുഖം, മനോഹരമായ ബീച്ചുകൾ തുടങ്ങിയവ പനാമ സിറ്റിയുടെ സവിശേഷതകളാണ്. നഗരം സംവിധാനം ചെയ്ത കാലഘട്ടത്തിൽതന്നെ പസഫിക് തീരത്തെ പനാമ സിറ്റിയുമായി അറ്റ്ലാൻറ്റിക് തീരതുറമുഖമായ പോർട്ടോബലോയെ കിംഗ്സ് ഹൈവെയുമായി ബന്ധിപ്പിച്ചിരുന്നു. അതുകൊണ്ട് പനാമയ്ക്ക് തെക്കും വടക്കുമുള്ള കോളനികളിലുള്ള സ്വർണ്ണവും വെള്ളിയും മറ്റുൽപ്പന്നങ്ങളും സ്പെയിനിലെത്തിക്കുവാൻ പര്യാപ്തമായി. ഈ സൗകര്യം മൂലമാണ് പനാമ, തെക്ക് വടക്ക് മദ്ധ്യ അമേരിക്കകളുടെ ക്രോസ് റോഡ്സ് എന്ന് വിളിക്കപ്പെടുന്നത്.
പനാമ സിറ്റിയുടെ നിർമ്മാണം മികച്ച ടൌണ് പ്ലാനിംഗ് രീതിയിൽത്തന്നെയാണ്. ഗവർണ്ണരുടെ പാലസ്, പാർലമെൻറ്റ് മന്ദിരം, സുപ്രീം കോടതി, വിദേശരാജ്യങ്ങളുടെ സ്ഥാനപതിമന്ദിരങ്ങൾ എന്നീ സുപ്രധാന സ്ഥാപനങ്ങൾ നഗരത്തിൻറ്റെ ഹൃദയ ഭാഗത്താണ്. 1903 നവംബർ മൂന്നാം തീയതി പനാമ ഒരു സ്വതന്ത്രരാജ്യമായ അന്നുമുതൽ പനാമ സിറ്റി അതിൻറ്റെ തലസ്ഥാനനഗരിയാണ്. സിറ്റിയിലെ ചില മ്യൂസിയങ്ങൾ കൊളോണിയൽ വാഴ്ചയുടെ കാലഘട്ടത്തെ സൂചിപ്പിക്കുന്നു. സ്പാനിഷ് കോളനികളുടെ സ്വാതന്ത്ര്യത്തിനായി ധീരധീരം പൊരുതിയ വെനസ്വേലക്കാരൻ സൈമണ് ബോളിവറുടെ പേരിലുള്ള റോഡുകളും പാർക്കുകളും നഗരത്തിൽ സുലഭമാണ്. 'പ്ലാസ ദി ഇൻഡിപെൻഡൻ സ്യാ' എന്ന സെൻട്രൽ പ്ലാസയിൽ വച്ചാണ് പനാമയുടെ സ്വാതന്ത്ര്യപ്രഖ്യാപനം നടന്നത്. ഈ ഭാഗത്തുള്ള ഹോട്ടൽ സെൻട്രൽ ആ കാലഘട്ടത്തിൽ ഉന്നതന്മാരുടെ ഭോജനശാലയായിരുന്നു. ലോപ്പസ് പറഞ്ഞത് ഇപ്പോൾ അത് അടഞ്ഞുകിടക്കുകയാണെന്നും താമസിയാതെ പ്രവർത്തനക്ഷമമാകുമെന്നാണ്. ചരിത്ര മ്യൂസിയവും കോർപറേഷൻ ഓഫീസും വമ്പൻ ഹോട്ടലിൻറ്റെ സമീപത്താണ്. സ്വർണ്ണനിർമ്മിതമായ മദ്ബഹയോടുകൂടിയ സെൻറ്റ് ജോസഫ് കത്തീഡ്രൽ പനാമ സിറ്റിക്ക് അലങ്കാരമാണ്. നിരവധി ഷോപ്പിംഗ് കോംപ്ലക്സുകൾ, സാന്താ ആനാ പാർക്ക്, പ്ലാസാ ദി സിങ്കോദിമാജോ തുടങ്ങിയവയും കൗതുകകരമാണ്. പസഫിക്കിൻറ്റെ ഈ പൊട്രോപ്പോളീസിനെ ചുരുക്കി വിവരിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. നമ്മുടെ ന്യൂഡൽഹി പോലും അതിൻറ്റെ ശതവാർഷികം ആഘോഷിച്ചിട്ടില്ല. എന്നാൽ പനാമ സിറ്റി, പനാമയുടെ രാജധാനി ആയതിൻറ്റെ നൂറാം വാർഷികം 2003-ൽ കെങ്കേകമമായി ആഘോഷിച്ചു. (തുടരും)..

(എം.സി ചാക്കോ മണ്ണാറക്കാട്ടിൽ)

എൻറ്റെ ഗ്രാമം - മധുരസ്മരണകൾ

ഞാൻ പിച്ചവച്ചു നടന്ന ശൈശവവും, കളിച്ചു തിമിർത്തുനടന്ന ബാല്യവും പ്രണയത്തിൻറ്റെ പൂത്തുമ്പികളെ തേടിനടന്ന കൗമാര യൗവ്വനങ്ങളും എനിക്ക് സമ്മാനിച്ച മനോഹരിയായ എൻറ്റെ നീണ്ടൂർ ഗ്രാമം. പതിനാലു വാർഡുകളുൾക്കൊള്ളുന്ന കോട്ടയം ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് നീണ്ടൂർ. പ്രകൃതി സൗന്ദര്യംകൊണ്ടും ജൈവവൈവിദ്ധ്യങ്ങൾക്കൊണ്ടും സമ്പന്നമായ ഈ ഗ്രാമത്തിന് വ്യത്യസ്തങ്ങളായ ഒട്ടനവധി പ്രത്യേകതകളുണ്ട്. പച്ച പട്ടുവിരിച്ച നെൽവയലുകളും കനാലുകളും നീണ്ടൂരിൻറ്റെ പ്രകൃതി ഭംഗിയെ സമ്പന്നമാക്കുന്നു. കിളികൾ കളകളം മുഴക്കുന്ന നാട്ടിടവഴികളും, കുരിശിൻ തൊട്ടിയും, സർപ്പക്കാവുകളും നീണ്ടൂരിൻറ്റെപരിസ്ഥിതി സംരക്ഷണത്തിൻറ്റെ മാറ്റ് കൂട്ടുന്നു.
എൻറ്റെ ബാല്യവും കൗമാരവും യൗവ്വനവും കടന്നുവന്ന നീണ്ടൂരിൻറ്റെ പ്രകൃതിയ്ക്ക് എന്നും നന്മയുടെയും സ്നേഹത്തിൻറ്റെയും ഗന്ധമുണ്ടായിരുന്നു. എന്നിലെ വ്യക്തിത്വം രൂപപ്പെടുത്താൻ ഈ നാടിൻറ്റെ സ്പന്ദനങ്ങൾ വഹിച്ച പങ്ക് വളരെയാണ്. അഭ്രപാളികളിലെന്നപോലെ എൻറ്റെ മിഴിവാർന്ന ചിത്രങ്ങൾ മനസ്സിൽ തെളിയുമ്പോൾ ഓർമ്മകളെന്നെ പ്രിയപ്പെട്ട വിദ്യാലയ മുറ്റത്തേയ്ക്ക് കൂട്ടിക്കൊണ്ട് പോവുകയാണ്. സ്കൂൾ തുറക്കുമ്പോൾ പുത്തനുടുപ്പും ധരിച്ച് കൂട്ടുകാരുടെ കൂടെ സ്കൂളിലെത്തിയ ദിവസം കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി ചുറ്റും കുസൃതി കുടുക്കകളോടോപ്പം വാശി പിടിച്ച ദിനങ്ങൾ. അക്ഷരമന്ത്രങ്ങൾ ഉരുവിട്ട് തന്ന് അകക്കണ്ണ് തെളിയിച്ച എൻറ്റെ പ്രിയപ്പെട്ട ഗുരുനാഥൻമാർ. അങ്ങനെയെത്രയെത്ര കാര്യങ്ങൾ. നീണ്ടൂർ എസ്.കെ.വി ഗവണ്മെൻറ്റ് ഹൈസ്ക്കൂളിലായിരുന്നു എൻറ്റെ വിദ്യാഭ്യാസം. നിരവധി പ്രതിഭകളെ സംഭാവന ചെയ്യുന്നതിൽ ഈ വിദ്യാലയവും സ്തുത്യർഹമായ പങ്കുവഹിച്ചിട്ടുണ്ട്.
ബാല്യകാല സ്മരണകളിലേയ്ക്ക് തിരിച്ചുപോകുമ്പോൾ എൻറ്റെ മനസ്സിൽ പച്ചപിടിച്ചു നിൽക്കുന്ന മറ്റൊരു ചിത്രം നീണ്ടൂരിലെ വായനശാലയുടെതാണ്. ആ വായനശാലയിലെ റേഡിയോയിൽ നിന്നും മൈക്കിലേയ്ക്ക് ഘടിപ്പിച്ച് ഒഴുകിയെത്തുന്ന സംഗീതത്തിൻറ്റെ അലകൾ ഇന്നും എൻറ്റെ കാതിൽ മുഴങ്ങുന്നു. നീണ്ടൂരിലെ ആബാലവൃദ്ധം ജനങ്ങളും വായനശാലയ്ക്ക് മുൻപിൽ സായഹ്ന്നങ്ങളിൽ തടിച്ചുകൂടുമായിരുന്നു. നീണ്ടൂരിലെ പഴയ ജിജോ ടാക്കീസ് എന്ന സിനിമാ തീയറ്റർ പ്രണയത്തിൻറ്റെയും വിരഹത്തിൻറ്റെയും ചിരിയുടെയും ഓർമ്മകളുണർത്തി മനസ്സിൽ ഇന്നും നിൽക്കുന്നു. ഞാനാദ്യമായി വെള്ളിത്തിരയിൽ സിനിമ കണ്ടത് ഇവിടെയായിരുന്നു. ആ ഓർമ്മകളിൽ ഒരു നൊമ്പരം മാത്രം അവശേഷിക്കുന്നു - ആ സിനിമാ തീയറ്റർ ഇന്നില്ല.
പ്രകൃതിരമണീയമായ നീണ്ടൂർ ഗ്രാമത്തിന് ഉന്നതമായ മറ്റൊരു പാരമ്പര്യമുണ്ട്. അത് മതസൗഹാർദ്ദത്തിൻറ്റേതാണ്. ഹിന്ദു-ക്രിസ്ത്യൻ സഹോദരങ്ങൾ ഒരമ്മപെറ്റ മക്കളെപ്പോലെ പരസ്പ്പര സൗഹാർദ്ദത്തോടെ ജീവിക്കുന്ന എൻറ്റെ ഗ്രാമം കേരളത്തിനു തന്നെ മാതൃകയാണ്. വിശുദ്ധ മിഖായേൽ മാലാഖയുടെ പള്ളി, കുറ്റ്യാനിക്കുളങ്ങര ഭഗവതി ക്ഷേത്രം എന്നീ ആരാധനാലയങ്ങൾ നീണ്ടൂർ ഗ്രാമത്തിലെ മതസൗഹാർദ്ദത്തിൻറ്റെ സംഗമ വേദികളാണ്. നീണ്ടൂർ പള്ളിയിലെ പെരുന്നാളും അമ്പലത്തിലെ പൂരം മഹോത്സവവും ജാതിമത ഭേദമില്ലാതെ ഈ നാട്ടിലുള്ള എല്ലാവരും ആഘോഷിക്കുന്നു. ഗ്രാമോദ്ധാരണ കാലത്ത് ആദ്യമായി വൈദ്യുതിയെത്തിയ കോട്ടയം ജില്ലയിലെ അപൂർവ്വം ഗ്രാമങ്ങളിൽ ഒന്നാകാനുള്ള ഭാഗ്യവും നീണ്ടൂരിനുണ്ടായി.
സാംസ്ക്കാരികവും മതസൗഹാർദ്ദപരവുമായ പാരമ്പര്യത്തോടൊപ്പം നീണ്ടൂരിന് അഭിമാനാർഹമായ മറ്റൊരു പൈതൃകവും കൂടിയുണ്ട്. അത് കാർഷിക സംസ്കൃതിയുടെതാണ്. കോട്ടയം ജില്ലയിലെ ഒരു നെല്ലറയായി വേണമെങ്കിൽ നീണ്ടൂർ പഞ്ചായത്തിനെ വിശേഷിപ്പിക്കാം. ബഹുഭൂരിപക്ഷം ജനങ്ങളും കാർഷിക മേഖലയെ ആശ്രയിച്ചു ജീവിക്കുന്നവരായിരുന്നു. നെൽകൃഷി നേരിടുന്ന പ്രതിസന്ധി മൂലം ഇപ്പോൾ കൃഷി ചെയ്യുന്ന വിസ്തീർണ്ണം വളരെയധികം കുറഞ്ഞു. കാർഷിക മേഖലയുമായി ബന്ധപ്പെട്ട് തലയുയർത്തി നിൽക്കുന്ന ഒരു വ്യവസായിക സംരംഭമാണ് നീണ്ടൂർ റൈസ്. സർവ്വീസ് സഹകരണ ബാങ്കിൻറ്റെ കീഴിലുള്ള ഇവിടെ ഉൽപ്പാദിപ്പിക്കുന്ന മിക്കയിനം കുത്തരികളും ഇന്ന് കേരളമാകെ വിപണനം ചെയ്യുന്നുണ്ട്.
എൻറ്റെ ഗ്രാമം ഇന്ന് വളരെയധികം മാറിയിരിക്കുന്നു. ജനങ്ങളുടെ ജീവിത നിലവാരം ഒരുപാട് ഉയർന്നിരിക്കുന്നു. കാർഷിക മേഖലയെ മാത്രം ആശ്രയിച്ചു ജീവിച്ചിരുന്ന നീണ്ടൂരിനു ഉയർച്ചയുടെയും പുരോഗതിയുടെയും മുഖം നൽകിയത് വിദേശത്തുള്ളവരുടെ വിയർപ്പുതുള്ളികളാണ്. വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്ന നഴ്സുമാരുടെ പങ്ക് പ്രത്യേകം എടുത്തു പറയേണ്ടതാണ്. നീണ്ടൂരിൻറ്റെ വിദ്യാഭ്യാസപരമായ മുന്നേറ്റമാണ് ഈ നേട്ടങ്ങൾക്കെല്ലാം കാരണം.
ഒരു പ്രവാസിയായ എന്നിൽ എന്നും എൻറ്റെ ഗ്രാമത്തെക്കുറിച്ചുള്ള ചിന്തകളാണ്. നന്മകളാൽ സമൃദ്ധമായ സ്വന്തം ഗ്രാമത്തിലൂടെ എൻറ്റെ ചിന്തകൾ പ്രയാണം തുടരുന്നു. നീണ്ടൂർ പ്രവാസിയുടെ വായനക്കാർക്ക് ജന്മനാടിനെക്കുറിച്ചുള്ള ഓർമ്മകൾ പുതുക്കുവാൻ ഇത് സഹായിച്ചു എന്ന വിശ്വാസത്തോടെ നിർത്തുന്നു.

(സജി മാത്യു കാഞ്ഞിരത്തിങ്കൽ)


പുതിയ സിനിമ - 'ദൈവത്തിൻറ്റെ സ്വന്തം ക്ലീറ്റസ്'

ഓണച്ചിത്രമായി ആദ്യം പുറത്തുവന്ന മമ്മൂട്ടി ചിത്രം 'ദൈവത്തിൻറ്റെ സ്വന്തം ക്ലീറ്റസ്' പ്രേക്ഷകരുടെ പ്രതീക്ഷകളേയും, അതിലുപരി മുൻവിധികളെയും ഒരു പരിധി വരെ തരണം ചെയ്തു എന്ന് വേണം മനസ്സിലാക്കാൻ. ഒട്ടേറെ ആനുകാലിക സാമൂഹിക നാടകങ്ങൾക്കും തുടർന്ന് ഒട്ടനവധി ജനപ്രിയ സിനിമകൾക്കും തിരനാടകം രചിച്ച ബെന്നി പി നായരമ്പലത്തിൻറ്റെ നാടക പശ്ചാത്തലത്തിൽ, മമ്മൂട്ടിയുടെ എല്ലാ മാനറിസങ്ങളെയും കോർത്തിണക്കി മെനഞ്ഞെടുത്ത തിരക്കഥ തന്നെയാണ് ചിത്രത്തിൻറ്റെ ഹൈലൈറ്റ്. ലളിതമായ കഥയും, തരക്കേടില്ലാത്ത അവതരണ ശൈലിയും, സാങ്കേതിക മികവും ചിത്രത്തെ രക്ഷപെടുത്തിയേക്കും.

മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിൻറ്റെ രൂപഭാവങ്ങൾ തന്നെയാണ് ചിത്രത്തെ ശ്രദ്ധേയമാക്കുന്നത്. ഓണം- റംസാൻ പ്രമാണിച്ച് മൂന്ന് മമ്മൂട്ടിച്ചിത്രങ്ങളാണ് ഒന്നിനു പിറകെ ഒന്നായി ഇറങ്ങിയത്. ഗംഭീര ചിത്രമെന്നൊന്നും പറയാൻ‍ പറ്റില്ലെങ്കിലും ഒരു ശരാശരി മികവോടെ അല്ലെങ്കിൽ‍ 'കടൽ കടന്നൊരു മാത്തുക്കുട്ടി' യേക്കാൾ‍ താഴാതെ 'കുഞ്ഞനന്തൻറ്റെ കട'‍ പോയിക്കൊണ്ടിരിക്കുമ്പോഴാണ് ക്ലീറ്റസ് എത്തുന്നത്.


മമ്മൂട്ടിയുടെ പുതിയ ലുക്കുള്ള പോസ്റ്ററുകളും ട്രെയിലറുകളും പാട്ടുകളുമെല്ലാം കണ്ട് പ്രതിക്ഷയോടെയാണ് പ്രേക്ഷകർ‍ തിയേറ്ററിലെത്തുന്നത്. ഒന്നാന്തരം ഗുണ്ടയായിട്ടാണ് ക്ലീറ്റസ് എന്ന കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. പ്രത്യേക സാഹചര്യത്തിൽ ക്ലീറ്റസിന് ഒരു ലൈറ്റ് & സൌണ്ട് ഷോയിൽ യേശുക്രിസ്തുവായി അഭിനയിക്കേണ്ടി വരുന്നു. അങ്ങനെ വടക്കുന്തല തിയേറ്റേഴ്‌സിൻറ്റെ ക്രിസ്തുവായി മാറുന്നതോടെ ക്ലീറ്റസിൻറ്റെ ജീവിതത്തിൽ‍ വന്നുഭവിക്കുന്ന അവിചാരിത സംഭവങ്ങളാണ് കഥയെ മുന്നോട്ട് കൊണ്ടു പോകുന്നത്. ചിത്രത്തിൻറ്റെ ആദ്യ പകുതിയിൽ‍ മമ്മൂട്ടി ആരാധകർക്ക് കൈയ്യടിക്കാനുള്ള അവസരമുണ്ടെങ്കിലും രണ്ടാം പകുതിയിലെത്തുമ്പോൾ അത് നഷ്ടമാകുന്നുണ്ടോ എന്ന് തോന്നും. ക്ലൈമാക്‌സാണെങ്കിൽ‍ ഒരു സമ്മിശ്രപ്രതികരണത്തിനുള്ള വകയാണൊരുക്കുന്നത്. സൂരാജിൻറ്റെ തമാശകളും സിദ്ദിക്കിൻറ്റെ അഭിനയവും മികച്ചതു തന്നെ. പക്ഷേ ന്യൂ ജനറേഷൻ‍ സിനിമകളിലൂടെ ശ്രദ്ധേയയായ ഹണി റോസിന് ചിത്രത്തിൽ അത്ര കണ്ട് തിളങ്ങാൻ‍ കഴിഞ്ഞില്ല. ഫ്ലാഷ് ബാക്ക് രംഗങ്ങളിലും മറ്റുമുള്ള മമ്മൂട്ടിയുടെ അഭിനയം മികച്ചതായിരുന്നു. മമ്മൂട്ടി കുരിശുമരണം അഭിനയിക്കുന്ന രംഗത്ത് തിയേറ്ററിൽ‍ കയ്യടിയുടെ ആരവങ്ങളായിരുന്നു.

കഴിവുണ്ടായിട്ടും പല സംവിധായകർ‍ക്കും അസോസിയേറ്റ് ആയി നിൽക്കേണ്ടി വന്ന സംവിധായകനായിരുന്നു ജി. മാർത്താണ്ഡൻ‍. ഷാജി കൈലാസ്, രഞ്ജിത്ത്, രഞ്ജി പണിക്കർ‍, ലാൽ‍, ഷാഫി, ടി.കെ. രാജീവ് കുമാർ, അൻവർ‍ റഷീദ് എന്നിവരുടെയൊക്കെ അസോസിയേറ്റ് ആയി വർഷങ്ങളോളം കഴിയുകയായിരുന്നു മാർ‍ത്താണ്ഡൻ‍. ഒടുവിൽ‍ ശാപമോക്ഷം കിട്ടിയത് ബെന്നി പി. നായരമ്പലത്തിൻറ്റെ ഈ തിരക്കഥ കൊണ്ടായിരുന്നു. മുരുകൻ കാട്ടാക്കടയുടെ "നവ യുഗ യവനിക ഞൊറികൾ വിടർത്തി "എന്ന ടൈറ്റിൽ സോംഗ് മറഞ്ഞു പോയ പഴയ നാടക സ്മൃതികളെ ഉണർത്തുന്നു. മമ്മൂട്ടിയുടെ സഹ നിർമ്മാതാവ് ആൻറ്റോ ജോസഫ് സിനിമ നിർ‍മ്മിക്കാൻ സഹായവും നല്‍കി.

(ബാബു തോട്ടത്തിൽ)


നീണ്ടൂരിൻറ്റെ മദ്യപാനപുരാണങ്ങൾ

പ്രവട്ടത്തെ ഷാപ്പ് പകരുന്ന ഭൂതകാലാനുഭവങ്ങൾ
പിണക്കങ്ങൾ ഉണ്ടാവുന്നതും -
കല്യാണാലോചനകൾ നടക്കുന്നതും -
പരപുരുഷ വേഴ്ച്ചകളുടെ രഹസ്യച്ചുരുളഴിയുന്നതും -
കാശിൻറ്റെയും കടങ്ങളുടെയും -
കണക്കവതരിപ്പിക്കുന്നതും -

അവിടെ - ആ അർദ്ധവൃത്തത്തിൽ -
നീണ്ടൂരിൻറ്റെ ഇതിഹാസങ്ങൾ അവിടെയുറങ്ങുന്നു.
കത്തിക്കുത്തുകൾ -
വടിവാൾ വീശലുകൾ -
ആണായ്മ കാണിക്കലുകൾ -

തലമുറകൾ മുണ്ട് കേറ്റിക്കുത്തിയും തോർത്ത് -
തലവഴി മൂടിയും അതിലെ കേറിയിറങ്ങി -
നടന്നു.

ഷാപ്പിലെ കറിയുടെ രുചി നാവിൽ സൂക്ഷിച്ച
പിൻകാല തലമുറകൾ.
നീണ്ടൂരിൻറ്റെ സംസ്ക്കാരങ്ങൾ ആരംഭിച്ചത്
അവിടെ നിന്നാണ്.

വാർദ്ധ്യക്കങ്ങൾ ഇരുന്ന് കുടിക്കുകയും
ചെറുതുകൾ പിന്നാമ്പുറങ്ങളിൽ നിന്ന്
കുടിക്കുകയും ചെയ്തുകൊണ്ട് സംസ്കാരങ്ങൾ
ആരംഭിച്ചു.

ബോട്ടടുത്തുകൊണ്ടിരുന്ന പ്രാവട്ടത്തെ
വലിയ തോട്ടിൽ പായൽ അടിഞ്ഞുകെട്ടി.
പോളവനങ്ങളായി - മാറിയ തോടുകൾ
ബോട്ടുകൾ അടുക്കാതായി.

തോട്ടിലെ ജലനിരപ്പ്‌ ചാഞ്ഞും ചരിഞ്ഞും കിടന്നു.
ഷാപ്പ്‌ മാത്രം മാറാതെ -
നനയാതെ - വീരപുത്രന്മാരെ സൃഷ്ടിച്ചും
സംഹരിച്ചും -

കാലില്ലാത്ത മാടക്കടക്കാരൻറ്റെ സിഗരറ്റുകൾ
വാങ്ങി വലിച്ച് ഒരു ജനത -
വിലകൾ മാറിപ്പോയിരിക്കുന്നു.
നികുതികളും ഉൽപ്പാദകരും.

ഇന്നിരുന്നു കുടിക്കുന്നത് ചെറുപ്പമാണ്
നീണ്ടൂരിൻറ്റെ യുവത്വം.
പിന്നാമ്പുറങ്ങളിൽ - ആളില്ലായ്മകളിൽ
നിന്ന് കുടിച്ചും വേഗം മറയുന്നത്
കാർന്നോന്മാരാണ്.

സംസ്ക്കാരങ്ങളിൽ നിന്ന് പുറത്താക്കപ്പെട്ടവർ
തങ്ങളുടെ വേഷം എന്തായിരുന്നുവെന്ന്
ഇന്നും വേദനയോടെ തിരയുന്ന ഒരു വർഗ്ഗം.

സംസ്ക്കാരങ്ങൾ മാറി മാറി വരുന്നു
പക്ഷെ ഒന്ന് മാത്രം -

അന്നും ഇന്നും നീണ്ടൂർക്കാർ മദ്യപിച്ചുകൊണ്ടിരിക്കുന്നു.
തെറ്റിപ്പോകാത്ത നിയതിയുടെ നിയമം
നിയതിയുടെ നീതികൾ നീണ്ടൂരിലെത്താൻ
ഇനിയും എത്ര നാൾ - ?


(സിറിയക് കടവിച്ചിറ)

നീണ്ടൂർ ഗ്രാമം (കവിത)

നീണ്ടൂർ ഗ്രാമത്തിൻ മാറിൽ വിടർന്നതാം
പൂമുല്ലമൊട്ടുകളല്ലൊ നമ്മൾ.
അക്കൊച്ചുഗ്രാമത്തിന്നോർമ്മതൻ പൂത്തിരി
ഒന്നൊന്നായ്കത്തിക്കാൻ ഒത്തുചേരാം.

പൂത്തുലഞ്ഞാടുന്ന നെൽപ്പാടവും
പിന്നെ കേരം നിറഞ്ഞതാം കേദാരവും
കപ്പയും കാച്ചിലും കൈപ്പക്കയും പഴ-
ക്കുലകളും കമ്പിളിനാരകവും.

കേതകം പാറ്റും നറുമണവും, പൂത്തി-
ലഞ്ഞിയും മുരിങ്ങയും മുരിക്കുമുണ്ട്;
പിച്ചകവും ചെമ്പരത്തിയും മുല്ലയും
നന്ദ്യാർവട്ടവും കാട്ടുറോസും.

ചെമ്പകപ്പൂവുണ്ട് ചെന്താമാരയുണ്ട്
അമ്പലക്കുളവും ആമ്പൽക്കൂട്ടവും
കുറ്റ്യാനിക്ഷേത്രത്തിൽ ദേവിയു, ണ്ടപ്പുറം
മാലാഖ വാഴുന്ന പള്ളിയുണ്ട്.

കൈപ്പുഴ സ്കൂളും പ്രാവട്ടവും പള്ളി-
പള്ളിക്കൂടവും മുടക്കാലിപ്പാലോം
സർക്കാരുസ്കൂളും മുൻ ഗോവണിപ്പാലവും
വില്ലേജ് ഹാളുമിന്നോർമ്മിച്ചീടാം.

നാനാമതസ്തരും ഏകമനസ്സോടെ
ഒരുമയായ് വാഴുന്ന പുണ്യദേശം.
ഇന്നീയമേരിക്കയാം പറുദീസയിൽ
വസിക്കും നിൻമക്കളെ കാക്ക നീ ഈശ്വരാ!!

(1997-ൽ ന്യൂയോർക്കിൽ വച്ചു നടന്ന പ്രഥമ നീണ്ടൂർ സംഗമത്തിൽ, സംഗീതസംവിധായകൻ ശ്രീ കെ.ജി ജയൻ ആലപിച്ചത്)

(പീറ്റർ കുഴിയിൽ)

യാത്രാ വിവരണം: പനാമ-പെറു-മച്ചുപിച്ചു യാത്ര

അറ്റ്ലാൻറ്റിക്-പസഫിക് മഹാസമുദ്രങ്ങളെ ഒരു കോട്ട പോലെ തടഞ്ഞുനിർത്തുകയും വടക്ക്-തെക്ക് അമേരിക്കകളെ യോജിപ്പിക്കുകയും ചെയ്യുന്ന പനാമ, പ്രകൃതിസൗന്ദര്യത്താൽ അനുഗൃഹീതയാണ്. ഇരുപതാം നൂറ്റാണ്ടിലെ ഇതിഹാസമെന്നു വിശേഷിപ്പിക്കാവുന്ന 'പനാമാ കനാൽ' ഈ രാജ്യത്തിൻറ്റെ ഏറ്റവും വലിയ സവിശേഷതയാണ്. ആയിരത്തിയഞ്ഞൂറിലധികം ദ്വീപുകളും അഞ്ഞൂറ്റിപ്പതിനെട്ടു നദികളും മൂവായിരം കിലോമീറ്റർ കടൽത്തീരവും ഉഷ്ണമേഖലയിലെ കൊടുംകാടുകളും വൻ പർവ്വതശിഖരങ്ങളും അനേക ഇനം പക്ഷിമൃഗാദികളും നിറഞ്ഞ പനാമ ദേശം നമ്മുടെ കൊച്ചുകേരളത്തിൻറ്റെ ഇരട്ടി വലിപ്പം മാത്രമുള്ള സൗന്ദര്യഭൂമിയാണ്. എന്നാൽ ജനസംഖ്യ കേരളത്തിൻറ്റെ പത്തിലൊന്ന് മാത്രമാണ്. വിദേശസഞ്ചാരികളാൽ എന്നും തിരക്കേറിയ പനാമയിലെ സഞ്ചാരവും താമസവും ആവേശജന്യമാണ്. തികച്ചും ആസ്വാദ്യകരവുമാണ്. കഴിഞ്ഞ ഒരു വർഷം പനാമ സന്ദർശിച്ച വിദേശികളുടെ എണ്ണം പതിനൊന്നു ലക്ഷമെന്ന് അവിടുത്തെ ടൂറിസം വകുപ്പ് വ്യക്തമാക്കി. വടക്കേ അമേരിക്കക്കാർ, കാനഡക്കാർ, യുറോപ്യന്മാർ, കരീബിയൻ ദേശക്കാർ എന്നിവരാണ് സന്ദർശകരിൽ മുഖ്യർ. ജപ്പാൻകാരും ചൈനാക്കാരും ചുരുക്കം ഇന്ത്യാക്കാരും സന്ദർശകരിൽ പെടുമെന്നവർ ചൂണ്ടിക്കാട്ടി. പനാമ കനാലിൽക്കൂടി, പനാമ മുറിച്ചുകടക്കുന്ന കപ്പൽസഞ്ചാരികളുടെ സംഖ്യ വേറെയാണ്.
ഈവിവരണത്തിൻറ്റെ രണ്ടാംഭാഗം പെറുവിനെ കുറിച്ചാണ്.ഒരു കാലത്ത് ഇൻകാസാമ്രാജ്യമായിരുന്ന പെറു എ.ഡി.1535-ൽ ഫ്രാൻസിസ്കോ പിസാറോ എന്ന സ്പാനീഷ്നാവികനു കീഴടങ്ങി. ഇൻകാകളുടെ മച്ചുപിച്ചുഇരുപതാം നൂറ്റാണ്ടിലാണ് ലോകത്തിനു വെളിപ്പെട്ടത്. ആൻഡീസ്പർവതമേഖലയാലും കൊടുമുടികളാലും പെറു മനോഹരമായിരിക്കുന്നു. അവിടെമേഞ്ഞുനടക്കുന്ന ലാമ, അല്പാക്ക, വികൂഞ്ഞഎന്നീ വളർത്തുമൃഗങ്ങൾ സന്ദർശകരുടെ ശ്രദ്ധയാകർഷിക്കുന്നു. റ്റിറ്റി കക്കാ തടാകമെന്നജലാശയം സമുദ്രനിരപ്പിൽ നിന്നും പതിനയ്യായിരം അടിമുകളിലാണെന്നോർക്കുമ്പോൾ പ്രകൃതി പെറുവിനെ സമഗ്രമായിഅനുഗ്രഹിച്ചിരിക്കുന്നു എന്നു കാണാം. എണ്‍പതു ലക്ഷംജനങ്ങൾ അധിവസിക്കുന്ന ലിമ നഗരംപെറുവിൻറ്റെ തലസ്ഥാനമായി വിരാജിക്കുന്നു. ആമസോണ്‍ നദി ഉത്ഭവിക്കുന്നത്പെറുവിൽനിന്നാണ്‌.
പനാമയെപ്പറ്റിയും പെറുവിനെപ്പറ്റിയും അറിയുവാൻ ആഗ്രഹിക്കുന്നവർക്കും അവിടെപോകാൻ താൽപ്പര്യമുള്ളവർക്കും ഈ വിവരണം പ്രയോജനപ്പെടട്ടെ എന്ന് ആശിക്കുന്നു.

സഞ്ചാരിത്രയം പനാമ സിറ്റിയിൽ
പല ഏഷ്യനാഫ്രിക്കൻ രാജ്യങ്ങളിൽ പര്യടനം നടത്തിക്കഴിഞ്ഞപ്പോൾ സഞ്ചാരപധം ഒന്ന് മാറ്റിയാലെന്തെന്ന് ആലോചിച്ചു. മനസ്സിൽ ലാറ്റിനമേരിക്ക തെളിഞ്ഞുവന്നു. ഒട്ടും മടിച്ചില്ല. പനാമയും പെറുവും സമീപസ്ഥരാജ്യങ്ങളും ലക്ഷ്യമിട്ടു. കൂട്ടിനാര്? സ്ഥിരം സഹചാരിയായ ഡോക്ടർ പോൾസണ്‍ റെഡിയെന്നറിയിച്ചു. അദ്ദേഹത്തിൻറ്റെ സുഹൃത്തും ന്യൂയോർക്ക് സിറ്റി ടെക്നിക്കൽ കോളേജിലെ എഞ്ചിനീയറിംഗ് വിഭാഗം ഡീൻ ആയിരുന്ന ഡോക്ടർ ശങ്കർ ശാസ്ത്രിയും ഞങ്ങൾക്കൊപ്പം യാത്ര ചെയ്യുവാൻ താൽപ്പര്യം പ്രകടിപ്പിച്ചു.ബാംഗ്ലൂരിലെ ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എന്ന സ്ഥാപനത്തിൽ നിന്നും ബിരുദവും യു.എസിൽ നിന്നും ബിരുദാനന്തര ബിരുദവും നേടിയ തമിഴ് ബ്രാഹ്മണനാണ് ഡോക്ടർ ശങ്കർ ശാസ്ത്രി. അദ്ദേഹത്തിൻറ്റെ സാന്നിധ്യം ഞങ്ങൾക്കും, താന്താങ്ങളുടെ പ്രവൃത്തിമേഖലകളിൽ നിന്നും വിരമിച്ച മൂവരും ഒത്തൊരുമിച്ചുള്ള യാത്ര, ഞങ്ങൾക്ക് മൊത്തത്തിലും പ്രയോജനപ്പെട്ടു.

ന്യൂയോർക്കിലെ കെന്നഡി വിമാനത്താവളത്തിൽനിന്നും ലാറ്റിനമേരിക്കൻ നഗരങ്ങളിലേക്ക് ധാരാളം വിമാനക്കമ്പനികൾ സർവീസ് നടത്തുന്നുണ്ട്. അമേരിക്കൻ വിമാനക്കമ്പനികളും തെക്കേ അമേരിക്കയിലെ എയർലൈൻസുകളും ഇവയിലുൾപ്പെടും. പനാമേനിയൻ വ്യോമയാന കമ്പനിയായ 'കോപ്പാ എയർലൈൻസ്' ആണ് ഇവയിൽ ഏറ്റവും മെച്ചപ്പെട്ട ഓഫർ തന്നത്. അവർ തന്ന പാക്കേജ് പ്രകാരം ഞങ്ങൾ മൂന്നുപേരും 2005 സെപ്റ്റംബർ ഏഴിന് പനാമയിലേക്ക് പുറപ്പെട്ടു. ന്യൂയോർക്കിൽനിന്നും പറന്നുയർന്ന്, അറ്റ്ലാൻറ്റിക്കിൻറ്റെ ഓരം ചേർന്നു തെക്കുപടിഞ്ഞാറോട്ട് അഞ്ചുമണിക്കൂർ പറന്ന, കോപ്പാ എയർലൈൻസിൻറ്റെ കൂറ്റൻ വിമാനം ഞങ്ങളെ പനാമയുടെ തലസ്ഥാനനഗരിയായ പനാമ സിറ്റിയിലെ ടോക്കുമെൻ (Tocumen) അന്തർദേശീയ വിമാനത്താവളത്തിലെത്തിച്ചു. അറ്റ്ലാൻറ്റിക്കിൻറ്റെ തീരത്തുനിന്നാരംഭിച്ച അഞ്ചു മണിക്കൂർ യാത്ര അവസാനിക്കുന്നത് പസഫിക് തീരത്താണ്. യാത്രയുടെ അന്ത്യഘട്ടത്തിൽ വിമാനം പനാമയ്ക്കു കുറുകെ കടന്നാണ് പനാമ സിറ്റിയിലെത്തിയത്. നഗരം പസഫിക് മഹാസമുദ്രതീരത്താണ്. വിമാനത്താവളത്തിലെ ലഘുവായ പരിശോധനകൾ കഴിഞ്ഞ് പതിനഞ്ചുമിനിറ്റിനകം ഞങ്ങൾ എയർപോർട്ടിനു വെളിയിലിറങ്ങി. ടൂറിസം വകുപ്പിൽനിന്നും ലഭിച്ച ഉപദേശമനുസരിച്ച് ഞങ്ങൾ എയർപോർട്ട് ടാക്സിയിൽ പനാമ നഗരത്തിലെ 'ലാ എസ്പാഞ്ഞ' തെരുവിലെ മോണ്‍ട്രിയോൾ ഹോട്ടലിലെത്തി. എയർപോർട്ടിൽ നിന്നും ഇരുപതു കിലോമീറ്റർ ദൂരെയാണ് പനാമ സിറ്റി.
എയർപോർട്ട് വക ടാക്സിയുടെ ഡ്രൈവർ ഹൊസെ എന്നു പേരുള്ള യുവാവായിരുന്നു. വീതിയും വെടിപ്പുമുള്ള ഹൈവേയിൽക്കൂടി അതിവേഗം കാറോടിച്ച ഹൊസെ നല്ല വാചാലനായിരുന്നു. പനാമയിൽ കാണേണ്ട ഭാഗങ്ങളെ അയാൾ ഭംഗിയോടെ വർണ്ണിച്ചുകൊണ്ടിരുന്നു. പനാമയിൽ എവിടെയും ഞങ്ങളെ കുറഞ്ഞ നിരക്കിൽ കൊണ്ടുപോകുവാൻ അയാൾ സന്നദ്ധനാണെന്നും എപ്പോൾ വിളിച്ചാലും ഓടിയെത്തുമെന്നും പറഞ്ഞ് അഡ്രസ്സ് കാർഡും തന്നു. ഹോട്ടൽ മോണ്‍ട്രിയോളിലെ സുഖസൗകര്യങ്ങൾ വർണ്ണിക്കുവാനും ഹൊസെ മറന്നില്ല. വർത്തമാനത്തിനിടയിൽ വഴിവക്കിലെ കാഴ്ച്ചകൾ വ്യക്തമായി കാണുവാനും കഴിഞ്ഞില്ല. പന്ത്രണ്ടു ഡോളറിൻറ്റെ ഓട്ടം പെട്ടെന്ന് നിലച്ചു. വടക്കെ ഇന്ത്യയിലെ റെയിൽവേ പ്ലാറ്റ്ഫോമുകളിൽ ട്രെയിൻ എത്തുമ്പോൾ സർദാർജിമാർ 'ആഗയാ, ആഗയാ എന്നു വിളിച്ചുപറയുന്നതുപോലെ ഹൊസെ അട്ടഹസിച്ചു. 'അക്കി, ഹൊട്ടേൽ മോണ്‍ട്രിയോൾ'
ലാ എസ്പാഞ്ഞ റോഡിൽ തിരക്കേറിയൊരു ഭാഗത്ത് ഒരെട്ടുനില കെട്ടിടത്തിൻറ്റെ പടിക്കൽ ഹൊസെയുടെ കാർ നിശ്ചലമായി. രണ്ടു സ്പാനീഷ് യുവാക്കൾ ഞങ്ങളുടെ ബാഗേജുകളെടുക്കാൻ ഓടിയെത്തി. അവർ ഹോട്ടൽ ജീവനക്കാരാണ്. പുറകെ വേറെ കാറുകളിൽ ടൂറിസ്റ്റുകൾ വന്നുകൊണ്ടേയിരിക്കുന്നു. ഇതുവരെ എത്തിയിട്ടുള്ളവർ അമേരിക്കക്കാരാണെന്നു മനസ്സിലായി. ഡ്രൈവർ ഹൊസെ ഞങ്ങളെ കൌണ്ടറിലെ സ്വീകരണക്കാരി, അതിസുന്ദരിയായ സ്പാനീഷ് യുവതിയുടെ അടുത്തുകൊണ്ടുപോയി പരിചയപ്പെടുത്തി. 'ടൂറിസ്റ്റാ, ദിലെ ഇന്തു.'
ഇന്ത്യാക്കാരായ ടൂറിസ്റ്റുകൾ എന്നയാൾ പറഞ്ഞപ്പോൾ, 'I am Valenteena Sanchez'. യുവതി സ്വയം പരിചയപ്പെടുത്തി. ഞങ്ങളെ ഓരോരുത്തരെ ആലിംഗനം ചെയ്ത യുവതിയെ ഞങ്ങളും പേരു പറഞ്ഞു പരിചയപ്പെടുത്തി. ഹാ! എത്ര സ്നേഹോഷ്മളമായ പെരുമാറ്റം! കൂടുതൽ പരിചയസമ്പന്നനായ ഡോക്ടർ പോൾസണ്‍ പറഞ്ഞു. 'കാശ് കൊടുത്ത് ഹൊസെയെ പറഞ്ഞയക്കാം. ഇനി സാഞ്ചെസ് കാര്യങ്ങൾ നോക്കിക്കൊള്ളും.' പന്ത്രണ്ടു ഡോളറും രണ്ടു ഡോളർ ടിപ്പും കൊടുത്തപ്പോൾ 'അദിയോസ്' പറഞ്ഞ് ഹൊസെ പിരിഞ്ഞു.
ഞങ്ങൾക്കായി അലോട്ടു ചെയ്ത, എട്ടാം നിലയിലെ എട്ടാം നമ്പർ മുറി സാഞ്ചെസ് ഞങ്ങൾക്കൊപ്പം വന്നു പരിശോധിച്ചു. എന്തെങ്കിലും ന്യൂനതയുണ്ടെങ്കിൽ അറിയിക്കണമെന്നും പറഞ്ഞ് സാഞ്ചെസ് മടങ്ങി. എട്ടാം നിലയിലായിരുന്നു സ്വിമ്മിംഗ് പൂൾ. ടിവി ഹാൾ, ബാർ, കോണ്‍ഫറൻസ് റൂം മുതലായവ സന്ദർശിച്ച്‌ ഡൈനിങ്ങ്‌ ഹാളിലെത്തി ഞങ്ങൾ ഉച്ചഭക്ഷണം കഴിച്ചു. തലേദിവസം ഞങ്ങൾ മൂവരും ന്യൂയോർക്കിലെ ഫിഫ്ത്താവന്യൂവിൽ ലഞ്ച് കഴിച്ചതാണ്. ഇതാ, പിറ്റേദിവസം ഞങ്ങളുടെ ലഞ്ച് ഭൂമിയുടെ മറ്റൊരു ഭാഗത്ത്! രുചികരമായ സ്പാനീഷ് വിഭവങ്ങൾ. മിതമായ നിരക്ക്. സുന്ദരിമാരുടെ വിളമ്പൽ. ഇടയ്ക്കിടെ ചില തലോടലുകൾ. മദ്യത്തിന് വിലക്കുറവ്. ബിയറും വൈനും ആവശ്യത്തിനുണ്ട്. പല ഭൂഖണ്ഡങ്ങളിൽ നിന്നും വന്നെത്തിയ സഞ്ചാരികൾക്കൊപ്പമുള്ള ഭോജനം. നിറഞ്ഞ സംതൃപ്തിയോടെ ഞങ്ങളന്നു വിശ്രമിച്ചു.
......(തുടരും)
(എം.സി ചാക്കോ മണ്ണാറക്കാട്ടിൽ)

നിരൂപണം - നീണ്ടൂർ ഗ്രാമവും സിനിമയും

വെള്ളിയാഴ്ച ആയാൽ നീണ്ടൂരിലെ സിനിമ പ്രേമികളായ ചെറുപ്പക്കാർക്ക് സന്തോഷിക്കാൻ രണ്ടു കാരണങ്ങളുണ്ട്. ഒന്ന്, അടുത്ത രണ്ടു ദിവസങ്ങളിലെ സ്കൂൾ അവധി. രണ്ട്, ജിജോ ടാക്കീസിൽ അന്ന് മാറി വരുന്ന പടം. ജയൻറ്റെ പടമാണെങ്കിൽ പറയുകയും വേണ്ട ..! അന്ന് അവിടെ നിന്നും പ്രവഹിക്കുന്ന ഗാനങ്ങൾക്ക് ഒരു പ്രത്യേക സുഖമുണ്ട് .പ്രായപൂർത്തിയായി, വീട്ടുകാരാൽ സ്വതന്ത്രരായവർ പ്രദർശന സമയമായ 7 മണി ആകാത്ത വെപ്രാളത്തിലാണ്. അതുകൊണ്ടുതന്നെ അവർ അക്ഷമരുമാണ്. തുടർന്നങ്ങോട്ട് സ്ഥാനത്തും അസ്ഥാനത്തുമുള്ള കൂക്കു വിളികളും സാംസ്കാരിക" തെറിവിളികളും ഉണ്ടാകും. ഈ കാണികളുടെ ഇടയിൽ കൈപ്പുഴക്കരി പാടശേഖരത്തിൻറ്റെ മട തള്ളിയത് അറിഞ്ഞു മൂക്കിൽ വിരൽ വച്ചിരിക്കുന്നവരും ഉണ്ട്. ദിനേശ് ബീഡിയുടെയും,പ്ലയിൻ സിസറിൻറ്റെയും പുകച്ചുരുളുകൾ പ്രൊജക്ടറിൽ നിന്നും പുറത്ത് വരുന്ന നിഴലുകളെപ്പോലും അതിശയിപ്പിച്ചിരുന്നു.! ഏറ്റവും ആദ്യം സിനിമ കാണാനായി ബഞ്ചുകളിൽ ഇരിക്കുന്നവരും അതിനു പുറകിലായി ചാരുബഞ്ചുകളിൽ ഇരിക്കുന്നവരും, അവരുടെയും പുറകിലായി കസേരകളിലും, ഏറ്റവും പുറകിലായി കുഷ്യൻ സീറ്റുകളിൽ ഇരിക്കുന്നവരും ഒക്കെയായി പത്ത് ഇരുന്നൂറോളം പേര് എന്നും വെള്ളിയാഴ്ചകളിൽ ജിജോ ടാക്കീസിൽ ഹാജരായിരുന്നു. ശീതീകരിച്ച മൾട്ടിപ്ലക്സുകളിലെ വീർപ്പു മുട്ടുന്ന അന്തരീക്ഷവും, കക്ഷത്തിൽ ഇഷ്ടിക അടുക്കി, പഞ്ച പുച്ചമടക്കി കഴിയുന്ന പ്രേക്ഷകനും ചേർന്നുള്ള ഇന്നത്തെ പോപ്കോണ്‍ സിനിമാ സംസ്കാരത്തിന് എത്തിപ്പെടാൻ കഴിയാത്ത ദൂരത്താണ്‌ ജിജോ ടാക്കീസിൻറ്റെ പ്രേക്ഷകരും, പാരമ്പര്യവും .
വിദ്യ അഭ്യസിക്കുന്ന, പ്രായ പൂർത്തിയാവാത്തവരെ സംബന്ധിച്ച് സിനിമ കാണുന്നതിനുള്ള സാഹചര്യങ്ങൾ വ്യത്യസ്തങ്ങളാണ്. ചിലർക്ക് വീട്ടിൽ നിന്ന് പൂർണ സ്വാതന്ത്ര്യം ലഭിക്കുമ്പോൾ മറ്റു ചിലർക്ക് അത് പരിമിതപെടുത്തിയിരിക്കുന്നു. ഇതിൽ ചിറക്കൽ റെജി, തോട്ടത്തിൽ ബാബു, പാറയിൽ ചാക്കോപ്പി തുടങ്ങിയ ചുരുക്കം പേർ ഒഴിച്ചാൽ ബാക്കിയുള്ളവർ രണ്ടാം വിഭാഗത്തിൽ വരും. ഇക്കൂട്ടർ വൈകിട്ട് 7 മണിയോട് കൂടി തീയറ്റർ പരിസരത്ത് എത്തിപ്പെടുന്നത് ഒരു ഭഗീരഥ പ്രയത്നത്തിനൊടുവിലാണ്. അതിൻറ്റെ പിന്നിൽ ഒരു വലിയ ഗൃഹപാഠമുണ്ട്. കാട് പിടിച്ചു സഞ്ചാര യോഗ്യമല്ലാത്ത പല കുറുക്കു വഴികളും നേർ വഴികളായി ഇന്ന് രൂപാന്തരപ്പെട്ടു. പലതരം സൂത്രങ്ങൾ ..കുറുക്കു വഴികൾ .. .ഇതിൽ പാറേ പറമ്പിൽ ജോമോൻ, റെജി, അജി, കുളങ്ങര മൈക്കിൾ, ചേലമ്മൂട്ടിൽ സ്റ്റീഫൻ, മൈലപ്പറമ്പിൽ അവറ, തുടങ്ങിയവരുടെ നടപടികൾ പ്രത്യേകം ശ്രദ്ധയർഹിക്കുന്നു. രസകരങ്ങളായ ആ ഓർമകളിലേക്ക് ഇനി. (തുടരും)....
(മനോജ്‌ തൈക്കൂട്ടത്തിൽ)

ഇല്ല (കവിത)

അവളുടെ വേര് വയറിനുള്ളിൽ
ചൂണ്ടയിൽ പിടയുന്ന കാരിമീൻ പോലെ കുത്തി
'മുഖം' ഉരുൾപൊട്ടലിൽ ഞെട്ടിമറിഞ്ഞ്
മൂന്നാംനാൾ, കല്ലിനും, ചേറ്റിനുമിടയിൽ
ജീവൻറ്റെ കണ്ണുകളിൽ മണ്ണുമൂടി
മരിക്കാതിരുന്നതിൻറ്റെ മൂത്രം മുട്ടലായി

കയ്യുകൾ, ഉടലളവുകൾക്കുമപ്പുറത്ത്
തല്ലുകൊണ്ട പാമ്പിൻ പുളച്ചിലായി
'ദയാവധ' ത്തിന് തെണ്ടി നടന്നു
തുടകൾ ലോകത്തിന് മുഴുവനുമായി
ഒരു സമുദ്രമലയുടെ ചുമടുതാങ്ങികൾ

ഇപ്പോൾ നിതംബം വിഷംകുടിച്ചു.
ഇല്ലാതെ പോയത് വെളിക്കിരിക്കാൻ
ഒരിടം മാത്രമായിരുന്നു........ ദൈവമേ....!

അതറിയുന്നവർ അവളുടെ കുടിലിന്
ചുറ്റുപാടും, കന്നുകാലികളായി -
കയറഴിഞ്ഞു മുക്രയിട്ടു നടപ്പായി
പാളത്തിൽ വെളിക്കിരിക്കെ
തീവണ്ടി മുട്ടിയാണവളുടെ അമ്മ ചത്തത്

ഇതാ! ഒരു മുഴക്കം ചൂളം വിളിച്ച്
ഒരു നൂറ് വെളിയിടങ്ങളുമായി
ഇരമ്പി, ഇരമ്പി ഓടി വരുന്നുണ്ട്

(ബിജു ഗോപാൽ)


അടുക്കള - ചിക്കൻ ബിരിയാണി

ചേരുവകൾ :-
ചിക്കൻ : 1 / 2 കിലോ (ചെറിയ കഷണങ്ങളാക്കിയത്)
ബസ്മതി അരി : 4 (പ്ലാസ്റ്റിക്‌ ഗ്ലാസ്)
സവോള : 4 എണ്ണം (വലുത്)
തക്കാളി : 3 എണ്ണം (വലുത്)
പച്ചമുളക് : 5 എണ്ണം (നെടുകെ കീറിയത്)
മുളകുപൊടി : 2 ടീ സ്പൂണ്‍
ഇഞ്ചി പേസ്റ്റ് : 1 ടേബിൾ സ്പൂണ്‍
വെളുത്തുള്ളി പേസ്റ്റ് : 1 ടേബിൾ സ്പൂണ്‍
ഏലക്കായ്, ഗ്രാമ്പു, കറുവാപ്പട്ട : 5 എണ്ണം വീതം
പുതിന ഇല : ഒരു കൈപ്പിടി എടുത്ത് അരച്ചത്
മല്ലിയില : ഒരു കൈപ്പിടി എടുത്ത് അരച്ചത്
നാരങ്ങ : ഒരു പകുതി
ഉപ്പ് : പാകത്തിന്
(ചിക്കനും അരിയും വെവ്വേറെ കഴുകി വെള്ളം തോരാൻ വയ്ക്കണം)
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ കുറച്ചു നെയ്യ് ഒഴിച്ച്, അതിൽ കറുവാപ്പട്ട, ഗ്രാമ്പു, ഏലക്കായ് എന്നിവ ഇട്ട് ചെറുതായി മൂപ്പിക്കുക. അതിനുശേഷം കുറച്ച് എണ്ണ ഒഴിച്ച് അതിൽ, അരിഞ്ഞു വച്ച സവോളയും പച്ചമുളകും ചേർത്തു വഴറ്റുക. ഇത് ചെറുതായി ബ്രൌണ്‍ കളർ ആയതിനു ശേഷം അരിഞ്ഞു വച്ചിരിക്കുന്ന തക്കാളി കൂടി ചേർക്കുക. ഒന്ന് ചെറുതായി വഴന്നു വരുമ്പോൾ അതിലേയ്ക്ക് ഇഞ്ചി, വെളുത്തുള്ളി, പുതിനയില, മല്ലിയില എന്നിവയുടെ പേസ്റ്റ് ചേർത്ത് ഇളക്കുക. ഇനി ഇതിലേക്ക് 2 ടീ സ്പൂണ്‍ മുളകുപൊടി കൂടി ചേർക്കുക. പാകത്തിന് മൂത്ത് കഴിയുമ്പോൾ ഇതിലേക്ക് കഷണങ്ങളാക്കി വച്ചിരിക്കുന്ന ചിക്കനും ചേർത്ത് ഇളക്കുക. കുറച്ചു നേരം മൂടി വയ്ക്കുക (ഇടയ്ക്ക് ഇളക്കിക്കൊടുക്കുക). ചിക്കൻറ്റെ വെള്ളം വറ്റിക്കഴിയുമ്പോൾ, അതിലേയ്ക്ക് 6 ഗ്ലാസ്‌ വെള്ളം ഒഴിച്ച്‌, നാരങ്ങാ നീരും, പാകത്തിന് ഉപ്പും ചേർത്ത് തിളപ്പിക്കുക. വെള്ളം തിളച്ചു കഴിയുമ്പോൾ അതിലേക്ക് റൈസ് ഇട്ട് ഇളക്കി ചെറിയ തീയിൽ മൂടി വയ്ക്കണം. 2 മിനിറ്റ് ഇങ്ങിനെ വച്ചതിനു ശേഷം മൂടി തുറന്ന് ഇളക്കിക്കൊടുക്കുക. പിന്നെയും മൂടി വച്ച് 2 മിനിറ്റ്കഴിയുമ്പോൾ തീ ഓഫ്ചെയ്യുക. (ആവി പോകാതെഇരിക്കണം). 45 മിനിറ്റ് കഴിഞ്ഞ് മൂടിതുറന്ന് ഇളക്കുക. - സ്വാദിഷ്ടമായചിക്കൻ ബിരിയാണി ഇനി വിളമ്പിക്കോളു.

1) കൂടുതൽരുചിക്കായി അണ്ടിപ്പരിപ്പും, ഉണക്കമുന്തിരിയും നെയ്യിൽ വറുത്ത് ചേർക്കാം.
2) ഇതിൻറ്റെകൂടെ തൈര് സാലഡ്കൂടി ഉണ്ടാക്കുക.
3) 4 ഗ്ലാസ് റൈസിന്, അതിൻറ്റെ ഇരട്ടി വെള്ളം - അതിൽനിന്നും നിന്നും 2 ഗ്ലാസ്‌ കുറച്ചുള്ള അളവ് - അതാണ്‌ 6 ഗ്ലാസ് വെള്ളം.

(ജെന്നി തോമസ്, ഇറ്റലി)

നീണ്ടൂരിൻറ്റെ ഭക്തിപുരാണങ്ങൾ

പ്രാചീനമായ നീണ്ടൂരിൻറ്റെ പായൽപ്പരപ്പുകളിൽ
അശാന്തിയുടെ നീർക്കെട്ടുകൾ-
അവയവിടെ ഉള്ളിടത്തോളം കാലം പ്രാർഥനകൾ
നീണ്ടൂരിനെ ചൂഴ്ന്നുനില്ക്കുന്നു.
ശുദ്ധമാകപ്പെടുവാൻ, ശക്തമാകപ്പെടുവാൻ
അവരെന്നും പ്രാർഥിക്കുന്നു.
കല്ലും മുള്ളും വീണ വഴികളിലൂടെ-
പ്രാർത്ഥനകളുടെ ഭാണ്‍ഡക്കെട്ടുകളും പേറി-
നീണ്ടൂരിൻറ്റെ പുളകിതവഴികളിലൂടെ ചെറുബാല്യക്കാർ
ചവിട്ടിമെതിച്ചും നടക്കുന്നു.
കൂവിയാർക്കലുകൾ, പതം പറച്ചിലുകൾ-
വാഗ്വാദങ്ങൾ, കൊമ്പുകോർക്കലുകൾ-

ശത്രുത തുടങ്ങുന്നത് സ്വന്തം അച്ചനോട് തന്നെ-
പിന്നെപിന്നെ പുളകിതവഴികൾ പരുക്കനായും
ഷർട്ടിൻറ്റെ പോക്കറ്റ് കാലിയായും തീരുമ്പോൾ-
അത് ശീലമാവുമ്പോൾ-
ശത്രുത എല്ലാവരിലേക്കും പടരുന്നു.
പ്രസാദമില്ലാത്ത മുഖഭാവങ്ങളോടെ-
പ്രസരിപ്പില്ലാത്ത മനോഭാവങ്ങളോടെ-
ഒരു വിട പറച്ചിൽ-

കോട്ടയത്തെ പൊടി പിടിച്ച റയിൽവേസ്റ്റേഷൻറ്റെ
കമ്പിത്തൂണുകളുടെ ചുവട്ടിൽ നിന്ന് നീണ്ടൂരിൻറ്റെ
യുവത്ത്വങ്ങൾ യാത്രയാരംഭിക്കുന്നു-
ജീവിതയാത്ര.

തിരക്കു കൂടിയ നഗരങ്ങളിലേയ്ക്ക് -
പുലയാടികളാടുന്ന തെരുവുകളിലേയ്ക്ക് -
ജീവിതത്തിൻറ്റെ തുറന്ന വടുക്കളിലേയ്ക്ക് -
ഭാഗ്യവും
സമയവും കാലവും തേടി -
തലച്ചോറുകളിൽ കഫക്കട്ടകളുമായി -
മനസുകളിൽ നിരാശകളുമായി -
അക്കൌണ്ടുകളിൽ കാശുകളുമായി -
നെടുമ്പാശേരിയിൽ നിന്ന് ആഘോഷപൂർവ്വം -

ഉള്ളിൽ കനക്കുന്ന പാപബോധങ്ങളോടും -
ആരോടും പറയാനാവാത്ത കുറ്റബോധങ്ങളോടും -
കണക്കു പറയാനാവാത്ത ജന്മബന്ധങ്ങളോടും -
വീണ്ടുമൊരിക്കൽ കൂടി വിറയലോടെ -
ഉള്ളിലെരിയുന്ന കനലുകളെ അണയ്ക്കാൻ -
വീണ്ടുമൊരു
മേടമാസപ്പെരുന്നാൾ -
ചെണ്ടമേളങ്ങൾ - പ്രദക്ഷിണങ്ങൾ -
ആശീർവാദങ്ങൾ - പ്രബോധനങ്ങൾ -

എല്ലാം മറച്ചുപിടിക്കാൻ ഒരാഘോഷം -
എല്ലാവരിൽ നിന്നുമകന്ന് വളരെ -
ഉയരങ്ങളിൽ മാലാഖ.

കർത്താവേ എൻറ്റെ പ്രാർത്ഥന കേൾക്കേണമേ
ആമ്മേൻ.

(സിറിയക് കടവിച്ചിറ)

ഓണത്തപ്പനെ കാത്ത് (കവിത : പീറ്റർ നീണ്ടൂർ)

മലയാളിയെ തട്ടിയുണർത്തുന്ന ഓണത്തിൻറ്റെ ഓർമ്മകൾ
സ്വദേശത്തും വിദേശത്തും പല പല രീതികളിൽ-
അത്തം തൊട്ട് പത്ത് നാൾ പൂവിടൽ,
തിരുവോണ നാൾ മാവേലിക്കു വരവേൽപ്പ്.
മൃഷ്ടാന്ന ഭോജനം, മാവേലിക്കും പ്രജകൾക്കും.
കാണം വിറ്റും ഓണമുണ്ണണം
എന്ന വായ്മൊഴിപ്പകർച്ചകൾ തലമുറകളായി....

ദാരിദ്ര്യമനുഭവിച്ചിരുന്ന ജനങ്ങൾക്ക്‌
വർഷത്തിലൊരിക്കലെങ്കിലും
വയറു നിറച്ചാഹാരം തരപ്പെടുത്താൻ
വളരെ വളരെ വർഷങ്ങൾക്കു മുൻപ്
ഏതോ ബുദ്ധിരാക്ഷസൻ എഴുതിവച്ച
മിത്താണ്
മാവേലിക്കഥയും ഓണക്കഥയും എന്ന്
ഇന്നത്തെ ബുദ്ധിജീവികളിൽ ചിലർ....

എൻറ്റെ കളിക്കൂട്ടുകാരി കുഞ്ഞമ്മിണിക്ക്-
തിരുവാതിരകളിയുടെ ആലസ്യത്തിലുറങ്ങുമ്പോൾ-
ഒരകന്ന ബന്ധു സമ്മാനിച്ചു ജീവൻറ്റെ തുടിപ്പ്.
തുടർവർഷങ്ങളിൽ
ആ ഉണ്ണിയുടെ കൈ പിടിച്ച്
അവൾ വിദൂരതയിലേക്ക് നോക്കി നിൽക്കും,
മറ്റൊരോണസമ്മാനവും തരാതെ
നാടുവിട്ട ഉണ്ണീടച്ചൻ തിരിച്ചു വരുമെന്ന പ്രതീക്ഷയിൽ...

എല്ലാ വർഷവും ഓണത്തപ്പൻ വരുന്നു
ബന്ധുക്കളെക്കൂട്ടിവരുത്തുന്നു
ഉണ്ണീടച്ചൻ മാത്രം വരുന്നില്ല.
എന്നെങ്കിലും വരും,
മഹാബലിയായി,
അതോ, വാമനനായി
പാഹിമാം
ഓം, വിഷ്ണു ഹരേ...

ക്നാനായ സമുദായം ഉണർന്നു പ്രവർത്തിക്കേണ്ട സമയം ആയി (ബെന്നി ഓണശ്ശേരി)

പ്രിയ സ്നേഹിതരെ,

A.D. 345-ൽ പൗരസ്ത്യദേശത്ത് നിന്നും ഭാരതത്തിൽ കുടിയേറിയ യഹൂദ ക്രിസ്ത്യാനികളുടെ പിൻ തുടർച്ചക്കാരായി ഈ മണ്ണിൽ ജനിക്കുവാൻ ദൈവത്താൽ അവസരം കിട്ടിയ ഓരോ ക്നാനായ സമുദായ അംഗവും ഭാഗ്യമുള്ളവരാണ്. കാരണം ആയിരക്കണക്കിന് ജാതികളും ഉപജാതികളും ഉള്ള ഈ ലോകത്തിൽ സത്യദൈവത്തിൻറ്റെ ഏക പുത്രനായ ഈശോ തമ്പുരാൻ ജനിച്ച വംശത്തിൽ ജനിക്കുവാൻ കഴിയുക എന്നത് നിസാരകാര്യമായി കാണാൻ കഴിയുകയില്ല.

പക്ഷെ നമ്മളിൽ പലർക്കും അതിൽ അഭിമാനം കൊള്ളാമോ? ആ മഹത്തായ പാരമ്പര്യം അടുത്ത തലമുറയ്ക്ക് കൈമാറാൻ പറ്റാതെ പോകുന്നു. അതിൻറ്റെ പ്രധാന കാരണം സ്വന്തം സമുദായത്തെക്കുറിച്ചുള്ള അറിവില്ലായ്മയും ലോകത്തിൻറ്റെ പ്രലോഭനങ്ങളെ അതിജീവിക്കാൻ കഴിയാത്തതുമാണ്. ഉദാഹരണം: വിദേശത്ത് പോകാൻ അവസരം, അവനവനെകുറിച്ച് ഉൾക്കാഴ്ചയില്ലാത്ത പ്രേമവിവാഹം, കൂടുതൽ സാമ്പത്തികനേട്ടത്തിന് വേണ്ടി ഇതര സമുദായക്കാരുമായിട്ടുള്ള വിവാഹം, സ്വന്തം സമുദായത്തിൽ നിന്ന് ജീവിത പങ്കാളിയെ കണ്ടെത്തണമെന്ന് നിർബന്ധമില്ലായ്മ.

ഇങ്ങിനെ സമുദായത്തിന് പുറത്തു പോകുന്നവരിൽ നല്ലൊരു ശതമാനവും സമുദായത്തെ ഇല്ലായ്മ ചെയ്യുവാനും, കിട്ടുന്ന അവസരങ്ങളിൽ എല്ലാം സമുദായത്തെ അപകീർത്തിപ്പെടുത്തുവാനും ശ്രമിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ സമുദായത്തിൽ നിന്നും നിന്നും പുറത്ത് പോകുന്നവരിൽ കുറച്ചു പേർ മാന്യതയോടെ നല്ല രീതിയിൽ സമുദായത്തെ കാണുകയും സമുദായം നിലനില്ക്കേണ്ടതാണ് എന്ന് അംഗീകരിക്കുകയും ചെയ്യുന്നുണ്ട്.

എന്നാൽ സമുദായത്തെകുറിച്ച് വ്യക്തമായ ധാരണ ഇല്ലാതെ സമുദായത്തിൽ തുടരുന്നവരാണ് സമുദായത്തിൽ ജനിക്കുവാൻ അവസരം ഇല്ലാതെ പോയവരെക്കാളും, പല കാരണങ്ങളാൽ സമുദായത്തിന് പുറത്തുപോയവരെക്കാളും പ്രതിസന്ധികൾ സൃഷ്ടിക്കുന്നത്. ഇങ്ങിനെയുള്ളവരെ സമുദായ ബോധവൽക്കരണ ക്ലാസ്സുകളിലൂടെ സമുദായത്തോട് കൂറുള്ളവരാക്കി മാറ്റാൻ ശ്രമിക്കണം. എന്നിട്ടും പുരയ്ക്കു തീ കത്തുമ്പോൾ വാഴ വെട്ടാൻ ശ്രമിക്കുന്നവരെ സംഘടനാ നേതൃത്വത്തിൽ നിന്നും അകറ്റി നിർത്തണം. അതുപോലെ സമുദായത്തിലെ 50%ത്തോളം കുടുംബങ്ങളിൽ നിന്ന് (വൈദിക/കന്യാസ്ത്രീ കുടുംബങ്ങൾ ഉൾപ്പെടെ) സമുദായ ഇതരരും ആയിട്ടുള്ള ബന്ധങ്ങൾ ഉണ്ട്. ഇങ്ങിനെയുള്ളവർ തങ്ങളുടെ കുടുംബബന്ധങ്ങൾ പവിത്രമായി നിലനിർത്തിക്കൊണ്ട് തന്നെ സമുദായത്തിൻറ്റെ ഉയർച്ചക്ക് വേണ്ടി പ്രവർത്തിക്കേണ്ടതാണ്.

എൻറ്റെ കാഴ്ചപ്പാടിൽ ക്നാനായ നേതൃത്വം പരിഗണിക്കേണ്ട ചില കാര്യങ്ങൾ താഴെ കൊടുക്കുന്നു.


  1. ഏക ഇടയനും ഒരു തൊഴുത്തും ആകുന്ന കാലം വരെ ക്നാനായ പാരമ്പര്യം നിലനിർത്തേണ്ടതാണ് എന്ന് ഓരോ ക്നാനായ അംഗത്തിനും അവബോധം ഉണ്ടാകത്തക്ക വിധത്തിൽ സമുദായ ബോധവൽക്കരണ ക്ലാസുകൾ
    നടത്തുക.

  2. പ്രാർത്ഥന ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ വീടുകളിൽ നടത്തുന്ന യോഗങ്ങളെക്കാൾ പ്രാധാന്യം കുടുംബ
    പ്രാർത്ഥനയ്ക്കും, ഇടവകയാകുന്ന കുടുംബത്തിൽ വികാരി അച്ചൻറ്റെ നേതൃത്വത്തിൽ
    നടക്കുന്ന പ്രാർത്ഥനയ്ക്കും കൊടുക്കുക.

  3. നമ്മുടെ കൂടാരയോഗങ്ങളിൽ പ്രാർത്ഥനയ്ക്കും സമുദായ ബോധവൽക്കരണത്തിനും പ്രാധാന്യം നൽകുക.

  4. നമ്മുടെ ഇടവകകളിൽ കല്യാണപ്രായം ആയിട്ടും, സമുദായത്തിൽ നിന്നും ജീവിത പങ്കാളിയെ കണ്ടെത്താൻ പറ്റാതെ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ വികാരി അച്ചൻമാരുടെ നേതൃത്വത്തിൽ
    കണ്ടെത്തി അവരുടെ വിവാഹ പരസ്യം അപ്നാദേശിൽ കൂടി സൗജന്യം ആയി
    കൊടുക്കുക.ഇങ്ങിനെയുള്ളവരെ സാമ്പത്തികമായി സഹായിക്കാനായി ഇന്ത്യയിലും
    വിദേശത്തുമുള്ള സമുദായ സംഘടനകളുടെ സഹായം തേടുക.

  5. പള്ളികളിൽ ദേവാലയ ശുശ്രൂഷകരെ കിട്ടാൻ ബുദ്ധിമുട്ടുള്ള ഈ കാലഘട്ടത്തിൽ ചുരുങ്ങിയത് 20 വർഷം
    എങ്കിലും ദേവാലയ ശുശ്രൂഷകരായി ജോലി നോക്കുന്നവർക്ക് റിട്ടയർ ചെയ്യുമ്പോൾ മുതൽ മരണം
    വരെ കാലാനുസൃതമായി പെൻഷൻ നൽകുക.

  6. രൂപത വക സ്കൂളിൽ നിന്ന് എസ്.എസ്.എൽ.സി പാസ്സ് ആകുന്ന വിദ്യാർത്ഥികൾക്ക് രൂപത വക +2 സ്കൂളിൽ
    അഡ്മിഷന് മുൻഗണന നൽകുക. ഇങ്ങിനെ കാലഘട്ടത്തിന് അനുസൃതമായ നയങ്ങൾ രൂപപ്പെടുത്തി
    സമുദായ അംഗങ്ങളെ ഒറ്റകെട്ടായി മുന്നോട്ടു നയിക്കാൻ നേതൃത്വത്തിൽ ഇരിക്കുന്നവർ
    ആത്മാർത്ഥമായി പരിശ്രമിക്കണമെന്ന് താൽപ്പര്യപ്പെടുന്നു. ഇതിനു വേണ്ടി നേതൃത്വത്തെ
    അംഗീകരിച്ചും നേതൃത്വത്തോട് സഹകരിച്ചും നമുക്ക് മുന്നോട്ട് പോകാം.

നിരൂപണം - നീണ്ടൂർ ഗ്രാമവും സിനിമയും (മനോജ്‌ തൈക്കൂട്ടത്തിൽ)

ദൃശ്യമാധ്യമകലയെന്നു സിനിമ വിശേഷിപ്പിക്കപ്പെടുമ്പോള്‍, അതിൻറ്റെ അനാദികാലം തൊട്ടുള്ള ഉത്ഭവത്തെയോ തല തൊട്ടപ്പന്മാരെയോ കുറിച്ച് ഒരു പോസ്റ്റ്മോർട്ടം ഇവിടെ ആവശ്യം ഇല്ല എന്ന് തോന്നുന്നു. ലൂമിയർ‍ സഹോദരങ്ങളും, ചാര്‍ളി ചാപ്ലിനും, സ്റ്റീവൻ സ്പീല്‍ബർ‍ഗും, മെൽ ഗിബ്സനും, ജെയിംസ്‌ കാമറൂണും, സത്യജിത് റായും, ദാദെ ഫാല്‍കയും, ജെ.സി ദാനിയലും നമ്മുടെ പ്രഫഷണൽ‍ നിരൂപണ വേദികളില്‍ ആവർത്തന വിരസത ഉളവാക്കുന്നു എന്നത് മറ്റൊരു സത്യം. അതുകൊണ്ട് തന്നെ, സിനിമ ഇവിടെ വിഷയീഭവിക്കുമ്പോള്‍ അതും, നീണ്ടൂർ‍ പ്രവാസി ഡോട്ട് കോം എന്ന വെബ്സൈറ്റ് അതിനു വേദിയാകുമ്പോള്‍, നേരിട്ട് നമ്മള്‍ അനുഭവിച്ചിട്ടുള്ള സിനിമയുടെ പശ്ചാത്തലങ്ങളെ അതിന്‍റെ ഗ്രാസ്റൂട്ട് തലങ്ങളിലൂടെ ചികഞ്ഞെടുത്ത്, ഒരു ഗൃഹാതുരുത്വ സ്മരണയായി അയവിറക്കി, അതില്‍ സ്വന്തം മണ്ണിൻറ്റെ പ്രാദേശിക വൈകാരിക സ്പന്തനം ചാലിക്കുമ്പോഴാണ് ഈ വിഷയത്തിനു യഥാർ‍ത്ഥ പ്രകൃതി കൈവരൂ.

സിനിമയെ അന്വേഷിച്ചു നാം ലാറ്റിൻ‍ അമേരിക്കയിലേക്കോ, ചെക്കോസ്ലോവോക്യയിലെക്കോ, ഫ്രാൻസിലേക്കോ, മുംബയിലെക്കോ, മദിരാശിയിലേക്കോ ഒന്നും പോകേണ്ട കാര്യമില്ല; ദേശീയ അന്തർ‍ദ്ദേശീയ ചലച്ചിത്ര മേളകള്‍ കണ്ടു വെറുതെ താടി ചൊറിയുകയും വേണ്ട. പകരം നീണ്ടൂരിലേക്ക് പോകാം. ഇവിടെ നീണ്ടൂരിൻറ്റെ മണ്ണില്‍ പണ്ട് പണ്ട് - പണ്ട് എന്ന് വച്ചാല്‍ ഒരു എഴുപത് -എണ്‍പത് കാലഘട്ടങ്ങളില്‍, ഓർ‍മയുണ്ടാകും വില്ലേജ് ഹാളിനു സമീപമുള്ള ജിജോ ടാക്കീസ് (ഇപ്പോഴത്തെ ‘ഹോട്ടല്‍ വെട്ടിക്കാട്ട് പ്ലാസ)...സിനിമയെ സംബന്ധിച്ചുള്ള നമ്മുടെ യഥാർ‍ത്ഥ എഞ്ചുവടി ...!.വ്യക്തിപരമായി ഇതില്‍ കടന്നുകൂടുന്ന പരാമർശങ്ങള്‍ തികച്ചും നല്ല വശങ്ങളെ മാത്രം കേന്ദ്രീകരിച്ചുള്ളതാണെന്നും, ഇതിലെ വിവരണങ്ങള്‍ തികച്ചും ഓര്‍മയില്‍ നിന്നും ആയതുകൊണ്ടും, ഏതെങ്കിലും തരത്തിലുള്ള തെറ്റുകുറ്റങ്ങള്‍ കടന്നുകൂടിയാൽ‍ നിരുപാധികം ക്ഷമിക്കണമെന്നും അറിയിച്ചുകൊള്ളുന്നു.-

എഴുപത് - എണ്‍പതുകളില്‍ വില്ലേജ് ഹാളിനു സമീപമുണ്ടായിരുന്ന ജിജോ ടാക്കീസ് നീണ്ടൂർ ഗ്രാമത്തിൻറ്റെ തന്നെ മുഖച്ചായ ആയിരുന്നു. പള്ളിയിലും അമ്പലങ്ങളിലും സ്വജാതി കൂട്ടായ്മ മാത്രമായിരുന്നെങ്കില്‍ ഇവിടെ ഒരു “നാനാത്വത്തില്‍ ഏകത്വം “കൈവന്നിരുന്നു. സിനിമ തീരുന്ന അവസാന ദിവസമായ വ്യാഴാഴ്ച്ച ഉച്ച തിരിഞ്ഞു തൊട്ടു തുടങ്ങും അടുത്ത ദിവസത്തെ പടം എന്തെന്നുള്ള ആകാംക്ഷ . പ്രതീക്ഷിച്ച പടം തന്നെയെങ്കില്‍ കാണാം മുഖത്ത് വല്ലാത്തൊരു പ്രസരിപ്പ് .മറിച്ചാണെങ്കിൽ‍ വഴിവിട്ട മ്ലാനതയും. ജിജോ ടാക്കീസിൻറ്റെ ശബ്ദ കോളാമ്പിയിൽ നിന്നും പ്രവഹിച്ച ഗാനങ്ങൾ‍ നീണ്ടൂ‍ർ തൊട്ടു കൈപ്പുഴ, മാഞ്ഞൂര്‍, കല്ലറ തുടങ്ങിയ പ്രദേശങ്ങളുടെ ഉണർത്തു മണികൾ‍ ആയിരുന്നു. ”സ്വർ‍ഗസ്ഥനായ പിതാവേ “ എന്ന ഗാനത്തില്‍ തുടങ്ങി “സ്വർ‍ഗത്തേക്കാൾ‍ സുന്ദരമാണീ .., പ്രവാചകന്മാരെ..., സന്ധ്യേ കണ്ണീരിതെന്തേ ,.ഇങ്ങനെ പോകുന്നു വിളമ്പര ഗാനങ്ങൾ‍. ഓപ്പറേറ്റർ‍ വയലാക്കാരൻ‍ ആശാനും, അതിരമ്പുഴ അപ്പച്ചനും, ചാക്കോ അപ്പാനും, ഓണശ്ശേരി ജോസും, സെബാസ്റ്റ്യനും, ജനാർദ്ധനനും ഒക്കെ നിത്യ കഥാപാത്രങ്ങള്‍ ആയി. അസാധാരണർ‍ എന്ന് വിശേഷിപ്പിക്കാവുന്ന സത്യനും, ജയനും, നസീറും, ഷീലയും, ജയഭാരതിയും കയ്യെത്തും ദൂരത്ത് ദ്രശ്യ ചലനങ്ങളായി നമ്മെ വിസ്മയിപ്പിച്ചപ്പോൾ‍, അതിനു നിമിത്തമായെന്നുള്ള അഭിമാനത്തോടെ തീയറ്റർ‍ മുറ്റത്ത്‌ ഒരു ഇരുമ്പു കസേരയില്‍ ഇരിക്കുന്ന ഉടമ ഉപ്പച്ചൻ‍ അപ്പാപ്പൻ സിനിമ ലോകത്ത് സമഗ്ര സംഭാവനകൾ‍ നൽകിയ J C ദാനിയലിനെയും ,ഫാൽക്കെയും അനുസ്മരിപ്പിക്കുന്നു ..(തുടരും).

ഉപ്പുമാവുകൾ (കവിത: ബിജു ഗോപാലൻ)

മങ്ങിയ മഴനിലാവ് പുരണ്ടതല്ല
പള്ളിക്കൂടത്തിലെക്കുള്ള വഴികൾ
നിറയെ അക്ഷരങ്ങൾ പഴുത്തു തൂങ്ങി
നെഞ്ചിൻ ചുനയുള്ള മരക്കിടാവുകൾ,

പണ്ടേ മലകയറിയ മഷിപച്ച മദനങ്ങൾ
കല്ലുരുട്ടിയൊലിക്കുന്ന വായില്ലാക്കുന്നുകൾ
മരച്ചീനികാടുകളിലേക്കുയർന്നിറങ്ങി
ജലചുംബനം തരുന്ന കുഞ്ഞുമീനുകൾ

ആകാശത്തിലേക്ക് വേരുകൾ ഉയർത്തി
പഴുത്ത പേരക്കായകൾ തൂങ്ങിയ കളിമരം
കാക്കച്ചുണ്ട് പതിയാതെ കശുമാങ്ങകൾ വീഴ്ത്തി
ഞങ്ങൾക്ക് റേഷൻ നൽകിയ കശുമാവുകൾ

പൂച്ചപഴക്കാടിനും പുല്ലാനിപേച്ചുകൾക്കുമിടയിൽ
പൂമ്പൊടിയും, തേനും മണത്ത നിൻറ്റെ നെഞ്ചകം
കുരുത്തോല നിറമുള്ള വയറിൻനടുവിൽ
ഞെട്ടുകുഴിയൻ മാമ്പഴവും, ഉമ്മയും വീണ പൊക്കിൾച്ചുഴി

തലനിറയെ മകരമഞ്ഞിൽ ചൂഴ്ന്ന, സൂര്യനേയും ചുമന്ന്
കീറിപോയ പാഠങ്ങൾക്ക് മുകളിലൂടെ പറന്ന കെട്ടുപന്തുകൾ

മരണമണിയുടെ ഇടിമുഴക്കം ചുനച്ചതല്ല
പള്ളിക്കൂടത്തിലേക്കുള്ള വഴികൾ
മണ്ണിനും മരണത്തിനുമിടയിൽ ഒരു കമുകിൻ-
പാലമിടുന്ന പൊട്ടസ്ലേറ്റിൻറ്റെ അതിജീവനം

Comments